ഡിജിറ്റല്‍ ഇന്ത്യയും ബേസിക്സ് എന്ന്  ഇപ്പോള്‍ പേരിട്ട ഇന്റര്‍നെറ്റ് ഓര്‍ഗുമായി എന്ത് ബന്ധം എന്ന് ചോദിക്കുന്നവരുണ്ട്. ഡിജിറ്റല്‍ ഇന്ത്യ വെറും ഈ–ഗവേണന്‍സ് ആണെന്ന് വാദിക്കുന്നവരുണ്ട്. ഒറ്റ ഉത്തരം  ഗൂഗിള്‍ അടക്കമുള്ള പത്തോളം കമ്പനികളെ ഒഴിവാക്കികൊണ്ട് ഇന്റര്‍നെറ്റ് കുത്തക സ്ഥാപിക്കുക എന്നതാണത്. ഓഹരി വിപണിയിലെ വമ്പന്മാരാകുക എന്നതാണത്. ഇ – ഗവേർണന്‍സ്  മൊബൈല്‍  ഫോണ്‍ വഴിനടപ്പാക്കുക എന്ന് മാത്രമല്ല സര്‍ക്കാരിന്റെ  വാക്കുകള്‍ മാത്രം ജനങ്ങളിലേക്ക് എത്തുകയാണ് ഫലം. മറ്റൊരു സൌകര്യവും ബേസിക്കിക്സില്‍ ഇല്ല, സെര്‍ച്ച് റിസൾട്ട് കിട്ടാന്‍ പണം കൊടുക്കണം എന്ന് സുക്കർബർഗ് തുറന്നു പറയുന്നത് കള്ളം പൊളിഞ്ഞപ്പോള്‍ ആണെന്ന് മാത്രം. ഏകപക്ഷീയമായ ഒരു സംവിധാനമായി ഡിജിറ്റല്‍ ഇന്ത്യ മാറും എന്നുറപ്പ്.

അതിന്റെ പ്രധാന മൂലധനദാതാക്കളിലൊന്നായ In-Q-Tel എന്ന കമ്പനി വഴി ഫേസ്ബുക്കിനു നേരെ സി ഐ എ ബന്ധങ്ങൾ ആരോപിക്കപ്പെടുന്നത് അത്ര  നിസാരമാണെന്ന് കരുതാൻ വയ്യാത്ത വിധമാണു ഫേസ്ബുക്ക് അതിന്റെ പ്രൈവസി പോളിസി ലംഘിച്ചുകൊണ്ടിരിക്കുന്നത്. ഫേസ്ബുക്ക്, ഗൂഗിൾ, മൈക്രോസോഫ്റ്റ് മുതലായ കമ്പനികൾ സ്വകാര്യകമ്പനികൾ എന്നതിലുപരി യു എസ് സർക്കാരിന്റെയും അതിന്റെ ഏറ്റവും ഭീമന്മാരായ കോർപ്പറേറ്റ് പ്രഭുക്കളുടേയും സഹായഹസ്തങ്ങളാണു. കമ്പോളത്തിന്റെ മുകളറ്റം മുതൽ താഴേയറ്റം വരെ കച്ചവടക്കൈകളുമായി നീണ്ടുനിൽക്കുന്ന ഈ കമ്പനികൾ സോഫ്റ്റ് വെയർ സേവനം ലഭ്യമാക്കുക മാത്രമല്ല, മറിച്ച് പൊതുജനത്തെ സംബന്ധിച്ചുള്ള ഇലക്ക്ട്രോണിക് ഇന്റലിജൻസ് പൊലീസിനും സൈന്യത്തിനും ഗവണ്മെന്റുകൾക്കും ആഗോളമായി നൽകുകയും കൂടിയാണു ചെയ്യുന്നത്. രാഷ്ട്രീയസ്വഭാവങ്ങളെ സ്വാധീനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് അടുത്തകാലത്ത് നടത്തിയിട്ടുള്ള ചില പരീക്ഷണനീക്കങ്ങളും അറേബ്യൻ വസന്തത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കപ്പെട്ട രീതിയുമെല്ലാം വെച്ച് നോക്കുമ്പോൾ സംശയദൃഷ്ട്യാലല്ലാതെ നോക്കിക്കാണാവുന്നവയല്ല ഫേസ്ബുക്കുൾപ്പടെയുള്ള സോഷ്യൽ മീഡിയ.

