ഴിഞ്ഞ ഒരു വർഷത്തിലേറെ കേരളത്തിലെ സർക്കാരും പോലീസും കോർപ്പറേറ്റ് മാധ്യമങ്ങളും ചേർന്ന് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മാവോയിസ്റ്റ് വാർത്തകളുടെ യാഥാർത്ഥ്യം ഇപ്പോൾ വ്യക്തമായി. വിപ്ലവത്തെ ഒരു ചായസൽക്കാരം പോലെ ലഘുവായിക്കണ്ട യുവാക്കളെ ചുറ്റിപ്പറ്റി സൃഷ്ടിക്കപ്പെട്ട ഈ ബഹളം, മുൻപു മുരളിയും രാവുണ്ണിയും മറ്റും ചേർന്ന് പാലക്കാട് കളക്റ്ററെ ബന്ധിയാക്കാൻ കളിത്തോക്കുകളുമായി കുറച്ചു ചെറുപ്പക്കാരെ വിട്ടത്തിനോട് പ്രതികരിച്ചതിനേക്കാൾ ഹാസ്യാസ്പദമായി.

കെ. വേണു 1989 ൽബൂർഷ്വാ രാഷ്ട്രീയത്തിലേക്ക് കുടിയേറി, താൻ സെക്രട്ടറിയായിരുന്ന സംഘടന പിരിച്ച് വിട്ടപ്പോൾ, അതുവരെ വിശ്വസ്തരായി കൂടെനിന്നവർ കഴിഞ്ഞ വർഷം സിപിഐ (മാവോയിസ്റ്റ്)-ൽ ലയിക്കുന്നത് വരെ 25 വർഷം നടത്തിയ പ്രവർത്തനങ്ങൾ, 1972-ലെ ശിഥിലീകരണത്തിലേക്ക് നയിച്ച വിഭാഗീയ രാഷ്ട്രീയപ്രയോഗത്തെ അരാജകവാദപരമായി ആവർത്തിക്കാൻ നടത്തിയ ശ്രമങ്ങൾ പോലും പരാജയത്തിന്റേതായിരുന്നു. അവയെല്ലാം എങ്ങുമെത്താതെ, വിപ്ലവത്തിന്റെ പേരിലുള്ള ഹാസ്യനാടകങ്ങളായി അധഃപതിച്ചപ്പോഴാണ്, . റാവൂഫിന്റെ നിര്യാണത്തെതുടർന്ന്, അവർ കഴിഞ്ഞ വർഷം സിപിഐ (മാവോയ്സിറ്റ്)-ൽ ചേരുന്നത്. മുൻപേ മാവോയിസ്റ്റായ രൂപേഷും കൂട്ടരും, കഴിഞ്ഞ വർഷം മാവോയിസ്റ്റ് ആയ മുരളിയും മറ്റും തീവ്വ്രവാദികളുടെ പട്ടികയിൽ പെട്ട് അറസ്റ്റിലായിരിക്കുന്ന സാഹചര്യത്തിൽ, അവർ പിന്തുടർന്ന പാത എന്തായിരുന്നാലും അതിനെ ഒരു രാഷ്ട്രീയപ്രയോഗമായി കാണണമെന്നുംഅവർക്ക് നിലവിലുള്ള നിയമവ്യവസ്ഥയിലെ എല്ലാ ജനാധിപത്യാവകാശങ്ങളും ലഭിക്കണം എന്നുമാണു സിപിഐ (എംഎൽ) റെഡ്സ്റ്റാർ ആവശ്യപ്പെടുന്നത്. യുഎപിഎപോലുള്ള കരിനിയമങ്ങൾ ഉപയോഗിച്ച് അവർക്ക് ലഭിക്കേണ്ട ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുന്നതിനെ ഞങ്ങൾ അപലപിക്കുകയും ചെയ്യുന്നു. അവരടക്കം സിപിഐ (മാവോയിസ്റ്റ്)-ന്റെ തടവിലാകുന്ന പ്രവർത്തകരുടെ ജനാധിപത്യാവകാശങ്ങൾക്കായി ഇതര സംസ്ഥാനങ്ങളിലെന്ന പോലെ ഇവിടെയും ജനാധിപത്യപ്രസ്ഥാനങ്ങളോട് ചേർന്ന് പാർട്ടി പ്രതികരിക്കും. പാർട്ടിയുടെ ഛത്തീസ്ഗഡ്, ഒഡീഷ, ഝാർഖണ്ഡ്, പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ് കമ്മറ്റികളുടെ പ്രസ്താവനകൾ ഇത് വ്യക്തമാക്കുന്നു.

