മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (ലക്കം  2015 നവംബർ 22 ) ‘ഇരട്ടക്കവിതകൾപ്രസിദ്ധീകരിച്ചതിനുശേഷം നിരവധി സുഹൃത്തുക്കൾ ബന്ധപ്പെടുകയുണ്ടായി. എന്നത്തേയും പോലെ കവിതകളെ കുറിച്ചുള്ള ഇഷ്ടവും അനിഷ്ടവുമൊക്കെ പങ്കുവെച്ചു. എന്നാൽ എല്ലാ ഇഷ്ടത്തിലും അനിഷ്ടത്തിലും ഒരു പൊതു ചോദ്യം ഉയർന്നു നിന്നു. ഫാസിസത്തെ ഫുട്‌ബോൾ പോലുള്ള കളിയുമായി ബന്ധിപ്പിച്ചതെന്തിന് ?

          എന്തിന് ? ഞാനും ആ ചോദ്യം എന്നോടു തന്നെ ചോദിയ്ക്കുന്നു. എന്തുകൊണ്ട് കളി?

          ടി.വി. ഷോ ആയി മാറും മുമ്പുള്ള കളികളോട് ഒട്ടിച്ചേർന്നവരാണ് എന്റെ തലമുറയിൽ. ഒട്ടും മടുക്കാതെ വ്യാപരിച്ച സ്ഥലം. കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്തോഷവും പിൽക്കാലത്തെ ഏറ്റവും വലിയ ഓർമ്മയും കളിക്കളങ്ങളിലെ നേരങ്ങളായിരുന്നു. ഓരോ അനധ്യയനദിവസത്തേ  യും കളികൾ കൊണ്ട് ഞങ്ങൾ അർത്ഥപൂർണ്ണമാക്കി. ഓരോ കളിയുടേയും ഋതുക്കൾ വരുന്നതും പോകുന്നതും എങ്ങനെയെന്ന് കുട്ടിക്കാലത്ത് ഒരിക്കലും പിടികിട്ടിയില്ല. ഇപ്പോഴും അതിന്റെ രഹസ്യം വെളിപ്പെട്ടിട്ടില്ല. ഒരു സമയം നോക്കുമ്പോൾ ഞങ്ങൾ ഒളിച്ചു കളിക്കുകയാണ്. പിന്നൊരു സമയത്ത് ഗോട്ടി കളിക്കുന്നു. മറ്റൊരു ഋതുവിൽ കുട്ടിയും കോലും.

          സ്‌കൂളിലെ കളികൾ കുറേ കൂടി വ്യവസ്ഥാപിതമായിരുന്നു. വോളിബോളും ഫുട്‌ബോളും  ക്രിക്കറ്റുമൊക്കെ ചില നിയമങ്ങൾക്കധിഷ്ഠിതമായി മാത്രം മുന്നോട്ടുപോകുന്ന ഒന്നായിരുന്നു. മാ  ത്രമല്ല, കുട്ടിക്കാലത്തിന്റെ കളികളെപ്പോലെ ജയവും തോൽവിയും അത്ര നിസ്സംഗമായി ഏറ്റുവാങ്ങാൻ ഈ കളികൾ സമ്മതിച്ചിരുന്നില്ല. അതിനപ്പുറം ഇത്തരം കളികളിൽ അറിവില്ലായ്മ കൊണ്ടുവരുന്ന നിയമലംഘനങ്ങൾ കടുത്ത പരിഹാസം വിളിച്ചുവരുത്തുന്നതായിരുന്നു. ഉദാഹരണമായി ആദ്യമായി ഫുട്‌ബോൾ കളിച്ച കാലത്ത്, ഞങ്ങളുടെ ഗോൾപോസ്റ്റിലേക്ക് എതിർടീമിലെ ബൈജു ഉയർത്തിയടിച്ച പന്ത് കൈകൊണ്ട് തടഞ്ഞതിന്റെ പേരിൽ ഞാൻ എത്രമാത്രം പഴി കേട്ടിരിക്കുന്നു. ഒരു  പരിചയവുമില്ലാത്ത ക്രിക്കറ്റ് പനങ്ങാട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ അവതരിച്ചകാലത്ത്, ക്രീസ് കുറുകെ മുറിച്ചോടിയതിന്റെ പേരിൽ എത്രയോ പരിഹാസം അനുഭവിച്ചു. അത്യാവശ്യം നിയമങ്ങളൊക്കെ പഠിച്ചപ്പോൾ, അതറിയാതെ കളിയിലേക്ക് കയറിവരുന്ന യുവരക്തങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാനും മറന്നില്ലെന്ന് ചരിത്രം.

