നങ്ങൾക്കുമേൽ അടിച്ചേല്പിക്കപ്പെടുന്ന സാംസ്കാരിക മോറൽ പൊലീസിംഗിനെതിരെയും അതിക്രമങ്ങൾക്കെതിരായും കൊച്ചിയിൽ സംഘടിക്കപ്പെട്ട ആദ്യത്തെ കിസ് ഓഫ് ലവ് പ്രതിഷേധത്തിനു നവംബർ 2-നു ഒരു വർഷം തികഞ്ഞിരിക്കുകയാണു. മംഗലാപുരത്തും ബാംഗളൂരും സംഘപരിവാർ അഴിച്ചുവിട്ട അക്രമപരമ്പരകളുടെ മാതൃക പുനരാവിഷ്കരിക്കാനുള്ള ശ്രമമാണു കോഴിക്കോട്ടെ ഡൗൺടൗൺ ഹോട്ടലിൽ നടന്നത് എന്ന തിരിച്ചറിവിൽ നിന്നാണു അതുണ്ടായത്. ഡെൽഹി, ബാംഗലൂർ, കൊൽക്കത്ത ചെന്നൈ, മുംബൈ, തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ തുടങ്ങി ഒട്ടേറേ സ്ഥലങ്ങളിൽ നിരവധി വ്യക്തികളും സർവ്വകലാശാലകളും സംഘടനകളും തോളോട് തോൾ ചേർന്ന് ആ സമരം സംഘടിപ്പിച്ചു. അതിനു ശേഷം  ഉണ്ടായിവന്ന പലതരം പുരോഗമനമുന്നേറ്റങ്ങൾക്കുവേണ്ടിയും സമരങ്ങൾക്കുവേണ്ടിയും നിലകൊള്ളുകയും അവയിലൊക്കെ  പങ്കെടുക്കുകയും ചെയ്യുന്ന ഒരുപാട് വ്യക്തികളുടെ ഒരു ശൃംഖലയും അങ്ങനെ രൂപംകൊണ്ടു. ഭൂരിപക്ഷം പ്രവർത്തകരും ഓൺലൈനിലും നേരിട്ടും ഭീഷണികൾക്കും അസഭ്യവർഷങ്ങൾക്കും ഇരയായി, ടീ വി ചർച്ചകളിൽ അധിക്ഷേപിക്കപ്പെട്ടു. എങ്കിലും സാവധാനത്തിൽ, എന്നാൽ സ്ഥിരതയോടെ പുരോഗമനാശയങ്ങൾ ചർച്ച ചെയ്യപ്പെടാൻ വേണ്ട ഇടങ്ങൾ സൈബർ ഇടങ്ങൾ വഴിയും ബദൽ മാധ്യമങ്ങൾ വഴിയും പൊതുമീറ്റിംഗുകൾ സംഘടിപ്പിച്ചും മറ്റും  സൃഷ്ടിച്ചെടുക്കാൻ പ്രസ്ഥാനത്തിനും അതിന്റെ പ്രകർത്തകർക്കും സാധിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ കിസ്സ് ഓഫ് ലവ് പ്രസ്ഥാനത്തിനെതിരെ നടന്ന ആക്രമണങ്ങളുടെ നീണ്ട പട്ടികയിൽ ഏറ്റവും അവസാനത്തേതാണു ലൈംഗിക വ്യാപാരം ആരോപിക്കപ്പെട്ട് അതിന്റെ പ്രവർത്തകരായിരുന്ന രാഹുൽ പശുപാലന്റെയും രശ്മിയുടെയും നേർക്കുണ്ടായ അറസ്റ്റ്. ഈ സാഹചര്യത്തിൽ ഈ വിവാദവും കിസ് ഓഫ് ലവും സംബന്ധിച്ചുള്ള ചില വസ്തുതകൾ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരിക എന്നത് പ്രധാനമാണെന്ന് കിസ് ഓഫ് ലവിന്റെ സജീവപ്രവർത്തകർ എന്ന നിലയ്ക്ക് ഞങ്ങൾ കരുതുന്നു.

1. കിസ് ഓഫ് ലവ് ഒരു ഔദ്യോഗിക നേതൃത്വത്തോടെ നടപ്പിൽ വരുത്തിയ ഒരു മുന്നേറ്റമല്ല. പ്രസ്ഥാനത്തിന്റെ ആശയത്തിനെതിരെ നിലപാടെടുക്കുന്ന ആളുകളെ അച്ചടക്കലംഘനത്തിനു നടപടിയെടുക്കാനോ പുറത്താക്കാനോ ഇതിനു മുഴുവൻ സമയ പ്രവർത്തകരോ ഒഫിഷ്യൽ കമ്മിറ്റികളോ ഇല്ല. കിസ് ഓഫ് ലവ് അതിനെ പിന്തുണയ്ക്കുന്നവരുടെ സ്വകാര്യജീവിതത്തിലെ വിശേഷങ്ങളോ അവരുടെ രാഷ്ട്രീയബന്ധങ്ങളോ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നില്ല, എന്നാൽത്തന്നെയും തീർച്ചയായും സാമൂഹ്യമായ ഓഡിറ്റിംഗ് ഉണ്ടായിരിക്കുംതാനും.

