“A society ruled primarily by the idolatry of enrichissez-vous, which celebrates millionaires as its culture heroes, can gain nothing from socialisation that could not also be gained without it.” – E. F. Schumacher

ആധുനികസമൂഹങ്ങളുടെ ഘടനാപരമായ പ്രതിസന്ധികളെ കുറിച്ച് ഒട്ടേറെ മികച്ച പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. സമൂഹത്തിന്റെയും വ്യക്തിയുടേയും സമഗ്രവികാസം അസാധ്യമാക്കുന്ന വ്യവസായവൽകൃത മുതലാളിത്തത്തിന്റെ ആന്തരികവൈരുദ്ധ്യങ്ങളുടെ ബൃഹദാഖ്യാനവും നിശിതവിമർശനവുമായ കാൾമാർക്സിന്റെ മൂലധനം (Das Captial) തൊട്ട് സമകാലീന ഉത്തരാധുനികമുതലാളിത്തത്തിൽ സാമ്പത്തിക അസമത്വം എത്രമാത്രം വർദ്ധിച്ചിരിക്കുന്നു എന്ന് തുറന്നുകാട്ടുന്ന തോമസ് പിക്കറ്റിയുടെ മൂലധനം ഇരുപതൊന്നാം നൂറ്റാണ്ടിൽ (Capital in the Twenty-First Century) വരെയുള്ള ഗ്രന്ഥങ്ങളുടെ ഒരു നീണ്ടനിര. ഇക്കൂട്ടത്തിൽ മനുഷ്യനെയും മാനവികതയേയും മുന്നിൽനിർത്തുന്ന ഒരു സാമ്പത്തികശാസ്ത്രത്തിനായുള്ള അന്വേഷണമെന്ന നിലയിൽ ഇന്നും പ്രസക്തമായി തുടരുന്ന ഒരു കൃതിയാണ് ഇ. എഫ്. ഷൂമാക്കറുടെ സ്മാൾ ഈസ് ബ്യൂട്ടിഫുൾ (Small is beautiful). വലുപ്പത്തിൽ ചെറുതെങ്കിലും ഇക്കണോമിക്സിനു മനുഷ്യമുഖമുണ്ടാകേണ്ടതിന്റെ ആവശ്യത്തെപറ്റിയും ഓരോ സമൂഹത്തിനും അനുയോജ്യമായ സാങ്കേതികവിദ്യയെകുറിച്ചും ഗഹനമായ ഉൾകാഴ്ച്ചകളുടെ സമ്പന്നതകൊണ്ട് ഈ പുസ്തകം വൻഗ്രന്ഥങ്ങൾക്കിടയിൽ ഒരു വലിയ സാനിധ്യമായി നിലകൊള്ളുന്നു.

ഈയടുത്ത കാലത്ത് സ്മാൾ ഈസ് ബ്യൂട്ടിഫുൾ വീണ്ടും വായിച്ചപ്പോൾ ഉണ്ടായ തോന്നലുകളാണു മുകളിൽ കുറിച്ചത്. കോളേജിൽ പഠിക്കുന്ന കാലത്തായിരുന്നു ആദ്യവായന. ഷൂമാക്കറിനെകുറിച്ച് അതിനുമുന്നെ തന്നെ കേട്ടിരുന്നു. സൈലന്റ് വാലി പദ്ധതിയെ ചൊല്ലിയുണ്ടായ വലിയ വിവാദങ്ങളുടെയും സമരങ്ങളുടെയും തുടർച്ചയായി വികസനത്തെകുറിച്ചും പരിസ്ഥിതിയെകുറിച്ചും പുതിയൊരു അവബോധം ഉണ്ടായിവന്ന കാലമായിരുന്നു അത്. അറുപതുകളിലും എഴുപതുകളിലും പാശ്ചാത്യചിന്താലോകത്തെ ആഴത്തിൽ സ്വാധീനിച്ച ഷൂമാക്കറിന്റെ പുസ്തകങ്ങൾ മലയാളി ശ്രദ്ധിക്കാൻ തുടങ്ങുന്നത് അക്കാലത്തായിരിക്കണം. പയ്യന്നൂരിൽനിന്നും പ്രൊഫ. ജോൺ സി ജേക്കബിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന സൂചീമുഖി എന്ന പരിസ്ഥിതി മാസികയിൽ ഷൂമാക്കറുടെ ഗുഡ് വർക്ക് എന്ന പുസ്തകത്തിന്റെ തർജ്ജമ വന്നിരുന്നു.

പാതിയുടഞ്ഞ ഒരു മുട്ടതോടിനകത്ത് ഒളിഞ്ഞിരിക്കുന്ന ഭൂമിയായിരുന്നു സ്മാൾ ഈസ് ബ്യൂട്ടിഫുള്ളെന്ന പുസ്തകത്തിന്റെ ഞാൻ വായിച്ച കോപ്പിയുടെ മുഖപടം. ഒരു മണൽതരിയിൽ ഒരു ലോകത്തെതന്നെ കാണാൻ (to see a world in a grain of sand) എന്ന വില്ല്യം ബ്ലേക്കിന്റെ വരികളെ ഓർമിപ്പിക്കുന്ന ചിത്രം. ചെറുത് എന്ന ആശയത്തിന് ആപേക്ഷികമായ നിലനില്പേ ഉള്ളൂ. ഒരു വരയെ ചെറുതാക്കാൻ അതിനടുത്തായി ഒരു വലിയ വര വരച്ചാൽ മതിയെന്ന് അക്ബർ ചക്രവർത്തിക്ക് കാട്ടികൊടുത്ത ബീർബല്ലിന്റെ കഥയോർക്കുക. ഷൂമാക്കറും ചെറുത് എന്ന പദം അതിന്റെ കേവലാർത്ഥത്തിലല്ല ഉപയോഗിക്കുന്നത്. മറിച്ച് അനുയോജ്യമായ ഒരുതോത് മനുഷ്യവ്യവഹാരങ്ങൾക്ക് വേണം എന്ന അർത്ഥത്തിലാണ്. ഈ വലിയ ലോകത്തിലെ ചെറിയ മനുഷ്യരായ നമ്മുക്ക് നമ്മുടെ കാര്യങ്ങളെ നോക്കി നടത്താൻ വലിയ തോതിലുള്ള സന്നാഹങ്ങൾ എപ്പോഴും വേണ്ടതുണ്ടോ എന്ന ലളിതമായ ചോദ്യം. ആധുനിക സമ്പദ് വ്യവസ്ഥകളുടെ ആധാരശിലകളിലൊന്നായ economies of scale എന്ന ആശയത്തിന്റെ ശക്തമായ വിമർശനമായി ഈ ചോദ്യം മാറുന്നു. ഷൂമാക്കറിന്റെ വിശകലനങ്ങളോടും അനുമാനങ്ങളോടും വിയോജിപ്പുണ്ടായാൽതന്നെയും അവഗണിക്കാൻ പറ്റാത്ത ഒന്നാണ് ഈ ചോദ്യമെന്ന് തിരിച്ചറിഞ്ഞതായിരുന്നു സ്മാൾ ഈസ് ബ്യൂട്ടിഫുളിന്റെ ആദ്യവായനയിൽ നിന്നുള്ള ഒരുവലിയപാഠം. വർഷങ്ങൾക്കു ശേഷം വീണ്ടും വായിക്കുമ്പോൾ ഇന്നും പ്രസക്തമായ കുറച്ചേറെ ചോദ്യങ്ങളുയർത്തുന്നുണ്ട് ഈ പുസ്തകമെന്ന് മനസ്സിലാകുന്നു.

