രണനിർവഹണവും കോടതി വ്യവഹാരവും ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയിലാകണമെന്ന് വാദിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ഉയർത്തുന്ന ഒരു വാദമാണ് മാതൃഭാഷ ഭാവപരമായും ജാഞാനിമപരമായും വിദേശഭാഷയേക്കാൾ മെച്ചമേറിയതാണെന്നത്. ഇതിനു കാരണമായി മുന്നോട്ടു വെക്കുന്ന ആശയങ്ങളിൽ ചിലത് താഴേ പറയുന്നവയാണ്. മാതൃഭാഷയുടെ അവബോധം വളർന്ന് വന്നത് ഒരു ജനതയെ അവരാക്കി മാറ്റിയ സാമൂഹികവും സാംസ്‌ക്കാരികവും ഭൂമിശാസ്ത്രപരവുമായ ഊർജ്ജങ്ങളെ അതിന്റെ സത്തയിലേക്ക് സ്വാംശീകരിച്ചു കൊണ്ടാണ്. മാതൃഭാഷ പലപ്പോഴും സ്ഥൂല രാഷ്ട്രീയത്തിന്റെ ആഗോള വ്യാപകമായ ഏകീകരണ പ്രക്രിയക്കെതിരെ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ, പ്രതിരോധത്തിന്റെ സചേനാത്മകത ഉൾക്കൊള്ളുന്നതാണ്. ലോകത്തിനെ അന്യൂനമായി കാണുവാനും അനൂഭവിപ്പിക്കുവാനും കൊളോണിയൽ ആയ ഒരു വൈദേശിക ഭാഷയുടെ അടിത്തറയിൽ നാം വികസിപ്പിച്ചെടുത്ത അവബോധത്തിന്റെ ജഡത്വം നമ്മെ ഓർമ്മിപ്പിക്കുവാനും ശേഷിയുള്ളതാണ് മാതൃഭാഷ. ഈയൊരർത്ഥത്തിൽ മാതൃഭാഷ സ്‌നേഹവും അതിനോടുള്ള വിട്ടുവീഴ്ചയില്ലാത്ത സത്യസഞ്ചതയും (fidelity) കൊളോണിയൽ ഭാഷയും സംസ്‌ക്കാരവും നിർമ്മിച്ചെടുത്ത നവ സാമ്രാജ്യത്വ ലോകക്ര മത്തിന് എതിരായുളള ഉത്പതിഷ്ണമായ ഒരു ജനാധിപത്യ രൂപത്തിന് അവശ്യം വേണ്ട ഘടകങ്ങളാണ്. അതായത്, ആർത്തിയും അധിനിവേശവും അടിസ്ഥാനപ്പെടുത്തിയ വ്യക്താധിഷ്ഠിത ഉദാര മാനവികത ഉയർത്തുന്ന ജനാധിപത്യ സങ്കൽപങ്ങളിൽനിന്നും തീർത്തും വ്യത്യസ്തമായ ഒരു റാഡിക്കൽ ഡെമോക്രസിയുടെ പതാക നൗകയാണ് മാതൃഭാഷാ സ്‌നേഹം.

കാര്യങ്ങളെല്ലാം കൃത്യമായി കറുപ്പും വെളുപ്പും ആയി അടയാളപ്പെടുത്തുവാൻ കഴിഞ്ഞിരുന്നെങ്കിൽ മനുഷ്യാവസ്ഥ എത്ര സുഖകരമായേനേ! പക്ഷെ പല മനുഷ്യരും ലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും കറുപ്പ്, വെളുപ്പ് എന്ന ദ്വന്ദ്വത്തിനപ്പുറമുള്ള ഒരുപാട് ശകലങ്ങളായാണ്. അതിനാൽ തന്നെ വസ്തുതകളെ മനസ്സിലാക്കുവാൻ മാതൃഭാഷ/വിദേശ ഭാഷ എന്ന ദ്വന്ദ്വകല്പന വെക്കുന്നത്, വസ്തുതകളെക്കുറിച്ച് വളരെ ലഘൂകരിച്ച ഒരു കാഴ്ചപ്പാട് നൽകുവാനേ ഉപകരിക്കൂ. അതുപോലെ തന്നെ ന്യൂനീകരിച്ച ഒരു കാഴ്ചപ്പാടാണ് മാതൃഭാഷ/വിദേശ ഭാഷ എന്ന ദ്വന്ദ്വത്തി‌നെ ഘടനാപരമായി സമതുലനം ചെയ്തുകൊണ്ട് അബോധം/ബോധം, റാഡിക്കൽ ഡെമോക്രസി/ലിബറൽ ഡെമോക്രസി എന്നീ ദ്വന്ദ്വങ്ങൾ വെക്കുന്നത്. ഇത്തരം ലഘൂകരിച്ച കാഴ്ചപ്പാടുമായി നടക്കുന്നവർക്ക് പ്രശസ്ത കവി ജെഫ്രി ഹില്ലിന്റെ ഒരു ചിന്ത പങ്കുവെക്കുന്നത് നല്ലതായിരിക്കും എന്നു തോന്നുന്നു: ലാഘവത്തിനു വേണ്ടിയുള്ള വാശി സ്വേച്ഛാധിപതിയുടെ വാശിയാണ്.

ചിന്തയുടെ ലക്ഷ്യം, യഥാർത്ഥത്തിൽ ജർമ്മൻ തത്വചിന്തകനായ മാർട്ടിൻ ഹെയ്ദഗർ അഭിപ്രായപ്പെട്ടതുപോലെ, വസ്തുതകളെ ലളിതമാക്കുക എന്നതല്ല, മറിച്ച് കുറേക്കൂടി സങ്കീർണ്ണമാക്കുക എന്നതാണ്. അതിനാൽ തന്നെ, നാം വളരെ സ്വാഭാവികവും ലാളിത്യം നിറഞ്ഞതുമായി കാണുന്ന മാതൃഭാഷ, മലയാളം, മലയാളി എന്നീ സങ്കല്പങ്ങൾ കുറേക്കൂടി ആഴത്തിൽ വിശകലനം ചെയ്യപ്പെടേണ്ടതും സങ്കീർണ്ണമാക്കപ്പെടേണ്ടതുമായ സങ്കല്പങ്ങളാണ്.

