മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്ന അന്നാണ് കുഞ്ഞാളി എന്നെ കാണാന്‍വന്നത്.

ഓഫീസിലാകട്ടെ ആ സമയത്ത് വലിയ തിരക്കായിരുന്നു. ചാനലില്‍, ഞങ്ങളുടെ ന്യൂസ് ഡസ്കിന് മുകളിലും കോര്‍പ്പറേറ്റ് മൂലധനം, കലാപം, ഗുജറാത്ത്‌, മതേതരത്വം, ന്യൂനപക്ഷപ്രീണനം തുടങ്ങിയ വാക്കുകള്‍കരയില്‍പിടിച്ചിട്ട മീനുകള്‍പോലെ പിടച്ചുകൊണ്ടിരുന്നു.

അടുത്ത ആഴ്ചയിലെ പ്രോഗ്രാമുകളുടെ ഷെഡ്യൂള്‍എഡിറ്ററെ ഏല്‍പ്പിക്കാന്‍തിരക്കിടുകയായിരുന്നു ഞാന്‍. അപ്പോഴാണ്  ഫോണ്‍ശബ്ദിച്ചത്. റിസപ്ഷനില്‍നിന്നായിരുന്നു.

ഒരു വിസിറ്ററുണ്ട്. ഒന്നു താഴേയ്ക്ക് വാ..”

വലിയ തിരക്കാണ്. അയാളെ കാബിനിലേയ്ക്ക് വിടൂ എന്ന് പറയും മുന്‍പ് അപ്പുറത്ത് ഫോണ്‍വച്ചു. ചില്ലുവാതിലിനകത്തേയ്ക്ക്  പ്രവേശനം  നിഷേധിയ്ക്കപ്പെട്ട  ഏതവര്‍ണ്ണനാകാം എന്‍റെ സന്ദര്‍ശകന്‍എന്ന സന്ദേഹത്തോടെയാണ് ഞാന്‍ലിഫ്റ്റിറങ്ങിയത്.

വിസിറ്റിംഗ് റൂമില്‍അയാള്‍എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. മണ്ണിന്‍റെ നിറമാര്‍ന്ന മുണ്ടും ഷര്‍ട്ടും ധരിച്ച ഒരു വൃദ്ധന്‍.

അടുത്തേയ്ക്ക് ചെന്നപ്പോള്‍അയാള്‍എഴുന്നേറ്റ് കൈകൂപ്പി.

ഒന്ന് കാണാന്‍വന്നതാണ്‌. പേര് കുഞ്ഞാളി.”

അത്തരമൊരു പേര് ഞാന്‍ആദ്യം കേള്‍ക്കുകയായിരുന്നു.

ഇരിക്കൂ എന്ന് പറഞ്ഞപ്പോള്‍അയാള്‍മടിച്ചു. പിന്നെ ഇരുന്നു. ചികിത്സാസഹായം എന്നൊക്കെ പറഞ്ഞു നിത്യവും ധാരാളം പേര്‍വരുന്നതാണ്.  ആ കൂട്ടത്തില്‍ഒരാള്‍എന്നേ ഞാന്‍കരുതിയുള്ളൂ.

അപ്പോള്‍കുഞ്ഞാളി പറഞ്ഞു.

ചില കടലാസുകളാണ്.  ഒന്നു വായിച്ചുനോക്കണം.”

കയ്യിലെ പ്ലാസ്റ്റിക് കവറില്‍നിന്നും കുറെ  മുഷിഞ്ഞ കടലാസുകള്‍അയാള്‍എനിക്ക് നേരേ നീട്ടി.

അവ പിന്നീട് വായിക്കാം എന്ന് പറഞ്ഞപ്പോള്‍കുഞ്ഞാളി ചിരിച്ചു.

മതി. അതു മതി. പറ്റുമെങ്കില്‍നിങ്ങളുടെ ചാനലില്‍ഒരു വാര്‍ത്ത‍യാക്കണം. ആരെങ്കിലും ശ്രദ്ധിച്ചാല്‍ഞങ്ങള്‍രക്ഷപ്പെട്ടേക്കും. ഞങ്ങളുടെ കാര്‍ന്നോന്മാരും ..”

അപ്പറഞ്ഞത് എനിക്കത്ര മനസിലായില്ലെങ്കിലും നോക്കട്ടെ എന്ന് പറഞ്ഞു ഞാനൊഴിഞ്ഞു.

എന്‍റെ തിരക്ക് കണ്ടിട്ടാകും കുഞ്ഞാളി പിന്നെ നിന്നില്ല.

ഞാന്‍കാബിനിലേയ്ക്ക് തിരിച്ചുപോന്നു.

അയാള്‍തന്ന കടലാസുകള്‍മേശപ്പുറത്തു വച്ചെങ്കിലും ഞാനത് അപ്പഴേ മറന്നു.

