(സതീഷ് ദേശ്പാണ്ഡേയുടെ സമകാലിക ഇന്ത്യഎന്ന പുസ്തകത്തിനു ജെ ദേവിക നടത്തിയ പരിഭാഷയിൽ നിന്നും )

ദേശീയതയെക്കുറിച്ച് പുതുചിന്തകൾ അവതരിപ്പിക്കുന്ന എഴുത്തുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ അതേകാലത്താണ് സ്ഥലം‘ (space) എന്ന സിദ്ധാന്തത്തെക്കുറിച്ചും സ്ഥലത്തിന്റെ സാമൂഹ്യവശത്തെക്കുറിച്ചുമുള്ള പുതിയ ചിന്തകൾ പ്രസരിച്ചു തുടങ്ങിയത്. ഇത് കേവലം യാദൃശ്ചികതയാവാം.  പക്ഷെ ഈ എഴുത്തുകൾ ഒരുപോലെ പങ്കുവയ്ക്കുന്ന ചില പ്രമേയങ്ങളുമുണ്ട്. ഇവ കാണുമ്പോൾ ഈ എഴുത്തുകൾ തമ്മിലുള്ള ബന്ധം കേവലം യാദൃശ്ചികമല്ലെന്ന് തോന്നും. വസ്തുനിഷ്ഠം ആത്മനിഷ്ഠം, ഭൗതികം മാനസികം  തുടങ്ങിയ പതിവ് ദ്വന്ദ്വങ്ങളെ മറികടക്കാനോ കുറഞ്ഞ പക്ഷം അവയിൽ നിന്ന് മാറിച്ചവിട്ടാനോ ശ്രമിക്കുന്നതിലൂടെ സമകാലിക സാമൂഹ്യസിദ്ധാന്തം സ്ഥലം, ദേശം എന്നീ രണ്ടു പ്രതിഭാസങ്ങളേയും പുന:പരിശോധിക്കാൻ സന്നദ്ധമായിരിക്കുന്നു. Andersonനു ശേഷം ദേശത്തെയും ദേശീയവാദത്തെയും പഠിക്കാൻ ശ്രമിച്ച രചനകൾ ദേശങ്ങളെ കൂട്ടായ ഭാവനയിലൂടെ സൃഷ്ടിച്ചെടുക്കുന്ന പ്രക്രിയകൾക്കാണ് പ്രാധാന്യം നൽകിയത്; അതുപോലെ വിമർശനാത്മക സാമൂഹ്യസിദ്ധാന്തത്തിൽ സ്ഥലത്തിന് ലഭിച്ചിരിക്കുന്ന പുതിയ ഊന്നൽനമ്മെ പുതിയ തിരിച്ചറിവുകളിലേക്ക് എത്തിച്ചിരിക്കുന്നു. സ്ഥലംപോലെ തികച്ചും ഭൗതികമായ ഒരു പ്രതിഭാസം പോലും കേവലം പ്രകൃതിസഹജമല്ലഎന്നും അതും സാമൂഹികമായി ഉത്പാദിപ്പിക്കപ്പെടുന്നു  എന്നും നാം കാണുന്നു(1).

ഒരു ദേശം പിറക്കണമെങ്കിൽ വ്യക്തമായി വേർതിരിച്ചറിയാവുന്ന ഒരു ഭൂപ്രദേശം (territory) അത്യന്താപേക്ഷിതമാണല്ലോ (എന്നാൽ അത് മാത്രം പോര എന്നത് വേറെ കാര്യം). സ്ഥലത്തെക്കുറിച്ചുള്ള പുതിയ സിദ്ധാന്തങ്ങളും ദേശത്തേക്കുറിച്ചു നടന്നുവരുന്ന പുതിയ  എഴുത്തുകളും പങ്കുവയ്ക്കുന്ന പൊതുവായ ഒരു ഇടം  വ്യക്തമായും ഉണ്ടെന്നാണ് ഈ വസ്തുത സൂചിപ്പിക്കുന്നത്. ഈ ഭൂപ്രദേശം, അല്ലെങ്കിൽ ഇടം ഒരേ സമയം അമൂർത്തവും (അത് ഭാവനയുടെ സൃഷ്ടിയാണ്; മാനസികമാണ്) മൂര്ത്തവുമാണ് (അതിന് ഭൗതികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളുണ്ട്). ദേശമെന്ന ഇടത്തിന്റെ ഈ പരസ്പരവിരുദ്ധവശങ്ങൾ തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്-കാരണം അവ രണ്ടും അവസാന വിശകലനത്തിൽ പുലരുന്നത് സാമൂഹ്യഭാവനയിലാണ്. ആത്യന്തികമായി അവ മനുഷ്യരുടെ മനസ്സുകളിലാണ് സ്ഥിതിചെയ്യുന്നത്. എന്നാൽ കാലേക്കൂട്ടി തയ്യാറായി തന്നത്താൻ രൂപമെടുക്കുന്ന പരസ്പരബന്ധമല്ല അത്. അതിന്റെ കണ്ണികൾ അതിസൂക്ഷ്മതയോടെ വാർത്തെടുക്കപ്പെടുന്നവയത്രെ. ഒരു അമൂർത്തമായ പ്രത്യയശാസ്ത്ര തറയുംഒരു മൂർത്തമായ ഭൗതികസ്ഥലവും ഒന്ന് ഒന്നിന് മുകളിലായി പ്രക്ഷേപിക്കപ്പെടുകയും വലിയ ജനവിഭാഗങ്ങൾക്ക് പങ്കു വയ്ക്കാനും വിശ്വസിക്കാനും കഴിയും വിധമുള്ള  ഒരു ദേശീയബോധം അതിലൂടെ ഉടലെടുക്കുകയും ചെയ്യുമ്പോഴാണ് ദേശങ്ങൾ രൂപമെടുക്കുന്നത്. അപ്പോഴാണ് അവയ്ക്ക് സാമൂഹ്യദൃശ്യത കൈവരുന്നത്. വിജയകരമായി രൂപമെടുത്തു കഴിഞ്ഞശേഷവും ഈ ദേശീയബോധത്തെ നിരന്തരം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. പ്രത്യയശാസ്ത്രവും ഭൂമിശാസ്ത്രവും പരസ്പരം അകന്നു പോകാതെ നിലനിർത്തുന്നതിലൂടെ ഈ ബോധത്തെ നിലനിർത്തേണ്ടതുണ്ട്(2). വ്യക്തി നിഷ്ടവും മാനസികവുമായ സ്ഥലസങ്കല്പങ്ങളെയും വസ്തുനിഷ്ഠവും ഭൗതികവുമായ സ്ഥലസങ്കല്പങ്ങളെയും പരസ്പരം ഇണക്കിച്ചേർത്തു നിർത്താനുള്ള ശ്രമങ്ങളെയാണ് ഇവിടെ സ്ഥലതന്ത്രങ്ങൾ (Spatial strategies) എന്ന് വിളിക്കുന്നത്.

