ന്നെക്കുറിച്ച് നിങ്ങൾ അറിയേണ്ട ചിലതുണ്ട്. മിയാമിയിലാണു പ്രഫ. കാൾ ഹാർട്ട്ഞാൻ ജനിച്ചുവളർന്നത്. ഒരു ദരിദ്ര കുടുംബത്തിൽ നിന്നാണു ഞാൻ വരുന്നത്, ലഹരിമരുന്ന് ഉപയോഗം വ്യാപകമായിരുന്ന ഒരു സമൂഹത്തിൽ നിന്ന്. ഞാനെന്റെ കാറിൽ ഒരു തോക്ക് സൂക്ഷിച്ചിരുന്നു, അല്ലറചില്ലറ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു, ലഹരി ഉപയോഗിക്കുകയും വിൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് ലഹരിമരുന്നിന്റെ അടിമത്തത്തെക്കുറിച്ച് പഠിക്കുന്ന ഒരു കൊളംബിയ യൂണിവേഴിറ്റി പ്രഫസറായാണു.

എന്താലോചിച്ചാണു നിങ്ങൾ അത്ഭുതപ്പെടുന്നതെന്ന് എനിക്കറിയാം. എങ്ങനെയാണുലോകത്ത് നിന്ന് ഞാനിവിടേക്കെത്തിയതെന്ന്.

വാസ്തവത്തിൽ എന്റെ കുടുംബം കഴിഞ്ഞിരുന്ന തെക്കൻ ഫ്ലോറിഡയുടെ തെരുവുകളിൽ പാതകളുടെയും ദാരിദ്ര്യരേഖയുടെയും  കഠിനമായ ഒരു ഓരത്ത്, നിയമത്തിന്റെ ഒരു വിപരീതവശത്ത് എന്റെ പതിനേഴാം വയസ്സിനകം ഞാൻ ഒന്നുകിൽ ജയിലിലാകുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ടാകണം.

ഭാഗ്യവശാൽ ചില പ്രധാനതീരുമാനങ്ങൾ എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിവരച്ചു. ഹൈസ്കൂൾ പഠനത്തിനു ശേഷം ഞാൻ എയർഫോഴ്സിൽ ചേർന്നു. എയർഫോഴ്സിലെ ഉദ്യോഗം ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ഒരു ചവിട്ടുപടിയാകുകയും ഏറ്റവും അവസാനമായി ന്യൂറോസയൻസിൽ ഒരു പിഎച്ച്ഡി നേടുവാൻ എന്നെ സഹായിക്കുന്നതിനും കാരണമായിത്തീർന്നു.

മയക്കുമരുന്ന് അടിമത്തത്തിനു (അഡിക്ഷൻ) പരിഹാരം കണ്ടെത്തണം എന്ന ആഗ്രഹമാണു പഠനത്തിനു പ്രത്യേകമായി ന്യൂറോസയൻസ് തെരെഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. എന്റെ സമൂഹം അഭിമുഖീകരിച്ചിരുന്ന ദാരിദ്ര്യത്തിനും കുറ്റകൃത്യവാസനകൾക്കും നേരിട്ടുള്ള കാരണം ക്രാക്ക്കൊക്കെയ്ന്റെ ഉപയോഗമായിരുന്നു എന്നു ഞാൻ പൂർണ്ണമായും വിശ്വസിച്ചിരുന്നു. അങ്ങനെ, ലഹരി അടിമത്തം ഭേദമാക്കാൻ കഴിഞ്ഞാൽ എന്റെ സമൂഹത്തിലെ ദാരിദ്ര്യവും കുറ്റകൃത്യങ്ങളും അവസാനിപ്പിക്കാൻ കഴിയും എന്ന അനുമാനത്തിലേക്ക് ഞാൻ എത്തിച്ചേർന്നു.