കഴിഞ്ഞ നൂറ്റാണ്ടിൽ മുതലാളിത്ത സമ്പദ് വ്യവസ്ഥക്കുണ്ടായ വികാസപരിണാമങ്ങളാണ് 1973-ൽ പ്രസിദ്ധീകരിക്കപ്പെട്ട സ്മാൾ ഈസ് ബ്യൂട്ടിഫുളിന്റെ സാമൂഹ്യപരിസരം. ഫോസിൽ ഇന്ധനങ്ങളേയും മറ്റു പുനരുല്പാദിക്കാൻ സാധ്യമല്ലാത്ത പ്രകൃതിവിഭവങ്ങളെയും വീണ്ടുവിചാരമില്ലാതെ കൊള്ളയടിച്ച് കൊണ്ടുള്ള വികസനരീതി ഭയാനകമാനങ്ങൾ കൈവരിക്കുന്നത് എഴുപതുകളോടെ ആയിരുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിക്കും വരേക്കും ഉണ്ടായിട്ടുള്ള മൊത്തം വ്യാവസായിക ഉൽപാദനത്തേക്കാൾ കൂടുതലായിരിക്കും എഴുപതുകളുടെ ആദ്യപകുതിയിലെ മാത്രം വ്യാവസായിക ഉൽപാദനത്തിന്റെ അളവ് എന്ന അറിവ് മനുഷ്യനു പ്രകൃതിയോടുള്ള പിഴുതുകളയാനാകാത്ത ആശ്രിതത്വത്തെ തിരിച്ചറിഞ്ഞിരുന്ന ഷൂമാക്കറെ പോലുള്ള ഇക്കണോമിസ്റ്റുകളെ അലട്ടി. അക്കാലത്തുണ്ടായ ചില പ്രധാന സംഭവവികാസങ്ങൾ ഈ ആശങ്കകൾക്ക് ആക്കം കൂട്ടിയതായി കാണാം. 1970-ൽ അമേരിക്കയിലെ പെട്രോളിയം ഉൽപാദനനിരക്ക് താഴോട്ട് പോകുവാൻ ആദ്യമായി തുടങ്ങി. പെട്രോളിയം കയറ്റുമതി ചെയ്യുന്ന അറബ് രാജ്യങ്ങൾ (OAPEC) 1973-ൽ ഒന്നാമത്തെ ഓയിൽ ഷോക്ക് എന്ന് പിൽകാലത്ത് അറിയപ്പെട്ട പെട്രോളിയം ഉപരോധം പ്രഖ്യാപിച്ചു. ആഗോള സമ്പദ് വ്യവസ്ഥയിൽ ദീർഘവ്യാപകമായ അനുരണനങ്ങൾ ഉണ്ടാക്കിയ സംഭവങ്ങളായിരുന്നു ഇവയൊക്കെ.

വ്യവസായിയും ധനശാസ്ത്രജ്ഞനും ആയ ഔരീലിയൊ പെക്കിയുടെ നേതൃത്വത്തിൽ ക്ലബ് ഓഫ് റോം വളർച്ചയുടെ പരിമിതികൾ (Limits to growth) എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത് 1972-ൽ ആണ്. മനുഷ്യൻ, പരിസ്ഥിതി, വികസനം തുടങ്ങിയ വിഷയങ്ങളെ വിമർശനപരമായി സമീപിക്കാൻ ഈ പുസ്തകത്തിൽ ഇവർ ശ്രമിച്ചു; നിലനില്ക്കുന്ന സാമൂഹ്യഘടനകളെ പൊളിച്ചെഴുതാതെ സമകാലീന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക അസാധ്യമാണെന്ന നിഗമനത്തിൽ എത്തിച്ചേരാനുള്ള വിമുഖതയുണ്ടായിരുന്നെങ്കിലും. പൊതുവേ ഈ ഉത്കണ്ഠകളെതന്നെയാൺ സ്മാൾ ഈസ് ബ്യൂട്ടിഫുളിൽ ഷൂമാക്കറും കൈകാര്യം ചെയ്യുന്നത്. വളരെ വലിയ സ്വീകരണമാണ് ഈ പുസ്തകത്തിന് ലഭിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പ്രസിദ്ധീകരിച്ച ഏറ്റവും സ്വാധീനം ചെലുത്തിയ 100 പുസ്തകങ്ങളിൽ ഒന്നായി ടൈംസ് ലിറ്റററി സപ്ലിമെന്റ് സ്മാൾ ഈസ് ബ്യൂട്ടിഫുളിനെ വിശേഷിപ്പിച്ചു.

