ഴിഞ്ഞദിവസം മുതൽ,
കുത്തനിറക്കം കയറുകയാണ് രാത്രി.

ഉറക്കം ഭാരിച്ചുതൂങ്ങിയൊരാൾ
നിൽപ്പുതുടങ്ങിയതാണതു മുതൽ.

പതിവുപോലെയല്ലെങ്കിലും കണ്ണാടി
അതിൽ നീന്തിയുലയുന്നു പൊട്ടുകൾ.

ഏറെക്കാലം അടച്ചിട്ടതിനാൽ,
ഇപ്പോൾ താടി നരച്ചെന്നു തോന്നുന്നു.
മുൻനിര മുടിയെല്ലാം കൊഴിഞ്ഞെന്നും,
മൂക്കിനു തൊട്ടുതാഴെ മറുക് മാഞ്ഞുവെന്നും,
പതിവുപോലെയല്ലെങ്കിലും,
ഇങ്ങനെ തോന്നിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

തെളിഞ്ഞ് തെളിഞ്ഞ്
തെളിനീരുറവ പോലെ
ചുവരിൽ ഒരു പുതിയ കണ്ണാടി വേണ്ടേ..

ഏറെക്കാലം അടച്ചിട്ട വീട്
അതിന്റെ പുതിയ ആവശ്യങ്ങൾ
അവതരിപ്പിച്ചു തുടങ്ങി.
പിന്നെയും മടുപ്പിച്ചു തുടങ്ങി.

പതിവു കണ്ണാടി
മാറ്റണമെന്ന ആവശ്യത്തോട് നൽകേണ്ട
പരിഗണന, അവഗണന.
ഇതേക്കുറിച്ചോർത്ത്,
ഇന്നത്തെ അവസാനത്തെ വൈകുന്നേരവും
പിന്നിടുകയാണ്.

ചുവരിൽ മറ്റൊരു കുളം ഏതായാലും ആവശ്യമില്ല.
നീയ്യില്ലെങ്കിലും നിന്റെയോർമ്മയായ്,
പഴയതെല്ലാം തൂങ്ങിക്കിടക്കട്ടെ അവിടവിടെ.

ആ ദിവസം പോലും
മാറാതെ മറിക്കാതെ
ഊറിയൂറി അതിനെതിരെ കിടക്കുന്നു.

ഒരുമിച്ച് പല്ലുതേക്കുന്ന ഓർമ്മ.
അതിന്റെ വെളുപ്പുകൾ.
പറ്റിക്കിടക്കുന്ന,

ചുവന്ന ചേമ്പിലകൾ പോലെ,
വലിയ പൊട്ടുകൾ.
ഒടുവിലൊടുവിലായ്,
എന്തിത്ര വലിയ പൊട്ടുകൾ!
എന്നെത്ര ആശ്ചര്യമൊട്ടിച്ച
രാത്രികൾ..
അവിടെ വെറുതെ തൂങ്ങിക്കിടക്കട്ടെ.

നന്നായി തുടച്ചാൽ,
ഇനിയും നന്നായി തെളിയുമെങ്കിലും,
തെറ്റിദ്ധരിപ്പിക്കും പായലുകൾ.
അദൃശ്യമത്സ്യങ്ങൾ.
അതല്ലാതൊന്നും,
ഉപേക്ഷിക്കപ്പെട്ടതായും ഒന്നുമില്ല.
അതിന്റെയാഴങ്ങളോളം.

ഉപേക്ഷിച്ചതായ് തോന്നാത്തവയെ
തിരയുമ്പോൾ

നമ്മൾ മാത്രമേയളന്നുള്ളൂ..
അതിന്റെ ആഴമാഴമൊച്ചകൾ.
അതിനാൽ,
ഒരേയൊരസാന്നിദ്ധ്യമേ
അതിൽ പ്രതിബിംബമാകാനുള്ളൂ.

