പിന്നീടു ഞങ്ങള്‍, അപ്പനും അമ്മയും ഞാനും, തമ്മില്‍ കാണുന്നത് ആത്മാക്കളുടെ ദിവസം പാതിരാത്രിയിലാണ്.  അതും ഞങ്ങള്‍ ജീവിച്ചിരുന്ന ഞങ്ങളുടെ വീട്ടുമുറ്റത്ത് വച്ച്. നനഞ്ഞതും പൊട്ടു വീണതുമായൊരു ചില്ലുകഷണത്തിലൂടെയുള്ള കാഴ്ച പോലെ തോന്നിച്ചു അത്.  രാത്രി നേരത്ത് വീടിനു മുന്നിലെ റയില്‍പ്പാളത്തിനരികില്‍ ഞാന്‍ കുത്തിയിരിക്കുന്നു.  തെല്ലുമാറി അപ്പനും അമ്മയും… അവര്‍ ഏതോ പാഴ്മരത്തിന്റെ താണ ചില്ലകള്‍ പോലെ-

ഉറക്കച്ചടവുള്ള കണ്ണുകള്‍ പരിസരവുമായി ഇണങ്ങിയത് പിന്നെയും കുറേ കഴിഞ്ഞാണ്.

          അപ്പോള്‍ നിലാവുദിച്ചതായി കണ്ടു.  വീട്ടുമുറ്റത്തെ വൃക്ഷത്തലപ്പുകള്‍ നിലാവില്‍ തിളങ്ങി. റെയില്‍പ്പാളങ്ങള്‍ക്കപ്പുറം പൊന്തക്കാട്ടിലും നിലാവു കവിഞ്ഞൊഴുകി. കാറ്റും ചൂളം വിളിച്ചു ചുറ്റിത്തിരിഞ്ഞു. കാറ്റില്‍ റെയിലോരത്തെ മരക്കൂട്ടങ്ങളും പൊന്തക്കാടും തുള്ളിയുലഞ്ഞു.പൊന്തക്കാട്ടില്‍ നിന്ന് കുളക്കോഴികള്‍ നിലാവിലേക്കു ചിറകടിച്ചു. കാറ്റും രാത്രിയും നീണ്ടു നീണ്ടു പോയി.

          അപ്പന്‍ അമ്മയോട് വളരെ താഴ്ന്ന ശബ്ദത്തില്‍ എന്തോ പറയുന്നുണ്ട്.  കുമ്പാസാരിക്കുന്നതു പോലെ തോന്നും. അപ്പന്‍ വല്ലാതെ ചടച്ചിരുന്നു.  കണ്ണുകളില്‍ ആ പരുക്കന്‍ ഭാവം ഇപ്പോഴില്ല.  അവ കുഴിയിലാണ്ട് രണ്ടു പായല്‍ കുളങ്ങള്‍ പോലെ…. വരണ്ട ചുണ്ടുകള്‍ മാത്രം സംസാരത്തിനനുസരിച്ച് അകന്നടഞ്ഞുകൊണ്ടിരുന്നു.

          അമ്മയുടെ മുഖം വെളുത്തു വിളറിയിരുന്നു. ഭ്രാന്ത് തുടങ്ങിയ കാലത്ത് രാപകലില്ലാതെ വീടിനു ചുറ്റും നടക്കുമ്പോഴും അമ്മയുടെ മുഖം ഇതുപോലിരുന്നു. കിറുക്കിന്റെ പിരുമുറുക്കത്തില്‍ തിടുക്കത്തില്‍ വീടിനെ വലം വയ്ക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ എന്റെ മുഖത്തു തറയ്ക്കുമായിരുന്നു. വിചാരണ ചെയ്യും പോലെ-

          …. ”അപ്പനെ കൊന്നതു നീയല്ലേട?”

          എന്നാല്‍ ഇപ്പോഴാകട്ടെ ആ കണ്ണുകള്‍ എന്നെ കാണുന്നില്ല. അപ്പനും എന്നെ കാണുന്നില്ല.

          മുന്‍പം പരസ്പരമുള്ള വെറുപ്പും വിദ്വേഷവും വൈരാഗ്യവും മാത്രമേ അവര്‍ക്കിടയിലുണ്ടായിരുന്നുള്ളു. ഒക്കെയും ഉറഞ്ഞു പൂതലിച്ചുപോയി. അത് അവര്‍ അറിഞ്ഞില്ല.  എന്തെന്നാല്‍ അവര്‍ക്കിടയില്‍ ഞാന്‍ ഉണ്ടായിരുന്നില്ല.

