മുഖ്യധാരാ ജനപ്രിയ സിനിമയിൽ അടുത്തൊന്നും കണ്ടിട്ടില്ലാത്ത വിധത്തിൽ പുതുമാപ്രതീതിയും ഓമനത്തവും പ്രകടിപ്പിച്ച സിനിമയാണ് ചാർലി. എന്നാൽ, തുടക്കത്തിൽ പ്രേക്ഷകർ കാണിച്ച ആവേശം പെട്ടെന്നു തന്നെ എരിഞ്ഞടങ്ങുകയും ടു കൺട്രീസ് പോലുള്ള സാമ്പ്രദായിക സ്ത്രീ വിരുദ്ധ ആഖ്യാനങ്ങൾ മേൽക്കൈ തിരിച്ചു പിടിക്കുകയും ചെയ്തു. കേരള സമൂഹം ഒന്നാകെ സദാചാര പോലീസായി മാറിയതിന്റെ ഭാഗമായി, ചുംബന സമരത്തിനെതിരെ നടന്ന മഹാ/മഴവിൽ സഖ്യരൂപീകരണത്തെ വിമർശനാത്മകമായി സമീപിക്കുന്നതും, ഡി സി ബുക്‌സ് തിരക്കിട്ട് പ്രസിദ്ധീകരിച്ചതുമായ ചുംബിക്കുന്ന മനുഷ്യർ, ചുംബിക്കാത്ത മനുഷ്യർ എന്ന പുസ്തകത്തിന്റെ എഡിറ്റർ കൂടിയായ പ്രസിദ്ധ കഥാകൃത്ത് ഉണ്ണി ആർ ആണ് ചാർലിയുടെ കഥയും സംഭാഷണവും തയ്യാറാക്കിയത്. സംവിധായകനായ മാർട്ടിൻ പ്രക്കാട്ടിനോടൊപ്പം, തിരക്കഥയെഴുതിയതും ഉണ്ണി തന്നെ. പൊതുബോധ/സദാചാരപോലീസിനിട്ട് ഒരിടി കൊടുത്തുകൊണ്ടാണ് ടൈറ്റിൽ തെളിയുന്നത്. ബംഗളൂരുവിൽ നിന്ന് തീവണ്ടിയിലോ മറ്റോ വന്നിറങ്ങി, വീട്ടിലേക്ക് ഓട്ടോയിൽ പോകുന്നതിനിടെ, നായികയായ ടെസ്സയോട്(പാർവതി) ഡ്രൈവർ തന്റെ ജനറൽ നോളജ് പങ്കുവെക്കുന്നു. ബാംഗളൂരൊക്കെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഭയങ്കര ഫ്രീഡമാണെന്നാണല്ലോ കേട്ടിട്ടുള്ളത്, വട്ടച്ചെലവിനുള്ള പണമൊക്കെ അവർ തന്നെ ഒപ്പിക്കുമെന്നും കേട്ടിട്ടുണ്ട്. (ഈ ജനറൽ നോളജ് സാധൂകരിക്കുന്ന ചലച്ചിത്ര റഫറൻസിനായി ആഷിക്ക് അബുവിന്റെ 22 ഫീമെയിൽ കോട്ടയം കാണുക.). വീട്ടിനു മുന്നിൽ ഓട്ടോയിറങ്ങി പോകുമ്പോൾ, അയാൾ ചോദിച്ച അമ്പതു രൂപ കൂലിക്ക്, അവൾ കൊടുത്ത നൂറു രൂപയുടെ ബാക്കി ചേട്ടൻ  വെച്ചോ എന്നു പറഞ്ഞ് അയാൾക്കു തന്നെ മടക്കുന്നു. സാധാരണ സിനിമകളിൽ ഇത്തരം ടിപ്പുകൾ, കൊടുക്കുന്ന കഥാപാത്രത്തിന്റെ ഉദാരമനസ്‌കതയെ തെളിയിക്കാൻ മാത്രം പ്രയോജനപ്പെടുമ്പോൾ; ഇവിടെയത് പൊതു സമൂ ഹത്തിന്റെ സദാചാര പൊലീസിംഗ് ആന്തരവത്ക്കരിച്ച ഡ്രൈവറുടെ മുഖത്തിനിട്ട് അടച്ചാട്ടുന്നതിന് സമാനമായിത്തീരുന്നു. അപ്രകാരം, കുടുംബവും അയൽക്കാരും സുഹൃത്തുക്കളും അധ്യാപകരും മേലുദ്യോഗസ്ഥന്മാരും സഹപ്രവർത്തകരും മാധ്യമങ്ങളും ലൈംഗികാസംതൃപ്തരായ അപരിചിതരുമടങ്ങുന്ന രക്ഷാകർതൃ സമൂഹത്തിന്റെ തടങ്കൽ പാളയത്തിൽ മെരുങ്ങി ജീവിക്കാൻ പാകമായ കഥാപാത്രമല്ല ടെസ്സ എന്ന പരിചയപ്പെടുത്തലും നടക്കുന്നു.

