വാതില്‍ക്കൽ
എന്‍റെ ചെരിപ്പുകൾ;
ഞാന്‍ മുറിക്കകത്തുണ്ട്!

ടാപ്പിനടയില്‍
നിറഞ്ഞൊഴുകുന്ന ബക്കറ്റ്;
താഴത്തെ തമിഴന്മാര്‍ അങ്ങനെയാണ്!

ഇന്നലെ വിളമ്പിവച്ച ചോറ്;
ഉറുമ്പുകള്‍ക്ക് ആഘോഷമായി

മദ്യക്കുപ്പി;
ശ്ശെ അതുമുഴുവന്‍ കുടിച്ചില്ലല്ലോ

അടയാളംവെച്ച് മടക്കിയ ഇട്ടിക്കോര;
അത് വായിച്ചു തീര്‍ക്കാമായിരുന്നു

നിവര്‍ത്തിവച്ച നോട്ട്ബുക്കിൽ
പാതിവെന്ത, വിതയില്ലാത്തൊരു കവിത;

പതിവുപോലെ
വലിച്ചെറിഞ്ഞിട്ട മുഷിഞ്ഞ വസ്ത്രങ്ങള്‍;
ഛായ് അടിവസ്ത്രം
മറച്ചുവെയ്കേണ്ടതായിരുന്നു നാണക്കേടായി

ഈ ആളുകള്‍
എന്തുകാണാനാണിത്ര
തിക്കി തിരക്കുന്നത്!!!

ദാ പോലീസുമെത്തി!
അയ്യോ ആ പോലീസുകാരന്‍
എന്‍റെ ഫോണെടുത്തു

തീര്‍ച്ചയായും അത്
ഡിലീറ്റ് ചെയ്യേണ്ടതായിരുന്നു
ഓര്‍മ്മയ്ക്ക് സൂക്ഷിച്ചതാണ്;
ഞങ്ങളുടെ വര്‍ത്തമാനം
ഒന്നും ആലോചിക്കാതെ
മരിച്ചാലിങ്ങനെയാണ് നാശം
എവിടെയൊക്കെ;
എന്തൊക്കെ ഉമ്മകളാണതില്‍!

Comments

comments