          വീട് ഒരു പുകപ്പുരയായിരുന്നു. അതു കത്താന്‍ വേണ്ട തീപ്പൊരിയുമായി അവന്‍ വരും. അമ്മ എരിഞ്ഞു കത്തും. അമ്മയുടെ നാവിന് ഉറുമിയുടെ മൂര്‍ച്ഛ വരും. വാക്കുകള്‍ തോല്‍ക്കുന്നിടത്ത് അപ്പന്റെ വീതുളിയും കൊട്ടുവടിയും പിടിച്ചു തഴമ്പിച്ച കൈ ഉയരും.  പിന്നീടുണ്ടാവുന്നതു കാണാന്‍  നില്‍ക്കാതെ ഞാന്‍ ഇറങ്ങി പുഴക്കരയിലെ ചീനവലകളുടെ നേര്‍ക്കു നടക്കും….

          അപ്പന്‍ മരപ്പണി കഴിഞ്ഞു വരുന്ന വഴി നേരെ വീട്ടിലേക്കു വരില്ല.  ഷാപ്പില്‍ കയറും.  ശേഷം, ഒരു കാലത്ത് അപ്പന്റെ കൂടെ കെട്ടിടം പണിക്കു പോയിരുന്ന ലോനന്റെ വീട്ടിലും.

          നായ്ക്കുരണച്ചെടികളും ഒതളങ്ങമരവും അതിരിട്ട കൈത്തോടിന്റെ മരപ്പാലമിറങ്ങി വിത്തുകാളയെപ്പോലെ തുള്ളിയുലഞ്ഞ് അപ്പന്‍ ചെല്ലുന്നത് വീടിന്റെ പൊളിഞ്ഞ തിണ്ണയിലിരുന്ന് ലോനന്‍ കാണും.  ആശുപത്രി കെട്ടുന്നതിനിടയില്‍ മൂന്നാം നിലയില്‍ നിന്ന് വീണ് കേടു പറ്റിയ നടുവ് ശ്രമപ്പെട്ട് ഉയര്‍ത്തി ലോനന്‍ കുനിഞ്ഞ ശിരസ്സോടെ വീടിന്റെ പിന്നിലെ നാട്ടുവഴിയിലേക്കിറങ്ങി ഒഴിഞ്ഞു പോകും.

          ലോനന്റെ ഭാര്യ റൂത്ത് അതിനകം കുളിച്ചിട്ടുണ്ടാവും. എങ്കിലും വസ്ത്രം മാറിയിട്ടുണ്ടാവില്ല.  ഉമ്മറത്തു വന്നിരുന്ന് അപ്പന്‍ ഒരു ബീഡി കത്തിക്കുമ്പോള്‍ അവള്‍ അപ്പന് കാണാന്‍ പാകത്തിനു വാതില്‍ പാതി ചാരി നിന്ന് നനഞ്ഞതു മാറും. അതു കണ്ടു തീരുമ്പോഴേക്കും അപ്പന്റെ ബീഡി അവസാനത്തെ ജ്വാലയ്ക്കായി ദാഹിക്കുന്നുണ്ടാവും.   അതു നീറ്റിക്കത്തിച്ചു പുകയെടുത്ത് തുപ്പിത്തെറിപ്പിച്ച്,  മുഴക്കോലു ഇറയത്ത് ചാരി വച്ച് അപ്പന്‍ അകത്തേക്കു കയറും.

          മുഴക്കോല്‍ സിമന്റു പൊടി പുരണ്ടും ദീര്‍ഘകാലത്തെ ഉപയോഗം കൊണ്ടും മിനുസം വന്ന ബലവത്തായ മുഴക്കോല്‍.

          അത്രയും വരെ ഞാന്‍ കണ്ടിട്ടുണ്ട്.  തോട്ടുകരയില്‍ പഞ്ഞിമരത്തിനു മറവില്‍ ഒളിച്ചിരുന്ന്. വീട്ടിലെ വഴക്കിനിടയില്‍ അണ്മ ആരോപിക്കാറുള്ളത് ശരിയാണോ എന്നറിയാന്‍.

