പണ്ഡിതർ എന്ന വാക്കിനു കീഴിൽ പ്രതിഷ്ഠിക്കുന്ന കേരളീയ നാമങ്ങളേതൊക്കെയാണുള്ളത് എന്ന് അധികം ചിന്തിക്കാതെത്തന്നെ ഊഹിക്കാൻ സാധിക്കും.  ഇത്തരം വൈജ്ഞാനീക കാര്യങ്ങൾക്ക് കേരളീയ ബുദ്ധിജീവി സാംസ്‌കാരിക മണ്ഡലത്തിൽ ചില നടപ്പു രീതികളൊക്കെയുണ്ട്.  ചരിത്രപരമായി നോക്കിയാൽ സ്ത്രീക്ക് ആത്മാവും തലച്ചോറുമില്ലെന്ന മതാത്മക പാഠങ്ങളുടെ ശിലയിലാണ് ഇത്തരം സാംസ്‌ക്കാരിക ഗോപുരങ്ങൾ ഇന്നും ഏറെക്കുറെ എല്ലായിടത്തും കെട്ടിയിരിക്കുന്നതെന്നു കാണാം.  ശൂദ്രൻ അക്ഷരം പഠിക്കുന്നത് ജാതിപരമായി വിലക്കിയിരുന്ന വ്യവസ്ഥയുടെ മറപുറത്ത് സ്ത്രീക്കും ഇതൊക്കെ വിലക്കിയിരുന്നു. വീട്ടു ജോലിയും ഗാർഹിക പരിചര്യകളും ചെയ്യാനുള്ള ഒരു ശരീരത്തിന് വിദ്യനിഷിദ്ധമാണെന്നുള്ള കാഴ്ചപ്പാട് ആധുനികതയുടെ ഉച്ചാവസ്ഥയിലും കേരളീയ പാരമ്പര്യത്തിന്റെ അടിസ്ഥാനധാരയായിരുന്നു. ഇതിനെ കടപുഴക്കി എറിയാൻ കഴിയുന്ന സ്ത്രീകളുടെ ഒരു നീണ്ട നിര ചരിത്രത്തിൽ നിന്ന് വർത്തമാനകാലത്തിലേക്ക് വന്നു നിൽക്കുമ്പോൾ നിലവിൽ രേഖപ്പെടുത്തിയ നമ്മുടെ ചരിത്രം വല്ലാതെ കബളിപ്പിക്കുകയായിരുന്നുവെന്നു ബോധ്യപ്പെടുന്നു. ഡോ.എം.ലീലാവതി എന്ന നാമത്തിന്റെ പ്രസക്തി ഈ ഓർമ്മിപ്പിക്കലാണ്.

1


കേരളത്തിന്റെ വൈജ്ഞാനിക – സാഹിത്യ ചിന്തകളെ എടുത്താൽ അതെല്ലാം സവിശേഷമായി വിശേഷിപ്പിക്കപ്പെടുന്ന പുരുഷ പണ്ഡിതരുടെ ആധിപത്യമാണ്. ഇത്തരം പുരുഷന്മാരെ വിവരിക്കുവാൻ പുരുഷകേസരി, ഇതിഹാസ പുരുഷൻ, മഹാപുരുഷൻ തുടങ്ങി നിരവധി പദങ്ങളാണ് മലയാളത്തിൽ സൃഷിച്ചുവച്ചിരിക്കുന്നത്.  നിലവിൽ മലയാളത്തിലെ ആദ്യകാവ്യമെന്നു കരുതുന്ന രാമചരിതം കാവ്യം മുതൽക്ക് അറിയപ്പെടുന്ന മണിപ്രവാള കാവ്യ പാരമ്പര്യവും എല്ലാം പുരുഷന്റേതെന്നാണ് സാഹിത്യ ചരിത്രവും മറ്റും രേഖപ്പെടുത്തിയിരിക്കുന്നത്.  ശാസ്ത്രം, ഗണിതം അടക്കമുള്ള വിജ്ഞാനമേഖലയിലും ഇതൊക്കെതന്നെയാണ് സ്ഥിതി.  ആയുർവേദം പോലുളള മേഖലയിലും പുരുഷന്മാരായ വൈദ്യന്മാരുടേതാണ് ആധിപത്യം.  വ്യക്തമായ ചരിത്ര സൂചനകളും മറ്റും ലഭ്യമാകുന്ന പതിനേഴാം നൂറ്റാണ്ടു മുതലുള്ള കേരള സാമൂഹ്യ പശ്ചാത്തലം ശ്രദ്ധിച്ചാലും മൊത്തം വിജ്ഞാനത്തിനെ കുത്തകയും പുരുഷനിലാണെന്നു കാണാം. ജാതി സാമൂഹ്യ വ്യവസ്ഥയും തറവാട് കേന്ദ്രീകൃത കുടുംബഘടനയും ഉന്നയിക്കുന്ന ലിംഗപരമായ സ്ഥല, സാമൂഹ്യ വിഭജനത്തിന്റെ അടിസ്ഥാനം തന്നെ സ്ത്രീക്ക് നിലവിലുള്ള വിജ്ഞാനത്തിന്‍റെ വ്യവഹാരങ്ങളിലേക്കു പ്രവേശനം സിദ്ധിക്കുന്ന വിധത്തിലായിരുന്നില്ല. വീട്, പാചകം, കുട്ടികളുടെ പരിപാലനം തുടങ്ങിയ മേഖലകളിൽ ജൈവിക ശേഷിയുള്ളവരാണ് സ്രീകളെന്നതിനാൽ അവരെ അവിടെ തളയ്ക്കുന്നവിധത്തിലുള്ള സംവിധാനമാണ് രൂപപ്പെടുത്തിയിരുന്നത്.  പുരുഷന്മാരാകട്ടെ വീടിനു പുറത്തെ കാര്യങ്ങൾ ശ്രദ്ധിച്ചു നടത്തുന്നവരും.  അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ഈ നമ്പൂതിരി തിരുമേനിമാർക്കൊക്കെ എന്താ പ്രവൃത്തി ? ഉണ്ണുക, ഉറങ്ങുക, ഗർഭമുണ്ടാക്കുക.  എന്നാൽ നമ്പൂതിരി സ്ത്രീകൾക്കോ വയ്ക്കുക, വിളമ്പുക, പ്രസവിക്കുക  എന്ന് വി.ടി.ഭട്ടതിരിപ്പാട് ചൂണ്ടിക്കാണിക്കുന്നതിൽ നിന്ന് ഈ വിഭജനം വ്യക്തമാകും (കണ്ണീരും കിനാവും). അങ്ങനെ വീടിനു പുറത്തെ വിജ്ഞാനോൽപാദനത്തിന്റെയും പ്രയോഗങ്ങളുടെയും അധികാരം പുരുഷനുമാത്രമായി. വീടും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും പുരുഷനു ചുമതലയില്ലാത്തതിനാൽ അതിൽ നിന്നെല്ലാം മാറി നിന്ന് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുവാൻ പുരുഷനും കഴിഞ്ഞു. അതിലൂടെ നൂറ്റാണ്ടുകളായി പുരുഷപാരമ്പര്യം കേടു തട്ടാതെ അഭംഗുരം നിന്നു.