കുറേ ദിവസം കഴിഞ്ഞു മറ്റെന്തോ തിരയുമ്പോഴാണ്  അവ വീണ്ടും കയ്യില്‍തടഞ്ഞത്. കുഞ്ഞാളി ഇനിയും വന്നാല്‍ഒരു മറുപടി പറയണമല്ലോ എന്നു കരുതി മാത്രം ആ കടലാസുകള്‍ഞാനൊന്ന് ഓടിച്ചു നോക്കി.

ശബരിറയില്‍പ്പാതയ്ക്കായി സ്ഥലം വിട്ടുനല്‍കേണ്ടിവന്നവരുടെ പരിദേവനങ്ങളായിരുന്നു ആ കടലാസുകള്‍.

പിറ്റേന്ന് തന്നെ കുഞ്ഞാളിയെ കാണണമെന്ന് ഞാന്‍ഉറപ്പിച്ചു.

അടുത്ത ദിവസം പക്ഷേ, എനിയ്ക്ക് ലീവ് എടുക്കേണ്ടി വന്നു. അതിനടുത്ത ദിവസം വീക്കിലി ഓഫ്.

പിന്നെയും കുറേ ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍കുഞ്ഞാളിയുടെ വീട്ടില്‍ചെല്ലുന്നത്.

കാട്ടപ്പകള്‍നിറഞ്ഞ ചരിവിനു താഴെ ഒരു വീട്.  ഓടുമേഞ്ഞതാണ്. ചുവരുകള്‍തേച്ചിട്ടില്ല.മുറ്റത്തേക്ക്‌ഇറങ്ങാല്‍കുത്തുകല്ലുകളുണ്ട്. നീളന്‍വരാന്തയും ഉറക്കുത്തിയ തൂണുകളും. മുറ്റത്ത് ഒരു സ്ത്രീയിരുന്നു മുറം നെയ്യുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍അവര്‍എഴുന്നേറ്റ് നിന്നു.

കുഞ്ഞാളി ഇല്ലേ..?”

ഞാന്‍ചോദിച്ചു.

തോട്ടില്‍ഈറ്റ ചീയാന്‍ഇട്ടിട്ടുണ്ട്. അതെടുക്കാന്‍പോയതാ. ഇപ്പ വരും.”

അവര്‍പറഞ്ഞു.

പുറത്ത് സംസാരം കേട്ടിട്ടാകും. കുഞ്ഞാളിയുടെ പെണ്മക്കള്‍വാതില്‍ക്കല്‍തല മാത്രം വെളിയില്‍ക്കാട്ടി നിന്നു. അതിരിലെ ഈറാമ്പുളി മരത്തിനു കീഴില്‍ഒരു ചൊറിപ്പട്ടി മയങ്ങുന്നു.എന്നെ നോക്കി ഒന്ന് മുരണ്ട ശേഷം വീണ്ടും അത് കണ്ണടച്ചുകിടപ്പായി. വരാന്തയില്‍നെയ്ത് കഴിഞ്ഞ കുട്ടകളും മുറവും പനമ്പും അടക്കി വച്ചിരുന്നു.

വീടിന്‍റെ ചുമരില്‍ഇന്ത്യന്‍റയില്‍വേയുടെ ചാപ്പ കുത്തിയിട്ടുണ്ടായിരുന്നു. അത് നോക്കി നില്‍ക്കുമ്പോള്‍കുഞ്ഞാളി തോട്ടില്‍നിന്ന് കയറി വന്നു.

വന്നിട്ട് ഒരുപാട് നേരമായോ ഞാന്‍കരുതിയത് സാറ് വരില്ലെന്നാ…”

നിങ്ങള്‍തന്ന കടലാസുകള്‍ഞാന്‍വായിച്ചു. അപ്പോള്‍വരാതെങ്ങനാ…”

ചാനലുകാരും പത്രക്കാരും കൈവിട്ട കേസാ ഇത്.”

എന്നാ ഞാന്‍വിട്ടിട്ടില്ല.”

കുഞ്ഞാളി മുറുക്കി ചുവന്ന പല്ലുകള്‍കാട്ടി ചിരിച്ചു.

ഞാന്‍വീടിന്‍റെ അരമതിലില്‍കയറിയിരുന്നു. കുഞ്ഞാളി താഴെ പടികളിലും.