ഫേസ്ബുക്ക് പ്രതിസന്ധിയിലാണ് എന്ന് കേൾക്കുമ്പോൾ പെട്ടന്നാർക്കും ചിരിവരും. സോഷ്യൽമീഡിയയിലെ കുലപതി. നൂറ്റി നാൽപ്പതു കോടി യൂസേഴ്സ്. അതായത് ലോകജനസംഖ്യയുടെ അഞ്ചിലൊന്ന്. കഴിഞ്ഞ  വർഷത്തെ ലാഭം ആയിരത്തി ഇരുനൂറ്റി നാൽപ്പതു കോടി അമേരിക്കൻ ഡോളർ. അതായത് ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഓരോ ആളിൽ നിന്നും ശരാരരി എട്ടര യു എസ്സ് ഡോളർ അവർ ലാഭമുണ്ടാക്കി. ഫേസ്ബുക്കിനും ഗൂഗിളിനും ഉപഭോക്താക്കൾ തുല്യമാണ്. പക്ഷെ ഗൂഗിൾ കഴിഞ്ഞവർഷം ഉണ്ടാക്കിയ ലാഭം 6600 കോടി രൂപയാണ്. ഓരോ ഉപഭോക്താവിൽ നിന്നും ശരാശരി നാൽപ്പത്തിയാറു യു എസ്സ് ഡോളർ ഫേസ്ബുക്കിനെക്കാൾ അധികം. ഫേസ്ബുക്കിന്റെ റെവന്യൂ ശേഷിയെക്കാൾ അഞ്ചു മടങ്ങ് അധിമാകാണിത്.

    ഫേസ്ബുക്കിന്റെ  ഓഹരി വില അതിന്റെ വരുമാനത്തെക്കാൾ അറുപതു ഇരട്ടി ആണിപ്പോൾ. അഞ്ചിരട്ടി അധികം വരുമാനമുള്ള ഗൂഗിളിന്റെ ഓഹരിവിലയും വരുമാനവും തമ്മിലുള്ള അനുപാതം ഫേസ്ബുക്കിന്റെ പകുതിയേ ഉള്ളൂ. നിലവിലുള്ള ഓഹരി വിലയിൽ ഉറച്ചു നില്ക്കാൻ ഫേസ്ബുക്ക് വലിയ വെല്ലുവിളി നേരിടുകയാണ്. ഇന്ത്യയിലെ ഗ്രാമാന്തരങ്ങളിൽ കിട്ടാൻ സാധ്യതയുള്ള നൂറു കോടി ഇന്റർനെറ്റ് കണക്ഷനിൽ കണ്ണുനട്ട് ചില പദ്ധതികളുമായി സുക്കർബർഗ് മുന്നോട്ടു വരാൻ കാരണം അതാണ്.

വികസിത ലോകത്ത് ഫേസ്ബുക്കിനു നൂറു കോടി ഉപഭോക്താക്കൾ ഉണ്ട്. ഒരു കാലത്ത് തുറന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയിരുന്ന ഫേസ്ബുക്ക് അതിന്റെ യൂസേഴ്സ് പോളിസിയിൽ ഒട്ടേറെ നിയന്ത്രണങ്ങൾ കൊണ്ടുവന്നു വികസിത ലോകത്തെ പരമാവധി ലാഭത്തിനു വേണ്ടി ഉപയോഗിച്ചുവെങ്കിലും അതിനൊരു പരിധിയുണ്ടല്ലോ. സ്വന്തം സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി പുതിയ മേഖലകൾ തേടാൻ അവർ നിർബന്ധിതരാവുന്നത് അങ്ങിനെയാണ്. പുതിയ മേഖല എന്നാൽ ചൈനയും ഇന്ത്യയുമടക്കം മൂന്നാം ലോകമാണ്. അല്ലെങ്കിൽ വികസ്വരനാടുകൾ. പക്ഷെ ചൈന ഫേസ്ബുക്കിനെ പടിക്കു പുറത്തുനിർത്തി. ചാരപ്പണിയും അധാർമ്മിക ഇടപാടുകളും ചൂണ്ടിക്കാണിച്ചാണ് ചൈനയുടെ നടപടി. പിന്നെ ഒറ്റക്കെട്ടായി നൂറു കോടി ഉപഭോക്താക്കളെ കിട്ടുന്നത് ഇന്ത്യയിലാണ്. അതാണ് ചാരിറ്റിയുടെ മറവിൽ ഇന്റർനെറ്റ് ഓർഗ് എന്ന പേരിൽ പുതിയ പദ്ധതിയുമായി സുക്കർബർഗ് ഇന്ത്യയിൽ എത്തിയത്. ഡോട്ട് ഓർഗ് എന്നത് ചാരിറ്റിക്കും മറ്റു സേവനങ്ങൾക്കുമുള്ള പ്ലാറ്റ്ഫോം ആയിരുന്നു. ആ പേരുമായി വരുന്ന സുക്കർബർഗിന്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലായതോടെയാണ് വ്യാപകമായ എതിർപ്പുയരുന്നത്. പ്രചാരണത്തിന് വേണ്ടി ആദ്യം തയ്യാറാക്കിയ , സുക്കർബർഗ് നായകനായ വീഡിയോ അതോടെ മാറ്റേണ്ടി വന്നു. പുതിയ ഉപഭോക്താക്കളെ ഗൂഗിളിന്റെ കൂടാരത്തിലേക്കു വിടാതെ ഫേസ്ബുക്കിലേക്ക് ആകർഷിക്കുകയും ഈ പുതിയ പദ്ധതിയുടെ ലക്ഷ്യമായിരുന്നു.

ഒളിയജണ്ടകൾ ഉള്ള ഇന്റർനെറ്റ് ഓർഗ് എന്ന തന്ത്രവുമായി കഴിഞ്ഞ വർഷം  സുക്കർബർഗ് രംഗത്തെത്തി. ഇതൊരു നോൺ പ്രോഫിറ്റ് മിഷൻ ആണെന്നായിരുന്നു പ്രഖ്യാപനം. “ലോകത്ത് ഒറ്റപ്പെട്ടു നില്ക്കുന്നവരെ മുഴുവൻ ബന്ധിപ്പിക്കുക” എന്ന ലക്ഷ്യമാണ് സുക്കർബർഗ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെത്തി പ്രധാനമന്ത്രി മോഡിയോടൊപ്പം നിന്ന് പടമെടുത്തു. ആഘോഷങ്ങൾ നടന്നു. പദ്ധതി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ വിദഗ്ദ്ധർ പദ്ധതി ചുഴിഞ്ഞു പരിശോധിച്ചത്. അവിടെ സുക്കർബർഗിന്റെ കള്ളി പൊളിഞ്ഞു . 
ഒന്ന് – ഇത് ഫേസ്ബുക്കിന്റെ മറ്റൊരു ഡിവിഷന്‍ ആണ്
, എന്‍ ജി ഓ ഒന്നുമല്ല (നോണ്‍ പ്രോഫിറ്റ്) 
രണ്ടു – പൂർണ്ണമായും ലാഭം മാത്രം പ്ലാന്‍ ചെയ്ത പദ്ധതി ആണിത് എന്ന് രേഖകള്‍ വെളിപ്പെടുത്തി.
 
മൂന്നു – ഇന്ത്യയിലെ ദരിദ്രനാരായണന്മാരെ വശീകരിക്കുക മാത്രമല്ല
 , ഗൂഗിളിനെ ഒഴിവാക്കി കുത്തക വല്ക്കരിക്കുകയാണ് ലക്‌ഷ്യം എന്നും വ്യക്തമായി. നെറ്റ് ന്യൂട്രാലിറ്റി അതോടെ ജലരേഖയാവുമെന്നു ഉറപ്പുമായി.

ഇന്ന് സ്മാർട്ട് ഫോണുകള്‍ ഏതാണ്ട് നാലായിരം  രൂപയ്ക്കു ഇന്ത്യയില്‍ ലഭ്യമാണ്. ഇതില്‍ ഇന്റർനെറ്റും കിട്ടും. ഗ്രാമങ്ങളിലെ ജീവിതം മെച്ചപ്പെടുത്താന്‍, മികച്ച വിദ്യാഭ്യാസത്തിനു ഒക്കെ ഇന്റർനെറ്റ് ഉണ്ടാകുന്നത് നല്ലതാണ്. പക്ഷെ ഫേസ്ബുക്കിന്റെ ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നത് എല്ലാവർക്കും ഇന്ന് ലഭ്യമാവുന്ന സൗകര്യങ്ങള്‍ അല്ല. അവര്‍ തെരഞ്ഞെടുക്കുന്ന സൈറ്റുകള്‍ മാത്രം. വീഡിയോ ലഭ്യമല്ല. അതിലൂടെ തന്നെ ബാൻഡ് വിഡ്ത്ത് ലാഭിച്ചു കൊയ്യാവുന്ന നേട്ടം വലുതാണ്‌. ചുരുക്കത്തില്‍ ഇന്റർനെറ്റ്‌ ഓർഗ് എന്ന പേര് വളരെ നിസ്സാരമാക്കി മാറ്റി ബേസിക്സ് എന്ന പേര് ഇന്ന് സുക്കർബർഗ് തന്റെ പദ്ധതിക്ക് നല്കിയിരിക്കുന്നത് അർത്ഥവത്താണ്. അടിസ്ഥാന കാര്യങ്ങള്‍ മാത്രം അറിയാം. ആ കച്ചവടത്തിലൂടെ ലഭിക്കുന്നത് ഇപ്പോള്‍ ലഭിക്കുന്ന അതേ എട്ടര ഡോളര്‍ തന്നെ. കുറവില്ല. ആളെണ്ണം കൂടുമ്പോള്‍ ലാഭം ചക്രവാളത്തോളം എത്തുന്നു. ഒപ്പം ഗൂഗിള്‍ അടക്കമുള്ളവരെ ഒറ്റയടിക്ക് അപ്രസക്തരാക്കാം. വിവരത്തിന്റെ കുത്തകയാണ് ഫേസ്ബുക്ക്‌ ഇന്ത്യയിലൂടെ ലോകത്ത് നേടിയെടുക്കാന്‍ പോകുന്നത്. സുക്കർബർഗ് തന്റെ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് ഗൂഗിള്‍ സജീവമല്ലാത്ത പതിനൊന്നു രാജ്യങ്ങളില്‍ ആണ്. ലാഭമല്ലാതെ ഒരു ചാരിറ്റിയും ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തം. ഇന്തോനേഷ്യ, കെനിയ തുടങ്ങിയ രാജ്യങ്ങളെ ഉദാഹരണമായി എടുത്താല്‍ അവര്‍ പറയുന്നത് “ഞങ്ങൾക്ക് ഫേസ്ബുക്ക്‌ ഉണ്ട് , ഇന്റർനെറ്റ്‌ ഇല്ല” എന്നാണു. വിവരങ്ങള്‍ ലഭ്യമല്ല, എന്നാൽ കാൻഡി ക്രഷ് കളിക്കാന്‍ സൗകര്യമുണ്ട് എന്നർത്ഥം.

