കൊടുക്കും തോറുമേറിടുംഎന്നതാണ് വിദ്യയെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാട്. വിദ്യ അർത്ഥിക്കുന്നവന്, അവൻ അത് ഉൾക്കൊള്ളാൻ കഴിവുള്ള പാത്രമാണ് എന്നു ബോധ്യപ്പെട്ടാൽ ഗുരു വിദ്യാദാനം നിർവ്വഹിക്കുന്നു. ദാനത്തിനർഹനാണോ എന്നു നിശ്ചയിക്കുന്നതിനും കുലവും ജാതിയും മുതൽ ബൌദ്ധികനിലവാരം വരെ പല ഘടകങ്ങൾ മാനദണ്ഡമായിരുന്നു. സമൂഹഘടനയിലും സാമൂഹ്യബന്ധങ്ങളിലും ലോകത്താകെ പൊതുവിൽ വന്ന മാറ്റങ്ങൾ വിദ്യയുടെ അർഹത നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളെ പൊളിച്ചെഴുതി. വിശിഷ്യ, കേരളസമൂഹത്തിൽ ഈ മാറ്റം ഏറെ പ്രകടവും ആഴത്തിലുള്ളതുമായിരുന്നു. പോരായ്മകളും പിന്നോട്ടടികളും ഏറെയുണ്ടെങ്കിലും. സമൂഹബന്ധങ്ങളിൽ വന്ന മാറ്റം സമൂഹത്തിന്റെ ആവശ്യങ്ങളേയും മാറ്റിമറിക്കുക സ്വാഭാവികമാണ്. സമൂഹത്തിന്റെ പുതിയ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്ന മനുഷ്യരെ സൃഷ്ടിക്കുക എന്നത് അതുകൊണ്ടുതന്നെ വിദ്യാഭ്യാസപ്രക്രിയയുടെ ഉത്തരവാദിത്തമായി. പഠനബോധനപ്രക്രിയയേക്കുറിച്ച് ഏറെ ആഴത്തിലുള്ള പഠനങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽനടന്നു.

ഈ പഠനങ്ങൾ വിദ്യാഭ്യാസത്തേക്കുറിച്ചുള്ള അടിസ്ഥാനാശയങ്ങളിൽ വരെ കാതലായ മാറ്റങ്ങൾക്കു കാരണമായി. വിദ്യ കൊടുക്കുക – സ്വീകരിക്കുക എന്ന രീതിയിൽ പരിചരിക്കുന്ന പഠനപ്രക്രിയയെ ജ്ഞാനനിർമ്മിതി എന്ന പുതിയ നിലപാടിൽ നോക്കിക്കാണാൻ തുടങ്ങി. കേവലമായ ആവർത്തനം കൊണ്ട് ഗുരുവിൽ നിന്നു ലഭിച്ച അറിവിനെ ഉറപ്പിക്കുക എന്ന യാന്ത്രികപ്രക്രിയക്കു പകരം, അർത്ഥപൂർണ്ണമായ പുനരുപയോഗത്തിലൂടെ അറിവിന്റെ പുതിയ തലങ്ങൾ സൃഷ്ടിച്ചെടുക്കുക എന്ന നിലയിൽ ബോധനസങ്കൽപ്പം തന്നെ പുനർനിർണ്ണയിക്കപ്പെട്ടു. ഗുരുവും ശിഷ്യനും തമ്മിലുള്ള ഒരു വ്യവഹാരമായി അറിവിന്റെ ഉൽപ്പാദനത്തെ പരിഗണിച്ചു. ജ്ഞാനനിർമ്മിതിയുമായി ബന്ധപ്പെട്ട മാനസികപ്രക്രിയകളെ സൂക്ഷ്മനാഡീകോശബന്ധങ്ങളുടെ വലക്കണ്ണികളുടെ കൂട്ടിച്ചേർക്കലെന്ന നിലയിൽ പരിഗണിക്കുന്ന