ക്രാക്ക് കൊക്കേയ്ൻ ഒരൊറ്റ തവണത്തെ ഉപയോഗം കൊണ്ടുതന്നെ അടിമത്തം സൃഷ്ടിക്കാന്മാത്രം പോന്ന ലഹരിയാണെന്നാണു പറഞ്ഞു കേട്ടിരുന്നതും ഞാൻ പൂർണ്ണമായി വിശ്വസിച്ചിരുന്നതും. അതിനാൽ തന്നെ 1986-ക്രാക്ക്കൊക്കേയ്നുമായി ബന്ധപ്പെട്ട  കുറ്റകൃത്യങ്ങൾക്ക് പൗഡർ കൊക്കേയ്ൻ സംബന്ധിച്ചുള്ളവയെക്കാളും നൂറിരട്ടി ശിക്ഷകൾ അനുശാസിക്കുന്ന നിയമങ്ങൾ കോൺഗ്രസ്സ് പാസാക്കിയപ്പോൾ അത് തികച്ചും ഔചിത്യപൂർവ്വമാണു എന്നാണു ഞാൻ കരുതിയത്. ഒന്നുമല്ലെങ്കിൽ കോൺഗ്രസ്സിലെ കറുത്തവർഗ്ഗചേരിയിൽ നിന്നുള്ള ഇരുപതിൽ പതിനാറുപേർ നിയമത്തിനു അനുകൂലമായി വോട്ട് ചെയ്തിരുന്നു. എന്റെ നാട് പോലെയുള്ള ഇടങ്ങളിൽ ലഹരിമരുന്ന് വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്ക് വളരെ കൃത്യമായ ഒരു സന്ദേശം കൊടുക്കാൻപോന്നതാണു അത്എന്നാണു ഞാൻ കരുതിയത് ഞങ്ങളുടെ സമൂഹത്തിനു നിങ്ങൾ ചെയ്യുന് നനാശപ്രവൃത്തികൾ ഞങ്ങൾ ക്ഷമിക്കാൻപോകുന്നില്ല.

ലഹരി അടിമത്തത്തിന്റെന് യൂറോസയൻസ് മനസ്സിലാക്കുന്നതിലേക്കുള്ളഎന്റേതായ സംഭാവനകൾ രൂപപ്പെടുത്തുമ്പോഴേക്ക് ഞാൻ മനസ്സിലാക്കാൻ പോകുന്നവയെക്കുറിച്ച് അതിനുമുൻപ്  എനിക്ക്ഒരുധാരണയുമില്ലായിരുന്നു. ദാരിദ്ര്യം കുറ്റകൃത്യം എന്നിവ ചേർക്കുന്ന ഒരു ചാക്രികതയിൽ  ലഹരിയുടെ പങ്കെന്ത് എന്നു സംബന്ധിച്ച ധാരണകളും മാറ്റാൻ പോന്നവയായിരുന്നു അത്.

പറഞ്ഞു കേട്ടതുപോലെ അഡിക്ഷനുണ്ടാക്കുന്നവയല്ല ക്രാക്ക് കൊക്കേയ്ൻ പോലെയുള്ള ലഹരികൾ എന്നു ഞാൻ കണ്ടെത്തിയപ്പോഴാണു എന്റെ ചിന്തകളെ  ഞാൻ തന്നെ ചോദ്യം ചെയ്തുതുടങ്ങിയത്. ഒരൊറ്റ ഉപയോഗത്തിൽ നിങ്ങളെ അടിമയാക്കാൻ കഴിയുന്ന ഒരൊറ്റ ലഹരി പോലുമില്ല. ഇപ്പോൾ ലഭ്യമായ ഡാറ്റകൾ അതു തെളിയിക്കുന്നുണ്ട് ഈ പറയുന്ന തരത്തിലുള്ള അടിമത്ത പ്രശ്നങ്ങൾ ലഹരികൾ ഉപയോഗിക്കുന്ന 80 – 90% ആളുകളിലുമില്ല! അവരെല്ലാം സമൂഹത്തിലെ ഉത്തരവാദിത്തമുള്ള പൗരന്മാരാണു. അവർ തൊഴിലെടുക്കുന്നു, അവർ ടാക്സുകൾ അടയ്ക്കുന്നു, കുടുംബങ്ങളെ പരിപാലിക്കുന്നു. ചിലപ്പോൾ അവരിൽ ചിലർ അമേരിക്കൻ പ്രസിഡന്റുമാർ പോലുമാകുന്നു. ഒബാമ, ക്ലിന്റൺ, ബുഷ് ഇവരെല്ലാവരും അവരുടെ ചെറുപ്പത്തിൽ നിരോധിക്കപ്പെട്ട ലഹരികൾ ഉപയോഗിച്ചിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ആ വ്യക്തികളെ ഏതെങ്കിലും രീതിയിൽ കളങ്കപ്പെടുത്താനായി പറഞ്ഞതല്ല. അവരെല്ലാവരും തന്നെ അവരുടെ രാജ്യത്തെ വലിയ രീതിയിൽ സേവിച്ചിട്ടുണ്ട്. ഞാൻ പറയുന്നത് ലഹരിയുടെ  ഉപയോഗം അവരെയാരെയും ലഹരി ആസക്തിയുടേയോ അടിമത്തത്തിന്റെയോ ചുഴിയിലേക്ക് വീഴ്ത്തിയില്ല. ഈ മനുഷ്യരുടെ അനുഭവമാണു ഇക്കാര്യത്തിലെ പൊതുനിയമം. അപവാദമല്ല. ലഹരി ഉപയോക്താക്കളിൽ ബഹുഭൂരിപക്ഷവും  വീണ്ടെടുക്കാൻ കഴിയാത്തവിധം അടിമത്തത്തിലേക്ക് പോയവരല്ല.

