നോവലും ചരിത്രവും അഥവാ, ആധുനികാനന്തര മലയാളനോവലിന്റെ ആനന്ദമാർഗങ്ങൾ 

രണ്ട്

          ആധുനികാനന്തര മലയാളനോവൽ ചരിത്രത്തിന്റെ പാഠരൂപമെന്ന നിലയിൽ എങ്ങനെ അതിന്റെ കലയും പ്രത്യയശാസ്ത്രവും രൂപപ്പെടുത്തുന്നു എന്നന്വേഷിക്കുമ്പോൾ, ഈ പഠനത്തിന്റെ ഒന്നാം ഭാഗത്തു സൂചിപ്പിച്ചതുപോലെ മുഖ്യമായും അഞ്ചുതലങ്ങളിൽ (ചരിത്രത്തിന്റെ അപമിത്തീകരണം, ചരിത്രത്തോടു രൂപപ്പെടുന്ന പ്രത്യയശാസ്ത്രബന്ധം, ചരിത്രവും നോവലും തമ്മിലുളള അഭേദം, ചരിത്രത്തിന്റെ പലമ, ജനപ്രിയചരിത്രം എന്നിങ്ങനെ) അതു നിർവഹിക്കപ്പെടുന്നു എന്നു കാണാം. അങ്ങനെയാണ് നോവൽ സാംസ്‌കാരികചരിത്രം എന്ന പദവി കയ്യാളിത്തുടങ്ങുന്നത്.

          സാംസ്‌കാരിക ചരിത്രമെന്ന ഈ സംജ്ഞ മുൻനിർത്തി ആധുനികാനന്തര മലയാള നോവലിനെ സമീപിച്ചാൽ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്ത് ഈ വ്യവഹാരത്തെക്കുറിച്ച് മലയാളത്തിലുണ്ടായ വായനകളും പുനർവായനകളും മുഖ്യമായും രണ്ടു നിലപാടുകളിലാണ് ചുവടുറപ്പിക്കുന്നതെന്നു കാണാം. ഹേബർമാസിൽ തുടങ്ങി ബനഡിക്ട് ആന്റേഴ്‌സണിലെത്തുന്ന ദേശീയത, ജനാധിപത്യം, ആധുനികത, പൊതുമണ്ഡലം തുടങ്ങിയ സങ്കൽപ്പനങ്ങളെ മുൻനിർത്തുന്നവയോ പ്രശ്‌നവൽക്കരിക്കുന്നവയോ ആയ പഠനങ്ങളുടേതാണ് ഒരു സമീപനം. കോളനിയനന്തര വാദത്തിന്റെ അടിസ്ഥാനധാരണകൾ മുൻനിർത്തി, കൊളോണിയലിസം, ആധുനികത, ദേശീയത, മത-ജാതി-ലിംഗ സ്വത്വങ്ങൾ, മിത്ത്, ഓർമ, ഭാഷ, ആഗോളവൽക്കരണം തുടങ്ങിയവയെ പ്രശ്‌നവൽക്കരിക്കുന്നവയാണ് മറ്റൊരു സമീപനം. ഈ സമീപനങ്ങൾ രണ്ടും മൗലികമായി സന്ധിക്കുന്ന ജ്ഞാനസന്ദർഭം ചരിത്രം, ദേശീയത എന്നിവയുടേതാണ്. മുഖ്യമായും ഈ രണ്ടു വ്യവഹാരങ്ങൾക്കുള്ളിൽവെച്ചാണ് ഇതര സാംസ്‌കാരിക പ്രത്യയശാസ്ത്രങ്ങൾ ഓരോന്നിനെയും ഈ പഠനങ്ങൾ പ്രശ്‌നവത്കരിക്കുത്. മലയാളനോവൽ മാതൃകകളെ സവിശേഷമായി വിശകലനം ചെയ്യുമ്പോഴാകട്ടെ, മുഖ്യമായും പത്തുരീതികളിൽ ചരിത്രത്തിന്റെ ഈ പ്രശ്‌നവൽക്കരണം നടക്കുന്നുന്നു മനസ്സിലാക്കുകയും ചെയ്യാം.

          1. രാഷ്ട്രം, ദേശീയത 2. ദേശം, പ്രദേശം 3. ജാതി, സ്വത്വവാദം 4. ജാതിചരിത്രം 5. സ്ത്രീ-മതം 6. രാഷ്ട്രീയ പ്രത്യയശാസ്ത്ര വിമർശനം 7. ജനപ്രിയ ചരിത്രം 8. ആഖ്യാനം – വ്യവഹാരം 9. ഓർമ്മയുടെ ചരിത്രപരത 10. കഥയും ചരിത്രവും അഭിന്നമാകുന്ന രീതി എന്നിങ്ങനെ .

          കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെഴുതപ്പെട്ട മിക്കവാറും മലയാള നോവലുകൾ പൊതുവേ ഈ ചരിത്രമണ്ഡലങ്ങളിലാണ് ചുവടുറപ്പിക്കുന്നത്. ഇവയൊന്നും തമ്മിൽത്തമ്മിൽ വേർതിരിഞ്ഞു നിൽക്കുന്ന ഭാവനാഭൂപടങ്ങളല്ല, മിക്കവാറും അതിർവരമ്പുകൾതന്നെ മാഞ്ഞുപോകുന്ന ചരിത്രാഖ്യാനത്തിന്റെ സൂക്ഷ്മപാഠങ്ങളാണ്. അധികാരം, ലൈംഗികത, ശരീരം തുടങ്ങി, നോവലുകൾ മൂർത്തവൽക്കരിക്കുന്ന മനുഷ്യാവസ്ഥകളും പ്രശ്‌നവൽക്കരിക്കുന്ന സ്വത്വാനുഭൂതികളുമൊക്കെ ഈ ചരിത്ര മണ്ഡലങ്ങളിലുൾപ്പെടും. അഥവാ ജെയിംസ പറഞ്ഞതുപോലെ, രാഷ്ട്രീയാബോധമെന്ന നിലയിൽ ഇവ ചരിത്രത്തിന്റെ രൂപത്തിൽ നോവൽപാഠങ്ങളിൽ ഘനീഭവിച്ചു നിൽക്കുകതന്നെ ചെയ്യും.