അവളുടെ വീട്ടിൽ കല്യാണ നിശ്ചയത്തിന്റെയോ ഒരുക്കമാണ്. ജ്യേഷ്ഠന് നിശ്ചയിച്ചിരിക്കുന്ന പെണ്ണിന്റെ സഹോദരൻ അമേരിക്കക്കാരൻ കുരുവിളയെ ടെസ്സ കെട്ടണമെന്നാണ് റാഹേൽ (കെ പി എസി ലളിത) എന്ന വല്യമ്മച്ചി ഒഴിച്ച് മുതിർന്നവരുടെയും ജ്യേഷ്ഠന്റെ തന്നെയും ആഗ്രഹവും നിശ്ചയവും. കല്യാണൊരുക്ക വീട്ടിലെ മാർഗംകളിക്കിടയിൽ നിന്ന് അതിനു വേണ്ടി അണിഞ്ഞ വേഷവുമണിഞ്ഞാണ് അവൾ രക്ഷപ്പെടുന്നത്. ലോറിയിലും പിന്നീട് വിചിത്ര വേഷവും മരക്കൊമ്പുമൊക്കെയായി പോകുന്ന സ്‌കൂട്ടറിന് പിറകിലിരുന്നും (അത് നിഗൂഢതയിൽ നിന്നും അനന്തതയിൽ നിന്നും പൊടുന്നനെ പ്രത്യക്ഷപ്പെടുകയും അതു പോലെ അപ്രത്യക്ഷനാകുകയും ചെയ്യുന്ന ധീരനായകാവതാരം തന്നെയായിരുന്നു എന്ന് അവസാനരംഗത്തെ സെൽഫി വിസ്മയത്തിലാണ് തെളിയുന്നത്!) കൂട്ടുകാരിയായ മാധ്യമപ്രവർത്തകയുടെ അടുക്കലെത്തി, സിംകാർഡ് പൊട്ടിച്ചുകളയുന്ന ടെസ്സ, സുഹൃത്തിന്റെയും ഉസ്മാനിക്ക (പി ബാലചന്ദ്രൻ)യുടെയും സഹായത്തോടെ പുതിയ വീട്/മുറി കണ്ടെത്തുന്നു. അവിടെയാരോ തൊട്ടു മുമ്പ് താമസിച്ചതായിരുന്നു. അയാളുടെ സാധനങ്ങൾ മുറി മുഴുവൻ നിറഞ്ഞിരിക്കുന്നു. ഫോർട്ട് കൊച്ചിയിൽ നടക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ പല പ്രദർശന വേദികളിലൊന്നിൽ ചെന്നു പെട്ടതു പോലത്തെ അവസ്ഥയാണ് ഈ മുറിക്ക്. സദാചാരപോലീസിനിട്ട് കൊടുക്കുന്ന ഇടി, ഇവിടെ ടൂറിസം/ആദരിക്കൽ/കേരളീയ സംസ്‌ക്കാരം/കഥകളി ലേഖനം ടീമുകൾക്ക് കൊടുക്കുന്നുണ്ട്. പെട്ടി ഓട്ടോയിൽ പിറകിലിരുത്തിയിട്ടുള്ള ലൈവ് കഥകളി വേഷം, മുഖ്യധാരാ വാരികകളിൽ വരുന്ന ചില കഥകളി അവലോകന/വിവരണ ലേഖനം പോലെ തോന്നിച്ചു. എന്താണെന്ന് ഒരു പിടിയും കിട്ടാതെ, വാരിവലിച്ച് എഴുതുന്ന ഇത്തരം ലേഖനങ്ങൾ മൃദു ബ്രാഹ്മണ്യ വായനക്കാർക്ക് ഇക്കിളി കൂട്ടുന്നതിനു വേണ്ടിയാണ് പ്രസിദ്ധീകരിക്കുന്നത്. വല്ല അവാർഡോ മറ്റോ കഷ്ടകാലത്തിനു കിട്ടിയവരെ വഴി നീളെ ആദരിക്കുമ്പോൾ പൊന്നാട പുതപ്പിക്കുന്നതിനു പുറമെ കൊടുക്കുന്ന ഒറളൻ കുത്താൻ എപ്പോഴും സാധ്യതയുള്ള കഥകളി വേഷത്തിന്റെ മരത്തലയെയും ഈ സീൻ ഓർമിപ്പിച്ചു.

