തൊരു ചരമക്കുറിപ്പല്ല. ധനതത്വശാസ്ത്ര വിദ്യാര്‍ഥി ആയിരുന്ന കാലത്ത് നാഷിന്റെ സിദ്ധാന്തങ്ങള്‍ പഠിക്കാന്‍ എനിക്ക് അവസരം ഉണ്ടായിട്ടുണ്ടെങ്കിലും ജോൺ നാഷിനെക്കുറിച്ചു ചരമക്കുറിപ്പെഴുതാൻ ഞാനാരുമല്ല. എന്നാൽ നാഷിന്റെയും ഭാര്യ അലീഷ്യ നാഷിന്‍റെയും മരണത്തിനു കാരണമായ കാറപകടം എന്നെ അല്പകാലം പിന്നിലേക്ക് കൊണ്ട് പോയി. സിൽവിയ നാസർ 90കളുടെ മധ്യത്തിൽ രചിച്ച അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ച കാലത്തേയ്ക്കും പിന്നീട് റോൺ ഹൊവാർഡ് സംവിധാനം ചെയ്ത അതിന്റെ ചലച്ചിത്രാവിഷ്കാരം കണ്ട നാളുകളിലേയ്ക്കും.

ഒരു ഗണിതശാസ്ത്രജ്ഞനെന്ന നിലയിലുള്ള നാഷിന്റെ പ്രസക്തി പ്രസിദ്ധമാണു. 1950 നും 1953 നും ഇടയ്ക്ക് പ്രസിദ്ധീകരിച്ച നാലു പഠനങ്ങളിലൂടെ ജോൺ നാഷ് ജൂനിയർ non-cooperative game theory യിലും bargaining theoryയിലും മൗലികമായ സംഭാവനകൾ നൽകി. പിന്നീട് Nash equilibrium  എന്നറിയപെട്ട strategic equilibrium എന്നതിന്റെ അസ്തിത്വം തെളിയിക്കുകയും  non-cooperative രൂപങ്ങളിലേക്ക് ചുരുക്കിക്കൊണ്ട് cooperative games-നെക്കുറിച്ച് പഠിക്കുന്നതിനായുള്ള പദ്ധതി നിർദ്ദേശിക്കുകയും ചെയ്തു. axiomatic bargaining സിദ്ധാന്തവും അദ്ദേഹം മുന്നോട്ടുവച്ചു.

1958-  തന്റെ തിളക്കമുറ്റ കരിയറിന്റെ പാരമ്യത്തിൽസമ്പൂർണ്ണ പ്രൊഫസർ പദവി അടുത്തെത്തി നിൽക്കെ  പാരനോയിഡ് സ്കീസോഫ്രീനിയയെ തുടർന്ന്  എം ഐ ടി യിലെ ജോലി രാജി വെക്കുമ്പോൾ നാഷിനു   ഇരുപത്തിയൊൻപത് വയസ്സായിരുന്നു പ്രായം. അടുത്ത രണ്ട് ദശകക്കാലത്തേക്ക് ജോലി ചെയ്യാൻ കഴിയാതെ യൂറോപ്പിലൂടെയും അമേരിക്കയിലൂടെയും  അദ്ദേഹം യാത്രകള്‍ നടത്തി.  ഒടുവിൽപ്രിൻസ് ടൗണിൽ താമസമാക്കിയ നാഷിനെ റെബേക്കാ ഗോൾഡ്സ്റ്റീൻ നാഷിനെക്കുറിച്ചുള്ള Mind-Body Problem എന്നതന്റെ നോവലിൽ പറയുന്നതു ശരിയാണെങ്കിൽ ഫൈൻ ഹാളിലെ ഭൂതം (“the Phantom of Fine Hall”) എന്ന നിലയ്ക്കാണു ആളുകൾ കണ്ടിരുന്നത്. 