ആധുനികദേശമെന്ന രൂപം സ്വീകരിക്കുന്നതിനു വളരെ മുൻപു തന്നെ ഇന്ത്യ പാശ്ചാത്യലോക ഭൂപടത്തിൽ ഇടം നേടിക്കഴിഞ്ഞിരുന്നു. സാമ്രാജ്യത്വ കാമനയുടെ അതിശയകരമായ ഇടമായിട്ടാണ് ഇന്ത്യ അവിടെ പ്രത്യക്ഷമായത് ക്രിസ്ടഫർ കൊളംബസ്, വാസ്കോ ഡ ഗാമാ മുതലായ അന്വേഷകരുടെ സാമ്പത്തിക തീർത്ഥയാത്രകൾക്ക് പ്രചോദനമായിരുന്ന മായികഭൂമി, അവസാനവിശകലനത്തിൽ, സാമ്രാജ്യത്വമെന്നത്, ഏറ്റവും കൃത്യവും സുപ്രധാനവുമായ സ്ഥല-പ്രത്യയശാസ്ത്രം (Spatial ideology) തന്നെയാണല്ലോ. അമൂർത്ത ഇടത്തെയും മൂർത്തസ്ഥലങ്ങളെയും കൂട്ടിയിണക്കി ഒരു രാഷ്ട്രീയപരിപാടി സൃഷ്ടിച്ചെടുക്കാനുള്ള കഴിവിന്മേലാണ് അത് ഉറപ്പിക്കപ്പെട്ടത്. Edward Said സാമ്രാജ്യത്വത്തിന്റെ വളർച്ചയെക്കുറിച്ചു പറയുന്നു: ‘[ അതിന്റെ ജനനം ] യഥാർത്ഥ നിയന്ത്രണശേഷി അധികാരംഒരു നിർദ്ദിഷ്ടസ്ഥലം എന്നാണെന്നതിനെക്കുറിച്ചുള്ള ആശയം (അതെന്തായിരിക്കാം എന്തായിത്തീരാം ), ഒരു യഥാർത്ഥസ്ഥലം, ഇവ സമാനമായി ഭവിക്കുന്ന നിമിഷത്തിലാണ്.‘ (Said 1993: പുറം 78; ഊന്നൽ കൂട്ടിച്ചേർത്തത്). എന്നാൽ അധിനിവേശശക്തിയും അതിനു വിധേയരായവരും തമ്മിൽ എത്രതന്നെ അസമമായ ബന്ധമാണുള്ളതെങ്കിലും, കോളനിയും ഒരു സമരസ്ഥലമാണ്. കാരണം, ആശയം, സ്ഥലം, അധികാരം എന്നിവ ഇപ്രകാരം ഒരുമിച്ചു ഭവിക്കുന്നതിലൂടെ ഉളവാകുന്ന പ്രത്യയശാസ്ത്ര വിഭവങ്ങൾ ഇരുകൂട്ടർക്കും പ്രയോജനപ്പെടും, രണ്ടുവിധത്തിൽ: ഭൂമി കൈക്കലാക്കാൻ പാശ്ചാത്യരെയും അപകോളനികരണകാലത്ത് (decolonization) അവരെ ചെറുത്തുകൊണ്ട് ഭൂമി തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന തദ്ദേശീയരേയുംഅതു സഹായിക്കും ( Said 1993: പുറം 78). അങ്ങനെ നോക്കുമ്പോൾ, സാമ്രാജ്യത്വവും അധിനിവേശവും സ്ഥാപിക്കുന്ന സ്ഥലവ്യവസ്ഥയും (spatial order) ഭൂപ്രദേശപ്രത്യയശാസ്ത്രവും (territorial ideology) പിൽക്കാലത്ത് ഉയർന്നു വന്ന ദേശീയവാദികൾക്ക് ഗുണകരമായി. സ്വന്തം സ്ഥലതന്ത്രങ്ങൾ മെനഞ്ഞെടുക്കാനായി ദേശീയവാദികൾ അവയിൽ നിന്ന്  പലതും തെരഞ്ഞെടുത്തു.