എന്റെയേകാന്തതയെ,
അനുവദിച്ചതുമുതൽക്കേ
ചെറിയ മാറ്റങ്ങൾ,
മാത്രമേയുള്ളൂ..
അതിലിത്രകാലം രൂപപ്പെടുത്തുവാൻ.

അലിഞ്ഞുചേരുവാനിനിയും,
ഒരൊറ്റയസാന്നിദ്ധ്യമാണ്
ഞാനെന്റെ നിൽപ്പിൽ.

നീ പോകുമ്പോഴാകെ കലങ്ങിയിരുന്നു,
കണ്ണുകൾ എന്നപോലെയെങ്കിലും
കലക്കമൊഴിഞ്ഞിട്ടില്ലിതിൽ.
മറച്ചുവെച്ചിരിക്കുന്നു എന്ന തോന്നലുപോലുമില്ലാതെ,
വെറുതെയിരിക്കുന്നേയില്ല.

ഞാനിതിൽ
ഉപരിതലത്തിൽ
ഇളകും പ്രാണികളേപ്പോൽ.

അതിനടിയിൽ
തെളിഞ്ഞുവരുന്നു.

രാത്രി
അതിലേക്കാരു നീന്തുവാൻ ചെല്ലുന്നെന്നോ..
നനഞ്ഞിറങ്ങി,
എന്റെ കിടപ്പുമുറിക്കരികിലൂടെ,
ആരെല്ലാം തിരിച്ചുപോകുന്നെന്നോ..
കാണുവാൻ,
ഏറെക്കാലം വീടടച്ചിടും മുൻപുവരെ,
ഞാനുറങ്ങാതെ കാത്തിരുന്നിട്ടില്ല.

പഴതിന്മേലല്പം പോലും,
പഴയതുപോലെയുമല്ല.
മുറിച്ചില്ലകളിൽ,
കനങ്ങൾ തൂങ്ങിക്കിടക്കുന്നേയില്ല.

അതിന്റെ,
ഒച്ചകൾ ഘനീഭവിച്ച ഇടനാഴികളിൽ
പൂച്ചകൾ പോലും പുതുക്കിയിട്ടില്ല.
അവരുടെ കാല്പാദങ്ങൾ.

വീടിന്റെ പനി വിടാതെയുണ്ട്,
ഉച്ചക്കുമുണ്ടാകുളിർ
നടുത്തിണ്ണയിൽ.

പച്ചപ്പായലുകൾ.
ചേമ്പിൻ തണ്ടുകൾ പോലെ,
മഞ്ഞച്ചേരകൾ.
അതിൽ നിന്ന് ശരീരത്തിലേക്കിറ്റുന്നു,
ആദ്യ ജലമണം.

ഉറക്കം എന്തൊരിറക്കം!
എന്തൊരു ചില്ലകൾ!
എന്തൊരു താഴ്വ്!
എന്തെല്ലാം വളർച്ച!
എന്തൊന്തെരാഴം!
എത്ര നിലവിടൽ!

വെട്ടാതെ വളർന്ന ചെമ്പരത്തിയുടെ,
ഇലകൾക്കിടയിൽ,
അന്തിപാർക്കാൻ വന്ന,
ഒരിലപോലെ ഒരു പക്ഷി.
ഒരു കാറ്റേറ്റിളകും പോലെ,
ഇലകൾക്കടിയിൽ ഉറങ്ങാനൊരുങ്ങുമ്പോൾ
എന്തൊരുമാർദ്ദവം അതിന്റെയിളക്കം!
രാത്രിയിലോളങ്ങളാകുമ്പോൾ.

കറുത്ത ജലോപരിതലത്തിൽ
ഒരുമീനിളകുന്നു.
ഓളങ്ങളാകുന്നു.

ഒരു കൊടുങ്കാറ്റു തിരിച്ചുപോകുന്നു.
തകർന്ന അകത്തളങ്ങളിൽ
നിന്ന്,
അതിന്റെ കുട്ടികൾ
തിരിച്ചുപോകുന്നു.
ഒടുവിലത്തെ നിന്റെ കൈപിടിച്ചിറങ്ങുന്നു.