1970കളുടെ തുടക്കത്തിൽ രോഗം പൊടുന്നനെ അപ്രത്യക്ഷമാകാൻ തുടങ്ങിയതോടെ നാഷ് അക്കാദമിക ലോകത്തേക്ക് പതുക്കെ തിരികെയെത്തി. എന്നാൽ ഗണിതശാസ്ത്രത്തിനു മൗലികമായ സംഭാവനകൾ നല്‍കാൻ കഴിയുമായിരുന്ന ജീവിതത്തിലെ  ബൗദ്ധികമായ ഔന്നത്യങ്ങളിൽ തുടർന്നിരുന്ന കാലം നാഷിനു അപ്പോഴേക്ക് നഷ്ടമായിരുന്നു. ഫീൽഡ് എക്കണോമിക്സിലെ വിവിധ സന്ദർഭങ്ങളിലേക്ക് സ്വീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ മുഖേന 1994ൽ സാമ്പത്തികശാസ്ത്രത്തിനു നൽകിയ മൗലികമായ സംഭാവനകളുടെ പേരിൽ അദ്ദേഹം നോബൽ സമ്മാനത്തിനു അർഹനായതോടെ ആണ് ഈ പേര് അക്കാദമിക് പരിവൃത്തത്തിനു പുറത്തേക്കു വരുന്നത്. ഗണിതശാസ്ത്രജ്ഞന്‍ ആയിരുന്നെങ്കിലും ധനതത്വ ശാസ്ത്രത്തിലാണ് നോബല്‍ സ്മാരക അവാര്‍ഡ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഇതിനുള്ള കാരണം അദ്ദേഹത്തിന്റെ തിയറികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടത്‌ ഈ മേഖലയില്‍ ആയിരുന്നു എന്നതിനാലാണ്. മൂല സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവിന് നല്‍കാതെ അങ്ങനെ ആ സമ്മാനം അത് സര്‍ഗ്ഗാത്മകമായി ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് നല്‍കും എന്നത് നോബല്‍ സമ്മാന സമിതിയില്‍ ചര്‍ച്ച വിഷയം ആയിരുന്നു.

അടുത്ത വർഷം A Beautiful Mind എന്ന പേരിൽ സിൽവിയ നാസർ നാഷിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചു. 2001-ൽ റോൺ ഹൊവാർഡ് ആ പുസ്തകത്തെ അടിസ്ഥാനമാക്കി അതേ പേരിൽ തയ്യാറാക്കിയ ചലച്ചിത്രത്തിൽ നാഷായി റസ്സൽ ക്രോയും അലിഷ്യയായി ജെന്നിഫെർ കോണെല്ലിയും വേഷമിട്ടു.ഒരു ചലച്ചിത്രം അതിന്റെ മൂലകൃതിയോട് നീതി പുലർത്തുന്നുണ്ടോ എന്നത് ഒരു കുഴയ്ക്കുന്ന ചോദ്യമാണ്. ചലച്ചിത്രരൂപവും അതിന്റെ സാഹിത്യരൂപവും ഒന്ന് തന്നെ എന്ന തെറ്റിധാരണ വച്ചുപുലർത്തുന്നവർ ആ രണ്ടു രൂപങ്ങളും തമ്മിലുള്ള  സാമ്യതകളെക്കുറിച്ച് ചർച്ച ചെയ്യുകയും ആ കൃതിയെ സ്വന്തം കണ്ണിലൂടെ വ്യാഖ്യാനിക്കാനുള്ള സംവിധായകന്റെ സ്വാതന്ത്ര്യത്തെ മറക്കുകയും ചെയ്യുന്നു. ഇത് തന്നെയാണു  മുന്‍പ്   സക്കറിയയെക്കൊണ്ട്  പോലും അദ്ദേഹത്തിന്റെ ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും എന്ന കൃതിയെ അടിസ്ഥാനപ്പെടുത്തി  ഒരു മലയാളി കുടിയേറ്റക്കാരന്റെ ജീവിതചിന്തകളുടെ ഭാവനാത്മകമായ പുനർനിർമാണം  നടത്തിയ  അടൂർ ഗോപാലകൃഷ്ണന്‍റെ വിധേയന്‍ എന്ന സിനിമയെ വിമർശിക്കാൻ പ്രേരിപ്പിച്ചതും തുടർന്ന് അത് വിവാദമായതും.