          അതില്‍ പിന്നെ സൂസന്നയുടെ മുഖത്തു നോക്കാന്‍ എനിയ്ക്കു കഴിയാതായി.  അവളുടെ കുടുംബം തകര്‍ത്തവന്റെ മകനാണ് ഞാന്‍.  അമ്മയുടെ ജാരന്റെ മകന്‍ എന്ന നിലയില്‍ അവള്‍ക്ക് എന്നോട് വെറുപ്പുണ്ടാകും.  എന്തെന്നാല്‍, അവള്‍ അവളുടെ അപ്പനെ അതിരറ്റു സ്‌നേഹിച്ചിരുന്നു.

          ക്ലാസില്‍ വച്ച് ഞാന്‍ നിശ്ശബ്ദമായ നോട്ടം കൈമാറിയിരുന്നു.  അപ്പോഴൊക്കെ അവളുടെ കണ്ണുകളില്‍ നിഴലിട്ടിരുന്ന വേദന എന്നെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു.  അന്ന് അതു താങ്ങാന്‍ വയ്യാഞ്ഞതു കൊണ്ടുമാത്രം ഞാന്‍ പത്തില്‍ പഠിത്തം നിറുത്തി.  ഞായറാഴ്ച കുര്‍ബാനയ്ക്കു ഒന്നിച്ചു ക്വയറു പാടുന്നതൊഴിവാക്കാന്‍ പള്ളിയിലേക്കും പോവാതായി.  മഞ്ഞുമ്മല്‍ പള്ളിയുടെ തെക്കു വശത്തുണ്ടായിരുന്ന മൈക്കിളാശാന്റെ ശവപ്പെട്ടിക്കടയില്‍ അപ്രന്റീസായി കയറിയതോടെ എന്നും വെട്ടത്തിനു തന്നെ ഞാന്‍ വീടു വിടും.  ആരേയും കാണാതിരിക്കാന്‍ അതേ വഴിയുണ്ടായിരുന്നുള്ളൂ.

          ഒരിയ്ക്കല്‍ ചേരാനെല്ലൂരേക്കു കടത്തു കടക്കുന്നതിനിടയില്‍ വഞ്ചിയില്‍ വച്ച് വിരോണിയെ കണ്ടു. സൂസന്നയുടെ ഉറ്റ ചങ്ങാതിയാണവള്‍.

          അവള്‍ പറഞ്ഞു. – സൂസന്ന എന്നെ കാണാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.  പലപ്പോഴും അവള്‍ വീടു വരെ വന്നു.  അപ്പനെ പേടിച്ച് അകത്തേക്കു ചെന്നില്ല.  പള്ളിയിലും എന്നെ കാണാതായതോടെ അവളും സ്‌കൂളു വിട്ടു.  പിന്നീടൊരു ദിവസം ഇടയക്കുന്നം പാലത്തിനു ചുവട്ടില്‍ ലോനയുടെ ശവം പൊന്തിയതിന്റെ പിറ്റേന്ന് ബന്ധത്തില്‍ പെട്ട ഒരു കന്യാസ്ത്രിയമ്മയോടൊപ്പം അവള്‍ അവിടം വിട്ടു. ഇപ്പോള്‍ എവിടെയുണ്ടെന്ന് വീരോണിയ്ക്കും അറിഞ്ഞുകൂടാ…..

          വെളുത്തു മെലിഞ്ഞ് മെഴുകുതിരി പോലുള്ള സൂസന്ന.  അവളുടെ മനസ്സിന്റെ നേരും ഉടലിന്റെ തെളിമയും എന്നേയ്ക്കുമായി എനിക്ക് നഷ്ടപ്പെട്ടു.  അതോര്‍ക്കുമ്പോഴൊക്കെ അടക്കാനാവാത്ത നഷ്ടബോധത്തില്‍, ആത്മനിന്ദയില്‍ ഞാന്‍ നീറിനില്‍ക്കും.

          അപ്പന്‍ രാത്രി റെയിലോരത്തു കൂടി വരുമ്പോള്‍ അണലി കടിയ്ക്കണേ…. എന്ന് ഇടപ്പള്ളി പുണ്യാളനോടു ഞാനെന്നു കരഞ്ഞു പ്രാര്‍ത്ഥിച്ചു. അവിടം മുതലാണ് ഒതളങ്ങയുടെ പരിപ്പ് തല്ലിയെടുത്ത് എരുമ ഇറച്ചിയില്‍ കലര്‍ത്തി അപ്പനു കൊടുക്കുന്ന ഒരു സ്വപ്നം പലപ്പോഴും ഞാന്‍ കാണാന്‍ തുടങ്ങിയത്.