ഇൻസ്റ്റലേഷനെന്നതു പോലെ, ഗ്രാഫിക് നോവലിനും സിനിമയിൽ മുഖ്യ സ്ഥാനം കൊടുത്തിരിക്കുന്നു. ഛായാഗ്രഹണത്തിനെന്നതു പോലെ, വസ്ത്ര സംവിധാനത്തിലും ചാർലി നൂതനത്വം അനുഭവപ്പെടുത്തുന്നുണ്ട്. സമീറ സനീഷിന് ഒരു ലൈക്ക്. ആദ്യരാത്രി എന്ന ഗ്രാഫിക് നോവൽ, സന്ദിഗ്ദ്ധമായ സന്ദർഭത്തിലാണ് അവസാനിപ്പിച്ചു വെച്ചിരിക്കുന്നത്, അഥവാ നിർത്തിവെച്ചിരിക്കുന്നത്.

മുൻ താമസക്കാരനായ ചാർലി (ദുൽക്കർ സൽമാൻ)യെ അന്വേഷിച്ചുള്ള ടെസ്സയുടെ യാത്രയാണ് ആഖ്യാനത്തിന്റെ പ്രധാന അടിസ്ഥാനം. ടി വി ചന്ദ്രന്റെ ആലീസിന്റെ അന്വേഷണത്തിലും കഥാവശേഷനിലും ഭാര്യയും വിവാഹം മുടങ്ങിയ സ്ത്രീയും യഥാക്രമം ഭർത്താവിനെയും റദ്ദു ചെയ്ത കല്യാണച്ചെറുക്കനെയും അന്വേഷിച്ച് പോകുന്നതിനിടെ അവരെ ചുറ്റി വരിഞ്ഞുള്ള നിഗൂഢതകൾ ഒരേ സമയം അനാവരണം ചെയ്യപ്പെടുകയും കൂടുതൽ ഇരുട്ടിലാക്കുകയും ചെയ്യുന്നുണ്ട്. അത്തരമൊരു രാഷ്ട്രീയാന്വേഷണമല്ല, ചാർലിയിലെ നായിക നടത്തുന്നത് എന്നതാണ് ആണിന്/നായകന് വരാനും പോകാനുമുള്ള ആഖ്യാന പ്രദേശങ്ങൾ മാത്രമേ, മലയാള മുഖ്യധാരാ സിനിമക്കും അതിലെ സ്ത്രീ കഥാപാത്രങ്ങൾക്കും ആധാരം ചെയ്‌തെടുക്കാൻ സാധിച്ചിട്ടുള്ളൂ എന്ന് ഉറപ്പിക്കാൻ കാരണം. ആൺ/നായകൻ എന്ന തണ്ടപ്പേര് സർവകാലത്തേക്കുമായി കൈവശാവകാശം നേടി സ്ഥിരപ്പെടുത്തിയിരിക്കുന്നു എന്നും പറയാം.

കള്ളസുനിയെ ഡിസൂസ എന്നു വിളിക്കുന്ന ചാർലി ഇപ്രകാരം പലരുടെയും പേരു മാറ്റുന്നുണ്ട്. കാറൽ മാർക്‌സ്, റോസ ലക്‌സംബർഗ്, വി എസ് അച്യുതാനന്ദൻ, വി എസ് ഒ പി (അവസാനത്തേത് ഒരു ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ബ്രാന്റ് നെയിം) എന്നിങ്ങനെയായിരിക്കണം പേര് എന്നും വിശേഷണം പറയുമ്പോൾ, രാഷ്ട്രീയചരിത്രത്തെ പരിഹസിക്കുന്നതിലൂടെ രൂപപ്പെടുന്ന പ്രതിലോമകരമായ കപട-പരിശുദ്ധ നർമത്തിന്റെ ലേബലും സൂത്രത്തിൽ എടുത്തണിയുന്നു.