അതേ സമയം, സിപിഐസിപിഎം പാർട്ടികൾ പിന്തുടരുന്ന തിരുത്തൽവാദ ലൈനിനെതിരെയും സിപിഐ (മാവോയിസ്റ്റ്)-ന്റെ അരാജകവാദത്തിനെതിരെയും സന്ധിയില്ലാത്ത പ്രത്യയശാസ്ത്രസമരം സിപിഐ (എംഎൽ) ശക്തിപ്പെടുത്തുകയും ചെയ്യും. കാരണം, ഫലത്തിൽ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെയാണ് ഈ രണ്ട് വ്യതിയാനങ്ങളും. വർത്തമാനസാഹചര്യങ്ങൾക്ക് അനുസരണമായി മാർക്സിസ്റ്റ്ലെനിനിസ്റ്റ് സിദ്ധാന്തവും പ്രയോഗവും വികസിപ്പിക്കുന്നതിനും, ഇന്ന് അത്യാവശമായിത്തീർന്നിട്ടുള്ള കമ്മ്യൂണിസ്റ്റ് പുനരുജ്ജീവനത്തിനും ഇവ രണ്ടും വ്യത്യസ്ത ധ്രുവങ്ങളിൽ നിന്ന് സൃഷ്ടിക്കുന്നത് അത്യന്തം വിനാശകരങ്ങളായ പ്രതിബന്ധങ്ങളാണ്. നിലവിലുള്ള പിന്തിരിപ്പൻ ഭരണവ്യവസ്ഥയെ നിലനിർത്തുന്നതിൽ, അതിനെതിരായ വർഗ്ഗസമരത്തെ ദുർബ്ബലപ്പെടുത്തുന്നതിൽ സിപിഎമ്മിനെ പോലെ മാവോയിസ്റ്റുകളും നൽകുന്ന സംഭാവനകൾ തിരിച്ചറിഞ്ഞുകൊണ്ടാണു ഭരണവർഗ്ഗതാല്പര്യങ്ങൾ സംരക്ഷിക്കുന്ന മാധ്യമങ്ങൾ ഇവ രണ്ടിനും വേണ്ടത്ര ഇടം നൽകുന്നത്. അതേ സമയം മാവോയിസ്റ്റുകളെ ഇല്ലാതാക്കാനെന്ന പേരിൽ ജനകീയസമരങ്ങളെ അടിച്ചമർത്താൻ പോലീസ്, അർദ്ധസൈനിക സംഘങ്ങളെ വൻതോതിൽ വിന്യസിക്കാനും ഏറ്റുമുട്ടലിന്റെ പേരിൽ ജനാധിപത്യപ്രസ്ഥാനങ്ങളുടെ പ്രവർത്തകരെ ഇല്ലാതാക്കുന്നതിനും പലതരം കരിനിയമങ്ങൾ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നതിനും ഭരണകൂടത്തിന്റെ ലൈസൻസ് ലഭിക്കുകയും ചെയ്യുന്നു. മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിലാവുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്നത് കൊണ്ട് മാത്രം അവരുടെ അരാജകലൈൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനകീയസമരങ്ങൾക്കും വരുത്തുന്ന കനത്ത ദ്രോഹം ഇല്ലാതാകുന്നില്ല. അതു കൊണ്ട് മാവോയിസ്റ്റ് തടവുകാരുടെ ജനാധിപത്യാവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുമ്പോൾ തന്നെ അവരുടെ നേതൃത്വത്തിന്റെ വിനാശകരവും മാർക്സിസ്റ്റേതരവുമായ ലൈനിനും പ്രവർത്തനങ്ങൾക്കും എതിരെ സൈദ്ധാന്തിക സമരം നടത്തേണ്ടത് മാർക്സിസ്റ്റ് ലെനിനിസ്റ്റുകളുടെ കടമയാണ്.

എന്താണ്  നക്സലിസം?

വടക്കൻ ബംഗാളിലെ നക്സൽബാരിപ്രദേശത്ത് ദരിദ്രഭൂരഹിതകർഷകർ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ നേതൃത്വത്തിൽമണ്ണിൽ പണിയെടുക്കുന്നവർക്കാണു കൃഷിഭൂമിയുടെ അവകാശംഎന്ന മുദ്രാവാക്യത്തോടെ 1967 മെയ് മാസത്തിൽ നടത്തിയ ഉയർത്തെഴുന്നേൽപ്പാണ്ഇന്ത്യൻ ചക്രവാളത്തിലെ വസന്തത്തിന്റെ ഇടിമുഴക്കംഎന്ന പേരിൽ പ്രസിദ്ധമായത്. അവിഭക്തകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വം സോവിയറ്റ് യൂണിയനിൽ ആധിപത്യം നേടിയ മുതലാളിത്തപാതക്കാരെ പിന്തുടർന്നു വഗ്ഗസഹകരണപാത ശക്തിപ്പെടുത്തുവാൻ നടത്തിയ ശ്രമങ്ങൾക്കെതിരെ നടന്ന ഉൾപാർട്ടിസമരമാണ്  1964-ൽ പാർട്ടി പിളരുന്നതിലേക്കും സിപിഐ(എം) രൂപീകരണത്തിലേക്കും എത്തിച്ചത്. പക്ഷെ സിപിഎം നേതൃത്വം ജനകീയജനാധിപത്യപാതയിൽ മുന്നേറുമെന്നു പ്രഖ്യാപിച്ചെങ്കിലും സോവിയറ്റ് തിരുത്തൽവാദത്തിനെതിരെ നിലപാട് എടുക്കാനും, അധികാരകൈമാറ്റത്തെ തുടർന്ന് പുത്തൻ അധിനിവേശത്തിനടിപ്പെട്ട ഇന്ത്യയിലുണ്ടായ മാറ്റങ്ങൾക്കനുസരിച്ച് വിപ്ലവപാതയും അടവുകളും ആവിഷ്കരിക്കുവാനും, വൻകിടമുതലാളിവർഗ്ഗത്തിന്റെ സാമ്രാജ്യത്വദല്ലാൾ സ്വഭാവത്തെ ശരിയായി വിലയിരുത്താനും തയ്യാറായില്ല. സൈദ്ധാന്തികപ്രശ്നങ്ങളിൽ  മധ്യമാർഗ്ഗംപിന്തുടർന്ന് 1967-ലെ പൊതുതിരഞ്ഞെടുപ്പിലും തുടർന്നു ബംഗാളിലും കേരളത്തിലും മന്ത്രിസഭകൾ രൂപീകരിക്കുന്നതിലും അവസരവാദനയങ്ങൾ പിന്തുടർന്നു. കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക്എന്ന കിസാൻസഭയുടെ അടിയന്തിരാവശ്യം നടപ്പാക്കാൻപോലും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് 1965-ൽ നേതൃത്വത്തിനെതിരെ ആരംഭിച്ച ഉൾപ്പാർട്ടിസമരത്തിന്റെ തുടർച്ചയായി സിപിഎമ്മിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾകാർഷിക വിപ്ലവപാതയിൽ മുന്നേറുക; രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്ന പ്രശ്നം പാർട്ടിപരിപാടിയിൽ തിരിച്ചുകൊണ്ടു വരികഎന്ന മുദ്രാവാക്യങ്ങളോടെ നക്സൽബാരി ഉയർത്തെഴുനേൽപ്പിനു നേതൃത്വം നൽകിയത്. ഈ കലാപം നയിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾക്കും അതിന്റെ രാഷ്ട്രീയപ്രസക്തി അംഗീകരിച്ച് അതിനെ പിന്തുടർന്നവർക്കും ഭരണകൂടബുദ്ധിജീവികളും മാധ്യമങ്ങളും നൽകിയ പേരാണ്നക്സലൈറ്റുകൾഎന്നത്. അവർമുന്നോട്ടു വച്ച സൈദ്ധാന്തിക രാഷ്ട്രീയ നിലപാടുകൾക്ക് ഭരണകൂടശക്തികൾ നൽകിയ പേരാണ്നക്സലിസം എന്നത്.

എന്താണ്  മാവോയിസം?