പെരുമഴവിട്ട്
ആദ്യമോടിയെത്തുന്ന
മഴയിൽ,

രാത്രി പുറത്തിറങ്ങിയ ആരുടെ ഒച്ച-
കേട്ടുവെങ്കിലും,
അതേതൊരു സ്വപ്നത്തിന്റെ തുടർച്ചയെന്നു കരുതി
അവഗണിച്ചുറങ്ങാതെ നിൽക്കുമ്പോൾ,
മുടി ചീകിയൊതുക്കിക്കൊണ്ടിരിക്കുമ്പോ,

ഇപ്പോൾ..
ആരുടെയസാന്നിദ്ധ്യമാണ്
എല്ലായിവിടെയും
ഒളിച്ചുറങ്ങാൻ പോകുന്നത്.

തിരിച്ചെത്തിയ ദിവസം
നമ്മളുറങ്ങില്ല.

കാലങ്ങളുടെ വിടവ്
കാണ്ണാടിക്കുമിടയിൽ
സുതാര്യ നിശബ്ദതതയെ
അലിയിച്ചിടുന്നു.

പരസ്പരമറിയുന്ന
രഹസ്യം
ആദ്യമായ് രൂപപ്പെടും ഭാഷ.

അതിലെയാദ്യ സംഭാഷണം
നമ്മുക്കിടയിൽ.
ഒരോക്ഷരവും തിരിച്ചറിയുമ്പോൾ
നമ്മളാർത്തുചിരിക്കുന്നു.

അതിന്റെ ഒച്ചകൾ
ആർത്താർത്തുപെയ്യുന്ന
ഒരാൾക്കൂട്ടത്തിൽ
പാടിക്കൊണ്ടിരിക്കെ
അയാൾ വെടിയേറ്റുവീഴും കണക്കേ
ചില്ലകൾ താഴ്ന്ന് താഴ്ന്ന്
ഒരു മരം പോലെ
കണ്ണാടി വീഴുന്നു.

മുറിഞ്ഞു മുറിഞ്ഞുപോയ മേൽക്കൂരയിൽ.
എന്റെ മുഖം തെളിഞ്ഞു

അകറ്റേണ്ടതിനെ അകറ്റിയും
തകർത്തും
ഉടഞ്ഞുപോയതിന്റെ ചാരുത.

തലമുറകളോളം ഞാൻ മരവിച്ചു.
വൃദ്ധനായ ഒരു രോഗി,
ചെരിപ്പുകളെ എന്നപോലെ
ഞാനതിന്റെ നിശബ്ദതയെ തൊട്ടു.
മൂർച്ചകളിൽ പരതി.

ഇടക്കിടെ
മുങ്ങിക്കിടക്കും പക്ഷികൾ
ചിറകനക്കുമ്പോൾ
ഓളങ്ങൾ വെട്ടി
രാത്രി
വീടിനുപുറത്തെല്ലാം
തന്റെ നദിയിലാക്കി ഒഴുകി.

ഏറ്റവും വൈകി തിരിച്ചുവരുന്ന പക്ഷിയേപ്പോലെ
ഒഴുക്ക് കൂട്ടം തെറ്റിച്ച മീനെന്നപോലെയും
ഞാൻ പുറപ്പെടുന്നു.

ഏറെക്കാലം അടച്ചിട്ട വീട്ടിൽ നിന്ന്
ഒരു രാത്രി
മുൻപേപോലെയല്ലാതെ
തിരിച്ചിറങ്ങുന്നു.

വലിഞ്ഞുമുറുകുകയും
അഴിഞ്ഞിഴയുകയും ചെയ്യുന്ന
ഒരു പാമ്പിന്റെ ഉടൽ
തണുക്കുന്നു.

Comments

comments