          കളിച്ചു നടക്കുന്നു എന്നതായിരുന്നു, അക്കാലത്തെ മക്കളെപ്പറ്റി അച്ഛനമ്മമാരുടെ ഏറ്റവും വലിയ പരാതി. ഉത്പാദന രഹിതമായ ഒരു മേഖലയായിട്ടാണ് കളിയെ അക്കാലത്തെ ലോകം എണ്ണിയിരുന്നത്, എന്നതുകൊണ്ടാണത്. മുതിർന്നവരുടെ ലോകത്തേക്ക് കുട്ടികളെ മെരുക്കിയെടുക്കുന്ന സൂക്ഷ്മപ്രത്യയശാസ്ത്രത്തെ ഘടനാവാദികളും ചിഹ്നശാസ്ത്രവിശാരദരും മന:ശാസ്ത്രജ്ഞരും കളിയിൽ കണ്ടെത്തിയിട്ടില്ലെന്നല്ല. എന്നാലും അധീശത്വത്തെ തകർക്കുന്ന എന്തോ ഒന്ന് എപ്പോഴും കളിയിൽ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ഉദ്പാദന മേഖലയുടെ വികാസത്തിൽ ഊന്നിയിട്ടുള്ള ഒരു ലോക വീക്ഷണത്തെ അത് പൊളിച്ചുകളയുന്നുണ്ട്. കളി പറയാതെഎന്ന് ഭാഷയിൽ ശൈലീകരിക്കുമ്പോൾ കളി, ‘കാര്യ ത്തിനെതിരാണ്. കാര്യം എന്നത് ഉത്പാദന വിതരണ ഉപഭോഗങ്ങളേയും അതുമായി ബന്ധപ്പെട്ട ആനന്ദങ്ങളേയും പ്രതിനിധാനം ചെയ്യുമ്പോൾ കളി അതിന് വിരുദ്ധമായ ഒരു ലോകാനന്ദമാണ് നല്കുന്നത്. ആനന്ദത്തിന്റെ വല്ലാത്ത ഒരു പങ്കിടൽ വാണിജ്യവത്ക്കരിക്കാത്ത കളിയിടങ്ങളിൽ ഉണ്ടായിരുന്നു. വർഗ്ഗ, വർണ്ണ, ലിംഗ, പ്രായ വ്യത്യാസത്തിലൂന്നിയുള്ള ലോകത്തിന്റെ പോക്കിനോടുള്ള ഒരു എതിരിടൽ. ഊർജ്ജം വിനിയോഗിച്ച് വിനിയോഗിച്ച് ഏറ്റവും താഴ്ന്ന ഊർജ്ജ തലത്തിൽ വിശ്രാന്തി അനുഭവിക്കുന്ന ഇടമായിരുന്നു, കളിയിലെ ആനന്ദം.

