ദീനാസെയ്ദിലെ പ്രവാസികളായ മുഷിഞ്ഞ മനുഷ്യരെപറ്റിയാണ് ഞാൻ പറഞ്ഞുവന്നത്. അവർ ദുബായിലെ മഹാദ്ഭുതമായ ബുർജ് അൽ ഖലീഫ കാണാത്തവരാണ്. മെട്രോയിൽ ഒരിക്കൽപ്പോലും കയറാത്തവരാണ്. ഒമർബിൻ യൂസഫിന്റെ പനമരങ്ങളിലും ഖോർഫക്കാനിലെ കാക്കകളിലും അരയാൽ മരത്തിന്റെ വേരുകളിലും ഞാനവരുടെ വിഷാദാത്മകമായ മുഷിഞ്ഞ  മുഖങ്ങൾ കാണുന്നു.

നീ ചുമയ്ക്കരുത് ഇനി ചുമച്ചാൽ നിന്റെ ജോലി പോകുമെന്ന് അർബാബ്. പൊടിപടലങ്ങൾ നിറഞ്ഞ ഒരു തെരുവിലെ പ്രവാസിയായ മലയാളിയുടെ ജീവിതമാണിത്. അവന്റെ കണ്ണുകൾ തള്ളുന്നുണ്ട് പക്ഷേ ചുമ വിഴങ്ങുന്ന ജാലവിദ്യ അവൻ പഠിച്ചു കഴിഞ്ഞു.

ഞാൻ മദീനസെയ്ദ് എന്നൊരു ഭൂവിഭാഗത്തിന്റെ ചിത്രം വരച്ചിട്ടുണ്ട്. ഏതാണ്ട് രണ്ടോ മൂന്നോ പതിറ്റാണ്ടുകൾക്കുമുമ്പുള്ള ചിത്രമാണ് അത്. എമിറേറ്റ്‌സിലെ അബുദാബി നഗരത്തിലെ താഴ്ന്ന വരുമാനക്കാർ ജീവിക്കുന്ന ഷാന്റി നഗരമാണത്. ഒരു അഭയാർഥി കേന്ദ്രത്തിന്റെ തിക്കും തിരക്കും ദൈന്യതയും മദിനസെയ്ദിനുണ്ടായിരുന്നു എന്നു തുടങ്ങുന്ന വിവരണം ഭാഗികമായെങ്കിലും ബൈറൂട്ടിലെ ഒരു പലസ്തീൻ ക്യാമ്പിന്റെ ഓർമ്മ ഉണർത്തുന്നുണ്ട്. മണൽ പുതയുന്ന ഇടവഴികൾ, പൊട്ടിയൊലിക്കുന്ന ഗട്ടറുകൾ, വാഹനങ്ങൾ ഉയർത്തുന്ന പൊടിപടലങ്ങൾ, ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ അവിടത്തെ ഭീമാകാരമായ പൂച്ചകൾക്കും പെരുച്ചാഴികൾക്കുമൊപ്പം മുഷിഞ്ഞ മുഖങ്ങളുമായി ജീവിക്കുന്ന പരശ്ശതം മനുഷ്യർ. അതൊരു ലോകസമൂഹമാണ്. അതിൽ മലയാളിയുമുണ്ട് എന്നേ ഞാൻ പറയുന്നുള്ളൂ. ഈ ഷാന്റി ടൗണിൽ തന്നെയാണ് കേരള സോഷ്യൽ സെന്ററുള്ളത്. അവിടെ നൃത്തനൃത്യങ്ങളുണ്ട്, നാടകവുമുണ്ട് (കൂട്ടത്തിൽ പറയട്ടെ കേരള സോഷ്യൽ സെന്ററിന്റെ ആതിഥേയത്വം നുകരാത്ത മലയാളികളായ രാഷ്ട്രീയ സാംസ്‌കാരിക നായകന്മാർ കുറവായിരിക്കും.) ആ മദീനാസെയ്ദിലെ ആസ്ബസ്‌റ്റോസുകൊണ്ട് തീർത്ത ചായ്പ്പിലും ചെരുവിലും അവർ നാടക ക്യാമ്പുകൾ തീർത്തു എന്നു ഞാൻ തുടർന്നെഴുതുന്നു, കടലിരമ്പങ്ങളിൽ.  മരുഭൂമിയിൽ അസംഖ്യം ക്യാമ്പ് മാനേനജർമാർ ഉണ്ടായിനടീനടൻമാർ ഉണ്ടായി, പ്രോംപ്റ്റർമാരും ഗായികമാരും  ഗായകൻമാരുംമേക്കപ്പ്മാൻമാരും ഉണ്ടായി. അവർ ഒത്തൊരുമിച്ച് നാടകമേ ഉലകം എന്ന് ആഘോഷിച്ച നാളുകൾ. മരുഭൂമിയിലെ നാടകകൊയ്ത്തുകാരെ പറ്റി എഴുതിയപ്പോൾ തീർച്ചയായും വൈലോപ്പിള്ളിയുടെ കന്നികൊയ്ത്തുകാർ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവർ നാടകം കളിക്കുന്നത് ഒരു വലിയ ഭൂലോകത്തിന്റെ ക്യാൻവാസിലാണ്. നാടകം കഴിഞ്ഞു. പ്രവാസവും കഴിഞ്ഞു. ഒരു ബോറീസ് പാസ്റ്റർനാക്കിന്റെ കവിതയുമായി ഞാൻ തിരിഞ്ഞു നോക്കുന്നു.
ശബ്ദങ്ങൾ നിലച്ചിരിക്കുന്നു. ഞാൻ അരങ്ങിൽ നിന്നു പുറത്തേക്കെത്തുന്നു.
ഒരു ജീവിതം കൊണ്ട് എന്തുണ്ടായി എന്ന് ഊഹിക്കാൻ ശ്രമിക്കുന്നു.മാലിന്യങ്ങളുടെ ചാലിയാർ ഒഴുകുന്ന നാട്ടിൽ എനിക്ക് എന്റെ കുടുംബബന്ധങ്ങൾക്ക്, സാമൂഹ്യരാഷ്ട്രീയ ബന്ധങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്നൊരു തിരനോട്ടമാണത്.

