ന്തിനു വേണ്ടിയായിരിക്കണം ഒരു സമൂഹത്തിൽ കല നിലനിൽക്കേണ്ടതും വളരേണ്ടതും പടരേണ്ടതും എന്ന് ഓർമ്മിപ്പിക്കുന്ന മഹാന്മാരായ രണ്ട് എഴുത്തുകാരുടെ  സ്മരണയിലായിരുന്നു കഴിഞ്ഞ ഒക്ടോബർ കടന്നു പോയത്- ഒരാളുടെ ജന്മവാർഷികം, മറ്റൊരാളുടെ ചരമവാർഷികം. നമ്മുടെ കാവ്യഭാവനയുടെ മാത്രമല്ല വ്യക്തിയെയും സമൂഹത്തെയും ശാക്തീകരിക്കുന്ന ദിശയിലേക്ക് നമ്മുടെ രാഷ്ട്രീയ-സാമൂഹിക ദർശനത്തിന്റെയും ചക്രവാളങ്ങളെ വളർത്തുന്നവയായിരുന്നു അവരുടെ എഴുത്തുകൾ. ഇതിഹാസതുല്യരായ രണ്ട് പേർ. മജ്രു സുൽത്താൻപുരിയും സഹിർ ലുധ്യാൻവിയും. രണ്ട് പേരുടെയും ജീവിതങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.

ഉത്തർപ്രദേശിലെ സുൽത്താൻപുരിയിൽ 1919 ഒക്ടോബർ 1നു ജനിച്ച്  2000 മേയ് 24നു മരണമടഞ്ഞ മജ്രൂ സുൽത്താൻപുരിയുടെ പ്രാഥമിക വിദ്യാഭ്യാസം മദ്രസയിലായിരുന്നു. അതിനു ശേഷം  ഹക്കീം (പരമ്പരാഗത ചികിത്സകൻ) ആകാനുള്ള പരിശീലനകാലത്താണു എഴുതാനുള്ള തന്റെ കഴിവ് അദ്ദേഹം തിരിച്ചറിയുന്നത്. 50 വർഷം നീണ്ട എഴുത്തുജീവിതത്തിൽ രാജ്യസ്നേഹം, സാമൂഹിക ഐക്യം, വിപ്ലവം എന്നിവയെക്കുറിച്ചുള്ള പാട്ടുകൾ മാത്രമല്ല ഇണപ്രാവുകളുടെ കുസൃതികളെക്കുറിച്ചും കൗമാരചാപല്യങ്ങളെക്കുറിച്ചും അദ്ദേഹം എഴുതി. ഗൂം ഹെ കിസി നാം മെ, യെ ദിൽ ന ഹോതാ ബേച്ചാരാ, ചുരാ ലിയ ഹെ തുംനെ ജൊ ദിൽ കൊ, ഹമെ തുംസെ പ്യാർ കിത്നാ.., കിത്നാ പ്യാരാ വാദാ ഹെ ഇൻ മത് വാലി ആംഖോംകാ, തെരെ മെരെ മിലൻ കി രെ രെയ്നാ, ചുപാ ലൊ ദിൽ മെ യു പ്യാർ മെരാ.., ഏക് ലഡ്കി ഭീഗി ഭാഗി സി.., മേരി ഭീഗി ഭീഗി സി…’, അടുത്തകാലത്ത് പാപാ കഹതെ ഹെ, പഹലാ നഷാ, പഹലാ ഖുമാ, സുൻതാ ഹെ, മെരാ ഖുദാ, ആജ് മെ ആഗെ, ആസ്മാൻ നീചെ…’ എന്നിവ അദ്ദേഹത്തിന്റെ മറക്കാനാവാത്ത ചില ഗാനങ്ങളാണു.