പതിനേഴു കൊല്ലായിട്ട് ഞങ്ങളൊരു  ത്രിശങ്കുവിലാ ജീവിക്കണത് സാറേ. വീടിന്‍റെ ഭിത്തിയേല് റെയിവേക്കാര് വന്ന് ചാപ്പ കുത്തിയ മുതല്  സ്ഥലം വില്‍ക്കാന്‍പറ്റണില്ല. ഒരു ലോണ്‍എടുക്കാന്‍പറ്റണില്ല. അന്ന് വേറെ സ്ഥലം തരാന്ന് പറഞ്ഞാരുന്നു വന്ന സാറന്‍മാര്. അതും ഇല്ല. മക്കള് കുഞ്ഞായിരുന്നപ്പോ അളന്നു പോയതാണ്. ഇപ്പഴവര് കെട്ടിയ്ക്കാന്‍പ്രായായി.എന്നിട്ടും ഒരു തീരുമാനോല്ല…”

കുഞ്ഞാളിയുടെ തൊണ്ട ഇടറി. ഇടയ്ക്ക് മകള്‍ഒരു ഗ്ലാസ് ചായ കൊണ്ടത്തന്നു. അതു കുടിച്ചുകഴിഞ്ഞപ്പോള്‍ഞങ്ങള്‍പതുക്കെ വീടിനു പിറകിലെ ഒതുക്കുകല്ലുകള്‍ഇറങ്ങി.

താഴെ അയനിയും എടണയും  ഞാറപ്പാലയും വളര്‍ന്ന ഒരു തറ കണ്ടു. വള്ളിപ്പടര്‍പ്പുകള്‍നിറഞ്ഞ ഒരു കൂറ്റന്‍കാഞ്ഞിരം തറയ്ക്ക് കാവല്‍നില്‍ക്കുന്നു.

ഞങ്ങടെ പതിയാണ്. പറയപ്പതി.”

അയാള്‍തന്‍റെ കുലം വെളിപ്പെടുത്തുകയായിരുന്നു.

പതി എന്ന് പറഞ്ഞാല്‍അപ്പനപ്പൂപ്പന്മാര്‍കുടിയിരിക്കണ ഇടം.”

ഒന്ന് നിര്‍ത്തി കുഞ്ഞാളി കൂട്ടിചേര്‍ത്തു.

ഈ പതിയും അളന്നുപോയിട്ടുണ്ട്. മരിച്ചു തലയ്ക്കു മുകളില്‍നില്‍ക്കണ എന്‍റെ കാരണവന്മാര്‍ ഇനി എങ്ങോട്ട് പോകും..?”

ആ ചോദ്യം അയാള്‍അനേകം വര്‍ഷങ്ങളായി ചോദിച്ചുകൊണ്ടേയിരിക്കുകയാണ് എന്ന് തോന്നി.

കുഞ്ഞാളിയുടെ മുഖത്തേയ്ക്ക് നോക്കിയപ്പോള്‍അയാളുടെ കണ്‍ഞരമ്പുകള്‍പിടയ്ക്കുന്ന കണ്ടു.

ഈ മണ്ണ് വിട്ട്, ഈ ചോല വിട്ട് അവരെങ്ങോട്ടും പോകൂല്ല. പോകാനാവില്ലഅതൊരു വിശ്വാസമാണ്. അത് സര്‍ക്കാരിനോട് ആര് പറയും. അളക്കാന്‍വന്നവരോട് ഞാനിത് പറഞ്ഞാരുന്നു. അപ്പൊ അവര് പറയാ. പള്ളിയോ അമ്പലോ ആയിരുന്നെങ്കി എന്തേലും ചെയ്യായിരുന്നൂന്ന്‍. മതം വച്ചു കളിയ്ക്കാന്‍ആളേം കിട്ടും. ഇതിപ്പോ ഞങ്ങടെ കാര്‍ന്നോന്മാരല്ലേ….”

ഞാന്‍പൊടുന്നനെ നിശബ്ദത പാലിച്ചു. കുഞ്ഞാളി തുടര്‍ന്നു.

ഇതൊരു വാര്‍ത്ത‍യാക്കിയാല്‍നടപടി ഉണ്ടാവില്ലേ. ഞങ്ങള്‍പത്രക്കാരോടൊക്കെ പറഞ്ഞു നോക്കി.പക്ഷേ ഈ വാര്‍ത്ത ഒരു പത്രത്തിലും വന്നില്ല. ഇതൊക്കെ വികസനത്തിന് എതിരാന്നാ അവരു  പറയണേ..”

കുഞ്ഞാളിയോട് പറയാന്‍എനിയ്ക്ക് മറുപടികള്‍ഇല്ലായിരുന്നു.

എന്‍റെ ഭാര്യയെ കണ്ടില്ലല്ലോവാ..”

അയാള്‍എന്നെ വീടിനുള്ളിലേയ്ക്ക് ക്ഷണിച്ചു.

ഞങ്ങള്‍അകത്തേയ്ക്ക് കടന്നപ്പോള്‍പെണ്‍കുട്ടികള്‍അടുക്കളയിലേയ്ക്ക് മാറുന്നത് കണ്ടു.

