സാഹിത്യവും വ്യാകരണവും പരസ്പരവിരുദ്ധമായ മേഖലകളാണെന്നും എതിർദിശകളിലേക്കു വലിക്കുന്ന ഊർജ്ജമാണെന്നുമെല്ലാം ഒരു ധാരണ നമുക്കിടയിലുണ്ട്. ശുഷ്‌കവും വിരസവുമാണ് തദ്ധിതമൂഢമായ വ്യാകരണബുദ്ധിയെന്നും വിചാരലേശമില്ലാത്ത വികാരപ്രവാഹമാണ് സൗന്ദര്യലോലമായ സഹൃദയബുദ്ധി എന്നുമെല്ലാമാണ് അത്തരം വിചാരങ്ങളുടെ പോക്ക്.

          നിത്യജീവിതത്തിൽ ഒരാൾ വ്യാകരണത്തെക്കുറിച്ച് വ്യാകുലപ്പെടേണ്ടി വരാറില്ല. അത് വ്യാകരണം മനസ്സിലുള്ളതുകൊണ്ടു മാത്രമല്ല വ്യാകരണസന്ദിഗ്ദ്ധമായ കാര്യങ്ങൾ ദൈനംദിനാവശ്യങ്ങൾക്കായുള്ള ഭാഷാപ്രയോഗത്തിൽ പൊതുവെ ദുർല്ലഭമായതുകൊണ്ടുകൂടിയാണ്. മാതൃഭാഷയുടേതായാലും മറ്റൊരു ഭാഷയുടേതായാലും വ്യാകരണത്തെക്കുറിച്ചുള്ള ആലോചന പ്രസക്തമാകുന്നത് വാക്യം അർത്ഥനിവേദനത്തിൽ ചില പ്രയാസങ്ങൾ കാണിക്കുന്നിടത്താണ്. സാഹിത്യം വിശേഷിച്ചും കവിത, അത്തരം അർത്ഥസന്ദിഗ്ദ്ധതകൾ നിറച്ചുവെച്ചുകൊണ്ടുള്ള സവിശേഷമായ ഭാഷാപ്രയോഗമാണ്. രൂഢിയല്ല അവിടുത്തെ അർത്ഥം. സമസ്തപദം മാത്രമല്ല സമീപസ്ഥപദവും പ്രധാനമാണവിടെ. അതിന്റെ വ്യാപാരം ലക്ഷണയും വ്യഞ്ജനയുമാണ്. അങ്ങനെ നോക്കുമ്പോൾ കവിത എങ്ങനെയാണ് അർത്ഥം സവിശേഷമായും വ്യംഗ്യാർത്ഥം, വിളമ്പുന്നതെന്ന അന്വേഷണമായിത്തീരും വ്യാകരണ ചിന്തയുടെ പ്രധാന പ്രചോദനവും പ്രലോഭനവും. തോന്നുന്നതെല്ലാം വ്യംഗാർത്ഥമല്ല. തോന്നുന്നതാണെങ്കിലും അത് സയുക്തികമാകണം. അഥവാ വ്യാകരണപൂർണ്മമാകണം.  നമുക്കറിയാവുന്നവരിൽ മലയാളഭാഷയുടെ വ്യാകരണസ്വരൂപത്തെ പഠിച്ചവതരിപ്പിച്ച ആദ്യപണ്ഡിതൻ മണിപ്രവാളകവിതയുടെ ഉത്തമാധമഭേദങ്ങൾക്ക് ലക്ഷണം കല്പിച്ച ലീലാതിലകാചാര്യനാണ്. അതിലെ ആദ്യത്തെ മൂന്നുശില്പങ്ങളിലെ ഭാഷാചർച്ചയാണ് കേരളപാണിനീയത്തെ ചരിത്രവീക്ഷണത്തിൽ പരിഷ്‌ക്കരിക്കാൻ ഏ.ആറിനെ ഏറെ പിന്തുണച്ച ധൈഷണികസ്രോതസ്സെന്നുകൂടി ഓർത്താലേ സാഹിത്യവുമായി വ്യാകരണം അത്രയേറെ ബന്ധപ്പെട്ടുകിടക്കുന്നു എന്നു ബോദ്ധ്യപ്പെടൂ. യഥാർത്ഥ നിരൂപകരും കാവ്യചിന്തകരും വ്യാകരണത്തെ ബഹുമനിക്കുന്നവരായിരിക്കും. കവിതാസാഹിത്യചരിത്രത്തെയും കവിതാധ്വനിയുടെ വർണ്ണരാജികളെയും സൂക്ഷ്മമായി പിന്തുടരുന്ന, അത് തപസ്യയാക്കിയ, ഡോ. എം.ലീലാവതിയുടെ കാവ്യാലോചനകൾക്കിടെ വ്യാകരണ ചിന്തകൾ തുളുമ്പുന്നത് തികച്ചും സ്വാഭാവികംതന്നെ.

ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്‌സ് ആൻഡ് മലയാളം‘ ‘സിന്റാക്ടിക് പാറ്റേൺസ് ഇൻ മലയാളം‘, ‘ദ എവലൂഷൻ ഓഫ് ദി പ്രസന്റ് ടെൻസ് മാർക്കർ ഇൻ മലയാളം തുടങ്ങിയ സെമിനാർ പ്രബന്ധങ്ങൾ, അകർമ്മകങ്ങളും കേവലപ്രയോജകങ്ങളും (വിജ്ഞാനകൈരളി 1971 നവംബർ), മലയാളത്തിലെ പിൻവിനയെച്ചം, (വിജ്ഞാനകൈരളി 1972 മാർച്ച്) തുടങ്ങിയ ലേഖനങ്ങൾ, അം പ്രത്യയത്തെക്കുറിച്ചുള്ള ചർച്ച, സ്ത്രീപക്ഷ രചനയുടെ പശ്ചാത്തലത്തിൽ ഭാഷയെക്കുറിച്ചുള്ള ആലോചന അങ്ങനെ കുറച്ചേയുള്ളൂ ഈ മേഖലയിൽ അവരുടെ സംഭാവനകൾ. സാഹിത്യത്തെക്കുറിച്ച് അത്രയേറെ എഴുതുന്നതിനിടയിൽ വ്യാകരണത്തെയും ഭാഷാശാസ്ത്രത്തെയും കുറിച്ച് ഇത്രയെങ്കിലും എഴുതിയല്ലോ എന്നത് ആദരാതിശയത്തോടെ കാണാം.

              ലീലാവതിയുടെ വ്യാകരണചിന്തകൾ വലിയ ഒരു ചിന്താപദ്ധതിയായി വികസിച്ചു വരാതിരുന്നത് കാവ്യാലോചനാവ്യഗ്രതയുടെ തിരത്തള്ളലുകൊണ്ടാണെന്ന് പറയുന്നതുപോലെ അവരുടെ ചിന്തകളെ വ്യാകരണത്തിന്റെ മേഖലയിലേക്ക് ഉപനയിക്കുന്നത് ഗുരുഭക്തിയുടെ സൂര്യവെളിച്ചമാണെന്നും കരുതാം.  എത്രമാത്രം അവരെ സ്വാധീനിച്ചു ആ മഹാഗുരു എന്നറിയാൻ ആന്റണി മാഷെ അടുത്തറിയാൻഎന്ന പുസ്തകത്തിൽ അവർ എഴുതിയ പ്രൊഫ. സി.എൽ.ആന്റണി എന്ന അനുസ്മരണപഠനം വായിച്ചാൽ മതി. തന്റെ വ്യാകരണപരമായ ലേഖനങ്ങളുടെ പ്രമേയസ്വീകരണത്തിൽ അദ്ദേഹത്തിന്റെ ധൈഷണികജീവിതം ചെലുത്തിയ സ്വാധീനവും വിളിച്ചോതുന്നുണ്ട് പ്രസ്തുത ലേഖനം. ഗുരുവിനോടുള്ള ബഹുമാനാദരങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് മൊഴിപ്പുറത്തുള്ള ഒരനുഷ്ഠാനം കൊണ്ടല്ല, മറിച്ച്, അദ്ദേഹം ചൊരിഞ്ഞ വെളിച്ചത്തിൽ നിന്ന് ഊർജ്ജം സ്വീകരിച്ച് അവർ മുന്നേറിയ ദൂരങ്ങൾകൊണ്ടാണ്.