          കേരള സമുഹത്തിലെ ആധുനികീകരണ പ്രക്രിയയിലെ സാമ്പത്തിക പരിണാമങ്ങളും അത് സ്വന്തമാക്കാനുള്ള കീഴാളരുടെ വാഞ്ചയുമാണ് വിദ്യാഭ്യാസത്തെ ആഴത്തിൽ പ്രശ്‌നവൽക്കരിച്ചതെന്ന് മൈക്കൽ തരകൻ ചൂണ്ടിക്കാണിക്കുന്ത് ഇവിടെ നിർണായകമാകുന്നു. 1. ഈ ആധുനിക/ നവോത്ഥാന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസത്തിന്റെ ലിംഗപരതയെക്കുറിച്ചുള്ള ആലോചനകൾ ശക്തമാകുന്നത്.  ഫ്യൂഡലിസത്തിന്റെ ജാതിസ്ഥലങ്ങളെ നിർമാർജനം ചെയ്തു കൊണ്ട് ആധുനികത പൊതുസ്ഥലത്തെയം അതിന് എതിരായി വീടെന്ന സ്വകാര്യസ്ഥലത്തെയും (public and private sphere) നിർവചിച്ച പശ്ചാത്തലത്തിലാണ് ഈ ചർച്ചകൾ രൂപം കൊള്ളുന്നത്.  2. ഇതിൽ പുരുഷന്റെ സ്ഥലമായി പൊതുസ്ഥലവും വീട് സ്ത്രീകളുടെ ഇടമായും വേർതിരിക്കപ്പെട്ടു.  സ്ത്രീക്ക് വീടു നോക്കാനുള്ള ബുദ്ധിയും കഴിവുമാണ് ഉണ്ടാകേണ്ടതെന്നും അതിനു തക്ക വിദ്യാഭ്യാസമാണ് നൽകേണ്ടതെന്നുമായിരുന്നു പൊതുവിൽ സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചർച്ചകളുടെ പൊതു ഊന്നൽ. അക്കാലത്തെ പൊതു ചർച്ചകൾക്ക് വല്ലാത്ത ചൂടും പുകയും ഉണ്ടായിരുന്നതായി അക്കാലത്തെ മാസികകളും മറ്റ് പ്രസിദ്ധീകരണങ്ങളും  പരിശോധിച്ചാൽ കാണാം.  മൂന്ന് ചിന്തകളിലൂടെയാണ് ഈ ആശയ സമരം കത്തിപ്പടരുന്നത്  1.സ്ത്രീകൾക്ക് വിദ്യാഭ്യാസവും അനുബന്ധ സ്വാതന്ത്ര്യവും നൽകേണ്ടതില്ല എന്ന വാദം ഒരു വശത്ത്.  2.  പുതിയ ജീവിത രീതിക്കനുസരിച്ച് വീടും മറ്റും നോക്കാനുള്ള പരിമിത വിദ്യഭ്യാസം നൽകണമെന്ന വാദം മറുവശത്ത്.  3. സ്ത്രീ പുരുഷനെ പോലെ സ്വതന്ത്രയാണെന്നും അവൾക്ക് യഥേഷ്ടം വിദ്യയും മറ്റും നൽകണമെന്ന പരിഷ്‌കാര വാദം ഇതിനിടയിൽ.