          ലോനന്റെ ഭാര്യ റൂത്തിന്റെ വലിയ സ്തനങ്ങളിലേക്കുള്ള അപ്പന്റെ കുതിപ്പിലേക്കു ചാടിവീണ് ഗോലിയാലത്തിനു നേര്‍ക്കെന്നോണം കവണയില്‍ നിന്നും കല്ലുകള്‍ മൂളിച്ചു പായിക്കുന്നൊരു സ്വപ്നവും എന്നെ അലട്ടിയിരുന്നു.

          കാറ്റിനു തീ പിടിച്ച പോലെയായി. ഇത്തവണ അതു ഞങ്ങളെ വാരിയെടുത്തെറിയുമെന്നു തോന്നി. വാവലുകളും കുളക്കോഴികളും ഗതി തെറ്റി കാറ്റില്‍ പാറി നടന്നു. ചിലത് വൃക്ഷക്കൊമ്പുകളില്‍ തട്ടി മുറ്റത്തും വീടിന്റെ ഓട്ടിന്‍ പുറത്തും വീണ് പിടഞ്ഞു ചത്തു.  ഞങ്ങളുടെ വീട് അടഞ്ഞു കിടന്നു. അത് ഒരു കുടുംബക്കല്ലറ പോലിരുന്നു. അത് നിശ്ശബ്ദമായിരുന്നു. വെളിച്ചമില്ലാത്തതും….

          മുറ്റത്തെ കരിയിലകള്‍ കാറ്റിലുയര്‍ന്നു, അവ ചുറ്റിത്തരഞ്ഞ് കൂടിച്ചേര്‍ന്ന് മനുഷ്യരൂപങ്ങള്‍ പോലെ തോന്നിച്ചു.  ഒക്കെയും കബന്ധങ്ങള്‍.  ശിരസ്സുണ്ട്. ശിരസ്സ് അവ കയ്യിലുയര്‍ത്തിപ്പിടിച്ച് നൃത്തം വയ്ക്കുകയാണ്.

          അതില്‍ രണ്ടു രൂപങ്ങളെ എനിക്കു തിരിച്ചറിയാനായി; ഒന്ന് എന്റെ അപ്പന്റെ ചേട്ടന്‍ വറുത്. വറുത് വല്യപ്പന്‍. മറ്റൊന്ന്, ലോന-

          എനിക്കു പേടിയായി, എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു. ഞാന്‍ കണ്ണുകളടച്ചിരിക്കാന്‍ ശ്രമിച്ചു.  കഴിഞ്ഞില്ല.  അവ മരിച്ചവന്റേതു പോലെ തുറന്നിരുന്നു.

          ലോന ചങ്കു പൊട്ടിയാണു മരിച്ചത്….

          അപ്പന്റെ ശബ്ദം

          അത് ഇരുട്ടും ചളിയും നിശ്ശബ്ദതയും നിറഞ്ഞൊരു ആഴക്കിണറ്റില്‍ നിന്നുയരുന്നതു പോലെ.   അതിനു നേര്‍ത്തൊരു മുഴക്കമുണ്ട്…. അതു തണുത്തതാണ്.

          ലോനന്റെ കെട്ട്യാളും പറഞ്ഞിരുന്ന്, കുടുമം തകര്‍ക്കരുതേ എന്ന്… എന്റെ ആര്‍ത്തി അവളുടെ കണ്ണീരു കണ്ടില്ല.  അന്യന്റെ മുതലു – അതും കട്ടു തിന്നുമ്പോ രസം കൂടും.  പിന്നെപ്പിന്നെ ആരോടോ എന്തിനോടോ ഉള്ള വാശി തീര്‍ക്കാനെന്ന പോലെ അവള്‍ എനിയ്ക്കു വഴങ്ങാന്‍ തുടങ്ങി. ലോനയുടെ ശവമടക്കു കഴിഞ്ഞ രാത്രി പോലും ഞാന്‍ വിളിച്ചിട്ട് അവള് തോട്ടുകരയിലെ തോട്ടുകരയിലെ കുമ്മായച്ചൂളയിലേക്ക് എറങ്ങി വന്നു…

അപ്പോഴൊന്നും ഓര്‍ത്തില്ലാ, ഒരു കുടുമം കലക്കിയാല്‍ അതിന്റെ വിലയായിട്ട് സ്വന്തം കുടുമം തന്നെ വച്ചു കൊടുക്കേണ്ടി വരുമെന്ന്.