നമ്മുടെ കാലത്തെ ഏറ്റവും നിർണ്ണായകമായ പിശകുകളിലൊന്ന് ഉല്പാദനത്തിന്റെ പ്രശ്നംപരിഹരിക്കപ്പെട്ടിരിക്കുന്നുവെന്ന വിശ്വാസമാണെന്നു പറഞ്ഞുകൊണ്ടാണു ഷൂമാക്കർ ആരംഭിക്കുന്നത്. അങ്ങിനെയാണെങ്കിൽ മലിനീകരണം, പരിസ്ഥിതി, ഇക്കോളജി തുടങ്ങിയ വിഷയങ്ങൾ എന്തുകൊണ്ടാണ് ഒരു വലിയ പ്രതിസന്ധികളായിതീർന്നത്? അദ്ദേഹം ചോദിക്കുന്നു. ഉപഭോഗം ശോഷിപ്പിക്കുന്ന പരിമിതമായ അസംസ്കൃതവസ്തുക്കൾ എന്നല്ലാതെ തുടർച്ചയായ വരുമാനമെന്ന നിലയിൽ പ്രകൃതിയേയും അതിന്റെ വിഭവങ്ങളെയും കാണുന്ന കാഴ്ച്ചപാടിന്റെ അശാസ്ത്രീയതയെയാണു ഷൂമാക്കർ ചോദ്യം ചെയ്യുന്നത്. ഇതിന് ഒരു പ്രധാനകാരണം മനുഷ്യസൃഷ്ടമല്ലാത്ത ഒന്നും വിലയില്ലാത്തതാണെന്ന ധാരണയാണ്. ഒരു ചരക്കിന്റെ മൂല്യത്തെ അതുണ്ടാക്കാൻ ഉപയോഗിച്ച അദ്ധ്വാനവുമായി ബന്ധപ്പെടുത്തി കണ്ട കാൾമാർക്സ് പോലും ഈധാരണക്ക് വിധേയനായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഉദ്പാനബന്ധങ്ങളിലല്ല സാങ്കേതികവിദ്യയടക്കമുള്ള ഉത്പാദനരീതികളിലാണ് എഴുപതുകളോടെ ഒരു വലിയ പ്രതിസന്ധിയുടെ രൂപമാർജ്ജിച്ച പരിതിസ്ഥിതിപ്രശ്നങ്ങളുടെ വേരുകൾ ഷൂമാക്കർ തിരയുന്നത്.

മുതലാളിത്ത രീതിയിലുള്ള കൃഷിരീതികളിൽ രാസവളങ്ങളുടെ ഉപയോഗം മണ്ണിന്റെ ഫലഭൂയിഷ്ടതയെ എങ്ങിനെ ബാധിക്കുന്നുവെന്നതിനെ കുറിച്ച് മാർക്സും പിൻകാലത്ത് ബക്കുനിനും നടത്തിയ നിരീക്ഷണങ്ങളെ അധികരിച്ച് ബെല്ലാമി ഫോസ്റ്ററിനെ പോലുള്ള പുതിയ കാലത്തെ മാർക്സിസ്റ്റ് പണ്ഡിതർ മാർക്സിസത്തിൽ പാരിസ്ഥിതികാവബോധത്തെ കണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട് (Marx’s Ecology: Materialism and Nature, John Bellamy Foster). അത് അംഗീകരിച്ചാൽ തന്നെയും പ്രകൃതിയോടുള്ള മുഖ്യധാരാ മാർക്സിസ്റ്റുകളുടെ സമീപനം ഷൂമാക്കർ ചൂണ്ടികാട്ടിയതു പോലെതന്നെയായിരുന്നു എന്നത് ഒരു വസ്തുതയാണ്. മാർക്സ് അറിഞ്ഞതും എന്നാൽ മാർക്സിസ്റ്റുകൾ അറിയാതെ പോയതുമായ പലകാര്യങ്ങളിലൊന്നായി വേണമെങ്കിൽ ഇതിനെ കണക്കാക്കാം.

റഷ്യൻ വിപ്ലവാനന്തരം ഉദ്പാദനബന്ധങ്ങളെ പുന:സംഘടിപ്പിക്കുന്നതിനപ്പുറം പുതിയ ഉത്പാദനരീതികൾ സോഷ്യലിസത്തിന് ആവശ്യമാണെന്ന ബോധ്യം ലെനിനടക്കമുള്ള ബോൾഷെവിക്കുകൾക്ക് ഉണ്ടായിരുന്നതായി തോന്നുന്നില്ല. വൈദ്യുതീകരണവും സോവിയറ്റുകളും ചേർന്നാൽ സോഷ്യലിസമായെന്ന (electricity plus soviets equals socialism) ലെനിന്റെ മുദ്രാവാക്യത്തിന്റെ ലളിതയുക്തി ഓർക്കുക. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ സോഷ്യലിസ്റ്റു പരീക്ഷണങ്ങൾ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള നെഹ്രുവിനെ പോലുള്ള നേതാക്കളും ആധുനിക സാങ്കേതികവിദ്യകളെ ഉപാധികളില്ലാതെ സ്വീകരിക്കാൻ തിടുക്കപ്പെട്ടവരായിരുന്നു. വൻകിട അണക്കെട്ടുകളെ ആധുനികഭാരതത്തിന്റെ ദേവാലയങ്ങൾ എന്ന് വിശേഷിപ്പിക്കാൻ നെഹ്രുവിനെ പ്രേരിപ്പിച്ചത് ഈ വിശ്വാസമായിരുന്നു എന്ന് ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്.

പരിസ്ഥിതിപ്രശ്നങ്ങളെ പരിഹരിക്കുന്നതിൽ സ്വകാര്യവ്യവസായങ്ങൾ തുടർന്നുവന്ന നിസ്സംഗത സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള വ്യവസായങ്ങളും തുടർന്നുവന്നു എന്നത് ചരിത്രം. ഏത് സ്വയംനിയന്ത്രിത വ്യവസ്ഥയേയും പോലെ ഭൂമിയിലെ ആവാസവ്യവസ്ഥയും നിലനിൽക്കുന്നത് ചില പരിമിതികൾക്ക് അകത്താണെന്നും ആ പരിധികളെ അതിലംഘിച്ചുകൊണ്ടുള്ള വികസനം അസാധ്യമാണെന്നുമുള്ള വിവേകം ആധുനിക മുതലാളിതതിന്റെയും അതിനു ബദലായി വന്ന സോഷ്യലിസ്റ്റു പരീക്ഷണങ്ങളുടേയും പ്രയോക്താക്കൾക്ക് ആദ്യകാലങ്ങളിൽ അന്യമായിരുന്നു.