          മലയാളത്തിലെ പിൻവിനയെച്ചപ്രത്യയത്തിന്റെ ആഗമത്തെക്കുറിച്ചുള്ള കേരളപാണിനിയുടെ  നിരീക്ഷണത്തെ വിമർശനാത്മകമായി പരിശോധിക്കുന്നതാണ് വ്യാകരണമേഖലയിലെ ഒരു ലേഖനം.   കന്നടത്തിലെ മാഡല, തെലുങ്കിലെ ചേയന ഇവയിൽ കാണുന്ന രൂപങ്ങൾക്കു സമാനമാണ് മലയാളത്തിലെ ചെയ്യാൻ എന്ന നിരീക്ഷണത്തിലെ ചില പിശകുകളാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. മലയാളത്തിലെ പിൻവിനയെച്ചം പോലെയല്ല മറിച്ച്, ചെയ്യൽ എന്ന രൂപത്തിലുള്ള ക്രിയാനാമമായിട്ടാണ് അതിന്റെ പ്രയോഗം എന്ന വാദത്തിന്മേലാണ് ലേഖനം ഉറപ്പിച്ചിരിക്കുന്നത്. പിൻവിനയെച്ചത്തിന്റെ വിവക്ഷയ്ക്ക് ഉദ്ദേശികാപ്രത്യയം ചേർന്ന രൂപത്തിനുള്ള സാമ്യത്തെക്കുറിച്ച് കേരളപാണിനി വിശദമാക്കിയിട്ടുണ്ട്. ചെയ്യാൻ കഴിഞ്ഞു എന്ന പിൻവിനയെച്ചരൂപത്തിന് ചെയ്യലിന് കഴിഞ്ഞു എന്ന രൂപത്തോടുള്ള സാമ്യം അദ്ദേഹം കണ്ടിട്ടുണ്ട്എന്നർത്ഥം. ഉകാരമായ ഭാവിരൂപമാണ് അതിന്റെ ആധാരമെന്നാണ് കേരളപാണിനിയുടെ മതം. തമിഴിൽ അത് വർണ്ണമാറ്റം വന്ന് വാൻ പാൻ ആയി. മലയാളത്തിൽ, ചെയ്യുവാൻ എന്നതിലെപ്പോലെ ഉകാരത്തിനുശേഷം ആൻ വന്ന് ആ രൂപം ഉറയ്ക്കുകയും ക്രമേണ ഉകാരത്തെ അപ്രസക്തമാക്കിക്കൊണ്ട് ചെയ്യാൻ എന്നതിലെപ്പോലെ ആൻ മാത്രമായി പ്രാബല്യത്തിൽ. വരുവാൻ -വരാൻ, ഇരിക്കുവാൻ – ഇരിക്കാൻ, എന്നിങ്ങനെയുള്ള രൂപങ്ങളിൽ ഭവ്യർത്ഥകമായ ഉകാരം (അതിന്റെ സന്ധിപരിണാമമായ വകാരവും) ലോപിക്കുന്നത് മലയാളത്തിൽ ഉറച്ചുപോയി എന്നത്രേ അദ്ദേഹത്തിന്റെ നിഗമനം.  മുൻ-പിൻവിനയെച്ചങ്ങളിൽ ഭൂതഭാവികളുടെ അതാത് കാലപ്രത്യയങ്ങൾ തന്നെയാണ് വിനയെച്ചമായി കാണുന്നത് എന്ന ആശയത്തെ ഉറപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എൽ.വി.ആർ. പിൻവിനയെച്ചപ്രത്യയം രൂപപ്പെട്ടുവരുന്നത് വിനയെച്ചനാമത്തിൽ നിന്നാണ് എന്നാണ് അനുമാനിക്കുന്നത്. ഈ വാദത്തെ കെ.എൻ.എഴുത്തച്ഛന്റെ നിരീക്ഷണങ്ങളുടെ പിൻബലത്തിൽ സമർത്ഥിക്കുകയാണ് ലീലാവതി ചെയ്തിട്ടുള്ളത്. “വന്തേൻ എന്നതിന് ഞാൻ വന്നു എന്ന അർത്ഥം, പൂർണ്ണാഖ്യാതമാകുമ്പോൾ എന്നാൽ വന്തേനുക്ക് എന്നാകുമ്പോൾ വന്ന എനിക്ക് എന്നാണർത്ഥം. അവിടെ വന്തേൻ, വന്ന ഞാൻ ആണ്. പോവാൻ വരുവാൻ മുതലായവ ആഖ്യാതമാകുമ്പോൾ അവൻ പോകും,  അവൻ വരും എന്ന് ഭാവികാലത്തെ മാത്രം കുറിക്കും; വിനയെച്ച നാമമാകുമ്പോൾ പോകുന്ന അവൻ, വരുന്ന അവൻ (പോകുന്നോൻ, പോകുന്നവൻ, പോയോൻ, പോയവൻ എന്നീ രൂപങ്ങളെ പേരെച്ചനാമമായി കരുതാം) എന്നു വർത്തമാനത്തെയും പോകുംഅവൻ, വരും അവൻ എന്ന് ഭാവിയെയും കുറിക്കും. ഭാവ്യർത്ഥസൂചകമായ വിനയെച്ചനാമം പിൻവിനയെച്ചമായിത്തീർന്നു” എന്നാണ് എത്തുന്ന നിഗമനം. കേരളപാണിനീയത്തിലെ പിൻവിനയെച്ച സങ്കല്പത്തിനപ്പുറം ചിന്തിച്ചിട്ടാല്ലത്തവർ ഇത് അറിഞ്ഞിരുന്നേ മതിയാവൂ എന്നാണവരുടെ താല്പര്യം.

