കേരളത്തിലെ കലാലയങ്ങള്‍ ആധുനികസമൂഹത്തിന്റെ സമത്വ-സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളുടെ നിഷേധഭൂമികളായി മാറുന്നു എന്നത് ആശങ്കാഭരിതമായ മനസ്സോടെ മാത്രമേ വീക്ഷിക്കാന്‍ കഴിയൂ. തിരുവനന്തപുരം ഗവര്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്, കാസര്‍കോട് സെന്‍ട്രല്‍ യൂനിവേര്‍സിറ്റി, കോഴിക്കോട് ഫാറൂഖ് കോളേജ്, മഹാരാജാസ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നവ ആയിരുന്നു. കേരളത്തില്‍ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിനിടയില്‍ രണ്ട് മുന്നണികളുടെ യാഥാസ്ഥിതിക നേതൃത്വത്തോട് സന്ധിയില്ലാതെ പൊരുതി കേരളത്തിലെ സിവില്‍സമൂഹം നേടിയെടുത്ത പരിമിതമായ ലിംഗനീതിയുടെയും ജാതിനീതിയുടെയും രാഷ്ട്രീയത്തെ കുരുതി കൊടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് പറയാതെ വയ്യ. ഇതിനെതിരെ കേരളത്തിലെ വിദ്യാര്‍ഥിസമൂഹത്തിലെ ഒരു വിഭാഗം നിതാന്തമായ ജാഗ്രതയും രാഷ്ട്രീയമായ പക്വതയും കൈമോശം വരാതെയുള്ള നിരന്തരമായ പോരാട്ടത്തിലാണ്. ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ബ്രേക്ക് ദി കർഫ്യു (Break the Curfew) പോലുള്ള വിദ്യാര്‍ഥിമുന്നേറ്റങ്ങള്‍ ഇതിന്റെ ഭാഗമായി രൂപപ്പെട്ടിട്ടുള്ളതാണ്. വളരെ ചെറിയ സഹായം മാത്രമേ ഇത്തരം രാഷ്ട്രീയ സമരങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്നുള്ളൂ.

വിദ്യാര്‍ഥികളുടെ, വിശേഷിച്ച് പെണ്‍കുട്ടികളുടെ ജീവിതത്തില്‍ നിന്ന് കലാലയ ജീവിതത്തിന്റെ എല്ലാ ആഹ്ലാദങ്ങളും കവര്‍ന്നെടുക്കുന്ന സദാചാര ഭീകരത നമ്മെ തുറിച്ചുനോക്കുകയാണ്. ഒരു സമൂഹം എന്ന നിലയില്‍ നാം എത്രമാത്രം അധപതിക്കുന്നു എന്നതിന്റെ സൂചികയായാണ് ഞാന്‍ ലിംഗനീതി നിഷേധത്തെ കാണുന്നത്. സമത്വബോധമില്ലാത്ത, ജനാധിപത്യ ബോധമില്ലാത്ത, ലൈംഗികസാക്ഷരതയില്ലാത്ത, ലിബറല്‍മൂല്യങ്ങളെ വെറുക്കുന്ന, കേവലമായ പുരുഷാധികാരത്തിന്റെ, യഥാസ്ഥിതികത്വത്തിന്റെ   സ്വയംനിയോഗികളായ കാവലാളുകള്‍ കലാലയങ്ങളെ പട്ടാളബാരക്കുകള്‍ ആക്കുകയാണ്.   