അമ്മ നിശ്ശബ്ദം കേട്ടിരുന്നു. അവള്‍ ഉറങ്ങുന്നതുപോലെ തോന്നി. അവരുടെ കണ്ണുകള്‍ അവസാനത്തെ പിടച്ചിലും കഴിഞ്ഞ ഒരു മത്സ്യത്തിന്റേതു പോലെ തുറന്നിരുന്നു.

          അപ്പോള്‍ റയില്‍പ്പാളങ്ങള്‍ സ്പന്ദിച്ചു.  ദൂരെ ഇരമ്പവും കുതിപ്പും കേട്ടു.  കിതപ്പുകള്‍ അടുത്തടുത്തു വന്നു.  ഇരുമ്പില്‍ ഇരുമ്പുരസുമ്പോഴുള്ള ഖരഖരതാളം എന്റെ കാതിലിരമ്പി.  അസുഖകരമായ ചില ദൃശ്യങ്ങള്‍ എന്റെ കണ്‍മുന്നില്‍ തെളിയുകയാണ്.  അതൊന്നും ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ട് ഞാന്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി കണ്ണടച്ചിരുന്നു.

          പാളം തകര്‍ത്ത് ആ ഇരുണ്ട കോട്ട കടന്നു പോയിരിക്കാം.  അതിന്റെ അസംഖ്യം ജാലകങ്ങളിലൂടെ തൂവിയ വെളിച്ചത്തില്‍ ഒരു നിശ്ചല കുടുംബം ദൃശ്യം അല്‍പ്പനേരം തെളിഞ്ഞു നിന്നിരിക്കാം.  ഞാനതൊന്നുമറിഞ്ഞില്ല.  ഒരു മയക്കത്തിലേക്കു ഞാന്‍ വഴുതി വീണു…

          മയക്കത്തില്‍ പഴയൊരു രാത്രി എനിക്കോര്‍മ്മ വന്നു. ആ രാത്രി എനിക്കുണ്ടായ രണ്ടു ദുസ്വപ്നങ്ങള്‍ അതേപടി ഞാന്‍ കാണുകയാണ്….

          പാതിരാത്രിയില്‍ ലോനയുടെ വീട്ടിലെ പതിവു സന്ദര്‍ശനം കഴിഞ്ഞ് അപ്പന്‍ വീട്ടിലേക്കു വരാന്‍ തീവണ്ടിപ്പാളം മുറിച്ചു കടക്കുകയാണ്.  ഉറയ്ക്കാത്ത കാലുകളുമായി എന്നത്തേയും പോലെ വീട്ടിലേക്കു നോക്കി ഉറക്കെ അമ്മയെ പുലഭ്യം പറയാന്‍ തുടങ്ങിയപ്പോള്‍ അടിയൊന്നു തെറ്റി.  വലിയൊരു ശബ്ദത്തോടെ അപ്പന്റെ ഭാരിച്ച ശരീരം പാളത്തില്‍ വീണു. എഴുന്നേല്‍ക്കാന്‍ അപ്പന്‍ മിനക്കെട്ടില്ല. അവിടെത്തന്നെ കിടന്നുറങ്ങാമെന്ന മട്ടില്‍ അങ്ങിനെ കിടന്നു.

          അപ്പോള്‍ ദൂരെ നിന്നും ഒരു മഞ്ഞ വെളിച്ചം അപ്പന്റ മേല്‍ വീണു.  വിറയാര്‍ന്ന ശബ്ദത്തില്‍ പാളങ്ങള്‍ അപ്പന്റെ കാതില്‍ അവന്റെ വരവറിയിച്ചു.

          അപ്പന്‍ പിടഞ്ഞെഴുന്നേല്‍ക്കാന്‍ നോക്കി കഴിഞ്ഞില്ല.  താനെന്താണ് ചെയ്യുന്നതെന്നറിയാതെ ആ മനുഷ്യന്‍ വെറുതേ കിടന്നുപിടച്ചു.  പാളങ്ങളില്‍ തെളിഞ്ഞ അപ്പന്റെ മുഖം ഒരു ശിശുവിന്റേതു പോലെ നിഷ്‌കളങ്കമായിരുന്നു.