അകത്ത് നനഞ്ഞ മണ്‍കട്ടകളുടെ മണമുണ്ടായിരുന്നു. മരുന്നുകളുടെയും. ഇരുട്ടില്‍എനിക്കാദ്യം കണ്ണുകള്‍തെളിഞ്ഞില്ല. പതുക്കെ വെളിച്ചം വന്നപ്പോള്‍ചുവരിനോട് ചേര്‍ന്നുള്ള പലകക്കട്ടിലില്‍ അസ്ഥി മാത്രമായ ഒരു സ്ത്രീ കിടക്കുന്ന കണ്ടു. പുതപ്പിനുള്ളില്‍അവരുടെ ദേഹം വിറകൊള്ളുന്നുണ്ടായിരുന്നു. എനിക്കൊന്നും മിണ്ടാനായില്ല.

അല്‍പ്പനേരമേ നിന്നുള്ളൂ.

തിടുക്കത്തില്‍പുറത്തിറങ്ങി ബൈക്കിനടുത്തെയ്ക്ക് നടന്നു. പിറകെയെത്തിയ കുഞ്ഞാളി പറഞ്ഞു:

ഒരു വശം തളര്‍ന്നുപോയതാണ്. വര്‍ഷം നാലായി. ഒരേ കിടപ്പ്. ആദ്യമൊക്കെ കുറേ ചികിത്സിച്ചു. പിന്നെ അതും നിന്നു. പണം വേണ്ടേ. കടം വാങ്ങി മുടിഞ്ഞു. മരുന്നു മുടങ്ങി.മക്കളുടെ പഠനം മുടങ്ങി. ഉള്ള ഭൂമി പണയം വച്ചു ലോണ്‍എടുക്കാമെന്ന് വച്ചാപറഞ്ഞല്ലോഒന്നും നടക്കില്ല…”

എനിക്കുള്ളില്‍എന്തൊക്കെയോ തിളച്ചുമറിയുന്ന പോലായി.

കുഞ്ഞാളി തുടര്‍ന്നു: വന്നപ്പോള്‍ആദ്യം കണ്ടില്ലേ..അതെന്‍റെ പെങ്ങളോരെണ്ണം ഉള്ളതാ. കെട്ടിച്ചു വിട്ടു. പക്ഷേ കെട്ട്യോന്‍ചത്തുപോയി. അതോടെ അവളിങ്ങുപോന്നുമക്കളില്ല. അതൊരു ഭാഗ്യായി…”

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍കുഞ്ഞാളി പറഞ്ഞു.

മേടപ്പത്തിന് രാത്രി പതീക്കൊടുപ്പുണ്ട്ആഘോഷമാണ്. വന്നാ കാണാം…”

ഞാന്‍വെറുതെ തലയാട്ടി.

പിറ്റേന്ന് ഞങ്ങളുടെ  നഗരത്തിലും ചുറ്റുവട്ടത്തുമായി   ഒരു ജനപ്രിയസിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു.  അതിനുപിറകെ പോയി  കുറച്ചുദിവസങ്ങള്‍.  അതുകഴിഞ്ഞപ്പോള്‍   ഭരണത്തിലുള്ള പാര്‍ട്ടിയുടെ  നേതാവിന്‍റെ  എണ്‍പതാം പിറന്നാള്‍ആഘോഷങ്ങളായി.  ബൈപ്പാസ് റോഡിന്‍റെ നിര്‍മ്മാണം വൈകുന്നതില്‍പ്രതിഷേധിച്ച്  പ്രതിപക്ഷം  തുടരെത്തുടരേ  മാര്‍ച്ചും  സമ്മേളനങ്ങളും നടത്തി.  അന്യസംസ്ഥാനതൊഴിലാളികളുടെ  ലേബര്‍  ക്യാമ്പുകളില്‍  ലഹരിപരിശോധന നടത്താന്‍ പോകുന്ന  പോലീസിനൊപ്പം ഓടിതീര്‍ത്തു  കുറേ  ആഴ്ചകള്‍. അതും കഴിഞ്ഞപ്പോള്‍ മുനിസിപ്പല്‍അധികൃതര്‍  സംഘടിപ്പിച്ച കുക്കറി ഷോയുടെ  തിരക്കുകളായി.

ചുരുക്കത്തില്‍, സ്കൂപ്പുകള്‍ക്ക് (?) പിറകെയുള്ള  പാച്ചിലിനിടയില്‍കുഞ്ഞാളി പാടെ വിസ്മരിക്കപെട്ടു  എന്ന് പറയാം.

