ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേയ്ക്കും പൊതുസഭയിലേയ്ക്കും യാതൊരു യോഗ്യതയുമില്ലാത്തവരെ നിയമിച്ചതിനെതിരായ വിദ്യാർത്ഥികളുടെ സമരം 139 ദിവസം കഴിഞ്ഞപ്പോൾ പിൻവലിച്ചു. ഐതിഹാസികമായ രാഷ്ട്രീയ-സാംസ്‌കാരിക മാനങ്ങളുള്ള ഈ സമരം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മതിലുകൾക്കുള്ളിൽ ജനിച്ച് അവിടെത്തന്നെ അവസാനിച്ചുപോയ ഒരു സാധാരണ സമരമല്ല. വിദ്യാർത്ഥികൾ മുമ്പോട്ടുവെച്ച ആവശ്യം പ്രതീക്ഷിച്ചതുപോലെ മോഡി സർക്കാർ അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്തു. ആവശ്യങ്ങൾ അംഗീകരിക്കാതെ അവസാനിക്കുന്ന സമരങ്ങൾ പരാജയമാണെന്ന സാമാന്യബോധം നിലനിൽക്കെത്തന്നെ സാമാന്യബോധത്തെ പിളർക്കുന്ന ചോദ്യങ്ങൾകൊണ്ട് ഈ സമരം ഇന്ത്യൻ സാംസ്‌കാരിക പരിസരത്ത് അതിക്രമിച്ച് കയറുന്ന ത്രിശൂലധാരികളുടെ ഫാസിസ്റ്റ് നീക്കങ്ങളെ തുറന്നുകാണിച്ചു. മന്ദബുദ്ധികളും ഫാസിസ്റ്റുകളും കോർപ്പറേറ്റ് മൂലധന പ്രത്യയശാസ്ത്രങ്ങളിൽ വ്യാമോഹിതരായവരും ഈ സമരത്തെ പരിഹസിക്കുകയും അക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴും, ഈ സമരം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പസിൽനിന്ന്, മുളച്ചുപൊന്തുന്ന പ്രതിരോധ ആശയങ്ങളുടെ തോക്കുകളായി സമൂഹത്തിന്റെ ബൗദ്ധികതലങ്ങളിൽ ഇടപെടുന്നതായി നമുക്കനുഭവപ്പെടും.

              ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പുലർത്തേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമായ ചലച്ചിത്ര സൗന്ദര്യശാസ്ത്ര സങ്കൽപ്പങ്ങളും, പാഠങ്ങളും, അനുഭവങ്ങളും സ്വാതന്ത്ര്യത്തിന്റെ തുറന്ന ആകാശവും അക്കാദമികമായ മികവും ഔന്നത്യവും, എല്ലാം തെരുവിന്റെ അഴുക്ക് ചാലിൽ വലിച്ചെറിയപ്പെടുകയും പകരം വിദ്യാർത്ഥികളുടെ മേൽ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഹിംസാത്മകവും അശ്ലീലകരവുമായ കാവിക്കൊടികളെ അടിച്ചേൽപ്പിക്കുകയും ചെയ്യുമ്പോൾ നിശബ്ദരാവാതെ ചെറുത്തുനിന്ന ഈ വിദ്യാർഥികൾ, തീർച്ചയായും ചരിത്രത്തിൽ പ്രധാന ധർമ്മമാണ് നിർവ്വഹിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും ഇന്ത്യൻ ചരിത്രകൗൺസിലും സെൻസർ ബോർഡും സംഘപരിവാറിന്റെ ഇരുണ്ടതും അടഞ്ഞതും ഹിംസാത്മകവും ആയ ആശയങ്ങൾകൊണ്ട് വരിഞ്ഞുമുറുക്കി, തങ്ങളുടെ ഇഷ്ടാനുസരണം പ്രവർത്തിക്കുന്ന യുക്തിബോധമില്ലാത്ത, മാനവികതയില്ലാത്ത രക്തദാഹികളായ ഡ്രാക്കുളമാർക്ക് മേയാനുള്ള സ്ഥലമാക്കി മാറ്റുന്നതിന്റെ ഒരു ഭാഗം മാത്രമാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ നിയമനങ്ങൾ. നല്ല സിനിമ എന്തെന്നറിയാത്ത, സിനിമയുടെ സ്വതന്ത്രമായ സഞ്ചാരങ്ങളെ തിരിച്ചറിയാനുള്ള ചരിത്രബോധമില്ലാത്ത, സർഗാത്മകതയെക്കുറിച്ച് ഭാവനപോലും ചെയ്തിട്ടില്ലാത്ത ഗജേന്ദ്രചൗഹാനെപ്പോലുള്ളവരെ അവിടെ വാഴിക്കുകവഴി, ഒരു വലിയ അട്ടിമറിയാണ് മോഡി സർക്കാർ നടത്തിയത്.

