ലവും ഊർജവും (water and energy) ഇതാണ് കടന്ന് പോയ മാർച്ച് 22-  ജലദിനാചരണ വിഷയം. ജലവും ഊർജവും തമ്മിലുള്ള ബന്ധം അഭേദ്യമാണെന്ന ഓർമ്മപ്പെടുത്തലാണ് ഇത് . ഊർജോല്പാദനത്തിനു ജലം ഉപയോഗിക്കുന്നതു പോലെ ജലശുദ്ധീകരണമടക്കമുള്ള പ്രക്രിയകൾക്ക് ഊർജവും ആവശ്യമാണല്ലോ. വൈദ്യുതോല്പാദന രംഗത്തെ ഏറ്റവും പ്രധാന പുനരുപയോഗ ഊർജസ്രോതസ്സാണ് ജലത്തെ ആശ്രയിച്ചുള്ള പദ്ധതികൾ . ലോകത്തിലെ ആകെ വൈദ്യുതോല്പാദനത്തിൽ 16 ശതമാനത്തോളം ജലവൈദ്യുതിയുടെ സംഭാവനയാണ്. ജലവൈദ്യുതോല്പാദനം, താപവൈദ്യുത നിലയങ്ങളിലെ ശീതീകരണം, ആണവ നിലയങ്ങൾ, ധാതുക്കളുടെ ഖനനവും വേർതിരിക്കലും ഫോസ്സിൽ ഇന്ധനങ്ങളുടെയും ഫോസ്സിൽ ഇതര ഇന്ധനങ്ങളുടെയും ഉല്പാദനം , എന്നിവയ്ക്കെല്ലാം ജലം ആവശ്യമാണ്. പുതിയ ഹരിത ഇന്ധന പ്രതീക്ഷയായ ഹൈഡ്രജന്റെ പ്രധാന സ്രോതസ്സും ജലം തന്നെജലസംഭരണം , ഭൂഗർഭ ജലം പമ്പ് ചെയ്യൽ, ജലശുദ്ധീകരണം, സമുദ്രജലത്തിൽ നിന്നും ഉപ്പ് നീക്കം ചെയ്യൽ, ജലവിതരണം, ഉപയോഗം, ജലഗതാഗതം എന്നിവയ്ക്കെല്ലാം ഊർജം കൂടിയേ തീരൂ. മലിനീകരണമുണ്ടാക്കാത്ത ഊർജോല്പാദന മാർഗ്ഗമെന്ന നിലയിൽ ജലവൈദ്യുത പദ്ധതികൾക്ക് സ്വീകാര്യതയുണ്ട്. വൻകിട അണക്കെട്ടുകൾ ഉയർത്തുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ചില്ലറയല്ല എന്നതും സൗകര്യപൂർവം മറക്കേണ്ട. അതുകൊണ്ടു തന്നെ ചെറുകിട ജലവൈദ്യുത പദ്ധതികളാണ് (മൈക്രോ, മിനി ജലവൈദ്യുത പദ്ധതികൾ) അഭികാമ്യം.

വേണം സുസ്ഥിര വിനിയോഗം:

കടുത്ത ഊർജപ്രതിസന്ധിയുടെ നിഴലിലാണ് ലോകം. ജനപ്പെരുപ്പവും നഗരവൽക്കരണവുമൊക്കെ ഊർജാവശ്യം വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ജലസ്രോതസ്സുകൾക്കായും മറ്റ് ഊർജസ്രോതസ്സുകൾക്കായും യുദ്ധങ്ങളുണ്ടായാലും അത്ഭുതപ്പെടാനില്ല. ലോകമാകമാനം 140 കോടിയോളം ജനങ്ങൾക്ക് ഈ നൂറ്റാണ്ടിലും വൈദ്യുതി ലഭ്യമായിട്ടില്ല എന്നറിയുമ്പോൾ ഇനി പോകാനുള്ള വൈദ്യുതദൂരം മനസിലാകും. കടുത്ത ഊർജക്ഷാമം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. വരും ദശകങ്ങളിൽ ഇന്ത്യയുടെയും ചൈനയുടെയുമൊക്കെ ഊർജാവശ്യം കുതിച്ചുയരുമെന്നും വികസ്വരരാജ്യങ്ങളിൽ ഊർജാവശ്യവും ജലസ്രോതസ്സുകളും തമ്മിലുള്ള അനുപാതം താളം തെറ്റുമെന്നും ഐക്യരാഷ്ട്ര സഭയുടെ വേൾഡ് വാട്ടർ ഡവലപ്മെന്റ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ജലസ്രോതസ്സുകളുടെ സുസ്ഥിര വിനിയോഗത്തിന്റെയും സംരക്ഷണത്തിന്റെയും ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ഇല്ലൊരു തുള്ളിയും പാഴാക്കാൻ:

പാഴാക്കാൻ ഇല്ലൊരു തുള്ളിയും എന്ന ഓർമ്മപ്പെടുത്തലുമായാണ് ഒരോ ജലപ്രതിസന്ധിയും നമ്മെ കൊണ്ടെത്തിക്കുന്നത്. ഭൗമോപരിതലത്തിൽ എഴുപതു ശതമാനത്തിലധികം ജലമാണെങ്കിലും കേവലം ഇതിന്റെ 2.5 ശതമാനം മാത്രമാണ് ശുദ്ധജലം. ഇതിൽത്തന്നെ നമുക്ക് ലഭ്യമാവുന്നത് വളരെച്ചെറിയൊരു ശതമാനം മാത്രം. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനങ്ങളും ഉരുകിത്തീരുന്ന മഞ്ഞുപാളികളും രൂക്ഷമായ മലിനീകരണവും അമിത ജലചൂഷണവും അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളും വനങ്ങൾ ,കണ്ടൽക്കാടുകൾ, ചതുപ്പു നിലങ്ങൾ, കുന്നുകൾ, പാടങ്ങൾ, കാവുകൾ, കുളങ്ങൾ തുടങ്ങിയവയുടെ നാശവും ഒക്കെച്ചേർന്ന് ജലസ്രോതസ്സുകൾക്ക് ചരമഗീതം രചിച്ചുകൊണ്ടിരിക്കുന്നു. യു.എൻ കണക്കനുസരിച്ച് ഇന്നു ലോകത്ത് 120 കോടി മനുഷ്യർക്ക് ശുദ്ധജലം ലഭ്യമാവുന്നില്ല. വീട്ടിൽ, ഓഫീസിൽ വെള്ളം പാഴാക്കുമ്പോൾ ഇക്കാര്യങ്ങൾ ആരെങ്കിലും ഓർക്കാറുണ്ടോ? 44 നദികളും രണ്ടു കാലവർഷവുമുള്ള കേരളത്തിൽ പോലും വേനലിൽ ടാങ്കർ ലോറികളിൽ കൊണ്ടു വരുന്ന വെള്ളത്തിനായി ക്യൂ നിൽക്കേണ്ട അവസ്ഥ!

ജലമില്ലെങ്കിൽ ജീവനുമില്ല. അതുകൊണ്ടു തന്നെയാണ് അന്യഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലുമൊക്കെ ജീവൻ തിരയുമ്പോഴും മനുഷ്യവാസത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ തിരയുമ്പോഴും ജലസാന്നിധ്യ പരിശോധനയ്ക്ക് പ്രാമുഖ്യം നൽകുന്നത്. ചന്ദ്രൻ, ചൊവ്വ, യൂറോപ്പ എന്നിവയിലെയൊക്കെ പര്യവേക്ഷണ വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ഭൂമി പോലെ ജല സമൃദ്ധമായ ഒരു ഗ്രഹം ഈ മഹാപ്രപഞ്ചത്തിന്റെ ഏതെങ്കിലുമൊരു കോണിലുണ്ടെങ്കിൽ? ഒന്നു സങ്കല്പിച്ചു നോക്കൂ.

Comments

comments