 അതേ സമയം സംഭവകഥകളെ അടിസ്ഥാനപ്പെടുത്തിയുള്ള ചലച്ചിത്രങ്ങളുടെ കാര്യത്തിൽ കൂടുതൽ പ്രശ്നങ്ങളുണ്ട്.  അവിടെ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം  മൂലസാഹിത്യകൃതിയുടെ കല്പനാപരമല്ലാത്ത സ്വഭാവത്താൽ പരിമിതപ്പെടുന്നു.ഉദാഹരണത്തിനു ഗാന്ധിയെക്കുറിച്ചുള്ള ഒരു ചലച്ചിത്രത്തിനു അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവവികാസങ്ങളെ വളച്ചൊടിക്കുവാനോ വെട്ടിമുറിച്ച് ദുർവ്യാഖ്യാനം ചെയ്യാനോ  കഴിയുകയില്ല. ഈ ഒരു കാര്യമാണു മാലാ സെന്നിന്റെ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി  1994-ൽ ശേഖർ കപൂർ ഫൂലൻദേവിയുടെ കഥ പറഞ്ഞ ബൻഡിറ്റ് ക്വീൻ എന്ന ചലച്ചിത്രത്തെ കീറിമുറിച്ച് വിമർശിക്കവേ അരുന്ധതി റോയ് പ്രധാനമായും ഉന്നയിച്ചത്. ഒരാളുടെ ജീവിതകഥ സിനിമയിലൂടെ പറയുമ്പോൾ പ്രത്യേകിച്ചും  ബന്ധപ്പെട്ടയാൾ ജീവിച്ചിരിക്കുമ്പോൾ ആ സിനിമയുടെ വ്യാഖ്യാനം ആ വ്യക്തിയുടെ ജീവിതത്തെ ബാധിക്കാൻ ഇടയുണ്ടാക്കുമെങ്കിൽ പാലിക്കേണ്ട ചില മര്യാദകളുണ്ട് എന്ന വിശ്വാസത്തിൽ നിന്നുകൊണ്ടാണു  അരുന്ധതി തന്റെ വാദങ്ങൾ മുന്നോട്ടുവച്ചത്. ഠാക്കൂറുകളുടെ കൂട്ടക്കൊല നടക്കുമ്പോൾ ഫൂലൻ സന്നിഹിതയായിരുന്നതായാണു ചിത്രത്തിൽ കാണിക്കുന്നത്. എന്നാൽ ഒരു സത്യവാങ്മൂലത്തിലൂടെ ഫൂലൻ ദേവി അത് നിഷേധിച്ചതാണു.  ഈ വ്യതിയനത്തിനു അപകടകരങ്ങളായ അനന്തരഫലങ്ങളാണു പിന്നീടുണ്ടായത്. റോയുടെ പ്രവചനസ്വഭാവമുണ്ടായിരുന്ന വാക്കുകൾ അല്പം വിറയോടെയല്ലാതെ ഓർത്തെടുക്കാനാകില്ല.  ബൻഡിറ്റ് ക്വീൻ എന്ന ചിത്രം ഫൂലൻ ദേവിയുടെ ജീവിതത്തെ ഗൗരവതരമായി അപായപ്പെടുത്തുന്നു സത്യങ്ങളെയും അർദ്ധസത്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നൂലിഴകൾ അതിവേഗത്തിൽ ഫൂലൻ ദേവിയുടെ കഴുത്തിനു ചുറ്റും മുറുകുന്ന ഒരു കുരുക്കാകാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ തലയിലൂടെ കടന്നുപോകുന്ന ഒരു ബുള്ളറ്റ്. അല്ലെങ്കിൽ പിന്നിൽ ആഴുന്ന ഒരു കഠാര.(റോയ്, 1994, The Great Indian Rape Trick).

