കാര്യങ്ങൾ ഇത്രയും ആയ സ്ഥിതിക്ക് ഇനി എന്ത് എന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്.  കോർപ്പറേറ്റ് രഥത്തിലേറിയുള്ള സവർണ്ണ ഫാസിസത്തിന്റെ അതിവേഗത്തിലുള്ള പ്രയാണം ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു.   ഒരു ഭാഗത്ത് അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ സമാധാനപരമായ ആശയ പ്രചാരണം നടത്തുന്ന ജ്ഞാനവൃദ്ധരുടെ  നെഞ്ചിനു നേരെ വെടിയുണ്ട ഉതിരുത്തും  ജനങ്ങൾ എന്ത് കഴിക്കരുതെന്ന് ആജ്ഞാപിച്ചും  ശാസന ലംഘിക്കുന്നവരെ കൊന്ന് കെട്ടിത്തൂക്കിയും മറുഭാഗത്ത് പാവപ്പെട്ടവരുടെ മരുന്നുകടയായ ഇന്ത്യൻ ഔഷധ വ്യവസായം ബഹുരാഷ്ട്രാ മരുന്നു കമ്പനികളെ തൃപ്തിപ്പെടുത്താൻ അടച്ച് പൂട്ടിയുമാണ് സവർണ്ണ ഫാസിസറ്റ് ഭരണത്തിന്റെ രണ്ടാം വരവ് ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. സൺ ഫാർമയും ഗൌതം അദാനിയും ആസൂത്രിതമായി വളർത്തിയെടുക്കുന്ന പ്രധാനമന്ത്രി മോദിയുടെ വിശ്വപൌര പ്രതിച്ഛായയും ഡിജിറ്റൽ ഇൻഡ്യയും സ്വച്ഛഭാരതും മെയ്ക്ക് ഇൻ ഇന്ത്യയും പോലുള്ള പരിപാടികളും  ഫാസിസ്റ്റ് ഭരണത്തിനെ വലിയൊരു വിഭാഗം ജനങ്ങൾക്ക്  സ്വീകാര്യമാക്കുന്നു എന്നതും കാണാതിരിക്കരുത്. ഫ്യൂഡൽ-കോർപ്പറേറ്റ് ഭരണത്തിന്റെ ഫാസിസത്തിലേക്കുള്ള പരിവർത്തനം വേണ്ടത്ര സൂക്ഷമതയോടെ വിലയിരുത്തി പ്രതികരിക്കുന്നതിൽ പുരോഗമന ചിന്താഗതിക്കാർ അലംഭാവകാട്ടിയെന്ന് പറയാതെ വയ്യ. മനുഷ്യക്കുരുതികൾക്കായി നമ്മൾ കാത്തു നില്ക്കയായിരുന്നു എന്ന് പറയേണ്ടിവരും.

          ഒരുദാഹരണം ചൂണ്ടികാട്ടട്ടെ. ശാസ്ത്രബോധവും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി 1914 ൽ രൂപീകരിച്ച ഇന്ത്യൻ സയൻസ് കോൺഗ്രസ്സിന്റെ  2015 ജനുവരിയിൽ നടന്ന സമ്മേളനം ഇന്ത്യൻ ശാസ്ത്രലോകത്തെ ലോകരാജ്യങ്ങൾക്ക് മുന്നിൽ പരിഹാസ്യമാക്കിയത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി.  . ബ്രിട്ടീഷ് ഭരണകാലത്താരംഭിച്ച സയൻസ് കോൺഗ്രസ്സ് സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം ജവഹർലാൽ നെഹൃവിന്റെ പ്രത്യേക താത്പര്യപ്രകാരം  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും  ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞരെല്ലാം  പങ്കെടുക്കയും ചെയ്യുന്ന  രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര സമ്മേളനമായി മാറിയിരുന്നു. പ്രധാന മന്ത്രിമാരുടെ ചടങ്ങ് പ്രസംഗങ്ങളും സ്ഥാപിത താത്പര്യക്കാരായ ചില ശാസ്ത്രജ്ഞരുടെ  വിരസമായ പ്രഭാഷണങ്ങളും അവാർഡ് ദാനവും മറ്റുമായി ശാസ്ത്ര കോൺഗ്രസ്സിന്റെ മൂല്യത്തിന് അടുത്തകാലത്ത് ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രസക്തിയെ കുറച്ച് കാണാനാവില്ല.  പക്ഷേ ഇത്തവണത്തെ ശാസ്ത്ര കോൺഗ്രസ്സിൽ ശാസ്ത്രബോധമുള്ളവരെയെല്ലാം ഞെട്ടിച്ച് കൊണ്ട് നടന്നത്. പ്രാചീന ശാസ്ത്രങ്ങൾ സംസ്ക്രത്തിലൂടെഎന്ന വിചിത്രമായ പേരിട്ട് നടത്തിയ ശില്പശാലയിൽ ആനന്ദ  ബോഡാസ്, അമേയ യാദവ് എന്നിവർ അവതരിപ്പിച്ച പ്രബന്ധങ്ങളിൽ  അവകാശപ്പെട്ടത് ഇന്ത്യയിൽ ഗ്രഹാന്തര യാത്രകൾ നടത്താൻ പ്രാപ്തമായ വിമാനങ്ങൾ ഉണ്ടായിരുന്നുവെന്നാണ്. ഭർദ്വാജ് മുനി  ഏഴായിരം വർഷങ്ങൾക്ക് മുൻപ്  രചിച്ച  വൈമാനിക പ്രകരണംഎന്ന  ആധികാരിക ഗ്രന്ഥത്തിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചതെന്നാണ്  പ്രബന്ധ കർത്താക്കൾ  വാദിച്ചത്.  

                എല്ല്ലാ വിജ്ഞാനങ്ങളൂടെയും ഉറവിടം പ്രചീന ഭാരത്തിലെ പൌരാണിക ഗ്രന്ഥങ്ങളാണ് എന്ന് അവകാശപ്പെടുന്ന അതിദേശീയ വാദത്തിന്റെയും തീവ്ര ഹിന്ദുത്വത്തിന്റെയും നവ പുനരുത്ഥാന വാദത്തിന്റെയും  ഭാഗമായിട്ടാണ് ദേശീയ കോൺഗ്രസ്സിൽ ശാസ്ത്രത്തിന്റെ ആവരണത്തോടെ ഇത്തരം അഭ്പ്രായങ്ങൾ ഉയർന്നു വന്നതെന്ന് വ്യക്തമായിരുന്നു. ശാസ്ത്രകോൺഗ്രസ്സിനു മുൻപ് തന്നെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഇതേമട്ടിൽ തികച്ചും ബാലിശമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി ഇത്തരം ശാസ്ത്ര വിരുദ്ധമായ സമീപനത്തിന് തുടക്കം കുറിച്ച് കഴിഞ്ഞിരുന്നു.. പൌരാണിക കാലത്ത് തന്നെ ഭാരത്തത്തിൽ പ്ലാസ്റ്റിക്ക് സർജറി അറിയാവുന്നവർ ഉണ്ടായിരുന്നു വെന്ന് ഗണപതിയുടെ ശരീരഘടന ഉദാഹരിച്ച് മോദി അഭ്പ്രായപ്പെട്ടു  മാത്രമല്ല ഗർഭപാത്രത്തിന് പുറത്ത് ഭൂണം ഉല്പാദിപ്പിക്കുന്ന സാങ്കേതിക ജ്ഞാനം പോലും ഭാരത്തിൽ നിലനിന്നിരുന്നുവെന്ന് പ്രധാനമന്ത്രി അവകാശപെട്ടു.   ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാവട്ടെ ഒരു പടി മുന്നോട്ട് പോയി ഭഗവത് ഗീത ഇന്ത്യയുടെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കേണ്ടതാണെന്ന് അഭിപ്രായപ്പെടാനും മടിച്ചില്ല. ഇത്തരം  ശാസ്ത്ര വിരുദ്ധ അഭിപ്രായപ്രകടനങ്ങൾ  നിർദ്ദോശങ്ങളായ  നിരീക്ഷണങ്ങളായിരുന്നില്ല എന്നാണ് പിൽക്കാലത്ത് നടന്ന സംഭവങ്ങൾ തെളിയിച്ചത്. ഇത്തരം ശാസ്ത്രവിരുദ്ധ ചിന്തകൾ വേണ്ടത്ര ചോദ്യം ചെയ്യപ്പെടാതെ പോയതിന്റെ  ഫലമായി ലഭിച്ച പൊതുസ്വീകര്യതയുടെ യുക്തിപരമായ പരിണാമമാണ് ശാസ്ത്ര പ്രചാരകരായ കുൽബർഗിയുടെയും പൻസരായിയുടെയും കൊലയിലൂടെ അനാവരണം ചെയ്യപ്പെട്ടത്.