നാഡീമനഃശാസ്ത്രം തന്നെ രൂപപ്പെട്ടു. ബുദ്ധി,വിവരങ്ങൾ എന്നിവ സൂക്ഷിച്ചുവെക്കുന്നതിനും ആവശ്യമായ സന്ദർഭത്തിൽ എടുത്തുപയോഗിക്കുന്നതിനുമുള്ള ഒരാളുടെ കഴിവ് എന്നതിനപ്പുറം വൈവിധ്യമാർന്ന തലങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ് എന്ന സങ്കൽപ്പം വികസിച്ചു. ഇങ്ങനെ പുതിയ ലോകക്രമം ആവശ്യപ്പെടുന്ന രീതിയിൽ ബോധനപ്രക്രിയയെ സംബന്ധിച്ചുള്ള നൂതനകാഴ്ച്ചപ്പാടുകൾ വികസിച്ചുവന്നപ്പോൾ സ്വാഭാവികമായും ഓരോ സമൂഹവും അവരുടെ ആവശ്യങ്ങൾക്കുതകും വിധം, ഈ ആശയങ്ങളെ പ്രാവർത്തികമാക്കാൻ ശ്രമിച്ചു. സ്വാഭാവികമായും പഠനാനുഭവങ്ങൾ പുനർനിർവ്വചിക്കപ്പെടുകയും ചെയ്തു. നടപ്പാക്കിയവരുടെ വർഗ്ഗതാൽപ്പര്യങ്ങൾ ഇവയിൽ ഉള്ളടങ്ങിയിട്ടുണ്ടെങ്കിൽപ്പോലും, വിദ്യാർത്ഥിയെ സംബന്ധിച്ചുള്ള നവീനധാരണകൾ അംഗീകരിക്കുന്നു എന്നതുകൊണ്ടുതന്നെ ഇവ പുരോഗമനാത്മകമാണ് എന്നു വിലയിരുത്താം. ആധുനിക ബോധനശാസ്ത്രചിന്തകളുടെ അടിസ്ഥാനത്തിൽ കഥകളിക്കളരിയെ നോക്കിക്കാണാൻ മാത്രം ശ്രമങ്ങൾ നടന്നുമില്ല.
എല്ലാ ക്ലാസിക്കൽ കലാരൂപങ്ങൾക്കുമെന്ന പോലെ, കഥകളിക്കും നിയതമായ ഒരു അഭ്യാസപദ്ധതിയുണ്ട്. ഈ പദ്ധതി രൂപം കൊണ്ടതാവട്ടെ ഒരുപക്ഷേ, കഥകളി ഇന്നത്തെ നിലയിൽ വളർന്നു വികസിക്കുന്നതിനും മുമ്പുമുതൽക്കുള്ള നിരന്തരാനുഭവങ്ങളുടെ ക്രമികമായ സ്വാംശീകരണത്തിലൂടെയാണ്. എന്നാൽ ഇരുനൂറോ ഇരുനൂറ്റമ്പതോ വർഷങ്ങൾക്കിടക്ക് ഈ പദ്ധതിയിൽ ചില കൂട്ടിച്ചേർക്കലുകളോ എടുത്തുമാറ്റലുകളോ വന്നതൊഴിച്ചാൽ കാര്യമായ പരിഷ്കരണം നടന്നിട്ടില്ലെന്ന് കാണാൻ കഴിയും. കേരളസമൂഹം ഈ കാലയളവിൽ താണ്ടിയ മാറ്റത്തിന്റെ വഴി എത്ര ദീർഘമാണ്!
കഥകളി പാഠശാലകൾ കളരികളാണ്. നമ്മുടെ ആയോധനകലാപാരമ്പര്യത്തിൽ നിന്ന് കഥകളി എത്ര മാത്രം കടംകൊണ്ടിട്ടുണ്ട് എന്നതിന്റെ പ്രത്യക്ഷദൃഷ്ടാന്തം കൂടിയാണ് ഈ പേര്. പേര് അന്വർത്ഥമാക്കും വിധം ശരീരത്തെ ആയോധനമുറകൾക്ക് ഒരുക്കിയെടുക്കുന്നതിനു സമമായ പരിശീലനമാണ് കഥകളിക്കളരിയിൽ നടക്കുന്നത്. രണ്ടു വിഷയങ്ങൾ ഈ സന്ദർഭത്തിൽ പരിശോധിക്കേണ്ടതുണ്ട്.