മലയാളിയുടെ മാതൃഭാഷ മലയാളം ആണ് എന്ന് പറയുന്നതിലൂടെ നാം എന്താണ് ഉദ്ദേശിക്കുന്നത്? മലയാളം എങ്ങിനെയാണ് ഒരാളുടെമാതൃഭാഷ ആകുന്നത്? ആ വ്യക്തി സംസാരിക്കുന്ന ഭാഷയായതിനാൽ? ആ വ്യക്തിയോട് അടുത്ത് ഇടപഴകുന്നവരുടെ ഭാഷയായതിനാൽ? ആ വ്യക്തി വസിക്കുന്ന നാടിന്റെ ഭാഷയായതിനാൽ? ആ വ്യക്തിയുടെ രാഷ്ട്രത്തിന്റെ ഭാഷയായതിനാൽ? അതല്ല, ഇതെല്ലാംകൂടി ചേർന്നതിനാൽ? മാതൃഭാഷയും മാതാവും തമ്മിൽ നാം അബോധത്തിൽ സൃഷ്ടിച്ചെടുത്തിട്ടുള്ള പൊക്കിൾകൊടി ബന്ധം പ്രശ്നവൽക്കരിക്കുവാൻ രണ്ട് വ്യത്യസ്ത കാലഘട്ടത്തിലെ രണ്ട് ചിന്തകരുടെ സ്വദേശ/മാതൃ ഭാഷാർജ്ജനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് താരതമ്യം ചെയ്താൽ മതി. 1304-ൽ ഇറ്റാലിയൻ കവിയും ചിന്തകനുമായ ഡാന്റേ അലിഗിയേറി സ്വദേശ ഭാഷ (vulgarem locutionem) എന്നു വിവക്ഷിച്ചത് ഒരു കുട്ടി അവന്റെ/അവളുടെ ആയകളെ അനുകരിച്ച് പഠിക്കുന്ന ഭാഷയെയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത എന്തെന്നാൽ, പരിചരിക്കുന്ന അമ്മ എന്ന അർത്ഥത്തിൽ ഡാന്റേ ഉപയോഗിക്കുന്ന nutrix എന്ന വാക്ക്, അതിന്റെ ബഹുവചന രൂപത്തിൽ പ്രത്യേകിച്ചും, ഇറ്റാലിയൻ ഭാഷയിൽ സ്ത്രീയുടെ സ്തനത്തേയും സൂചിപ്പിക്കുന്നു എന്നതാണ്. സൂക്ഷ്മമായി നോക്കുകയാണെങ്കിൽ, ഡാന്റേ ഒരേ സമയം രണ്ട് വിരുദ്ധ ചിന്തകൾ ഒരു ഉത്തരാധുനിക ചിന്തകന്റെ മെയ്‌വഴക്കത്തോട് കൂടി, അല്ലെങ്കിൽ, തീവ്ര സംവേദനം നമ്മിൽ നിന്നാവശ്യപ്പെടുന്ന ഒരു കവിയുടെ കൃത്യതയോട് കൂടി, ഇവിടെ സമന്വയിപ്പിക്കുന്നതായി തോന്നാം. അതായത്, ഭാഷാർജ്ജനം മുലപ്പാൽ പോലെ വളരെ നൈസർഗ്ഗികമായി പ്രകൃത്യാ (natural) ലഭിക്കുന്ന ഒന്നായും, അതേ സമയം തന്നെ ആയയുടെ പരിചരണത്താൽ സാംസ്‌ക്കാരികമായും (cultural) ലഭിക്കുന്ന ഒന്നായും വിവക്ഷിക്കുന്ന ഒരു മെയ്‌വഴക്കം അല്ലെങ്കിൽ കൃത്യത.

മേൽപറഞ്ഞ രീതിയിൽ സ്വദേശ ഭാഷയെ വിവക്ഷിക്കുവാൻ ഡാന്റേയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തുതന്നെ ആയിരുന്നാലും, യൂറോപ്പിന്റെ മധ്യകാല സാംസ്‌ക്കാരിക പരിസരത്ത് അത് വ്യക്തമായ അർത്ഥ തലം സൃഷ്ടിക്കുന്ന ഒന്നായിരുന്നു. ഡാന്റേ സംസാരിച്ചത് മധ്യവർഗ്ഗം (middle class) എന്നു വിളിക്കുന്ന, ആധുനിക ബൂർഷ്വാ സമൂഹം ഉടലെടുക്കുന്നതിന് മുൻപ് യൂറോപ്പിൽ ജീവിച്ചിരുന്ന, വരേണ്യത പാരമ്പര്യമായി സിദ്ധിച്ചിരുന്ന ഒരു സമൂഹത്തെക്കുറിച്ചായിരുന്നു. പ്രസ്തുത വരേണ്യ സമൂഹത്തിന്റെ ഒരു പ്രത്യേകത അവരുടെ സ്ത്രീകൾ സ്വന്തം കുട്ടികളെ മുലയൂട്ടാറില്ലായിരുന്നു എന്നതാണ്. മുലയൂട്ടുന്നതിനായി സ്തനദായിനികൾ (wet nurse) എന്ന ആയമാരെ നിയോഗിക്കുകയായിരുന്നു പതിവ്. ഈയൊരു കാഴ്ചപ്പാടിൽ നിന്നും നോക്കുമ്പോൾ ഭാഷയെ അമ്മയുടെ മുലപ്പാലുമായി ബന്ധിപ്പിക്കുകയല്ല ഡാന്റേ ഇവിടെ ചെയ്യുന്നത്, മറിച്ച്, അദ്‌ദേഹത്തിന്റെ പ്രത്യയശാസ്ത്ര ലക്ഷ്യത്തിനു വിരുദ്ധമായി, അറിയാതെ, മുലപ്പാലുമായുള്ള ബന്ധം തകിടം മറിച്ച് ഭാഷയെ സാമൂഹ്യപരമായ ഒരു തലത്തിൽ വിലയിരുത്തുകയാണ് അദ്‌ദേഹം ചെയ്യുന്നത്.