എന്നാൽ ഭൂമിയോടും അതിലെ അന്തേവാസികളായ മറ്റു ജീവജാലങ്ങളോടും ആധുനിക സമൂഹം കാട്ടുന്ന നിസ്സംഗതയെ രോഗാതുരമായ ഒരു സംസ്കാരമായാണു ഷൂമാക്കർ കണ്ടത്. ദീർഘകാലത്തേക്കുള്ള പരിണതഫലങ്ങളെ കണക്കിലെടുക്കാതെയുള്ള ദ്രുതഗതിയിലുള്ള മാറ്റങ്ങളോടുള്ള ഭ്രാന്തമായ അവേശവും ശാസ്ത്രസാങ്കേതികമേഖലകളിലെ മുന്നേറ്റങ്ങളോടുള്ള അമിതമായ അഭിനിവേശവും ഒക്കെ അതിന്റെ ലക്ഷണങ്ങളാണ്.

അസന്തുലിതമായ വികസനം സൃഷ്ടിക്കുന്ന അസമത്വങ്ങളാണു സമകാലീന വ്യവസായവൽകൃത സമൂഹങ്ങളുടെ വലിയ പരാജയമായി ഷൂമാക്കർ കാണുന്ന വേറൊരു കാര്യം. പണക്കാർ കൂടുതൽ പണക്കാരും ദരിദ്രർ കൂടുതൽ ദരിദ്രരും ആകുന്ന അവസ്ഥ. നഗരകേന്ദ്രീകൃത വികസനത്തിൽ പുറംതള്ളപ്പെടുന്ന ഗ്രാമങ്ങൾ. മൂന്നാംലോക രാജ്യങ്ങളിൽ ഈ ദുരവസ്ഥകൾ കൂടുതൽ തീക്ഷണമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു.

അതുപോലെതന്നെ സങ്കീർണമായ സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ വ്യവസായവൽകൃത സമൂഹങ്ങളിലെ തൊഴിലിടങ്ങൾ പണിയെടുക്കുന്നവന്റെ അന്യവല്ക്കരണത്തിന് ആക്കം കൂട്ടുന്നുവെന്ന വിമർശനവും ഷൂമാക്കർ ഉന്നയിക്കുന്നു. വ്യാവസായിക മുതലാളിത്തത്തിന്റെ ആരംഭം മുതലെ ഉള്ള ഒരു വിമർശനമാണിത്. തന്റെ വേലയിൽ നിന്നും, താനുണ്ടാക്കുന്ന ഉല്പന്നങ്ങളിൽ നിന്നും ഉല്പാദകനെന്ന സ്വയംകർതൃത്വത്തിൽ നിന്ന് തന്നെയും അന്യവൽക്കരിക്കപ്പെടുന്ന തൊഴിലാളിയുടെ ഇരുണ്ട ചിത്രം മാർക്സിന്റെ എഴുത്തിൽ കാണാം. ( Economic and Philosophic Manuscripts, Karl Marx). 1936-ൽ പുറത്തിറങ്ങിയ ചാർളി ചാപ്ലിന്റെ മോഡേൺ ടൈംസ് അങ്ങിനെയൊരു തൊഴിലാളിയുടെ മിഴിവുറ്റ ചിത്രീകരണമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സാങ്കേതികവിദ്യകളിലും ഉല്പാദനരീതികളിലും ഉണ്ടായ വൻമുന്നേറ്റം തൊഴിലിടങ്ങളിൽ തൊഴിലാളി അനുഭവിക്കുന്ന അന്യവൽക്കരണത്തിന്റെ തീക്ഷണത വർദ്ധിപ്പിക്കുക മാത്രമാണു ചെയ്തത്. മാർക്സിന്റെയും ഫ്രായിറ്റിന്റെയും ആശയങ്ങളിൽനിന്നും ഊർജ്ജമുൾകൊണ്ടുകൊണ്ട് ആധുനികസമൂഹത്തിന്റെ മാനസികരോഗ്യനിലയെകുറിച്ച് ഗഹനമായി പഠനങ്ങൾ നടത്തിയ എറിക് ഫ്രോമും (Sane Society, Eric Fromm) കുത്തകമുതലാളിത്തത്തിലെ തൊഴിൽപ്രക്രിയയെ ആഴത്തിലുള്ള വിമർശനങ്ങൾക്കു വിധേയമാക്കിയ ഹാരി ബ്രേവർമാനും (Labor and Monopoly Capital: The Degradation of Work in the Twentieth Century, Harry Braverman) ഒക്കെ തൊഴിലിടത്തിലെ അന്യവൽക്കരണത്തെകുറിച്ച് ആശങ്കകൾ ഉന്നയിക്കുന്നതും ഇക്കാലത്ത് തന്നെയാണ്.

നാല്പത് ദശകങ്ങൾക്കിപ്പുറം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഷൂമാക്കർ എടുത്തു പറയുന്ന പ്രതിസന്ധികളൊക്കെയും കൂടുതൽ ഭീഷണമായ സ്വഭാവം കൈവരിച്ചിട്ടേഉള്ളൂ എന്ന് കാണാം. പരിധികളില്ലാത്ത വളർച്ചയും ഉപഭോഗവും ആത്യന്തികമായി സമൂഹത്തിനു ഗുണകരമായി ഭവിക്കുമെന്ന പരമ്പരാഗത സാമ്പത്തികശാസ്ത്രത്തിന്റെ ആദർശം ഏറെ വെല്ലുവിളികളെ നേരിടുന്ന കാലമാണു നമ്മുടേത്. സോവിയറ്റ് ബ്ലോക്കിന്റെ പതനത്തോടെ സാധ്യമായ ഒരേ ഒരു വ്യവസ്ഥയായി മാർക്കറ്റ് മുതലാളിത്തത്തെ ഉയർത്തികാട്ടിയ നിയോ ലിബറൽ സൈദ്ധാന്തികരുടെ ആത്മവിശ്വാസത്തിന് ഏറെ കഴിയുന്നതിനു മുന്നെ ക്ഷതമേറ്റു.

വരും വർഷങ്ങളിൽ ഏറ്റവും നിർണ്ണായകമാവുക പരിസ്ഥിതിയുടേയും ജനസംഖ്യാ വിതരണത്തിന്റെയും പ്രശ്നങ്ങളാണെന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ പ്രശസ്ത ചരിത്രകാരൻ എറിക് ഹോബ്സ്ബോം എഴുതി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ഉണ്ടായ വളർച്ചാനിരക്ക് അതേ പോലെ തുടരുകയാണെങ്കിൽ പ്രകൃതിക്കും അതിന്റെ ഭാഗമായ മനുഷ്യവംശത്തിനും ഉണ്ടാകാൻ പോകുന്ന ക്ഷതങ്ങൾ അതീവഗുരുതരവും നന്നാക്കിയെടുക്കാൻ പറ്റാത്തതുമായിരിക്കുമെന്നും. (The Age of Extremes: The Short Twentieth Century, Eric Hobsbawm).

