ഭാരതത്തിലെ പക്ഷി ശാസ്ത്രത്തിന്റെ പിതാവായ സാലിം അലി തന്റെ ആത്മകഥയായ ഒരു കുരുവിയുടെ പതനത്തില്‍(The fall of a sparrow)  ഇങ്ങനെ പറഞ്ഞു: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവും ധന്യമായ പക്ഷി സങ്കേതമായി തട്ടേക്കാട്‌ എന്നും എന്‍റെ മനസ്സില്‍ നില്‍ക്കും, കിഴക്കന്‍ ഹിമാലയ മേഖലയെ മാത്രമേ തട്ടേക്കാടിനോട് താരതമ്യപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

തട്ടേക്കാടിനെ കിളികളുടെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നതില്‍ തീര്‍ത്തും അതിശയോക്തിയില്ല. കേരളത്തില്‍ കാണപ്പെടുന്ന അഞ്ഞൂറില്‍ പരം പക്ഷികളില്‍ 320 ല്‍ പരം പക്ഷികള്‍ തട്ടേക്കാട്‌ കാണപ്പെടുന്നു.വെള്ളിമൂങ്ങ, മലബാര്‍ കോഴി, കോഴിവേഴാമ്പല്‍, തീക്കാക്ക; ലോകത്തു തന്നെ അപൂർവ്വങ്ങളായ  മാക്കാച്ചി കാട (Ceylon frogmouth)ചെവിയന്‍ രാച്ചുക്ക് (Great-eared Nightjar) ,റിപ്പ്ളി മൂങ്ങ, കാലന്‍ കോഴി , കൊള്ളിയാന്‍, ചെവിയന്‍ നത്ത് തുടങ്ങിയ സ്ഥിരവാസികളും സൈബീരിയയില്‍ നിന്നും ഹിമാലയത്തില്‍ നിന്നും യൂറോപ്പില്‍ നിന്നുമൊക്കെ മഞ്ഞുകാലത്തെ അതിശൈത്യത്തില്‍ നിന്നും രക്ഷ തേടി അനേകായിരം കിലോമീറ്ററുകള്‍ താണ്ടിയെത്തുന്ന ദേശാടന പക്ഷികളായ കറുത്ത പൂവന്‍പരുന്ത്, കാവി, നാകമോഹന്‍ മുതലായ പക്ഷികളും ഇവിടെ  ധാരാളമായി കണ്ടു വരുന്നു.

തട്ടേക്കാടിലെ നിത്യഹരിതവനങ്ങള്‍, ശുദ്ധജലം, ചതുപ്പ്നിലങ്ങള്‍, പെരിയാറിലെ അമൂല്യമായ മത്സ്യസമ്പത്ത്, ഇവയൊക്കെ നീര്‍പക്ഷികള്‍ക്കും മറ്റു പക്ഷികള്‍ക്കും സൌഹൃദപരമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നു.

പക്ഷികള്‍ക്ക് പുറമേ ശലഭങ്ങളും , ആന, കടുവ, കാട്ടുപന്നി, കാട്ടുപൂച്ച, കാട്ടുനായ്‌, നാടന്‍ കുരങ്ങ്, പുലി, മാന്‍, കുട്ടിതേവാങ്ക്, കാട്ടുപോത്ത്, ഉടുമ്പ്, ഈനാമ്പേച്ചി, മ്ലാവ്, കേഴമാന്‍, കൂരമാന്‍, കീരി, മുള്ളന്‍പന്നി, മരപ്പട്ടി, ചെറുവെരുക്, മലയണ്ണാന്‍, കരടി മുതലായ മൃഗങ്ങളും കുഴിമണലി മുതല്‍ പെരുമ്പാമ്പും രാജവെമ്പാലയും വരെയുള്ള ഉരഗങ്ങളും സങ്കേതത്തിലുണ്ട്.

തട്ടേക്കാടിന്റെ ചരിത്രം

കൊച്ചിയിൽ നിന്നും തട്ടേക്കാട്  വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യപാത. 1924 ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ രാജപാതയിലെ കരിന്തിരി മലയിടിഞ്ഞ് റോഡ് നാമാവശേഷമായി. തന്മൂലം മൂന്നാറിന് കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന് രാജഭരണകാലത്ത് തന്നെ ആലുവാ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ നേര്യമംഗലത്ത് പുതിയ പാലവും നിര്‍മിക്കപ്പെട്ടത്.

തിരുവതാംകൂര്‍ മഹാരാജാവിന്റെ നിര്‍ദേശപ്രകാരം 1934 ല്‍ ആണ് ആദ്യമായി സാലിം അലി തട്ടേക്കാട് എത്തുന്നത്. നൂറില്‍പരം പക്ഷികളെ മാത്രമേ അന്ന് കണ്ടെത്താനയെങ്കിലും കൂടി  അന്നേ അദ്ദേഹത്തിനു തട്ടേക്കാടിന്റെ ജൈവ വൈവിധ്യത്തെ പറ്റി തികഞ്ഞ ബോധ്യം ഉണ്ടായിരുന്നു. അതിനു ശേഷം  പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1950 കളിൽ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാർശ ചെയ്തിരുന്നു. 1970-കളിൽ സാലിം അലി പ്രദേശത്തു നടത്തിയ സർവേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ്‌ ഈ പക്ഷിസങ്കേതത്തിന്‌ ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്‌.