          ആധുനിക രീതിയിലുള്ള സ്‌കൂളുകളും മറ്റും ഇല്ലാതിരുന്ന ഇക്കാലത്ത് വീട്, ക്ഷേത്രം അതുമായി ബന്ധപ്പെട്ട ലോകത്തിന്റെ വ്യവഹാരങ്ങളിലൂടെയാണ് വിദ്യാഭ്യാസം നടന്നിരുന്നത്.  പാരമ്പര്യമായി പകരുന്ന ഈ ജ്ഞാനവ്യവസ്ഥ ജാതിയുടെയും ലിംഗബോധത്തിന്റെയും അടിച്ചമർത്തലുകളുടെ രാഷ്ട്രീയമാണ് പ്രകടിപ്പിച്ചിരുന്നത്.  അതിനു പുറത്ത് കളരി പോലുള്ള സ്ഥാപനങ്ങൾ പിരിമിതമായി അവയുടെ ധർമം നിർവഹിച്ചിരുന്നു.  ഇത് എല്ലാവർക്കും വിദ്യ നൽകുന്ന ഇടങ്ങളുമായിരുന്നില്ല.  എല്ലാ ജാതിക്കാർക്കും കളരികൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നുവെങ്കിലും കീഴാളരുടെ അറിവുനേടൽ വിലക്കിയിരുന്നു.  ശൂദ്രൻ അക്ഷരം പഠിക്കുന്നതിനെ ജാതി എല്ലാ അർത്ഥത്തിലും എതിർത്തിരുന്നു.  ഇതിനു വിരുദ്ധമായി ചില കാര്യങ്ങളും ഉണ്ടായിട്ടുള്ളതിന്റെ സൂചനകളുണ്ട്.  വിജ്ഞാനാർജനത്തിലേക്കു സ്ത്രീകൾ വന്നെത്തിയതിന്റെ ചില രേഖകളാണിവ.  കളരി വിദ്യാഭ്യാസത്തിന്റെ ഗുരുവായ ആശാന്മാർക്കൊപ്പം ആശാട്ടിമാരുടെ സാന്നിദ്ധ്യം ഇതിലൊന്നാണ്.  ആധുനിക വിദ്യാഭ്യാസം ശക്തമാകുന്ന പത്തൊമ്പത് – ഇരുപത് നൂറ്റാണ്ടുകളിലാണ് വിജ്ഞാനാർജനത്തിന്റെ ജാതി – ലിംഗ ബോധം ശകലിതമാകുന്നത്.  പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ അടിത്തറ മാന്തപ്പെടുന്നതും, പാരമ്പര്യമായി നൽകപ്പെട്ടിരുന്ന കളരി കേന്ദ്രീകൃത വിദ്യാഭ്യാസം പഴഞ്ചൻ അറിവുകളാണെന്നും പുതിയ കാലത്തിന്റെ മാറ്റത്തിന് അവ യോജിച്ചതല്ലെന്നുമുള്ള വിമർശനം ആധുനികതാ പ്രക്രിയകളിലൂടെ ഉന്നയിക്കപ്പെട്ടപ്പോളാണ് വൈജ്ഞാനിക പ്രവർത്തനങ്ങളെക്കുറിച്ച് ശക്തമായ പുനരന്വേഷണം കേരളത്തിൽ ഉണ്ടാകുന്നത്.  വളരെ ശബ്ദായമാനയമായ സമരങ്ങൾക്കാണിത് വഴിവച്ചെതെന്നു കാണാം.  അതുവരെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കീഴാളരും സ്ത്രീകളും ഈ രംഗത്തേക്കു കടന്നുവന്നതാണ് ഇതിനു കാരണം. കേരളനവോത്ഥാനം എന്ന പ്രക്രിയയുടെ ഒരടിസ്ഥാനം ഇതായിരുന്നു.

          കൊളോണിയലിസത്തിലൂടെ കടന്നുവന്ന ആധുനിക രീതികളെ ഇവിടെ വ്യവഹരിച്ചത് കേരളീയ സംസ്‌കാരത്തിനു ചേരാത്ത പരിഷ്‌കാരമായാണ്.  ഇംഗ്ലീഷു സംസാരിക്കുക, ഇംഗ്ലീഷ് രീതിയിൽ ഭക്ഷണവും വസ്ത്രവും മറ്റും ധരിച്ച് നടക്കുക, മലയാള ജാതി സംസ്‌കാരത്തെ മാനിക്കാതിരിക്കുക തുടങ്ങിയ രീതികളെ അക്കാലത്തെ

Comments

comments