 

മെലഡിയുടെ എല്ലാ സാധ്യതകളിലൂടെയും മനുഷ്യജീവിതത്തിന്റെ എല്ലാ ഭാവങ്ങളെയും പകർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഏകാന്തത, വിരഹം, തീവ്രമായ നോവ്, യാതന എന്നീ അവസ്ഥകളെയും ഭാവങ്ങളെയും  ചലച്ചിത്രഗാനങ്ങളിലേക്ക് കൊണ്ടുവരികയും അവയെല്ലാം ജനകീയമാവുകയും ചെയ്തത് മജ്രൂ സുൽത്താൻപുരിയുടെ മികച്ച നേട്ടങ്ങളിലൊന്നാണു. കിത്നി അകേലി, കിത്നി തൻഹാ, കോയി നഹി ഹെ, ഫിർ ഭി മുഝെ നാ ജാനെ ഹെയ്ൻ കിസ്കാ ഇന്തസാർ, കഭി തോ മിലേഗി, കഭി തോ മിലേഗി, ചുപാ ലോ ദിൽ മെ യു പ്യാർ മെരാ, ദിൽ പുകാരെആ രെ, ആ രെ, ജൽതെ ഹെ ജിസ്കേ ലിയേ, തേരി ആംഖോം കെ ദിയെ, രഹെ നാ രഹെ ഹം മഹകാ കരേംഗെ എന്നിവ അവയിൽ ചിലതാണു. ദേവ് ആനന്ദും ഗുരു ദത്തും സംവിധാനം ചെയ്ത ചിത്രങ്ങളിലെ ഗാനങ്ങൾ ചലച്ചിത്രഗാനരംഗത്ത് പുതിയ വഴികൾ തേടുന്നവയായിരുന്നു.
മജ്രു തന്റെ തത്വചിന്ത ഈ വരികളിൽ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നു:

 

          തോറ്റ് പോകെ നിർത്താതിരിക്കുക
          മുൾവഴി ചവിട്ടി നടക്കുക
          വഴിയിൽ നീ വസന്തത്തെ കണ്ടുമുട്ടും
          സുഹൃത്തേ, പ്രിയ സുഹൃത്തേ..

വഴിയുടെ സമ്മാനങ്ങളെല്ലാം കിട്ടാനിരുന്നവർക്ക് കൊടുത്ത്
നിനക്ക് കിട്ടിയ കണ്ണീരുമായി
നിന്റെ സ്വപ്നങ്ങളും പേറി ഒറ്റയ്ക്ക് നടക്കയാണു നീ,
ആരുമില്ലെങ്കിലും സ്നേഹത്തിന്റെ സ്വപ്നങ്ങളുണ്ട് നിനക്കൊപ്പം

 

എങ്കിലും നടക്കുക, നിന്റെ ഹൃദയത്തെ ഒപ്പം ചേർത്ത്,
നിന്റെ വിധി, നിന്റെ ലക്ഷ്യം, അടുത്ത് വരുന്നു,
നിന്റെ വിളി കേട്ട് ആരെങ്കിലും നിൽക്കുന്നുണ്ടോ എന്ന് നോക്കുക

പഞ്ചാബിലെ ലുധിയാനയിൽ 1921 മാർച്ച് 8നു ജനിച്ച സഹീർ ലുധ്യാൻവി 1980 ഒക്ടോബർ 25നു അന്തരിച്ചു. ഒരു പെൺകുട്ടിയോടൊപ്പം പൂന്തോട്ടത്തിലിരുന്നു എന്ന കാരണത്താൽ കോളേജിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം ലാഹോറിലാണു അദ്ദേഹം പഠനം തുടർന്നത്. വിഭജനത്തോടെ 1947ൽ അദ്ദേഹം തിരികെ ഇന്ത്യയിലെത്തി. ഒരു തരത്തിൽ ഇന്ത്യൻ കവിതയുടെ തുക്കാറാം-കബീറാണു സഹീർ. സ്വാഭാവികവും അതീവതീക്ഷ്ണവുമായ  ഒരു റാഡിക്കൽ വിപ്ലവധാര കൊണ്ട് സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. മറ്റ് ചിലപ്പോൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ തോറ്റ് പോയ സ്വപ്നങ്ങളിൽ നിന്നുടലെടുത്ത നിരാശയും അതിൽ നിന്ന് ഉയർന്ന നിസ്സഹായതയും ആ വരികളിൽ ഇടം കണ്ടെത്തി.