മഴയാര്‍ത്തു പെയ്തുകൊണ്ടിരുന്ന  ഒരു വൈകുന്നേരം  ന്യൂസ് അവറിന് ശേഷമുള്ള ഇടവേളയില്‍ ക്യാമറമാന്‍വിക്രമന്‍നമ്പൂതിരിയാണ്   ഓര്‍മ്മിപ്പിച്ചത്:

“ഇന്ന് നേരത്തേ കൂടണയാന്‍നോക്കിക്കോ...മേടപ്പത്താ ദിവസം. കള്ളു കേറ്റാന്‍നിക്കണ്ട.വണ്ടിയോടിച്ചു കുറേ പോകണ്ടേ...മരിച്ച കീഴാളര്‍  കള്ളു  മണക്കാന്‍  വരും. ചെലപ്പോ കൂടെപ്പോരുകേം ചെയ്യും....”

നേരിയ ഭയം തോന്നാതിരുന്നില്ല. അതു മറയ്ക്കാന്‍  നമ്പൂതിരിയ്ക്ക് നേരെ ഞാനൊരു തെറി പറഞ്ഞു. അയാളാകട്ടെ നിന്ദാസൂചകമായി എനിയ്ക്ക് നേരെ പാന്‍സിന്‍റെ സിബ്ബ് തുറന്നുകാണിച്ചു. ഞങ്ങള്‍ആര്‍ത്തുചിരിച്ചു.

അന്ന് രാത്രി ഓഫീസില്‍നിന്നും ഇറങ്ങിയപ്പോള്‍ഒരുപാട് വൈകി. വൈകിട്ട് പെയ്ത മഴയില്‍നനഞ്ഞ നിരത്തിലൂടെ ബൈക്കോടിക്കുമ്പോള്‍  ഞാന്‍  കുഞ്ഞാളിയെ ഓര്‍ത്തു.

പൊടുന്നനെ പതീക്കൊടുപ്പ് കാണാന്‍  ഒരാഗ്രഹം. വണ്ടി നേരേ കുഞ്ഞാളിയുടെ വീട്ടിലേയ്ക്ക്ഇരമ്പി.

കുഞ്ഞാളിയുടെ വീട്ടില്‍ധാരാളം ആളുകള്‍ഉണ്ടായിരുന്നു. അയാളുടെ ബന്ധുക്കള്‍ആകണം.അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോള്‍കുഞ്ഞാളി തെളിഞ്ഞു ചിരിച്ചു. വാര്‍ത്തയെക്കുറിച്ചോ അന്ന് കൈമാറിയ കടലാസുകളെ കുറിച്ചോ ഒന്നും ചോദിച്ചില്ല.

എന്നെ പതിയിലെയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

പതിയില്‍പന്തങ്ങളുടെ വെളിച്ചം മറ്റൊരു ലോകം സൃഷ്ടിച്ചിരുന്നു. ആളുകളുടെ മുഖം തീ വെളിച്ചത്തില്‍അവ്യക്തമായിരുന്നു. കുരുത്തോലകളുടെ  തൊങ്ങലുകള്‍കാറ്റിലാടി.

അരിപ്പൊടികൊണ്ടും മഞ്ഞള്‍പ്പൊടികൊണ്ടുമുള്ള വരകള്‍ക്കിടയില്‍ ഗുരുതിപ്പാത്രങ്ങള്‍രക്തവര്‍ണ്ണത്തില്‍നിശ്ചലമായിരുന്നു. വാഴപിണ്ടിയുടെ ഗോപുരങ്ങള്‍ഇരുണ്ട നിഴലുകള്‍വരച്ചു.

അന്ന് പകല്‍വന്നത് ഇവിടെ തന്നെയോ എന്ന് എനിയ്ക്ക് സന്ദേഹമായി.

അയനിയുടെ ചുവട്ടിലിട്ട പായയില്‍കുഞ്ഞാളി എന്നെ ഇരുത്തി. അപ്പുറത്ത് സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു.

അപരിചിതനെ കണ്ട് അവരെല്ലാം തുറിച്ചുനോക്കി.

പതിത്തറയിലെ കല്ലുകളിലും ആളുന്ന പന്തങ്ങളിലും നോക്കി ഞാനിരുന്നു.

മുടി തോളറ്റം വളര്‍ത്തിയ കറുത്ത കല്ലുപോലത്തെ മുഖമുള്ള ഒരാളായിരുന്നു പരികര്‍മ്മി.കയ്യിലെ പന്തത്തിനു നേരെ തെള്ളിപ്പൊടി എറിഞ്ഞ് ഇടയ്ക്കിടെ അയാള്‍ആര്‍പ്പിട്ടു:ഹിയ്യേ..ഹിയ്യേ

തുടി കൊട്ടിക്കൊണ്ട് നാല് പേര്‍ഒരു വായ്ത്താരി ചൊല്ലുന്നുണ്ടായിരുന്നു.

എന്‍റെ കുടിക്കൊരു താങ്ങായി നിക്കണം

എന്‍റെ നടയ്ക്കൊരു ചേലായി ചേരണം

പെണ്ണിനും പേരയ്ക്കും കൂട്ടായി വന്നേക്ക്

അപ്പനപ്പൂപ്പന്‍മാരേ..”