ഒന്ന്: മെയ് വഴക്കം സിദ്ധിക്കുന്നതിനുള്ള ഉഴിച്ചിൽ അടക്കമുള്ള അഭ്യാസമുറകൾ ഇന്ന് നൽകുന്ന അളവിൽ ഒരു കഥകളിവിദ്യാർത്ഥിക്ക് നൽകേണ്ടതുണ്ടോ? മുപ്പത് വയസ്സുപോലും തികയാത്ത, യുവതലമുറയിലെ നടന്മാരിൽ ചിലർ, വിട്ടുമാറാത്ത നടുവേദന, കാൽകഴപ്പ്, മുട്ടുവേദന തുടങ്ങിയ ശാരീരികപ്രശ്നങ്ങളുമായി ചികിത്സകരെ തേടിപ്പോകുന്നതായി അറിയുമ്പോൾ ഈ ചോദ്യം ഒന്നുകൂടി പ്രസക്തമാകുന്നു. തന്റെ ശിഷ്യരുടെ ശരീരത്തിന്റെ ഏതുഭാഗത്തിനാണു കോട്ടം എന്ന് തനിക്കേ മനസ്സിലാവൂ എന്നതു കൊണ്ട്ഉഴിച്ചിൽ ഗുരുനാഥൻ നേരിട്ടു നടത്തേണ്ടതാണെന്ന ശാഠ്യം നാട്യാചാര്യൻ രാവുണ്ണിമേനോനുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. എത്ര ക്ഷീണിച്ചാലും മുഴുവൻ ശിഷ്യരേയും അദ്ദേഹം നേരിട്ടുതന്നെ ഉഴിഞ്ഞിരുന്നുവത്രേ. ഓരോ വിദ്യാർത്ഥിയുടേയും കോട്ടം തിരിച്ചറിഞ്ഞ് മെയ്യുറപ്പടവുകളിൽ പ്രത്യേകം ക്രമങ്ങൾ ഓരോ ശിഷ്യർക്കും നിർണ്ണയിച്ചിരുന്നു, കീഴ്പ്പടം കുമാരൻ നായർ.

ശ്രദ്ധയും അവധാനതയും കണക്കറ്റു കുറഞ്ഞ ആധുനിക കളരികളിൽ പക്ഷേ, ശാരീരികപീഡകൾക്കു മാത്രം സാരമായ ഒരു കുറവും സംഭവിച്ചില്ല എന്നതാണത്ഭുതം. ഉഴിച്ചിൽകളരികളുടെ സമീപത്തുകൂടി വെളുപ്പാൻകാലത്ത് ഒന്നു നടന്നു നോക്കിയാൽ കഠിനമായ വേദനകൊണ്ടു പുളയുന്ന വിദ്യാർത്ഥികളുടെ ഉച്ചത്തിലുള്ള നിലവിളി കേൾക്കാം. മറ്റൊന്ന്: ഈ മെയ് വഴക്കം സിദ്ധിക്കുന്നതിന് കൂടുതൽ ശാസ്ത്രീയമായ പദ്ധതി ആവിഷ്കരിക്കാൻ കഴിയുകയില്ലേ? മെയ് വഴക്കം സിദ്ധിക്കണമെങ്കിൽ ഈ കഠിനവേദന സഹിക്കണമെന്ന് തീർച്ചയാണോ? ശരീരാംഗങ്ങൾക്ക് ഏതു രീതിയിലും ചലിക്കാനുള്ള മെയ് വഴക്കം യോഗയിലെ പല ആസനങ്ങൾക്കും ആവശ്യമാണ്.
