ലയാളനിരൂപണം അതിന്റെ മാറ്റുരച്ചു നോക്കിയിട്ടുള്ളത് എഴുത്തച്ഛന്റെയും കുമാരനാശാന്റെയും രചനകളിലൂടെയാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. കാളിദാസനിലും സി.വി.രാമൻപിള്ളയിലും വള്ളത്തോൾ, വൈലോപ്പിള്ളി, ഇടശ്ശേരി മുതലായ കവികളിലും സ്വന്തം സാഹിത്യതത്വങ്ങൾ പ്രയോഗിച്ചവർ ഇല്ലെന്നല്ല; മലയാളത്തിന്റെ ഈ രണ്ട് ക്ലാസിക്കവികളാണു പക്ഷേ തങ്ങളുടെ പ്രതിഭാരഹസ്യത്തിന്റെ വ്യത്യസ്തമായ അനാച്ഛാദനങ്ങളിലൂടെ നിരൂപകരുടെ സൗന്ദര്യാത്മകമായ ഉൾക്കാഴ്ചയുടെ ഉത്തമസാഖ്യങ്ങൾ നൽകിയിട്ടുള്ളത്.  സുകുമാർ അഴീക്കോടിന്റെയും മുണ്ടശ്ശേരിയുടെയും പി. കെ ബാലകൃഷ്ണന്റെയും നിരൂപണകൃതികൾ ആശാനെ സ്പർശിച്ചതിലൂടെ അധിക പ്രകാശം നേടിയവയാണു. തന്റെ സർവ്വദർശിയായ നിരൂപകദൃഷ്ടി പ്രാചീനവും സമകാലികവുമായ ഏറെ കൃതികളുടെ അന്തഃസത്ത വെളിവാക്കുവാൻ ഉപയോഗിച്ചിട്ടുണ്ടെങ്കിലും എം ലീലാവതിയുടെയും കാവ്യാവബോധവും യുക്തിബോധവും സ്പഷ്ടവും ഉജ്ജ്വലവുമായി തെളിയുന്നത് അവരുടെ ആശാൻ പഠനങ്ങളിൽ തന്നെ. അവയിൽ പ്രധാനപ്പെട്ട ചിലത് അടുത്തൊന്നു കാണുകയും അവയ്ക്കാസ്പദമായ പലപ്പോഴും അപ്രസ്താവിതമെങ്കിലും സാഹിത്യതത്വങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയുമാണു ഈ ഹൃസ്വലേഖനത്തിന്റെ ലക്ഷ്യം.

കുമാരനാശാന്റെ ഉത്കൃഷ്ട കാവ്യങ്ങളേതെന്ന കാര്യത്തിൽ ലീലാവതിക്ക് സംശയമില്ല: നളിനിയും ലീലയും. ഇവയിൽ മെച്ചപ്പെട്ടതേത് എന്ന് തീരുമാനിക്കുന്നതാകട്ടെ ഉഷസുമയോ സാന്ധ്യാരാഗമോ കൂടുതൽ സുന്ദരം എന്ന് നിശ്ചയിക്കും പോലെ ദുഷ്കരവുമാണുഎന്ന് ലീലയുടെ 1975ലെ എൻ.ബി.എസ് പതിപ്പിന്റെ മുഖവുരയിൽ (മലയാളകവിതയുടെ ഗൗരീശിഖരം) അവർ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ പ്രൗഢമായ ആശാൻ പഠനങ്ങളിൽ അവർ ഏറ്റവും അധികം വിശകലനവിധേയമാക്കിയിട്ടുള്ളതും ഈ ഖണ്ഡകാവ്യങ്ങൾ തന്നെ. മലയാളത്തിലെ ആദ്യത്തെ ശ്രദ്ധേയമായ പ്രേമദുരന്തകാവ്യങ്ങളായാണു ഈ കൃതികളെ അവർ വിലയിരുത്തുന്നത്. അതിനു ഹേതു രതിയും ശോകവും സമ്യക് യോഗമെന്ന നിലയിൽ ഒരൊറ്റ മൗലികഭാവമായി ഈ കൃതികളിൽ ഉന്മീലനം ചെയ്യപ്പെടുന്നതാണു. മണിപ്രവാളസാഹിത്യത്തിലെ ശൃംഗാരകൃതികളിലോ പാട്ടുസാഹിത്യത്തിലെ ശോകാന്തകാവ്യങ്ങളിലോ കാണാത്തതാണു ഈ സമ്യക് യോഗം. ഇതു സാദ്ധ്യമാക്കിയ പല സാഹചര്യങ്ങളിലൊന്ന് ആംഗലകാല്പനികതയുമായി കവി നേടിയ പരിചയമാണെന്ന് ജോൺ കീറ്റ്സിന്റെ ഇസബെല്ലാ, ആൽഫ്രഡ് ടെന്നിസന്റെ ഈനക്  ആർഡൻ, എച്ച് ഡബ്ല്യു ലോങ്ഫെല്ലോവിന്റെ ഇവാൻജലീൻ തുടങ്ങിയ മധുരമാതൃകകൾ ചൂണ്ടിക്കാട്ടി നിരൂപക ഊഹിക്കുന്നുണ്ട്. ആംഗലകവിതാദ്ധ്യേതാക്കളുടെ സ്വപ്നകാമിനിയായിരുന്ന കാല്പനികകവിതയെ ആവാഹിച്ച് സഹൃദയർക്കു മുന്നിൽ നിർത്താനുള്ള മന്ത്രസിദ്ധി കേശവപിള്ളയെപ്പോലുള്ളവർ കൊതിച്ചെങ്കിലും കുമാരനാശാനേ വിധിച്ചിരുന്നുള്ളു. മലയാളകവിതയിലെ ആശാൻസന്ദർഭത്തിന്റെ പ്രാധാന്യം ലീലാവതി ഇങ്ങിനെ അടയാളപ്പെടുത്തുന്നു: മലയാള സാഹിത്യത്തിൽ നിലവിലുണ്ടയിരുന്ന ശൃംഗാരശൈലിയും ജീവിതാവിഷ്കരണരീതിയും ആവർത്തനം കൊണ്ടും ആകണ്ഠപാനം കൊണ്ടും മടുപ്പുളവാക്കിക്കൊണ്ടിരുന്നു. ആ മധുരം മടുത്തവരിൽ കണ്ണീരിന്റെ ലാവണ്യത്തിനു വേണ്ടിയുള്ള ആന്തരമായ ഒരു ഉഴർച്ച ഉണ്ടായിരുന്നിരിക്കണം. രതി മാത്രമോ ശോകം മാത്രമോ  ഉന്മീലനം ചെയ്യുമ്പോഴും അവയുടെ സംയുക്തത്തെ ഉന്മീലനം ചെയ്യുമ്പോഴും അനുഭവപ്പെടുന്നത് ആനന്ദം തന്നെയാണെങ്കിലും രണ്ടാമത്തേതിനു ദ്വന്ദ്വപ്രകാശനത്തിന്റേതായ സമ്പൂർണ്ണതയുണ്ട്, രാമായണംമുതൽ രമണൻവരെയുള്ള പ്രേമദുരന്തകാവ്യങ്ങളെല്ലാം ഇപ്രകാരം രാഗശോകങ്ങളെ ഒരേ ഇതിവൃത്തത്തിൽ കോർക്കുന്നതുകൊണ്ടുള്ള ശബളാഭയെ ഓരോ തരത്തിൽ, അതതു കവിയുടെയും കാലഘട്ടത്തിന്റെയും കാവ്യസ്വരൂപത്തിന്റെയും ശൈലിക്കൊത്ത് പ്രക്ഷേപിക്കുന്നു. വീണപ്പൂവുംനളിനിയും ലീലയും ഈ ശബളാഭകളെ കാല്പനികശൈലിയിൽ ഉന്മീലനം ചെയ്ത കാലത്ത് അത് വാടിയ പിച്ചിമേൽ വിരളനവാംബുദബിന്ദുവെന്ന പോലെ മലയാളത്തിൽ ഉണർവ്വും ഉന്മേഷവും വർഷിച്ചു. ഐതിഹാസികേതിവൃത്തങ്ങളുടെ ആവർത്തനവിവർത്തനാദികളിലൊഴികെ ഈ ഭാവദ്വന്ദ്വസമന്വയത്തിലൂടെ മാനവ വൈകാരികസത്തയുടെ ആന്തരസത്യത്തെ അനുഭൂതമാക്കുന്ന കൃതികൾ ഇല്ലാതിരുന്ന കാലത്ത് സ്വതന്ത്രേതിവൃത്തങ്ങളും ധവളോഷ്മള വികാരോജ്ജ്വലമായ കാല്പനിക ശൈലിയും സമ്മേളിപ്പിച്ചുകൊണ്ട് ആ അനുഭവം അവതരിപ്പിച്ചുവെന്നതാണു അവയുടെ സദ്യസമാകർഷണത്തിനുണ്ടായ ഹേതു.