എന്തെങ്കിലും ചെയ്തില്ലെങ്കിൽ നമ്മൾ ഇന്ന് നേരിടുന്ന ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനങ്ങൾ, മലിനീകരണം, പ്രകൃതിവിഭവശോഷണം, ജൈവ വൈവിധ്യതിലുണ്ടായ വലിയ കുറവ് തുടങ്ങിയ അതീവഗുരുതരമായ പരിസ്ഥിതി പ്രഴ്നങ്ങൾ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായേക്കുമെന്നു മിക്കവാറും അംഗീകരിച്ചിരിക്കുന്നു. ഒരു പാരിസ്ഥിതിക അടിയന്തിരാവസ്ഥയിലേക്ക് നമ്മൾ ചെന്നെത്തികൊണ്ടിരിക്കുകയാണ്.

അതേപോലെതന്നെയാണ് എന്നത്തേയുംകാൾ കൂടുതൽ വർദ്ധിച്ചു വരുന്ന സാമ്പത്തിക അസമത്വങ്ങളുടെയും ദാരിദ്ര്യത്തിന്റെയും കാര്യവും. സ്മാൾ ഈസ് ബ്യൂട്ടിഫുൾ എഴുതപ്പെട്ട കാലത്തെക്കാൾ മോശപ്പെട്ട നിലയിലാണ് ഇന്നത്തെ കാര്യങ്ങൾ. ഭൂമിയിലെ ഏഴ് ബില്യൺ നിവാസികളിൽ 2.7 ബില്യൺ ആൾക്കാർ ഇന്നും ജീവിക്കുന്നത് ഒരു ദിവസം രണ്ടു ഡോളറിൽ താഴെ വരുമാനം കൊണ്ടാണ്. ഏതാനും മാസങ്ങൾക്ക് മുന്നേ വേൾഡ് ഇക്കണോമിക് ഫോറത്തിനു മുന്നോടിയായി ഓക്സ്ഫാം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ ആഗോളസമ്പത്തിന്റെ 50% കേന്ദീകരിച്ചിരിക്കുന്നു. യു. എസ് എ ടുഡേയിൽ വന്ന ഒരു റിപ്പോർട്ട് പ്രകാരം, 1979 നും 2011 നും ഇടയിൽ അമേരിക്കയിലെ സമ്പന്ന വർഗ്ഗത്തിന്റെ വേതനം രണ്ടിരട്ടി കൂടിയിട്ടുണ്ടെങ്കിൽ ശരാശരി അമേരിക്കൻ തൊഴിലാളിയുടെ കൂലി വെറും 6% മാത്രമേ വർദ്ധിച്ചിട്ടുള്ളൂ. വിപണിശക്തികൾക്ക് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ പരിഹാരം കണ്ടെത്താവുന്ന പ്രശ്നങ്ങളല്ല ഇവയൊന്നുംതന്നെ എന്ന്കൂടുതൽ കൂടുതലായി ബോധ്യപ്പെട്ടു വരികയാണു.

ശാസ്ത്രസാങ്കേതിക വിദ്യകളെ അന്ധമായി തള്ളികളയുന്ന ചിന്തകനായി ഷൂമാക്കറെ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എന്നാൽ മനുഷ്യവ്യവഹാരങ്ങളിൽ സാമ്പത്തികകാര്യങ്ങൾക്കുള്ള കേന്ദ്രസ്ഥാനമായിരുന്നു അദ്ദേഹത്തിന്റെ പ്രധാനവിഷയം. മനുഷ്യർക്ക്  പ്രാധാന്യം കൊടുത്ത്കൊണ്ട് ധനശാസ്ത്രത്തെകുറിച്ച് ഒരു പഠനം(A study of economics as if people mattered) എന്ന ഉപശീർഷകം കൂടിയുണ്ട് സ്മാൾഈസ് ബ്യൂട്ടിഫുളിന് എന്നോർക്കുക. സാമ്പത്തിക വികസനമെന്നത് സാമ്പത്തികശാസ്ത്രത്തിന്റെ ചെറിയ പരിധിക്കുള്ളിൽ ഒതുക്കി കാണാവുന്ന ഒരു കാര്യമല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. രാഷ്ട്രീയസ്വാതന്ത്ര്യം, സ്വയംപര്യാപ്തത, വിദ്യാഭ്യാസം, അച്ചടക്കം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെടുത്തിവേണം അതിനെ കാണാൻ. അദ്ദേഹം എഴുതി: കുറച്ച് വിദേശികളായ സാങ്കേതികവിദഗ്ദ്ധരുടേയോ സാധാരണ ജനങ്ങളുമായുള്ള ബന്ധം നഷ്ടമായ തദ്ദേശ വരേണ്യവർഗ്ഗത്തിന്റെയോ കൈവിരുതുകൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല സാമ്പത്തിക വികസനം. എല്ലാവരുടെയും ഉത്സാഹവും, ബുദ്ധിയും, അധ്വാനശക്തിയും പൂർണ്ണമായും വിനിയോഗിക്കുന്നതിനു പ്രാഥമികമായ ഊന്നൽ നല്കുന്ന വിശാലമായ ജനപിന്തുണയുള്ള ഒരു പുനർനിർമ്മാണ പ്രക്രിയയായികണ്ട് മാത്രമേ അത് സാക്ഷാത്ക്കരിക്കാനാകൂ.