കള്ള സുനി സ്വയം പരിചയപ്പെടുന്ന വേളയിൽ, ഉണ്ണി ആർ തന്റെ ചെറുകഥാരചനാ വൈഭവം പുറത്തെടുക്കുന്നുണ്ട്. ഒരു വീടിന്റെ കിടപ്പറയിൽ മോഷ്ടിക്കാൻ കയറിയപ്പോൾ, ഭർത്താവ് ഭാര്യക്കടുത്ത് തുണിയില്ലാതെ കിടക്കുന്നതു കണ്ട് തന്റെ തുണി പറിച്ച് അയാളെ പുതപ്പിച്ചത്, ഭാര്യ ഉണരുമ്പോൾ അയാളുടെ നഗ്നത കണ്ട് പേടിക്കണ്ട എന്നു വിചാരിച്ചാണ്. ഭാര്യ കണ്ടതാകട്ടെ, കള്ളന്റെ നഗ്നതയും. ഇതു കണ്ട് ഭാര്യ ചിരിക്കുന്നതിന്റെ ശബ്ദം കേട്ടുണർന്ന ഭർത്താവ് സംശയിച്ചത് കള്ളനും ഭാര്യയുമായി അവിഹിതം നടന്നു വെന്നാണ്.അതിന്റെ പേരിൽ അയാൾ കൊടുത്ത കള്ളക്കേസിൽ കളളൻ അകത്താകുകയും ചെയ്തു. കിടപ്പറ അഥവാ ലൈംഗികത എന്ന നിഗൂഢതയെ തുറന്നു കാട്ടുകയാണെന്ന ഭാവത്തിൽ, യാഥാസ്ഥിതികലംഘനത്തെ കേവലം ഒളിഞ്ഞുനോട്ടമായി വില കെടുത്തുകയും ചെയ്യുന്നു.

ഇതിനിടയിലാണ് രണ്ടു മണിയായി ടാർജറ്റ് തികക്കണം എന്ന് കോർപ്പറേറ്റ് കാലത്തെ വിപണനോദ്യോഗസ്ഥന്മാരും ഏജന്റന്മാരും പറയുന്ന കണക്കിൽ ചാടിപ്പോവുന്ന കള്ളന്റെ പിന്നാലെ ചാർലിയും വെച്ചു പിടിക്കുന്നു. ഇവർ ഓടിളക്കി നോക്കുന്ന സമ്പന്ന വീട്ടിലെ മുറിയിൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കാതെയാണ് ഗ്രാഫിക് നോവൽ സമാപിച്ചിരിക്കുന്നത്. ഈ ആകാംക്ഷയുമായിട്ടാണ് ടെസ്സ ചാർലിയെ അന്വേഷിക്കുന്നത്. കള്ളസുനിയിൽ നിന്നു തന്നെ ശേഷം കഥ മനസ്സിലാക്കി ആ മുറിയിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞ കനി എന്ന ഡോക്ടറെ യൂത്ത് ഹോസ്റ്റൽ എന്ന വൃദ്ധസദനത്തിലാണ് പിന്നീട് ടെസ്സ കണ്ടു മുട്ടുന്നത്.