ഒരു മണ്‍കുടുക്കയില്‍എനിയ്ക്ക് പനങ്കള്ള് നീട്ടികൊണ്ട് കുഞ്ഞാളി പറഞ്ഞു: എല്ലാം ഞങ്ങളുടെ മണ്മറഞ്ഞ കാരണവന്‍മാരാണ്. കള്ളും കോഴിയുമാണ്‌നിവേദ്യം. വടക്ക് ഇരിക്കണത് തേവന്‍വെല്ല്യപ്പന്‍. ഇല്ലത്തെ പുള്ളിപ്പശുവിന്‍റെ നോട്ടക്കാരനായിരുന്നു. പുള്ളിപ്പശു പാമ്പ്‌കടിച്ചുചത്തപ്പോള്‍പിന്നെ നോട്ടക്കാരന്‍എന്തിനാവല്ല്യപ്പനേ൦ അതേ കുഴിയിലിട്ടു മൂടി.തെക്കിരിക്കണത്  മാത്തിരി അമ്മായി. ഞാറു നടുന്നതിനിടയില്‍കുഞ്ഞിനു മുല കൊടുക്കാന്‍കരയില്‍കയറിയതിന് തമ്പ്രാക്കന്മാര് മുല രണ്ടും അരിഞ്ഞുകളഞ്ഞ ഞങ്ങളുടെ കുലദേവത. ആ പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് ഞാന്‍. പിന്നെയുള്ളത് കുഞ്ഞപ്പന്‍കൊച്ചാട്ടന്‍. താളിയൊടിയ്ക്കാന്‍തിണ്ട് കയറിയപ്പോള്‍വഴിയേ പോയവനെ തീണ്ടിയതിന് തല്ലിക്കൊന്നതാണ്. വട്ടക്കിണറിലെ വെള്ളം കോരി കുടിച്ചേന് നാവരിഞ്ഞു കളഞ്ഞ കോന്നന്‍വല്യപ്പന്‍, പണിക്കിടയില്‍ഉഴവുചാല്‍വെള്ളം മോന്തിയതിന് മൂക്കരിഞ്ഞ കോത വല്യമ്മ,പള്ളിക്കാവിന് നേരെ കാതം വഴി ദൂരേന്ന് ഒന്നു തൊഴുതുപിടിച്ചതിനു കൈ വെട്ടിക്കളഞ്ഞ കുഞ്ഞോര, ചാത്തന്‍, ചാമുണ്ഡി, വടക്കന്‍ചൊവ്വ, മൂശാമ്പിള്ളി….പതിയിലുള്ളത് ഇവരൊക്കെയാണ്…”

കുഞ്ഞാളി വിവരിക്കുന്നതിനിടയില്‍തറയില്‍നിന്നും കര്‍മ്മിയുടെ ശബ്ദം ഉയര്‍ന്നു:

ഇരി..ഇരി..കുടികുടികൂടാരം കെട്ടി പതിയിരിഎന്‍റെ മക്കളുടെ കാലിലൊരു മുള്ള് കൊള്ളരുത്ട്ടോ..., കണ്ണില്‍വെള്ളം കെട്ടരുതട്ടോനെഞ്ചു വിങ്ങാന്‍ഇടയാക്കരുത്ട്ടോഇപ്പതി വിട്ട് പോകരുത്ട്ടോഇരി..ഇരികുടി..കുടി..”

കയ്യിലെ പന്തത്തിരിയിലേയ്ക്ക് അയാള്‍തെള്ളിപ്പൊടി എറിഞ്ഞപ്പോള്‍ചുറ്റും തീയാളി.

ബാഗില്‍നിന്നും ക്യാമറ എടുക്കാന്‍തുടങ്ങിയപ്പോള്‍കുഞ്ഞാളി തടഞ്ഞു: വേണ്ട സാറേ. ക്യാമറയില്‍ഒതുങ്ങില്ലല്ലോ മരിച്ചവരുടെ ജീവിതം.

മൌഡ്യത്തോടെ ഞാന്‍ക്യാമറ ബാഗില്‍തന്നെ പൂഴ്ത്തി. പിന്നെ, മണ്‍കുടുക്കയിലെ കള്ളു ഒറ്റവീര്‍പ്പിനകത്താക്കി.

ഒരു രഹസ്യം പോലെ ഞാന്‍കുഞ്ഞാളിയോട് പറഞ്ഞു: ‘ ഞാനും ഒരു പറയനാണ്.”

കുഞ്ഞാളി പൊട്ടിച്ചിരിച്ചു: ആരോടും പറയണ്ടഓഫീസിലൊക്കെ അറിഞ്ഞാ രഹസ്യമായൊരു തീണ്ടല്‍വരും. സ്വന്തം കുലം പറയാന്‍ജോലീം പത്രാസുമുള്ള  ചില പറയര്‍മടിയ്ക്കുന്നതും അതുകൊണ്ടാ..”

