നാഭിയിലേക്ക് ഒരു പൂവിതളെമൊന്നോരാള്‍
അടര്‍ന്നു വീഴുന്ന മാത്രയില്‍
ജലലജ്ജയുടെ തന്ത്രികളിലെക്ക്
മരം അതിന്റെ കരയില്‍ നിന്ന്,
നിഴല്‍ വിരലുകള്‍ മീട്ടുന്നു.

ഇലകളില്‍ എഴുതിയ ടാബ്ലേഷന്‍
ആരോഹണാ,വരോഹണങ്ങളെന്നു
ഒരുടലിനെ തൊട്ടറിയുന്നു.

വെയില്‍ ഒരുക്കി നിര്‍ത്തിയ വസ്ത്രങ്ങള്‍
തിരക്കിട്ട് പോവലിന്റെ അക്ഷമപുതച്ച്
ഒരു യാത്രയിലേക്ക് എന്നോണം
കാറ്റ് കല്പിച്ച വാതിലിലൂടെ ഓടിക്കയറുന്നു.

വൈകിപ്പോയവ തിരികെ
കാത്തിരിപ്പിലേക്ക് വീണുറങ്ങുന്നു.

ചിറകടികള്‍ നഷ്ടമായ ആകാശം
അതിന്റെ ഭാഷയെ ഉച്ചവെയിലിനു
പരിചയപ്പെടുത്തുന്നു.

വെയില്‍ അതിന്റെ ബാല്യത്തെ ,
അതിന്റെ തന്നെ കൌമാരത്തെ
അതിന്റെ തന്നെ ആയുസ്സെഴുതിയ
ഇലകളെ തൊട്ടു തന്റെ കുപ്പായക്കുടുക്കുകളിടുന്നു.

ഉപേക്ഷിക്കപ്പെട്ടെക്കാവുന്ന ഒരു ചില്ല
അതിന്റെ ഇനിയും തിരിച്ചെത്താത്ത പക്ഷിയെ,
ഉപേക്ഷിക്കപ്പെട്ടേക്കാവുന്ന ഒരു കൂടിനെപ്പറ്റി
നിര്‍ത്തലുകളില്ലാതെ ഒച്ചപ്പെടുമ്പോള്‍ ,
ആകാശചിറകടികള്‍ക്ക് കാഴ്ച്ച അമ്പരപ്പാവുന്നു.

വഴിയാകെ നീരു കുടഞ്ഞു മടങ്ങുന്നോരുടല്‍
അസ്തമയത്തില്‍ നിന്ന് അഗ്നി കടം കൊള്ളുന്നു.

Comments

comments