കനിക്ക് തുടർന്നു ജീവിക്കാൻ കൊള്ളുന്ന ഈ ലോകത്ത് പക്ഷെ, അതിന് ഫിറ്റല്ല എന്ന് കഥാകൃത്ത് വിധിക്കുന്ന മറ്റൊരു കഥാപാത്രമുണ്ട്. കൽപന അഭിനയിക്കുന്ന മറിയ എന്ന വേശ്യയാണവൾ. കെട്ടിയ പുരുഷൻ തന്നെയാണവളെ കൂട്ടിക്കൊടുക്കുന്നത്. പിന്നീട് എയിഡ്‌സ് ബാധിതയായതിന്റെ പേരിൽ ചാർലിയുടെ വക പിറന്നാളാഘോഷം പോലും അവൾക്ക് സാന്ത്വനമാകുന്നില്ല. അവൾ കടലിൽ ചാടി ചാകുന്നു. എയിഡ്‌സ് മരുന്നില്ലാത്ത മാറാ രോഗമാണെന്നും മരണമല്ലാതെ അവൾക്ക് രക്ഷയില്ലെന്നുമുള്ള സംഭാഷണവും കഥാഗതിയുമാണ് ചാർലി രൂപീകരിക്കുന്നത്. ഇത് വൈദ്യ ശാസ്ത്ര രംഗത്തെ മുന്നേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന നിഷേധാത്മകവും പിന്തിരിപ്പനുമായ വാദഗതിയാണെന്ന അഭിപ്രായമാണ് കാര്യങ്ങൾ കണ്ണു തുറന്നു കാണുന്ന ഡോക്ടർമാർക്കുള്ളത് (ഡോക്ടർ എൻ എം അരുണിന്റെ ഫേസ്ബുക്ക് കുറിപ്പ് കാണുക). പതിത, അപഥ സഞ്ചാരിണി എന്നിങ്ങനെയുള്ള സാഹിത്യഭാഷാവിശേഷണങ്ങളാൽ അറിയപ്പെടുന്ന ചാരിത്രലംഘകർ, കഥാഖ്യാനത്തിന്റെ ശുഭാന്ത്യത്തിന് മുമ്പ് മരിക്കേണ്ടതാണെന്ന കൽപന, നീലക്കുയിൽ മുതൽ മലയാള സിനിമ നടപ്പിലാക്കിയിട്ടുള്ളതാണ്. നീലക്കുയിലിലെ നീലി പോലെ, പതിതയായ കഥാപാത്രത്തിന് ശുഭാന്ത്യം വരെ ആയുസ്സ് കൊടുക്കാത്ത പുരുഷാധികാരനീതി തന്നെയാണ് ഇവിടെയും പ്രാവർത്തികമാകുന്നത്. നീലക്കുയിലിലെ നായികയായ നീലിയെ അവതരിപ്പിച്ച കുമാരി വിവാഹിതയായതിനു ശേഷം കുടുംബജീവിതത്തിലെ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. മറിയയായി അഭിനയിച്ച കൽപനയും ഈയടുത്ത ദിവസം അകാലത്തിൽ നിര്യാതയായി. ചാരിത്രലംഘനം സംഭവിച്ച കഥാപാത്രത്തിന്മേൽ കെട്ടിവെക്കുന്ന ഈ മരണവിധിക്ക് മാറ്റം വരുത്തേണ്ടതില്ലെന്നു തന്നെയാണ് ചാർലിയിലൂടെ ഉണ്ണി ആറും മാർട്ടിൻ പ്രക്കാട്ടും തീരുമാനിച്ചിരിക്കുന്നത്. കാമുകനുമായിട്ടല്ലാതെ മറ്റാരുമായിട്ടും ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടില്ലാത്തതിനാൽ, കനിക്ക് ആത്മഹത്യക്കു ശ്രമിച്ചതിനുള്ള കേസില്ലാതെ തന്നെ സുരക്ഷിതമായി ജീവിച്ചിരിക്കാൻ അനുവാദം കൊടുത്ത ഇതിവൃത്തമാണ് മറിയയെ കൊലക്ക് കൊടുക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ന്യൂ ജനറേഷൻ സിനിമ ഗളഛേദം ചെയ്തതും വരിയുടച്ചതുമായ നായകവിഗ്രഹത്തെ പുന:സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ചാർലിയിലൂടെ സംവിധായകനും കഥാകൃത്തും ശ്രമിക്കുന്നതെന്നതാണ് വാസ്തവം. കെ പി ജയകുമാർ അഭിപ്രായപ്പെട്ടതു പോലെ, തുവാനത്തുമ്പികളിലൂടെ കടത്തിയിരുത്തി, ആറാം തമ്പുരാൻ/ദേവാസുരം/നരസിംഹം എന്നിങ്ങനെയുള്ള ബീഭത്സ സിനിമകളിലൂടെ ഉറപ്പിച്ചെടുത്ത പുരുഷ നായകത്വത്തിന്റെ പുനർജന്മം തന്നെയാണു ചാർലി.

