കാലത്തിന്റെ ചാക്രികതയും ഇടവേളകളുടെ കൃത്യതയും സ്പന്ദനവും സംഗീതവും അടയാളപ്പെടുത്തുന്ന ക്ലോക്കിന്റെ പെൻഡുലചലനത്തെ അഥവാ ദോലനത്തെ, കഥയുടെ സങ്കേതങ്ങൾ കൊണ്ട് ചിട്ടപ്പെടുത്തിയതാണു മേതിലിന്റെ സംഗീതം ഒരു സമയകലയാണു എന്ന കഥ. കഥയ്ക്കകത്ത് ഈ പെൻഡുലം ഭൂതഭാവികളിലൂടെ, ബോധാബോധങ്ങളിലൂടെ, കുഴലൂത്തിന്റെ വിരലോട്ടങ്ങളിലൂടെ, ജീവിതമരണമുദ്രകളിലൂടെ, ഞാൻ – നീ എന്ന പകർന്നാട്ടങ്ങളിലൂടെ, കൗമാര യൗവ്വനങ്ങളിലൂടെ സദാ ആടിക്കൊണ്ടിരിക്കുന്നു. ക്ലോക്കിന്റെ നിലയ്ക്കാത്ത ഈ സ്പന്ദനമാണു കഥയെ വേറിട്ട ഒന്നാക്കുന്നത്.

ഹാമലിൻ നഗരത്തിലെ എലികളെ കുടിയൊഴിപ്പിച്ചതിനു വാഗ്ദാനം ചെയ്ത പ്രതിഫലം നൽകാത്ത നഗരവാസികളെ പൈഡ് പൈപ്പർ വീണ്ടും കുഴലൂതി അവരുടെ കുട്ടികളെയും കൊണ്ട് അപ്രത്യക്ഷനാകുന്ന മിത്തിനു 14ആം നൂറ്റാണ്ടിൽ യൂറോപ്പിനെ ശ്മശാനഭൂമിയാക്കിയ ബ്ലാക്ക് ഡെത്ത് എന്ന വൻപ്ലേഗ് ബാധയുടെ യാഥാർത്ഥ്യത്തിൽ കഥാകൃത്ത് പുതിയൊരു വ്യാഖ്യാനം നൽകുന്നു. കുഴലൂത്തുകാർ ആ കാലഘട്ടത്തിലെ യൂറോപ്പിലെ സാനിട്ടറി ഉദ്യോഗസ്ഥരാണു. എലികളേയും കുട്ടിളേയും തുടച്ചുനീക്കിയ ശക്തമായ കുഴലൂത്ത് പ്ലേഗിന്റേതാണു. നാലുവർഷത്തെ കുഴലൂത്ത് മരണം വിതച്ചത് അഞ്ചുകോടി എഴുപതുലക്ഷം മനുഷ്യരിലാണു. ഇത്രയും ഭീകരമായൊരു ദുരന്തത്തെയാണു വേഷം മാറ്റി പൈഡ് പൈപ്പറുടെ നാടോടിക്കഥ ഒളിപ്പിച്ചുവെച്ചത്.