രണ്ടും, നാലും തെരികകൾ കാൽമുട്ടിനടിയിൽ വെച്ച് അര നിലത്തേക്ക് ചവിട്ടിയമർത്തുന്ന പ്രാകൃതമായ അഭ്യസനം യോഗാചാര്യന്മാർക്ക് സ്വീകാര്യമാവുകയില്ല എന്നു തീർച്ച. ശാരീരികചലനങ്ങളുടെ ഭംഗി അനിവാര്യമായ വേറെയും കലാരൂപങ്ങളുണ്ടല്ലോ. അവിടെയൊന്നും ഇത്തരമൊരുഴിച്ചിൽ കാണുന്നുമില്ല. ഇത്ര കഠിനമായ പീഢകൾ അനുഭവിച്ച് സുസജ്ജമാക്കിയ ശരീരത്തിന്റെ അനായാസത അരങ്ങുക്രിയകളിൽ വേണ്ടത്ര പ്രതിഫലിക്കുന്നുമില്ലല്ലോ. ചുഴിച്ചുചാടി ഒരു മുദ്ര കാണിക്കുമ്പോൾ അവതരിപ്പിക്കുന്ന മുദ്രയുടെ മുന്നൊരുക്കമായി നിർവ്വഹിക്കപ്പെടുന്ന ഈചുഴിക്കലും ചാടലും ആ മുദ്രയുടെ അനുപേക്ഷണീയമായ ഭാഗമാണെന്നു കൂടി തിരിച്ചറിയപ്പെടാതെ പോവുകയാണ്. ഈ മെയ് വഴക്കത്തെ സൌന്ദര്യാത്മകമായി വിനിയോഗിക്കാൻ അറിയാത്തിടത്തോളം ഈ വഴക്കം നിരർത്ഥകം തന്നെയെന്നു തീർച്ച. ചുമർക്കിടലും, കൈകാലുകൾ കൂട്ടിക്കെട്ടി മുളയിൽ തൂക്കിയിടലും മറ്റും അടുത്തകാലത്ത് വേണ്ടെന്നുവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വെട്ടിച്ചുരുക്കൽ പോലും കൃത്യമായ ലക്ഷ്യബോധത്തോടെ നിറവേറ്റപ്പെട്ടതല്ല. സമയം ലാഭിക്കാനായി അദ്ധ്യാപകർ വരുത്തിയ പരിഷ്കാരങ്ങളിൽ ചിലതാണെന്നാണു കേൾവി. കഥകളി പഠിക്കാൻ വേണ്ടി പല സ്വപ്നങ്ങളും നെഞ്ചിലേറ്റി സ്ഥാപനങ്ങളിലെത്തുന്ന വിദ്യാർത്ഥികളിൽ പലരും പഠനം അവസാനിപ്പിക്കുന്നത് ഉഴിച്ചിൽ തുടങ്ങുന്നതോടെയാണെന്നത് പ്രത്യക്ഷമായ യാഥാർത്ഥ്യമാണ്. സ്വന്തം ശരീരത്തേയും അവയവങ്ങളേയും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നാഡീശാസ്ത്രപരമായ കണ്ടെത്തലുകൾ കൂടി പരിഗണിച്ചുകൊണ്ടേ ഈ പ്രശ്നങ്ങളെ സമീപിക്കാൻ കഴിയൂ.