ചാർലിയുടെ സാമ്പത്തിക ശാസ്ത്രം എന്താണെന്ന് ഒരു സുഹൃത്ത് ഫേസ്ബുക്കിൽ ചോദിക്കുകയുണ്ടായി. നല്ല ആർടിസ്റ്റാണ്, അവനുള്ള വക അവനുണ്ടാക്കിക്കൊള്ളും എന്ന് അപ്പൻ/മകൻ ബന്ധത്തിലല്ലാതെ മകനെ വളർത്തിയ അപ്പൻ സൂചന നൽകുന്നുണ്ട്. ഇത് കാണപ്പെടുന്ന വരുമാനം. തൂവാനത്തുമ്പികളിൽ തുടങ്ങി, ആറാം തമ്പുരാൻ/ഹിസ് ഹൈനസ് അബ്ദുള്ള/ദേവാസുരം/നരസിംഹം/ഉസ്താദ് എന്നിങ്ങനെയുള്ള നിരവധി സിനിമകളിൽ, നഗരങ്ങളിൽ അധോലോക പ്രവർത്തനം നടത്തി സമ്പാദിച്ച കാശും കായിക ബലവുമാണ് നാട്ടിലെ സൽകൃത്യങ്ങൾക്ക് വേണ്ടി വാരി വിതറുന്നത്. ഇവിടെ, അത്തരം മറുഭാഗം കാണിക്കുന്നില്ല എന്നേ ഉള്ളൂ. നിഗൂഢതയിലേക്ക് ഇടക്കിടെ വിലയിക്കുന്ന ചാർലി അത്തരത്തിലെന്തെങ്കിലും നിർവഹിക്കുന്നില്ല എന്ന് ഉറപ്പിക്കുന്നൊന്നുമില്ല.

അതല്ല പ്രധാനം. ചാർലി ചെയ്യുന്ന സദ്കൃത്യങ്ങളുടെ ധാർമിക-ചരിത്ര യുക്തികളാണ് ആഴത്തിൽ വിശകലനം ചെയ്യേണ്ടത്. അഹല്യക്ക് രാമൻ(?) മോക്ഷം കൊടുക്കുന്നതു പോലെ, മറിയക്ക്(കൽപന) ആത്മഹത്യ അനുവദിച്ചുകൊണ്ട് ചാർലി മോക്ഷം കൊടുക്കുന്നു. ഇവൾ മഗ്ദലന മറിയം ആണെന്നയാൾ പറയുമ്പോൾ പത്രോസ് എന്നയാൾ വിളിക്കുന്ന മത്തായി (ചെമ്പൻ വിനോദ് ജോസ്) ചോദിക്കുന്നത് അപ്പോൾ നിങ്ങൾ യേശുവാണോ എന്നാണ്. അതെ, ജനപ്രിയ സിനിമ എന്ന പൊതുബോധ മഹാഖ്യാനത്തിന്റെ രാജാവും രാജകുമാരനും ദൈവവും ദൈവപുത്രനും സുവിശേഷകനും പ്രവാചകനുമായ ആൺ/നായകൻ എന്ന കേന്ദ്രബിന്ദുവിന് നഷ്ടപ്പെട്ട സാർവജനീനതയും കായിക/പവിത്ര ബലവും കൽപ്പിച്ചുണ്ടാക്കി നിർമിച്ചു നൽകുക എന്ന കെട്ടുപണിയാണ് ചാർലിയിലൂടെ ഉണ്ണി ആറും മാർട്ടിൻ പ്രക്കാട്ടും നിവർത്തിക്കുന്നത്. വേശ്യയായ ഒരു സ്ത്രീയെ മരുന്നില്ലാത്ത രോഗം എന്നു വിശേഷിപ്പിക്കപ്പെട്ട എയിഡ്‌സിന്റെയും പതിതത്വത്തിന്റെയും പേരിൽ ആത്മഹത്യക്കു വിട്ടു കൊടുത്ത ചാർലി; ഡോക്ടറും മധ്യവർഗക്കാരിയും പിരിഞ്ഞു പോയ കാമുകനുമായിട്ടാണെങ്കിലും ഒറ്റ പുരുഷനുമായി മാത്രം ലൈംഗികബന്ധത്തിലേർപ്പെട്ടതിനാൽ പവിത്രത നഷ്ടമായിട്ടില്ലാത്ത കനിയെ ആത്മഹത്യയിൽ നിന്ന് അതിസാഹസികമായി രക്ഷിക്കുന്നു. അവളെ ക്ലീനാക്കുന്നതിനു വേണ്ടി, കഥാകൃത്ത് നേരത്തെ തന്നെ ഗർഭഛിദ്രം നടത്തിയെടുക്കുകയും ചെയ്തിരുന്നു. മറിയത്തിന്റെ പന്ത്രണ്ടു വയസ്സുകാരി മകളെ; കൂട്ടിക്കൊടുപ്പുകാരനായ അപ്പൻ സെബാൻ വിറ്റഴിക്കുന്നതിനു തൊട്ടു മുമ്പ് ചാടി വീണ് ചാർലി രക്ഷിക്കുന്നു. മോക്ഷം, രക്ഷ, സുരക്ഷ, സദാചാരം എന്നിങ്ങനെ ചാർലിയുടെ പ്രവൃത്തികൾ എല്ലാം നവകാല ദൈവം എന്ന അവതാരത്തിനെ നിർമിച്ചെടുക്കുന്നതിനു വേണ്ടി കൂട്ടിയെടുത്തിരിക്കുകയാണെന്നതാണ് വാസ്തവം.