എന്നാൽ മറുവശത്ത്  എന്ന ചിത്രത്തിന്റെ കാര്യമെടുത്താൽ പുസ്തകത്തിൽ നിന്നുള്ള വ്യതിചലനങ്ങൾ ബൻഡിറ്റ് ക്വീനിൽ നിന്നും വിപരീതമായ ഒരു കർമ്മമാണു അനുഷ്ഠിക്കുന്നത്. അത് നായകനെ ഐഹികമായ അഴുക്കുകളിൽ നിന്നും മുക്തനാക്കി ശുദ്ധീകരിക്കുന്നുണ്ട് ആ ചിത്രം. രോഗവുമായി നാഷ് തന്റെ ഏറ്റവും  വേദനാജനകമായ മുഖാമുഖം നടത്തുന്ന ജീവിതഘട്ടത്തിലേക്കാണു സിനിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വാർത്ഥനും, താൻപോരിമക്കാരനും സാഡിസ്റ്റുമായിരുന്ന (കുട്ടിക്കാലത്ത് മൃഗങ്ങളെ ക്രൂരമായി പീഡിപ്പിച്ചിരുന്ന നാഷ് മുതിർന്നപ്പോൾ തന്റെ സഹപ്രവർത്തകരെ  കറന്റടിപ്പിച്ച് കൊന്നു കളയും എന്ന മട്ടിൽ ഭീതിയുളവാക്കുന്ന ക്രൂരമായ തമാശകളിലൂടെ നടുക്കിയിരുന്നു.) ഒരു സ്വവർഗ്ഗാനുരാഗിയായ ചിത്താസ്വസ്ഥനിൽ നിന്ന് ആഴത്തിൽ മുറിവേറ്റ ഒരു അസ്തിത്വത്തിന്റെ ആള്‍രൂപമായി നാഷിനെ വീണ്ടെടുക്കുക മാത്രമല്ല ചിത്രം ചെയ്തത്.  പകരം ഒരു  സമ്പൂർണ്ണ കുടുംബസ്ഥനായ പിതൃരാജ്യത്തെ എന്നും പ്രതിരോധിക്കുന്നതിൽ വ്യാപൃതനായ, ദേശീയ നായക പരിവേഷം അർഹിക്കുന്ന, ഒരു യു എസ് ദേശീയ നായകനാക്കി അത് പ്രതിഷ്ഠിച്ചു. അമേരിക്കൻ മൂല്യങ്ങൾക്ക് ഭീഷണി നേരിടുന്ന ഒരു ലോകത്ത് അതിനെ പ്രതിരോധിക്കുന്ന വിധം ബൗദ്ധികമായ ഒരു പങ്ക് അദ്ദേഹം വഹിച്ചിരുന്നതായി പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ സിനിമ ആ ജീവിതത്തിലെ പിരിമുറുക്കങ്ങളും വൈരുദ്ധ്യങ്ങളും ഐറണികളും പൂര്‍ണമായും മായ്ച്ചുകളയുന്നു.മനസ്സിന്റെ സൗന്ദര്യം വിസ്മയകരമായ അപൂർവ്വതയായി നിലനിൽക്കുന്ന ഒന്നല്ലാതാകുകയും പകരം ആ ജീവിതത്തിന്റെ സമഗ്രതയെ അടിവരയിടുന്ന ചില രാഷ്ട്രീയവും വംശീയവുമായ ദൃഢവിശ്വാസങ്ങളിൽ (ജീവചരിത്രത്തില്‍ നിന്ന് വ്യതസ്തമായി)അടിസ്ഥാനപ്പെടുത്തിയുള്ള ഒന്നായി മാറ്റി തീര്‍ക്കുകയും ചെയ്തു. സിനിമ ഒരു അമേര്‍ക്കന്‍ കുടുംബ/ദേശീയ നായകനെ സൃഷ്ടിക്കാന്‍ നാഷിന്റെ ജീവിതത്തിലെ യഥാര്‍ത്ഥ കാര്യങ്ങള്‍ നീക്കിക്കളയുന്നു. നാഷ്, തന്റെ കാലഘട്ടത്തിലെ ദേശീയ ഹീറോ ആയുള്ള വേഷം അണിയുന്നതിനായി കാര്യങ്ങൾ വ്യത്യസ്തമായ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടിയിരുന്നു എന്ന് സിനിമ തീരുമാനിക്കുന്നു. . ജീവചരിത്രത്തിൽ നിന്നും,ഒരു പക്ഷെ  യഥാർത്ഥ ജീവിതത്തിൽ നിന്നു തന്നെയും  ചലച്ചിത്രം മുഖ്യമായും വ്യതാസപ്പെട്ടത്  സ്വവർഗ്ഗാനുരാഗം, വിവാഹേതര ലൈംഗികബന്ധം, വിവാഹ മോചനം  തുടങ്ങിയ കാര്യങ്ങൾ  മായ്ച്ചുകളഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ മാനസികവിഭ്രമങ്ങൾ പോലും അദ്ദേഹം ഒരു യഥാസ്ഥിതിക രാഷ്ട്രീയതിന്റെ പ്രതിനിധി  ആയിരുന്നു  എന്ന് സ്ഥാപിക്കുന്നതിലായിരുന്നു.