പൈഡ് പൈപ്പറുടെ നാടോടിക്കഥയുടെ പുതുപാലമാകുന്ന പ്രധാനചരടിലാണു സംഗീതത്തെയും സമയത്തെയും ചിന്തയെയും ചരാചരങ്ങളേയും കഥാകൃത്ത് പെൻഡുലമാടിക്കുന്നത്. തന്റെ ഓട്ടം പൂർത്തിയാക്കി അടുത്തയാൾക്ക് കൈമാറുന്ന ബാറ്റൺ പോലെ ഉഴലൂത്തുകാരന്റെ കുഴൽ ഭൂതത്തിൽ നിന്ന് നാഗിയുടെ വർത്തമാനത്തിലേക്കും ബസവയിലൂടെ ഭാവിയിലേക്കും സഞ്ചരിക്കുന്നു. പ്ലേഗുപോലുള്ള മഹാമാരികൾ ദുരന്തം വിതയ്ക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന സാനിട്ടറി ഉദ്യോഗസ്ഥർ എന്ന പൊതുതന്തുവിലേക്ക് കുഴലൂത്തുകാരനും നാഗിയും ബസവയും കാലത്തിന്റെ നിയോഗം പോലെ ഒന്നിക്കുന്നു. തന്റെ ഭാഗം അഭിനയിച്ചുകഴിഞ്ഞാൽ അരങ്ങൊഴിയണം എത്ര വലിയ നടനുമെന്ന അലംഘനീയമായ വിധിയാണു അസമയത്ത് കുഴൽ വിളിച്ച് മുന്നോട്ടു പോയ ബസവയെ പിന്തുടരാനുള്ള നീക്കത്തിൽ നിന്ന് അവസാനം നാഗിയെ പിന്മാറ്റുന്നത്. ബസവയ്ക്ക് കുഴൽനൽകിയതിലൂടെ എന്റെ ചരിത്രപരമായ കർത്തവ്യം മുഴുമിക്കപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവാണു, ട്രാക്ക് തെറ്റിച്ചാലും തിരിഞ്ഞോടിയാലും വിധിയുടെ ബാറ്റൺ കൃത്യമായ സ്ഥലത്തും സമയത്തും വെച്ച് അത് നൽകിയിരിക്കുമെന്ന വിധിവിശ്വാസമാണു ബസവയിലും പ്രവർത്തിക്കുന്നത്. സിനിമാനടനാകാൻ മോഹിച്ച് ചിക്കമംഗലൂരിൽ നിന്ന് സിനിമാക്കാരുടെ കൂടെ ഇറങ്ങിത്തിരിച്ച് ശവത്തിന്റെ റോളാണു അഭിനയിക്കാനുള്ളതെന്ന് തിരിച്ചറിഞ്ഞ് കർണൂലിലെ വിജനമായ ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടിൽ കാത്തിരിക്കുന്ന ബസവയ്ക്ക് പ്ലേഗ് കത്തുന്ന രാത്രിയിൽ വിധി കാത്തുവെച്ചത് കുഴലൂത്തുകാരന്റെ റോൾ. സാനിട്ടറി ഉദ്യോഗസ്ഥന്റെ മകൻ അങ്ങനെ സാനിട്ടറി ഉദ്യോഗസ്ഥനാകുന്നു. ഇടത്തോട്ടും വലത്തോട്ടും പെൻഡുലം ആടുമ്പോഴും സമയം രേഖീയമായി ചലിക്കുന്നതുപോലെ കുഴലൂത്തിലെ തുളകളിൽ വിരലുകൾ പെൻഡുലമാടുമ്പോഴും സംഗീതം രേഖീയമായി മുൻപോട്ടു പോകുന്നതുപോലെ പൈഡ് പൈപ്പറിലൂടെ കാലം രേഖീയമായി മുൻപോട്ടു പോകുമ്പോഴും നിശ്ചിത ഇടവേളകളിൽ അച്ഛനും നാഗിയും ബസവയുമൊക്കെയായി കുഴലൂത്ത് ചാക്രികമായി ആവർത്തിക്കുന്നതിനെ അനുഭവിപ്പിക്കാൻ കഴിഞ്ഞതാണ് കഥയുടെ ക്രാഫ്റ്റിന്റെ മികവ്.