ഒറ്റത്തവണത്തെ ഉപയോഗം കൊണ്ട് അടിമയായിപ്പോവുക എന്ന മട്ടിലുള്ള ആശയത്തിന്റെ അടിസ്ഥാനം 1960-70-കളിൽ നടന്ന ചില പരീക്ഷണങ്ങളിലാണു. ലബോറട്ടറിയിൽ പരീക്ഷണമൃഗങ്ങൾക്ക് കൊക്കേയ്ൻ പോലുള്ള ലഹരികളുടെ അനിയന്ത്രിതമായ ലഭ്യത സൗകര്യപ്പെടുത്തിക്കൊടുത്തു.  ലഹരി ഇഞ്ചക്ഷൻ എടുക്കാൻ പാകത്തിനു കൂടുകൾക്കുള്ളിൽ  ക്രമീകരിച്ചിരുന്ന ലിവറുകൾ ആ ജന്തുക്കൾ  ആവർത്തിച്ചാവർത്തിച്ച് അമർത്തി മരിച്ചു വീഴും വരെ. മരണം വരെ ലഹരി അന്വേഷിച്ചുകൊണ്ടിരിക്കുക – ഈ ആദ്യകാല പരീക്ഷണങ്ങൾ അതാണു സ്ഥാപിച്ചത്. എന്നാൽ അതൊരു ഭാഗം മാത്രമാണു. അതുകൊണ്ട് കഥ പൂർണ്ണമാകുന്നില്ല.

ഈ നടത്തിയ പരീക്ഷണങ്ങളിൽ ആ മൃഗങ്ങളെ അടച്ചിരുന്ന കൂടുകളിൽ ലിവറുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും തന്നെയുണ്ടായിരുന്നില്ല. ഞാൻ ശ്രദ്ധിക്കുന്നത് ലഹരി കൂടാതെ കളിപ്പാട്ടങ്ങളോ ലൈംഗിക പങ്കാളികളോ ഭക്ഷ്യപദാർത്ഥങ്ങളോ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നപ്പോൾ ആ മൃഗങ്ങൾ എന്തു ചെയ്തു എന്നതാണു. അത്തരത്തിൽ മറ്റൊന്ന് തെരെഞ്ഞെടുക്കാനുള്ള സാതന്ത്ര്യം കൊടുക്കുന്ന മൃഗങ്ങൾ മരണം വരെ സ്വയം മയക്കുമരുന്ന് കുത്തിവയ്ക്കില്ല. വാസ്തവത്തിൽ മൃഗങ്ങൾ മയക്കുമരുന്നുകളെക്കാൾ കൂടുതൽ തെരെഞ്ഞെടുക്കുക മറ്റ് വസ്തുക്കളായിരിക്കും!

എന്റെ സ്വന്തം പരീക്ഷണശാലയിൽ ഞാനീ കണ്ടെത്തലുകൾ മനുഷ്യരിൽ തുടർന്നു നോക്കി. ക്രാക്ക് കൊക്കേയ്ൻ അടിമകളായ ആളുകളെ ന്യൂയോർക്ക് തെരുവുകളിൽ നിന്ന് ഇതിനായി കണ്ടെത്തി. കൂട്ടത്തിൽ പറയട്ടെ ലഹരി ഉപയോഗം കൊണ്ടുള്ള ക്രമഭംഗങ്ങളെക്കുറിച്ച് Diagnostic and Statistical Manual of Mental Disorders വിവക്ഷിക്കുന്ന കാര്യങ്ങൾ പ്രകാരമാണു ഞാൻ അവരെഅടിമകൾ എന്ന് വിളിക്കുന്നത്. വളരെ പ്രധാനമായി, മനുഷ്യർക്ക് ആവശ്യമുള്ളതൊക്കെയും പരീക്ഷണം നിയന്ത്രിക്കാനാവശ്യമുള്ള ക്രമീകരണങ്ങളും ഒരുക്കിയ ശേഷമാണു ഞങ്ങൾ പരീക്ഷണങ്ങളിലേക്ക് കടന്നത്.