കാസര്‍കോട് സെന്‍ട്രല്‍ യൂനിവേര്‍സിറ്റിയില്‍ ജി. ഗോപകുമാര്‍ വൈസ് ചാന്‍സലര്‍ ആയി ചുമതല ഏറ്റെടുത്തത് മുതലാണ്‌ പ്രശങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങിയത് എന്ന് കരുതുന്നില്ല. ഫാറൂഖ് കോളേജിലെ പ്രശ്നം ഒറ്റപ്പെട്ടതാണ് എന്നും കരുതുന്നില്ല. മഹാരാജാസ് കോളേജില്‍ മാത്രമാണു ദളിത്‌ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നത് എന്നതും ശരിയല്ലയിരിക്കാം. പക്ഷെ പുറത്തു വരുന്ന ഇത്തരം സംഭവങ്ങള്‍ നമ്മുടെ സമൂഹം എങ്ങോട്ടാണ് നീങ്ങുന്നത്‌ എന്നതിനെ കുറിച്ചുള്ള ചൂണ്ടുപലകയാവുന്നു എന്നതാണ് യഥാര്‍ത്ഥ്യം. ആര്‍ട്ട് ഫെസ്റ്റിവല്‍ കഴിഞ്ഞു ഹോസ്റ്റലില്‍ താമസിച്ചെത്തി എന്ന് പറഞ്ഞു വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി അപമാനിക്കുന്ന ഗോപകുമാറിന്റെ ഉദ്യോഗസ്ഥവൃന്ദത്തിന്റെയും, സമര്‍ത്ഥനായ ദളിത്‌ വിദ്യാര്‍ത്ഥിയും തികഞ്ഞ ജനാധിപത്യവാദിയുമായ ദിനുവിനോടുള്ള ഫാറൂഖ് കോളേജ് മാനേജ്മെന്റിന്റെയും മഹാരാജാസിലെ ദളിത് വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന എസ്. എഫ്. ഐ യുടെയും പക നിറഞ്ഞ നിലപാടുകള്‍ കാമ്പസ്സുകളില്‍ ഉണ്ടാവേണ്ട ലിംഗ-ജാതി സഹവര്‍ത്തിത്വത്തിന്റെ അടിത്തറയാണ് തകര്‍ക്കുന്നത്. ക്രിസ്ത്യന്‍- ഹിന്ദു മാനേജ്മെന്റുകളുടെ കീഴിലുള്ള സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കോളേജുകളില്‍ തന്നേയും നിലനില്‍ക്കുന്ന ലിംഗനീതി നിഷേധങ്ങള്‍ പരക്കെ അറിവുള്ളതാണെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് പരമാര്‍ത്ഥം.

ഇതുമായി ബന്ധപ്പെട്ടു ചര്‍ച്ചചെയ്യേണ്ട വിഷയമാണ് സംസ്ഥാന ഹയര്‍ എഡ്യൂക്കേഷന്‍ കൌണ്‍സില്‍   രൂപംകൊടുത്ത “കാംപസ്സുകളിലെ ലിംഗനീതി കമ്മിറ്റി” യുടെ റിപ്പോര്‍ട്ട് (The Kerala State Higher Education Council (KSHEC) Samaagati- Breaking Barriers, Reclaiming Space: Report of the Committee on Gender Justice on Campuses) .   2015 ഒക്ടോബറിൽ ആണ് റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചത്. UGC യുടെ ലിംഗനീതി ടാസ്ക് ഫോര്‍സ് (The Task Force to Review the Measures for Ensuring the Safety ofWomen on Campuses and Programmes for Gender Sensitization) അധ്യക്ഷ ആയിരുന്ന മീനാക്ഷി ഗോപിനാഥ് ചെയര്‍പേഴ്സണും ഡോ. ഷീന ഷുക്കൂര്‍ കണ്‍വീനറുമായുള്ള സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതേക്കുറിച്ചുള്ള ഗൌരവമായ ഒരു ചര്‍ച്ചക്ക് തുടക്കമിടാന്‍ കൂടി തയ്യാറാവാതെ മാധ്യമങ്ങള്‍ പോലും ഒഴിഞ്ഞു നില്‍ക്കുകയാണ്.  

ഈ റിപ്പോര്‍ട്ട് സമഗ്രമോ ഇന്നത്തെ ലോകത്തിനാവശ്യമായ എല്ലാ ജനാധിപത്യസംസ്കാരവും ഉള്‍ക്കൊള്ളുന്നതോ ആണെന്ന് പറയാനാവില്ല. എന്നാല്‍ റിപ്പോർട്ടിലെ പല ശുപാർശകളും അതിൻറെ  അന്ത:സത്തയില്‍   നടപ്പിലാക്കുകയാണെങ്കില്‍, നമ്മുടെ കാംപസ്സുകളിൽ ലിംഗസമത്വത്തിന്‍റെ  ലക്ഷ്യതിലേക്കുള്ള ഒരു വലിയ കാല്‍വയ്പ്പായിരിക്കും അത് എന്നത് തീര്‍ച്ചയാണ്. വൈസ് ചാന്‍സലര്‍ ജി. ഗോപകുമാറും ഫാറൂഖ് കോളേജ് മാനേജ്മെന്റും അറിഞ്ഞിരിക്കേണ്ട നിരവധി പാഠങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്.