സാമ്രാജ്യത്തിന്റെ എതിരാളിയായും അനന്തരാവകാശിയായും ദേശീയവാദം പ്രവർത്തിച്ചുവെന്ന് ചുരുക്കം. ഭൂപടങ്ങളുടെ സാമൂഹ്യചരിത്രം ഈ പ്രത്യേകതയെ നന്നായി വെളിപ്പെടുത്തുന്നുണ്ട്. സാമ്രാജ്യത്വം സൃഷ്ടിച്ച ഭൂപടത്തിന്റെ യഥാർത്ഥ അവകാശിയായി രംഗത്തുവരുന്നത് ദേശീയവാദമാണ്. പക്ഷെ ഈ ഭൂപടത്തിന്റെ ധാർമ്മിക അർത്ഥതലങ്ങളെ ആകെ മാറ്റിമറിച്ചുകൊണ്ടാണ് ദേശീയവാദം അതിനെ സ്വന്തമാക്കുന്നത് ( Smith 1986: പുറം 202). ഈ പരിണാമത്തിന്റെ ആദ്യപടി, ഏതാണ്ട് എല്ലായ്പ്പോഴും, പുരാതനകാലത്തിന്റെ കണ്ടെത്തലാണ്. ആധുനികദേശം പൂർവ്വകാല പ്രാബല്യത്തോടെ പുരാതനമായ ഒരു കാലത്തേക്ക് പ്രക്ഷേപിക്കപ്പെടുന്നു. ഈ കാലം തീർത്തും കുറ്റമറ്റതും കാലാതീതം തന്നെയുമാണ് (Smith 1986: 183). കാലമുപയോഗിച്ച് സ്ഥലത്തിന്റെ അർത്ഥത്തെത്തന്നെ ഇങ്ങനെ മാറ്റിയെഴുതാം. സാമ്രാജ്യത്വത്തിൽ നിന്ന് കടമെടുക്കപ്പെട്ട ദേശീയഭൂപടത്തിന്മേൽ പുരാതനവും പാശ്ചാത്യപൂർവ്വവുമായ ചരിത്രം ചാർത്തിക്കൊണ്ട് ഇപ്രകാരമുള്ള ധാർമ്മിക തിരുത്തിയെഴുതൽ നടത്തിക്കഴിഞ്ഞാൽ, അധിനിവേശം സമ്മാനിച്ച ഭൂപടത്തെ ഒരേസമയം തള്ളിക്കളയാനും സ്വന്തമാക്കാനും നമുക്ക് കഴിയും. മാത്രമല്ല, അധിനിവേശിത ദേശത്തിന്റെ മഹത്തരവും അതിപുരാതനവുമായ പാരമ്പര്യത്തിന് അടുത്തിടെ സംഭവിച്ച ചില്ലറ മാർഗഭ്രംശം മാത്രമായി കോളനിഭരണത്തെ  ചുരുക്കിക്കാണാനും കഴിയും.

ദേശത്തെ ഒരു പ്രത്യേക തരം കൽപ്പിത ഇടമായി രൂപപ്പെടുത്തുന്ന പ്രക്രിയയില്‍ ചരിത്രഭൂപടം (കൂടുതല്‍ കൃത്യമായി പറഞ്ഞാൽ “ചരിത്രവത്കരിക്കപ്പെട്ട ഭൂപടം”) പ്രത്യക്ഷമായി കഴിഞ്ഞാല്‍ അതിനു തൊട്ടു പുറകേ ഒരു രണ്ടാം അവതാരവും ഉണ്ടാകും. Anderson അതിനെ map – as -logo എന്നാണ്, വിളിക്കുന്നത്. ഒരു പ്രത്യേക ഭൌതിക ഭൂമി ശാസ്ത്രത്തെ ഒരു സവിശേഷ കല്പ്പിൊതസമുദായവുമായി കോര്ത്തിവണക്കാനുള്ള മുഖ്യ മാർഗ്ഗ ങ്ങളിലൊന്നായിരുന്നു  ഈ “ലോഗോ” ഭൂപടം. അച്ചടി വിദ്യയുടെ വരവോടെ, ഇതിന്റെമ ചിലവു കുറഞ്ഞതും വന്തോ്തിൽ ഉത്പാദിപ്പിക്കപ്പെട്ടതുമായ പതിപ്പുകള്‍ എവിടെയും പ്രചരിച്ചു. ഇതുവഴി “ലോകത്തില്‍ ദിക്കു നോക്കി യന്ത്ര”മായിട്ടല്ലാ കേവലം  ശുദ്ധചിഹ്നം അല്ലെങ്കില്‍ സംജ്ഞ , ആയി തന്നെ അതിനു പ്രവർത്തിിക്കാൻ കഴിഞ്ഞു.

പൊതുവേ പറഞ്ഞാല്‍ ഭൂമി ശാസ്ത്രത്തിന്റെ. വസ്തുതകളെ ദേശ-സ്നേഹ -വിശ്വാസകാര്യങ്ങളായി തര്ജ്ജ മ ചെയ്യാനും അങ്ങനെയൊടുവിൽ അവയെ മുന്തപലമുറകളിൽ നിന്നു ലഭിച്ച അനുഭവമായി മാറ്റിയെഴുതുവാനുമാണ്, ദേശീയവാദ സ്ഥലതന്ത്രങ്ങള്‍ ശ്രമിച്ചത്. ഇന്ത്യയില്‍ ഈ പ്രവണത ഏറ്റവും വ്യക്തമായി കാട്ടിത്തരുന്നത് “ഭാരതമാതാവ്” എന്ന രൂപമാണ്. നമ്മുടെ ദേശീയഗാനവും നല്ലൊരു ഉദാഹരണമാണ്. അത് ഒരു പ്രത്യേക ഭൂമിശാസ്ത്രത്തെ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിനോട് അതായത് ഇന്ത്യന്‍ ദേശീയവാദത്തോട്, നേരിട്ടു തന്നെ ബന്ധിപ്പിക്കുന്നു.