          സഹായത്തിന് അപ്പന്റെ കണ്ണും കയ്യും ഇരുളില്‍ പരതുമ്പോള്‍ മുറ്റത്തെ ഈ ആഞ്ഞിലി മരത്തിനു മറവിലേക്ക് ഞാന്‍ കുറേകൂടി ഒതുങ്ങി നിന്നു.  എനിക്കു ശ്വാസം മുട്ടി.  കുതിച്ചു വരുന്ന ആ ഇരമ്പം അറുത്തെറിയാന്‍ പോകുന്നത് എന്റെ കഴുത്താണെന്നു തോന്നി. എന്തിനാണ് ഞാന്‍ സാക്ഷിയാകാന്‍ പോകുന്നതെന്ന് എനിക്കുതന്നെ അറിയില്ല.  ഒരു പ്രാര്‍ത്ഥന പോലെ ഞാന്‍ ഉരുവിട്ടു കൊണ്ടിരുന്നു – എല്ലാം അമ്മയ്ക്കുവേണ്ടി…. എല്ലാം കുടുംബത്തിനുവേണ്ടി.

അപ്പോള്‍, പാളത്തില്‍ കിടന്ന് അപ്പന്‍ ഉറക്കെ കരഞ്ഞു.

ആ കരച്ചില്‍ മരിച്ചറിയിപ്പിന്റെ മണി നാദം പോലെ മുറ്റത്തേയ്ക്കു വന്ന് ഞാന്‍ കൊട്ടിയടച്ച എന്റെ കാതുകളേയും കടന്ന് അകത്ത് അമ്മയുടെ ഉള്ളില്‍ ചെന്നുലച്ചു.

          മുറ്റത്തേക്കു ചാടിയിറങ്ങി പാളത്തില്‍ കിടന്നു പിടയ്ക്കുന്ന അപ്പന്റെ നേര്‍ക്കു ഓടിച്ചെല്ലാന്‍ പോയ അമ്മയെ ഞാന്‍ തടുത്തു നിര്‍ത്തി.  എന്റെ കയ്ക്കുള്ളില്‍ കിടന്ന് അമ്മ ഉറക്കെ നിലവിളിച്ചു. അപ്പന്റേയും അമ്മയുടേയും നിലവിളികള്‍ ഒന്നിച്ചു.

          ജീവിതത്തില്‍ ആദ്യമായി അവര്‍ ഒരുമിച്ചത് ആ ഒരൊറ്റ നിലവിളിയാകാം.  

          അങ്ങിനെ രണ്ടായി അറുത്തു മാറ്റി ചൂളംവിളി കടന്നുപോയി. അമ്മ കണ്ണുകളിറുക്കിയടച്ചു.  അടഞ്ഞ കണ്‍പോളകള്‍ക്കിടയിലൂടെ കണ്ണുനീരൊഴുകി.  അതിലൊരു തുള്ളി എന്റെ കൈത്തണ്ടയില്‍ വീണു.  അതിനു ചൂടുണ്ടെന്നും അപ്പന്റെ ചൂരുണ്ടെന്നും എനിക്കു തോന്നി.

          ആ ദുസ്വപ്നത്തില്‍ നിന്നും പിടഞ്ഞെണീറ്റ് ഞാന്‍ വാതില്‍ വലിച്ചു തുറന്ന് മുഖത്തേക്കു ചാടിയപ്പോള്‍,  പരിശുദ്ധമറിയമേ,  തമ്പുരാന്റമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണനേരത്തും ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ… എന്ന പ്രാര്‍ത്ഥന വീടിനു ചുറ്റും വലം വയ്ക്കുന്നതു കേട്ടു.

          അമ്മ നിര്‍ജീവമായ കണ്ണുകളോടെ എന്തിനെന്നില്ലാതെ വീടിനെ വലം വച്ചു കൊണ്ടിരിക്കുകയാണ്.. പ്രാര്‍ത്ഥനയ്‌ക്കൊപ്പം അമ്മയുടെ വരണ്ട ചുണ്ടുകള്‍ അകടന്നടഞ്ഞു കൊണ്ടിരുന്നു.

          ഞാന്‍ റെയില്‍പാളത്തിലേക്കു ചെന്നു.  പാളത്തില്‍ ഒരു മുഴുത്ത നായ തലയറ്റു കിടന്നിരുന്നു.  അതിന്റെ അറ്റുപോയ ശിരസ്സിലെ കണ്ണുകള്‍ എന്നെ നന്ദിയോടെ ഉഴിഞ്ഞു.