2013-ലെ ലൈംഗിക പീഡനനിയമത്തിന്‍റെ  വകുപ്പുകളും കാംപസ്സുകളിലെ ലിംഗനീതി സമിതികളുടെ പ്രവൃത്തികളും തമ്മില്‍ പോരുത്തപ്പെടുത്തേണ്ടതുണ്ട് എന്ന് റിപ്പോര്‍ട്ട് പറയുന്നു.   ചില ചാനല്‍ചര്‍ച്ചകളില്‍ ഫാറൂഖ് കോളേജിന്റെ സമീപനത്തിനെതിരെ ദിനു ഉന്നയിച്ച ചില പ്രശ്നങ്ങളും ഗൌരവമുള്ളവയാണ്. ഈ പോരുത്തക്കെടില്‍ നിന്ന് ഉണ്ടാവുന്നതാണ് മാനേജ്മെന്റുകള്‍ തങ്ങള്‍ക്കുണ്ട് എന്ന് ധരിക്കുന്ന അമിതാധികാരങ്ങള്‍. 2013-ലെ ലൈംഗിക പീഡന നിയമത്തിന്റെ സമീപനം സ്വീകരിക്കാന്‍ കോളേജുകളിലെ harassment committee കള്‍ക്ക് ബാധ്യതയുണ്ട് എന്നതാണ് പലപ്പോഴും വിസ്മരിക്കപ്പെടുന്നത്.   

റിപ്പോര്‍ട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശം ഇപ്പോള്‍ കാസര്‍കോട്ടും കോഴിക്കൊട്ടുമൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നതിനു തടയിടേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു. കേരളത്തിലെ കാമ്പസ്സുകളില്‍ ഇപ്പോള്‍ നിലവിലിരിക്കുന്നതും സ്ത്രീവിരുദ്ധവുമായ  എല്ലാ  സംരക്ഷക, നിരീക്ഷക ഇടപാടുകളും ശക്തമായി  നിരുല്‍സാഹപ്പെടുത്തക എന്ന് റിപ്പോര്‍ട്ട് അടിവരയിട്ടു പറയുന്നു. ഇങ്ങനെ സംരക്ഷകവേഷം അണിയാനും അതിന്റെ പേരില്‍ സര്‍വയലന്‍സ് നടത്തി സ്ത്രീകളുടെ ചലനങ്ങള്‍ നിയന്ത്രിക്കാനും  അച്ചടക്കത്തിന്റെ വാളോങ്ങാനും മാനേജ്മെന്റുകള്‍ക്ക്‌ കഴിയുന്ന സാഹചര്യം അവസാനിപ്പിക്കണം എന്ന് തന്നെയാണ് റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നത്. ഇത് സ്ത്രീകളുടെ സ്വയംഭരണാവകാശത്തെ മാനിക്കുകയും ഉറപ്പാക്കുകയും ചെയ്യുന്നതിന് ആവശ്യമാണ്‌ എന്നാണ് റിപ്പോര്‍ട്ടിലെ നിഗമനം.

സംരക്ഷണത്തിന്റെ മറവില്‍ നടക്കുന്നത് അമിതാധികാര പ്രയോഗങ്ങള്‍ ആണ്. പുരുഷാധിപത്യമൂല്യങ്ങള്‍ വച്ചുള്ള വിചാരണകളും ശിക്ഷകളുമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ  റിപ്പോര്‍ട്ട് സൂചിപ്പിക്കുന്ന മറ്റൊരു കാര്യവും കാലികപ്രസക്തി ഉള്ളതാണ്. ഹോസ്റ്റലിലുള്ള വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പുരുഷവിദ്യാര്‍ത്ഥികളില്‍നിന്ന് വിഭിന്നമായ വിവേചനാപരമായ നിയമങ്ങള്‍ നടപ്പിലാക്കാക്കുകയും  അതിനു കാരണമായി “സുരക്ഷിതത്വത്തിനെ കുറിച്ചുള്ള ഉല്‍കണ്‌ഠ”എന്ന പ്രമാണം ഉദ്ധരിക്കുകയും ചെയ്യുന്നതിനെ റിപ്പോര്‍ട്ട് ശക്തമായി അപലപിക്കുകയാണ്.