          നന്നായി കളിച്ചിട്ടുള്ള ഒരാൾക്ക് നമ്മുടെ സന്യാസിമോരോട് പുച്ഛം തോന്നും. അവർ വാഗ്ദാനം ചെയ്യുന്ന മോക്ഷസ്ഥലികളിൽ ഒരു വ്യവസ്ഥയുടേയും ദൈവശാസ്ത്രത്തിന്റേയും സഹായമില്ലാതെ എത്ര എളുപ്പത്തിൽ കളിക്കളങ്ങളിൽ നാം കൂപ്പുകുത്തിയിരിക്കുന്നു. എന്തിന് അന്യന്റെ സ്വരം സംഗീതം പോലെയാകുന്ന കാലത്തെപ്പറ്റി വാചാലമാകുന്ന പ്രത്യയശാസ്ത്രകാരന്മാരോടും നമുക്ക് വിനീതമായി പ്രതികരിക്കാൻ സാധിക്കും. കളിക്കളങ്ങളിൽ ഞങ്ങളിത് എത്രയോ അനുഭവിച്ചിരിക്കുന്നു”. മാത്രമല്ല, ‘കാര്യങ്ങളുടെദൃഷ്ടിയിലൂടെ കളികളെനിരീക്ഷിക്കുന്ന ലോകത്തോടും കളിക്ക് ഒരു മറുപടിയുണ്ട്. ആ മറുപടി കളിയുടെവീക്ഷണകോണിലൂടെ കാര്യങ്ങളെനിരീക്ഷിച്ചാൽ കിട്ടുന്ന മഹത്തായ ഉൾക്കാഴ്ചയാണ്. കുറച്ചു കടലാസുതുണ്ടുകളിൽ എന്തൊക്കയോ വരച്ചുവെച്ച്, പണം എന്ന് പേരിട്ട് അതിനുചുറ്റും കുറെ വരട്ടു മനുഷ്യർ നടത്തുന്ന കളിയല്ലേഈ ഉലകം ?” എന്തിന് നമ്മുടെ വിഖ്യാതമായ പല കവിതകൾക്കും ഉത്പാദന രഹിതമായ ഭൗതികതകൊണ്ട് കളി അർത്ഥം നഷ്ടപ്പെടുത്തുന്നു. ഇതോർത്താണ് ഹൈസ്‌കൂൾ മൈതാനം പനങ്ങാട് എന്ന കവിതയെഴുതുമ്പോൾ താഴെ കാണുന്ന വരികൾ രൂപപ്പെടുന്നത്.

കുടിയൊഴിക്കൽ,
പുത്തൻ കലവും അരിവാളും
തുടങ്ങിയ കവിതകൾക്ക്
ആ തുണ്ടുഭൂമിയിൽ
അർത്ഥം നഷ്ടപ്പെട്ടു.
വിയർത്തു
; ഒന്നും കൊയ്തില്ല.
ജയിച്ചു; അധികാരം നേടിയില്ല.
തോറ്റു; പാതാളത്തേക്കാളും താണില്ല.

          കളിയും കവിതയും തമ്മിൽ അതിവിചിത്രമായ ഒരു കൂട്ടിമുട്ടൽ എന്റെ ഉള്ളിൽ എപ്പോഴോ നടന്നിട്ടുണ്ട് എന്നെനിക്കറിയാം. ബാല്യത്തിലെ കളികൾ ഓർക്കുമ്പോഴൊക്കെ അക്കാലത്ത് എന്നെ വളർത്തിയ സ്ത്രീകളുടെ, സരസ്വതി (അമ്മ) യുടേ കളിയും കവിതയും തമ്മിൽ അതിവിചിത്രമായ ഒരു കൂട്ടിമുട്ടൽ എന്റെ ഉള്ളിൽ എപ്പോഴോ നടന്നിട്ടുണ്ട് എന്നെനിക്കറിയാം. ബാല്യത്തിലെ കളികൾ ഓർക്കുമ്പോഴൊക്കെ അക്കാലത്ത് എന്നെ വളർത്തിയ സ്ത്രീകളുടെ, സരസ്വതി (അമ്മ) യുടേയും ഉണ്ണൂലിക്കുട്ടി (അമ്മൂമ്മ)യുടേയും തങ്ക (വീട്ടു സഹായി) യുടേയും ശബ്ദത്തിൽ ശബ്ദത്തിൽ ഒരു കവിതയും ഉയരാറുണ്ട്.

കൊച്ചു നക്ഷത്രമേ, നിന്നെ വാനിൻ –
മച്ചിലിരുത്തിയതമ്മയാണോ !
വല്ലതും തട്ടി മറിച്ചുവോ നീ
വല്ലാതെ വാശി പിടിച്ചുവോ നീ
താഴേയ്ക്കു പോരുവാൻ നേരമില്ലേ ?
വീഴാതെ ചാടുവാൻ പറ്റുകില്ലേ ?
പൊക്കമില്ലാത്ത ഞാൻ കൈകൾ പൊക്കി
നില്ക്കുകയല്ലാതെയെന്തുചെയ്യും?
അമ്മ കോപിക്കുവാനെന്തു കാര്യം
നമ്മൾ കാണിക്കേണം നല്ല ശീലം

