ഇരുവശത്തും പോക്കറ്റുള്ള
നീലയുടുപ്പിന്റെ അടിയിലെവിടെയോ
എന്റെ ഹൃദയം മിടിക്കുന്ന
ശബ്ദം കേൾക്കുന്നുണ്ട്

പെരുവിരലിന്റെയറ്റം
മുതൽ തണുപ്പ്
കാലുകളിലേക്ക് അനുവാദമില്ലാതെ
കയറുന്നതറിയാം

എന്റെ ചുറ്റും പരിചയമില്ലാത്ത
ആളുകൾ, കോഴികൾ, താറാവുകൾ
ടർക്കികൾ, തത്തകൾ, പുള്ളുകൾ
പൂച്ചകൾ, പട്ടികൾ,എലികൾ

പണ്ട് കൈക്കൂലി വാങ്ങിയ
ഒരു സർക്കാരുദ്യോഗസ്ഥൻ
ബാക്കി തരാൻ പോലും വന്നു
കുലുക്കി വിളിക്കുന്നു

കൊച്ചേ കൊച്ചേയെന്ന്
ഞാനുറക്കെ വിളിക്കുന്നു
അടുത്തമുറിയിൽ
ഇഷാലിന്റേയും നിഹാലിന്റേയും
വാപ്പീന്നുള്ള വിളികൾ കേൾക്കാം
ഫെയ്സ്ബുക്കിലെ എന്റെ സ്റ്റാറ്റസിന്
മറുകമന്റിട്ട് ചിരിക്കുന്ന
കൊച്ചിന്റെ ശബ്ദവും കേൾക്കുന്നുണ്ട്

ഞാനൊരു ചുംബനം
അവൾക്കായയക്കുന്നു
അവളുടെ ചുണ്ടുകളിൽ
ദ്രവിച്ചൊരു ഇലയുടെ
ഞരമ്പുകൾ പോലെ-
യത് ചുറ്റിപ്പടരുന്നു

ചിത്രശലഭത്തെ ആട്ടിയോടിക്കുന്ന
ലാഘവത്തിൽ നീയതിനെ
ജനാലതുറന്ന് പുറത്തേക്ക് വിടുന്നു
അടുത്ത മൊട്ടക്കുന്നിലത്
വീണൊരു ഗുൽമോഹർ മരമാകുന്നു
ആകെ ചുവന്ന് പരക്കുന്നു

ചുറ്റും കൂടിയവരെല്ലാം
എന്നെയെടുത്ത് ഗുൽമോഹർ
ചുവട്ടിലേക്ക് നടക്കുന്നു
ഒരു ചുവന്നയിതൾ
രണ്ട് തുള്ളി കണ്ണീരിനൊപ്പം
എന്റെ നെറ്റിയിലേക്ക്
പതിയെ വീഴുന്നു

കൊച്ചേ കൊച്ചേഎന്നെന്റെ വിളി
നീ ഇപ്പോഴും കേൾക്കുന്നില്ല

Comments

comments