ഈ ഭാഗം നിരൂപകയുടെ ഭാഷയിൽ തന്നെ മുഴുവനായി എടുത്തുകാട്ടിയത് എത്ര കൃത്യമായി അവർ ആശാന്റെ സഹൃദയസ്വീകാര്യതയുടെ തീവ്രമുഹൂർത്തം അടയാളപ്പെടുത്തുന്നു എന്നു കാണിക്കുവാനാണു. ആവർത്തനത്താൽ ചെടിച്ചു പോകുന്ന കവിതയെ നവഭാവനയും നവഭൂഷണവും കൊണ്ട് ഉന്മിഷത്താക്കുന്ന കവികളാണു കാവ്യചരിത്രത്തിൽ എന്നും സ്ഥാനം നേടുന്നത്. ചെറുശ്ശേരി, എഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻ നമ്പ്യാർ എന്നിവരുടെ കാലത്തു നിന്ന് വലിയൊരു ഭാവുകത്വമരുഭൂമി കവച്ചു കടന്നാണു നാം ആശാന്റെ ഹരിതശാദ്വലങ്ങളിലെത്തുന്നത് എന്നു മറന്നുകൂടാ. ഇടയ്ക്കൊന്നും കവിതയുടെ കൊച്ചുമരുപ്പച്ചകൾ ഇല്ലെന്നല്ല, എങ്കിലും സമകാലീനസഹൃദയന്റെ ദൂരദീർഘമായ തിരിഞ്ഞുനോട്ടത്തിൽ അവ കാണപ്പെടാൻ തന്നെ പ്രയാസം. വൃത്തവും പ്രാസവും ഇതര പ്രഖ്യാത കാവ്യലക്ഷണങ്ങളുമൊപ്പിച്ച് പദ്യരചന നടത്തുന്നതു കൊണ്ടുമാത്രം ഒരാളും കവിയാവുകയില്ല, ഏറിയാൽ അയാൾ നിർമ്മാണകൗശലമുള്ള ഒരു പദ്യകാരൻ (versifier) മാത്രമേ ആകൂ. ഭാവുകത്വത്തിന്റെ മൗലികപരിണാമം സംഭവിപ്പിക്കുകയും അതിനെ വാഗ്വീകരിക്കാൻ പര്യാപ്തമായ ഭാഷ കണ്ടെത്തുകയും ചെയ്യുന്നവർ മാത്രമാണു സാഹിത്യത്തിന്റെ സൗന്ദര്യചരിത്രത്തിൽ സ്ഥാനം നേടുന്നത്. അതിനു പുത്തൻ പ്രമേയങ്ങൾ കൈകാര്യം ചെയ്താൽ മാത്രം മതിയാവില്ല, ഭാഷയിൽ പൂർവ്വമാതൃകകൾ ഇല്ലാത്ത രീതിയിൽ നവീനദർശനപ്രകാശവും നവോല്പേവ തീവ്രതയും കൊണ്ട് സഹൃദയരെ വിസ്മയിപ്പിക്കുകയും  കവിതാസങ്കൽപ്പത്തെത്തന്നെ പരിഷ്കരിക്കുകയും വേണം. വ്യക്തിപ്രതിഭ പാരമ്പര്യത്തെ നവീകരിക്കുന്നതിനെക്കുറിച്ച് ടി. എസ്. ഏലിയറ്റും മറ്റും ഉപന്യസിച്ചിട്ടുണ്ട്. എന്നാൽ ഒരു പടി കൂടി കടന്ന് പാരമ്പര്യത്തെത്തന്നെ നവീകരണങ്ങളുടെ ഒരനുസ്യൂതിയായി കാണാനാണു ഞാൻ ഇഷ്ടപ്പെടുക. കവിയും പണ്ഡിതനുമായ എ. കെ. രാമാനുജൻ പറഞ്ഞ കോടാലിയുടെ കാര്യം പോലെയാണിത്. കോടാലിയുടെ അലകും പിടിയും പലകുറി മാറിയിട്ടും താനുപയോഗിക്കുന്നത് മുതുമുത്തച്ഛൻ ഉപയോഗിച്ചിരുന്ന അതേ കോടാലിയാണെന്ന് അവകാശപ്പെടുന്ന വിറകുവെട്ടുകാരൻ ഒരേ സമയം നവീകരണത്തിന്റെ നൈരന്തര്യത്തിലേക്കും അവയിലൂടെത്തന്നെ സാക്ഷാത്കൃതമാകുന്ന പാരമ്പര്യമെന്ന അമൂർത്താനുസ്യൂതിയിലേയ്ക്കുമാണു വിരൽ ചൂണ്ടുന്നത്. നവോർജ്ജപ്രസരണത്തിന്റെ വിദ്യുത്ശൃംഖലയാണു മാർക്കേസ് കഥയിലെ മുടി വളരുന്ന ജഢമല്ലാ പാരമ്പര്യം. ഈ ശൃംഖലയാണു ആശാനു ശേഷവും വൈലോപ്പിള്ളിയിലും ഇടശ്ശേരിയിലും പി.കുഞ്ഞിരാമൻനായരിലും കൂടി നവീനകവിതയിലേക്ക് നീണ്ടെത്തിയത്. ആശാൻ ആ ഭാവുകത്വപരിണാമകഥയിലെ ഒരു ഉജ്ജ്വല സന്ദർഭമാണെന്നാണു ലീലാവതി സോദാഹരണം സമർത്ഥിക്കുന്നത്.

ആശാൻ, കവിതയുടെ പ്രണയസങ്കൽപ്പത്തിൽ വരുത്തിയ ഒരു മാറ്റവും ലീലാവതി ശ്രദ്ധിക്കുന്നുണ്ട്. സംസ്കൃതകാവ്യങ്ങളിലും അവയുടെ ഭാഷാനുവർത്തനങ്ങളിലും വിരഹഭാവം രതിഭാവനയോടൊപ്പം അനുഭൂതമാകുന്നുണ്ടെങ്കിലും മലയാളത്തിലെ കുമാരപൂർവ്വകവിതയിൽ സംഭോഗശൃംഗാരത്തിന്റെ അധീശത്വമാണു കാണുന്നത്. സംഭോഗത്തെ മേലേക്കാവിൽ പ്രതിഷ്ഠിച്ച് നൈവേദ്യവും നിത്യപൂജകളും കഴിച്ച കവികൾ വിപ്രലംഭത്തെ കീഴേക്കാവിലേക്ക് തള്ളി നിർത്തി വർഷാന്തപൂജ മാത്രം മതിയെന്നു വെച്ചു എന്ന് ലീലാവതി സരസയാകുന്നു. കാളിദാസീയ പാരമ്പര്യത്തെ നമ്മുടെ ശൃംഗാരകവികൾ പിന്തുടർന്നത് ശാകുന്തളം മൂന്നാമങ്കം വരെ മാത്രമാണു; കുമാരസംഭവത്തിലെ അഞ്ചാം സർഗ്ഗം എടുത്തുചാടി എട്ടാം സർഗ്ഗത്തിൽ കാലൂന്നി നിൽക്കുന്നതിലായിരുന്നു അവരുടെ താല്പര്യം. (ലീലയുടെ ആമുഖം) വിപ്രലംഭം പോലും സ്വപ്നസംഭോഗമായാണു അവരാവിഷ്കരിച്ചത്. മണിപ്രവാളകാവ്യങ്ങളിൽ കണ്ണീരിന്റെ ആർദ്രതയില്ല, അതിന്റെ ലാവണ്യം (ലവണത) പോലും മാധുര്യമാക്കാതെ അവർ അടങ്ങുമായിരുന്നില്ല. മയൂരസന്ദേശം പോലും

Comments

comments