ഹോസ്റ്റലില്‍ വൈകിവന്നു എന്നതിന്റെ പേരില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി അപമാനിക്കുന്ന സെന്‍ട്രല്‍ യൂനിവേര്സിട്ടി അധികൃതര്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുമ്പോള്‍ കുറ്റവാളികള്‍ ആവുകയാണ് ഉണ്ടാവുക. ആ യൂനിവേർസിറ്റിയിലെ വൈസ് ചാൻസലറും മറ്റു ഉദ്യോഗസ്ഥ പ്രമാണിമാരും ഈ റിപ്പോര്‍ട്ട് മനസ്സിരുത്തി വായിക്കേണ്ടതാണ്. ലൈബ്രറിയിലെയും ലാബുകളിലെയും സമയങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും, സ്ത്രീ ഗവേഷകര്‍ക്കും വിരുദ്ധമാകരുത് എന്ന് റിപ്പോര്‍ട്ട് എടുത്തു പറയുന്നുണ്ട്.  

കോളേജുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഏര്‍പ്പെടുത്തുന്ന ഡ്രെസ്സ്കോഡുകളെയും മറ്റും അപലപിക്കുന്ന റിപ്പോര്‍ട്ട് കേരളത്തിലെ കോളേജുകളിലെ വനിതാ ഹോസ്റ്റലുകളെ കുറിച്ച് നടത്തുന്ന നിരീക്ഷണങ്ങളും  ശ്രദ്ധേയമാണ്:

താമസയോഗ്യമായ ഒരു വാസസ്ഥലം ഉണ്ടാവുക എന്നതിൽ നിന്ന് സ്ത്രീകൾക്കെതിരെയുള്ളപുരുഷാധിപത്യത്തിന്റെ മുഴുവൻ നിഷ്ഠൂരശാസനത്തിനും ഉള്ള ഇടങ്ങൾആയിത്തീരുകയാണ് വനിതാ ഹോസ്റ്റലുകൾ. കേരളത്തിലെ മിക്കവാറും എല്ലായൂണിവേഴ്സിറ്റികളിലും കോളെജുകളിലും ആൺകുട്ടികളുടെ ഹോസ്റ്റലിൽ പ്രവേശനത്തിനുസമയപരിധി ഇല്ലെന്നിരിക്കെ പെൺകുട്ടികളുടെ ഹോസ്റ്റലുകൾ വൈകീട്ട്ആറിനോടടുത്ത ഒരു സമയം നിഷ്കർഷിക്കുന്ന കീഴ്വഴക്കമുണ്ട്. ഇതിൽ നിന്ന് ഇളവ്വേണ്ട സന്ദർഭങ്ങളിലെല്ലാം പെൺകുട്ടികൾ നിർബന്ധമായും വാർഡനിൽ നിന്നോപ്രിൻസിപ്പാളിൽ നിന്നോ റെജിസ്റ്റ്രാറിൽ നിന്നോ അനുമതി വാങ്ങിയേ തീരുഎന്നാണ് നടപ്പുരീതി. ലൈബ്രറികളുടെയും ലാബുകളുടെയും മറ്റും സമയംനീട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പോലും പെൺകുട്ടികളുടെ ഹോസ്റ്റൽസമയങ്ങളെക്കുറിച്ചുള്ള ആശങ്കകളിൽ കുരുങ്ങി നിൽക്കുന്നു പലപ്പോഴും.ഇത്തരത്തിൽ പെൺകുട്ടികളെ കൂട്ടിലടയ്ക്കുന്നത് സ്ത്രീകളേ വ്യക്തിസ്വാതന്ത്രത്തിന്റെയും സ്വയരക്ഷയുടെയും വഴികളിലേക്ക്പ്രോത്സാഹിപ്പിക്കുന്നതിൽ നിന്നും എത്രയോ അകലെയാണ് എന്നതാണ് വസ്തുത” 