കുഞ്ഞാളി നിസാരനല്ലെന്ന് പെട്ടെന്ന്‍എനിയ്ക്ക് മനസിലായി. അയാള്‍ഉപയോഗിച്ച വാക്കുകള്‍എന്നെ ഭയപ്പെടുത്തി.

അയാള്‍തുടര്‍ന്നു: ശ്രീമൂലം സഭയില്‍അംഗമായിരുന്ന കാവാരിക്കുളം കണ്ടന്‍കുമാരനെ  ആരറിയും.പറയനായിരുന്നു. ചരിത്രം സൌകര്യപൂര്‍വ്വം അദ്ദേഹത്തെ മറന്നുകളഞ്ഞില്ലേ.. അയ്യങ്കാളിയെ മറക്കാതിരുന്നതിന് കാലത്തെ നമിയ്ക്കാം. 

കുഞ്ഞാളി ഒരു മണ്‍കുടുക്ക കള്ളു കൂടി എന്‍റെ മുന്നില്‍എത്തിച്ചു.

ഞാന്‍പറഞ്ഞു: ഞാനങ്ങനെ കുടിക്കാറില്ല..”

നല്ലത്. പശുവിറച്ചിയും പനങ്കള്ളും മോന്തിയാണ് പറയര്‍അവരുടെ തന്നെ പടിയ്ക്ക് പുറത്തായത്…”

ഇടയ്ക്ക് ഒരാള്‍വന്നു ചോദിച്ചു:  ഇക്കിണുമ്പ് ആര് കൊച്ചേട്ട..”

കുഞ്ഞാളി പറഞ്ഞു: നുമ്മ കിണുമ്പ് താ..”

അയാള്‍എന്നെ ഒന്നിരുത്തി നോക്കിയ ശേഷം അപ്പുറത്തേയ്ക്ക് പോയി. അവര്‍സംസാരിച്ച ഭാഷ എനിയ്ക്ക് മനസിലായില്ല.

എന്‍റെ അമ്പരപ്പ് കണ്ട് കുഞ്ഞാളി പറഞ്ഞു. ഇത് പറയരുടെ ഭാഷയാണ്. പാടത്ത് പണിയുമ്പോ വരമ്പത്ത് നില്‍ക്കണ കാര്യസ്ഥന് മനസിലാകാത്ത ഭാഷ. ലിപികളില്ല. മലയാളവുമായി കൂട്ടിക്കെട്ടിയാണ് പ്രയോഗം. പുതുമുറക്കാര്‍ക്ക് അറിയുകയുമില്ല. രണ്ട് തലമുറ കൂടി കഴിഞ്ഞാല്‍ഇതും മരിക്കും…”

തുടി അടിച്ചുപാടുന്നവര്‍ക്ക് മുന്നില്‍വിരിച്ച പായിലിരുന്ന രണ്ട് സ്ത്രീകള്‍മുടിയാട്ടം തുടങ്ങിയിരുന്നു. കയ്യില്‍കുരുത്തോലച്ചിറ്റുമായി അവര്‍  മുടിയഴിച്ചാടി.

തുടികൊട്ടും പാട്ടും അവരുടെ താളമായി.

ഒന്നാം കളം തീണ്ട് കോത വല്യമ്മേ..

രണ്ടാം കളത്തീ വാ ചട്ടനമ്മാവാ

ഇക്കളം തീണ്ടണ൦ അക്കളം തീണ്ടണ൦

മറ്റെങ്ങും പോയിടല്ലേ

പാട്ടൊരു വിലാപം പോലെ തോന്നി. കള്ളു തലയ്ക്ക് പിടിച്ചുതുടങ്ങിയിരുന്നു. തുടിയുടെ ഒച്ച ഹൃദയത്തില്‍പ്രകമ്പനമാകുന്നു.

ഞാന്‍എഴുന്നേറ്റു.

കുഞ്ഞാളി എനിക്കൊപ്പം വന്നു: പതിയ്ക്ക് മുകളിലൂടെ പാളങ്ങള്‍വരുമായിരിക്കും.പുളിക്കൊമ്പിലെ പോതി പുളി വെട്ടിയാല്‍എവിടെപ്പോകും. എല്ലാക്കാലത്തും ഞങ്ങളുടെ കാരണവന്‍മാര്‍ക്ക് ഒരേ ഗതി…”

ഞാന്‍ചോദിച്ചു: മരിച്ചവര്‍മരിച്ചു. ജീവിച്ചിരിക്കുന്ന നിങ്ങളോ..”