ഡാന്റേയിൽ നിന്നും വ്യത്യസ്തമായി, സമകാലീന ഭാഷാചിന്തകനായ നോം ചോംസ്‌ക്കി ഒരിക്കൽ സൂചിപ്പിച്ചത്, മാതൃഭാഷ എന്നത് ഒരു കുട്ടി അവന്റെ/അവളുടെ അമ്മയിൽ നിന്നും ആർജ്ജിക്കുന്ന ഒന്നല്ല, മറിച്ച് അവരുടെ കളിക്കൂട്ടുകാരിൽ നിന്നും സ്വായത്തമാക്കുന്ന ഒന്നായാണ്. മധ്യകാലഘട്ടത്തിലെ ഒരു ചിന്തകനിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാടെടുക്കുവാൻ ആധുനികനായ ഒരു ചിന്തകനെ പ്രേരിപ്പിച്ചത് യുറോപ്യൻ മധ്യകാലഘട്ടത്തിൽ നിന്നും നമ്മുടെ ശാസ്ത്രചിന്തയും വിശകലന രീതിയും കുറെക്കൂടി പുരോഗമിച്ചത് കൊണ്ടല്ല. മധ്യകാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ശാസ്ത്രചിന്തയും വിശകലന രീതിയും ഒരു കാരണമായേക്കാമെങ്കിലും, പ്രത്യക്ഷത്തിൽ നമുക്ക് മനസ്സിലാകുന്ന മറ്റൊരു കാരണമുണ്ട്: യുറോപ്യൻ മധ്യകാലത്തിന്റെ സാമൂഹ്യ ജീവിതരീതിയല്ല പാശ്ചാത്യ ലോകത്ത് സമകാലിക സമൂഹം പിൻതുടരുന്നത്. പാശ്ചാത്യലോകത്തിന്റെ വരേണ്യ ശ്രേണിയിൽ നിന്നും സ്തനദായിനികൾ എന്ന സങ്കല്പം ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. അണുകുടുംബത്തിലെ ജോലിക്കാരായ, തിരക്കേറിയ അച്ഛനമ്മമാർക്ക് കുട്ടിയുമായുള്ള നേരിട്ടുള്ള ആശയ വിനിമയം വളരെ കുറഞ്ഞതും, കുട്ടിയുടെ ജീവിതത്തിലെ അച്ഛനമ്മമാരുടെ ഇടവിട്ട് ഇടവിട്ടുള്ള അഭാവം ബേബി സിറ്റിംങ്ങ്, ക്രഷ് തുടങ്ങിയ നൂതന സംവിധാനങ്ങൾ ഘടനാപരമായി അഭിസംബോധന ചെയ്യാൻ തുടങ്ങിയതും അയിരിക്കും ഒരു പക്ഷെ മാതൃഭാഷെയെ സംബന്ധിച്ച് ഡാന്റേയിൽ നിന്നും വ്യത്യസ്തമായ ഒരു ആശയം വെച്ചു പുലർത്തുവാൻ നോം ചോംസ്‌ക്കിയെ പ്രേരിപ്പിച്ച ഘടകങ്ങൾ.

വ്യത്യസ്തമാണ്, പ്രത്യക്ഷത്തിൽ, ഈ രണ്ട് ചിന്തകൻമാരുടെയും അന്തിമ നിലപാടുകളെങ്കിലും, സൂക്ഷ്മമായി നോക്കുകയാണെങ്കിൽ രണ്ട് നിലപാടും ഉറക്കെ പ്രഖ്യാപിക്കുന്നത് ഒരേ വസ്തുത തന്നെയാണ്. അതിതാണ്: സ്വദേശ/മാതൃഭാഷ ആർജ്ജിക്കുന്നത് ഒരു സാമൂഹ്യപരമായ പ്രക്രിയയിലൂടെയാണ്. ഈയൊരർത്ഥത്തിൽ നോക്കുമ്പോൾ വിവിധ ഭാഷാ പരിപാടികളും, കാർട്ടൂണുകളും, കമ്പ്യൂട്ടറുകളും, സ്മാർട്ട് ഫോണുകളും ജീവിതം നിയന്ത്രിക്കുന്ന ഒരു പുതുതലമുറ കുട്ടിയുടെ മാതൃഭാഷ ഇന്നതാണ് എന്നു വാശിപിടിക്കുന്നത്, ഇന്നതാവാനേ പാടുള്ളൂ എന്നു വാശി പിടിക്കുന്നത് മാടമ്പിത്തരമല്ലാതെ മറ്റെന്താണ്?

മാതൃഭാഷ സ്‌നേഹികൾ ഈ വാദത്തിനു പകരം വെക്കുന്ന ഒരു വൈകാരിക ആക്രോശം ഉണ്ട്. ഞങ്ങൾ സംസാരിക്കുന്നത് ടിവിയും സ്മാർട്ട് ഫോണും നിത്യ ജീവിതത്തിന്റെ ഭാഗമായ ഒരു ജനതയെക്കുറിച്ചല്ല. ഞങ്ങൾ സംസാരിക്കുന്നത് ജീവിതത്തിന്റെ ഓരങ്ങളിലേക്ക് തള്ളപ്പെട്ട, തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതാവസ്ഥകളെക്കുറിച്ചാണ്. അപ്പോൾ അതാണ് കാര്യം. ജീവിതത്തിന്റെ ഓരങ്ങളിലേക്ക് ഒരു ജനതയെ പുറം തള്ളിയ സാമൂഹ്യ വ്യവസ്ഥയെ കണ്ണോട് കണ്ണ് നേരിടുന്നതിനു പകരം, അവർക്ക് മാതൃഭാഷയുടെ ജ്ഞാനിമമായ മേൽക്കോയ്മ എന്ന മായാക്കാഴ്ച്ച നൽകുകയാണ് മാതൃഭാഷ സ്‌നേഹികൾ എന്ന് അഹങ്കരിക്കുന്ന ധാർമ്മിക വരേണ്യത. നിങ്ങൾക്ക് കമ്പ്യൂട്ടറും ടാബും മറ്റും ഇല്ലെങ്കിലെന്ത്, തുഞ്ചത്തെഴുത്തച്ഛനും, എംടിയും, സുഗതകുമാരിയും തീർത്ത മലയാളത്തിന്റെ മഹത്തായ ഭാവലോകം ഉണ്ടല്ലോ? തനിമാവാദികൾക്ക് മനസ്സിലാക്കുവാൻ പ്രയാസമുള്ള മലയാളങ്ങൾ സംസാരിക്കുന്ന കേരളത്തിലെ വിവിധങ്ങളായ ആദിവാസി ജനതകൾക്കും മറ്റ് കീഴാള വിഭാഗങ്ങൾക്കും എംടി നൽകുന്ന ഭാവലോകത്തിനേക്കാളും വിമോചനാത്മകമായി ഒരു സ്മാർട്ട് ഫോണും അതിലെ അപ്ലിക്കേഷനും അനുഭവപ്പെട്ടാൽ അതിനു നേരേ മുറുമുറുക്കുന്നത്, മുണ്ടുകയറ്റിക്കുത്തുന്നത് മാന്യന്മാർക്ക് ചേർന്നതാണോ? മാളികപ്പുറത്തു നിന്നും വരമ്പത്തു നിന്നും പാടത്ത് പണിയെടുക്കുന്ന കീഴാള സ്ത്രീകളെ തെളിഞ്ഞും ഒളിഞ്ഞും നോക്കി കീഴാള സ്ത്രീകളുടെ സ്വത്വത്തേയും ലോകത്തേയും കുറിച്ച് അന്തിമ വിധികൾ പുറപ്പെടുവിച്ച മലയാള വരേണ്യ കാവ്യ സംസ്‌ക്കാരത്തിന്റെ ഫ്യൂഡൽ വീഞ്ഞ് പുതിയ കുപ്പികളിലാക്കി പുതിയ ലേബലൊട്ടിച്ചാൽ അതാർക്കും മനസ്സിലാവില്ല എന്ന നിഷ്‌കളങ്കത മലയാള ഭാഷാസ്‌നേഹികൾ വെച്ചു പുലർത്തുന്നത് അത്ര നല്ലതല്ല. ഇത്തരം നിഷ്‌കളങ്കരായ ചിന്തകന്മാരോട് വീണ്ടും ആവർത്തിക്കട്ടെ : ലോകം അത്ര നിഷ്‌കളങ്കമല്ല; അത് വളരെ സങ്കീർണ്ണമാണ്. നിങ്ങൾക്ക് ലോകം വളരെ ഋജുവും ലളിതവുമായി അനുഭവിക്കുവാൻ പറ്റുന്നു എന്നതിന്റെ അർത്ഥം എല്ലാവർക്കും അങ്ങിനെ അനുഭവിക്കുവാൻ പറ്റുന്നു എന്നല്ല.