          ഈ താരാട്ടും ഉത്പാദനരഹിതമായ ഒരു ഭൗതികതയുടെഇടമാണ്. സംസ്‌കാരത്തിൽ അതിനെ സ്വഭാവരൂപീകരണവുമായി ബന്ധിപ്പിക്കാമെങ്കിലും, ചെറുപ്പകാലത്ത് ഇത് തന്നിരുന്നത് ഒരു വിശ്രാന്തിയാണ്. ഊർജ്ജമെല്ലാം വാർന്നപോലെ താഴെപ്പടവിലെ വിശ്രാന്തി. മരിക്കും പോലൊരു സുഖം. അതിനാൽ അക്കാലത്തെ കളികളുടെ സ്വാഭാവികമായ ശബ്ദപശ്ചാത്തലം ഇത്തരം വിശ്രാന്തകവിതകളോപാട്ടുകളോ ആണ്.

          എന്നാൽ ഇരട്ടക്കവിതകൾ എഴുതുന്ന കാലമെത്തുമ്പോഴേക്കും നാം മുതിർന്നിരുന്നു. ഒരു പക്ഷേ, അനാവശ്യമായിത്തന്നെ. കാര്യങ്ങൾ നമ്മെ വീർപ്പുമുട്ടിക്കാൻ തുടങ്ങിയിരുന്നു. കാര്യങ്ങളിൽ വെച്ച് ഏറ്റവും വലിയ കാര്യമായ ഒരു ഭീകരത- ഫാസിസം-നമ്മുടെ ഞരമ്പുകളെ തൊട്ടും തലോടിയും പരിശോധിച്ചുകൊണ്ടിരിക്കുന്നു. ഇതിൽ ഏത് ഞെക്കിയാൽ തളരും. ഏത് ഞെരടിയാൽ നിലയ്ക്കും. ഏത് പൊട്ടിച്ചാൽ അന്ധനാകും. ഏത് കുരുക്കിട്ടാൽ ശബ്ദമില്ലാതാകും എന്നൊക്കെ. അത്തരം ഒരു ഉത്തുംഗതയിൽ, നാം കഴിക്കരുത് എന്ന് വിശ്വസിക്കുന്ന ഒരു ഭക്ഷണം കഴിച്ചതിന്റെ പേരിൽ, വടക്കുവടക്കൊരു ദേശത്ത് ഒരു മനുഷ്യനെ തച്ചുകൊന്നു എന്ന ഉത്തുംഗതയിൽ, അസംബന്ധത്തിന്റെ ക്രൂരതയിൽ, ഞെരിഞ്ഞിരിക്കുമ്പോഴാണ് ഈ കവിതകൾ എഴുതുന്നത്. അവിടെ നിന്നും കളികളെ നോക്കിയപ്പോൾ ബാല്യത്തിന്റേതായ ഒരു കളിയേയും കാണാൻ കിട്ടുന്നില്ല. കുട്ടിയും കോലും ഒഴിഞ്ഞു പോയിരിക്കുന്നു. ഒളിച്ചവർ, ലോർണ ക്രോസിയറുടെ, കവിതയിൽ എന്നപോലെ ഒളിച്ചിടത്തുനിന്നും തിരിച്ചുവരാതായി. കുഴിയിലല്ല ഗോട്ടികൾ വന്നു വീഴുന്നത്. പാതാളത്തിലേക്കാണ്. ആകെ കാണാൻ കഴിയുന്നത് ടി.വി. എന്ന മൈതാനത്തിൽ നാം കണ്ട കളികളാണ്.