ഞങ്ങൾ ക്രാക്ക് കൊക്കേയ്ൻ ഉപയോക്താക്കളെ ലാബിലേക്ക് കൊണ്ടുവരികയും രണ്ട് കാര്യങ്ങൾ അവർക്ക് ഇഷ്ടമുള്ളതുപോലെ തെരെഞ്ഞെടുക്കാൻ കഴിയുമെന്നും അറിയിച്ചു ഒന്നുകിൽ അഞ്ചു ഡോളർ അല്ലെങ്കിൽ 5 ഡോളറിലും മേലെ വില വരുന്ന കൊക്കേയ്ൻ. ഇത് ഓരോ മനുഷ്യനിലും പലദിവസങ്ങളിലായി പരീക്ഷിച്ചു. പാതിസമയവും ഉപയോക്താക്കൾ ലഹരിയാണു തെരെഞ്ഞെടുത്തത്. നിശ്ചയമായും ബാക്കി പാതി അവസരങ്ങളിൽ പണവും. അത്രയും അവസരങ്ങളിലും നിസാരമായ ഒരു തുക പോലും അവരെ ലഹരി തെരെഞ്ഞെടുക്കുന്നതിൽ നിന്നും പിന്നിലേക്ക് വലിച്ചു എന്നതാണു പ്രധാനം – ലഹരി ഉപയോക്താക്കൾ ഭ്രാന്തമായി ഒരു ഹിറ്റിനായി എന്തും ചെയ്തുകളയും എന്ന് ഞാൻ കേട്ടിരുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായി.

പിന്നീട് ഞങ്ങൾ മീതാംഫിറ്റമൈൻ (methamphetamine) ഉപയോഗിച്ചിരുന്നവരെ ഉപയോഗിച്ച് ഇതേ പരീക്ഷണം നടത്തി. അവരും പാതി സമയം ലഹരിയും പാതി സമയവും പണവും എന്ന രീതിയാണു അവലംബിച്ചത്.  അടുത്തപടിയായി ഞങ്ങൾ സമ്മാനം 20 ഡോളറായി ഉയർത്തി. അവരാരും പിന്നീട് ലഹരി തെരെഞ്ഞെടുത്തില്ല. എല്ലായ്പ്പോഴും അവർ തെരെഞ്ഞെടുത്തത് പണമായിരുന്നു. മൃഗങ്ങളെപ്പോലെ തന്നെ ആകർഷകമായ ബദലുകൾ കൊടുത്തപ്പോൾ ലഹരി അടിമകളായി കണക്കാക്കപ്പെടുന്നവർ പോലും ലഹരി തെരെഞ്ഞെടുത്തില്ല ! ലഹരി അടിമത്തം എന്ന പ്രശ്നം പരിഹരിക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ ഞാൻ പ്രതീക്ഷിച്ചിരുന്നതേ ആയിരുന്നില്ല ഈ പരീക്ഷണഫലങ്ങൾ.

നാട്ടിലെ എന്റെ ജീവിതകാലം മുതൽക്കു തന്നെ എന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദുരിതങ്ങളെ ഞാൻ ആ ചീത്ത മരുന്നുകളുടെ ലെൻസിലൂടെയാണു കണ്ടിരുന്നത്. അവയായിരുന്നു പ്രധാനപ്രശ്നമെന്ന കഥ ഞാനും പങ്കിട്ടു. കുറ്റകൃത്യങ്ങളും ദാരിദ്ര്യവും ലഹരിഉപയോഗത്തിൽ അടിസ്ഥാനമായ കാര്യങ്ങളല്ലായെന്ന്  ഞാൻ നടത്തിയ പരീക്ഷണങ്ങളിലൂടെ പതിയെ തെളിയാൻ ആരംഭിച്ചപ്പോൾ ഞാൻ അനുഭവിച്ച ഞെട്ടലും സംശയങ്ങളും ഇപ്പോൾ ഒരുപക്ഷേ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞേക്കും. ക്രാക്ക് കൊക്കേയ്ൻ തെരുവുകളിൽ ലഭ്യമാകുന്നതിനും വ്യാപകമാകുന്നതിനു മുൻപേ തന്നെ ദരിദ്രസമൂഹങ്ങളിൽ കുറ്റകൃത്യങ്ങളും ദാരിദ്ര്യവും നിലവിലുണ്ടായിരുന്നു. കൂടെ കാണേണ്ടത് എഫ് ബി ഐയുടെ വാർഷിക ക്രിമിനൽ സ്ഥിതിവിവരക്കണക്കുകളാണു – ബഹുഭൂരിപക്ഷം തടവുകാരും കുറ്റകൃത്യങ്ങൾ നടത്തിയ കാലങ്ങളിലും സമയത്തും  ലഹരി ഉപയോഗിക്കുകയോ  അവയ്ക്ക് അടിമപ്പെടുകയോ ചെയ്തിരുന്നില്ല.