പഞ്ചാബ്, സിന്ധു ഗുജറാത്ത, മറാഠാ / ദ്രാവിഡ, ഉത്കല വംഗ/ വിന്ധ്യ ഹിമാചല യമുനാ ഗംഗ” ഈ പ്രദേശങ്ങള്‍, നദികൾ,  പര്വ്വരത നിരകള്‍ , ഇവയെ നേരിട്ടനുഭവിച്ചവരായി വളരെ കുറച്ചു പേരേ ഇന്ത്യയിലുണ്ടാകൂ. പക്ഷേ രവീന്ദ്രനാഥന്റെ  ഗാനം നമുക്ക് പ്രദാനം ചെയ്യുന്നത് അതിനു പകരം നില്ക്കുന്ന അനുഭവമാണ്,  ഇപ്പറഞ്ഞവയെ കുറിച്ച് ദേശസ്നേഹപരമായ അഭിമാനവും ഉടമസ്ഥതാബോധവുമാണ്, ഈ ഗാനം നമ്മില്‍ ഉളവാക്കാൻ ശ്രമിക്കുന്നത്. നാം ജീവിതത്തില്‍ കാണാനിടയില്ലാത്ത സ്ഥലങ്ങളെ കുറിച്ചു പോലും.

കൽപ്പിത ഇടത്തെ യഥാർത്ഥ സ്ഥലവുമായി ചേർത്തു കെട്ടുന്ന സ്ഥലതന്ത്രങ്ങള്‍ അവ അഭിസംബോധന ചെയ്യുന്നവരേയും പ്രത്യേക തരത്തില്‍ ബന്ധിപ്പിക്കുന്നു. അവർ സവിശേഷ തന്മകളുമായി , ആ തന്മേകളുടെ രാഷ്ട്രീയ / പ്രായോഗിക അനന്തരഫലങ്ങളുമായി ബന്ധിപ്പിക്കപ്പെടുന്നു. എന്നാല്‍ എതിര്‍ പ്രവണതകൾ സന്നിഹിതമായ ഒരു മാദ്ധ്യമത്തിലാണ്, ഇവ പ്രവര്ത്തി്ക്കുന്നതെന്ന കാര്യമാണ്, പ്രസക്തം. കല്പ്പിാത ഇടത്തെയും യഥാർത്ഥ  സ്ഥലത്തേയും മറ്റൊരു വിധത്തില്‍ ബന്ധിപ്പിച്ചു കഴിഞ്ഞ മറ്റു സ്ഥല തന്ത്രങ്ങളോട് അവയ്ക്ക് പ്രത്യയശാസ്ത്ര മത്സരത്തിലേർപ്പെടേണ്ടി വരും. അപ്പോള്‍ ദേശീയവാദ സ്ഥലതന്ത്രങ്ങൾക്ക് സാമ്രാജ്യത്വ-അധിനിവേശസ്ഥല തന്ത്രങ്ങളെ മാത്രമല്ല പലതരം എതിര്പ്പു കളെ പ്രസരിപ്പിച്ചുകൊണ്ട് ചെറുത്തു നില്ക്കു ന്ന മറ്റുതരം സ്ഥല തന്ത്രങ്ങളേയും എതിരിടേണ്ടി വരും. ഉദാഹരണത്തിന്, വിഭിന്നങ്ങളായ സമുദായ ചിന്തകള്‍, പ്രാദേശിക സങ്കുചിത മനോഭാവങ്ങള്‍, മതഭ്രാന്ത് മുതലായവ.

ഈ ചർച്ചയിൽ വളരെ പ്രധാനമായ മറ്റൊരു കാര്യം, ദേശീയവാദ സ്ഥലതന്ത്രങ്ങൾക്ക് ഏകസ്വഭാവം ഇല്ലായിരുന്നതുകൊണ്ട് ഇത് പ്രതീക്ഷിതം മാത്രമായിരുന്നു എന്ന് പറയാം. രൻടു തരം ദേശീയവാദങ്ങൾക്ക് ഇത്യയിൽ ശക്തമായ നിലയുണ്ടായിരുന്നു. ഒന്ന് മത-സമുദായ തന്മകളെ ആശ്രയിച്ച്; മറ്റേത് കൂടുതൽ പ്രത്യക്ഷമായ രീതിയിൽ വികസനത്തിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രത്തെയും. ഇവ തമ്മിൽ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്നല്ല പറഞ്ഞു വരുന്നത് മറിച്ച്, രാഷ്ട്രീയ പ്രസംഗ ഭാഷയുടെ തലത്തിൽ, എല്ലായ്പ്പോഴും കാര്യമായ പങ്കിടൽ ഉണ്ടയിരുന്നു. കാരണം മറ്റേതിനെ പൂർണ്ണമായും ഉൾക്കൊള്ളുന്നുവെന്ന അവകാശവാദം തന്നെയാണു ഇവ രണ്ടും ഉന്നയിച്ചത്. എങ്കിലും ദേശീയ വ്യവഹാരത്തിനുള്ളിൽ സ്ഥലത്തെക്കുറിച്ചുള്ള വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളെ വിന്യസിച്ച രണ്ട് വിഭിന്ന സംസാരഭാഷകളെയാണു അവ പ്രതിനിധീകരിച്ചത്.