മദീനസെയ്ദിൽ വിപ്ലവത്തിനുവേണ്ടി കാത്തിരിക്കുന്ന ജോസഫേട്ടനുണ്ട്. തൊട്ടടുത്ത അറബിയുടെ വീട്ടിലെ മഞ്ഞയും ചുവപ്പും നിറഞ്ഞ തുടുത്ത ഈന്തപ്പനകുലകളിലേക്കു നോക്കിക്കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. അഫ്ഗാനിസ്ഥാനിലും ഏഡനിലും എത്തിയോപ്പിയയിലെ നിക്കാറോഗയിലും വിപ്ലവം വന്നടുക്കുകയാണ് സഖാവേ, നമുക്കു വെറുതേയിരിക്കാനാകുമോ? എന്നദ്ദേഹം ചോദിക്കുന്നു. ചുവപ്പും മഞ്ഞയും എന്ന നിറങ്ങൾ ബാദർ സാക്കിർ അൽസയ്യാബിന്റെ കവിതയിൽ നിന്ന് അടർത്തിയെടുത്തതാണ്. തന്റെ മാതൃഭൂമിയായ ഇറാക്കിൽ അമ്പതുകളിൽ വരാനിരിക്കുന്ന വിപ്ലവത്തിന്റെ നിറങ്ങളാണത് Every drop of a rain brings , A yellow or a red flower എന്നാണ് കവിവാക്യം. പക്ഷേ അവശേഷിച്ചത് രക്തപങ്കിലമായ ഒരു ഗാനം മാത്രമായിരുന്നു. റഷ്യയുടെയും ചൈനയുടെയും കിഴക്കൻ യൂറോപ്പിന്റെയും പ്രതിനിധികൾ എന്തുകൊണ്ട് ദുബായിയിൽ എത്തിയില്ല എന്ന അഭിമാനവും കൂട്ടിക്കലർത്തിയാണ് അദ്ദേഹം വിപ്ലവത്തെപ്പറ്റി സംസാരിക്കുന്നത്. പിന്നീട് വിപ്ലവങ്ങൾ തകർന്നപ്പോൾ അവരെല്ലാം അവിടത്തെ അഭയാർത്ഥികളായി മാറി.

മദീനാസെയ്ദിലെ പ്രവാസികളായ മുഷിഞ്ഞ മനുഷ്യരെപറ്റിയാണ് ഞാൻ പറഞ്ഞുവന്നത്. അവർ ദുബായിലെ മഹാദ്ഭുതമായ ബുർജ് അൽ ഖലീഫ കാണാത്തവരാണ്. മെട്രോയിൽ ഒരിക്കൽ പ്പോലും കയറാത്തവരാണ്. ഒമർബിൻ യൂസഫിന്റെ പനമരങ്ങളിലും ഖോർഫക്കാനിലെ കാക്കകളിലും അരയാൽ മരത്തിന്റെ വേരുകളിലും ഞാനവരുടെ വിഷാദാത്മകമായ മുഷിഞ്ഞ  മുഖങ്ങൾ കാണുന്നു. അവിടെ ഭൂലോകം വിലയ്ക്കുവാങ്ങാൻ കഴിവുള്ള മലയാളി കോടീശ്വരൻമാരുണ്ട്. പക്ഷേ എന്തുകൊണ്ട് എന്റെ സഹജാവബോധം ഈ പാവപ്പെട്ട മനുഷ്യരിലേക്ക് മാറിപ്പോകുന്നു? അവരാണ്, അവരുടെ സങ്കടങ്ങളാണ് ഇന്ന് കേരളീയതയെ സമ്പന്നമാക്കുന്നത് എന്ന സത്യം  എന്തിനാണ് നാം മറന്നുപോകുന്നത്.