വളർന്നു വന്ന കാലഘട്ടത്തിലെ എന്റെ കുടുംബത്തിന്റെ സ്ഥിതി ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് കൃത്യമായി പറയാം ലഹരി ചിത്രത്തിൽ വരുന്നതിനു മുൻപേ തന്നെ ദാരിദ്ര്യം എന്റെ കുടുംബത്തെ അലട്ടിയിരുന്നുവെന്ന്. ശരിയാണു, ഞാൻ അല്ലറ ചില്ലറ കുറ്റകൃത്യങ്ങൾ ഏർപ്പെട്ടു. എന്നാൽ അതിനൊന്നും ലഹരിമരുന്നുകളായിരുന്നില്ല കാരണം പണവും പദവിയുമായിരുന്നു അവിടുത്തെ പ്രശ്നങ്ങൾ. മറ്റൊരു രീതിയിൽ പറഞ്ഞാൽ സമവാക്യത്തിൽ നിന്ന് ലഹരിമരുന്നുകൾ എടുത്ത് കളഞ്ഞാലും കുറ്റകൃത്യങ്ങളും ദാരിദ്ര്യവും നിലനിൽക്കും.

ലഹരി ആസക്തിയോ അടിമത്തമോ അല്ല ആളുകളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്. മറ്റു കാരണങ്ങളാണു.

മയക്കുമരുന്ന് നിയമങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒരേതരത്തിലല്ല നടപ്പിലാക്കപ്പെടുന്നത്  എന്നത് സംഗതികളെ കൂടുതൽ വഷളാക്കുകയും ദാരിദ്ര്യത്തിന്റെയും കുറ്റകൃത്യങ്ങളുടെയും വല ശാശ്വതമാക്കുകയും ചെയ്യുന്നു. ദരിദ്രരായ കറുത്തവർഗ്ഗക്കാരുടെ ഇടയിൽ ക്രാക്ക് കൊക്കേയ്നും കൂടുതൽ സമ്പന്നരായ വെള്ളക്കാരുടെയിടയിൽ പൗഡർ കൊക്കേയ്നുമാണു വ്യാപകം  എന്നാണു പൊതുവേയുള്ള കാഴ്ചപ്പാട്. 1986-ലും 1988-ലും പാസാക്കിയ ഫെഡറൽ നിയമങ്ങൾ ക്രാക്ക് കൊക്കേയ്ൻ ഉപയോഗത്തെ പൗഡർ കൊക്കേയ്ൻ ഉപയോഗത്തെക്കാൾ നൂറിരട്ടി ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി നിർവചിച്ചു.  ശാസ്ത്രീയമായി ഇതിനു ഒരു അടിസ്ഥാനവുമില്ല. ക്രാക്ക് കൊക്കേയ്നും പൗഡർ കൊക്കേയ്നും ഒരേയിനം ലഹരി മരുന്നാണു. അവയ്ക്ക് രണ്ടിനും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാൻ കഴിവുണ്ട് – കൂടിയ അളവിൽ  ഉപയോഗിച്ചാൽ ബ്ലഡ് പ്രഷർ, നാഡിമിടിപ്പ്, അത്യാനന്ദം എന്നിങ്ങനെ നിങ്ങളുടെ രീതിയിൽ പറഞ്ഞാൽ ലഹരി അടിമത്തത്തിലേക്കെത്തിക്കാൻ  കെല്പുള്ളവ. പൗഡർ കൊക്കേയ്ൻ മൂക്കിൽ വലിക്കുന്നതിലും വിഴുങ്ങുന്നതിലും കൂടുതൽ ലഹരി ക്രാക്ക് കൊക്കേയ്ൻ പുകവലിക്കുന്നത് സമ്മാനിക്കും എന്നത് സത്യമാണു. എന്നാൽ അത് ആ മരുന്നുകളുടെ പ്രശ്നമല്ല, അത് ഉപയോഗിക്കുന്ന രീതികളിലെ വ്യത്യാസം കൊണ്ടാണു.  പൗഡർ കൊക്കേയ്ൻ വെള്ളത്തിൽ കലക്കി കുത്തിവയ്ക്കുകയാണെങ്കിൽ ഏറെക്കുറേ ക്രാക്ക് കൊക്കേയ്ൻ വലിക്കുന്നതിനു തുല്യമായ ലഹരി ലഭ്യമാകും.