കുഞ്ഞാളി തിരച്ചടിച്ചു: ഞങ്ങള്‍ക്കും അതേ ഗതിഒന്നു ചോദിച്ചോട്ടെ സാറേ..ഞങ്ങളെ പോലുള്ളവര്‍  എന്നാണ് ജീവിച്ചിട്ടുള്ളത്.”

ഞാന്‍നിങ്ങള്‍ എന്നും കുഞ്ഞാളി ഞങ്ങള്‍ എന്നുമാണ് പറഞ്ഞത്. എനിയ്ക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.

ജാള്യത മറയ്ക്കാന്‍വേണ്ടി ഞാന്‍തിരക്കി.

ഭാര്യയ്ക്ക് എങ്ങനെയുണ്ട്…”

മരിച്ചു…” നിസംഗമായി അയാള്‍പറഞ്ഞു.

കുറച്ചുനാളായി. കട്ടിലൊഴിഞ്ഞിട്ടില്ല. ഇപ്പോ പെങ്ങളാ കിടപ്പ്. അവള്‍ക്ക് ക്യാന്‍സര്‍.ശ്വാസകോശത്തില്നാട്ടുകാര് പിരിവിട്ട് കുറച്ച് കാശ് തന്നു. അതോണ്ടാ ചികിത്സ…”

എനിയ്ക്കൊന്നും പറയാനില്ലായിരുന്നു. വരട്ടെ എന്ന് മാത്രം പറഞ്ഞു ഞാന്‍ബൈക്കെടുത്തു.

ഇരുട്ടിലേയ്ക്ക് ബൈക്കിറക്കുമ്പോള്‍കുഞ്ഞാളി ഓര്‍മ്മിപ്പിച്ചു: ഇടയ്ക്ക് വരണം. നീ നുമ്മ കിണുമ്പ് താ…”

ഞാന്‍ഹൃദയഭാരത്തോടെ  ചിരിച്ചു.

 വാര്‍ത്ത  ചെയ്യണം  എന്ന്  ഉറപ്പിച്ചുതന്നെ ആയിരുന്നു എന്‍റെ മടക്കം. പക്ഷേ, ഏത് ആംഗിളില്‍ എന്ന സംശയം ബാക്കിയായി.

ശബരി റെയില്‍പ്പാതയുടെ  നിര്‍മാണം അനിശ്ചിതത്വത്തില്‍, സ്ഥലം നല്‍കിയവര്‍ ദുരിതത്തില്‍പദ്ധതി ഉപേക്ഷിച്ച നിലയില്‍ എന്നിങ്ങനെ വിവിധ ക്യാപ്ഷനുകള്‍ മനസിലൂടെ കടന്നുപോയി.

ഒടുവില്‍, ആ കടലാസുകള്‍ എഡിറ്ററുടെ ടേബിളില്‍വച്ചു മടങ്ങുമ്പോള്‍ കുഞ്ഞാളിയുടെ പറയപ്പതി കടലാസില്‍ കിടന്നു ത്രസിയ്ക്കുന്നുണ്ട് എന്ന് എനിയ്ക്ക് ഉറപ്പായിരുന്നു.

എന്നിട്ടും പിറ്റേന്ന് എഡിറ്റര്‍ എന്നെ റൂമിലേയ്ക്ക് വിളിപ്പിച്ചു.

എന്താണിത്..?”

ഞാനെഴുതിയ കടലാസുകള്‍ഉയര്‍ത്തിക്കാട്ടി അദ്ദേഹം എന്നെ നോക്കി.

ഞാന്‍വിക്കി: “സര്‍, ഇല്ലാതാകുന്ന ഒരു…”

എഡിറ്റര്‍പുച്ഛത്തോടെ ചിരിച്ചു.

പറയപ്പതി. നോണ്‍സെന്‍സ്. അന്നത്തെ സര്‍ക്കാരാണ് ഇപ്പോള്‍അധികാരത്തില്‍.  അറിയാമല്ലോ.തനിയ്ക്ക് പറയാനുള്ളത് ഒരു കഥയാക്കിയാല്‍മതി. വാര്‍ത്തയാക്കണ്ട.”

അദ്ദേഹം ആ കടലാസുകള്‍കീറി ചവറ്റുകുട്ടയിലിട്ടു.

പിന്‍തിരിഞ്ഞുനടക്കുമ്പോള്‍ കുഞ്ഞാളിയുടെ കാരണവന്‍മാര്‍എഡിറ്ററുടെ ചവറ്റുകുട്ടയില്‍കിടന്ന് അലറുന്ന ശബ്ദം ഞാന്‍കേട്ടു. ഉപേക്ഷിക്കപ്പെട്ട ചില വാര്‍ത്തകള്‍കൂടി അവയ്ക്ക് മുകളില്‍വീണപ്പോള്‍ആ ശബ്ദവും അടങ്ങി.

Comments

comments