രാജ്യം കാത്തിരുന്ന ഒരു കോടതി വിധി, ജെ.എന്‍.യു വിദ്യാർഥിനേതാവിന് അതിലൂടെ ജാമ്യം ലഭിച്ചു. പക്ഷേ, ആ ജാമ്യ ഉത്തരവ് വായിച്ച നിയമ സമൂഹം നിരാശയുടെയും അപമാനത്തിന്റെയും പടുകുഴിയിലേക്ക് പതിച്ചു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയുണ്ടാവില്ല. നിയമദൃഷ്ട്യാ അനവധി തെറ്റായ പ്രവണതകളുൾക്കൊള്ളുന്നതും തികച്ചും അനാവശ്യവുമായ വിധിയാണ് കനയ്യകുമാറിന് ജാമ്യം അനുവദിച്ചുകൊണ്ട് 2016 മാര്‍ച്ച് രണ്ടാം തീയതി ഡല്‍ഹി ഹൈക്കോടതി ജഡ്ജി  ജസ്റ്റിസ് പ്രതിഭാ റാണി പുറപ്പെടുവിച്ചത്. ഇതുവരെ നടന്ന ചർച്ചകളിലൊന്നും തന്നെ ആ ഉത്തരവിനെ ന്യായീകരിച്ച് ഒരു നിയമവിദഗ്ദ്ധന് പോലും സംസാരിക്കാന്‍ കഴിഞ്ഞില്ല എന്നത് തന്നെ ആ വസ്തുത വെളിപ്പെടുത്തുന്നു.

ജാമ്യ ