ന്മാന്തരവാഗ്ദാനങ്ങൾ, രഹസ്യങ്ങളും നുണകളും .. ജയ്ശ്രീ മിശ്രയുടെ പുസ്തകങ്ങൾ പുതുതായി ആരെയൊക്കെയോ പരിചയപ്പെടുത്തുന്നവയാണു. റാണി എന്ന നോവലും അങ്ങനെ തന്നെ.

ശിപായി ലഹളക്കാലത്ത് ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയ ഒരു ഇന്ത്യൻ റാണിയുടെ കഥ. ചരിത്രം സൃഷ്ടിച്ച ഒരു വനിതയെക്കുറിച്ചാണു. ലക്ഷ്മീബായി എന്ന ഝാൻസി റാണി. എന്നാൽ വെറുമൊരു ചരിത്രകഥാകഥനം മാത്രമായി മാറുന്നില്ല ഈ നോവൽ. പേർഷ്വായുടെ കൊട്ടാരത്തിൽ മരം കയറിയും മാങ്ങപറിച്ചും കുതിരയോടിച്ചും പഠിച്ചും ഊർജ്ജ്വസ്വലയായി നടന്ന മണികർണിക എന്ന ബാലികയായ മണിയുടെയും അവളിൽ നിന്നു ഝാൻസിറാണി എന്ന ലക്ഷ്മിബായിയിലേക്കു വളർന്ന ചരിത്രവനിതയുടെയും ജീവിതത്തിന്റെ മനോഹരമായ ചിത്രണമായി അത് മാറുന്നു. വിവാഹത്തോടെ രാജ്യഭാരം ഏറ്റെടുക്കേണ്ടിവന്ന ഒരു കൗമാരക്കാരിയുടെ വളർച്ചയുടെ ഓരോ ഘട്ടവും ഓരോ ചിന്തയും ഓരോ സ്വപ്നവും വിശദാംശങ്ങളുടെ ധാരാളിത്തം സ്ഫുരിക്കാതെ എന്നാൽ ഏറ്റവും സൂക്ഷ്മമായിത്തന്നെ എഴുതിയിരിക്കുന്നു. ലോലമനസ്കനും, ഭരണത്തേക്കാളധികമായി നാടകത്തിൽ താൽപ്പര്യപ്പെടുകയും ചെയ്യുന്ന സൗന്ദര്യാസ്വാദകനും കലാസ്വാദകനുമായ രാജാവിന്റെ അധികാരലോകത്ത് എളുപ്പത്തിൽ സ്ഥാനമുണ്ടാക്കുവാൻ റാണിയുടെ ധിഷണാശക്തിക്കും സാമർത്ഥ്യത്തിനും കഴിഞ്ഞു. ഭരണനിർവ്വഹണത്തിൽ രാജ്ഞി  ക്രമേണ കഴിവ് തെളിയിച്ചു. രാജാവിനും അതേറെയിഷ്ടമായിരുന്നു. രോഗബാധിതനായ രാജാവ് വംശം നിലനിർത്താൻ ഒരാൺകുഞ്ഞിനെ ദത്തെടുത്തു. അതിനു മുമ്പായി അവർക്കു ജനിച്ചിരുന്ന കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. ആ നഷ്ടം നികത്താൻ ഒരാൺകുട്ടി വന്നപ്പൊഴേക്കും രാജാവിന്റെ ജീവൻ എന്നേക്കുമായി നഷ്ടപ്പെടുകയായിരുന്നു. അവിടെ നിന്ന് രാജ്യത്തിന്റെ മുഴുവൻ ചുമതലയുമേറ്റെടുക്കുന്ന റാണി രാജ്യത്തിന്റെ അമ്മയും വധുവും എല്ലാമായി മാറുന്നു. ആത്മാർത്ഥമായ സമീപനങ്ങളും സ്‌ത്രൈണവികാരങ്ങൾകൂടി ഉൾച്ചേർന്ന ഭരണ നിർവ്വഹണവും ചേർന്ന് പുതുമയുള്ള ഭരണ ചരിത്രമാണ് തീർച്ചയായും റാണി സൃഷ്ടിക്കുന്നത്. യുദ്ധം അനിവാര്യമാവുന്ന നിമിഷം വരേയ്ക്കും സംയമനം പാലിക്കാനും, കുഞ്ഞിന്റെ രക്ഷക്കായി പൊരുതുന്നൊരു അമ്മയെപ്പോലെ ഝാൻസിയെ ബ്രിട്ടീഷ് ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്താൻ കുഞ്ഞുമായി ഒളിച്ചോടുകയും ചെയ്യുന്ന റാണിയുടെ വീക്ഷണങ്ങൾ സ്വാതന്ത്രവും സഹിഷ്ണുതയും സ്‌നേഹവും നിറഞ്ഞതായിരുന്നു. റാണിയും ബ്രിട്ടീഷ് ഓഫീസർ എല്ലിസും തമ്മിലുടലെടുക്കുന്ന ആർദ്രമായ ബന്ധമാണ് ഇതിനിടെ വരച്ചിടുന്നത്. പക്ഷെ യുദ്ധം ആ സ്‌നേഹത്തെയും ഭയവും അവിശ്വാസവും കുത്തിനിറച്ചു വികൃതമാക്കുന്നു. റാണിയുടെയും കുഞ്ഞിന്റെയും ജീവിതം തകർത്തതുപോലെ നിഷ്‌കരുണമായ നീതികൾ അവരുടെ ഹൃദയങ്ങളെയും മുറിപ്പെടുത്തുന്നു. ഇനി ഒരിക്കലും ഒരിക്കലുമൊരിക്കലും സ്‌നേഹം അതർഹിക്കാത്തിടത്തു കൊടുക്കരുതെന്നു അവരിലെ സ്ത്രീ ചിന്തിക്കുന്നതും അതേ മുനമ്പിൽ നിന്നുകൊണ്ടാണ്. നാനാസാഹിബ്, താന്തിയാ തോപ്പി എന്നീ ബാല്യകാല സുഹൃത്തുക്കൾക്കും സുന്ദർ എന്ന തോഴിക്കും തന്റെ മകനുമൊപ്പം റാണി നയിച്ച മനോഹരമായ ബന്ധമാകട്ടെ മിഴിവുറ്റതുമാണ്.

