‘ലഹരിവേട്ട’യില്‍ നഷ്ടമാകുന്ന നാനാർത്ഥങ്ങള്‍ – ടി ടി ശ്രീകുമാര്‍

‘ലഹരിവേട്ട’യില്‍ നഷ്ടമാകുന്ന നാനാർത്ഥങ്ങള്‍ – ടി ടി ശ്രീകുമാര്‍

SHARE

ഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല മുൻകൈ എടുത്തു നടപ്പിലാക്കുന്ന ലഹരിവിരുദ്ധനടപടികള്‍ ഏകപക്ഷീയമായ ഒരു സഹഭാവ – വ്യവഹാരത്തിലേക്ക് ചുരുക്കിയാണു മനസ്സിലാക്കപ്പെടുന്നത്‌. എന്തുകൊണ്ട് ലഹരി ഒരു വിപത്താണ്, എന്തുകൊണ്ട് അത് തടയപ്പെടണം എന്നതിനെക്കുറിച്ചുള്ള ഒരു ചർച്ച മാത്രമായി അത് ചുരുങ്ങിപ്പോകുന്നു. ലഹരിവസ്തുക്കള്‍ ഉപയോഗിക്കപ്പെടുന്നതിന്റെ  ചരിത്രപശ്ചാത്തലങ്ങളും സാമൂഹിക സന്ദർഭങ്ങളും സാംസ്കാരികരാഷ്ട്രീയവും വിസ്മരിച്ചുകൊണ്ടോ അല്ലെങ്കില്‍ അവയെ ദമിതമാക്കിക്കൊണ്ടോ ഉള്ള ഒരു ക്രിമിനല്‍ നിയമവ്യവഹരമാക്കി മാത്രം അതിനെ മാറ്റുന്നത്തില്‍ രമേശ്‌ ചെന്നിത്തലയും സംസ്ഥാന പോലീസും വിജയിച്ചിരിക്കുന്നു.

          സ്കൂളുകളും കോളെജുകളും മറ്റും കേന്ദ്രീകരിച്ചു നടക്കുന്ന സെമിനാറുകളും നിരന്തരം മാധ്യമങ്ങളിലൂടെ പ്രഘോഷിക്കപ്പെടുന്ന പോലീസ് റെയ്ഡുകളും മന്ത്രിയുടെയും മറ്റും പ്രസ്താവനകളും ചേർന്ന് നിർമ്മിച്ചിട്ടുള്ള ഒരു നൈതിക – നിയമവാഴ്ച്ചാ ചട്ടക്കൂടിനു പുറത്തു സിവിൽ സമൂഹത്തിന്റെ തലത്തില്‍ വൈവിധ്യമാർന്ന അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് കൂടുതല്‍ സൂക്ഷ്മമായ ചർച്ചകള്‍ ഇക്കാര്യത്തില്‍ ആവശ്യമുണ്ടെന്നു പറയാന്‍ പോലും കഴിയാത്ത വിധം അടഞ്ഞ ഒരു വ്യവഹാരമായി ഈ പ്രശ്നം മാറിയിരിക്കുന്നു എന്നത് കേരളം പോലെ സജീവമായ പൌരസമൂഹ സാന്നിധ്യമുള്ള പ്രദേശത്ത് വിസ്മയകരമാണ്. നിങ്ങള്‍ ലഹരി വസ്തുക്കൾക്ക്  അനുകൂലമാണോ അല്ലയോ എന്ന ബൈനറിക്കപ്പുറം ഇതില്‍ ചർച്ച ചെയ്യാന്‍ ഒന്നുമില്ല എന്ന് വരുന്നത് ആശാസ്യമായ കാര്യമല്ല.

            ഒരു ദേശീയപ്രശ്നമായി ഭരണകൂടങ്ങള്‍ അവതരിപ്പിച്ചു തുടങ്ങുകയും അതിന്റെ ഫലമായി ആഗോളതലത്തിൽ തന്നെ ലഹരിവസ്തുക്കൾക്കെതിരെ പ്രചാരണം ഉണ്ടാവുകയും ചെയ്തിട്ട് അധികകാലം ആയില്ല എന്നത് ഒരു ചരിത്രവസ്തുത ആണ്. അതുപോലെ സംഘടിതരായ ദേശീയ-ആഗോള ക്രിമിനല്‍/മാഫിയ സംഘങ്ങളുടെ കയ്യിലേക്ക് ഇവയുടെ ഉല്പാദനവും വിതരണവും മാറിയതും സമീപഭൂതകാലത്തിലെ പ്രതിഭാസം തന്നെയാണ്. എന്നാല്‍ ക്രിമിനല്‍ ചട്ടക്കൂടിലേക്ക് ഈ ചർച്ചയെ ഒതുക്കാനുള്ള ഒരു സന്ദർഭമായി മാത്രം ഈ പ്രവണതയെ ഉപയോഗിക്കുന്നത് ശരിയായ രാഷ്ട്രീയ സമീപനമായി തോന്നുന്നില്ല.

                ‘മയക്കു മരുന്ന് എന്ന പേര് തന്നെ ഇത്തരം രാസ-ജൈവ വസ്തുക്കളുടെ വൈവിധ്യത്തേയും അവയുടെ വൈജാത്യങ്ങളെയും വ്യത്യസ്ഥമായ പ്രത്യാഘാതങ്ങളെയും മറച്ചുവയ്ക്കുന്നതാണ്. അത് ഒരു അധീശസമീപനത്തെ മറ്റുള്ളവയ്ക്ക് മേല്‍ പ്രാധാന്യമുള്ളതാക്കുന്നു. ഇതിലെ ഏകപ്രശ്നം ഇതിന്റെ അമിതമായ ഉപയോഗവും അതുണ്ടാക്കുന വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ പ്രശ്നങ്ങള്‍ മാത്രമാണ് എന്ന രീതിയില്‍ ചിത്രീകരിക്കപ്പെടുന്നു. ഇതിനെ മനുഷ്യാവകാശങ്ങളുമായി ബന്ധിപ്പിക്കുന്നത് മാവോയിസ്റ്റ് പ്രശ്നത്തെ മനുഷ്യാവകാശപ്രശ്നവുമായി ബന്ധിപ്പിക്കുന്നത് പോലെ ഒരു നിഷേധമായി, കേവലമായ വ്യവസ്ഥാവിരുദ്ധത മാത്രമായി, എന്തിനു ദേശദ്രോഹം കൂടിയായി ന്യൂനീകരിക്കപ്പെടുന്നു, വിമർശിക്കപ്പെടുന്നു.

            ആനന്ദത്തിന്റെ നിർവചനങ്ങളുടെയും ചിത്രീകരണങ്ങളുടെയും സാംസ്കാരികവൈവിധ്യം ചരിത്രത്തില്‍ കാണാന്‍ കഴിയുന്നതാണ്. ഇതിനെ കേവലം സാമൂഹിക ധാർമ്മികതയുടെ അളവുകോല്‍ മാത്രം വച്ച് അളക്കാന്‍ കഴിയില്ല. നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഒരു സമൂഹവും നിലനില്ക്കുുന്നില്ല. പക്ഷെ നിയന്ത്രണം എവിടെ തുടങ്ങണം, എവിടെ അവസാനിക്കണം എന്നതിന് നിയതമായ ഒരു വ്യവസ്ഥയും മാനദണ്ഡവും ഇല്ല. സാമൂഹികമായ സമ്മതികള്‍ ഉണ്ടാക്കുന്നത്‌ വിപുലവും ഇൻക്ലൂസീവും ആയ ചർച്ചകളില്‍ കൂടി തന്നെയാണ്. കേരളത്തില്‍ ഇപ്പോള്‍ മയക്കു മരുന്ന് വേട്ടയുമായി ബന്ധപ്പെട്ടുള്ള നടപടികളില്‍ തീർച്ചയായും ജനാധിപത്യപരമായ ഒരു സമീപനം ഇല്ല എന്ന് പറയേണ്ടി വന്നിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ തന്നെ പുനർവിചാരണക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്.

            കൂടുതല്‍ ചരിത്രബദ്ധവും സാംസ്കാരികബന്ധിതവുമായ ചോദ്യങ്ങളും പ്രശ്നവല്ക്ക രണവും ആവശ്യമുള്ള ഒരു വിഷയമാണിത് എന്ന വസ്തുത ഇപ്പോള്‍ ചർച്ചകളില്‍ മേൽക്കൈ  ലഭിച്ചിട്ടുള്ള ക്രിമിനൽവൽക്കരണ സമീപനത്തില്‍ അസന്നിഹിതമായിരിക്കുന്നു. അത് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യമാണ്‌ നവമലയാളി ഈ ലക്കത്തിലെ ലേഖനങ്ങളിലൂടെ മുന്നോട്ടു വയ്ക്കുന്നത്. ഇത് ലഹരിയിലേക്ക് ആരെയും ക്ഷണിക്കുന്നതല്ല, ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതുമല്ല. മറിച്ചു ഇപ്പോഴുള്ള സംവാദത്തിന്റെ ഏകപക്ഷീയതയും യാന്ത്രികതയുമാണ് ഇവിടെ ചോദ്യം ചെയ്യപെടുന്നത്. ഇതിലെ ലേഖനങ്ങള്‍ കൂടുതല്‍ ചരിത്രപരമായി, മന:ശാസ്ത്രപരമായി, രാഷ്ട്രീയമായി, സാംസ്കാരികമായി, ഈ പ്രശ്നത്തെ അഭിമുഖീകരിക്കാനുള്ള ധീരതകാട്ടുന്നു. അനിവാര്യമായ ഒരു സംവാദം ആണിത് എന്ന് ഞാന്‍ വിശ്വസിക്കുകയാണ്. സാർത്ഥകമായ പ്രതികരണങ്ങളിലൂടെ വായനക്കാര്‍ ഈ ചർച്ചയെ കൂടുതല്‍ കാമ്പുള്ളതാക്കണം എന്ന് ഞാന്‍ അഭ്യർത്ഥിക്കുന്നു.

Comments

comments