          ഇന്ത്യൻ ദേശരാഷ്ട്ര സങ്കൽപ്പത്തിനും പൊതു ദേശീയതാ ബോധത്തിനും ഏറ്റവും വലിയ തിരിച്ചടി നേരിട്ട സന്ദർഭങ്ങളായിരുന്നു 1984- ലെ സിഖ് കലാപം, സുവർണക്ഷേത്രം പിടിച്ചെടുക്കൽ, ഇന്ദിരാവധം, ദൽഹിയിലെ സിഖ് കൂട്ടക്കൊല എന്നിവ. വിഭജനം, ഗാന്ധിവധം എന്നിവയ്ക്കു ശേഷവും ബാബറി മസ്ജിദിനുമുമ്പും ഇന്ത്യകണ്ട ഏറ്റവും വലിയ മത, വംശീയ, ഭരണകൂട സംഘർഷങ്ങളുടെ സന്ദർഭമായി മാറി 1984. വിഭജനത്തിനും 1984-നു മിടയിലുണ്ടായ തീക്ഷ്ണമായ രാഷ്ട്രീയാനുഭങ്ങളെ കേന്ദ്രീകരിച്ച് (ഇന്ത്യ- പാക് യുദ്ധം, ബംഗാൾ അഭയാർത്ഥി പ്രവാഹം) 1984-ൽ പ്രസിദ്ധീകൃതമായ ആനന്ദിന്റെ അഭയാർത്ഥികൾ എന്ന നോവലും, 1984 -നെക്കുറിച്ച് പിന്നീടെഴുതപ്പെട്ട പ്രവാചകന്റെ വഴി, മരുഭൂമികൾ ഉണ്ടാകുന്നത് എന്നീ നോവലുകളുമാണ് ഒരു പക്ഷേ ചരിത്രത്തിന്റെ ബൃഹദ്പാഠം ന്നനിലയിൽ ഇന്ത്യൻ രാഷ്ട്രസങ്കൽപ്പത്തിന്റെയും ദേശീയതാബോധത്തിന്റെയും ഭദ്രലോകങ്ങളെ സൂക്ഷ്മമായി അപനിർമ്മിച്ച രചനകൾ. മുമ്പുതന്നെ കോവിലനും വികെഎന്നും ഈയൊരു രാഷ്ട്രീയാപനിർമാണ പ്രക്രിയയക്ക് തുടക്കമിട്ടിരുന്നുവെങ്കിലും ഉപദേശീയതകൾ, വ്യക്തിയും ഭരണകൂടവും തമ്മിലുള്ള സംഘർഷങ്ങളിലെ സായുധ സന്ദർഭങ്ങൾ, മത – ജാതി – വംശീയ കലാപങ്ങൾ, തീവ്ര ഇടതുപക്ഷ – അടിമ – ആദിവാസി പ്രക്ഷോഭങ്ങൾ തുടങ്ങിയവയിലൂടെ  ചോദ്യം ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും നിരാകരിക്കപ്പെടുകതന്നെയും ചെയ്യുന്ന ഒന്നായി രാഷ്ട്ര- ദേശ യുക്തികൾ മാറുന്നത് ആനന്ദിലും വിജയനിലുമാണ്.സാറാജോസഫും (ആലാഹയുടെ പെമക്കൾ) സേതുവും (മറുപിറവി) കെ. രഘുനാഥനും (സമാധാനത്തിനു വേണ്ടിയുളള യുദ്ധങ്ങൾ) കെ.പി. ഉണ്ണിയും (ഫോസിലുകളിൽ ഉണ്ടായിരുന്നത്) മുതൽ ടി.പി. രാജീവനും (കെ.ടി.എൻ. കോട്ടൂർ: എഴുത്തും ജീവിതവും) ടി.ഡി. രാമകൃഷ്ണനും(സുഗന്ധി എന്ന ആണ്ടാൾനായിക) വരെയുളളവരുടെ രാഷ്ട്ര-ദേശീയതാ സങ്കല്പനങ്ങൾക്കുമുണ്ട് നിശിതമായ ചരിത്ര-വിമർശന യുക്തികൾ. കൊളോണിയൽ ചരിത്രം മുതൽ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ വരെ; ദേശീയത മുതൽ വംശീയകലാപങ്ങൾ വരെ ഓരോന്നും പരസ്പരം ഇണങ്ങിയും പിണങ്ങിയും പൗരബോധത്തോടിടഞ്ഞും ഈ രചനകളിൽ സിഹിതമാകുന്നു. ഒരളവോളം പി. മോഹനനും എം. മുകുന്ദനും ബന്യാമിനും കെ.വി. പ്രവീണുമുൾപ്പെടെയുളളവർ എഴുതിയ പ്രവാസനോവലുകളിലുമുണ്ട് ആധുനിക രാഷ്ട്ര-ദേശീയതാസങ്കല്പങ്ങളുടെ യുക്തികളും അയുക്തികളും. ഒരുവശത്ത്, കോളനിയനന്തരവാദം സൃഷ്ടിച്ച, രാഷ്ട്ര-ദേശീയതാസ്ഥാപനങ്ങളുടെ അന്തസ്സാരശൂന്യതയെക്കുറിച്ചുളള അവബോധം, മറുവശത്ത് മതദേശീയതയും വംശവെറിയും ജാതിസവർണതയും സൃഷ്ടിച്ച സാംസ്‌കാരിക ദേശീയതയുടെ നിരർത്ഥകതയെക്കുറിച്ചുളള തിരിച്ചറിവ്. ഇനിയുമൊരുവശത്ത് പ്രവാസവും പലായനവും നാടുകടത്തലുമൊക്കെയായി വ്യക്തി അനുഭവിക്കുന്ന രാഷ്ട്രയുക്തിയുടെ അഭാവത്തെക്കുറിച്ചുളള ബോധ്യങ്ങൾ – നോവലിലെ ദേശീയതാ രാഷ്ട്രീയത്തിന്റെ മാനങ്ങൾ പലതാണ്. ആഗോളവൽക്കരണം അഴിച്ചുകളയുന്ന ദേശീയതയുടെയും രാഷ്ട്രബദ്ധതയുടെയും മേലങ്കികളുൾപ്പെടെയുള്ളവ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ ഇതിനും പുറമെയാണ്. ഒരുഘട്ടത്തിൽ രാഷ്ടബോധവും ദേശീയതാസങ്കല്പവും മറ്റും ചേർന്നു രൂപംകൊടുത്ത നോവലിന്റെ ആധുനിക സാഹിത്യസ്വരൂപം തന്നെയാണ് മറ്റൊരു ഘട്ടത്തിൽ ഈവിധം അഴിഞ്ഞും ചിതറിയും പോകുന്നത്. ആധുനികാനന്തര മലയാള നോവലിന്റെ മുഖ്യധാരയിൽ ആധുനിക രാഷ്ട്ര, ദേശീയതാ യുക്തികൾ പഴയ മട്ടിൽ നിലനിൽക്കുന്നില്ല എന്നുതന്നെയാണ് ഇതിനർത്ഥം. Nationalism is not only a moral aberration, but also a deceiving aestheticsഎന്ന് ഒക്‌ടോവിയോ പാസ്.

          സൗന്ദര്യാത്മകമായ പശ്ചാത്തലത്തിനപ്പുറം രാഷ്ട്രീയ ധർമങ്ങൾ നിറവേറ്റുന്ന സ്ഥലചരിത്രങ്ങളോ പ്രാദേശികതയുടെ സൂക്ഷ്മാംശങ്ങളോ ഒക്കെയായി കരുതപ്പെടുന്ന ദേശഭാവനകൾ പലപ്പോഴും മേൽപ്പറഞ്ഞ ദേശീയതായുക്തിയുടെയും ബൃഹത് ചരിത്രപാഠത്തിന്റെയും രാഷ്ട്രസ്വത്വത്തിന്റേയും  ശിഥിലീകരണമാണ്. പ്രദേശങ്ങളുടെ മൂർത്ത സാന്നിധ്യവും ചരിത്രമെന്ന നിലയിലേക്ക് പരിണമിക്കുന്ന മിത്തുകളുടെ ഭാവനാത്മക രാഷ്ട്രീയവും നോവലിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രത്തിന്

Comments

comments