പെറുവിലെഷൈനിംഗ്പാത്ത് (Shining Path) എന്ന പേരിൽ അറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് സംഘടനയുടെ ചെയർമാൻ ഗോൺസാലോസ് ആണ്  1986 മാവോയിസംഎന്ന രാഷ്ട്രീയസംജ്ഞയ്ക്ക് തുടക്കമിടുന്നത്. അതുവരെ സോവിയറ്റ് തിരുത്തൽവാദത്തിനും ആ പാത പിന്തുടർന്ന സിപിഐസിപിഎം പോലുള്ള പാർട്ടികൾ പിന്തുടർന്ന പാർലമെന്ററി അവസരവാദത്തിനും എതിരെ പോരാടി 1960 കളിൽ രൂപം കൊണ്ട സിപിഐ (എംഎൽ) പോലുള്ള പാർട്ടികൾ ആഗോളത്തലത്തിൽ അവയുടെ പ്രത്യയശാസ്ത്രമായി എടുത്തുകാട്ടിയത് മാർക്സിസം ലെനിനിസം മാവോ സെ തുങ് ചിന്തയെ ആയിരുന്നു. 1943-ലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏഴാം പാർട്ടി കോൺഗ്രസ്സ് മുതൽ  മാവോചിന്തയെ വിശേഷിപ്പിച്ചത് മാർക്സിസ്റ്റ്ലെനിനിസ്റ്റ് സിദ്ധാന്തം ചൈനയുടെ സമൂർത്ത സാഹചര്യങ്ങളിൽ പ്രയോഗിക്കുന്നതിൽ മാവോ നൽകിയ സംഭാവനകൾ എന്നായിരുന്നു. വൈരുദ്ധ്യശാസ്ത്രത്തിനും സോവിയറ്റ് തിരുത്തൽവാദത്തിനെതിരായ സമരത്തിനും സാംസ്കാരികവിപ്ലവത്തിനും നൽകിയ സംഭാവനകൾ കൂടി കണക്കിലെടുത്താണ് 1960-കളിൽ രൂപം കൊണ്ട മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടികൾ മാവോചിന്തയെ ഉയർത്തിപ്പിടിച്ചത്. മാവോയുടെ കാലത്തോ അതിനു ശേഷമോമാവോയിസംഎന്ന പദം ചൈനയിൽ ഒരിക്കലും ഉപയോഗിക്കപ്പെട്ടിട്ടില്ല. മാത്രമല്ലമഹാസംവാദംഎന്ന പേരിൽ പ്രസിദ്ധമായ 1963-ലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസിദ്ധീകരിച്ചസാർവ്വദേശീയ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതുലൈൻ നിർദ്ദേശങ്ങൾഎന്ന രേഖയിൽ ഉൾപ്പടെസാമ്രാജ്യത്വത്തിന്റേയും സാർവ്വദേശീയ തൊഴിലാളിവർഗ്ഗവിപ്ലവത്തിന്റെയും ആയ ഈ യുഗത്തിൽ തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെ സിദ്ധാന്തമായി മുന്നോട്ട് വച്ചത് മാർക്സിസംലെനിനിസത്തെ തന്നെയായിരുന്നു.

ചൈനീസ് പാർട്ടിയുടെ 1969 ലെ ഒൻപതാം കോൺഗ്രസ്സിൽ ആധിപത്യം നേടിയ വിഭാഗീയ നിലപാടുകൾക്കനുസരിച്ചാണ്, സാമ്രാജ്യത്വചേരി ദുർബ്ബലമായിരിക്കുന്നുവെന്നും സോഷ്യലിസത്തിന്റെ സാർവ്വദേശീയ വിജയത്തിന്റെ യുഗം പിറന്നിരിക്കുന്നുവെന്നുമുള്ള നിലപാട് മുന്നോട്ടു വയ്ക്കപ്പെട്ടത്. 1973-ലെ ചൈനീസ് പാർട്ടിയുടെ പത്താം കോൺഗ്രസ്സ് തിരസ്കരിച്ച ഈ വിഭാഗീയ നിലപാടിന്റെ അടിസ്ഥാനത്തിലാണു മാവോ പിന്തുടർന്ന, വിപ്ലവത്തിന്റെ വിജയത്തിനു വേണ്ടി എല്ലാവിധ സമരമുറകളും ഉപയോഗിക്കുകയെന്നബഹുജനലൈൻതിരസ്കരിക്കപ്പെടുന്നതും സായുധസമരത്തെ ഏകമാത്ര സമരരൂപമായി സ്വീകരിക്കുന്നതും.

ലിൻപിയാഓയുടെ നേതൃത്വത്തിൽ ഹ്രസ്വകാലം ചൈനീസ് പാർട്ടിയിൽ ആധിപത്യം നേടിയ ഈ വിഭാഗീയ ലൈൻചൈനീസ് പാതഎന്ന പേരിൽ യാന്ത്രികമായി നടപ്പാക്കാൻ ശ്രമിച്ചത് ഇന്ത്യയിലുൾപ്പടെ 1970-കളുടെ തുടക്കമാകുമ്പോഴേക്കും മാർക്സിസ്റ്റ്ലെനിനിസ്റ്റ് സംഘടനകളെല്ലാം ശിഥിലീകരിക്കുന്നതിലേക്കും ചൈനയിൽ തന്നെ മാവോയുടെ മരണശേഷം അധികാരം കവർന്നെടുക്കാൻ കഴിയുന്ന തരത്തിൽ മുതലാളിത്തപാതക്കാർ ശക്തിപ്പെടുന്നതിലേക്കും എത്തിച്ചു.

ലിൻപിയാവോയിസത്തെ ചുവടുപിടിച്ചാണു ഗോൺസാലോസ്  പുതുയുഗത്തിലെ മാർക്സിസംലെനിനിസമായിമാവോയിസത്തെ അവതരിപ്പിക്കുന്നതും പെറുവിയൻ പാർട്ടിയുടെ പ്രത്യയശാസ്ത്രമായി മാർക്സിസംലെനിനിസംമാവോയിസംഗോൺസാലോസ് ചിന്തയെ പ്രഖ്യാപിക്കുന്നതും. 1984-ൽ രൂപം കൊണ്ട യുഎസ്സിലെ മധ്യവർഗ്ഗ അവസരവാദ ഗ്രൂപ്പായആർസിപിയുഎസ്എനേതൃത്വം നൽകിയറവലൂഷണറി ഇന്റർനാഷണലിസ്റ്റ് മൂവ്മെന്റ് (R.I.M) അതിന്റെ സിദ്ധാന്തമായി മാവോയിസത്തെ അംഗീകരിച്ചു. വേൾഡ് ടു വിൻ (World To Win)-ലൂടേയും മറ്റും ഇതിനു പ്രചാരം ലഭിച്ചു. പല രാജ്യങ്ങളിലേയും ചെറുഗ്രൂപ്പുകൾ ഇതിനെ തങ്ങളുടെ സിദ്ധാന്തമായി അംഗീകരിച്ചു.