ഇരുവരെയും ഇതിന്റെ പ്രധാന വക്താക്കളായി ഉയർത്തിക്കാട്ടിയതും അവർക്ക് ചുംബനസമര നായകൻ എന്നും നായിക എന്നും പേരു ചാർത്തിക്കൊടുത്തതും അവരെ കിസ് ഓഫ് ലവ് പ്രസ്ഥാനത്തിന്റെ ഐക്കണുകളായി മാറ്റിയതും മാധ്യമങ്ങളാണു. മാധ്യമങ്ങളുടെ ഒളിഞ്ഞുനോട്ട/നിരീക്ഷണ പ്രവണതയാണു മോഡലിംഗിലും സിനിമാപ്രവർത്തനത്തിലും ഏർപ്പെട്ടിട്ടുള്ള ഇവർ രണ്ടാളിലേക്ക് മാത്രം കിസ് ഓഫ് ലവിനെ ചുരുക്കിയത്. കഴിഞ്ഞ ചില മാസങ്ങൾക്കുള്ളിൽ ചെറിയാൻ ഫിലിപ്പിന്റെ സ്ത്രീവിരുദ്ധമായ അഭിപ്രായപ്രകടനത്തിന്റെ കാര്യത്തിൽ കിസ് ഓഫ് ലവിന്റെ ആദർശത്തിനും നിലപാടുകൾക്കും വിരുദ്ധമായ നിലപാടാണു രാഹുൽ പശുപാലൻ സ്വീകരിച്ചിരുന്നത്. പ്രസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്ന നിരവധി ആളുകൾ അതിനെ ചോദ്യം ചെയ്യുകയും തിരുത്താൻ തയ്യാറല്ല എന്ന രാഹുൽ പശുപാലന്റെ നിലപാടിനെ പരസ്യമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവവികാസങ്ങളെയൊക്കെ അവഗണിച്ചുകൊണ്ട് രാഹുൽ പശുപാലൻ സമം കിസ് ഓഫ് ലവ് എന്ന നിലപാടാണു മാധ്യമങ്ങൾ അവരുടെ റിപ്പോർട്ടുകളിലൊക്കെ സ്ഥിരമായി കൈക്കൊള്ളുന്നത്. വലതുപക്ഷ വർഗ്ഗീയശക്തികൾക്കെതിരെ ശക്തമായ ഒരു ഭീഷണിയായി നിലവിൽ വന്നുകഴിഞ്ഞ കിസ് ഓഫ് ലവിന്റെ വിശ്വാസ്യതയെ താറടിച്ചു കാണിക്കുകയും നശിപ്പിക്കുകയും എന്നതാനു മാധ്യമങ്ങളുടെ ലക്ഷ്യം എന്നതിന്റെ പ്രകടമായ സൂചനയാണിത്. കിസ് ഓഫ് ലവിനെ സംബന്ധിച്ച്  മാധ്യമങ്ങളുടെ ഈ കടന്നാക്രമണം കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ അനുഭവിച്ച ആക്രമണങ്ങളുടെ നീണ്ട നിരയിൽ ഒടുവിലത്തെ ഒന്ന് മാത്രമാണു.  ഞങ്ങളവയെ അതിജീവിച്ചിട്ടുണ്ട്. ഇതിനെയും അതിജീവിക്കുക തന്നെ ചെയ്യും.

ഇവർക്ക് രണ്ടുപേർക്കുമെതിരായ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത് 18-11-2015-നു (രണ്ടു ദിവസം മുൻപ്) മാത്രമാണു എന്നതിനാൽ അവർ കുറ്റവാളികളാണെന്ന ധാരണയിൽ ഇപ്പോഴേ എത്തിച്ചേരുന്നത് ഉചിതമല്ല എന്നതും പ്രധാനമാണു. അവർക്ക് ന്യായമായ വിചാരണ ലഭിക്കണമെന്നും അവർ കുറ്റവാളികളാണെങ്കിൽ നിയമാനുസൃതം ശിക്ഷിക്കപ്പെടണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. അതിനുമുൻപ് തന്നെ അവരെ അപരാധികളായി ചിത്രീകരിക്കുന്നത് നിയമവിരുദ്ധവും അധാർമ്മികവുമാണു.