            ആധുനികകാലത്തിന്റെ കാഴ്ചയിലും അതിന്റെ സ്വതന്ത്രവും ജനാധിപത്യപരവുമായ വികാസങ്ങളിലും വിനിമയരൂപങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകൾ നടത്തുന്ന സിനിമയുടെ അക്കാദമികമായ പഠനത്തിനായാണ് ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ചതുതന്നെ. സിനിമ, ചരിത്രം, സാഹിത്യം, തത്വശാസ്ത്രം തുടങ്ങിയ നിരവധി ഫാക്കൽട്ടികളുടെ കൂടിച്ചേരലുകളും സ്വതന്ത്രവും സെക്കുലറും മാനവികവുമായ സംവാദങ്ങളും അന്വേഷണങ്ങളും കൊണ്ടുള്ള അന്തരീക്ഷവും ഒക്കെയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കാദമികപരിസരത്തെ, അത് തുടങ്ങിയ കാലം മുതൽ തന്നെ റാഡിക്കലായി നിലനിർത്തിയത്. ജീവിതമെന്താണെന്ന്, സത്യസന്ധമായി പഠിച്ചുതുടങ്ങിയത് ഇൻസ്റ്റിറ്റ്യൂട്ട് ജീവിതകാലം മുതലാണെന്ന് പൂർവ്വവിദ്യാർത്ഥികളും ഇപ്പോൾ പ്രശസ്തരുമായ നിരവധി ചലച്ചിത്രകാരന്മാരും ഛായാഗ്രാഹകരും എഡിറ്റർമാരും സൗണ്ട് ഡിസൈനർമാരും പറഞ്ഞുകേട്ടിട്ടുണ്ട്. ആ അന്തരീക്ഷമുണ്ടാക്കിയത് യോഗ്യതയുള്ള ചലച്ചിത്രകാരന്മാരും അക്കാദമിക സൂക്ഷ്മതയുള്ള ബഹുമുഖ പ്രതിഭകളും, സാഹിത്യകാരന്മാരും ഒക്കെ ചേർന്നുള്ള കൗൺസിലുകളും ഫാക്കൽട്ടികളും അധ്യാപകരും ആണ്. അത്തരത്തിലുള്ള സ്വതന്ത്രവും മാനവികവുമായ നിലപാടുകൾ സ്വന്തം രചനകളിലും സാങ്കേതിക ഉപയോഗങ്ങളിലും കടന്നുവരുന്നതിനെ തടഞ്ഞുകൊണ്ട്, ഗജേന്ദ്ര ചൗഹാനെപ്പോലുള്ള കാവി കുഴിയാനകളെ ഭാവിയിലേക്ക് സൃഷ്ടിച്ചാൽ മതിയാകും, തങ്ങളുടെ വഴി തടസ്സങ്ങളില്ലാതാക്കാൻ എന്ന് സംഘപരിവാർ മസ്തിഷ്‌കങ്ങൾ തീരുമാനിച്ചതിന്റെ ഫലമാണ് ഈ സമരം. തങ്ങൾ നിശബ്ദരായിരിക്കില്ലെന്നും, ഈ രാജ്യത്തെ കലാകാരന്മാരും അക്കാദമിക് പണ്ഡിതരും, എഴുത്തുകാരും, സാംസ്‌കാരിക പ്രവർത്തകരും ചരിത്രകാരന്മാരും ശാസ്ത്രകാരന്മാരും നിശബ്ദരാകാതെ പ്രതിരോധത്തിന്റെ പ്രതികരണ സമരങ്ങളിൽ അണിചേരണമെന്നുമാണ് ഈ കുട്ടികൾ നമ്മോട് പറഞ്ഞുകൊണ്ടിരുന്നത്. ഈ സമരം കൊണ്ട് ഗജേന്ദ്ര ചൗഹാനെ മാറ്റാനായില്ലെങ്കിലും രാജ്യമൊട്ടാകെ, ഫാസിസ്റ്റുവൽക്കരണത്തിനെതിരായ ചെറുത്തുനിൽപ്പുകൾക്ക് തിരികൊളുത്താൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്കായി. ഫാസിസം സംവാദങ്ങൾക്കും ജനാധിപത്യമര്യാദകൾക്കും വഴങ്ങാത്ത അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും ഏകാധിപത്യത്തിന്റേയും ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ഈ സംഭവം കൂടുതൽ വ്യക്തമാക്കിത്തന്നു.