                 ഇനി എന്തെന്ന ചോദ്യത്തിലേക്ക് തിരികെ വരട്ടെ.  പുരോഗമനചിന്താഗതിക്കാരുടെയും മതേതര ശക്തികളുടെയും സോഷ്യലിസ്റ്റ് ലിബറൽ ജനാധിപത്യ ആശയഗതിക്കരുടെയും വളരെ വിപുലമായ ഫാസിസ്റ്റ് കോർപ്പറേറ്റ് വിരുദ്ധ ഐക്യമുന്നണി രൂപീകരിക്കാൻ ഇന്ത്യൻ സാഹചര്യം ശക്തമായി നമ്മോട് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ രാഷ്ടീയത്തിലും സമൂഹ്യ സാംസ്കാരിക രംഗത്തും  ഇതിനനുകൂലമായ സാഹചര്യമല്ല കാണുന്നതെന്ന ആശങ്കാജനകമായ സത്യം കാണാതിരിക്കാനാവില്ല. രാഷ്ടീയ രംഗമെടുക്കുക. ബി ജെ പിയെ ഭരണത്തിൽ നിന്നും ഒഴിച്ച് നിർത്താൻ  ഒന്നും രണ്ടും യു പി എ സർക്കാരിനെ പിന്താങ്ങിയത് തെറ്റായിരുന്നു എന്ന നിഗമനത്തിലാണ് ഇടത് പാർട്ടികൾ എത്തി നിൽക്കുന്നത്. ബീഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ബന്ധം മൂലം ജനതാപരിവാർ മുന്നണിയുമായി ഇടത്മുന്നണി സഹകരിക്കാതെ ഒറ്റക്ക് മത്സരിക്കുന്നു. സവർണ്ണ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ അഖിലേന്ത്യാ തലത്തിൽ ഇടത് കോൺഗ്രസ്സ് ജനതാ പരിവാർ പാർട്ടികളുടെ വിശാല മുന്നണിക്ക് സാധ്യത കാണുന്നില്ല. അതേയവസരത്തിൽ ട്രേഡ് യൂണിയൻ രംഗത്തുള്ള ഇടത് കോൺഗ്രസ്സ് സംഘടനകളുടെ ഐക്യം നമുക്ക് പ്രതീക്ഷക്ക് വക നൽകുന്നു. അതൊരു രാഷ്ടീയ ഐക്യമായി വളരുമോയെന്ന് കാത്തിരുന്നു കാണാം.

                 സ്വാതന്ത്ര്യം നേടിയ ശേഷം അധികാരത്തിൽ വന്ന നെഹൃ സർക്കാരിനെ ഫ്യൂഡൽ മുതലാളിത്ത സർക്കാരായി ഇടതുപക്ഷം  ശരിയായി തന്നെ വിലയിരുത്തിയിരുന്നു.  കോൺഗ്രസ്സിന്റെ പ്രഖ്യാപിത നയമായ ഭൂപരിഷ്ക്കരണം നടപ്പിലാക്കി ഫ്യൂഡലിസത്തിന്റെ അടിത്തറ ഇല്ലാതാക്കാൻ കോൺഗ്രസ്സ് സർക്കാരുകൾ കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ ശ്രമിച്ചില്ല എന്നത് ശരിതന്നെ. അതെയവസരത്തിൽ പൊതുവിൽ മതേതരത്വ മൂല്യങ്ങൾ കോൺഗ്രസ്സ് സർക്കാരുകൾ പിന്തുടർന്നിരുന്നു. നെഹൃ മുൻ കൈയ്യെടുത്ത് സ്ഥാപിച്ച ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ രാജ്യത്ത് ശാസ്തബോധത്തിന്റെയും ശാസ്ത്രചിന്തയുടെയും അന്തരീക്ഷം സൃഷ്ടിച്ചു. ശാസ്ത്രസാങ്കേതിക വിദ്യയുടെതായ പല മേഖലകളിലും ഇന്ത്യക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിച്ചു.  സമ്മിശ്ര സമ്പദ് ഘടനയാണ് പിന്തുടർന്നിരുന്നതെങ്കിലും  പല പ്രമുഖ ഉല്പാദന മേഖലകളിലും നേതൃത്വപരമായ പങ്ക് വഹിക്കാൻ പൊതു മേഖലക്ക് അവസരം നൽകി.  ഈ നെഹൃവിയൻ പാരമ്പര്യം പാർട്ടിയിൽ തിരികെ കൊണ്ടുവരാൻ കോൺഗ്രസ്സിലെ പുതിയ തലമുറയും പഴയതലമുറയിൽ പെട്ട ഉല്പതിഷ്ണുക്കളും ശ്രമിച്ചാൽ ഒരു പക്ഷേ ഇടത് കോൺഗ്രസ്സ് ഐക്യത്തിനുള്ള വസ്തുനിഷ്ഠ സാഹചര്യം ഉയർന്ന് വന്നേക്കാം.

               കേരളത്തിലാവട്ടെ മുസ്ലീം തീവ്രവാദത്തെ എതിർക്കുന്നു അനുകൂലിക്കുന്നു എന്ന പരസ്പരം ആരോപിച്ച് മതേതരവാദികൾ രണ്ട് ചേരികളിലായി നിലകൊള്ളുന്നു. രാഷ്ടീരംഗം നോക്കിയാൽ  ജനങ്ങളിൽ പകുതിയോളം വരുന്ന  മതന്യൂനപക്ഷ വിഭാഗങ്ങളിൽ ഭൂരിപക്ഷവും ഇടത് രാഷ്ട്രീയത്തിൽ നിന്നും അകന്നു നിൽക്കുന്നു. ന്യൂനപക്ഷവുമായി ബന്ധപ്പെടാനുള്ള ഇടത് പക്ഷത്തിന്റെ ഏതൊരു ശ്രമവും ഒന്നുകിൽ ന്യൂനപക്ഷ പ്രീണനം അല്ലെങ്കിൽ ന്യൂനപക്ഷ നിരാകരണം എന്ന് മുദ്രകുത്തപെടുന്നു. നമ്മുടെ നവോത്ഥാന പാരമ്പര്യങ്ങളുടെ അവിശിഷ്ടങ്ങൾ പോലും സംഘപരിവാറിന് ബലികഴിക്കാൻ ചിലർ തയ്യാറെട്രുക്കുന്നു. മൂന്നാറിൽ അതിജീവനത്തിനായി പൊരുതുന്ന പ്ലാന്റേഷൻ തോഴിലാളികളുടെ സമരം പോലും പുരോഗമന ശക്തികളിൽ ഐക്യമല്ല ചേരി തിരിവാണാ  സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മനുഷ്യക്കുരുതി നടത്തി അതിശക്തമായി മുന്നേറുന്ന സവർണ്ണ ഫാസിസ്റ്റ് കോർപ്പറേറ്റ് ശക്തികൾക്കെതിരെ എങ്ങിനെ സംഘശക്തി കെട്ടിപ്പടുക്കാനാവും എന്നതാണ് നമുക്ക് ചർച്ചചെയ്യാനുള്ളത്. അതിനുള്ള പ്രായോഗിക പ്രവർത്തന പദ്ധതികൾ തയ്യാറാക്കാൻ ഇന്നത്തെ ഇന്ത്യൻ കേരള സാഹചര്യത്തിന്റെ അതീവ ഗുരുതരാവസ്ഥ പരിഗണിച്ച് മുൻ ധാരണകൾ മാറ്റി നിർത്തി പുരോഗമന ചിന്താഗതിക്കാർ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാതെ മറ്റൊരു മാർഗ്ഗവും നമ്മുടെ മുന്നിലില്ല.

Comments

comments