എന്റെ മുരിങ്ങാച്ചുവട്ടിലിരുന്നേ എനിക്ക് സാഹിത്യം എഴുതാനാകൂ എന്ന് ഉദ്‌ഘോഷിച്ച എഴുത്തുകാർ നമുക്കു ചുറ്റുമുണ്ട്. തന്റെ അല്ലെങ്കിൽ തനിക്കു ചുറ്റുമുള്ള ഒരു അനുഭവലോകമാണത്. ഈ താരതമ്യം ലോകസാഹിത്യത്തിനുമാകാം. അനുഭവങ്ങളില്ലാതെ സാഹിത്യം രചിക്കാൻ തുടങ്ങിയപ്പേൾ മലയാളസാഹിത്യം ശുഷ്‌കമായി പോകുന്നു എന്നു ഞാൻ കരുതുന്നു. ഇപ്പോഴും സംഭവിക്കുന്നത് അതാണ്. സാഹിത്യത്തിൽ ഭാവനയ്ക്ക് പ്രസക്തിയുണ്ട്. പക്ഷേ അനുഭവമായി കോർത്തിണക്കുമ്പോഴേ അത് ശക്തമാകൂ.  അപ്പോൾ പ്രമേയ ദാരിദ്ര്യം സംഭവിക്കുന്നു. അവർ കേരളീയതയില്ലാത്ത ന്യൂയോർക്കിലെ നരഭോജികളെ തേടുന്നു.  കൽക്കത്തയിലെയും, ശ്രീലങ്കയിലെയും ചരിത്രം തേടിയലയുന്നു. ആർക്കൈവ്‌സിലെ പഴയ ചരിത്ര റഫറൻസുകൾ തേടി സാഹിത്യം രചിക്കുന്ന തിരക്കിലാണ് ഇന്ന് മലയാള ഭാഷ. പക്ഷേ ഭാഷാസാഹിത്യത്തിലെ അനുഭവ ദാരിദ്ര്യം പുതിയ മില്ലനിയത്തിൽ നികത്താൻ ശക്തമായി എത്തുന്ന ഒരു ധാര മലയാളത്തിലെ പ്രവാസസാഹിത്യമാണെന്ന് ഞാൻ അസന്ദിഗ്ദ്ധമായി കുറിക്കുന്നു. മസറയിലെ രൂക്ഷഗന്ധം ശ്വസിക്കുമ്പോഴും അവൻ ആടുകൾക്ക് മുഖച്ഛായ കണ്ടത്തുന്നത് മോഹൻലാലിലും ഇ.എം.എസ്സിലുമാണ് എന്ന് ബെന്യാമിന്റെ ഭാവനാലോകം. സുഹൃത്തേ നിങ്ങളുടെ കൃതികളിൽ ഞാൻ കണ്ടെത്തുന്നത് മറ്റൊരിടത്തും കണ്ടെത്താനാകാത്ത ജീവിതത്തിന്റെ മുഖപ്പുകളാണെന്ന് എനിക്ക് ഇന്നലെയും ഒരു വായനക്കാരനെഴുതുന്നത് കാലഘട്ടത്തോട് നീതി പുലർത്തുന്ന ജീവിതത്തിന്റെ പുതിയ ബിംബകല്പനകൾ അതിലുള്ളതുകൊണ്ടാണ്. സാഹിത്യത്തിന്റെ പുതിയ സെൻസിബിലിറ്റി തേടുന്നവർ ഇതു കാണുന്നില്ലേ?

പ്രവാസത്തിൽ പടർന്നുകിടക്കുന്ന സോദോം താഴവരകളുണ്ട്. അവിടെ സ്വവർഗ്ഗ ഭോഗികളുടെ നിശ്വാസങ്ങൾ പെരുകുന്നുണ്ട്. ലൈംഗിക ദാരിദ്ര്യം പിടിപ്പെട്ട തുറു കണ്ണുകളുണ്ട്. പച്ചപ്പുകൾ കൊണ്ട് തന്റെ ഹൃദയത്തിന്റ   മുൾമുനകളെ മറക്കുന്ന ആനത്തൊട്ടാവാടികളുണ്ട്. സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാനാകാത്ത സോമാലിയക്കാരനും പാലസ്തീൻകാരനുമുണ്ട്. നിന്റെയും എന്റെയും കണ്ണുകൾക്കിടയിൽ എന്തിനാണൊരു തോക്ക് എന്ന് ദാർവിഷിന്റെ കവിതയുണർത്തുന്ന  സഹപ്രവർത്തകയായ റീത്തയുണ്ട്.  നീയും ഗതികിട്ടാത്ത പ്രവാസിയായിരിക്കെ എന്റെ നാട്ടുകാരെ മാത്രം വൃത്തികെട്ടവർഎന്ന് ആക്ഷേപിക്കുമ്പോൾ എന്റെ ആത്മാഭിമാനം ഉണരുന്നുണ്ട് എന്നും ഞാൻ റീത്തയോട് പറയുന്നുണ്ട്…