          ആ കളികൾ ഞങ്ങൾക്ക് പുസ്തകം പോലെത്തന്നെ പ്രധാനമായിരുന്നു. അവയെ ഞങ്ങൾ വായിക്കുകയായിരുന്നു. ഏകാന്തതയുടെ നൂറു വർഷങ്ങളുടെഅത്രതന്നെ മാന്ത്രികമായിരുന്നു, ഹിഗ്വിറ്റയുടെ സ്‌കോർപ്പിയോൺ സേവ്. അതെ. പിന്നാക്കം ഇറങ്ങിയിറങ്ങി പെട്ടെന്ന് വായുവിൽ തിരശ്ചീനമായിപ്പൊങ്ങി കാലുകളെ തേളിന്റെ വാലുപോലെ തൊണ്ണൂറു ഡിഗ്രിയിൽ മുകളിലേക്ക് മടക്കിയുള്ള സേവ്. അത്രയ്ക്കും ആദർശാത്മകമായ സമയക്ലിപ്തത നാം വളരെക്കുറച്ചേ അനുഭവിച്ചിട്ടുള്ളു. ജീവിതത്തിന്റെ ഏതു മണ്ഡലത്തിലും അത് കവിതയായിരുന്നു. കളിക്കളത്തിൽ മാത്രമല്ല, അതിനപ്പുറത്തും.

          നെരൂദയുടെ കവിതകൾ, പ്രത്യേകിച്ചും സാമ്രാജ്യത്ത വിരുദ്ധ കവിതകൾ പോലൊരു മനോഹരമായ ക്രിക്കറ്റ് ടെസ്റ്റ് മാച്ച് ഓർമ്മ വരുന്നു. വെസ്റ്റിന്റീസിന്റെ ഇംഗ്ലണ്ട് പര്യടനം. വിവിയൻ റിച്ചാർഡ്‌സ് എന്ന എക്കാലത്തേയും വലിയ കലാകാരന്റെ മിന്നുന്ന പ്രകടനം അത് കണ്ടിട്ടുള്ളവർ മറക്കില്ല. നെരൂദ എഴുതി.

മരിച്ച ഓരോ കുട്ടിയിൽ
നിന്നും
കണ്ണുകളുള്ള തോക്കുയരുന്നു.
………………………..
………………………………
…………………………..
വരൂ
കാണൂ
ഈ തെരുവിലെ രക്തം.

ലോർഡ്‌സിൽവെള്ളക്കാരന്റെ കളിമെക്കയിൽ, തോക്കിനുപകരം റിച്ചാർഡ്‌സിന്റെ ബാറ്റാണ് ഉയർന്നത്. ഗവറിന്റേയും ഇയാൻ ബോതത്തിന്റേയും മൈക്കേൽ ഹോൾഡിംഗിന്റെയും ടീമായിരുന്നു, ഇംഗ്ലണ്ട്. ഒപ്പം വെള്ളക്കാരന്റെ അധൃഷ്യതയുടേയും. വെറും 55 ബോളുകളിൽ റിച്ചാർഡ് സെഞ്ച്വറിയടിച്ചു. അത് 55 വരികളുള്ള ഒരു കരീബിയൻ കവിതയായിരുന്നു. ലാറ്റിനമേരിക്കൻ, കരീബിയൻ കവിതകളുടെ അന്തരാത്മാവായിരുന്ന സാമ്രാജ്യത്തവിരുദ്ധത തന്നെയാണ് ആ ബാറ്റിംഗിന്റെ അന്തരാത്മാവായിരുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ സാഹിത്യം പ്രസവിച്ചുണ്ടാകുന്നത് മാത്രമല്ല സാഹിത്യം എന്ന് മനസ്സിലാക്കാൻ കഴിയും.