ഇതിന്റെ അർത്ഥം മാതൃഭാഷ എന്ന സങ്കല്പം തീർത്തും അപ്രസക്തമാക്കുന്ന ഒരു ലോക ക്രമം ഉടലെടുത്തു എന്നല്ല. എന്റെ അഭിപ്രായത്തിൽ, അത്തരമൊരു ലോകക്രമം ഉടലെടുക്കണമെങ്കിൽ ഇന്നു കാണുന്ന രീതിയിലുള്ള മൂലധനത്തിന്റെ ആഗോളവൽക്കരണം നടന്നാൽ പോര. ഇന്നു കാണുന്നതിൽ നിന്നും വ്യത്യസ്തമായി ജനങ്ങളുടെ ഒരു ആഗോളവൽക്കരണം അതിനായി ആവശ്യമുണ്ട്. അതിനാൽ തന്നെ മാതൃഭാഷ എന്നത് ഇന്നും വളരെ പ്രസക്തമായ ഒരു പരികല്പനയാണ്. പക്ഷെ മാതൃഭാഷയെ സത്താപരമായ ഒരു രാഷ്ട്രീയവുമായി കൂട്ടി കലർത്താമോ എന്നുള്ളതാണ് കാതലായ പ്രശ്‌നം.

ഉദാഹരണത്തിന്, മാതൃഭാഷാസ്നേഹികളും തനിമാ വാദികളും അധികമൊന്നും ആലോചിക്കാതെ ഉപയോഗിക്കുന്ന ചില പ്രയോഗങ്ങൾ എടുക്കുക: മലയാളി മലയാളം മറന്നു; മലയാളി അവന്റെ സംസ്‌ക്കാരം മറന്നു”’, എന്നിങ്ങനെ. മലയാളം മറന്നവരേയും മലയാള സംസ്‌ക്കാരം മറന്നവരേയും മലയാളി എന്നു വിളിക്കാമെങ്കിൽ, മലയാളി എന്ന സങ്കല്പം നാം വിചാരിക്കുന്നതിനേക്കാൾ കുറേക്കൂടി സങ്കീർണ്ണത നിറഞ്ഞതാണ്. ഇത്തരം സന്ദർഭങ്ങളിൽ മലയാളി എന്നു വിവക്ഷിക്കുന്നത് ആരേയാണ് എന്നുള്ള ഒരു പൊതുധാരണ നമുക്കെല്ലാവർക്കും ഉണ്ടെങ്കിലും, മലയാളി എന്ന പദം നിർവ്വചിച്ച് അതാരേയാണ് വിവക്ഷിക്കുന്നത് എന്ന് കൃത്യമായി വ്യക്തമാക്കുവാൻ നമുക്ക് കഴിയാറില്ല (അത്തരം കൃത്യ നിർവ്വചനങ്ങൾക്ക് ശേഷിയുള്ള ഒരാൾ കേരളത്തിൽ കെ.പി. രാമനുണ്ണി ആണ് എന്ന് തോന്നുന്നു!) യഥാർത്ഥത്തിൽ ഇത്തരം നിർവ്വചിക്കാൻ പറ്റാതെ അബോധപൂർണ്ണമായി പങ്കുവെക്കപ്പെടുന്ന ഒരുപാട് ധാരണകളുടെ പുറത്താണ് ആശയ വിനിമയം നടക്കപ്പെടുന്നതും. ഇതായിരിക്കാം ഒരു പക്ഷെ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മൗലികമായ ചിന്തകരിൽ ഒരാളായ മാർട്ടിൻ ഹെയ്ദഗർ നമുക്ക് നൽകിയ പാഠങ്ങളിൽ പരമ പ്രധാനമായത്.

ചുരുക്കത്തിൽ, ഭാഷയാൽ നിർമ്മിതമായ ഒരു സങ്കല്പവും എളുപ്പത്തിൽ വിശദീകരിക്കാവുന്നവയോ എളുപ്പത്തിൽ ബോധതലത്തിലേക്ക് കൊണ്ടുവരാവുന്നവയോ അല്ല. അങ്ങിനെ ആയിരുന്നുവെങ്കിൽ, മലയാളി എന്ന പദം ഉപയോഗിക്കുമ്പോൾ നാം അബോധമായി പങ്കുവെയ്ക്കുന്ന ധാരണാ സഞ്ചയങ്ങളെ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ ഫ്‌ളോ ചാർട്ടിലെ വിവരങ്ങളായുപയോഗിച്ച് മലയാളിയെ തിരിച്ചറിയുന്ന ഒരു സോഫ്റ്റ്‌വെയർ നമുക്കു നിർമ്മിക്കാൻ കഴിയുമായിരുന്നേനെ! തത്ഫലമായി ആ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഏതൊരു കമ്പ്യൂട്ടറിനും കൃത്യമായും പറയാൻ കഴിഞ്ഞേനെ മലയാളി മലയാളം മറന്നുഎന്നുള്ളതിലെ മലയാളി ആരാണെന്ന്! ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സിനെക്കുറിച്ച് പരിമിതമായ അറിവുള്ള ഒരാൾക്കുപോലും അറിയാവുന്നതാണ് ഇന്നത്തെ കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ ഏറ്റവും സങ്കീർണ്ണമായ മാനങ്ങൾക്കു പോലും സാധ്യമാക്കാൻ പറ്റുന്ന ഒന്നല്ല മേൽ വിവരിച്ച സംഭവം എന്നത്.