സദാചാര പോലീസിംഗിനെതിരെയുള്ള ‘ബ്രേക്ക് ദ കര്‍ഫ്യൂ’ പോലുള്ള വിദ്യാര്‍ഥി സമരങ്ങള്‍ ശക്തിപ്പെടണമെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്:

“ആൺപെൺ ഹോസ്റ്റലുകളിൽ വ്യത്യസ്തമായ സമയ നിയന്ത്രണങ്ങള്‍ ആണ് നിലനില്‍ക്കുന്നത്. സ്ത്രീകളുടെ “സദാചാരം” നിരന്തരം ശ്രദ്ധാകേന്ദ്രമാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ സമയ നിയന്ത്രണം തന്നെ ഒരുതരം സർവ്വൈലെൻസ് തന്നെയായി മാറുകയാണ് ചെയ്യുന്നത്.  നേരത്തെ ഹോസ്റ്റലിൽ തിരിച്ചെത്തിയിരിക്കണം എന്ന നിർബന്ധംപെൺകുട്ടികളുടെ അക്കാഡമിക് പ്രകടനത്തെതന്നെ കാര്യമായി ബാധിക്കുന്നു.ബ്രേക്ക് ദി കർഫ്യുഎന്ന പേരിൽ തിരുവനന്തപുരം ഗവണ്മെന്റ് കോളെജിൽ 2015 തുടങ്ങിവച്ച പ്രക്ഷോഭം പെൺകുട്ടികളുടെ ഗവേഷണസാധ്യതകളെ ഹോസ്റ്റൽ സമയനിഷ്ഠകൾഎത്രകണ്ട് ബാധിക്കുന്നു എന്നും ഇതിനാൽ പെൺകുട്ടികൾ എത്രമാത്രംപിന്തള്ളപ്പെടുന്നു എന്നും വെളിവാക്കുന്നുണ്ട്. സ്ത്രീകളെക്കൂടെഉൾപ്പെടുത്തിയുള്ള ഉന്നതവിദ്യാഭ്യാസത്തിലേക്ക് അർദ്ധസമ്മതത്തോടെയാണെങ്കിലുംഉണ്ടാകുന്ന ചുവടുവെപ്പുകളിൽ ഒന്നായി ഈ പ്രക്ഷോഭം ഇതുവരെ വളർന്നിട്ടില്ല.സ്ത്രീജീവനക്കാർക്കു നേരെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സദാചാര സർവ്വൈലെൻസുംഅവരുടെ വ്യക്തി ജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങളും ഈ പ്രക്ഷോഭത്തിന്റെനിഴലിൽ കേരളത്തിൽ പരക്കേ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്”.

കാമ്പസ്സുകളിലെ പ്രത്യേക ഇടങ്ങളില്‍നിന്ന് സ്ത്രീകളെവിവേചാനാടിസ്ഥാനത്തില്‍ മാറ്റിനിര്‍ത്തുന്നത് പൂര്‍ണമായുംനിരുല്‍സാഹപ്പെടുത്തേണ്ടതുണ്ട് എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അത്തരം വിവേചനം അന്തസ്സിനും സമത്വത്തിനും മുകളിലുള്ള സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കലാണ്.സ്ത്രീകള്‍ക്കു ജിംനേഷ്യം, മൈതാനം എന്നീ സൗകര്യങ്ങള്‍ഉപയോഗിക്കാനുള്ള വ്യവസ്ഥ ചെയ്യേണ്ടതാണ്. ഈ ഇടങ്ങളും സൗകര്യങ്ങളുംപുരുഷന്മാര്‍ക്കു മാത്രമുള്ളതായി മാറിയിരിക്കുന്നു എന്ന് റിപ്പോര്‍ട്ട് ആകുലപ്പെടുന്നുണ്ട്.