ജീവിതത്തിന്റെ എല്ലാ ഗുണദോഷങ്ങളെയും നിലനിർത്തിക്കൊണ്ടുതന്നെ ജീവിക്കാനായി അദ്ദേഹം നടത്തിയ വൈയക്തികമായ പോരാട്ടത്തെപ്പറ്റി മനസ്സിലാക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആത്യന്തികമായി രോഗത്തിൽ നിന്ന് മുക്തനായി എന്നത് മാറ്റി നിർത്തിയാൽ നാഷിന്റെ ദുരന്തപൂർവ്വമായ ഭൂതകാലത്തിനു നാടകീയമായ ഒന്നും തന്നെ മുന്നോട്ടുവയ്ക്കാൻ ഉണ്ടായിരുന്നില്ല. എന്നാൽ മനസ്സ് ഉലഞ്ഞുപോയ  ആ കാലഘട്ടത്തെ,  ഒരു പ്രധാന രാഷ്ട്രീയ പോരാട്ടത്തിന്റെ കാലമായി, അത് മിഥ്യയാണെങ്കിൽ തന്നെ, സ്ഥാപിച്ചെടുക്കാൻ സിനിമ ശ്രമിക്കുന്നു. ഒരു യു എസ്സ് ദേശീയ ഹീറോ ഒരു മഹാപ്രതിഭയായാൽ മാത്രം പോര, ധാർമ്മികമായും പ്രത്യയശാസ്ത്രപരമായും  ഒരു യാഥാസ്ഥിതികനും ആകേണ്ടതുണ്ടായിരുന്നു എന്നാണു സിനിമ വിശ്വസിക്കുന്നത്. അങ്ങനെ ചിത്രീകരിക്കാന്‍ അദ്ദേഹത്തിന്റെ ജീവിതം സിനിമ വളച്ചൊടിക്കുന്നു.

സ്വകാര്യജീവിതത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ഭാഗങ്ങൾ തങ്ങള്‍ക്കു അനുയോജ്യമായി സെൻസർ ചെയ്തുകൊണ്ടാണു ചലച്ചിത്രം ആ ലക്ഷ്യം സാധിക്കുന്നത്. ആദ്യമായി നാഷ് ഒരു ദ്വിലിംഗി (bisexual) ആയിരുന്നു എന്നത് അംഗീകരിക്കാൻ അത് തയ്യാറാകുന്നില്ല.  ജീവചരിത്രത്തിൽ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ലൈംഗികസ്വഭാവങ്ങൾക്ക് ആവശ്യത്തിനു സൂചനകളുണ്ട്. അത് ഇന്നത്തെ കാലത്ത് നിയമപരമായി ഒരു തെറ്റല്ലെങ്കിൽ തന്നെയും അതേക്കുറിച്ച് പറയുന്നത്  ഒരു നല്ല കുടുംബസ്ഥൻ എന്ന സങ്കല്പത്തെ ദോഷമായി ബാധിക്കുന്ന ഒന്നാകുമെന്നതിനാൽ സിനിമ അത് ഒഴിവാക്കുകയാണ് ചെയ്തത്.