          തിരിച്ചു നടക്കുമ്പോള്‍ വീടിനെ ചുറ്റി നടന്നിരുന്ന അമ്മ എന്നെ തുറിച്ചു നോക്കി.

സമാധാനമായില്ലേട

മനസ്സിലാക്കാനാവാതെ ഞാന്‍ അമ്മയെ തന്നെ നോക്കി നിന്നു. അമ്മയല്ലാ, കല്‍പ്പണിക്കാരന്‍ റോക്കി മേസരിയുടെ ഭാര്യാണ് എന്റെ മുന്നില്‍ നില്‍ക്കുന്നത്.  ആ നോട്ടം നേരിടാനാവാതെ എന്റെ മുഖം കുനിഞ്ഞു. ഞാന്‍ കൂട്ടിയ കണക്കുകളൊക്കെയും തെറ്റിപ്പോയെന്നും അതിനൊക്കെ അപ്പുറത്ത് എനിക്കു മനസ്സിലാകാത്തൊരു കണക്ക് ഉണ്ടായിരുന്നെന്നും ഞാനറിഞ്ഞത് അപ്പോഴാണ്.

          പിശകു പറ്റിയെന്ന് എനിക്കപ്പോള്‍ തോന്നി…

          ഇല്ലെടാ. ഒന്നുമില്ല.

          അപ്പന്റെ ശബ്ദം കേട്ട് ഞാന്‍ മയക്കത്തില്‍ നിന്നുണര്‍ന്നു. തീവണ്ടി അവശേഷിപ്പിച്ചവ നിശ്ശബ്ദതയില്‍ കാറ്റു നിലച്ചതായും വൃക്ഷങ്ങള്‍ അനക്കമറ്റു നില്‍ക്കുന്നതായും കണ്ടു.  കരിയിലകളിലൂടെ രൂപം കൊണ്ട അരൂപികള്‍ പോയ്മറഞ്ഞിരുന്നു. അമ്മ തീവണ്ടിപ്പാളങ്ങള്‍ കടന്ന് നിലാവിലൂടെ പൊന്തക്കാടുകള്‍ക്കിടയിലൂടെ പോകുകയാണ്.   ദൂരെ സെമിത്തേരിയുടെ മതിലില്‍ മെഴുകുതിരികള്‍ തെളിയുന്നു.

          ഉളിയും കൊട്ടുവടിയും പിടിച്ചു തഴമ്പിച്ചൊരു കൈപ്പത്തി – പ്രഹരമായിട്ടല്ലാതെ എന്റെ ശരീരത്തില്‍ ഇതിനു മുന്‍പതു പതിഞ്ഞിട്ടില്ല. – ഇപ്പോള്‍ എന്റെ ചുമലില്‍ മെല്ലെ തട്ടിക്കൊണ്ടിരുന്നു.

          ലോനയെപ്പോലെ, എന്റെ ചേട്ടന്‍ വറുതും ചങ്കു പൊട്ടിയാടാ മരിച്ചത്. വറുതിന് എന്നേക്കാള്‍ പത്തൊന്‍പതു വയസ്സു മൂപ്പുണ്ടായിരുന്നു.  അയാള്‍ കെട്ടിക്കൊണ്ടു വന്ന പെണ്ണ് സലോമിയ്ക്ക് എന്റെ പ്രായവും.  വറുതിന് എന്നെ ഒരു മകനോടെന്ന പോലെ സ്‌നേഹമായിരുന്നു. പക്ഷേ ആ സ്‌നേഹം സലോമിയുടെ ചൂടുള്ള ദേഹം മറച്ചു പിടിച്ചു.

          രാത്രിയില്‍ അകത്ത് ഞാനുണ്ടെന്നറിഞ്ഞ് പലപ്പോഴും വറുത് വീടുവിട്ടുപോയി.   എന്നിട്ടും എന്നെ കൊല്ലാന്‍ അയാള്‍ക്കു തോന്നിയില്ല.  കുഞ്ഞനിയനെ അയാള്‍ക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്ന്….