ഹിന്ദുത്വത്തിന്റെ സ്ഥലതന്ത്രങ്ങളെ മനസ്സിലാക്കാനുള്ള ശ്രമമാണു ഇവിടെ നടത്തുന്നത്. നവ ഹൈന്ദവ വലതുപക്ഷത്തിന്റെ രാഷ്ട്രീയ സ്വയം സേവക സംഘം (RSS) നയിക്കുന്ന സംഘപരിവാർഎന്നറിയപ്പെടുന്ന സംഘടനകളുടെ പൊതുപ്രത്യയശാസ്ത്രത്തെയും അവ നേതൃത്വം നൽകുന്ന സാമൂഹ്യ- രാഷ്ട്രീയ പ്രസ്ഥാനത്തെയും സൂചിപ്പിക്കാൻ ഇവിടെ ഹിന്ദുത്വംഎന്ന വാക്കുപയോഗിക്കുന്നു. ഇന്നത്തെ ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രീയത്തിലും ഹിന്ദുത്വ സ്ഥലതന്ത്രങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കൽപ്പിത സമുദായത്തെയും അതിന്റെ ഭൂപ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയെ മാറ്റിപ്പണിഞ്ഞുകൊണ്ട് ദേശീയ ഇടത്തെ പുനർ നിർവചിക്കാനാണു അവരുടെ ശ്രമം. മറ്റു പ്രത്യയശാസ്ത്രങ്ങളിൽ നിലയുറച്ച ദേശീയ ഇടത്തെ അവിടെ നിന്ന് ഇളക്കി മാറ്റി ഹൈന്ദവ അധീശത്വത്തിന്റെ ചട്ടക്കൂടിനുള്ളിൽ പുനഃപ്രതിഷ്ഠിക്കുവാനുള്ള ശ്രമങ്ങളാണു ഇവ എന്ന് വാദിക്കുവാനാണു ഞാൻ ശ്രമിക്കുന്നത്.

ചരിത്രപരമായ ഹിന്ദുത്വം :  സവർക്കറും പുണ്യഭൂമിയായ ദേശവും

മതപരമോ പ്രാദേശികമോ ആയ തന്മകളെ മുറുകെപ്പിടിക്കുന്ന ജനവിഭാഗങ്ങൾ പലപ്പോഴും ദേശീയവാദ സ്ഥലതന്ത്രങ്ങളെ ആശ്രയിച്ചുവെന്നത് വിരോധാഭാസമായി തോന്നാം. പക്ഷേ, അത്തരം ഉപയോഗത്തെ  വിലക്കുന്നതായ യാതൊരു ഘടകവും അവയ്ക്ക് സഹജമായി ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല, മതവിഭാഗങ്ങൾക്ക് വിശേഷിച്ച് ഹിന്ദുക്കൾക്ക് വ്യക്തമായ മേൽക്കൈ നൽകുന്ന ചില ഘടകങ്ങൾ അവയിൽ ഉണ്ടായിരുന്നുതാനും. ഉദാഹരണത്തിനു, ഭൂഖണ്ഡത്തിന്റെ പല ഭാഗത്ത് സ്ഥിതി ചെയ്യുന്ന പുണ്യസ്ഥലങ്ങളുടെ അതിശക്തമായ അടിത്തറ. മറുവശത്ത്, മതങ്ങൾക്കു മീതെ നിൽക്കുന്നതോ മതപരമല്ലാത്തതോ ആയ ദേശീയ സമുദായം എന്ന ആശയം ഇവിടെ തീർത്തും പുതിയതായിരുന്നു. അതുകൊണ്ട് സജീവസ്മരണയിൽ ഉൾപ്പെട്ടിരുന്ന ഘടകങ്ങളെ ആശ്രയിച്ചുകൊണ്ട് മാത്രമേ തികച്ചും പുതിയതായിരുന്ന ഈ ആശയത്തിനു മൂർത്ത രൂപം നൽകാൻ കഴിയുമായിരുന്നുള്ളൂ. വർഗ്ഗീയവാദികളല്ലാത്ത ദേശീയവാദികൾക്കു പോലും സ്മരണോപായങ്ങളെയും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലായിരുന്നു. ഇവ സാധാരണ ജനങ്ങൾക്കു പരിചിതമായ ചരിത്ര ഭൂമിശാസ്ത്ര ബോധത്തിന്റെ പ്രതിഫലനമായിരുന്നു; മിക്കപ്പോഴും മതത്തിന്റെ സ്പർശമുണ്ടായിരുന്നു ഇതിനു.

മാത്രമല്ല, ദേശീയ വാദസങ്കൽപ്പവും അതിന്റെ മൂർത്ത രാഷ്ട്രീയതന്മയും വളരെ വഴക്കമുള്ളവയായിരുന്നു. അതുകൊണ്ട് കടുത്ത വർഗീയവാദികൾക്കു പോലും സ്വന്തം വിശ്വാസത്തെ യഥാർത്ഥദേശീയവാദമാണെന്ന് സ്ഥാപിക്കാനും അത് സങ്കുചിത താല്പര്യം അല്ലെന്ന് കരുതാനും കഴിഞ്ഞു. 19-ആം നൂറ്റാണ്ടിലെ മതപരമായ പുനരുത്ഥാനം പ്രത്യേകിച്ച് ഹൈന്ദവ പുനരുത്ഥാനം കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കി. ആധുനിക ആശയങ്ങളെയും (ശാസ്ത്രം, യുക്തിചിന്ത, സാങ്കേതികവിദ്യ, പുരോഗതി) മതജീവിതത്തിന്റെ സങ്കുചിതവശങ്ങളെ (തൊട്ടുകൂടായ്മ, സ്ത്രീമർദ്ദനം, അന്ധവിശ്വാസം, അനാചാരം മുതലായവ) ഉയർത്തിക്കാട്ടാത്ത പരിഷ്കൃത മതവിശ്വാസത്തെയും ഭാഗികമായെങ്കിലും ഇണക്കാൻ ഈ പുനരുത്ഥാനത്തിനു കഴിഞ്ഞു. ഇങ്ങനെ ഭേദപ്പെടുത്തിയമതതന്മയുടെ വരവോടെ, ഒരു വ്യക്തിക്ക് മതം ആത്മീയത എന്നിവയെയോ ആധുനികത, ശാസ്ത്രം എന്നിവയുടെ ആദർശങ്ങളെയോ ഏതെങ്കിലും ഒന്നിനെ തെരഞ്ഞെടുക്കേണ്ടതുണ്ടെന്ന വസ്തുത മുൻകാലത്തെ അപക്ക്ഷിച്ച് അവ്യക്തമായി. ഈ പശ്ചാത്തലത്തിലാണു സവർക്കറുടെ സവിശേഷമായ ഹിന്ദുവർഗീയത ഇന്ത്യൻ ദേശത്തെക്കുറിച്ചുള്ള സ്ഥലചിന്തകളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ച് നാം ആലോചിക്കേണ്ടത്.

