രുപാടുചില്ലകളുള്ളൊരു മരം
കാറ്റിലുലയുന്നു.

ശിഖരങ്ങളുടെ ഭാരത്താൽ
ഞാൻ തളരുന്നു.

ഏതാദ്യം ഒടിയുമെന്ന്
ഞാനെന്നോട്‌
ഒച്ച താഴ്ത്തിച്ചോദിക്കുന്നു.

ഒന്നുമെന്നെ ബാധിക്കില്ലെന്ന
വ്യാമോഹക്കമ്പിനാൽ
ചിതൽപ്പുറ്റിൽ ചിത്രം  വരയ്ക്കുന്നു.
വരച്ചുകൊണ്ടേയിരിക്കുന്നു…ന്നു… ന്നു..

ഭാവിയെഴുന്നേറ്റു നിൽക്കുന്നു.
അവന്റെ സംശയം ചോദിക്കുന്നു:

പ്രിയനേ,
വേരോടെയീ മരം
അടർന്നുവീഴുമെന്നറിഞ്ഞില്ലേ
?
ഒട്ടുമേ  സംശയിച്ചില്ലേ?

പ്രാണികളെ ശിക്ഷിക്കും ഈശ്വരാ, മനുഷ്യാ,
പ്രാണികൾ  നീ തന്നെയല്ലേ?
വേദനിക്കില്ലേ?

അറിയാം ഭാവിക്കുഞ്ഞേ
നീയവിടെയിരിക്കുക.

നിന്റെ കാലത്തിനു കാക്കുക.
വേദനിക്കും എന്നുമോർക്കുക.
കഴിയുമെങ്കിൽ പൊറുക്കുക.

എന്തുചെയ്യാം, മരവും കോടാലിയും
നാം തന്നെ കുഞ്ഞേ.

രക്തവും വിഷവും
രതിയും
  മൃത്യുവും
ചുവപ്പും നീലയും.

നാം.

ശരി.
എങ്കിൽ ഇനിമുതൽ
 
കുഞ്ഞെന്നു വിളിക്കണ്ടെന്നെ.
പരസ്പരം

പർപ്പിളെന്നു  വിളിച്ചിടാം.

ഗൗതമൻ

EFLU

 

Hyderabad

Comments

comments