സിനിമ, ഏഷ്യൻ സിനിമ വിശേഷിച്ചും, സ്വവർഗ്ഗലൈംഗികതയെ സാധാരണവും സ്വഭാവികവുമായി സമീപിച്ചുതുടങ്ങിയിട്ട് വളരെക്കാലമായി.ഉദാഹരണത്തിനു സ്റ്റാൻലി ക്വാൻ കാം പാങ് സംവിധാനം ചെയ്ത  ലാൻ യു എന്ന ചൈനീസ് ചിത്രം  സ്വവർഗ്ഗലൈംഗികതയെ സാമൂഹ്യജീവിതത്തിൽ അംഗീകാരവും സാധുതയുമുള്ള ഒന്നായി, (ആ സിനിമയിൽത്തന്നെ ടിയാന്മെൻ സ്ക്വയർ സംഭവവും ചൈനയിലെ അഴിമതിവിരുദ്ധ മുന്നേറ്റത്തെയും സൂക്ഷ്മമായി ദൃശ്യവൽക്കരിക്കുന്നതുപോലെ)ചിത്രീകരിക്കുന്നുണ്ട്. സ്വവർഗ്ഗലൈംഗികതയെയും മറ്റും മനുഷ്യന്റെ നിലനിൽപിനെ അട്ടിമറിക്കുന്ന ഒന്നായല്ല, മറിച്ച് ദൈനംദിനജീവിതത്തിൽ സാധാരണമായി കാണേണ്ടുന്ന ഒന്നാണെന്ന് വാദിക്കുകയാണു ആ സിനിമ. അതേ സമയം നാഷിന്റെ സ്വവർഗ്ഗലൈംഗികജീവിതത്തെ ബൂർഷ്വാ കുടുംബാന്തരീക്ഷത്തിന്റെ മൂല്യങ്ങളെ ഉദാത്തവൽക്കരിക്കുന്നതിനായി  രണ്ട് പ്രധാന നീക്കങ്ങൾക്കൊപ്പം ഒരേ ലക്ഷ്യത്തിനായി മായ്ച്ചു കളയുന്നു: ഒരു കുട്ടി പിറന്ന അദ്ദേഹത്തിന്റെ വിവാഹേതരബന്ധത്തെപ്പറ്റിയും  അവസാനം വരെ ഒന്നിച്ചായിരുന്നെങ്കിലും അലിഷ്യ നാഷില്‍ നിന്ന് വിവാഹമോചിത ആയി മറ്റൊരു ബന്ധത്തിൽ തുടർന്നിരുന്നു എന്നതും  സിനിമ മറച്ചു വയ്ക്കുന്നു. 2001 ല്‍ അവർ നാഷിനെ പുനര്‍വിവാഹം ചെയ്യുക ആയിരുന്നു. ഒരു സ്വവർഗ്ഗാനുരാഗി, പരസ്ത്രീബന്ധത്തിൽ ഒരു കുട്ടിയുടെ അച്ഛൻ, ചില സൗകര്യങ്ങൾക്കായി നിർബന്ധപൂർവ്വം വിവാഹബന്ധം വേർപെടുത്തിയ ഒരാൾ എന്നീ വിശേഷണങ്ങൾ ഒരു  അമേരിക്കന്‍  ദേശീയ ഹീറോയുടെ  കപട സദാചാര മൂല്യങ്ങളുമായി ഇണങ്ങുന്നവയായിരുന്നില്ല എന്നതിനാലാണ് സിനിമ ഈ തരത്തിൽ  നാഷിന്റെ ജീവിതത്തെ തുടച്ചു വെടിപ്പാക്കുന്നത്.