സവർക്കറുടെ ഹിന്ദുത്വം

തന്റെ രാഷ്ട്രീയ ലഘുലേഖയുടെ ആരംഭത്തിൽ സവർക്കർ പ്രഖ്യാപിക്കുന്നു: ഹിന്ദുത്വം ഒരു വാക്കല്ല, ഒരു ചരിത്രമാണുഇങ്ങനെ തുടങ്ങി, ഈ ചരിത്രം ഒരു പ്രത്യേക ഭൂമിശാസ്ത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതെങ്ങനെയെന്ന് കാണിക്കാനാണു അദ്ദേഹം ശ്രമിക്കുന്നത്. താൻ ഏറ്റവും അധികം പ്രചരിപ്പിച്ച ഈ വാക്ക് (ഇന്ന് വൻ തിരിച്ചുവരവ് നടത്തിയിരിക്കുന്ന) ഹിന്ദുത്വം ഹിന്ദുമതവിശ്വാസത്തിന്റെ പര്യായമല്ലെന്ന് അദ്ദേഹം തെളിച്ചുതന്നെ പറയുന്നു. ആ പദം കുറേക്കൂടി സങ്കുചിതമാണത്രെ; അത് ഹിന്ദുമതത്തിനുള്ളിൽ നിൽക്കുന്നവരെയാണു കുറിക്കുന്നത്, എന്നാൽ മറ്റ്  Indic വിശ്വാസങ്ങളായ സിഖ് മതം, ബുദ്ധമതം, ജൈനമതം മുതലായവ കൂടി ഹിന്ദുത്വത്തിന്റെ പരിധിയിൽ വരുന്നു. പക്ഷേ, ഈ പ്രദേശത്ത് അനേക നൂറ്റാണ്ടുകളായി പ്രചാരത്തിലിരുന്ന Indic അല്ലാത്ത മറ്റു മതങ്ങളെ മുഴുവൻ അത് നിസ്സംശയം ഒഴിവാക്കുന്നു.

ഹിന്ദുഎന്ന വാക്കിന്റെ നിരുക്തിയെക്കുറിച്ച് സവർക്കർ എടുത്തു പറയുന്നു Indus എന്ന് അറിയപ്പെടുന്ന നദിയുടെ സംസ്കൃതനാമവും കടലിന്റെ പര്യായവുമായ സിന്ധുഎന്ന വാക്കിൽ നിന്നാണത്രെ അത് രൂപമെടുത്തത്. മദ്ധേഷ്യയിൽ നിന്ന്  ആര്യൻ ഗോത്രവർഗ്ഗക്കാർ ഇൻഡസ് നദീതടത്തിൽ താമസമായതും ക്രമേണ അവർ ഉപഭൂഖണ്ഡമാകെ വ്യാപിച്ചതും ഇതിനിടയിൽ സ്വന്തം ദേശബോധം, സാംസ്കാരികസ്വത്വം എന്നിവയെ കാത്തു സൂക്ഷിച്ചതും ഒടുവിൽ അയോദ്ധ്യയുടെ വീരനായ രാജകുമാരൻ സിലോണിലേക്ക് വിജയശ്രീലാളിതനായി കടന്നുചെന്ന് ഹിമാലയം മുതൽ സമുദ്രം വരെയുള്ള്ല മുഴുവൻ ഭൂമിയെയും അവരുടെ പരമാധികാരത്തിൽ കീഴിലാക്കിയതും മറ്റും വിവരിക്കുന്ന ഒരു കഥ അദ്ദേഹം വായനക്കാരെ പറഞ്ഞു കേൾപ്പിക്കുന്നു. (പുറം7-8)