          ഷാർജയിൽ, മിയാൻദാദിന്റെ അവസാന പന്തിലെ സിക്‌സർ ഒരു സാഹിത്യകൃതിയുടെ ഉജ്ജ്വലമായ ക്ലൈമാക്‌സ് പോലെ നമ്മെ മറ്റൊരാളാക്കി. 1983 ലോകകപ്പിൽ സിംബാബ്‌വെക്കെതിരെ 175 നോട്ട് ഔട്ട് അടിച്ച ബാറ്റിംഗ് കപിൽദേവിനെ ആ മനുഷ്യനിൽ നിന്നുയർത്തി വലിയൊരു കവിതയിലെ മുഖ്യകഥാപാത്രമാക്കി. ആ മുഖ്യകഥാപാത്രം തന്നെയാണ് കാതങ്ങൾ താണ്ടി ഫൈനൽ മാച്ചിൽ വിവിയൻ റിച്ചാർഡ്‌സിന്റെ ക്യാച്ച് എടുത്തത്. അതെ, വലിയ നോവലുകൾ വായിക്കും പോലെയാണ് നാം ക്രിക്കറ്റിന്റേയും ഫുട്‌ബോളിന്റേയും ലോകകപ്പ് ഫൈനലുകൾ കണ്ടത്. ഓർമ്മയില്ലേ, കോർട്‌നി വാൽഷ് എന്ന ബൗളർ തന്റെ ബൗളിംഗ് മുഴുമിപ്പിക്കും മുമ്പേ ബോക്‌സ് വിട്ടോടിയ നോൺ സ്‌ട്രൈക്കിങ്ങ്  എൻഡിലെ പാകിസ്ഥാൻ കളിക്കാരനോട് തിരിച്ചുവരാൻ അഭ്യർത്ഥിച്ചത്. ജയനിയമങ്ങളുടെ വ്യാകരണം അനുസരിച്ചായിരുന്നെങ്കിൽ വാൽഷ് ചെയ്യേണ്ടിയിരുന്നത് അയാളെ ഔട്ടാക്കുകയാണ് . വാൽഷ് അത് ചെയ്യാതിരുന്നതിന് വെസ്റ്റിൻഡീസ് ടീം വലിയ വില കൊടുക്കേണ്ടി വന്നു. അവർ ടൂർണമെന്റിൽ നിന്നേ ഔട്ടായി. എന്നാലും വാൽഷ് എന്ന മനുഷ്യൻ ആ ലോകകപ്പ് എന്ന നോവലിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായി മാറി.

          ഫ്രാൻസിന്റേയും ബ്രസീലിന്റേയും ലോകകപ്പ് ഏറ്റുമുട്ടൽ, ആ മാച്ച് കണ്ടവരാരും മറക്കില്ല. പ്ലാറ്റീനിയും സീക്കോയും സോക്രട്ടീസും ഒക്കെ ഉണ്ടായിരുന്നു ആ മാച്ചിൽ. പാഴായ പെനാൽറ്റി കിക്കുകൾ അവരിൽപ്പലരേയും ദുരന്തനായകരാക്കി. പിന്നെയും ദുരന്തനായകരെ കണ്ടു. ഗോളടിയുടെ പരിധിനിയമങ്ങൾ ലംഘിച്ച ആ നീളൻ മുടിക്കാരൻ, ഹിഗ്വിറ്റ, കാമറൂണിന്റെ റോജർ മില്ലയ്ക്കു മുന്നിൽ, വെടിയേറ്റുവീണ വിപ്ലവകാരിയെ ഓർമ്മിപ്പിച്ചു. മറ്റൊരു ക്ലാസ്സിക് ഉദാഹരണമായിരുന്നു ഒരു ലോകകപ്പിലെ 1986 അർജ്ജന്റീന-ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടർ ഫൈനൽ. എഡ്വാർഡോഗലിയാനോ ചൂണ്ടികാട്ടിയ പോലെ മാറഡോണാ അരമണിക്കൂറിനുള്ളിൽ കൈകൊണ്ടും കാൽകൊണ്ടും ഗോളടിച്ചു. കളിയിൽ ഒരിക്കലും നാമാഗ്രഹിക്കാത്ത ചതിപ്രയോഗം നടത്തി മാറഡോണ കൈകൊണ്ട് ഗോളടിച്ചു. എന്നാൽ ആ പാപത്തെ കഴുകികളയാൻ അരമണിക്കൂറെ അയാൾക്ക് വേണ്ടിവന്നുള്ളൂ. ആറുകളിക്കാരെ മറികടന്ന് ഉജ്ജ്വലമായൊരു ഫീൽഡ് ഗോൾ. വെറും ഗോളടിയായിരുന്നില്ല അത്. പിശാചിൽ നിന്നും ദൈവത്തിലേക്കുള്ള ഒരു സാഹിത്യ പരിവർത്തനമായിരുന്നു.