എന്നിട്ടും, തീരെ ചെറിയ അളവിൽ ക്രാക്ക് കൊക്കേയ്ൻ  കൈവശം വയ്ക്കുന്നതിനു പോലും കുറഞ്ഞത് 5 വർഷം തടവുകൾ വിധിക്കുന്ന നിയമം അതേ അളവിലെ പൗഡർ കൊക്കേയ്ൻ കേസുകൾ വെറുതേ വിടുന്നു. ഇവിടെയാണു  അനീതി ദൃശ്യമാകുന്നത് ഈ നിയമങ്ങൾക്ക് കീഴിൽ കുറ്റാരോപിതരാകുന്നത് 80 ശതമാനവും കറുത്തവരാണു. കൊക്കേയ്ന്റെ എല്ലാ രൂപങ്ങളുടെയും ഏറ്റവും വലിയ ഉപയോക്താക്കൾ വെള്ളക്കാരായിട്ടും ഇതാണു അവസ്ഥ. ഇത്തരത്തിലെ തെരഞ്ഞുപിടിച്ചുള്ള ലക്ഷ്യംവെപ്പും വർണ്ണവിവേചനവും  കാരണം നമുക്ക് ലഭിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ ഭയാനകമാണു. ജനിക്കുന്ന മൂന്ന് കറുത്തവരിൽ ഒരാൾ എന്തായാലും ജയിലിലാകും. എന്നാൽ വെള്ളക്കാരിൽ  ഇത് ഇരുപതു പേരിൽ ഒരാൾ എന്ന നിലയ്ക്കാണു.

എന്താണു നമുക്ക് ചെയ്യാൻ കഴിയുക? ഉടനടി ഗുണപരമായ ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന മൂന്ന് കാര്യങ്ങളെങ്കിലും നമുക്ക് ചെയ്യാൻ കഴിയും. ആദ്യത്തേത്, എന്റെ പരീക്ഷണങ്ങളനുസരിച്ച്, ആകർഷണീയമായ ബദലുകൾക്ക് ലഹരിമരുന്നുപയോഗം കുറയ്ക്കാൻ കഴിയും. നല്ല തൊഴിലവസരങ്ങൾ ലഹരിമരുന്നുകൾക്ക് ശക്തവും  ആകർഷകവുമായ ബദലാണു. സാമ്പത്തിഅസ്ഥിതി മെച്ചെപ്പെടാനുതകുന്ന അത്തരം അവസരങ്ങൾ ലഹരിമരുന്നുപയോഗം കുറയ്ക്കുന്നതിൽ വളരെ മുന്നോട്ട് പോകാൻ സഹായിക്കും.

രണ്ടാമതായി ഞാൻ കരുതുന്നത്  ലഹരി കൈവശം വയ്ക്കൽ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നാണു. ലഹരിമരുന്ന് കൈവശം വയ്ക്കൽ ഒരു ട്രാഫിക് നിയമലംഘനം പോലെ കാണണമെന്നാണു  ഇതുകൊണ്ട് അർത്ഥമാക്കുന്നത്. നിയമവിരുദ്ധമായ ലഹരിമരുന്നുകൾ കൈവശം വെച്ചാൽ ഒരു നിശ്ചിത ഫൈൻ  ഈടാക്കട്ടെ. എന്നാൽ അത് ക്രിമിനൽ കേസായി രേഖപ്പെടുത്തരുത്. ഓരോ വർഷവും മയക്കുമരുന്ന് നിയമങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുന്ന ഒന്നരക്കോടി ആളുകളിൽ 80 ശതമാനവും അല്പമാത്ര അളവിൽ അവ കൈവശം വയ്ക്കുന്നതുകൊണ്ടാണു എന്ന വസ്തുത കണക്കിലെടുത്താൽ ഈ കൈവശംവയ്ക്കലിനെ ക്രിമിനൽകുറ്റകൃത്യങ്ങളിൽ നിന്ന് വേർപെടുത്താൻ കഴിഞ്ഞാൽ അതിനു വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിയും.