സമൂഹത്തിന്റെ മൂല്യച്യുതിയെപ്രതിയുള്ള നിശ്ചേതമായ വേദന ആ വരികളിൽ കാണാതിരിക്കാനാവില്ല. എന്നാൽ ഈ ജഢമായ നോവിനു ജീവിതത്തോട് സഹീർ നിസ്സംഗമായ അകൽച്ച കാട്ടിയിരുന്നു എന്നർത്ഥമില്ല. മറിച്ച് സ്ഥിരമായി സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റങ്ങൾക്കു വേണ്ടി അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. ചലച്ചിത്രഗാനങ്ങളിലൂടെയും കവിതയിലൂടെയും ലഭ്യമായ എല്ലാ വേദികളിലൂടെയും സമത്വത്തിനും വിമോചനപ്പോരാട്ടങ്ങൾക്കും ശക്തി പകരും വിധം ജനവികാരത്തെ വഴി തിരിക്കാൻ എന്നും അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു.

സഹീർ തന്റെ പേന കൊണ്ട് അനശ്വരമാക്കിയ വരികൾ വിളിച്ചു കാട്ടുന്നത് അദ്ദേഹത്തിന്റെ ജീവിതദർശനത്തെയും ലക്ഷ്യത്തെയുമാണു. പ്യാസ, നയാ ദൗർ’,ഫിർ സുബഹ് ഹോഗി എന്നിവയാണു അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങൾ. പ്യാസയിൽ  പ്രണയത്തിൽ സ്വയം നഷ്ടപ്പെട്ട് ലോകവ്യവഹാരങ്ങളുടെ നിരർത്ഥകളിൽ നിന്ന് വിമുക്തി നേടിയ ഒരു കവി ഭൗതികജീവിതത്തിന്റെ ഐറണികളെക്കുറിച്ച് പറയുന്നതാണു പ്യാസയുടെ പ്രമേയം. ആധുനികതയും ജീവിതസമരവും – ബസ്സും കുതിരവണ്ടിയും (ടാംഗ) – തമ്മിലുള്ള സംഘർഷമായിരുന്നു നയാ ദൗർ പറഞ്ഞത്. ദസ്തെവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന കൃതിയെ അടിസ്ഥാനമാക്കി രമേഷ് സൈഗൾ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫിർ സുബഹ് ഹോഗി. അവയിലെ ചില ഗാനങ്ങളായ- ജിൻഹെ നാസ് ഹെ ഹിന്ദ് പർ, യെ ദുനിയാ അഗർ മിൽ ഭി ജായെ തൊ ക്യാ ഹെ.., ഹം ആപ്കി ആംഖോം മെ ഇസ് ദിൽ കൊ ബസാ ദേംഗെ, വൊ സുബഹ് കഭി തൊ ആയേഗി, ചിനോ അറാബ് ഹമാര, ആസ്മാൻ പെ ഹെ ഖുദ, ഔർ സമീൻ പെ ഹെ, മാംഗ് കെ സാഥ് തുമാരാ, മാംഗ് ലിയാ സൻസാർ, യെ ദേശ് ഹെ വീർ ജവാനോം കാ, സാഥി ഹാഥ് ബഢാന, ഏക് ദീവാനാ ആതെ ജാതെ ഛേദാ കരെ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ഗാനങ്ങളിൽ ചിലതാണു.