രണ്ടാം ലോകയുദ്ധത്തിനു ശേഷം അമേരിക്കൻ നേതൃത്വത്തിൽ സാമ്രാജ്യത്വചേരി പിന്തുടർന്ന പുത്തൻ അധിനിവേശത്തിനു കീഴിലുള്ള വമ്പിച്ച മാറ്റങ്ങളും, ഇത് വിശകലനം ചെയ്ത് സിദ്ധാന്തവും പ്രയോഗവും വികസിപ്പിക്കുന്നതിലുണ്ടായ തെറ്റുകൾ മൂലം സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന ഗുരുതരമായ തിരിച്ചടികളും വിലയിരുത്താതെ, സാമ്രാജ്യത്വം സാർവ്വത്രികപതനത്തിലേക്കും സോഷ്യലിസം ആഗോളവിജയത്തിലേക്കും മുന്നേറുകയാണെന്ന് ആവർത്തിച്ച്, മാർക്സിസത്തെ വരട്ടുവാദസിദ്ധാന്തമായി അധപതിപ്പിച്ച്, വർഗ്ഗസമരത്തെ അതിന്റെ സമഗ്രതയിൽ കാണാതെ, സായുധസമരമെന്ന ഏകപാതയിലേക്ക് വിപ്ലവത്തെ പരിമിതപ്പെടുത്താൻ ശ്രമിക്കുന്ന മാവോയിസം, ഫലത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു നേരിട്ട തിർച്ചടികൾക്ക് ആഴം വർദ്ധിപ്പിച്ചതിലേക്കാണ് എത്തിച്ചിരിക്കുന്നത്. മാവോയിസ്റ്റുകൾക്ക് വൻപിന്തുണ നേടാൻ കഴിഞ്ഞ നേപ്പാളിൽ ഉണ്ടായ തിരിച്ചടികളും, ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഒഡീഷയിലും ഉൾപ്പടെയുള്ള അതിന്റെ പ്രവർത്തനമേഖലകൾ തകർന്നതുമെല്ലാം ചൂണ്ടിക്കാട്ടുന്നത് ഒരു സിദ്ധാന്തമെന്ന നിലയിൽ അതിന്റെ മാർക്സിസ്റ്റ് വിരുദ്ധസ്വഭാവവും ഒരു രാഷ്ട്രീയപ്രയോഗമെന്ന നിലയിൽ അതിന്റെ കനത്ത പരാജയവുമാണ്.

വർത്തമാന യാഥാർത്ഥ്യങ്ങൾ

രണ്ടാം ലോകയുദ്ധാനന്തരം സോഷ്യലിസ്റ്റ് ചേരിക്കുണ്ടായ വൻമുന്നേറ്റമാണ് അമേരിക്കൻ നേതൃത്വത്തിൽ സാമ്രാജ്യത്വചേരിയെ നേരിട്ടുള്ള അധിനിവേശം അവസാനിപ്പിച്ച് മൂലധനവും കമ്പോളവും സാങ്കേതികവിദ്യയും ഉപയോഗിച്ച് പുത്തൻ അധിനിവേശത്തിലേക്കുംക്ഷേമരാഷ്ട്രസങ്കല്പംഉൾപ്പടെയുള്ള നടപടികളിലേക്കും, ഉത്തരാധുനികസിദ്ധാന്തങ്ങൾക്ക് അനുസരണമായ പ്രത്യയശസ്ത്രകടന്നാക്രമണങ്ങളിലേക്കും എത്തിക്കുന്നത്. ഈ പുതിയ സാമ്രാജ്യത്വ നയങ്ങൾ തിരിച്ചറിയാനാകാതെ അതുമായി സമാധാനപരമായി മൽസരിച്ചും സഹവർത്തിച്ചും സമാധാനപരമായി സോഷ്യലിസത്തിലേക്ക് പരിവർത്തിക്കാമെന്ന സോവിയറ്റ് തിരുത്തൽവാദം വിപ്ലവചേരിയെ ശിഥിലീകരിക്കുകയും ദുർബ്ബലമാക്കുകയും ചെയ്തത് മൂലം സാമ്രാജ്യത്വ ചേരി വൻനേട്ടങ്ങൾ കൊയ്തു. എന്നിട്ടും 1970-കൾ ആകുമ്പോഴേക്കും അത് പുതിയ പ്രതിസന്ധികളെ നേരിടാൻ തുടങ്ങി. അവയെ നേരിടാനായി നടപ്പാക്കിയ ആഗോളീകരണവും നവഉദാരീകരണനയങ്ങളും ആഗോള സമ്പദ് വ്യവസ്ഥയിൽ പുതിയ പ്രതിസന്ധികൾക്ക് തുടക്കമിട്ടിരിക്കുകയാണ്. അമേരിക്കയുടെ ലോകാധിപത്യമെന്നഏകധ്രുവലോകത്തിൽ നിന്ന് ചൈനയും യൂറോപ്യൻ യൂണിയനും റഷ്യയുമുൾപ്പടെ നിരവധിസാമ്രാജ്യത്വശക്തികൾ തമ്മിലുള്ള മത്സരം മൂർഛിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു. ഇത് ലോകരാജ്യങ്ങളെയാകെ കോർപ്പറേറ്റ് ആധിപത്യത്തിനു കീഴിലാക്കി. സാമ്രാജ്യത്വശക്തികൾക്കും പുത്തൻഅധിനിവേശത്തിനു കീഴ്പ്പെട്ടരാജ്യങ്ങളിലെ ഭരണകൂടങ്ങൾക്കുമെതിരെ തൊഴിലാളിവർഗ്ഗത്തിന്റേയും മറ്റ് അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടേയും വൈരുദ്ധ്യം ഈ സാഹചര്യത്തിൽ മൂർഛിച്ചിരിക്കുന്നു. വികസനത്തിന്റെ പേരിലുള്ള സാമ്രാജ്യത്വനയങ്ങൾ പാരിസ്ഥിതികപ്രശ്നങ്ങളും മൂർഛിപ്പിച്ചു. ഇവയുടെയെല്ലാം പ്രതിഫലനങ്ങളാണു ലാറ്റിനമേരിക്കയിലെ ജനകീയമുന്നേറ്റങ്ങളും മറ്റ് നിരവധി രാജ്യങ്ങളിലെ ജനകീയകലാപങ്ങളും മറ്റും.

