വ്യക്തിവാദവും ആവിഷ്‌ക്കാരസ്വാതന്ത്ര്യവും കമ്യൂണിസ്റ്റ് ദൈവത്തിന്റെ പരാജയവും… മലയാളത്തിൽ കവിത, നാടകം, നോവൽ, സാഹിത്യനിരൂപണം തുടങ്ങിയവയെ മാത്രമല്ല, സിനിമ, കലാചിന്തകൾ, സാംസ്‌കാരിക സംഘടനകൾ, മാധ്യമപ്രവർത്തനം തുടങ്ങിയ മേഖലകളെയും അടിമുടി പൊളിച്ചെഴുതിത്തുടങ്ങി. 1957-ൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയിട്ടും സാംസ്‌കാരികമണ്ഡലം വൻതോതിൽ അതിന്റെ കാഴ്ചപ്പാടുകളിലുറച്ചുനിന്നു. 1960കൾ ഈ പരിണാമത്തിന്റെ ഉച്ചഘട്ടമായി. 1980കൾ പൂർത്തീകരണഘട്ടവും. 1950-90 കാലത്തെ മലയാള വരേണ്യ-ജനപ്രിയസാഹിത്യമണ്ഡലങ്ങൾ ഒരേ തോതിലല്ലെങ്കിലും പ്രതിനിധാനം ചെയ്യുന്നത് ആധുനികതാവാദത്തിന്റെ ഈ രാഷ്ട്രീയ സാംസ്‌കാരികതയെയാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ കമ്യൂണിസത്തോടുളള വിയോജിപ്പും വിമർശനവുമായിരുന്നു മലയാളത്തിലെ ആധുനികതാവാദത്തിന്റെ രാഷ്ട്രീയം. ക്രിസ്റ്റഫർ കോഡ്വലും മറ്റും അവതരിപ്പിച്ച ((Illusion and Reality-യിÂ)യൂറോപ്യൻ ആധുനികതാവാദ വിമർശനത്തെ അതേപടി വിവർത്തനം ചെയ്ത് ഇ.എം.എസുൾപ്പെടെയുളളവർ ആവിഷ്‌ക്കരിച്ച കലാ-സാഹിത്യ വിമർശനങ്ങളുടെ ചുവടുപിടിച്ചാണ് ഇടതുപക്ഷ സാംസ്‌കാരികപ്രവർത്തകർ ആധുനിക സാഹിത്യത്തിനെതിരെ വാളെടുത്തത്. അതിനെതിരെയുളള പ്രതിരോധത്തിന്റെ ചരിത്രംകൂടിയുണ്ട് മലയാളത്തിലെ ആധുനികതാവാദത്തിന്. തകഴിയും ബഷീറും ഉറൂബും മാത്രമല്ല എം.ടിയും പത്മനാഭനും മാധവിക്കുട്ടിയും കമ്യൂണിസത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചവരല്ല. വൈലോപ്പിളളിയും ഇടശ്ശേരിയും അക്കിത്തവും കമ്യൂണിസത്തോടു വിയോജിച്ചു. പോളും അഴീക്കോടും ഗോവിന്ദനും സി.ജെയും ബാലകൃഷ്ണനും അയ്യപ്പപ്പണിക്കരും ദേവനും വിജയനും ആനന്ദും സക്കറിയയും അടൂരും നേരിട്ടുതന്നെ കമ്യൂണിസ്റ്റ് വിമർശനം ഏറ്റെടുത്തു. കെ.പി. അപ്പനുൾപ്പെടെയുളള സാഹിത്യനിരൂപകർ ആധുനികതാവാദത്തിന്റെ ലാവണ്യശാസ്ത്രം പ്രഥമവും പ്രധാനവുമായി കമ്യൂണിസത്തോടുളള വിയോജിപ്പാണെന്നു സ്ഥാപിച്ചു. മുട്ടത്തുവർക്കിയിൽ പൂത്തുലഞ്ഞ ജനപ്രിയസാഹിത്യത്തിന്റെ പ്രത്യക്ഷ രാഷ്ട്രീയം തന്നെ കമ്യൂണിസ്റ്റ് വിരുദ്ധതയായിരുന്നു. മധ്യവർഗ സാമൂഹ്യസ്വരൂപവും ലിബറൽ ജനാധിപത്യ രാഷ്ട്രീയസ്വഭാവവും ഈ സമീപനങ്ങൾക്കുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. പക്ഷെ മുതലാളിത്തവിമർശനത്തിനോ  മാനവികതാവാദത്തിനോ അവ തടസ്സമായില്ല. കമ്യൂണിസ്റ്റ് രാഷ്ട്രീയംതന്നെയും വർഗസമരത്തെക്കുറിച്ചു പ്രസംഗിച്ചപ്പോഴും ഭൂപരിഷ്‌ക്കരണമുൾപ്പെടെയുളളവ മധ്യവർഗത്തിനു വേണ്ടിയാണ് ആസൂത്രണം ചെയ്തതെന്നിരിക്കെ ഇതിലെന്ത് പുതുമ? രാഷ്ട്രീയസ്വഭാവങ്ങളേതുമില്ലാതിരുന്ന അക്കാദമിക വിമർശകർ സാഹിത്യവായനയിൽ പാലിച്ച സൗന്ദര്യാത്മകവീക്ഷണം ആധുനികതാവാദത്തോട് ഇടഞ്ഞും കലഹിച്ചും മുന്നോട്ടുപോയി. 80 കളിൽ നവമാർക്‌സിസ്റ്റ് സാംസ്‌കാരിക സാധ്യതകൾ തിരിച്ചറിഞ്ഞ ഒരു പുതുതലമുറ ഇടതുപക്ഷ വിമർശകരും എഴുത്തുകാരും മലയാളത്തിലെ കലാ-സാഹിത്യമണ്ഡലങ്ങളിൽ ആധുനികതാ വാദത്തെ അഭിസംബോധന ചെയ്തും, തങ്ങളുടെ മുൻഗാമികൾ ചെയ്ത തെറ്റുകൾക്കു പ്രായശ്ചിത്തം ചെയ്തും രംഗത്തുവന്നതിനും ശേഷമാണ് ഇ.എം.എസ്  1992-ലെ പെരുമ്പാവൂർ കുമ്പസാരം നടത്തുത്. അപ്പോഴേക്കും ആധുനികതാവാദം തന്നെ ഏതാണ്ടവസാനിച്ചു കഴിഞ്ഞിരുന്നു.