 സിപിഎമ്മിന്റെയും അതിന്റെ വിവിധ സംഘടനകളുടെയും എതിർപ്പിനെ തുടർന്ന് 2001 ലെ കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലെ സ്ക്രീനിംഗിൽ നിന്ന് ഒഴിവാക്കിയ അലെക്സാൻഡർ സുക്രോവിന്റെ ടോറസ് എന്ന സിനിമ മഹത്വവൽക്കരണമല്ല അതിന്റെ ലക്ഷ്യം എന്ന ദൃഢമായ തീരുമാനത്തോടെ ലെനിന്റെ ജീവിതത്തിന്റെ അവസാന നാളുകളെ സമീപിക്കാൻ ശ്രമിച്ച ഒന്നായിരുന്നു. ഒരാൾ പറയാൻ തിരഞ്ഞെടുക്കുന്നതും പറയാതിരിക്കാൻ തിരഞ്ഞെടുക്കുന്നതും ഒരു വിഷയത്തെ ഗ്രഹിക്കുന്നതിൽ പ്രധാനമാണെന്നു നമുക്കറിയാം. അത്തരം ഒരു സംവേദനരീതിയെ നിരാകരിക്കുക എന്നത് രാഷ്ട്രീയമായും സൈദ്ധാന്തികമായും അപകടകരമാണ്. സാഹിത്യരൂപങ്ങളുടെ ലഘൂകരിക്കാനാകാത്ത നിമിഷങ്ങളെ അങ്ങനെ അഭിമുഖീകരിക്കേണ്ടി വരുന്ന ഘട്ടങ്ങളിൽ ഗായത്രി സ്പിവാക്കിന്റെ  ആധികാരികമായ പ്രസ്താവന (1999, Critique of Post Colonial Reason) ആണ് ഓര്‍മ്മയില്‍ വരിക:ശുദ്ധീകരിക്കാതിരിക്കുക, പകരം വശദീകരിക്കുക. (Dont expurgate, attempt to account for it.)

 ഏ ബ്യൂട്ടിഫുൾ മൈൻഡ് എന്ന ജീവചരിത്രസിനിമ അശുദ്ധമായ ഒരു ജീവിതത്തെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര അവബോധത്തിനായി ശുദ്ധീകരിക്കുകയാണു ചെയ്യുന്നത്. വിശദീകരിക്കാൻ അതിനു കഴിയാത്തതുകൊണ്ടല്ല. അത് പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന യാഥാസ്ഥിതിക മണ്ഡലത്തിൽ സ്വന്തം  നായകൻ അന്യവല്‍ക്കരികപ്പെട്ടു പോകുമോ എന്ന ഭയമാണ് സിനിമക്ക്!

 നവമലയാളി ഈ ലക്കത്തിൽ സമകാലിക മാര്‍ക്സിസ്റ്റ് രാഷ്ട്രീയത്തെ കുറിച്ച് ഒരു ചര്‍ച്ച ആരംഭിക്കുകയാണ്. മാവോയിസത്തെ കുറിച്ച് കെ എൻ  രാമചന്ദ്രന്റെയും, സി പി ഐ (എം) 21 മത് പാര്‍ട്ടി കോൺഗ്രസ് വിശാഖപട്ടണത്ത് സമാപിച്ചതിന്റെ പശ്ചാത്തലത്തിൽ പാര്‍ലമെന്ററി മാര്‍ക്സിസത്തിന്റെ അടവുകളെ കുറിച്ച് ഡോ. തോമസ്‌ ഐസക്ക്, രവിവര്‍മ, ബിന്ദു. ആർ എന്നിവരുടെയും ലേഖനങ്ങൾ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും അവസാന വാക്കുകള്‍ അല്ല. തുടര്‍ചര്‍ച്ചക്കായിട്ടാണ് ഈ സമീപനങ്ങൾ അവതരിപ്പിക്കുന്നത്‌. ഇന്ന് സി. പി. ഐ. (എം) അടക്കം കമ്യൂണിസ്റ്റ് പാര്‍ട്ടികൾ ആന്തരികമായ രൂപാന്തരങ്ങള്‍ക്ക് വിധേയമാകുന്നു. ഈ പാർട്ടികള്‍ക്കുള്ളിൽ നില്‍ക്കുന്നവർ  പോലും വേറിട്ടുള്ള അഭിപ്രായങ്ങൾ മുന്നോട്ടു വയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ തുടര്‍ന്നുള്ള ലക്കങ്ങളിൽ  ഈ ചർച്ച കൂടുതൽ സജീവമാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Comments

comments