ഓരോ വ്യക്തിക്കും സ്വന്തം ശാരീരികചലനങ്ങൾ, സമനില പാലിക്കൽ, വേഗ-ഗമനശേഷി എന്നിവയിൽ ചില നിയന്ത്രണങ്ങളുണ്ട്. സഹജമായ അവബോധത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പുതിയ ഭൌതികസാഹചര്യങ്ങൾക്കിണങ്ങും വിധം ശാരീരികചലനപരമായി ഓരോരുത്തരും പ്രതികരിക്കുന്നത്. ശാരീരികചലനങ്ങൾ നിർണ്ണയിക്കുന്നത് തികച്ചും ബുദ്ധിപരമായ കഴിവാണ്. ആധുനിക ബോധനശാസ്ത്രത്തെ ഏറെ സ്വാധീനിച്ച ഹവാർഡ് ഹാർഡനറുടെ ഈ നിരീക്ഷണം ഇവിടെ പ്രസക്തമായി വരുന്നു. ചിലർക്ക് എത്ര നിഷ്കർഷിച്ച്ആവർത്തിച്ചു ചവിട്ടിയുഴിഞ്ഞാലും കൈമുട്ടുകൾ ചുമലിനു മീതെ ഉയർന്നുനിൽക്കാത്തതിന്റേയും, എത്ര ആവർത്തിച്ചു പരിശീലിച്ചാലും ചുഴിച്ചുചാടിയോ, കെട്ടിച്ചാടിയോ കാണിക്കുന്ന മുദ്രകൾക്ക് ഭംഗി വരാത്തതിന്റേയും ഒക്കെ കാരണം ഈ പശ്ചാത്തലത്തിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ ശാരീരികചനങ്ങളെക്കുറിച്ച് സഹജാവബോധമുള്ളവരെ, അതായത് ശാരീരിക ചലനപരമായബുദ്ധി (Bodily Kinesthetic Intelligence)യിൽ ഉയർന്നു നിൽക്കുന്നവരെ തിരഞ്ഞെടുക്കുക എന്നതു മുതൽ പ്രാധാന്യമർഹിക്കുന്നതായി വരുന്നു. ഇതിനർത്ഥം നിലവിലുള്ള മെയ്യഭ്യാസങ്ങളെ പൂർണ്ണമായി നിരാകരിക്കുകയല്ല എന്നും പറയട്ടെ.

പരമ്പരാഗത കളരിസമ്പ്രദായത്തിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരു കാര്യം, താൻ ചെയ്യുന്ന പ്രവർത്തിയുടെ കലാപരമായ സാധ്യതയാണ്. ഉദാഹരണത്തിന്, ഹംസപക്ഷത്തിൽ നെറ്റിയിൽ നിന്നു തുടങ്ങി കൈകൾ രണ്ടു പുറത്തേക്കുമായി അർദ്ധചന്ദ്രത്തിൽ അവസാനിച്ചാൽ എന്ത്എന്നായി. മാറത്തുനിന്നു തുടങ്ങിയാലും എന്ത് എന്നു തന്നെ. മാറിനുനേരെ നിന്നു തുടങ്ങി, മുന്നോട്ടു നേരെ നീട്ടി, അർദ്ധചന്ദ്രത്തിൽ കലാശിച്ചാലും എന്ത് എന്നു തന്നെ. ഈ എന്തുകൾക്കെല്ലാം ഒരേ അർത്ഥമല്ലെന്നും, വിവിധ സന്ദർഭങ്ങളിൽ വിവിധ എന്തുകളാണ് ഉപയോഗിക്കേണ്ടത് എന്നും അറിയുന്ന ഒരു കഥകളിനടൻ ഇന്ന സന്ദർഭത്തിൽ ഇന്നഎന്ത് എന്തുകൊണ്ടു കാണിക്കുന്നു എന്നു ചോദിച്ചാൽ, കളരിയിൽ പരിശീലിച്ചതങ്ങനെയാണ്എന്ന മറുപടിയിൽ മാത്രം തിരിച്ചെത്തുന്നു. അതായത്, അർത്ഥമറിയാതെ യാന്ത്രികമായി ആചരിക്കപ്പെടുന്ന ക്രിയകളായി കഥകളിയുടെ ഊട്ടിമിനുക്കിയ ചിട്ടകൾ ഇവരുടെ കൈകളിൽ തരംതാഴ്ത്തപ്പെടുന്നു എന്നർത്ഥം. ഇതു പരിഹരിക്കപ്പെടാൻ കഴിയും വിധം ഈ ക്ലാസിക്കൽ കല അതിനു മുമ്പുള്ള നാടോടിപാരമ്പര്യത്തെ എങ്ങനെയെല്ലാമാണ് അംഗീകൃതമായി പുതുക്കിപ്പണിതത് എന്ന്തിരിച്ചറിയാൻ അവസരം പഠിതാവിനു ലഭിക്കണം. മറ്റ് ശാസ്ത്രീയകലകളേയോ, നാടോടികലകളേയോ ആധുനിക കലാരൂപങ്ങളേയോ അടുത്തറിയാനും, താൻ കൈകാര്യം ചെയ്യുന്ന കലാരൂപത്തിന്റെ സ്വത്വത്തെ ഇവയുമായി താരതമ്യം ചെയ്യാനും ആ സ്വത്വത്തിന് കോട്ടം വരാത്ത വിധം മറ്റുള്ളവയിൽ നിന്ന് ചിലതെല്ലാം സ്വാംശീകരിക്കാനുമുള്ള അവസരം ഒരു കഥകളി വിദ്യാർത്ഥിക്ക് വേണ്ടത്ര ലഭിക്കുന്നില്ല.