പോർച്ചുഗൽ, ചെക്ക് റിപബ്ലിക് പോലെയുള്ള രാജ്യങ്ങൾ ഇപ്പോൾ തന്നെ മയക്കുമരുന്നുകളെ ക്രിമിനൽ നിയമങ്ങളുടെ പരിധിയിൽ നിന്ന് മാറ്റിയിട്ടുണ്ട്. ആ രാജ്യങ്ങളിലെ ലഹരി ഉപയോഗത്തിന്റെ അളവ് യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളുടേതിനു സമമോ അതിൽ കുറവോ ആണു. എന്നാൽ പ്രധാനമായും ഇതുകൊണ്ട് ആ  രാജ്യങ്ങളുടെ  പൗരന്മാരിൽ  ഒരു ഗണ്യവിഭാഗം ദുഷ്പേരു  നേടാതെ, പാർശ്വവൽക്കരിക്കപ്പെടാതെ, ന്യായരഹിതമായി തടങ്കലിലടയ്ക്കപ്പെടാതെ മാന്യരായ നല്ല പൗരന്മാരായിത്തന്നെ കഴിയുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരേപോലെ കാണുന്ന ന്യായയുക്തമായ ഒരു നീതി-നിയമ വ്യവസ്ഥയാണു നമ്മുടെ ലക്ഷ്യം എങ്കിൽ, ലഹരിമരുന്നു നിയമങ്ങൾ ക്രിമിനൽകുറ്റകൃത്യങ്ങളുടെ പട്ടികയിൽ നിന്ന് നീക്കേണ്ടതുണ്ട്, അവയുടെ വിവേചനപരമായ നടപ്പിലാക്കൽ അവസാനിപ്പിക്കേണ്ടതുണ്ട്.

മൂന്നാമതായി, ഞാൻ കരുതുന്നത് നമ്മുടെ മയക്കുമരുന്ന് നയങ്ങളെ നയിക്കേണ്ടത് ശാസ്ത്രമാണെന്നതാണു  ഇനി ചിലപ്പോൾ അത് നമ്മളെ അസ്വസ്ഥരാക്കുമെന്ന് വന്നാലും. അതിനു ആദ്യപടി ലഹരിമരുന്ന് ഉപയോഗത്തെ സംബന്ധിച്ച് സത്യസന്ധത വേണമെന്നാണു. വിനോദപരമായ ലഹരി ഉപയോഗത്താൽ മരിക്കുന്ന ആളുകളുടെ എണ്ണത്തിൽ  വലിയ രീതിയിൽ കുറവ് വരുത്താൻ നമുക്ക് കഴിയും. എങ്ങനെ? നല്ല വിദ്യാഭ്യാസം വഴി. ശരിയായ വിദ്യാഭ്യാസപദ്ധതികൾ ഇതാണു ലഹരിക്ക് അടിപ്പെട്ട നിങ്ങളുടെ തലച്ചോർ എന്ന രീതിയിലുള്ള നാടകീയവും അബദ്ധജഡിലമായ ചിത്രങ്ങൾ കാട്ടിയല്ല മറിച്ച് എങ്ങനെയാണു അമിത ലഹരി ഡോസുകൾ തടയേണ്ടത് എന്നാകും പഠിപ്പിക്കുക.

ഒരു ചെറിയ ഉദാഹരണം പറഞ്ഞാൽ ഹെറോയ്ൻ ഉപയോഗവുമായി ബന്ധപ്പെട്ട 75% മരണങ്ങളും ആൽകഹോളോ ഏതെങ്കിലും ബെൻസോഡയാസ്പീനോ പോലെയുള്ള സെഡേറ്റീവുകളുമായി കലർത്തിയുള്ള ഹെറോയ്ൻ ഉപയോഗം കൊണ്ടാണു. അതിന്റെ വിദ്യാഭ്യാസ/ പൊതുആരോഗ്യ പോസ്റ്റർ പറയുക ഇങ്ങനെയായിരിക്കും നിങ്ങൾ ഹെറോയ്ൻ ഉപയോഗിക്കുന്നുവെങ്കിൽ അതൊരു സെഡേറ്റീവുമായി കലർത്തി ഉപയോഗിക്കാതിരിക്കുക!!!