ഇങ്ങിനെ നിരവധി ജീവിത മുഹൂർത്തങ്ങളെ ആവിഷ്‌കരിച്ചുകൊണ്ട് ഹൃദയങ്ങളുടെ വേദനയും ആകുലതയും താരള്യവും ഒപ്പിയെടുത്ത് ഇടനാഴികളിലെ കണ്ണീരും ഇരുട്ടും പകർത്തിക്കൊണ്ട് മികച്ച അനുഭൂതിയാണ് ആ പുസ്തകം സമ്മാനിക്കുന്നത്. ഒരു രാജ്യം ചൂഷണം ചെയ്യപ്പെടുന്നതിന്റെയും യുദ്ധം എന്ന ദുരന്തത്തിലേക്കും അതിൽക്കവിഞ്ഞ് അനിശ്ചിതത്വത്തിന്റെ ഭീതിയിലേക്കും വലിച്ചിഴക്കപ്പെടുന്നതിന്റെയും വിരുദ്ധ സംസ്‌കാരങ്ങൾ പരസ്പരം കലഹിക്കുന്നതിന്റെയും സത്യസന്ധമായ ചിത്രീകരണമാണിവിടെ… ഒരു കഥയേക്കാൾ അവിശ്വസനീയമായിത്തീർന്ന നമ്മുടെ നാടിന്റെ യഥാർത്ഥ ചിത്രങ്ങളെ അപരിചിതത്വത്തോടെ നോക്കിക്കാണുന്ന വൈരുദ്ധ്യമാണു അപ്പോൾ നമ്മെ അലട്ടുക.

 

എന്നാൽ നോവലിന്റെ മുൻകുറിപ്പിലും പിൻകുറിപ്പിലും കോറിയിട്ട മനോഹരമായ ഒരു പ്രതീക്ഷയാകട്ടെ നോവലിനു മറ്റൊരു മാനം നൽകുന്നു. റാണി മരിച്ചിട്ടില്ലെന്നും, ഒരു മുസ്ലീം സ്ത്രീയായി പർദ്ദ ധരിച്ച് ഇന്നും ഝാൻസി തെരുവിൽ തന്റെ ജനങ്ങൾക്കിടയിലൂടെ ജീവിക്കുന്നുവെന്നും വിശ്വസിക്കുന്നവർക്കിടയിലേക്കു വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്ന എല്ലിസ്… തന്റെ മുന്നിൽ കറുത്ത ആവരണത്തിനടിയിൽ പ്രിയപ്പെട്ട നടത്തവും കണ്ണുകളും ഒളിപ്പിച്ചുകൊണ്ട് കുങ്കുമവും ശംഖുവളകളും തിരയുന്ന സ്ത്രീയിൽ കണ്ണുടക്കി നിൽക്കുന്ന ചിത്രം… അയാൾക്കു മുന്നിൽ ഒരിക്കലും അനാവരണം ചെയ്യപ്പെടാതെ പോകുന്ന അവൾ… വേദനയോ, സ്വപ്നമോ എന്തോ ചിലതു ബാക്കിയാക്കിക്കൊണ്ട് പുസ്തകം അടച്ചുവെക്കപ്പെടുന്നു. പുതിയ ലോകത്തിന്റെ സമരങ്ങളിലേക്കും വലിയ ചൂഷണങ്ങളിലേക്കും നിർവ്വികാരതയിലേക്കും കണ്ണോടിക്കാൻ വേണ്ടി…
———–
ഗംഗ,മൂന്നാംവർഷ ബി.എ. മലയാളം കെ കെ ടി എം ഗവ: കോളജ് പുല്ലൂറ്റ്

Comments

comments