ലാഭം മാത്രം ലക്ഷ്യമാക്കുന്ന ഒരു വ്യവസ്ഥ മനുഷ്യനെ മറന്നേക്കാം എന്ന് ഷൂമാക്കർ തിരിച്ചറിഞ്ഞു. മനുഷ്യന്റെ എല്ലാ പ്രവൃത്തികളും ധനശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ലാഭകരമായത് അല്ലാത്തത് എന്ന് മാത്രമായി വിലയിരുത്തപ്പെടുമ്പോൾ മറ്റെല്ലാ മൂല്യങ്ങളും വിസ്മരിക്കപ്പെടുന്നു. ലാഭം മാത്രം ലക്ഷ്യമാക്കുന്നതുകൊണ്ട് കേവല ധനശാസ്ത്രത്തിന്റെ കാഴ്ച്ചപാടിൽ ഏതു കാര്യത്തിന്റെയും വിപണിമൂല്യത്തിനു മാത്രമേ പ്രസക്തിയും പ്രാധാന്യവുമുള്ളൂ, പ്രകൃതിവിഭവങ്ങളെന്നും മനുഷ്യനിർമ്മിത വസ്തുക്കളെന്നും ഉള്ള വേർതിരിവിന് ഇങ്ങനെയൊരു കാഴ്ച്ചപാടിൽ പ്രസക്തിയില്ല. സ്വന്തം ഇഛാശക്തിക്കനുസൃതമായി പ്രകൃതിയെ മാറ്റിതീർക്കാനുള്ള കെല്പുണ്ടെങ്കിലും മനുഷ്യനു പ്രകൃതിയുടെ ഭാഗമായി മാത്രമേ നിലനിൽപ്പുള്ളൂ എന്നത് മറക്കപ്പെടുന്നു. സമൂഹത്തിന്റെ പൊതുസ്വത്തായ ഭൂമിയേയും വെള്ളത്തേയും വായുവിനേയും പോലും മൂലധനത്തിന്റെ ആദിമ സംഭരണത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഈ നിയോ ലിബറൽ കാലത്ത് ഷൂമാക്കറിനെ മനസിലാക്കാൻ എളുപ്പമാണ്.

സാമ്പ്രദായിക ധനശാസ്ത്രത്തിന്റെ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം വസ്തുവകകൾക്ക് മനുഷ്യരേക്കാളും ഉപഭോഗത്തിനു സർഗ്ഗാത്മകമായ പ്രവൃത്തികളേക്കാളും പ്രാധാന്യം നല്കുന്നു. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് അവരോധിക്കുന്ന ഒരു സാമ്പത്തികശാസ്ത്രത്തിന് അടിത്തറയായി ഷൂമാക്കർ സ്വീകരിക്കുന്നത് ബുദ്ധമത പാഠങ്ങളെയാണ്. ബുദ്ധമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ അഷ്ടാംഗ മാർഗ്ഗങ്ങളിൽ ഒന്നായ ശരിയായജീവിതരീതി (right livelihood) ഒരു സാമ്പത്തികശാസ്ത്രത്തെ മുന്നോട്ട് വയ്ക്കുന്നു എന്ന് ഷൂമാക്കർ പറയുന്നു. ഈ കാഴ്ച്ചപ്പാടിലൂടെ നോക്കുമ്പോൾ ഏതു തൊഴിലും ചുരുങ്ങിയ പക്ഷം ഈ മൂന്ന് കാര്യങ്ങളെങ്കിലും ലക്ഷ്യമിടണം:
1) ഒരു വ്യക്തിയുടെ കഴിവുകളുടെ ഉപയോഗവും വികസനവും; 2) തനിക്കു താൻ മാത്രം മതിയെന്ന ബോധത്തിൽ നിന്ന് പുറത്ത് കടന്ന് സഹജീവികളുമായിട്ടുള്ള സഹകരണത്തിനു വ്യക്തിയെ പ്രാപ്തനാക്കുക; 3) ഏറ്റവും അനുരൂപമായ നിലനില്പിന് ആവശ്യം വേണ്ടുന്ന വസ്തുക്കളുടേയും സേവനങ്ങളുടേയും ഉല്പാദനം.

ബുദ്ധമതചിന്തയിലെ മധ്യമാർഗം എന്ന ആശയം ഷൂമാക്കറെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട് എന്ന് കാണാൻകഴിയും. വിപണിയും ലാഭവും മാത്രമാണ് എല്ലാമെന്ന ഇന്നത്തെ സാമൂഹ്യ-സാമ്പത്തിക ചിന്തകളിൽ ഏറെ പ്രബലമായിട്ടുള്ള മൗലികവാദത്തെ നിരാകരിക്കുമ്പോൾതന്നെ പ്രകൃതിയിലേക്കു മടങ്ങി പോകാനോ, ശാസ്ത്രസാങ്കേതികവിദ്യകളുടെ പൂർണ്ണമായ തിരസ്കരിക്കാനോ ഉള്ള നിർദ്ദേശങ്ങൾ ഒന്നും അദ്ദേഹത്തിൽ കാണില്ല. കൂടുതൽ സന്തുലിതമായ ഒരു വികസന പരിപ്രേക്ഷ്യത്തെകുറിച്ചുള്ള അന്വേഷണങ്ങളൊഴിച്ച്. മിതത്വവും ലാളിത്യവും അഹിംസയും വിദ്യാഭ്യാസവും നൈതികതയുടെ വീണ്ടെടുപ്പും അതുകൊണ്ട്തന്നെ വളരെ പ്രാധാന്യത്തോടെ ഈ ചിന്തകളിൽ കടന്നു വരുന്നു. തൊഴിൽ തേടിയുള്ള മനുഷ്യന്റെ പാലായനങ്ങൾ കുറക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച്, വലിയ മൂലധനം ആവശ്യമില്ലാത്ത തൊഴിലിടങ്ങൾ എന്തുകൊണ്ട് ഉണ്ടാക്കിയെടുക്കണം എന്നതിനെക്കുറിച്ച്, ഉല്പാദനപ്രക്രിയ ലളിതമാകേണ്ടതിനെകുറിച്ച് ഒക്കെ അദ്ദേഹം സംസാരിക്കുന്നു. പ്രാദേശികമായ വിഭവങ്ങളെ ഉപയോഗിച്ച് അതതു ദേശങ്ങളുടെ ആവശ്യങ്ങളെ സാധിപ്പിക്കുന്ന രീതിയിൽ ഉല്പാദനപ്രക്രിയ പുന:സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും. മനുഷ്യനെ അടിമയാക്കുന്ന യന്ത്രവൽക്കരണമല്ല വ്യക്തിയുടെ കഴിവുകളെ വിപുലീകരിക്കുകയും അവന്റെ സമഗ്രവികസനം സാധ്യമാക്കുകയും ചെയ്യുന്ന യന്ത്രവൽക്കരണമാണ് ആവശ്യമെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്താത്ത തൊഴിലാളിക്ക് തൊഴിലിൽ നിന്നും അന്യവല്ക്കരണം അനുഭവപ്പെടാത്ത ഉല്പാദനരീതികളാണു ബുദ്ധിസ്റ്റ് ഇക്കണോമിക്സ് വിഭാവനം ചെയ്യുന്നത് എന്ന് ചുരുക്കം. ഇതിന്റെ പ്രായോഗികതയെ കുറിച്ച് വിമർശനങ്ങൾ ഏറെയുണ്ടാകാം. എങ്കിലും നീതിയുക്തവും നിലനിർത്തി കൊണ്ടുപോകാവുന്നതുമായ ഒരു സാമൂഹ്യക്രമത്തെ തിരിച്ചറിയാനുള്ള ഉരക്കല്ല് തന്നെയാണു സ്വരാജിനെകുറിച്ചുള്ള ഗാന്ധിയൻ സങ്കല്പങ്ങളോട് അടുത്ത് നിൽക്കുന്ന ഈ ആശയങ്ങൾ.