ആളുകൾ എന്നും ലഹരിമരുന്നുകൾ ഉപയോഗിച്ചിരുന്നു. ഇനിയും അത് തുടരുകയും ചെയ്യും. ഈ വസ്തുത മനസ്സിലാക്കി ജീവിക്കാനാണു നാം ശ്രമിക്കേണ്ടത്. അപകടസാധ്യതയുള്ള മറ്റു പ്രവൃത്തികളായ സെക്സ്, മദ്യം എന്നിവയെ, എന്തിനു ഡ്രൈവിംഗ് പോലും, നമ്മുടെ സമൂഹം ആ വിധം കാണുന്നുണ്ടല്ലോ.

മിയാമിയിലെ ദരിദ്രമായ തെരുവുകളിൽ നിന്ന് ഞാൻ ബഹുദൂരം മുന്നോട്ട് വന്നിരിക്കുന്നു. കുറ്റകൃത്യങ്ങളും ദാരിദ്ര്യവും ഇല്ലാതെയാക്കാൻ ഏറ്റവും നല്ല വഴി ലഹരിമരുന്നുകൾ  തുടച്ചു നീക്കുകയാണെന്ന് വിശ്വസിച്ചിരുന്ന യുവാവിൽ നിന്നും ഞാൻ അത്ര തന്നെ ദൂരം മുന്നോട്ടേയ്ക്ക് സഞ്ചരിച്ചിരിക്കുന്നു.

ഇന്ന് ഞാൻ ഒരിക്കലും ലഹരിമരുന്ന് നിരോധനത്തിനായി വാദിക്കുകയില്ല. അത് അല്പജ്ഞാനപരമാകും.

ദയവായി എന്നെ തെറ്റിദ്ധരിക്കാതിരിക്കുക; ഇപ്പോഴും ഞാൻ ലഹരി സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളെ സഹായിക്കണമെന്ന ആഗ്രഹവും മനഃസ്ഥിതിയും ഉള്ളയാളാണു. ഒപ്പം തന്നെ, തുല്യപ്രാധാന്യത്തോടെ ലഹരിമരുന്നുകൾ വിനോദപരമായി ഉപയോഗിക്കുന്നവരെ സുരക്ഷിതരായി കാത്തുരക്ഷിക്കുകയും വേണം എനിക്ക്. ലഹരിമരുന്ന് ഉപയോക്താക്കളിലെ ബഹുഭൂരിപക്ഷവും അത്തരക്കാരാണു.

എന്തുതന്നെയായാലും ഇന്നെനിക്ക് അറിയാവുന്നത് ഇതാണു ലഹരിമരുന്നുകൾ അല്ല ഇവിടുത്തെ പ്രശ്നം.

ദാരിദ്ര്യം, തൊഴിലില്ലായ്മ, മയക്കുമരുന്ന് നിയമങ്ങളുടെ വിവേചനപരമായ നടപ്പിലാക്കൽ, മയക്കുമരുന്നുകളെ പറ്റിയുള്ള ശാസ്ത്രീയ അറിവുകൾ സംബന്ധിച്ചുള്ള അജ്ഞതയും  അവയുടെ നിരാകരണവും. ഇവയാണു ഇവിടുത്തെ പ്രധാന പ്രശ്നങ്ങൾ. ശാസ്ത്രജ്ഞാനം പ്രചരിപ്പിച്ചുകൊണ്ട് അജ്ഞതകൾ അകറ്റുക എന്നതാണു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയ്ക്ക് എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങളും എന്റെയൊപ്പം കൂടും എന്ന് ഞാൻ കരുതുന്നു.

(കൊളംബിയ യൂണിവേഴ്സിറ്റിയിൽ സൈക്കോളജി സൈക്ക്യാട്രി വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസറാണു കാൾ ഹാർട്ട്.)

ഡോക്ടർ ഹാർട്ടിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്.
original source:
 http://www.drcarlhart.com/

സമ്പാദനം: മുരളി വെട്ടത്ത്
വിവർത്തനം: സ്വാതി ജോർജ്ജ്

Comments

comments