കാലത്തില്‍ അന്തരിച്ച കലാഭവന്‍ മണി എന്ന നടന്റെ കലാപ്രവര്‍ത്തനങ്ങളെയും ജീവിതത്തെയും ദൂരെനിന്ന് മാത്രം വീക്ഷിക്കാനിടയായ അനേകം മലയാളികളിലൊരാളാണ് ഞാന്‍. മണി മുഖ്യമായും പെരുമാറിയിരുന്നതും അദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തിയതുമായ  മുഖ്യധാരാസിനിമയുടെ ഒരു പതിവു പ്രേക്ഷകനോ ആസ്വാദകനോ അല്ലെങ്കിലും, ഒരു അഭിനേതാവെന്ന നിലയിലുള്ള കലാഭവന്‍ മണിയുടെ അസാധാരണമായ കഴിവുകൾ ആവിഷ്‌കൃതമായ ചില സിനിമകൾ കാണാനുമിടയായിട്ടുണ്ട്. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ കലാഭവന്‍ മണി ആര്‍ജ്ജിച്ച ജനപ്രീതി ആ കലാകാരൻ തീര്‍ത്തും അര്‍ഹിക്കുന്നതായിരുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ആ സിനിമകളിൽ ചിലതെങ്കിലുമെന്ന വാസ്തവം കാണാതിരിക്കാനുമാവില്ല. സഹജവാസനകൊണ്ടു മാത്രം പ്രതിഭ തെളിയിച്ച ബഹുമുഖ സിദ്ധികളുള്ള കലാകാരനായിരുന്നു അദ്ദേഹം. വെറും നാലരപ്പതിറ്റാണ്ടുകാലം ഭൂമിയില്‍ ജീവിച്ചുകൊണ്ട് മലയാളികള്‍ക്ക് മുഴുവൻ പ്രിയപ്പെട്ടവനാകാൻ കഴിയുകയെന്നത് അത്ര സാധാരണമോ അനായാസമോ അല്ല.

നടനായി മാത്രമല്ല, നാടന്‍പാട്ടുകാരനായും മലയാളികളെ ആകര്‍ഷിക്കുവാൻ കഴിഞ്ഞ കലാഭവന്‍ മണി, മുഖ്യധാരാ എലീറ്റ് സമൂഹത്തിന്റെ വ്യാജമായ സാംസ്‌കാരികപ്പൊങ്ങച്ചങ്ങളെ വകവെയ്ക്കാനൊരുക്കമായിരുന്നില്ല. കേട്ടുപഠിച്ചതും താന്‍ സ്വയം കെട്ടിയുണ്ടാക്കിയതുമായ ആ നാടന്‍പാട്ടുകളിലൂടെയും അരങ്ങുകളിലെ തന്റെ അനുഭവവിവരണങ്ങളിലൂടെയും കലാഭവൻ മണി ആവിഷ്‌കരിച്ചത് തന്റെയും താനുള്‍പ്പെടുന്ന അടിയാള സമൂഹത്തിന്റെയും വേദനാകരമായ അനുഭവങ്ങളെയാണ്. ആധുനിക മുതലാളിത്തത്തിന്റെ വാണിജ്യകലയായ സിനിമയിലൂടെ ചുരുങ്ങിയ കാലത്തിനിടയില്‍ നേടിയ പ്രശസ്തിയെയും സമ്പന്നതയെയും വ്യക്തിപരമായ നേട്ടമാക്കി തൃപ്തിയടയുന്ന ഒരു സ്വാര്‍ത്ഥിയായിരുന്നില്ല മണി എന്നതാണ് ശ്രദ്ധേയമായ സംഗതി. സിനിമ നല്‍കിയ പ്രശസ്തിയെയും പൊതുജനസ്വീകാര്യതയെയും തന്റെ സ്വത്വപ്രകാശനത്തിനായി വിനിയോഗിക്കുവാന്‍ എക്കാലത്തും പരിശ്രമിച്ചുവെന്നതാണ് മണിയിൽ ഞാൻ കാണുന്ന മഹത്വം. കലയിലെ വര്‍ഗ്ഗബോധം എന്ന് വിളിക്കാവുന്ന ഒരു രാഷ്ട്രീയപക്ഷപാതിത്വമാണത്. താനുള്‍പ്പെടുന്ന അധഃസ്ഥിതസമൂഹങ്ങളുടെ വികാര-വിചാരങ്ങള്‍ ആവിഷ്‌കരിക്കുന്ന നാടന്‍പാട്ടുകളുടെ പുതിയ മട്ടിലുള്ള ആവിഷ്‌കാരത്തിലൂടെയാണ് മണി അത് സാധിച്ചത്. മദ്ധ്യവര്‍ഗ്ഗ – ഉപരിവര്‍ഗ്ഗ മലയാളികളുടെ പൊങ്ങച്ചങ്ങളെയും പൈങ്കിളിഭാവുകത്വത്തെയും പ്രീണിപ്പിക്കുന്ന കച്ചവടമാത്ര സിനിമകളുടെ മര്യാദയില്ലാത്ത ചന്തയില്‍ പണിയെടുക്കുമ്പോള്‍ത്തന്നെ താൻ ആലപിച്ച നാടൻ പാട്ടുകളിലൂടെ വര്‍ഗ്ഗബോധമുള്ള ഒരു കലാകാരന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുവാൻ കഴിഞ്ഞ മണിയെയാണ് ഞാനാദരിക്കുന്നത്. കലാഭവന്‍ മണിയെന്ന കലാകാരന്റെ വിജയകരമായ കലാസപര്യയെ മണിയുടെ വ്യക്തിപരമായ വിജയമായല്ല കാണേണ്ടത്. മണി പ്രതിനിധീകരിക്കുന്ന അദ്ധ്വാനിക്കുന്ന അടിയാളസമൂഹത്തിന്റെ വിജയമാണത്. കാരണം ആ നിശ്ശബ്ദസമൂഹത്തിന്റെ നിലവിളിയും സ്വാതന്ത്ര്യപ്രഖ്യാപനവുമാണ് അയാളുടെ പാട്ടുകളിലും പരസ്യപ്രഖ്യാപനങ്ങളിലുമെല്ലാം നമ്മള്‍ കേട്ടത്. കലാഭവന്‍ മണിയുടെ ജയപരാജയങ്ങള്‍ക്ക് ഒരു പ്രശസ്തന്റെ ജയ -പരാജയങ്ങളില്‍ക്കവിഞ്ഞ സാമൂഹിക-രാഷ്ട്രീയ വിവക്ഷകളുണ്ട്.