വിദ്യാര്‍ഥിനികളുടെ ശരീരത്തിന് മേല്‍, മനസ്സിന് മേല്‍ തങ്ങള്‍ക്കെന്തോ സവിശേഷ സദാചാരാധികാരം ഉണ്ട് എന്ന മട്ടിലാണ് പല കോളേജ് മാനേജ്മെന്റുകളും സര്‍ക്കാര്‍ കോളേജുകളിലെ തന്നെ അധികാരികളും  പെരുമാറുന്നത്. ഈ മനോഭാവതോടുള്ള ശക്തമായ താക്കീതാണ് ഈ റിപ്പോര്‍ട്ട്- ഇതിനു മറ്റെന്തു പരിമിതികള്‍ ഉണ്ടെങ്കിലും.  സ്കൂളുകളിലെ കാര്യവും വിഭിന്നമല്ല. പക്ഷെ ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് പ്രായപൂര്‍ത്തിയായ യുവാക്കളുടെ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്.

ഇങ്ങനെ പറയുമ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും അദ്ധ്യാപികമാര്‍ക്കും സവിശേഷമായ സുരക്ഷിത ഇടങ്ങള്‍ അനുവദിക്കേണ്ട എന്ന് വായിക്കാന്‍ തയ്യാറാവുന്ന വൈസ് ചാൻസലർമാരും മന്ത്രിമാരും വരെ ഉണ്ടാവും എന്ന് ഉറപ്പുള്ളതുകൊണ്ടാവാം ഇക്കാര്യം റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. പല കാംപസ്സുകളിലും വെളിച്ചത്തിന്റെയും, വൃത്തിയുള്ള ശൌചാലയങ്ങളുടെയുംഗുരുതരമായ അഭാവമുണ്ട്. ശുചിത്വപൂര്‍ണമായ സൗകര്യങ്ങളും, മറവുകളും ഇല്ലാതിരിക്കുന്നത് വിദ്യാര്‍ഥിനികളെയും അദ്ധ്യാപികമാരെയും വളരെയധികം ബാധിക്കുന്നുണ്ട്. ഇതൊരു പ്രതിബന്ധമായി പരാമര്‍ശിക്കപ്പെടുന്നു. സ്പോര്‍ട്സ്, മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയിലുള്ള സ്ത്രീകളുടെ പങ്കെടുക്കല്‍ ഉറപ്പിക്കാനാണ് അല്ലാതെ അവരെ അതില്‍ നിന്ന് വിലക്കാനല്ല അവര്‍ക്ക്വിശേഷാലുള്ള സുരക്ഷിത ഇടങ്ങള്‍, ശുചിത്വമുള്ള വസ്ത്രം മാറുന്ന മുറികള്‍, ടോയ്‌ലറ്റുകള്‍, മുതലായവ തയ്യറാക്കി കൊടുക്കേണ്ടത് എന്നതാണ് റിപ്പോര്‍ട്ടിലെ സമീപനം. പൊതുവായ പരിപാടികളില്‍നിന്ന് സ്ത്രീകളെ ഒഴിവാക്കി നിർത്തുവാനല്ല, മറിച്ചു കൂടുതലായി പങ്കെടുപ്പിക്കാനാണ് അധികൃതര്‍ സൌകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത്.

ലൈംഗികാതിക്രമങ്ങളോട് സ്വീകരിക്കേണ്ട കര്‍ശനമായ നിലപാടുകളിലെ സുതാര്യതയെ കുറിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.ഐ സി സി (ICC) വഴിയോ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള ലിംഗനീതിബോധവല്‍കരണ കമ്മിറ്റി (GSCASH) വഴിയോ ലൈംഗിക പീഡനങ്ങള്‍ തടയാനുള്ള പരാതിപരിഹാര പ്രക്രിയകള്‍, മാര്‍ഗങ്ങളുടെ ഘടന, അതിലുള്ള ഉദ്യോഗസ്ഥരുടെ പേരുകള്‍എന്നിവ സ്പഷ്ടമായും സുതാര്യമായും രേഖപ്പെടുത്തി, ഉന്നത വിദ്യാഭ്യാസ സ്ഥാപനസമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്യമാകുന്ന വിധത്തില്‍പ്രദര്‍ശിപ്പിക്കേണ്ടതാണ്. കോളേജുകള്‍ ലൈംഗിക പീഡന നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ടോ എന്ന് നിരന്തരം പരിശോധിക്കുകയും, അതു ഫണ്ടിങ്ങും അക്രെഡിറ്റെഷനുമായി ബന്ധപ്പെടുത്തുകയും വേണം. ഈ കമ്മിറ്റികള്‍വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ എന്നിവരടങ്ങുന്ന പൂര്‍ണമായ (എച്ച്.ഇ ഐ Higher Education Institutions) സമൂഹത്തിന്‍റെ പ്രാതിനിധ്യസ്വഭാവംപുലര്‍ത്തുന്നവയായിരിക്കണം.