                   അകർമ്മകസകർമ്മങ്ങളും കേവലപ്രയോജകങ്ങളുംഎന്ന ലേഖനത്തിൽ കേരളപാണിനീയത്തിലെ ക്രിയാവിഭജനത്തിന്റെ സങ്കീർണ്ണതകളെ പരിഹരിക്കാനാണ് ലീലാവതിയുടെ ശ്രമം. കേവലം – പ്രയോജകം, സകർമ്മകം-അകർമ്മകം, കാരിതം-അകാരിതം എന്നിങ്ങനെയുള്ള കേരളപാണിനീയത്തിലെ വിഭജനങ്ങൾ ഒരേ വീക്ഷണകോണിലുള്ളവയല്ല. കേവലത്തെ പ്രയോജകമാക്കുന്നതിനെക്കുറിച്ചും സകർമ്മകത്തെ അകർമ്മകമാക്കുന്നതിനെക്കുറിച്ചും കാരിതത്തെ അകാരിതമാക്കുന്നതിനെക്കുറിച്ചും എല്ലാം വിശദീകരിക്കുമ്പോൾ പ്പി, ത്തു, ക്ക് എന്നീ പ്രത്യയങ്ങളുടെതന്നെ പലതരത്തിലുള്ള പ്രയോഗം വ്യാകരണവിചാരത്തിൽ പല പ്രകാരത്തിലുള്ള സങ്കീർണ്ണതകൾ സൃഷ്ടിക്കുന്നുണ്ട്. ആ സങ്കീർണ്ണതകളെ ഏറെക്കുറെ  വസ്തുനിഷ്ടമായി

Comments

comments