സഹീർ ലുധ്യാൻവിയെയും മജ്രൂ സുൽത്താൻപുരിയെയും ഒരുമിച്ച് നിർത്തുന്ന ഏറ്റവും ശക്തമായ കണ്ണി 1935ൽ ഇംഗ്ലണ്ടിൽ വെച്ചും പിന്നീട് ഇന്ത്യയിൽ ലഖ്നൗവിലും സ്ഥാപിതമായ പുരോഗമന സാഹിത്യ സംഘം (Progressive Writers Association’) ആയിരുന്നു. സമത്വത്തിനും സ്വാതന്ത്ര്യത്തിനും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് നീതി ലഭിക്കുന്നതിനുമായി നിലകൊണ്ടിരുന്ന, മുഖ്യമായും  പുരോഗമന ഉർദ്ദു, കവികളുടെ കൂട്ടായ്മയായിരുന്നു അത്. ഇസ്മത് ഛുഗ്തായ്, ഫൈസ് അഹ്മെദ് ഫൈസ്, ജോഷ് മൈലാബാദി, സദത് ഹസൻ മൻതൊ, ഭീഷ്മ സാഹ്നി, അഹ്മദ് ഫരസ്, രജീന്ദെർ സിംഗ് ബേദി, ജഹിൻസർ അഖ്തർ, നിരാല, അമൃത് ലൈ നഗർ, ഭരത് ഭൂഷൺ അഗർവാൾ, രാഹുൽ സംകൃത്യായൻ എന്നിവരെല്ലാം ആ മുന്നേറ്റത്തെ ശക്തിപ്പെടുത്തിയ പ്രധാനികളായിരുന്നു. സഹീറും ലുധ്യാൻവിയും തങ്ങളുടെ വരികളിലൂടെയും പാട്ടുകളിലൂടെയും എഴുത്തുകളിലൂടെയും ജനകീയമായ തങ്ങളുടെ ഗാനങ്ങളിലൂടെയും ഇതിനു ആക്കം കൂട്ടിയവരായിരുന്നു. മുൾക് രാജ് ആനന്ദും മുൻഷി പ്രേംചന്ദും 75ല്പരം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച പുരോഗമന സാഹിത്യ സംഘം ഇന്ന് അതിന്റെ ദിശയും വഴിയും കണ്ടെത്താൻ ബുദ്ധിമുട്ടുന്നു എന്നത് സങ്കടകരമാണു. സഹീറിന്റെയും സാഹിത്യസംഘത്തിന്റെ തന്നെയും ജീവിതത്തെയും ലക്ഷ്യത്തെയും കുറിച്ച് പാടുന്ന വരികളൊന്ന് ശ്രദ്ധിക്കൂ.

 

കൈ തരിക പ്രിയ സഖാവേ,
ഞാനൊറ്റയ്ക്കെന്നാൽ തളരുമെന്നതാൽ
നമുക്കീ ചുമട് ഒന്നിച്ചെടുക്കാം,
പ്രിയ സഖാവേ, കൈ തരിക

 

നാം തൊഴിലാളികൾ ഒരുമിച്ച് മുന്നോട്ട് പോകെ
          നമുക്ക് വഴി മാറിത്തരുന്നു സമുദ്രം, തലകുനിക്കുന്നു പർവ്വതം,
         
ഇരുമ്പിന്റെ ഹൃദയങ്ങളും ലോഹത്തിന്റെ കൈകളും;
          വേണമെന്നാകിൽ കുന്നുകളിൽ നാം വഴി വെട്ടും
          പ്രിയ സഖാവേ, കൈ തരിക

ഒന്നുമൊന്നും ചേർന്ന് തുള്ളികളൊരു സമുദ്രം തീർക്കുകിൽ,
ഒന്നുമൊന്നും ചേർന്ന്  വിത്തുകളൊരു കുന്നൊരുക്കുകിൽ,
ഒന്നുമൊന്നും ചേർന്ന് മനുഷ്യർ വിധി തീർക്കുകിൽ,
പ്രിയ സഖാവേ, കൈ തരിക

 

വർഷങ്ങൾക്കു മുൻപ് ഒരു ഒക്ടോബറിലാണു പഴയ സോവിയറ്റ് യൂണിയനിൽ സാറിസ്റ്റ് ദുർഭരണത്തിനും ചൂഷണത്തിനുമെതിരെ കർഷകരും തൊഴിലാളികളും വിപ്ലവം നയിച്ചത്. മനുഷ്യത്വവും പുരോഗമനപരമായ ആധുനികതയും വിമോചനപ്പോരാട്ടങ്ങളിൽ ജീവിതവും കലയും ഒരുമിക്കുന്നതിനെക്കുറിച്ചുമൊക്കെ ഓർമിപ്പിക്കുന്ന സഹീർ ലുധ്യാൻവിയുടെയും സുൽത്താൻപുരിയുടെയും ഓർമ്മകൾ മറ്റൊരു ഒക്ടോബർ വിപ്ലവമാണു ഉത്ഘോഷിക്കുന്നത്. ആ കലാകാരന്മാർ ജനിക്കുകയും മരിക്കുകയും ചെയ്ത ചെമന്ന, മണ്ണിന്റെ നിറമാർന്ന, പച്ചിച്ച ഒക്ടോബറിനു അഭിവാദ്യങ്ങൾ.  

 

 

                                      -രാഹുൽ മാനെ, [email protected] (09654093359)

 

———————————————————————————————————————

 

 

 

 

Comments

comments