അപ്പോൾ സിന്ധുദേശത്തിന്റെ യഥാർത്ഥ അതിർത്തികൾ അട്ടക് മുതൽ കട്ടക് വരെ, അല്ലെങ്കിൽ ആസേതുഹിമാചലം, അതുമല്ലെങ്കിൽ കുറേക്കൂടി ക്ലാസിക് രീതിയിൽ സിന്ധു മുതൽ സിന്ധു വരെ (ഇൻഡസ് നദി മുതൽ രണ്ടു സമുദ്രങ്ങൾ വരെ) നീണ്ടു കിടക്കുന്നുവെന്നാണു സുചന. ഈ അതിർത്തികളെക്കുറിച്ച് എടുത്തെടുത്തു പറയാൻ സവർക്കർ മെനക്കെടുന്നു; പ്രത്യേകിച്ച്, സിന്ധുഎന്ന പദത്തിന്റെ അർത്ഥ വൈവിദ്ധ്യത്തെ അദ്ദേഹം ഊന്നിപ്പറയുന്നു. ഹിന്ദുത്വത്തെ നിർണ്ണയിക്കുന്നതിനായി അദ്ദേഹം ചില മാനദണ്ഡങ്ങൾ പ്രഖ്യാപിക്കുമ്പോഴാണു ഈ അതിർവരമ്പുകളെക്കുറിച്ചുള്ള അതിരുകടന്ന ഉത്കണ്ഠ എന്തുകൊണ്ടാണെന്ന് നമുക്ക് മനസ്സിലാകുന്നത്. പിതൃഭൂ, ജാതി, സംസ്കൃതിഎന്നാണദ്ദേഹം അവയെ വിശേഷിപ്പിച്ചിരിക്കുന്നത്. ആദ്യത്തേത് പ്രകാരം ഹിന്ദുഹിന്ദുസ്ഥാനത്തിൽ ജനിച്ചിരിക്കണം; തന്റെ പിതൃഭൂമി എന്ന് ഹിന്ദുസ്ഥാനത്തെ വിളിക്കാൻ ആ വ്യക്തിക്കു കഴിയണം. രണ്ടാമത്തേതനുസരിച്ച് ഹിന്ദു തന്റെ സ്വാഭാവിക മാതാപിതാക്കളിൽ നിന്ന് ഹിന്ദുരക്തംനേടിയ വ്യക്തിയായിരിക്കണം. എന്നാൽ സർവ്വപ്രധാനമായ വ്യാഖ്യാനനീക്കം മൂന്നാമത്തേതാണു സംസ്കൃതി, അഥവാ പങ്കുവയ്ക്കപ്പെട്ട ഒരു സംസ്കാരം. സംസ്കാരംഎന്ന സങ്കൽപ്പത്തിന്റെ സാമാന്യ അർത്ഥസൂചനകളെ സവർക്കർ അതിവേഗം എടുത്തു മാറ്റി, കുറേക്കൂടി പ്രത്യേകമായ ഒന്നിനെ സൂചിപ്പിക്കുന്ന ഒരർത്ഥത്തിൽ പ്രതിഷ്ഠിക്കുന്നു പാവനമായൊരു ഭൂമിശാസ്ത്രത്തോടുള്ള കൂറിലേക്കാണു സംസ്കൃതി പുനഃപ്രതിഷ്ഠിക്കപ്പെടുന്നത്. അങ്ങനെ, ഹിന്ദുവായി കണക്കാക്കപ്പെടാനുള്ള സുപ്രധാന മാനദണ്ഡം, ഒരാളുടെ പുണ്യഭൂമിയും പിതൃഭൂമിയും തമ്മിലുള്ള ചേർച്ച തന്നെയാകുന്നു പിതൃഭൂഏതെന്ന് അദ്ദേഹം (മുകളിൽ വിവരിച്ചതു പോലെ) അതി സൂക്ഷ്മമായി തിട്ടപ്പെടുത്തിക്കഴിഞ്ഞിരുന്നു.

ഹിന്ദുവിനെ നിർവ്വചിക്കാൻ സവർക്കർ മുന്നോട്ട് വയ്ക്കുന്ന ഭൂപ്രദേശാധിഷ്ഠിത പരീക്ഷ, ഒരു പുണ്യഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള അവകാശവാദത്തിന്മേലാണു ഊന്നി നിൽക്കുന്നത്. അദ്ദേഹം ഉന്നയിച്ച മൂന്നു മാനദണ്ഡങ്ങളിൽ, പിതൃഭൂ, ജാതി എന്നിവയെക്കാളധികം പുണ്യഭൂവിനാണു പ്രാധാന്യം. ആദ്യത്തെ രണ്ട് മാനദണ്ഡങ്ങളും അപര്യാപ്തമാണെന്ന് വ്യക്തമാക്കാൻ എളുപ്പമാണു; അമേരിക്കക്കാരനായ വ്യക്തി ഹിന്ദുവായി തീർന്നേക്കാമെന്ന പരികൽപ്പന,  രക്തവും പിതൃഭൂമിയും അത്യന്താപേക്ഷിതമല്ലെന്നാണു തെളിയിക്കുന്നത് (പുറം 54). മറുവശത്ത് ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഈ രണ്ട് മാനദണ്ഡങ്ങളും നിറവേറ്റുമ്പോഴും പുറത്തു തന്നെയാണെന്ന കാര്യം ഈ രണ്ടു മാനദണ്ഡങ്ങളുടെ അപര്യാപ്തതയെയാണു തെളിയിക്കുന്നത് (പുറം 72). ഈ രണ്ട് ഉദാഹരണങ്ങളും പുണ്യഭൂവിന്റെ സർവ്വപ്രാധാന്യത്തെയാണു സൂചിപ്പിക്കുന്നത് അത് അത്യന്താപേക്ഷിതവും പര്യാപ്തവുമാണു. അപ്പോൾ പ്രസക്തമായ ഒരേയൊരു മാനദണ്ഡം അതാണെന്ന് വരുന്നു. ഈ ഉപസംഹാരത്തെ ശക്തിപ്പെടുത്തുന്ന ചില സർവ്വപ്രധാന അപവാദങ്ങൾ സവർക്കർ പ്രത്യേകം ചർച്ച ചെയ്യുന്നു സിന്ധുനദിയുടെ ഇരുകരകളും ഹിന്ദുസ്ഥാനത്തിന്റെ അതിർത്തിക്കുള്ളിലാണെന്ന വ്യാഖ്യാനപ്രകാരമാണു സിന്ധികൾക്ക് അദ്ദേഹം അംഗത്വം നൽകിയിരിക്കുന്നത്. അന്യദേശങ്ങളിലേക്ക് കുടിയേറിപ്പാർത്തവരുടെ പുണ്യഭൂമി മുഴുവൻ ഹിന്ദുസ്ഥാനത്തിലായതു കൊണ്ടുതന്നെ, അവർ എവുടെ ജീവിച്ചാലും ഹിന്ദുക്കളായിത്തന്നെ കണക്കാക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.