1990കളിൽ, മുൻപുപറഞ്ഞതുപോലെ ഒരുവശത്ത്, ജനപ്രിയസാഹിത്യ, സിനിമാരൂപങ്ങൾ ടെലിവിഷൻ സൃഷ്ടിച്ച കാഴ്ചയുടെ ഗാർഹിക-സ്വകാര്യമണ്ഡലങ്ങൾക്കു മുന്നിൽ സുല്ലിട്ടു തുടങ്ങി. പത്രം, ടെലിവിഷനെ മാത്രമല്ല, ഒന്നരനൂറ്റാണ്ടിന്റെ സ്വന്തം ചരിത്രത്തെപ്പോലും അമ്പരപ്പിച്ചുകൊണ്ട് വളർച്ചയുടെയും പ്രചാരത്തിന്റെയും രംഗത്ത് നാനൂറുശതമാനത്തിന്റെ കുതിപ്പുനടത്തി. 1992-ൽ ആകെ പന്ത്രണ്ടുലക്ഷം കോപ്പി പ്രചാരമുണ്ടായിരുന്ന മലയാളപത്രങ്ങൾ 2013 ആകുമ്പോൾ നാല്പത്തഞ്ചുലക്ഷം കവിഞ്ഞു.

          മറുവശത്ത്, വരേണ്യതയുടെ ചിറകുവിരിച്ചു പറന്നുനടന്ന ആധുനികതാവാദത്തിന്റെ സാഹിത്യഭാവന പൊതുവിൽ ക്ഷീണിക്കുകയും അവശിഷ്ടസാഹിത്യരൂപമായ നോവൽ ജനപ്രിയതയുടെ പുതിയ ആകാശങ്ങൾ തേടിത്തുടങ്ങുകയും ചെയ്തു. പുതിയ നൂറ്റാണ്ടിന്റെ  ആദ്യദശകം ഈ മാറ്റത്തിന്റെ കളിയരങ്ങായി മാറി. എന്നുവച്ചാൽ മലയാളിയുടെ വായനാചരിത്രം പത്രം, നോവൽ എന്നിവയിൽ തുടങ്ങി ഒരു നൂറ്റാണ്ടു പിന്നിട്ട് അവയിലേക്കുതന്നെ തിരിച്ചുവിരിക്കുന്നു എന്നർത്ഥം.

          മുഖ്യമായും മൂന്ന് തലങ്ങളിലൂടെയാണ് നോവലിന്റെ ഈ ഏകലോകക്രമം മലയാളത്തിൽ നടപ്പാകുന്നത്. ഒന്ന്, വരേണ്യ-ജനപ്രിയമണ്ഡലങ്ങളിലായി നെടുകെ പിളർന്നു നിന്നിരുന്ന ആധുനിക മലയാളനോവലിന്റെ ചരിത്രം അവസാനിക്കുകയും ഇരുമണ്ഡലങ്ങളും അടിസ്ഥാനപരമായ നിരവധി ഭാവുകത്വപരിണാമങ്ങൾക്കു വിധേയമാകുകയും ചെയ്തു.