ഇങ്ങനെ കളിയെ വായിച്ച ഒരു കാലം, ശ്വാസം മുട്ടിക്കുന്ന മറ്റൊരു കാലത്തിൽ തിരിച്ചുവന്നതായിരുന്നു, ഇരട്ടക്കവിതകൾ. സർഗ്ഗാത്മകത കൈമുതലായ മനുഷ്യരും ഭരണകൂടത്തിന്റെ ശക്തിയാർജ്ജിച്ച അധികാരികളും തമ്മിൽ യുദ്ധത്തിലേർപ്പെട്ടിരിക്കേ, അത്തരം ഒരു കളിയോർമ്മ അപൂർവ്വമായ ഒരു കാര്യമല്ല. 2010 ലെ ലോകകപ്പ് ഫൈനൽ അത്തരം ഒരു കളിയായിരുന്നു. കരുത്തരായ ഹോളണ്ടും സർഗ്ഗാത്മകത നിറഞ്ഞ സ്‌പെയിനും. അന്ന് സ്‌പെയിൻ ജയിച്ചപ്പോൾ സർഗ്ഗാത്മകത കരുത്തിനെ മറികടക്കുകയായിരുന്നു .കവിത കരുത്തിനെ ജയിക്കുകയായിരുന്നു. ഞാൻ ടി.വി.യിൽ കണ്ട ഏറ്റവും നല്ല മാച്ചുകളിൽ ഒന്നായിരുന്നു അത്. ലാറ്റിനമേരിക്കൻ നോവലുകളിൽ ഭൂതാവിഷ്ടമായ ഒരു മനസ്സിന് മറ്റുദേശങ്ങളിലെ നോവലുകൾ ചെറുതായി തോന്നും പോലെയാണ് സ്‌പെയിൻ ഹോളണ്ട് കളിയെ പലരും ചെറുതായി കണ്ടത്. സ്‌പെയിനുപകരം അർജന്റീനയോ ബ്രസീലോ ആയിരുന്നെങ്കിൽ ആ കളിയെ കവിതയായി വാഴ്ത്തിയേനെ.

          ആ കവിതയിലേക്ക് നയിച്ച ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വസ്തുത ഹംഗേറിയൻ സംവിധായകനായ സോൾട്ടാൻ ഫാബ്രിയുടെ ഉജ്ജ്വല ചലചിത്രം ടു ഹാഫ് ടൈംസ് ഇൻ ഹെൻ അണ്. നരകത്തിലെ രണ്ടു പകുതികൾഒരിയ്ക്കൽ കണ്ടാൽ വിട്ടുപിരിയാത്ത സൃഷ്ടിയാണ്. സോൾട്ടാൻ ഫാബ്രിയ്ക്കുള്ള, ഒരു സമർപ്പണം കൂടിയായിരുന്നു, ആ കവിത. അതുപോലെത്തന്നെ ക്രിക്കറ്റ് കളിയിലെ വർണ്ണ വംശ ബോധത്തെ കണ്ടെടുത്ത സി.എൽ. ആർ. ജെയിംസിനും (പുസ്തകം : ബിയോണ്ട് എ ബൗണ്ടറി)

സഹായക ലിങ്കുകൾ

ഇരട്ടക്കവിതകൾ വായിക്കാൻ
https://www.facebook.com/p.n.gopikrishnan

ഹിഗ്വിറ്റയുടെ സ്‌കോർപ്പിയോൺ കിക്ക് കാണാൻ (1995)
https://youtube.com/watch?v=BobSvDkXqhw

മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോൾ‘ (1986)
https://www.youtube.com/watch?v=ccNkksrfls

മാറഡോണയുടെ നൂറ്റാണ്ടിന്റെ ഗോൾ
https://www.youtube.com/watch?v=3pnSvfHiUqk

 കപിലിന്റെ ക്യാച്ച് (1983)
https://www.youtube.com/watch?v=TuHhB7eQGJK

 

പി.എൻ. ഗോപീകൃഷ്ണൻ
ബ്രാഞ്ച് മാനേജർ
കെ.എസ്.എഫ്.ഇ. ലിമിറ്റഡ്
ശ്രീകൃഷ്ണപുരം ബ്രാഞ്ച്
പുനത്തിൽ ത്രീ സ്റ്റാർ കോംപ്ലക്‌സ്
ചന്തപ്പുര, ശ്രീകൃഷ്ണപുരം 679513
ഫോൺ : 9447375573

Comments

comments