ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ ബിസിനസ് തുടങ്ങാൻ  പോകുന്നു എന്ന് പറയുന്ന വിജയനോട് ശ്യാമള പറയുന്നുണ്ട് വിജയേട്ടന്റെ ശുദ്ധ മനസ്സിനു ബിസിനസ് പറ്റില്ലഎന്ന്. കച്ചവടം കുടിലമനസ്സുള്ളവർക്ക് പറഞ്ഞ പണിയാണ് എന്ന് അർത്ഥമാക്കുന്ന ആ വാചകമാണ് കഴിഞ്ഞ ദിവസം CNN IBN  വന്ന ഒരു വാർത്ത കണ്ടപ്പോൾ തോന്നിയത്. പ്രത്യേകിച്ചും ആതുരസേവനം ഒരു വൻ കച്ചവടമായിതീർന്നിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ. 

http://www.ibnlive.com/videos/india/8-year-long-legal-battle-ends-kims-ordered-to-pay-rs-35-lakh-to-victims-family-1194388.html

വാർത്തയുടെ ചുരുക്കം ഇപ്രകാരമാണ്തിരുവനന്തപുരം KIMS ആശുപത്രിയിൽ ഒരു സാധാരണ സർജറിക്കായി പ്രവേശിപ്പിക്കപ്പെട്ട 28 വയസ്സുകാരൻ ദീപക് ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥ കാരണം ശസ്ത്രക്രിയാമേശയിൽ വച്ച് മരണപ്പെട്ടതിനെ തുടർന്ന് ദീപക്കിന്റെ കുടുംബം നടത്തിയ 8  നീണ്ട നിയമപോരാട്ടം ലക്ഷ്യത്തിലെത്തിയിരിക്കുന്നു. സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ആശുപത്രിയ്ക്കെതിരായി വിധി പ്രസ്താവിക്കുകയും ദീപക്കിന്റെ കുടുംബത്തിനു 35 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാൻ KIMS ആശുപത്രിയോട് നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നു.

കേരളത്തിലെ ആതുരസേവനരംഗത്തെഭീമന്മാരിൽ ഒന്നായ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയുടെ നടത്തിപ്പുകാർ ആരോഗ്യരംഗത്തെയും വ്യവസായ രംഗത്തെയും അതികായന്മാർ ആണ്. സാധാരണക്കാർക്ക് അപ്രാപ്യമായ ഈ പഞ്ചനക്ഷത്ര ആശുപത്രിയെക്കുറിച്ചു പല ആരോപണങ്ങളും പല തവണയും ഉയർന്നിട്ടും ഉന്നതപിടിപാടുകളുള്ള ഇതിന്റെ നടത്തിപ്പുകാർ ഒരന്വേഷണത്തിനു പോലും ഇടനല്കാതെ അവയെല്ലാം ഒതുക്കിതീർക്കുകയായിരുന്നു. 

ദീപകിന്റെ മരണത്തിനു ഇടയാകിയ മേല്പറഞ്ഞ സംഭവത്തിലും സാങ്കേതികത്വം പറഞ്ഞു ജില്ലാ ഉപഭോക്തൃ സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീലിന് പോയ ആശുപത്രി അധികൃതർ മനുഷ്യത്വവും സമാന്യസഹാനുഭൂതിയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കച്ചവടമനോഭാവമാണ് പ്രകടിപ്പിച്ചത്. ആരോഗ്യത്തിന്റെയും ജീവന്റെയും കാര്യത്തിൽ മറുത്തൊന്നും ചിന്തിക്കാൻ പറ്റാത്ത സാധാരണ മനുഷ്യർ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കാണുന്നത് ഡോക്ടർമാരെയാണ്. ആ വിശ്വാസവും പ്രതീക്ഷയും എല്ലായ്പ്പോഴും കാത്തുസൂക്ഷിക്കാൻ ആർക്കും കഴിഞ്ഞെന്നു വരില്ല. പക്ഷെ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന അശ്രദ്ധയും അനാസ്ഥയും കാരണം ഒരു ജീവൻ നഷ്ടപ്പെടുമ്പോഴും പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്ക് പ്രകടിപ്പിക്കുന്ന ഈ ഷൈലോക്കുമാർക്ക് ഇത്തരം വിധികൾ ഒരു പാഠമാകുമെന്നു പ്രത്യാശിക്കാം.

ഇതിനെക്കാളേറെ ഈ വിഷയത്തിൽ ശ്രദ്ധേയമായത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും തന്നെ ഈ വാർത്ത കണ്ടതായി നടിച്ചില്ല എന്നതാണ്. സാമൂഹ്യപ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന ഇത്തരം വിധികളൊന്നും തന്നെ അവരെ സംബന്ധിച്ചിടത്തോളം ഒട്ടുമേ വാർത്താപ്രാധാന്യം ഉള്ളവയല്ല. കിംസ് പോലുള്ള ഭീമന്മാർ നല്കുന്ന പരസ്യവരുമാനത്തിന്റെ മുന്നി സാധാരണക്കാരന്റെ ജീവന്റെ വിലയ്ക്ക് ഒരു ഒറ്റക്കോളം വാർത്താ പ്രധാന്യം പോലുമില്ല എന്നതാണ് സത്യം. സരിതനായരുടെ സാരികളുടെ എണ്ണവും രാഹുൽ പശുപാലന്റെയും രശ്മിനായരുടെയും ഫ്ലാറ്റിലെ വാരിവലിച്ചിട്ട സാധനസാമഗ്രികളുമൊക്കെ മലയാളിയുടെ മുന്നില് പ്രദർശിപ്പിക്കാൻ മത്സരിക്കുന്ന ഈ നാലാം തൂണുകാരും കുടിലകച്ചവടതന്ത്രങ്ങളുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. 

Comments

comments