തട്ടേക്കാടിന്റെ വന്യഭംഗിയിലൂടെ ഒരു പ്രകൃതി യാത്ര

ഗുജറാത്തിലെ തപ്തി നദി മുതകന്യാകുമാരിവരെ 1600 കിലോമീറ്ററില്‍ നീണ്ടു കിടക്കുന്ന ജൈവ വൈവിധ്യമേഖലയായ പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ കുട്ടമ്പുഴ പഞ്ചായത്തിലാണ് തട്ടേക്കാട്‌. എറണാകുളം ജില്ലയിലുള്ള കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് കോതമംഗലംപട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ യാത്ര ചെയ്‌താല്‍ എത്തിച്ചേരാം. തട്ടേക്കാട്‌ എന്ന പദത്തിനര്‍ത്ഥം പരന്ന കാട് എന്നാണ്.  ഈ പ്രദേശം പെരിയാറിന്റെയും പെരിയാറിന്റെ പോഷക നദിയായ കുട്ടമ്പുഴ ആറിന്റെയും ഇടയില്‍ സ്ഥിതി ചെയ്യുന്നു.  പെരിയാറിന്റെ കൈവഴികള്‍ക്കിടയില്‍ ഉപദ്വീപുപോലെ 25 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് പക്ഷിസങ്കേതം. ഇടതൂര്‍ന്ന കാടുകളില്‍ തേക്ക്, ഈട്ടി, മഹാഗണി തുടങ്ങിയ മരങ്ങള്‍ സമൃദ്ധിയായി വളരുന്നു. സങ്കേതത്തിനു ചുറ്റും കുട്ടമ്പുഴ ആര്‍ ശാന്തമായി  ഒഴുകുന്നു. സങ്കേതത്തിലെ നടപ്പാതയിലൂടെ കാലത്ത് പക്ഷിനിരീക്ഷണത്തിന് ഇറങ്ങുന്നത് ഹൃദ്യമായ ഒരനുഭവമാണ്. ചുറ്റും ഇടതൂര്‍ന്ന മരങ്ങള്‍, പക്ഷികളുടെ കളകളാരവം, മരകൊമ്പുകളില്‍ നിശബ്ദരായി ഉറക്കംതൂങ്ങുന്ന മാക്കാച്ചി കാടകളും രാച്ചുക്കുകളും പോലെയുള്ള അപൂര്‍വ ഇനങ്ങളില്‍ ഉള്ള പക്ഷികള്‍. നടപ്പാതയിലൂടെ ഒരു മണിക്കൂര്‍ സാവധാനം നടന്നാല്‍ ചുരുങ്ങിയത് അമ്പത് ഇനം പക്ഷികളെയെങ്കിലും കാണാന്‍ സാധിക്കും. പക്ഷി നിരീക്ഷണത്തിന് ആവശ്യമായ ഉപകരണങ്ങളായ ബൈനോക്കുലറും ക്യാമറയും കരുതാന്‍ മറക്കരുത്.

ഇവിടെയ്ക്ക് എത്തുന്നവര്‍ക്ക്  വേണ്ട സൌകര്യങ്ങള്‍ ഒരുക്കി വനം വകുപ്പും ഒപ്പമുണ്ട്. ഇന്‍സ്പെക്ഷന്‍   ബംഗ്ലാവ്, ഡോര്‍മിട്ടറി, വാച്ച്ടവര്‍, എന്നീ താമസ സൌകര്യങ്ങള്‍ പക്ഷി സങ്കേതത്തെ അറിയാന്‍ ഉപകരിക്കുന്ന വിധം ഇന്‍ഫര്‍മേഷന്‍ സെന്ററും, ഒരു ശലഭ ഉദ്യാനവും ഇവിടെയുണ്ട്. ആറു മണി മുതല്‍ ആറു മണിവരെ പക്ഷി നിരീക്ഷണം നടത്താം.  ഇതിനായി ആവശ്യമെങ്കില്‍ പരിശീലനം ലഭിച്ചിട്ടുള്ള പക്ഷിനീരീക്ഷകരായ വഴികാട്ടികളുടെ സേവനവും ലഭ്യമാണ്.

ഇവിടെയ്ക്കെത്തിച്ചേരാ
കോതമംഗലത്തു നിന്നും 13 കിലോമീറ്ററും, ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 48കിലോമീറ്റര്‍ , നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും 42കിലോമീറ്ററും സഞ്ചരിച്ചാല്‍ തട്ടേക്കാട്‌ എത്താം.

സുധീഷ്‌ തട്ടേക്കാട്‌

ലേഖകന്‍ തട്ടേക്കാട് സ്വദേശിയും ഫോട്ടോഗ്രാഫറും, പക്ഷിനിരീക്ഷകനുമാണ്.

https://www.facebook.com/sudeesh.thattekkadu

Comments

comments