ഇതു സൂചിപ്പിക്കുന്നത് ഒരു വസ്തുവിനെക്കുറിച്ചുള്ള നമ്മുടെ ആശയം രൂപപ്പെടുന്നത് നമുക്ക് ഒരിക്കലും വിശദീകരിക്കാൻ പറ്റാത്ത അബോധപൂർവ്വമായ പ്രക്രിയകളിലൂടെയാണ്. ഹെയ്ദഗറിന്റ ഭാഷ ഉദ്ധരിക്കുകയാണെങ്കിൽ, ഭാഷയിലാണ് വസ്തുക്കൾ ഉടലെടുക്കുന്നതും ഉണ്മയാർജ്ജിക്കുന്നതും (It is in language that things come into being and are). അതിനാൽത്തന്നെ അബോധപൂർവ്വം ഭാഷയാൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള നമ്മുടെ ലോകത്തിന്റെ ഉണ്മയെക്കുറിച്ച് സംസാരിക്കുവാൻ ബോധപൂർവ്വമായ ഒരന്വേഷണത്തിനും സാധ്യമല്ല എന്ന മൗലികമായ ഒരു നിഗമനത്തിലും അദ്ദേഹം എത്തിച്ചേർന്നു. എത്രത്തോളം മനുഷ്യൻ സ്വയം ഒരു കർത്താവായി (subject) ലോകം എന്ന വസ്തുവിനെ (object) സൃഷ്ടിച്ച് അതിനെ പഠിക്കുവാൻ ശ്രമിക്കുന്നുവോ, അത്രത്തോളം അകലെ ആയിരിക്കും മനുഷ്യൻ ലോകത്തിന്റെ ഉണ്മയിൽ നിന്ന്. ഇത്തരം വസ്തുവൽക്കരിക്കപ്പെട്ട (objectified) ലോകത്തിനെ മനസ്സിലാക്കാനായി ശ്രമിക്കുന്ന മനുഷ്യൻ എന്ന കർത്താവിന്റെ ബോധപൂർവ്വമായ അന്വേഷണത്തിന്റെ പാപ്പരത്തം സൂചിപ്പിക്കാനായിരിക്കാം ഒരു പക്ഷെ അദ്ദേഹം ശാസ്ത്രം ചിന്തിക്കുന്നില്ല (Science does not think) എന്ന ആ കുപ്രസിദ്ധമായ വാചകം ഉരുവിട്ടത്. ലോകം ഭാഷയാൽ നിർമ്മിക്കപ്പെടുന്ന ഒന്നാണെന്ന മൗലികമായ കണ്ടെത്തൽ നടത്തിയ ഹെയ്ദഗർ പക്ഷേ ചില ഭാഷകൾ ലോകത്തിന്റെ സത്തയുമായി (essence) അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നു വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉണ്മ (being) സംസാരിക്കുന്നത് ഗ്രീക്കു ഭാഷയിലാണ്. ഗ്രീക്കു ഭാഷ കഴിഞ്ഞാൽ പിന്നെ ഹെയ്ദഗറിന്റെ ഭാഷയായ ജർമനിലും. സംസ്‌കൃതം ദൈവങ്ങളുടെ ഭാഷയാണെന്നുള്ള ആർഷഭാരത സംസ്‌കാരവാദികളുടെ ജർമ്മൻ പതിപ്പാണ് ഹെയ്ദഗർ. ഈയൊരു തത്വചിന്താപരമായ നിലപാടിനോടു കൂട്ടിവായിക്കാവുന്നതാണ് സാംസ്‌കാരിക ദേശിയതയും സത്താവാദവും മുറുകെപ്പിടിച്ച നാറ്റ്‌സി (Nazi) രാഷ്ട്രീയത്തിന്റെ പൈശാചികതയോട് ഹെയ്ദഗറിനുണ്ടായിരുന്ന വിധേയത്വവും തുടർന്നുണ്ടായ അതിനെക്കുറിച്ചുളള അദ്ദേഹത്തിന്റെ നിശ്ശബ്ദതയും. അബോധപൂർവ്വമായി ഭാഷയിലൂടെ നാം ലോകം സൃഷ്ടിക്കുന്നു എന്ന ഹെയ്ദഗറിന്റെ വാദം അംഗീകരിക്കുമ്പോൾ തന്നെ, ഫാഷിസ്റ്റു രാഷ്ട്രീയത്തിലേയ്ക്ക് അദ്ദേഹത്തെ ആകർഷിച്ച അദ്ദേഹത്തിന്റെ മറ്റേ വാദം (ചില ഭാഷകൾ ലോകത്തിന്റെ സത്തയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത്) അംഗീകരിച്ചു കൊടുക്കുവാൻ സാധ്യമല്ല. ഇവിടെ ഹെയ്ദഗറിനോടു ശക്തിയായി വിയോജിച്ചുകൊണ്ടു നമുക്കു പറയാം: ഒരു ഭാഷയും ലോകത്തിന്റെ സത്തയുമായി ഒരു വിധത്തിലും ബന്ധപ്പെട്ടു കിടക്കുന്നില്ല – അതു സ്വന്തം മാതൃഭാഷയായിരുന്നാൽ പോലും. അതിനാൽത്തന്നെ മലയാളി എന്ന പദം മലയാളി എന്നു വിളിക്കുന്ന വ്യക്തി/വ്യക്തികളുടെ സത്തയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന വാദം നമുക്ക് അംഗീകരിക്കുവാൻ കഴിയില്ല. ഈയൊരു തിരിച്ചറിവു നമുക്കു നൽകിയത് ഘടനാവാദ ചിന്തകനായ ഫെർഡിനാന്റ് ഡി സൊഷ്യൂർ എന്ന സ്വിസ് ഭാഷാ ശാസ്ത്രജ്ഞനാണ്. സൊഷ്യൂറിന്റെ വാദത്തിന്റെ അന്തസത്ത നമ്മുടെ നാട്ടിൻപുറങ്ങളിൽ പലപ്പോഴും ഉപയോഗിക്കാറുള്ള പത്തുമണിയുടെ ബസ്സ് എപ്പോഴാണ് വരിക?എന്ന കുസൃതിച്ചോദ്യത്തിലുണ്ട്. പത്തുമണിയുടെ ബസ്സ് പലപ്പോഴും പത്തുമണിക്കല്ല വരാറുള്ളതെങ്കിലും അത് പത്തുമണിയുടെ ബസ്സാണ്. നമ്മൾ ദിനം പ്രതി പത്തുമണിയുടെ ബസ്സ്എന്നു സൂചിപ്പിക്കുന്ന ആ ബസ്സ് എന്നും ഒന്നല്ല: അതിലെ കണ്ടക്ടറും ഡ്രൈവറും മാറിയേക്കാം, യാത്രക്കാർ മാറുന്നു; എന്തിനകം ചില ദിവസം ബസ്സുതന്നെയും മാറിയെന്നു വരാം! എന്നാലുമത് പത്തു മണിയുടെ ബസ്സുതന്നെ. അതായത് ഒരു ചിഹ്നം (sign) എന്ന നിലയ്ക്ക് ഒരു വാക്കു നിർമ്മിക്കുന്ന അർത്ഥം, ആ വാക്കു സൂചിപ്പിക്കുന്ന വസ്തുവിന്റെ (referent) സത്തയെ സൂചിപ്പിക്കുന്നു എന്നുള്ള വാദം ഇനിയും നമുക്കു കൊണ്ടുനടക്കുവാൻ കഴിയുന്നതല്ല. ചുരുക്കത്തിൽ, ഹിന്ദുവില്ലെങ്കിൽ ഇന്ത്യയില്ല എന്നും, ശിവജിയില്ലെങ്കിൽ ഹിന്ദുവില്ല എന്നും ശിവജി ഒരിക്കൽ പോലും വരാത്ത കേരളം എന്ന പ്രദേശത്തിലെ ഹിന്ദുക്കളെന്നു വിളിക്കപ്പെടുന്നവർ നടത്തുന്ന വാചകക്കസർത്തിനെക്കാളും അൽപ്പം പോലും പുരോഗമനപരമല്ല പുരോഗമന ചിന്താഗതിക്കാർ എന്നു മേനി നടക്കുന്നവർ പറയുന്ന മലയാളി മലയാളം മറന്നുഎന്ന തനിമാവാദവും. മലയാള തനിമാവാദികളോടു പറയാനുളളത് ഇത്ര മാത്രം: മലയാളി മലയാളം മറന്നാലും, മലയാള സംസ്‌കാരം മറന്നാലും മലയാളി മലയാളി തന്നെയാണ്. മലയാളി എന്ന വാക്ക് മലയാളി എന്ന് ഇന്ന്  വിവക്ഷിക്കപ്പെടുന്നവരുടെ ഉണ്മയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നൊന്നുമില്ല. ഒരു പക്ഷെ, നാളെ ലോകം കീഴടക്കുവാനുള്ള അമിത വ്യഗ്രതയിൽ സ്വന്തം ഭാഷയും സംസ്‌കാരവും നഷ്ടപ്പെട്ട ഏതൊരു ജനതയേയും സൂചിപ്പിക്കുവാനുള്ള ഒരു വാക്കായി .മലയാളി. മാറിയേക്കില്ല എന്നാരു കണ്ടു!