 

മഹാഭാരത സീരിയലിലെ യുധിഷ്ഠിരനായും നൂറാംകിട സീരിയലുകളിലെ നടനായും, അശ്ലീലമെന്ന് വിളിക്കപ്പെടാവുന്ന മൂന്നാംതരം ഹിന്ദിസിനിമകളിലെ നടനായും മോഡി സ്തുതി ലക്ഷ്യമാക്കിയ ചില പരസ്യങ്ങളുടെ അവതാരകനായും മാത്രം അസ്ഥിത്വമുള്ള ചൗഹാന് നല്ല സിനിമ എന്താണെന്ന് പറഞ്ഞുകേട്ട അറിവുപോലുമില്ല. സർവ്വോപരി ബിജെപിയുടെ അംഗവും പ്രചാരകനുമാണ്. ചൗഹാനുമുമ്പ് ആ സ്ഥാനത്തിരുന്നവരിൽ ചിലരുടെ പേര് നമുക്കോർമ്മിക്കാം – അടൂർ ഗോപാലകൃഷ്ണൻ, യു ആർ അനന്തമൂർത്തി, സെയ്ദ് മിർസ. അവിടേക്കാണ് ഗജേന്ദ്ര ചൗഹാൻ കാക്കിനിക്കറുമിട്ട് വന്നു കയറിയത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക് കൗൺസിലിൽ സ്ഥാനമുറപ്പിച്ച മറ്റു നാലുപേരെക്കുറിച്ച് കൂടി കേട്ടാൽ നമ്മൾ ബോധംകെടും. ആർ എസ് എസ് പ്രചാരകുമാണവർ. നരേന്ദ്രമോഡിയെ സ്തുതിച്ച് ഡോക്യുമെന്ററികൾ (?) നിർമ്മിച്ച അനഘ ഗൈസാസ്, മഹാരാഷ്ട്ര എബിവിപി പ്രസിഡന്റായിരുന്ന നരേന്ദ്ര പഥക് (അദ്ദേഹത്തിന് സിനിമയുടെ അസുഖമൊന്നുമില്ല), ആർ എസ് എസ് നിയന്ത്രത്തിലുള്ള ഒരു സംഘടനയുടെ ഭാരവാഹി മാത്രമായ പ്രാൺജ്‌ലാൽ സൈക്കിയ, ബിജെപിയുമായി ബന്ധമുള്ള രാഹുൽ സോമപർക്കർ എന്നിവരാണിവർ. സിനിമയിലോ മറ്റേതെങ്കിലും കലകളിലോ പ്രാവീണ്യം തെളിയിച്ച ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ വിദ്യാർത്ഥികൾ ക്ഷമിക്കുമായിരുന്നു. അപ്പോൾ വിദ്യാർത്ഥികളും പുറത്തുള്ളവരും ഭയപ്പെട്ടിരുന്നതുപോലെ, നിലവിലുള്ള സ്വതന്ത്രവും ശാസ്ത്രീയവുമായ സിലബസുകളും പഠനരീതികളും പൊളിച്ചെഴുതി, സംഘപരിവാർ ആശയങ്ങളുടെ പ്രചാരണത്തിനുതകുന്ന വിധത്തിൽ അന്ധവിശ്വാസങ്ങളെയും പഴകിയ പാരമ്പര്യത്തെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പഠനപദ്ധതി അവർ തയ്യാറാക്കുമായിരുന്നു. (ആർ എസ് എസിന്റെ ആചാര്യനായിരുന്ന ഗോൾവാർക്കറുടെ പ്രിയപ്പെട്ട നേതാവ് ഹിറ്റ്‌ലറുടെ ആശയങ്ങൾ നാസി ആശയങ്ങളുമായിരുന്നുവെന്നുള്ളത് ചരിത്രം. നാസികൾ നടപ്പാക്കിയതിന്റെ സൂചനകളാണിന്ന് ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.) പക്ഷേ ഈ സമരം, ആ ശ്രമങ്ങൾക്ക് തൽക്കാലം വിരാമമിട്ടു എന്ന് ആശ്വസിക്കാം. ഈ സമരം ഭീതിയുടെ നിശബ്ദതയെ ഭേദിച്ച ആദ്യത്തെ വെടിയൊച്ച പോലുള്ള ഒന്നാണ്. അതിന്റെ തുടർ വെടിപോലെ നിരവധി സമരങ്ങൾ, ഐക്യദാർഢ്യപ്രകടനങ്ങൾ ഒക്കെ സാംസ്‌കാരികരംഗത്ത് നടക്കുന്നു. അതാണീ സമരത്തിന്റെ വിജയമെന്ന് ഞാൻ കരുതുന്നു.

Comments

comments