സാമ്രാജ്യത്വ ചേരി ഭിന്നതകളെ നേരിടുകയും ദുർബ്ബലമായിക്കൊണ്ടിരിക്കുകയും,  അതിനെതിരെ വീണ്ടും സോഷ്യലിസ്റ്റ് ശക്തികൾക്ക് മുൻകൈനേടാനാവുകയും ചെയ്യുന്ന സംഭവവികാസങ്ങളാണ് ഇന്നെങ്ങും കാണാൻ കഴിയുന്നത്. പക്ഷെ ഈ മുൻകൈ നേടാൻ സോഷ്യലിസ്റ്റ് ശക്തികൾക്ക് കഴിയണമെങ്കിൽ തൊഴിലാളിവർഗ്ഗം അധികാരം പിടിച്ചെടുത്ത സോവിയറ്റ് യൂണിയൻ ഉൾപ്പടെയുള്ള നാടുകളിൽ സോഷ്യലിസ്റ്റ് പ്രയോഗത്തിലുണ്ടായ ദൗർബല്യങ്ങൾ വിലയിരുത്താൻ കഴിയണം. സാമ്രാജ്യത്വ പാതയിൽനിന്നും മൗലികമായി വ്യത്യസ്തമായ ജനപക്ഷീയവും പ്രകൃതിയുമായി ഇണങ്ങി ചേരുന്നതുമായ ഒരു വികസനപരിപ്രേക്ഷ്യം മുന്നോട്ട് വയ്ക്കാൻ കഴിയണം. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യമെന്ന സങ്കല്പനത്തെ ബൂർഷ്വാജനാധിപത്യ സങ്കല്പനത്തിൽ നിന്ന് ബഹുദൂരം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന, ഗുണപരമായി വ്യത്യസ്തമായ, അധികാരം ജനങ്ങളിലേക്ക് പകരുന്നതൊഴിലാളിവർഗ്ഗ ജനാധിപത്യമായി വികസിപ്പിക്കുവാൻ കഴിയണം.

സാംസ്കാരികവിപ്ലവത്തിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ടു കൊണ്ട്, വർഗ്ഗസമരത്തെ അതിന്റെ സമഗ്രതയിൽ വീക്ഷിക്കുകയും വിപ്ലവപ്രയോഗത്തിന്റെ ഭാഗമായി സ്ത്രീവിമോചനത്തിനും, ജാതി ഉന്മൂലനത്തിനും, മതത്തെ രാഷ്ട്രീയത്തിൽ നിന്നും വേർതിരിക്കുന്ന മതനിരപേക്ഷതയ്ക്കു വേണ്ടിയും, ജന്മിനാടുവാഴിത്തമൂല്യങ്ങൾകും, മുതലാളിത്ത ഉപഭോഗസംസ്കാരം ഉൾപ്പടെയുള്ള പ്രവണതകൾക്കും എതിരായി, സർവ്വോപരി സോഷ്യലിസ്റ്റ് നവസംസ്കാരത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ വികസിപ്പിക്കണം.

ഭരണകൂടവുംവിപ്ലവവുംഎന്ന കൃതി ലെനിൻ എഴുതുമ്പോൾ ബഹുഭൂരിപക്ഷം ലോകരാജ്യങ്ങളും സാമ്രാജ്യത്വ ഭരണത്തിൻ കീഴിലോ പട്ടാള സർവ്വാധിപത്യത്തിൻ കീഴിലോആയിരുന്നു. സാർവ്വത്രിക വോട്ടവകാശം പല ബൂർഷ്വാ ജനാധിപത്യ രാജ്യങ്ങളിൽപോലും നടപ്പിലായിരുന്നില്ല. പക്ഷെ ഒരു നൂറ്റാണ്ടു കൊണ്ട് വൻമാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. റഷ്യൻ വിപ്ലവത്തിന്റെ നൂറാം വാർഷികം ആചരിക്കുവാൻ പോകുന്ന ഈ സന്ദർഭത്തിൽ ഈ വൻമാറ്റങ്ങൾക്കനുസരിച്ച് സൈദ്ധാന്തിക നിലപാടുകളും വർഗ്ഗസമരത്തെ കുറിച്ചുള്ള സമീപനങ്ങളും വികസിപ്പിക്കണം. സായുധസേനകളെ കൊണ്ട് ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന ബൂർഷ്വാ ഭരണകൂടനയം തുടരുന്നിടത്തോളം കാലം രാഷ്ട്രീയാധികാരത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തുന്ന പോരാട്ടങ്ങളിൽ സായുധസമരത്തിനു പ്രസക്തി നിലനിൽക്കും. പക്ഷെ തുടക്കത്തിലേ മാർക്സിസം പഠിപ്പിക്കുന്നത് പോലെ, വിപ്ലവം ജനങ്ങളുടെ ഉൽസവമാണ്; ജനങ്ങളാണ്, ജനങ്ങൾ മാത്രമാണു ചരിത്രം സൃഷ്ടിക്കുന്നത്.