മാതൃഭാഷാവാദികൾ ഉയർത്തുന്ന മറ്റൊരു വാദഗതിയാണ് മാതൃഭാഷയുടെ സവിശേഷമായ ആന്തരിക ഭാവം എന്നത്. അത്തരമൊരു ആന്തരിക ഭാവം മറ്റു ഭാഷകൾക്ക് കൊണ്ടുവരാൻ കഴിയില്ല എന്നതാണ് മാതൃഭാഷയിൽ ഈ സവിശേഷത ആരോപിക്കുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടാറുള്ളത്. ഉദാഹരണത്തിന്, അമ്മ, മാ, മദർ, മമ്മി എന്നീ പദങ്ങളെല്ലാം സൂചിപ്പിക്കുന്ന വ്യക്തി (referent) ഒന്നാണെങ്കിലും, അമ്മ എന്ന വാക്ക് ഒരു മലയാളിയിൽ സൃഷ്ടിക്കുന്ന സവിശേഷമായ ആന്തരികഭാവതലം മറ്റു ഭാഷകളിലെ സമാന പദങ്ങൾക്കു സൃഷ്ടിക്കുവാൻ കഴിയില്ല. ഒരു പക്ഷേ മാതൃഭാഷാ സ്‌നേഹികൾ മുന്നോട്ടു വയ്ക്കുന്ന ഏറ്റവും ശക്തമായ വാദവും ഇതാണെന്നു തോന്നുന്നു. ഭാഷാ സ്‌നേഹികൾ വയ്ക്കുന്ന ഏറ്റവും ശക്തമായ ഈ വാദം തന്നെയാണ് എന്റെ അഭിപ്രായത്തിൽ ഏറ്റവും ശക്തിയായി എതിർക്കപ്പെടേണ്ട വാദവും . അമ്മ എന്ന വ്യക്തിയെ തീവ്രമായ സ്‌നേഹത്തിന്റേയും, ത്യാഗത്തിന്റേയും അനുഭവമാക്കിയവർ ചെയ്യുന്ന രണ്ട് സാംസ്‌കാരിക പ്രവൃത്തികൾ ഇവിടെ കാണാം. ഒന്ന്, അവർ അമ്മ എന്ന വ്യക്തിയെ /അനുഭവത്തെ/ അനുഭവത്തിന്റെ തീവ്രതയെ അമ്മ എന്ന വെറും വാക്കിലേക്കൊതുക്കുന്നു. അമ്മ എന്ന ഒരു വ്യക്തിയെ നാം ഉൾക്കൊള്ളുന്ന രീതി വേറെ, അമ്മ എന്ന ഏതു പ്രസവിച്ച സ്ത്രീയെയും പ്രസവിക്കാത്ത സ്ത്രീയെയും സൂചിപ്പിക്കാവുന്ന നിഘണ്ടു പദം വേറെ – ഡിക്ഷ്ണറിയിലെ പഞ്ചസാരയ്ക്കു മധുരമില്ലല്ലോ! ഇത്തരം വാദത്തിന്റെ രണ്ടാമത്തേതും കാതലായതുമായ പ്രശ്നം താഴെ പറയുന്നതാണ്: ഒരു ആന്തരിക ഭാവതലം ഉണർത്തുന്ന രീതിയിൽ അമ്മയെ അടുത്തറിയാൻ കഴിയാത്ത ഭാഗ്യദോഷികളായ മക്കൾക്ക് (വളരെ ചെറുപ്പത്തിൽ അമ്മ നഷ്ടപ്പെട്ടവർ, മനോരോഗികളായ അമ്മമാരുടെ മക്കൾ, അമ്മയാൽ ഉപേക്ഷിക്കപ്പെട്ടവർ) അവരുടെ അമ്മ എന്ന സവിശേഷ അനുഭവത്തെ കുറിക്കാവുന്ന ഒരു പദമായി ഭാഷാ സ്‌നേഹികളുടെ അമ്മ മാറുന്നില്ല. ചുരുക്കത്തിൽ ആന്തരികഭാവതലം എന്ന പ്രൊക്രൂസ്റ്റസിന്റെ കട്ടിൽ മാനദണ്ഡമാക്കി, ഭാഷാ സ്‌നേഹികൾ തങ്ങളുടെ ലോകവും അതിന്റെ അർത്ഥ തലത്തേയും മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുകയും, മറ്റുള്ളവരുടെ വാക്കുകളെ, അർത്ഥതലങ്ങളെ അരിഞ്ഞു തള്ളി അവരെ നിശ്ശബ്ദം പ്രാന്തവാസികളാക്കുകയുമാണ് ചെയ്യുന്നത്.