അങ്ങനെ മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട അറേബ്യയിലെ ജീവിതം എന്റെ മുരിങ്ങാച്ചുവടായി പരിണമിക്കുന്നുവെങ്കിൽ അത് പ്രവാസിയുടെ അനുഭവലോകമാണ്. വെള്ളിയാഴ്ച അവധി ദിവസങ്ങളിൽ ഒമർ ബിൻ യൂസഫിന്റെ പനമരങ്ങൾക്കു താഴെ രാത്രികൾ പടരുമ്പോൾ ചായ കുടിച്ച് ചവിട്ടിയരച്ച പ്ലാസ്റ്റിക് പാത്രങ്ങളും സിഗരറ്റ് കുറ്റികളും ഒഴിഞ്ഞ കോള ടിന്നുകളും ഒരു യുദ്ധക്കളത്തിലെന്ന പോലെ ചിതറിക്കിടക്കുന്നു. ആ കാഴ്ച  – പ്രവാസി സമൂഹത്തിന്റെ ആകുലതകൾ പോലെയാണ്. അവരെല്ലാം എവിടെനിന്നു വന്നെത്തുന്നു. ദീർഘ നിശ്വാസങ്ങളുമായി നഗരപ്രാന്തങ്ങളിൽ നിന്ന്, ലേബർ ക്യാമ്പുകൾ എന്നു വിവക്ഷിക്കുന്ന അനേകം മടകളിൽനിന്ന്. എല്ലാവരും ഒരു തിരിച്ചുപോക്കിന് മാത്രം ആഗ്രഹിക്കുന്നവരാണ്.

ഞാൻ നോക്കിക്കാണുന്ന, മനസ്സിൽ പതിയുന്ന ജീവിതമാണ് എന്റെ രചന. ഒരു ജന്മം ഞാൻ അനുഭവിച്ചു തീർക്കുകയാണ്. അനേകം കടലുകൾ, അനേകം ഭൂഖണ്ഡങ്ങൾഅവിടത്തെ മനുഷ്യർ എന്നോടു സംവദിച്ചുകൊണ്ടിരിക്കുന്നു. അനുഭവിച്ചുതീർത്തതത്രയും എങ്ങനെ രേഖപ്പെടുത്തണമെന്നറിയാതെ ഉഴറുകയാണ് എഴുത്തുകാർ. അതിനെ യുക്തിപൂർണ്ണമായി വ്യാഖ്യാനിച്ചുതീർക്കാൻ പോലും അയാൾ അശക്തനാണ്. മൂന്നിൽ രണ്ടു ഭാഗം വെള്ളമാണ് സുഹൃത്തേ, അനന്തമായ കടലുകൾ. കടലുകളുടെ തീരങ്ങളെപ്പറ്റി ചെറിയ വൻകരകൾ. ആ തീരങ്ങളിൽ നക്ഷത്രക്കണ്ണുമായി ഞാനും നീയുംഎന്നു പറയുന്നിടത്ത് ജീവിതത്തിന്റെ വിശാലതയും വ്യർത്ഥതയും മോഹവും മോഹഭംഗങ്ങളും എല്ലാം കുഴഞ്ഞു കിടക്കുന്നു. മനസ്സിൽ കനത്തു നിൽക്കുന്നൊരു ആകാശം പെയ്‌തൊഴിയാൻ കാത്തുകിടക്കുന്നു. ജീവിതത്തിന്റെ ഉൾച്ചൂടുള്ള ഒരു പെയ്ത്തിലൂടെ മാത്രമേ നല്ല രചനകൾ സാദ്ധ്യമാകൂ എന്ന് ഒരിക്കൽക്കൂടി ബോദ്ധ്യമാകുന്നു. അവിടെത്തന്നെയാണ് പുതിയ സെൻസിബിലിറ്റിയും പ്രത്യക്ഷമാകുന്നത്. കടലിരമ്പങ്ങൾ എന്ന നോവലിന്റെ സൃഷ്ടിയെക്കുറിച്ചോർക്കുമ്പോൾ എനിക്ക് ഇത്രയേ പറയാനാവൂ.

Comments

comments