രണ്ട് തരം തെറ്റുകളാണു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടായത്. ഒരു ഭാഗത്ത് സൈദ്ധാന്തിക ദൃഡതയില്ലാതെ ജനങ്ങളെ സംഘടിപ്പിക്കാൻ ഇറങ്ങിയവർ ഭരണകൂടനയങ്ങളുടെ പിന്നാലെ പോയിവലതുപക്ഷ അവസരവാദം. ജനങ്ങളെ ഒഴിവാക്കി സായുധ സമരത്തിനു പോയവർ അരാജകവാദത്തിനു കീഴ്പ്പെട്ടുഇടതു പക്ഷ തീവ്രവാദം, അഥവാ മാവോയിസം. ഈ രണ്ട് തെറ്റുകൾക്കുമെതിരെ വിട്ട് വീഴ്ചയില്ലാതെ പോരാടി ജനകീയ ഉയർത്തെഴുന്നേൽപ്പിനു വേണ്ടി ശ്രമിക്കുകയാണ് ഇന്നു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കടമ. ഇതു നിർവ്വഹിക്കാൻ കഴിയും വിധം അഖിലേന്ത്യാ അടിസ്ഥാനത്തിൽ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ ഒരു പാർട്ടിയിൽ അണി നിരത്തി ജനാധിപത്യ വിപ്ലവത്തെ നയിക്കാൻ കഴിയും വിധം അതിനെ ശക്തിപ്പെടുത്തണം. വർത്തമാനകാലത്ത് തൊഴിലാളിവർഗ്ഗം നേതൃശക്തി മാത്രമല്ല, വിപ്ലവത്തിന്റെ മുഖ്യശക്തി ആകുംവിധം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ അവരെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയവൽക്കരിക്കുന്നതിനും മുൻകൈ എടുക്കണം. അതേപോലെ, കർഷകജനത ഉൾപ്പടെ എല്ലാ വിപ്ലവവർഗ്ഗങ്ങളേയും വിഭാഗങ്ങളെയും സംഘടിപ്പിക്കാൻ കഴിയണം. സിപിഐ(എംഎൽ) റെഡ്സ്റ്റാറിന്റെ പത്താം പാർട്ടി കോൺഗ്രസ്സ് ഈ പ്രശ്നങ്ങളാണു മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ കടമയിൽ നിന്നും ബഹുകാതം പിന്നോട്ടു പോയിസായുധ സമരം ഏകമാർഗ്ഗംഎന്നാവർത്തിക്കുന്ന മാവോയിസ്റ്റുകൾ വിപ്ലവത്തെ സഹായിക്കുകയല്ല; അതിനു എതിരാവുകയാണു ചെയ്യുന്നത്.

വിപ്ലവപ്രസ്ഥാനത്തിന്റെ ഭാവി

മാർക്സിസം കാലഹരണപ്പെട്ടു, വിപ്ലവത്തിന്റെ കാലം കഴിഞ്ഞു എന്നൊക്കെ ആവർത്തിച്ച് സാമ്രാജ്യത്വത്തിനും അതിന്റെ ദല്ലാളുകൾക്കും വേണ്ടി സംസാരിക്കുന്നവർ കിണറ്റിലെ തവളകളെ പോലെ ലോകസാഹചര്യം മനസ്സിലാക്കാത്തവരോ, അറുപിന്തിരിപ്പന്മാരോ ആണ്. ഒരിക്കൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്നണിപ്രദേശമായിരുന്ന ലാറ്റിനമേരിക്കയിലെ സ്ഥിതി തന്നെ നോക്കുക. വെനിസ്വലയിൽ നിന്നും ബൊളീവിയയിൽ നിന്നും ആരംഭിച്ച അമേരിക്കൻ വിരുദ്ധതരംഗം ആ ഭൂഖണ്ഡത്തിലെ അമേരിക്കൻ സ്വാധീനം വെട്ടിക്കുറച്ചിരിക്കുന്നു. ആറേബ്യൻവസന്തംഎന്ന് വിശേഷിപ്പിക്കപ്പെട്ട ജനകീയ ഉയർത്തെഴുന്നേൽപ്പുകൾ വടക്കൻ ആഫ്രിക്കയേയും പശ്ചിമേഷ്യയേയും പിടിച്ചു കുലുക്കിയിട്ട് അധികം കാലമായിട്ടില്ല. പരമ്പരാഗത കമ്മ്യൂണിസ്റ്റുകൾ (സിപിഐസിപിഎം പോലെ) വലതുപക്ഷത്തിന്റെ കൂടെ നിന്ന ഗ്രീസിൽ വിപ്ലവകമ്മ്യൂണിസ്റ്റുകൾക്കു മുൻകയ്യുള്ളസിറിസയൂറോപ്യൻ യൂണിയനു ഭീഷണി ഉയർത്തിയിരിക്കുന്നു. നിരവധി രാജ്യങ്ങളിൽ തൊഴിലാളിവർഗ്ഗവും മർദ്ദിതജനതകളും സമരപാതയിലാണ്. ഇവയെല്ലാം മാറ്റത്തിന്റെ സൂചനകളാണ്.

അപ്പോൾ പ്രശ്നം വിപ്ലവത്തിന്റെ കാലം കഴിഞ്ഞതിന്റെയല്ല; വർത്തമാന സാഹചര്യങ്ങൾക്ക് അനുസൃതമായി മാർക്സിസ്റ്റ് സിദ്ധാന്തം വികസിപ്പിക്കുന്നതിന്റേയും അതിനനുസരിച്ച് വിപ്ലവപാത ആവിഷ്കരിക്കുന്നതിന്റേയും അത് പ്രായോഗികമാക്കാൻ കെൽപ്പുള്ള വർഗ്ഗബഹുജന പ്രസ്ഥാനങ്ങളേയും ജനകീയ പോരാട്ടങ്ങളേയും നയിക്കാൻ കെല്പുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കേണ്ടതിന്റേതാണ്. 1967-ലെ നക്സൽബാരി ഉയർത്തെഴുന്നേൽപ്പിനെ തുടർന്ന് രാജ്യത്താകമാനം ലക്ഷക്കണക്കിനു സിപിഎം അണികളും പുതുതലമുറയിൽ പെട്ട യുവാക്കളും വിദ്യാർത്ഥികളും വിപ്ലവത്താൽ ആകർഷിതരായി. പക്ഷെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ ലിൻപിയാവോവിസത്തിനു അടിപ്പെട്ട് ഉന്മൂലനലൈനിലേക്ക് പോവുകയും ബോൾഷെവിക് ശൈലിയിൽ പാർട്ടി കെട്ടിപ്പടുക്കാൻ തയ്യാറാവാതിരിക്കുകയും ചെയ്തപ്പോൾ ഈ ബഹുജനപിന്തുണ നഷ്ടമായി. സിപിഐ (എംഎൽ) തുടക്കത്തിൽ വരുത്തിയ തെറ്റാണു സിപിഎമ്മിനു വീണ്ടും കരുത്ത് നൽകിയത്.