കാലത്തിന്റെ ചാക്രികമായ രേഖീയ ചലനത്തിലേക്കാണ്  ആഖ്യാനവും രൂപകങ്ങളും കഥാപരിസരവും കഥാപാത്രങ്ങളും വിദഗ്ദമായി  കണ്ണിചെർക്കപ്പെടുന്നത്. വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ പോകുന്ന സൈക്കിളും മുന്നോട്ടും പിന്നോട്ടും വിരലോടുന്ന കുഴലുംഞാനും അവനുമായി പകർന്നാടുന്ന ബസവയും കണ്‍വേയർ ബെൽറ്റും  കോണകവാലും കാറ്റും അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്ന ഇലകളും വളഞ്ഞു പുളഞ്ഞ പാതയും  കശക്കപ്പെടുന്ന  ചീട്ടും കഥക്കകത്തെ ടികാരത്തെ   പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന മൂർത്ത വസ്തുക്കളാണെങ്കിൽ ഭൂതഭാവിയും ജീവിതമരണ മുദ്രകളും രക്ഷകശിഷകനിയോഗവും കൌമാരയൗവ്വനങ്ങക്കിടയിലുള്ള ഓട്ടവും കഥയുടെ അർഥം തേടിയുള്ള മുന്നോട്ടും പിന്നോട്ടുമായ യാത്രയും ചേർന്ന് നിർമ്മിക്കുന്ന ഭാവപരിസരത്തിന്റെ പെൻഡുല ചലനവും കഥക്കകത്തെ ക്ലോക്കിനെ സ്പന്ദിക്കുന്ന സാനിധ്യമാക്കുന്നു.

എത്രയോപേർ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത പൈഡ് പൈപ്പറിന്റെ കഥയിൽ  അവരിലൊരാൾക്കും കാണാനാവാത്ത ഒരർത്ഥമുണ്ട്. അത് നീ കണ്ടെത്തണം, അത് നിനക്കുള്ളതാണ്, നിന്നെ ഉദ്ദേശിച്ചുള്ളതാണ് അതുകണ്ടെത്തുന്നതുവരെ ഒരു പാതയിലൂടെന്നതുപോലെ കഥയിലൂടെ കടന്നുപോകുകഒടുവാകുമ്പോഴേക്കും അത് കണ്ടെത്തിയില്ലെങ്ങിൽ പുറകോട്ടടിക്കുക. അവിടെ നിന്ന് വീണ്ടും തുടരുക.  ഇതാണ് നിയോഗം എന്ന് ബസവ തന്നോടുതന്നെ പറയുന്നതിനെ പ്രഹേളിക സ്വഭാവമുള്ള മേതിലിന്റെ കഥയുടെ പൊരുൾ കഥയിലൂടെ മുന്നോട്ടും പിന്നോട്ടും യാത്ര ചെയ്തു കണ്ടെടുക്കാൻ സഹൃദയനോടുള്ള നിർദേശമായി  കാണാവുന്നതാണ്.  “പൈഡ്” പൈപ്പറുടെ കുഴലിന്റെ നശീകരണശക്തി തനിക്കുമുണ്ടെന്നു സങ്കൽപ്പിച്ച്‌ അതുപയോഗിച്ച് ആഖ്യാനത്തിന്റെ തെരുവിലൂടെ കുട്ടികളെ ആട്ടിതെളിച്ച് ഒരു ഗുഹപോലെ ഇരുണ്ടു നിഗൂഢമായ അർത്ഥത്തിലേക്ക് താൻ നടന്നടുക്കുകയാണ്  എന്ന് കഥയിൽ ബസവ ചിന്തിക്കുന്നു.  അതേ ആഖ്യാനത്തിന്റെ മാന്ത്രികസിദ്ധിയുള്ള കുഴലൂതി വായനക്കാരെ വശീകരിച്ച്  ഗുഹപോലെ ഇരുണ്ട  നിഗൂഢമായ  അർത്ഥത്തിലേക്ക് കൊണ്ടുപോയി മേതിൽ എന്ന കുഴലൂത്തുകാരൻ തന്റെ നിയോഗം പൂർത്തിയാക്കുന്നു.
————–

പുല്ലൂറ്റ് കെ കെ ടി എം ഗവണ്മെന്റ് കോളജ് മലയാളവിഭാഗം തലവനാണു ലേഖകൻ

Comments

comments