നാട്ടിനു ചേർന്ന ഉല്പാദനരീതികളും സാങ്കേതികവിദ്യകളും തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ഷൂമാക്കർ ആവർത്തിച്ച് പറയുന്ന ഒരു കാര്യമാണ്. ഇത്തരം സാങ്കേതികവിദ്യകളെ ഇടത്തരം സങ്കേതികവിദ്യ (intermediate technology ) എന്നാണ് അദ്ദേഹം വിളിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളിൽനിന്ന് മൂന്നാംലോക രാജ്യങ്ങളിലേക്ക് ആധുനിക സങ്കേതികവിദ്യകൾ അതേപടി ഇറക്കുമതി ചെയ്യുന്നതിനു പകരം അവരാർജ്ജിച്ച അറിവിനെ അതിന്റെ കൃത്യതയോടെ മനസ്സിലാക്കുകയും അതതു സമൂഹങ്ങളുടെ സവിശേഷപ്രശ്നങ്ങളെ പരിഹരിക്കാൻ അവ ഉപയോഗിക്കുകയുമാണു വേണ്ടത് എന്ന് അദ്ദേഹം പറയുന്നു. അതീവ ഗുരുതരമായ തൊഴിലില്ലായ്മയെ നേരിടുന്ന ഒരു പ്രദേശത്ത് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തേണ്ടത് കൂടുതൽ തൊഴിലുകളെ ഇല്ലായ്മ ചെയ്യാനല്ല, പുതിയ തൊഴിലവസരങ്ങളുണ്ടാക്കാനാണ്. മുതൽമുടക്കിന്റെ കാര്യത്തിലായാലും വലുപ്പത്തിന്റെ കാര്യത്തിലായാലും അതതു പ്രദേശങ്ങളുടെ ആവശ്യങ്ങളും പരിമിതികളും ആയിരിക്കണം അവ ഏതു തോതിൽ വേണമെന്നു തിരുമാനിക്കുന്നതിന്റെ മാനദണ്ഡം. ഒന്നാലോചിച്ചാൽ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെയും തുറന്ന സ്റ്റാൻഡേർഡുകളുടെയും ഈ കാലത്ത് നാട്ടിനു ചേർന്ന സാങ്കേതികവിദ്യകൾക്ക് പുതിയ മാനങ്ങൾ കൈവരിക്കാനാകും എന്ന് കാണാം.

ശ്രദ്ധേയമായ ഒരു കാര്യം മുഖ്യധാരാ ഇടതുപക്ഷങ്ങളെ പോലെയുള്ള പ്രസ്ഥാനങ്ങൾ ഇത്തരം ബദൽരീതികളോട് പണ്ടത്തെയത്ര വിമുഖത കാട്ടുന്നില്ല എന്നതാണ്. കേരളം പോലെ മുതലാളിത്ത വ്യവസ്ഥക്കകത്ത് മാറിമാറി ഭരണവും സമരവും ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലങ്ങളിൽ പ്രത്യേകിച്ചും. ആഗോളവല്ക്കരണത്തിനും ഫിനാൻസ് ക്യാപിറ്റലിസത്തിനും എതിരായ സമരങ്ങളിൽ ഒരു പുതിയ വികസന പരിപ്രേക്ഷ്യത്തിനു വലിയ പങ്കുവഹിക്കാനുണ്ടെന്ന തിരിച്ചറിവാണു കാരണം. പ്രാദേശിക വികസനത്തില് ഈ പുതിയ രീതികൾ തേടാൻ ശ്രമിച്ച ജനകീയാസൂത്രണ പ്രസ്ഥാനം, സംസ്ഥാനത്തെ സ്ത്രീശാക്തീകരണത്തിനു വലിയ സംഭാവനകൾ നല്കിയ കുടുംബശ്രീ പോലുള്ള പദ്ധതികൾ, ജൈവകൃഷി പോലുള്ള മുന്നേറ്റങ്ങൾ എന്നിങ്ങനെ നാട്ടിനു ചേർന്ന വികസനത്തിനു വേണ്ടിയുള്ള ബദൽ രീതികൾ തേടുന്ന നിരവധി ഉദാഹരണങ്ങൾ ചൂണ്ടികാണിക്കാൻകഴിയും. ഡോ. തോമസ് ഐസക് എഴുതിയത് ശ്രദ്ധിക്കുക:ഇന്നത്തെ ഭീഷണി ബഹുരാഷ്ട്ര കുത്തകക്കമ്പനികളാൽ നിയന്ത്രിക്കപ്പെടുന്ന അനിയന്ത്രിതമായ രാസവളത്തിന്റെയും കീടനാശിനികളുടെയും ഉപയോഗമാണ്. ഇത് കേരളീയരുടെ ആരോഗ്യത്തിനു ഭീഷണിയായിത്തീർന്നിരിക്കുന്നു. ഇതിനോടുളള ഒരു പ്രതിരോധമാണു ജൈവകൃഷിയ്ക്കു നല്കുന്ന ഊന്നൽ. ജൈവവളത്തിനു പൂരകമായി എന്തെങ്കിലും സൂക്ഷ്മ മൂലകമോ രാസപോഷകങ്ങളോ കൃത്യമായ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ നല്കുന്നതിനു ഞാൻ എതിരല്ല. ഇതിനെയാണു സുരക്ഷിതകൃഷി എന്നു വിളിക്കുന്നത്. ഏതായാലും ജൈവകൃഷിമൂലം ഉണ്ടാകുന്ന ഉല്പാദനക്ഷമതയുടെ ഇടിവ് കേരളത്തിൽ എന്തെങ്കിലും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചിന്തിച്ച് ആരും വിഷമിക്കേണ്ടതില്ല. നമ്മൾ കൃഷിയേ ഉപേക്ഷിക്കുന്നു എന്നുളളതാണ് ഇന്നത്തെ പ്രശ്നം. അതുകൊണ്ട് ഉല്പാദനക്ഷമത അല്പം കുറഞ്ഞാലും ജൈവപച്ചക്കറിയുടെയും മറ്റും പുതിയ ഉല്പാദനം അധികഉല്പാദനമായിരിക്കും.. എന്നാൽ അതേ സമയം നമ്മുടെ ആവാസവ്യവസ്ഥയായ പ്രകൃതിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള സംരക്ഷണം മനുഷ്യവംശത്തിന്റെ അതിജീവനത്തിനുതന്നെ ഏറ്റവും ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ധീരമായതിരുമാനങ്ങൾ എടുക്കാൻ ഈ രാഷ്ട്രീയപ്രസ്ഥാനങ്ങളൊന്നുംതന്നെ പലപ്പോഴും തയ്യാറാകുന്നില്ല.