വീണ്ടും, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ സിപിഐ അതിന്റെ കുഴലൂത്തുകാരായി. സിപിഎം പാർട്ടിയെ രക്ഷിക്കാനെന്ന പേരിൽ പൊതുവിൽ നിസ്സംഗത പാലിച്ചു. പക്ഷെ, വിഭാഗീയതയുടെ തെറ്റുകൾ ആവർത്തിച്ചെങ്കിലും അടിയന്തിരാവസ്ഥകാലത്തെ ചെറുത്ത് നില്പു മൂലം, അത് പിൻവലിച്ചപ്പോൾ, ആയിരങ്ങൾ വിപ്ലവപ്രസ്ഥാനത്തിലേക്ക് വീണ്ടുമെത്തി. പക്ഷെ, ഈ പുതിയ ശക്തിയെ തിരിച്ചറിയാതെ, ഒരുകൂട്ടർജനകീയ ലൈൻ അടിസ്ഥാനമാക്കി സൈനികലൈൻനടപ്പാക്കാൻ ആലപ്പുഴയിലെ ഉന്മൂലനത്തിന് 1981 –ൽ നേതൃത്വം കൊടുത്തു. മറ്റൊരു കൂട്ടർ സൈനികലൈൻ അടിസ്ഥാനമാക്കി ബഹുജനലൈൻ നടപ്പാക്കാൻവയനാട്ടിലെ ഉന്മൂലനത്തിനു നേതൃത്വം കൊടുത്തു. രണ്ടും ചേർന്ന് വീണ്ടും പ്രസ്ഥാനത്തെ തകർത്തു.

ഇതിനെ അതിജീവിച്ച്, സാമ്രാജ്യത്വത്തിന്റെ പുത്തൻ അധിനിവേശത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ വിലയിരുത്തി വീണ്ടും പാർട്ടി പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ, അത് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനും, ആണവനിലയത്തെ എതിർക്കുന്നതിനും, ജാതിവിരുദ്ധമതേതര പ്രസ്ഥാനം കെട്ടിപ്പടുക്കാനും മറ്റും മുൻകൈ എടുത്തപ്പോൾ, ഇന്ത്യ മിഥ്യയാണെന്നും ഓരോ ദേശീയതകളുടേയും മോചനമാണു വേണ്ടതെന്നും ഭൂരിപക്ഷ വർഗ്ഗീയതക്കെതിരെ ന്യൂനപക്ഷവർഗ്ഗീയതയെ പിന്തുണയ്ക്കണമെന്നും ഖാലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണക്കണമെന്നൊക്കെ പറഞ്ഞ് കെ വേണു പാർട്ടിയെ തകർക്കാൻ ശ്രമിച്ചു, 1987-ൽ ഭൂരിപക്ഷത്തെ പുറത്താക്കി തന്റേതാക്കിയ പാർട്ടിപേർ (സിആർസിസിപിഐഎംഎൽ) 1989-ൽ കുത്തി കീറി ഇല്ലാതാക്കി.

ഇതിൽ നിന്നൊന്നും പാഠം പഠിക്കാതെ മുരളിയും രാവുണ്ണിയും കേരള കമ്മ്യുണിസ്റ്റ് പാർട്ടിതൊട്ട് പല പേരുകളിൽ പരീക്ഷണം നടത്തി, 25 വർഷങ്ങൾക്ക് ശേഷം സിപിഐ (മാവോയ്സ്റ്റ്)-ലേക്ക് കുടിയേറി. സിപിഐ (എംഎൽ) പീപ്പിൾസ് വാറും, യൂണിറ്റി ഇനീഷ്യേറ്റീവും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും ലയിച്ച് 2004-ൽ രൂപം കൊണ്ട സിപിഐ (മാവോയിസ്റ്റ്)-നു കഴിഞ്ഞ 11 വർഷങ്ങളിൽ ഇത്രയേറെ തിരിച്ചടികൾ ഏറ്റത് എന്തുകൊണ്ട്, സിപിഐ (എംഎൽ) നക്സൽബാരി ലേബലിൽ നടത്തിയ പ്രവർത്തനങ്ങളുടെ പരാജയം എന്തുകൊണ്ട് എന്നൊന്നും നോക്കാതെ എടുത്ത നീക്കങ്ങൾ അവരെ എത്തിച്ചിരിക്കുന്നത് തികഞ്ഞ ഒറ്റപ്പെടലിലേക്കാണ്.

സിപിഐ (എംഎൽ) പ്രസ്ഥാനത്തെ ശരിയായ ദിശയിൽ പുനഃസംഘടിപ്പിക്കാൻ, അതിനെ അഖിലേന്ത്യാ തലത്തിൽ ജനാധിപത്യ വിപ്ലവത്തെ നയിക്കാൻ കെല്പുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയാക്കാൻ, ഈ ഫെബ്രുവരിമാർച്ച് മാസങ്ങളിൽ ലക്നോവിൽ വെച്ച് നടന്ന പത്താം പാർട്ടി കോൺഗ്രസ്സിൽ വ്യക്തമായത് പോലെ, പാർട്ടി പരിപാടിയും വിപ്ലവപാതയും വികസിപ്പിക്കാൻ വിവിധ തലങ്ങളിൽ നടക്കുന്ന ഗൗരവപൂർണ്ണമായ ശ്രമങ്ങളെ തകർക്കാൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ശ്രമിച്ച് പരാജയപ്പെട്ട കെ. വേണുവും മുരളിയും രാവുണ്ണിയും തൊട്ട് ജയകുമാറും ഉണ്ണിച്ചെക്കനും വരെയുള്ളവരാണു ഭരണകൂടസേവ ചെയ്യുന്ന മാധ്യമങ്ങളുടെ കണ്ണിൽനക്സലൈറ്റ്, മാവോയിസ്റ്റ്താത്വികാചാര്യർ.