പരമ്പരാഗത മത കുടുംബം എന്ന തടങ്കൽ പാളയത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചും തേടിയുമാണ് ടെസ്സ അലയുന്നത്. സിം കാർഡ് പോലുള്ള കടിഞ്ഞാണുകൾ മുറിച്ചു പൊട്ടിച്ചും ബന്ധങ്ങൾ അറുത്തും അവൾ മുന്നേറി മുന്നേറി, സ്വന്തം കാലിൽ നിന്നു കളയുമോ എന്ന് കഥാകൃത്ത് പേടിക്കുന്നുണ്ട്. അതിനാലാണ്, അവളെ ജിന്ന് പോലെയും തങ്ങളുപ്പാപ്പ പോലെയും എവിടെയും ആവശ്യമുള്ളപ്പോൾ പ്രത്യക്ഷപ്പെടുന്ന മാന്ത്രികൻ കൂടിയായ ചാർലിയിലേക്ക് നവീനത തോന്നിപ്പിക്കുന്നുണ്ടെങ്കിലും പഴയ തരം പ്രണയത്തിൽ കുടുക്കി ഒന്നിപ്പിക്കുന്നത്. അവസാന രംഗത്തെ ട്വിസ്റ്റിൽ അവളുടെ മിടുക്ക് ഉടഞ്ഞു തകരുന്നുമുണ്ട്. തൃശ്ശൂർ പൂരം പോലുള്ള ഒരു പുരുഷാരത്തിൽ അയാളെത്തിയില്ലെങ്കിൽ അവൾ ചതഞ്ഞരഞ്ഞുപോയേനേ എന്ന കാണിയുടെ ഉൾഭയത്തെയും നായകന്റെ മൺ പിളർന്നുള്ള പ്രത്യക്ഷപ്പെടലിലൂടെ പരിഹരിക്കുന്നു. തൂവാനത്തുമ്പികളിൽ നിന്ന് കടമെടുത്ത തണുത്ത നാരങ്ങവെള്ളവും കാമുകീ-കാമുക സമാഗമത്തിൽ ബലമുറപ്പിക്കാനായി എത്തുന്നുണ്ട്.

ചാർലി എന്ന പുരുഷ വിസ്മയത്തെ അഥവാ താരശരീരത്തെ തേടി നായികയായ ടെസ്സ നടത്തുന്ന യാത്ര എന്ന ഇതിവൃത്തത്തിനു പകരം ടെസ്സ എന്ന സ്ത്രീയെയും അവളുടെ സ്‌ത്രൈണത/സ്‌ത്രൈണതാരാഹിത്യം എന്നിവയെയും തേടി പുരുഷനായ ചാർലി അല്ലെങ്കിൽ മറ്റാരെങ്കിലും നടത്തുന്ന അന്വേഷണം എന്ന ഇതിവൃത്തം പരീക്ഷിക്കാത്തത് കേവലമായ മുൻഗണനയാണെന്നും പറയാനാവില്ല. 

Comments

comments