മാതൃഭാഷാ സ്‌നേഹികൾ തങ്ങളുടെ ആന്തരിക ഭാവതലം എല്ലാവരിലേക്കും എല്ലാകാലത്തിലേക്കുമായി അടിച്ചേൽപ്പിക്കുമ്പോൾ, സമൂഹത്തിൽ ഇരകളാക്കപ്പട്ടവർ/നിശബ്ദരാക്കപ്പെട്ടവർ, വാക്കുകൾക്കായി പൊരുതേണ്ടി വരുന്ന ദുരവസ്ഥയ്ക്ക് ഏറ്റവും നല്ല ദൃഷ്ടാന്തം പോൾ സെലാൻ എന്ന കവിയാണെന്നു തോന്നുന്നു. ജർമ്മൻ നാറ്റ്‌സി ഗ്യാസ് ചേംബറിൽ തന്റെ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട സെലാൻ എന്ന, റുമാനിയയിൽ ജനിച്ച് ജർമ്മൻ ഭാഷയിലെഴുതിയിരുന്ന, ജൂതകവി അനുഭവിച്ച ആത്മ സംഘർഷങ്ങൾ ഭയാനകമാണ്. ജർമ്മൻ ദേശീയത ഉയർത്തിവിട്ട നാറ്റ്‌സിസം എന്ന ക്രൂരതയുടെ ഇരയായ കവി അനുഭവിച്ച ഏറ്റവും വലിയ ആത്മസംഘർഷങ്ങളിലൊന്ന് ഇരയായ താൻ ഇരയാക്കപ്പെട്ട ആ അനുഭവം എങ്ങനെ മർദ്ദകരുടെ ഭാഷയിൽ (ജർമ്മൻ ഭാഷ) പറയും എന്നതായിരുന്നു. മർദ്ദകരുടെ അവബോധം പേറുന്ന ഒരു ഭാഷയ്ക്ക് ഇരയുടെ അവബോധത്തെ അനുഭവപ്പെടുത്താനുള്ള പ്രതിനിധാനപരമായ ശേഷി ഉണ്ടോ എന്നുള്ള ചോദ്യത്തെക്കാളും സെലാനെ മഥിച്ചത് മർദ്ദകരുടെ ഭാഷയായ ജർമ്മനിൽ സംവദിച്ചാൽ അറിയാതെ അദ്ദേഹവും ജർമ്മൻ ജനത ചെയ്ത കുറ്റകൃത്യത്തിൽ പങ്കാളിയാകുമോ എന്ന ചോദ്യമായിരുന്നു. സെലാന്റെ കവിതയിൽ ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്ന, ജർമ്മൻ ഭാഷയറിയാവുന്ന ഒരു വ്യക്തിയുടെ അഭിപ്രായത്തിൽ, സെലാൻ ഈ സമസ്യയ്ക്ക് ഉത്തരം കണ്ടത് ജർമ്മൻ ഭാഷയെ പ്രവചനാതീതമായി ഉടച്ചുവാർത്തു കൊണ്ടാണ്. പലപ്പോഴും ഈ ഉടച്ചുവാർക്കലിന്റെ ശക്തി നമുക്ക് ഇംഗ്ലീഷ് പരിഭാഷകളിലും അനുഭവവേദ്യമാണ്.

യഥാർത്ഥത്തിൽ ഞാനിപ്പോൾ പറഞ്ഞു വരുന്ന വസ്തുത മനസ്സിലാക്കാൻ സെലാന്റെ ആത്മസംഘർഷത്തെ വിവരിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. കേരളത്തിന്റെ കാവ്യ ചരിത്രത്തിൽ പവിത്രൻ തീക്കുനിയുടെ കവിതയിലെ അമ്മ ഭാഷാസ്‌നേഹികളുടെ അമ്മ ഉയർത്തുന്ന ആന്തരിക ഭാവതലം പേറുന്നുണ്ടോ എന്നുള്ള ഒരു നിസ്സാര അന്വേഷണം മതി കാര്യങ്ങളെ മറ്റൊരു രീതിയിൽ വിലയിരുത്താൻ. നാം സ്വയം തീർത്ത അർത്ഥതല ശാഠ്യങ്ങളെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നതു മാത്രമാണ് ജനാധിപത്യം എന്നു ധരിച്ചു വച്ചിരിക്കുന്നവരോട് ജനാധിപത്യത്തിന് മറ്റൊരു സാധ്യത കൂടിയുണ്ടെന്ന് ഇതിനാൽ ഓർമ്മിപ്പിക്കുന്നു: വാക്കുകളിൽ മറ്റുള്ളവർ നിക്ഷപിക്കാൻ ശ്രമിക്കുന്ന നവീനാർത്ഥങ്ങൾക്ക് ചെവിയോർക്കുകയും തുറന്ന മനസ്സോടെ അതിനെ സ്വീകരിക്കുകയും ചെയ്യുക എന്ന മറ്റൊരു സാധ്യത.

