നാധിപത്യത്തിൽ പുതിയ സർക്കാരുകൾ അധികാരമേറ്റാൽ സാധാരണയായി രണ്ടു മാസമെന്നോ നൂറു ദിവസമെന്നോ ഒക്കെ പറഞ്ഞു കൊണ്ടുള്ള ഒരുമധുവിധുകാലം അനുവദിക്കാറുണ്ട്. പ്രതിപക്ഷപാർട്ടികളും മാധ്യമങ്ങളുമൊക്കെ സമയത്തിനിടയിൽ ഗൗരവമേറിയ വിമർശനങ്ങൾ ഉന്നയിക്കാതെ, പുതിയ സർക്കാരിനു പ്രവർത്തിക്കാൻ അവസരം നൽകുന്നു എന്നാണു വെയ്പ്. എന്നാൽ നൂറു ദിവസം പോകട്ടെ, ഏതാനും ദിവസം പോലും തനിക്ക് അങ്ങനെ ഒരു മധുവിധു ആർഭാടം അനുവദിച്ചുകിട്ടിയില്ല എന്നാണു പുതിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാതിപ്പെടുന്നത്. പ്രത്യക്ഷത്തിൽ ഇതു ശരിയാണു. പക്ഷേ, ഈ യാഥാർത്ഥ്യത്തിനുഒരു മറുവശമുണ്ട്. ഈ മധുവിധു കാലത്ത് പുതിയ അധികാരികൾ ജനവിരുദ്ധ നടപടികൾ സ്വീകരിക്കാതിരിക്കുന്നത് സ്വാഭാവിക നീതിയാണു. മോദി ഈ മര്യാദ അല്പം പോലുംപാലിച്ചില്ല. ജനവിരുദ്ധ നയപ്രഖ്യാപനങ്ങളിൽ നിന്ന് തുടങ്ങി ജനങ്ങളുടെനിത്യജീവിതം ദുരിതപൂർണ്ണമാക്കുന്ന പ്രായോഗിക പരിപാടികൾ പ്രഖ്യാപിക്കുക മാത്രമല്ല, നടപ്പിലാക്കുകയും ചെയ്തിരിക്കുകയാണു. മധുവിധുകാലത്ത് ഇത്രയും ജനവിരുദ്ധ നടപടികൾ ഒരുമിച്ചെടുത്ത മറ്റൊരു അധികാരി നമ്മുടെ നാട്ടിൽ ഉണ്ടായിട്ടില്ല. ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ഇത്തരം നടപടികൾക്ക് മുന്നിൽ നിശ്ശബ്ദത പാലിക്കണം എന്ന് ആവശ്യപ്പെടുന്നത് അധികര പ്രമത്തനും വിവേകശൂന്യനുമായ ഒരു അധികാരിയുടെ അഹങ്കാരപ്രഖ്യാപനം മാത്രമാണു. എന്നാൽ അധികാരികളുടെ ഇത്തരം നിലപാടുകളോട് ജനങ്ങളെക്കാളും രാഷ്ട്രീയപർട്ടികളെക്കാളും ഫലപ്രദമായി പ്രതികരിക്കുവാൻ കഴിയുന്ന മാധ്യമങ്ങളിൽ ഗണ്യമായ വിഭാഗവും നാണം കെട്ട നിശ്ശബ്ദത പാലിക്കുന്ന കാര്യവും എടുത്തു പറയേണ്ടതുണ്ട്.

സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ 1991 മുതൽ ഇന്ത്യയിൽ നടപ്പിലാക്കി വന്ന വിപണിയെ കയറൂരി വിടുന്ന ഉദാരവൽക്കരണ നയം തന്നെയായിരിക്കും മോദി സർക്കാരും പിന്തുടരുക എന്ന് എലാവരും പ്രതീക്ഷിച്ചിരുന്നത് തന്നെയാണു. ഗുജറാത്ത് മോഡലിൽ ഈ നയം തന്നെയായിരുന്നു നട്ടെല്ല്. അതിൽ നിന്ന് വ്യത്യസ്തമായ ജാലവിദ്യകളൊന്നും മോദിക്കറിയില്ലെന്നും വ്യക്തമായിരുന്നു. കോർപ്പറേറ്റുകളെ കയ്യയച്ച്സഹായിക്കുക എന്നത് ഉദാരവൽക്കരണ നയക്കാരുടെ പൊതുവായ സമീപനമാണു. മോദി ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഭൂമിയും മറ്റ് അടിസ്ഥാനസൗകര്യങ്ങളും നാമമാത്രമായ വിലയ്ക്ക് നല്കുക, നികുതികൾ ഭാഗികമായോ പൂർണ്ണമായോ ഇളവ് ചെയ്തു കൊടുക്കുക തുടങ്ങിയതെല്ലാം മോദിയുടെ സ്റ്റൈലായിരുന്നു.കേന്ദ്രാധികാരത്തിൽ എത്തിയപ്പോൾ കോർപ്പറേറ്റുകളോടുള്ള മോദിയുടെ വിധേയത്വം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണു. കാരണം, യുപിഎയും മറ്റും തിരഞ്ഞെടുപ്പിൽ ചിലവാക്കിയതിന്റെ പതിന്മടങ്ങ് തുകയാണു മോദിസ്റ്റൈൽ പ്രചരണത്തിനു വേണ്ടി വാരിയെറിഞ്ഞത്. അതെല്ലാം കോർപ്പറേറ്റുകളുടെ കയ്യയച്ചുള്ള സഹായം കൊണ്ട്സാധ്യമായതാണു. സ്വാഭാവികമായും ആ ചിലവഴിച്ചതിന്റെ എത്രയോ മടങ്ങായിരിക്കും അവർ തിരിച്ച് ആവശ്യപ്പെടുക. തനിക്ക് വോട്ട് ചെയ്ത ജനങ്ങളെ പൂർണ്ണമായി വിസ്മരിച്ചുകൊണ്ട് മോദി കോർപ്പറേറ്റുകളുമായിട്ടാണു മധുവിധു ആഘോഷിച്ചത്.തന്റെ നടപടികളെല്ലാം രാജ്യനന്മയെ ലക്ഷ്യമാക്കിയുള്ളതാണെന്ന പ്രഖ്യാപനങ്ങളൊന്നും ഇനി ജനങ്ങളെ വഞ്ചിക്കാൻ പര്യാപ്തമല്ല. സ്വന്തം പാർട്ടി അണികൾ പോലും അത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നതാണു വാസ്തവം. കേരളത്തിൽ ഞാൻ സംസാരിക്കാനിടയായ ബിജെപി പ്രവർത്തകരും അനുഭാവികളും ഒരേ സ്വരത്തിൽപറഞ്ഞത് ജനങ്ങളുടെ മുഖത്തു നോക്കാനാവാത്ത വിധം നാണം കെട്ടു പോയെന്നാണു.വിലക്കയറ്റ നിയന്ത്രണവും ദാരിദ്ര്യനിർമ്മാർജ്ജനവും പോലുള്ള മോഹനവാഗ്ദാനങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് മോദി കോർപ്പറേറ്റുകളുമായി മധുവിധു ആഘോഷിക്കുന്നത് നിസ്സഹായരായി നോക്കി നിൽക്കുവാനേ ബിജെപി പ്രവർത്തകർക്ക് കഴിയുന്നുള്ളൂ. കേരളത്തിലെ അവസ്ഥ ഇതാണെങ്കിൽ സംസ്ഥാനഭരണം കൂടി കയ്യാളുന്ന സംസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് ജനങ്ങളെ അഭിമുഖീകരിക്കുവാൻ എത്രത്തോളമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
   വിപണിയെ കയറൂരിവിട്ടാൽ സമൂഹത്തിന്റെ സാമ്പത്തികാവശ്യങ്ങളെല്ലാം തനിയെ പരിഹരിക്കപ്പെട്ടോളും എന്ന് വാദിക്കുന്ന വിപണി മൗലികവാദമാണു ഈ സാമ്പത്തിക നയങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്. വിപണിയെ ഒഴിവാക്കാനാകിലെന്നും അത് സാമൂഹ്യപ്രക്രിയയുടെ അനിവാര്യ ഭാഗമാണെന്നും ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. വിപണിയെ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിച്ച കമ്മൂണിസ്റ്റ് പരീക്ഷണം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെത്തിയത് കണ്ടതാണല്ലൊ. വിപണി മൗലികവാദത്തിന്റെ ഗതിയും അതാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണു. വികസിത മുതലാളിത്ത രാജ്യങ്ങളെല്ലാം വിപണിയെ കടിഞ്ഞാണിട്ട് നിയന്ത്രിക്കാൻ തുടങ്ങിയിരിക്കുന്നു. സാമൂഹ്യമേഖലകളെ നേരിട്ട് ബാധിക്കുന്ന സേവനമേഖലകളെല്ലാം ജനാധിപത്യപരമായ സാമൂഹ്യനിയന്ത്രണത്തിൽ കൊണ്ടുവരുന്ന രീതിക്ക് പാശ്ചാത്യനാടുകളിൽ പ്രിയം വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലാത്താണു ഇന്ത്യയിൽ എല്ലാ മേഖലയിലും വിപണിയെ കയറൂരി വിടുന്നത്.
   രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോൾ വിലനിയന്ത്രിക്കുന്നതിൽ സർക്കാരിനുണ്ടായിരുന്ന നിയന്ത്രണാധികാരം പൂർണ്ണമായി എടുത്തുകളഞ്ഞപ്പോൾ മന്മോഹൻ സിംഗ് പ്രഖ്യാപിക്കുകയുണ്ടായി പെട്രോളിന്റെ വിലവിപണി നിശ്ചയിക്കട്ടെ എന്ന്. അതിൻ പ്രകാരം ഡീസൽ വില നിയന്ത്രണം കൂടി എടുത്തു കളയാൻ യുപിഎ സർക്കാർ തീരുമാനിച്ചതാണു. എന്നാൽ കോൺഗ്രസ്സ് നേതൃത്വവുംമറ്റും ഇടപെട്ട് ആ തീരുമാനം പിൻവലിക്കുകയാണുണ്ടായത്. ഇപ്പോൾ അംബാനി ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനായി മോദി സർക്കാർ ഡീസൽ വില നിയന്ത്രണം പൂർണ്ണമായി എടുത്തു കളയുകയാണു. അറബ് ലോകത്തെ യുദ്ധാന്തരീക്ഷം കൂടുതൽ വഷളായാൽ, ലോകവിപണിയിൽ എണ്ണയുടെ വില വർദ്ധിച്ചാൽ ഇന്ത്യയിൽ ജനജീവിതം ദുസ്സഹമാകുവാൻ പോവുകയാണു. എണ്ണവില നിർണ്ണയത്തിൽ സർക്കാരിനു യാതൊരു പങ്കുമില്ലാതെ വരുന്നതോടെ സ്ഥിതി ഗുരുതരമാകുമെന്ന് ഉറപ്പാണു.

Comments

comments