കേരളത്തിലെ ഈ ദൃശ്യം തന്നെയാണ് അല്പസ്വല്പം വ്യത്യാസങ്ങളോടെ മറ്റ് സംസ്ഥാനങ്ങളിലും ആവർത്തിക്കപ്പെടുന്നത്. ഭരണവർഗ്ഗ പാർട്ടികളുടെയും കേന്ദ്രസംസ്ഥാന സർക്കാറുകളുടേയും നിലപാടുകൾ വ്യക്തമാണ്. ഒരുഭാഗത്ത് സിപിഐസിപിഎം പാർട്ടികളെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികളാക്കി അവതരിപ്പിച്ച് അവയുടെ വലതുപക്ഷ അവസരവാദനയമാണു മാർക്സിസം എന്നാവർത്തിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സൈദ്ധാന്തികമായി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുക. അതേ സമയം അവയെ കൂടുതൽ കൂടുതൽ ഭരണവർഗ്ഗലൈനിന്റെ ഭാഗമാക്കി നാമാവശേഷമാക്കാൻ വേണ്ടതെല്ലാം ചെയ്യുക. മറുഭാഗത്ത്, ചുരുക്കം ചില സംസ്ഥാനങ്ങളിലെ ആദിവാസിമേഖലകളിലെ സായുധ സ്ക്വാഡുകളായി ചുരുങ്ങിക്കഴിഞ്ഞ, നിരന്തരം ദുർബലമായി കൊണ്ടിരിക്കുന്ന സിപിഐ (മാവോയിസ്റ്റ്) ആണു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവരൂപം എന്നാവർത്തിക്കുകയും വേണ്ടതിലേറെ അതിനു പ്രചാരം നൽകുകയും അതേ സമയം എല്ലാതരം കുൽസിത നീക്കങ്ങളിലൂടെയും അതിനെ അടിച്ചമർത്തി നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുക. അങ്ങിനെ തങ്ങൾ തന്നെ ഊതിപ്പെരുപ്പിച്ച് കാണിക്കുന്ന സിപിഐ (മാവോയിസ്റ്റ്) നെ തകർക്കാൻ എന്ന പേരിൽ, അതോടൊപ്പംന്യൂനപക്ഷതീവ്വ്രവാദികളെതകർക്കാൻ എന്ന പേരിൽ പോലീസ് അർദ്ധ സൈനിക ചാര സംഘടനാശക്തി നിരന്തരം വർദ്ധിപ്പിക്കുക, അതിന്റെ പേരിൽ പുതിയ കരിനിയമങ്ങൾ സംസ്ഥാനങ്ങൾ തോറും ഉണ്ടാക്കുക, തീവ്രവാദികളാണെന്ന് മുദ്ര കുത്തി ബഹുജന സമരനേതാക്കളേയും അതിൽ പങ്കെടുക്കുന്നവരേയും ആക്രമിക്കുക, ഇല്ലാതാക്കാൻ ശ്രമിക്കുക. ആഗോളതലത്തിൽ അമേരിക്കയുടെ നേത്രൃത്വത്തിൽ വികസിപ്പിച്ചെടുത്തതും നിരവധി രാജ്യങ്ങളിൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതുമാണ് ഈ കിരാത നയങ്ങൾ.

ഇതൊക്കെ വ്യക്തമായിട്ടും എന്തുകൊണ്ട് ചില യുവാക്കൾ ജനങ്ങളിൽ നിന്നൊറ്റപ്പെട്ട് അതിസാഹസിക ലൈനിലേക്ക് പോകുന്നു? ഭരണകൂടം സൃഷ്ടിക്കുന്ന രാക്ഷസീയമായ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ എല്ലാകാലത്തും ചെറുത്ത് നിൽപ്പ് പ്രവണതകൾ സൃഷ്ടിക്കും. വിപ്ലവത്തിനു വേണ്ടിയുള്ള എളുപ്പവഴിക്കായുള്ള അന്വേഷണങ്ങളുമുണ്ടാകും. ലെനിൻ നരോദനിക്കുകളെ വിമർശിക്കുമ്പോൾ, അവരുടെ വ്യക്തിപരമായ ധീരതയെ ശ്ലാഘിക്കുമ്പോൾതന്നെ, ബോൾഷെവിക്കുകളാവുക, ജനങ്ങളെ സംഘടിപ്പിച്ച്, രാഷ്ട്രീയവൽക്കരിച്ച്, സമരസജ്ജരാക്കുകയെന്ന ബുദ്ധിമുട്ടുള്ളകാര്യം നിർവ്വഹിക്കുവാൻ തയ്യാറല്ലാത്ത, കുറുക്കുവഴികൾ അന്വേഷിക്കുന്നവർ, അങ്ങിനെ സംഘടിതപ്രസ്ഥാനത്തിനു വിനാശം സൃഷ്ടിക്കുന്നവർ, എന്നവരെ നിശിതമായി വിമർശിക്കുകയും ചെയ്തു. ഇന്ന് ചരിത്രം ആവശ്യപ്പെടുന്നത് ഈ ഒറ്റപ്പെട്ട സാഹസികരെയല്ല; ദീർഘകാല വിപ്ലവപാതയിൽ ഉറച്ച് നിന്ന് പ്രവർത്തിക്കാൻ കെല്പുള്ള ബോൾഷെവിക്കുകളെയാണ്. മാർക്സിസത്തെ ഒരു ശാസ്ത്രമായി കണ്ട് വർത്തമാന സാഹചര്യങ്ങൾക്കനുസരിച്ച് അതിനെ വികസിപ്പിക്കാനും പ്രയോഗിക്കാനും കെല്പുള്ള പാർട്ടിബോധമുള്ള വിപ്ലവകാരികളെയാണ്.

കോർപ്പറേറ്റ് മാധ്യമങ്ങൾ എത്രകണ്ട് തമസ്കരിക്കാൻ ശ്രമിച്ചാലും അഖിലേന്ത്യാടിസ്ഥാനത്തിലും വിപ്ലവകമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കോർഡിനേഷൻ കമ്മറ്റിയിലൂടെ (ICOR) സാർവ്വദേശീയതലത്തിലും സിപിഐ (എംഎൽ) റെഡ്സ്റ്റാർ നടത്തുന്ന പ്രവർത്തനങ്ങൾ വലതുപക്ഷ അവസരവാദത്തിനും അരാജകവാദത്തിനും എതിരെ ആശയസമരം ശക്തിപ്പെടുത്തി, കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ ഐക്യപ്പെടുത്തി, വർഗ്ഗസമരത്തിന്റെ പാതയിൽ മുന്നേറുകയാണ്. വിപ്ലവപ്രസ്ഥാനത്തിന്റെ ഭാവിയാണ് അത് പ്രതിനിധാനം ചെയ്യുന്നത്.
(സിപിഐ(എം എൽ) റെഡ് സ്റ്റാർ അഖിലേന്ത്യ സെക്രട്ടറിയാണു ലേഖകൻ)

Comments

comments