ഇതിനൊപ്പം ലൈംഗികപീഡനത്തിനെതിരെ ഭരണാധികാരികള്‍  തികച്ചും കര്‍ശനമായ  നയങ്ങള്‍ സ്വീകരിക്കേണ്ടതാണ എന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഈ കമ്മിറ്റികളുടെ രൂപീകരണത്തിനായി സുതാര്യമായ നടപടികള്‍ ഉണ്ടാവേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ശരിയായി നടപ്പാക്കുകയാണെങ്കില്‍ ഇപ്പോള്‍  കാസര്‍കോട് സെന്‍ട്രല്‍ യൂനിവേർസിറ്റിയില്‍ നടക്കുന്നതുപോലെയുള്ള അപമാനകരമായ കാര്യങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ക്ക് നിയമപരമായ വഴികളിലൂടെ പ്രതികരിക്കാന്‍ സാധിക്കും.

ലൈംഗികാതിക്രമ പരാതികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഒരു പ്രധാന കാല്‍വയ്പ്പ്‌, അക്കാദമികസമൂഹങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, നിയമനിര്‍മ്മാതാക്കള്‍,  നിയമപാലകര്‍, മറ്റുള്ളവര്‍ എന്നിങ്ങനെ നിരവധിപേരെ ഈ സമിതികളില്‍ ഉള്‍പ്പെടുത്തി ഔദ്യോഗിക ബന്ധങ്ങള്‍ സ്ഥാപിക്കുക എന്നതാണ്. പലപ്പോഴും പരിഹാരമാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരിക്കുകയും, അല്ലെങ്കില്‍പ്രശ്നങ്ങളും, പരാതികളും പ്രഫഷനലായി കൈകാര്യം ചെയ്യാനുള്ള ശേഷിഇല്ലാതിരിക്കുകയും ചെയ്യുന്നതായാണ് കാണുന്നത്. പാര്‍ട്ടികളുമായിബന്ധപ്പെട്ടിട്ടുള്ള യൂണിയനുകള്‍ പോലും ലൈംഗികാതിക്രമണങ്ങളില്‍ നിയമ വീഴ്ചവരുമ്പോള്‍ അതിനു സഹായകമായ നിലപാടുകള്‍ സ്വീകരിക്കുന്നതായി കണ്ടുവരുന്നു എന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്.