          ദന്തഗോപുര സാഹിത്യമായി സ്വയം അഭിമാനിച്ചിരുന്ന വരേണ്യരചനകളും അവയുടെ കർത്താക്കളും അഥവാ, ആധുനികതയിൽ വരേണ്യമായിരുന്ന നോവൽഗണം തന്നെ ജനപ്രിയനോവൽ സ്വഭാവങ്ങളിലേക്ക് പലനിലകളിൽ വഴിതിരിഞ്ഞു. ഒരു ഘട്ടത്തിൽ മലയാളത്തിൽ ആധുനികതാവാദത്തിന്റെ പുരോഹിതന്മാരായി വിളികൊണ്ട കാക്കനാടൻ, കോവിലൻ, വി.കെ.എൻ, മേതിൽ തുടങ്ങിയ എത്രയെങ്കിലും എഴുത്തുകാർ ഇക്കാലത്തുടനീളം അക്കാദമികതലത്തിൽ മാത്രം കൗതുകം ജനിപ്പിച്ചു നിലനിൽക്കുകയാണ്. 1990 മുതലുളള കാലത്ത് വായനയിൽ അവർ പൂർവാധികം പരാജയങ്ങളാണ്. ഒരു ഘട്ടത്തിൽ ഇവർക്കൊപ്പം ദന്തഗോപുരവാസികളായിരുന്ന ചിലർ പക്ഷെ ഇക്കാലത്ത് വർധിച്ച വായനാനിരക്കും വിപണിസാന്നിധ്യവും പ്രകടിപ്പിച്ച് തങ്ങളുടെ നോവൽജീവിതത്തിന്റെ രണ്ടാംഘട്ടത്തിനു തുടക്കമിടുകയും ചെയ്തു -വിജയൻ, ആനന്ദ്, മുകുന്ദൻ എന്നിവർ. ഇക്കൂട്ടത്തിൽ ആനന്ദും മുകുന്ദനും വിജയനെക്കാൾ മലയാളനോവലിനെ ആധുനികാനന്തരതയിലേക്കു നയിച്ചവരുമാണ്. വായനക്കാരുടെ എണ്ണമാണോ പ്രധാനം? മാറിയത് എഴുത്താണോ വായനയാണോ അഥവാ എഴുത്തുകാരാണോ വായനക്കാരാണോ? എന്നു തുടങ്ങിയ ചോദ്യങ്ങളിലൊന്നും വലിയ കഥയില്ല. നോവലിൽ മാത്രം പ്രകടമായ ഒരു പ്രവണതയുമല്ല ഇത്. 70-80 കാലത്തെ കലാസിനിമാസംസ്‌കാരം 90 കളുടെ മധ്യത്തോടെ തീർത്തും നിരാകരിക്കപ്പെടുകയും പുതിയൊരു ചലച്ചിത്രഭാഷയും പുതിയൊരുനിര സംവിധായകരും രംഗത്തുവരികയും ചെയ്തല്ലോ. ശൈലിമാറ്റാതെ പിടിച്ചുനിന്ന സംവിധായകർ പച്ചതൊട്ടില്ല.

നോവലിന്റെ സൗന്ദര്യശാസ്ത്രം 90കളിൽ തിരുത്തിയെഴുതപ്പെട്ടതിന്റെ മുഖ്യ രീതിശാസ്ത്രം ആ രൂപം ആദേശംചെയ്ത ജനപ്രിയസ്വഭാവങ്ങൾ തന്നെയാണ്. പ്രമേയം, ഭാഷ, ആഖ്യാനം, സാമൂഹികത തുടങ്ങിയ തലങ്ങളിലെ വഴിമാറ്റം ഇതിനു സഹായകമായി. കാല്പനികതയുടെ ഗദ്യപാഠങ്ങളായി മലയാളം ഏറ്റെടുത്ത ബഷീറിന്റെയും എം.ടി.യുടെയും കൃതികൾക്കൊപ്പം ഖസാക്കും‘ ‘മയ്യഴിയും 90കളിൽ കൈവരിച്ച വർധിച്ച വായനാപരത ഒരുവശത്ത്. മരുഭൂമികൾ ഉണ്ടാകുത്തൊട്ടുളള ആനന്ദിന്റെ നോവലുകളും ദൈവത്തിന്റെ വികൃതികൾതൊട്ടുളള മുകുന്ദന്റെ നോവലുകളും വായനയിൽ സൃഷ്ടിച്ച തരംഗം മറുവശത്ത്. മലയാളനോവലിൽ ആധുനികത പടംപൊഴിച്ച ഈ നോവലുകൾക്കൊപ്പം തന്നെയാണ് പെരുമ്പടവം ശ്രീധരന്റെ ഒരു

Comments

comments