2. ലൈംഗികവൃത്തി സംബന്ധിച്ച് കിസ് ഓഫ് ലവിനു ഒരു കൂട്ടായ നിലപാടില്ലെങ്കിൽത്തന്നെയും ഞങ്ങൾ ഒന്നടങ്കം കുട്ടികൾക്കു നേരെയുള്ള ലൈംഗികചൂഷണങ്ങളെ എതിർക്കുന്നവരാണെന്ന് മാത്രമല്ല ഞങ്ങളിൽ പലരും അത്തരം ശ്രമങ്ങളെയും പേജുകളെയും, ഈ കേസിലെ കൊച്ചുസുന്ദരികൾ എന്ന പേജിനെ എന്ന പോലെ, റിപ്പോർട്ട് ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തിട്ടുള്ളവരാണു. പല റിപ്പോർട്ടുകളിലും പ്രസ്താവിച്ചിട്ടുള്ളതുപോലെ ആ പേജ് റിപ്പോർട്ട് ചെയ്യുകയും പൊലീസിനെ അതുമായി ബന്ധപ്പെട്ട് സഹായിക്കുകയും ചെയ്ത ആളുകളും കിസ് ഓഫ് ലവിൽ ഉള്ളവരാണു. എന്തുകൊണ്ടാണു മാധ്യമങ്ങൾ ചില വശങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുകയും ശിശിപീഡക റാക്കറ്റിനെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിൽ പ്രസ്ഥാനം പ്രസ്ഥാനം വഹിച്ച പങ്ക് അവഗണിക്കുകയും ചെയ്യുന്നത്?

3. മനുഷ്യാവകാശങ്ങളും ഭരണഘടന അനുവദിക്കുന്ന മറ്റവകാശങ്ങൾക്കു വേണ്ടിയും നിലകൊള്ളുന്ന ആളുകൾക്കെതിരെ വർധിച്ചുവരുന്ന അസഹിഷ്ണുതയും അതിക്രമങ്ങളും കിസ് ഓഫ് ലവ് പോലെയുള്ള പ്രസ്ഥാനങ്ങളെ ഇന്ന് എന്നത്തെക്കാളും പ്രസക്തമാക്കുന്നു. പുരുഷാധിപത്യസമൂഹത്തിൽ നിലവിലിരിക്കുന്ന പെരുമാറ്റസംഹിതകളെയും അധികാരത്തിലിരിക്കുന്നവരുടെ വലതുപക്ഷ അജണ്ടകളെയും എതിർക്കുകയും ചെറുക്കുകയും ചെയ്യുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കാൻ കിസ് ഓഫ് ലവിനു കഴിഞ്ഞിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ അവഗണിക്കുകയും തമസ്കരിക്കുകയും ചെയ്യുന്ന വാർത്തകൾ സോഷ്യൽ മീഡിയ ഇടങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ പ്രചരിപ്പിക്കാനാകുന്നുണ്ട് എന്നത് ഫാസിസ്റ്റ് ശക്തികളെ ഭയപ്പെടുത്തുന്ന മറ്റൊരു സംഗതിയാണു

 

ഇതിൽ പ്രവർത്തിച്ച പലരും പമ്പ ബസ് സമരം, ആർത്തവസമരം, കല്യാൺസാരീസ് ഇരിക്കൽ സമരം, എന്റെവക 500, ഫോർ എ ബെറ്റർ എഫ്ബി കാമ്പെയിൻ, ക്വീർപ്രൈഡ് മാർച്ച്, മൂന്നാർ പെൺപിള ഒരുമൈ സമരം തുടങ്ങിയ പലപ്രതിഷേധസമരങ്ങളും സംഘടിപ്പിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും സജീവമായിരുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള നിഷേധസ്വരങ്ങളുടെ ഉയർച്ച അധികാരകേന്ദ്രങ്ങളെയും സാംസ്കാരികസദാചാരത്തിന്റെ വക്താക്കളേയും ഭീഷണിപ്പെടുത്തുന്നതായി.  അതിനാൽ തന്നെ ഇത്തരം പുരോഗമനപ്രസ്ഥാനങ്ങളെ എതിർത്ത് അടിച്ചമർത്തേണ്ടത് ഇരുകൂട്ടരുടേയും കൂട്ടുത്തരവാദിത്തമായി മാറി. സ്ത്രീ വിദ്വേഷം, ലൈംഗികയാഥാസ്തികത്വം, ലിംഗ അസമത്വം തുടങ്ങി ഈ സമൂഹത്തിൽ ആഴത്തിൽ നടമാടുന്ന ഇത്തരത്തിലുള്ള അനീതികളെ ഒക്കെ കുറച്ച് സമരങ്ങളിലൂടെ മാത്രം ഇല്ലാതാക്കാൻ കഴിയില്ല. ഈ ദുഷ്പ്രവണതകളെയൊക്കെ ചുംബനസമരം ചോദ്യം ചെയ്യുകയുംഭയപ്പെടുത്തുകയും ചെയ്തുവെങ്കിൽ വരും നാളുകളിൽ ഇത്തരം സമരങ്ങൾ ആവർത്തിച്ച് വെല്ലുവിളിക്കുക തന്നെ ചെയ്തുകൊണ്ടിരിക്കും.

Comments

comments