          പക്ഷേ സെമിത്തേരിയില്‍ കിടന്ന് വറുത് ചേട്ടന്‍ എന്നെ നയിച്ചു. ലോനയുടെ കുടുംബവും തകര്‍ക്കാന്‍… നാശത്തിലേക്കാണു പോകുന്നതെന്നറിഞ്ഞിട്ടും തിരിച്ചു കയറാന്‍ എനിക്കു കഴിഞ്ഞില്ലെടാ… വറുതേട്ടനും ലോനയും കൂടി എന്റെ കഴുത്തില്  കുരുക്കിട്ടു കഴിഞ്ഞിരുന്നു…

          അപ്പന്റെ ശബ്ദം നേര്‍ത്തു നേര്‍ത്തു വന്നു.  അതു പിന്നെയൊരു പിറുപിറുപ്പോ നെടുവീര്‍പ്പോ ആയി…   അത് അകലുകയാണ്….. അകന്നകന്ന് റെയില്‍പ്പാളങ്ങളില്‍ ചിതറിക്കിടന്ന മരച്ചില്ലകളുടെ നിഴലുകളില്‍ ഒന്നായി തീരുകയാണ്.

          ലോകം ശൂന്യമായി.  എല്ലായിടവും ഒഴിഞ്ഞും പാഴായും കിടന്നു.  നിലാവു താഴ്ന്നു.  കാക്കകള്‍ ദാഹപൂര്‍വ്വം കരഞ്ഞു.  ആകാശം ചാരനിറമാണ്ടു കിടന്നു.  ഞാന്‍ നടന്നു.

          അകലെ സെമിത്തേരിയില്‍ കൂട്ടക്കാരുടെ കുഴിമാടങ്ങളില്‍ തിരികള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് ജീവിച്ചിരിക്കുന്നവര്‍ മടങ്ങിപ്പോകുന്നത് അവ്യക്തമായി കാണാം.

          പാളത്തിലേക്കു കയറും മുമ്പ് ഞാന്‍ തിരിഞ്ഞു നോക്കി. ഓട്ടിന്‍ പുറത്ത് വൃക്ഷങ്ങളുടെ നിഴലുകള്‍ കോറിയിട്ട വികൃത ചിത്രങ്ങളുമായി ഞങ്ങളുടെ വീട്.

          എനിക്കു കിടക്കണമെന്നു തോന്നി.  കഴുത്ത് പാളത്തിന്റെ തണുപ്പറഞ്ഞു.  അമ്മയുടെ ഏഴുദിനത്തില്‍ ഇതുപോലെ കിടന്നതും അപ്പന്‍ ഇരമ്പുന്നൊരു വലിയ കോട്ട പോലെ വന്ന് എന്റെ ഹൃദയമറുത്തു കടന്നു പോയതും ഞാനോര്‍മിച്ചു.

          അപ്പന്‍-

          ലോന-

          വറുതു വല്യപ്പന്‍.

          വറുതു വല്യപ്പനോടും ലോനയോടും പാപം ചെയ്ത് അവരുടെ ശാപം വാങ്ങി അപ്പന്‍ അനുഭവിച്ചു മരിച്ചു.

അപ്പനെ കൊണ്ട് ദണ്ണം അനുഭവിക്കാന്‍ മാത്രം ലോനയും വറുതു വല്യപ്പനും ചെയ് പാപം എന്തായിരുന്നു….?  ആരുടെ ശാപത്തിന്റെ ഫലമാണ് അവര്‍ക്ക് അനുഭവിക്കേണ്ടി വന്നത്…?  അറിഞ്ഞു കൂടാ…. ആ ചരടു പിടിച്ച് പിന്നിലേക്കു പോവാന്‍ വയ്യ.   തുടര്‍ക്കഥയുടെ പഴയ ഏടുകള്‍ കാലഹരണപ്പെട്ടു പോയിരിക്കുന്നു.

          എന്നാല്‍,  ഇനിയൊരു തുടര്‍ച്ചയില്ലാത്തവിധം എല്ലാം എന്നില്‍  ഒടുങ്ങിയിരിക്കുന്നു. അതില്‍ ആശ്വാസം കൊണ്ട് ഒരു കുരിശുരൂപം പോലെ പാളത്തില്‍ ഞാന്‍ മലര്‍ന്നു കിടക്കുമ്പോള്‍ കണ്ടു-

          ഞങ്ങളുടെ വീട് മെല്ലെ ഇടിഞ്ഞമര്‍ന്ന് നിശ്ശബ്ദം പൊടിയിലേക്കു മടങ്ങുന്നൂ….

Comments

comments