ഷൂമാക്കറുടേത് പുരുഷകേന്ദ്രീകൃതമായ ഒരു ലോകവീക്ഷ്ണമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പരിസ്ഥിതിവാദിയും ഗ്രന്ഥകാരനുമായ ആൻഡ്രൂ സിംസ് കുറച്ച് വർഷം മുൻപ് ഗാർഡിയനിൽ എഴുതിയ ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ സ്ത്രീക്ക് സമ്പദ് വ്യവസ്ഥയിലുള്ള പങ്ക് സ്മാൾ ഈസ്  ബ്യൂട്ടിഫുളിൽ കടന്നുവരുന്നില്ല. ഫെമിനിസ്റ്റ് സാമ്പത്തികശാസ്ത്രത്തിനു വലിയ സംഭാവനകൾ നല്കിയ മരിലിൻ വേയറിങ്ങിന്റെ If Women Counted എന്ന പുസ്തകം ഷൂമാക്കറിനോട് ചേർത്തു വായിക്കേണ്ടതുണ്ട് എന്ന് സിംസ് അഭിപ്രായപ്പെടുന്നു. ഷൂമാക്കറെകുറിച്ചുള്ള അനുസ്മരണത്തിൽ ഫ്രിജോഫ് കാപ്രയും സമാനമായ അഭിപ്രായപ്രകടനം നടത്തുന്നുണ്ട്. പലപ്പോഴും പുരുഷകേന്ദ്രീകൃതമായ ഭാഷയാണു ഷൂമാക്കർ ഉപയോഗിക്കുന്നത് എന്ന് കാപ്ര പറയുന്നു (Frijof Capra, Uncommon Wisdom). പക്ഷേ ഈ പരിമിതികൾ ഒന്നുംതന്നെ ഷൂമാക്കറുടെ പ്രസക്തിയെ തെല്ലും കുറക്കുന്നില്ല.

ഷൂമാക്കറിന്റെ വേറൊരു പരിമിതി ഉദ്പാദനരീതികളിലുള്ള ഊന്നൽ നൽകുമ്പോൾ ഉദ്പാദനബന്ധങ്ങളുടെ പുന:സംഘടനയുടെ ആവശ്യവും അതിൽ അന്തർഭവിച്ചിട്ടുള്ള രാഷ്ട്രീയവും പറയാൻ അദ്ദേഹം മടികാണിക്കുന്നു എന്നതാണ് . സ്വകാര്യ സ്വത്തുടമസ്ഥതയെ സ്റ്റേറ്റ് മുതലാളിത്തത്തെകൊണ്ട് പുനഃസ്ഥാപിക്കുക എന്ന ലളിതയുക്തിയിലല്ല ഉദ്പാദനബന്ധങ്ങളുടെ പുന:സംഘടനയെകുറിച്ച് ഇവിടെ സൂചിപ്പിക്കുന്നത്. നാടിനു അനുയോജ്യമായ ഉദ്പാദനരീതികളും അവയ്ക്ക് ചേർന്ന സംഘടനാരൂപങ്ങളും അതിനാവശ്യമായ സാമൂഹ്യനിയന്ത്രണങ്ങളും ഒക്കെ അദ്ദേഹം ചർച്ചാവിഷയം ആക്കുന്നുണ്ട്. പക്ഷേ ഇതൊക്കെ എങ്ങിനെ കൈവരുത്തും എന്നതിനെകുറിച്ച് സ്മാൾ ഈസ് ബ്യൂട്ടിഫുൾ കൃത്യമായ ഉത്തരം നല്കുന്നില്ല. ലാഭാധിഷിതമായ ഒരു സമ്പദ് വ്യവസ്ഥയെകൊണ്ട് ലാഭം മാത്രമുള്ളവർ എന്തിന് അതിനെ മാറ്റാനൊരുങ്ങണം? കാലാവസ്ഥാവ്യതിയാനങ്ങളെ നിയന്ത്രിക്കുന്നതിൽ സ്വകാര്യമേഖലക്കല്ല ലോകസർക്കാരുകൾക്കാണ് എന്തെങ്കിലും ചെയ്യാൻ കഴിയുക എന്ന് ബിൽ ഗേറ്റ്സിനെപോലുള്ള ഒരാൾപോലും പ്രഖ്യാപിച്ചത് കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു. അങ്ങിനെയൊരു അഭിപ്രായപ്രകടനത്തിന്റെ പ്രേരണകൾ എന്തായിരുന്നാലും അത് വിരൽ ചൂണ്ടുന്നത് കാതലായ ഒരു പ്രശ്നത്തിലേക്ക് തന്നെയാണ്.

 

ചരിത്രത്തെ മാറ്റിമറിക്കാൻ ശ്രമിക്കാതെ അതിനെ വ്യാഖ്യാനിച്ച് കൊണ്ട് ഒരു മധ്യമാർഗം ഷൂമാക്കർ സ്വീകരിക്കുന്നു. മറ്റൊരു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അല്ല സ്മാൾ ഈസ് ബ്യൂട്ടിഫുൾ.

Comments

comments