ദേശനിർമ്മാനത്തിനുള്ള ധാർമ്മിക രാഷ്ട്രീയ അവകാശം ഹിന്ദുത്വത്തിന്റെ അടയാളം വഹിക്കുന്നവർക്കു മാത്രമാണെന്നതാണു സവർക്കറുടെ മുഖ്യവാദം. ഇക്കൂട്ടരുടെ മതേതര താൽപ്പര്യങ്ങളും മതപര രാഷ്ട്രീയ താൽപ്പര്യങ്ങളും ഒരേ ഭൂമിശാസ്ത്ര ഇടത്തെ സൂചിപ്പിക്കുന്നതുകൊണ്ടാണു ഇത്. അപ്പോൾ സവർക്കറുടെ ഹിന്ദുത്വസങ്കൽപ്പത്തിനു പിന്നിലുള്ള അടിസ്ഥാനപരമായ സ്ഥലതന്ത്രം ദേശത്തെ പുണ്യഭൂമിയായി പുനർനിർവചിക്കലായിരുന്നു. ഇന്ത്യ എന്ന ദേശത്തിനു മതപരമായ ഒർ അന്തഃസത്ത ചാർത്തിക്കൊടുക്കലാണിത് വിശകലനത്തിനും ചോദ്യം ചെയ്യലിനും അപ്പുറത്ത് നിൽക്കുന്നതും പാവനത്വമൂല്യമുള്ളതുമായ ഒന്ന്; പുറത്തുള്ളവർക്ക് ഒരിക്കലും അനുഭവിക്കാനോ മനസ്സിലാക്കാനോ കഴിയാത്തത്, അകത്തുള്ളവരെഎല്ലാക്കാലത്തേക്കും  പരിപൂർണ്ണമായി നിർവചിക്കുന്നത്.

പുണ്യഭൂമാതൃകയുടെ അടിസ്ഥാനധാരങ്കൾ ഇന്ന് ഇടുങ്ങിയ വർഗ്ഗീയതയുടെ പരിസരങ്ങൾക്കപ്പുറത്തായി സ്ഥിതി ചെയ്യുന്ന നിരവധി പ്രകരണങ്ങളിൽ പോലും പ്രസക്തമായി തുടരുന്നുവെന്ന കാര്യം വളരെ പ്രധാനപ്പെട്ട ഒന്നാണു. ഹിന്ദു പുരാണങ്ങളും ഹൈന്ദവ ഇതിഹാസങ്ങളും ദൈവങ്ങളുടെ അരങ്ങ്നാടിന്റെ അങ്ങോളമിങ്ങോളം നിറഞ്ഞു നിന്നുവെന്നാണു പഠിപ്പിക്കുന്നതെന്ന് David Mandelbaum വാദിക്കുന്നു. ദേശീയബോധവുമായി മാനസികൈക്യം പ്രാപിക്കാൻ നാട്ടുകാരെ സഹായിച്ച പാരമ്പര്യാടിത്തറകളിൽ ഒന്നായിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തീർത്ഥയാത്രകളിലൂടെ നിരന്തരം ഉറപ്പിക്കപ്പെട്ട അടിത്തറ കൂടിയായിരുന്നു ഇത് (Mandelbaum 1972: 401 ; Van der Meer 1996: 120 ൽ ഉദ്ധരിക്കപ്പെട്ടത്). തീർത്ഥയാത്രകളുടെ പ്രാധാന്യത്തെ Peter Van der Meer ഊന്നിപ്പറയുന്നു. അധിനിവേശകാലത്തും അതിനു ശേഷവും അവയുടെ പ്രസക്തി വർദ്ധിച്ചിരിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഭൂവുടമാ വർഗ്ഗങ്ങൾ അഭിവൃദ്ധി പ്രാപിക്കുകയും കൂടുതൽ സുരക്ഷിതവും ഉറപ്പാർന്നതുമായ ഒരു നാഗരിക മേലാള വർഗ്ഗം ഉയർന്നു വന്നതും ഇക്കാലത്താണല്ലോ. മാത്രമല്ല, ഗതാഗത വാർത്താ വിനിമയ സൗകര്യങ്ങൾ ഗണ്യമായി വർദ്ധിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ തീർത്ഥയാത്രകളുടെ വ്യാപ്തിയും എണ്ണവും വർദ്ധിച്ചു. ദേശമെന്ന ഭൂപ്രദേശാധിഷ്ഠിതസമുദായത്തെക്കുറിച്ചുള്ള പാശ്ചാത്യ വ്യവഹാരവും പുണ്യഭൂമിയെക്കുറിച്ചുള്ള മതപരമായ വ്യവഹാരവും തമ്മിൽ രഹസ്യ ധാരണയുണ്ടാവുകയും ചെയ്തു. (Van der Meer 1996: 122) ദേശമെന്ന ആശയത്തിന്റെ ഭൂമിശാസ്ത്രമാനങ്ങളെ ഇത് സ്വാധീനിക്കുകയും ചെയ്തു.

ഈ തന്ത്രത്തിന്റെ ശക്തിയെ വെളിപ്പെടുത്തുന്ന ഒരു സംഭവകഥയുണ്ട്: 1959ൽ ചൈനയുമായി അതിർത്തി നിർണ്ണയ ചർച്ചകൾ നടത്തവെ നെഹ്രു പറഞ്ഞു, ഇന്ത്യയുടെ അതിർത്തികൾ അധിനിവേശസൃഷ്ടികളല്ല, മറിച്ച് ഏകദേശം രണ്ടായിരം വർഷം നീണ്ട ഭൂതകാലത്തിലെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണവ. അക്കാലത്ത് ഇതേക്കുറിച്ച് വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയ ധവളപത്രത്തിൽ ഋഗ്വേദം, മഹാഭാരതം, രാമായണം എന്നീ കൃതികളിൽ നിന്നു തെളിവുകൾ സ്വരൂപിക്കാനുള്ള ശ്രമവുമുണ്ടായിരുന്നു

 ( അടുത്ത  ലക്കത്തിൽ നെഹ്രുവിയൻ വിഘ്നഘട്ടം)

Comments

comments