                  ഇത്തരമൊരു ജനാധിപത്യ സമീപനം നമ്മിൽ നിന്നാവശ്യപ്പെടുന്നത് ഏതൊരു ഭാഷയേയും ചലനാത്മകവും പരിവർത്തനാത്മകവുമായ ഒരു പ്രക്രിയയായി കാണാനാണ്. അതായത്, ഭാഷ എന്നത് സ്വയമൊരു ഉണ്മയാണ്. അതിന്റെ ചലനവും വികാസവും കാലത്തിന്റേയും ദേശത്തിന്റേയും സവിശേഷ ഘടകങ്ങളുമായി കൂടിച്ചേർന്നിരിക്കുന്നു. ഒരു ഭാഷയുടെ വികാസം/പരിവർത്തനം അതുപയോഗിക്കുന്ന ജനത ജീവിക്കുന്ന കാലത്തെ ഭൂപ്രകൃതിയുമായും കാലാവസ്ഥയുമായും അവരുടെ ജീവിതഗതിവേഗവുമായും അവരുടെ ഭക്ഷണചര്യയുമായും ബന്ധപ്പെട്ടിരിക്കുന്നു. കേരള പാണിനീയം വായിച്ചാലറിയാം തമിഴ് അക്ഷരമാലയിൽ കാണാത്ത വർഗ്ഗാക്ഷരങ്ങളിലെ അതിഖരം, മൃദു, ഘോഷം എന്നീ അക്ഷരങ്ങൾ മലയാളത്തിൽ വരുവാനുള്ള കാരണം മലയാളഭാഷ സംസ്‌കൃതവൽക്കരണത്തിന് വിധേയമായതിനാലാണ് എന്ന്. മലയാളിക്ക് സ്വാഭാവികമായി വരാത്ത അതിഖര, ഘോഷ ശബ്ദങ്ങളെ സ്വായത്തമാക്കുവാൻ നല്ല രീതിയിൽ ഭാഷാ പരിശീലനം ആവശ്യമുണ്ട്. ജീവിതത്തിന് ആധുനിക ഗതിവേഗം വരുന്നതിന് മുൻപുള്ള ഒരു കാലഘട്ടത്തിൽ ഒരു ചെറിയ വിഭാഗം ജനതയ്‌ക്കെങ്കിലും ഇത്തരമൊരു പരിശീലനം സാധ്യമായിരുന്നു. അതിനു ഭാഗ്യം സിദ്ധിച്ചവർ തന്നെയാണ് അക്ഷരസ്ഫുടതാ തീവ്രവാദികളായി പിൽക്കാലത്ത് പരിണമിച്ചതും. എന്നാൽ അത്തരം പരിശീലനം നൽകുവാൻ സാധ്യമല്ലാത്ത ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ (ആവർത്തിച്ചുരുവിട്ടു പഠിക്കുന്നതും മനഃപാഠമാക്കുന്നതും യാന്ത്രികമാണെന്ന കാഴ്ചപ്പാടുള്ള ആധുനിക വിദ്യാഭ്യാസ സമ്പ്രദായം) ഇത്തരം ശബ്ദങ്ങളിൽ ചിലതെല്ലാം നഷ്ടപ്പെട്ടു പോകുന്നത് തികച്ചും സ്വാഭാവികമാണ്. ഭാഗ്യത്തിനെ ഒരു വലിയ വിഭാഗം ജനങ്ങളും ബാഗ്യം എന്നാണു പറയുന്നത്. ഫാഗ്യം എന്നു പറയുന്നവരുമുണ്ട്. ഇത് മലയാളം മെനക്കെട്ട് പഠിച്ച അക്ഷര സ്ഫുടതാ തീവ്രവാദികളെയല്ലാതെ മറ്റാരെയും അലോസരപ്പെടുത്തുന്നുവെന്ന്  തോന്നുന്നില്ല. പക്ഷേ ഭാഷ അക്ഷരസ്ഫുടതാ തീവ്രവാദികളുടേയും മെനക്കെട്ടു പഠിച്ചവരുടേയും മാത്രമല്ല, അതു മെനക്കെട്ടു പഠിക്കാത്തവരുടേയും, മടിയന്മാരുടേയും, തോറ്റവരുടേയും, കുടിയേറ്റക്കാരുടേയും, കുടിയിറങ്ങിയവരുടേയും, കുടിയില്ലാത്തവരുടേയും, കുടിയന്മാരുടേയും കൂടിയാണ്. ആധുനിക കാല ഘട്ടത്തിന്റെ ഗതിവേഗം ഭാഷയുടെ അസംസ്‌കൃതവൽക്കരണം ആവശ്യപ്പെടുന്നുവെങ്കിൽ അതു തടയുവാൻ സാംസ്‌കാരിക വകുപ്പിനും സംസ്‌കൃത ബോധനങ്ങൾക്കും കഴിയുമോ? മലയാള ഭാഷയുടെ സംസ്‌കൃതവുമായുള്ള കൂടിക്കലരലിനെ സ്വാഗതം ചെയ്യുന്നവർ, മലയാളഭാഷയുടെ സമകാലീന പരിണാമത്തെ എന്തുകൊണ്ടാണ് തീണ്ടാപ്പാടകലെ നിർത്തുന്നത്? ചുരുക്കത്തിൽ, ഭരണനിർവഹണവും കോടതി വ്യവഹാരവും ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയിലാകണമെന്ന് വാദിക്കുവാൻ മാതൃഭാഷയുടെ ഭാവപരമായ, ജാഞാനിമപരമായ മേൽകോയ്മയയെ അല്ല കൂട്ടുപിടിക്കേണ്ടത്, മനുഷ്യാവകാശം എന്ന സങ്കല്പത്തേയാണു, അതെത്ര തന്നെ പോരായ്മയുളളതായാലും. അപ്പോൾ മാത്രമാണു ആദിവാസികൾക്ക് മനസ്സിലാവുന്ന ഒരു ഭരണ മലയാളത്തെക്കുറിച്ച്, ഒരു കോടതി മലയാളത്തെക്കുറിച്ച്, ഒരു ഉന്നത വിദ്യാഭ്യാസ മലയാളത്തെക്കുറിച്ച് നമുക്ക് ചിന്തിക്കുവാൻ കഴിയൂ; അപ്പോൾ മാത്രമാണ് അതവരുടെ അവകാശം ആണെന്ന് നാം ഓർക്കൂ.

Comments

comments