കലാമണ്ഡലം  രാമൻകുട്ടിനായരാശാൻ തന്റെ ഗുരുകുല കാലത്തേപ്പറ്റി ഓർക്കുന്നതിങ്ങനെയാണ്:
രാവുണ്ണിമേനോൻ ആശാന്റെ നിഷ്കർഷകൾ കഠിനമായിരുന്നു. രാവിലെ കുളിച്ച് ഭസ്മം തൊട്ട്അമ്പലത്തിൽ പോയി തൊഴണം, സുഖമുണ്ടായാലും ഇല്ലെങ്കിലും. മുടിചീകരുത്, കുടുമവേണം, രാവിലെ കഞ്ഞികുടിച്ചുകൊള്ളണം, സിനിമ, നാടകം, ഡാൻസ് എന്നിവ കാണുന്നതിനേപ്പറ്റി ചിന്തിക്കാനേ പാടില്ല.
അന്യകലാരൂപങ്ങളേക്കുറിച്ച് കഥകളി ആചാര്യന്മാരുടെ കാഴ്ച്ചപ്പാട് ഇന്നും ഏറെക്കുറെ ഇതുതന്നെയാണ്. ഇന്നത്തെ കുട്ടികൾ സിനിമ കാണുന്നുണ്ടാവാം, നാടകമോ നൃത്തങ്ങളോ ആസ്വദിക്കുന്നുണ്ടാവാം. എന്നാൽ അവയിലെ ഏതെങ്കിലും സൂക്ഷ്മമോ സ്ഥൂലമോ ആയ സങ്കേതങ്ങൾ പൂർണ്ണമോ ഭാഗികമോ ആയി തന്റെ കലയിൽ ഉപയോഗപ്പെടുത്തുന്നതിനേപ്പറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നും തന്നെ ഇന്നും അവരുടെ അഭ്യാസപദ്ധതിയിൽ ഇല്ല. എന്നാൽ, നാടകകലയുടെ നിത്യനൂതനമായ സങ്കേതങ്ങൾ വളർത്തിയെടുത്ത കഥകളിയിൽ നിന്ന് അന്യകലാരൂപങ്ങൾ എന്തെല്ലാം കടംകൊള്ളുന്നു! കാലോചിതമായ പരിഷ്കാരം എന്നത് കഥകളിയെ കഥകളിയല്ലാതാക്കും വിധമുള്ള, ചിട്ടകളിൽ നിന്നുള്ള പിൻമടങ്ങലല്ല എന്നും, ആധുനിക കലാസമൂഹം ആർജ്ജിച്ചിട്ടുള്ള കലാപരമായ ഉൾക്കാഴ്ച്ചകളുടെ വിവേകപൂർണ്ണമായ ഉപയോഗപ്പെടുത്തലാണെന്നും തിരിച്ചറിയാനാവശ്യമായ പാഠങ്ങൾ അഭ്യസനകാലത്തു തന്നെ ഓരോ കഥകളി വിദ്യാർത്ഥിക്കും ലഭിക്കണം. ഇതില്ലാത്തതു കൊണ്ടാണ് ഒരു മഹാനടൻ വാഴുന്നെങ്ങിനെ വിപിനേഎന്നഭിനയിച്ചപ്പോൾ പന്തൽക്കാലിന്മേൽ രണ്ടുകൈയ്യും കെട്ടിവെച്ചുനിന്ന് തലകുനിച്ച് കെഞ്ചിക്കെഞ്ചിക്കരഞ്ഞു എന്ന് കുമ്മിണിമാസ്റ്റർക്ക് വിലപിക്കേണ്ടി വന്നത്.