റിപ്പോര്‍ട്ടിന്റെ മറ്റൊരു നിഗമനം അധികാരവുമായി ബന്ധപ്പെട്ടതാണ്. യൂണിവേഴ്സിറ്റി ഭരണത്തിന്‍റെ ഉന്നത തലങ്ങളില്‍ സ്ത്രീകളെ തിരഞ്ഞെടുത്ത്അവര്‍ക്കു സ്ഥാനം നല്‍കി അവരുടെ പങ്കാളിത്തം ഉറപ്പു വരുത്താന്‍കഴിയേണ്ടതാണ് എന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കഴിവുള്ളവര്‍ ഉണ്ടെങ്കിലും, സ്ത്രീ വൈസ്ചാന്‍സലര്‍മാര്‍ വളരെ വിരളമാണ്. എല്ലാ തലങ്ങളിലുമുള്ള റിക്രൂട്ട്മെന്‍റ്നടപടികള്‍ ഒരു affirmative action പോളിസി വഴി അറിയിക്കേണ്ടതും, 2050-നുള്ളില്‍ അമ്പതു ശതമാനം സ്ത്രീകള്‍ക്ക് ഉന്നതാധികാരസ്ഥാനങ്ങള്‍ലഭിക്കുക എന്ന ലക്‌ഷ്യം കൈവരിക്കേണ്ടതുമാണ് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  സ്ത്രീ പ്രാതിനിധ്യം ഉന്നത വിദ്യാഭ്യാസ മണ്ഡലത്തില്‍എല്ലാ അധികാര തലങ്ങളിലും വേണ്ടതാണ്. വ്യവസ്ഥാപിതവും, തിരഞ്ഞെടുക്കപ്പെട്ടതുമായുള്ള സംഘടനകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യംവര്‍ദ്ധിപ്പിക്കേണ്ടതാണ്. റിപ്പോര്‍ട്ടിന്റെ ഈ നിഗമനങ്ങള്‍ നടപ്പിലാക്കാന്‍ വിദ്യാര്‍ഥി സംഘടനകളും സിവില്‍സമൂഹസംഘടനകളും യുവജന സംഘടനകളും മുന്നോട്ടു വരേണ്ടതല്ലേ? എന്നാല്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ പോലും ആരും തയാറാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

സ്ത്രീസൌഹൃദ കാമ്പസുകള്‍ സൃഷ്ടിക്കാനാണ്  ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കേണ്ടതു എന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവിടെ നടക്കുന്നതു ലിംഗ നീതി തകര്‍ക്കുക എന്ന പ്രക്രിയയാണ്.  സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് ശാരീരികാര്‍ജ്ജവവും, അന്തസ്സുംകാത്തുസൂക്ഷിക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടരുത് എന്നതിന്  റിപ്പോര്‍ട്ട് മുന്ഗണന നല്‍കുന്നു.

എല്ലാറ്റിലും ഉപരി  യു ജി സി യുടെ SAKSHAM റിപ്പോര്‍ട്ട് നല്‍കിയ ശുപാര്‍ശകള്‍പൂര്‍ണമായും നടപ്പില്‍ വരുത്തുകയാണെങ്കില്‍ നമ്മുടെ രാജ്യത്തെവ്യത്യസ്തവും, ഭിന്നജാതീയവുമായ കാമ്പസ്സുകളില്‍ ലിംഗ നീതി നടപ്പിലാക്കാന്‍നിര്‍ണ്ണായകവും, അത്യന്താപേക്ഷിതവുമായ മാറ്റം  സംഭവിക്കുമെന്ന്റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. യഥാര്‍ത്ഥത്തില്‍ SAKSHAM റിപ്പോര്‍ട്ട് നടപ്പിലാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ഉടന്‍ ചെയ്യേണ്ടത്. അല്ലെങ്കില്‍ ഈ സമാഗതി റിപ്പോര്‍ട്ട് എങ്കിലും എത്രയുംവേഗം നടപ്പിലാക്കാന്‍ അവര്‍ മുന്‍കൈ എടുക്കണം.

ഒരു വശത്ത് സര്‍ക്കാര്‍ തന്നെ നിയോഗിച്ച സമിതികള്‍ കാലത്തിനു അനുസൃതമായ ലിംഗനീതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും അതേസമയം അതിന്റെ അന്ത:സത്തയെ തന്നെ ചോദ്യംചെയ്യുന്ന സ്ത്രീവിരുദ്ധ സമീപനവുമായി ഉന്നത വിദ്യാഭ്യാസമേഖല അറപ്പില്ലാതെ മുന്നോട്ടു പോവുകയും ചെയ്യുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്. ഇതിനെതിരെ ശക്തമായ ആശയപ്രചരണം ആവശ്യമാണ്‌. ചെറുതും വലുതമായ നിരവധി ലിംഗനീതി സമരങ്ങളുടെ മുന്നണിയില്‍ നിന്ന് പൊരുതുന്ന കേരളത്തിലെ കലാലയങ്ങളിലെ വിദ്യാര്‍ഥിനീ-വിദ്യാര്‍ത്ഥികള്‍ക്ക് ‘നവമലയാളി’യുടെ ഐക്യദാര്‍ഡ്യം. 

Comments

comments