ചുരുക്കത്തില്‍ ദരിദ്രനാരായണന്മാരെ ഫേസ്ബുക്കിലേക്കും അവ നൽകുന്ന സൗകര്യങ്ങളിലെക്കും ഒതുക്കാനാണ് ശ്രമം. അതിലൂടെ കോടികള്‍ കൊയ്യാം. മറ്റു ഗ്രൂപ്പുകളെയൊക്കെ ഒഴിവാക്കി ഗൂഗിള്‍ പോലുള്ളവ ഉണ്ടാക്കുന്ന ലാഭം തടയാം. ഓഹരിവിപണിയില്‍ വമ്പനാവാം.

ഇന്ത്യയെ ഡിജിറ്റല്‍ ആക്കാനല്ല, ഇന്ത്യന്‍ ഡിജിറ്റൽ ലോകത്തിന്റെ വ്യാപ്തി സർക്കാരും ഫേസ്ബുക്കും തമ്മിലുള്ള ഒത്തുകളിയിലൂടെ ചെറുതാക്കാന്‍ ആണ് ഇപ്പോഴത്തെ നീക്കം. ഇന്ത്യയിലെ ഫാസിസ്റ്റ് സർക്കാരിന് വേണ്ടതും “വേണ്ടാത്തതൊന്നും അറിയാത്ത”, തങ്ങള്‍ പറയുന്നത് മാത്രം അറിയുകയും അതിനൊത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന ജനത്തെയാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രോജക്റ്റായ ഡിജിറ്റല്‍ ഇന്ത്യയെ ഈ പ്ലാറ്റ്ഫോമിലേക്ക് നയിക്കാനാണ് അമേരിക്കയിലെ ഫേസ്ബുക്ക്‌ വളപ്പി സ്നേഹോഷ്മളമായസ്വീകരണം നല്കിയത് എന്ന് വ്യക്തം. ഇന്ത്യയെ ഡിജിറ്റല്‍ ആക്കാനല്ല, ഇന്ത്യന്‍ ഡിജിറ്റ ലോകത്തിന്റെ വ്യാപ്തി സർക്കാരും ഫേസ്ബുക്കും തമ്മിലുള്ള ഒത്തുകളിയിലൂടെ ചെറുതാക്കാന്‍ ആണ് ഇപ്പോഴത്തെ നീക്കം. ഇന്ത്യയിലെ ഫാസിസ്റ്റ് സർക്കാരിന് വേണ്ടതും “വേണ്ടാത്തതൊന്നും അറിയാത്ത”, തങ്ങള്‍ പറയുന്നത് മാത്രം അറിയുകയും അതിനൊത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന ജനത്തെയാണ്. ഈ പാവങ്ങളുടെ ഫോണില്‍ കിട്ടുന്ന ആപ്പുകള്‍ ഏതെന്നു പോലും സർക്കാരിനും ഫേസ് ബുക്കിനും നിശ്ചയിക്കാം. അത് മോഡി ആപ്പ് മാത്രമായിരിക്കും എന്ന് സംശയിക്കാന്‍ ന്യായങ്ങളുണ്ട്. കാരണം “ബേസിക്സ്” എന്ന് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സുക്കർബർഗ് ഇന്നലെ നവനാമകരണം ചെയ്ത പഴയ പദ്ധതിയോടൊപ്പമാണ് മോഡിആപ്പുകള്‍ വികസിപ്പിക്കാനുള്ള പദ്ധതിയും ചർച്ച ചെയ്തത്.

——————————————————————
നവമലയാളി എഡിറ്റോറിയൽ ടീം

Comments

comments