ഇന്ത്യയിലെ പ്രശസ്തമായ സര്‍വ്വകലാശാലകളിലും ചെറുതും വലുതുമായ കാമ്പസുകളിലുമെല്ലാം അധഃസ്ഥിതരോടുള്ള പുച്ഛവും അയിത്തവും നിലനില്‍ക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളുടെയും, ഏറ്റവുമൊടുവില്‍ രോഹിത് വെമുലയുടെ ആത്മഹത്യയുടെയും പശ്ചാത്തലത്തില്‍, ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഒരു ദളിതന്‍ പ്രശസ്ത ചലച്ചിത്രതാരമായി ഉയരുന്നതിനിടയില്‍ നേരിടേണ്ടിവന്ന എതിര്‍പ്പുകളുടെയും ആത്മസംഘര്‍ഷങ്ങളുടെയും ആഴം അയാളുമായി വിദൂര പരിചയംപോലുമില്ലാത്ത എനിക്കും ഊഹിക്കാനാവുന്നുണ്ട്. കുറച്ചുകാലംമുമ്പ് കേരളത്തിലെ ക്രിമിനലുകളായ ചില ഫോറസ്റ്റ്-പൊലീസ്  ഉദ്യോഗസ്ഥന്മാര്‍ മണിയെ കള്ളക്കേസില്‍പ്പെടുത്തി അപമാനിക്കുവാൻ തുനിഞ്ഞപ്പോഴാണ്, എത്ര പ്രശസ്തനായ കലാകാരനാണെങ്കിലും ഒരു ദളിതനാണെങ്കില്‍ അയാളെ അപമാനിക്കുവാൻ ഫ്യൂഡൽ ജീര്‍ണ്ണത ഉള്ളില്‍പ്പേറുന്ന നമ്മുടെ ബ്യൂറോക്രസിയും വേട്ടപ്പട്ടികളെപ്പോലെ കാത്തിരിക്കുകയാണെന്ന് പൊതുസമൂഹത്തിന് ബോദ്ധ്യമായത്. അന്ന് എന്നെപ്പോലുള്ളവര്‍ പരസ്യമായി ഉന്നയിച്ച ചോദ്യമാണ് പിന്നീട് ടി.പി. സെന്‍കുമാർ എന്ന കേരളത്തിലെ ഉന്നത പൊലീസുദ്യോഗസ്ഥനും ചോദിച്ചത് : കലാഭവൻ മണിയെ വേട്ടയാടാൻ നടക്കുന്ന ഉദ്യോഗസ്ഥർ മണിയുടെ സ്ഥാനത്ത് മലയാളത്തിലെ വേറെയേതെങ്കിലുമൊരു വലിയ താരമായിരുന്നുവെങ്കില്‍ അതിന് ധൈര്യപ്പെടുമായിരുന്നോ എന്നതാണ് ആ ചോദ്യം.

ആ ചോദ്യത്തിന്റെ പ്രസക്തി ഇപ്പോഴും അവശേഷിക്കുകയാണ്. രോഹിത് വെമൂലയുടെ ആത്മഹത്യ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമായിട്ടില്ലെന്നാണ് ഓര്‍മ്മിപ്പിക്കുന്നത്. കലാഭവന്‍ മണിയുടെ മരണകാരണം എന്താണെങ്കിലും ഒരു ദളിതനായതിനാൽ മാത്രം പലേടത്തും ആ കലാകാരന്‍ കേരളത്തിൽ അപമാനിക്കപ്പെട്ടിരുന്നുവെന്ന വാസ്തവം പുരോഗമന കേരളത്തിലെ പൊതുസമൂഹം ഈ ദുഃഖാചരണത്തിനിടയില്‍ വിസ്മരിക്കരുത്.

മലയാളിയുടെ പുരോഗമനപ്പൊങ്ങച്ചങ്ങള്‍ക്കുള്ളിൽ സമര്‍ത്ഥമായി ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഫ്യൂഡല്‍മാലിന്യങ്ങൾ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാൻ സമയം അതിക്രമിച്ചിരിക്കുന്നുവെന്ന താക്കീതുകളിലൊന്നാണ് മണിയുടെ ഈ അകാലമരണമെന്ന എന്റെ ആത്മഗതത്തില്‍ അത്യുക്തിയുണ്ടായിരിക്കാം. അതിന്റെ യുക്തിയും യുക്തിരാഹിത്യവും വിശദീകരിക്കപ്പെടാതെയുമിരിക്കില്ല

Comments

comments