പത്തെഴുപത് വർഷങ്ങൾക്കു മുമ്പ് രാവുണ്ണിമേനോന്റെ കളരിയിലേക്ക് ഒറ്റമുണ്ടുടുത്ത് കയറിവന്ന രാമൻകുട്ടിയല്ല ഇന്ന് കലാമണ്ഡലത്തിൽ കഥകളി പഠിക്കാൻ വരുന്ന കുട്ടി. അവന്റെ ജീവിതാനുഭവങ്ങളിൽ, കാഴ്ച്ചപ്പാടിൽ, ആഗ്രഹങ്ങളിൽ, ലോകത്തേക്കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ എല്ലാം വന്ന മാറ്റം അത്ര വലുതാണ്. അതുകൊണ്ടു തന്നെ, രാവുണ്ണിമേനോനാശാൻ ചെയ്തത് അതു പോലെ (അതുപോലെ ചെയ്യാൻ അദ്ദേഹം തന്നെ വിചാരിച്ചാലും ഇന്ന് കഴിയുകയില്ല) ആവർത്തിക്കാൻ ശ്രമിക്കുന്നത് മൌഢ്യമാണ്. കഥകളിയുടെ സ്വത്വം നിറഞ്ഞ ചിട്ടകൾ പരിരക്ഷിക്കപ്പെടുക തന്നെ വേണം. എന്നാൽ ചിട്ടകൾ ഒരിക്കലും മുന്നോട്ടുള്ള പോക്കിന് വിഘാതമായിക്കൂടാ. അതിനാൽ, മുൻപൊരു ലേഖനത്തിൽ ഡോ.പി.കെ.വാര്യർ സൂചിപ്പിച്ചതു പോലെ, കഥകളി മുഖ്യമായി അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങൾ പാഠ്യപദ്ധതിയിൽ കാലോചിതമായ മാറ്റം വരുത്തുക, അതിനു പാകത്തിൽ സമയം ക്രമപ്പെടുത്തുക, പാഠ്യവിഷയങ്ങൾക്ക് സഹോദരസ്ഥാപനങ്ങളിൽ ഐക്യരൂപ്യം വരുത്തുക, ഒരു പൊതുമാനദണ്ഡം വെച്ച് പരീക്ഷകൾ നടത്തുക എന്ന വഴിയിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ ചിന്തയാകട്ടെ, കഥകളിയഭ്യസിപ്പിക്കുന്ന വിചക്ഷണരും മനഃശാസ്ത്രജ്ഞരും മറ്റ് കലാമേഖലകളിൽ പ്രവർത്തിക്കുന്നവരുമെല്ലാം ഒത്തുചേർന്ന് നടത്തേണ്ട ഒരു സാമൂഹ്യപ്രക്രിയയാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.
കേരള കലാമണ്ഡലത്തിന്റേയും മറ്റ് സ്ഥാപനങ്ങളുടേയും എല്ലാം കൂട്ടായ പരിശ്രമം ഈ ദിശയിൽ ഉണ്ടായാൽ മാത്രമേ പോയ തലമുറ നമുക്കായി തിരനീക്കിയ ഉജ്ജ്വലമായ കളിയരങ്ങുകളെ നമുക്ക് തിരിച്ചുപിടിക്കാൻ കഴിയൂ.

Comments

comments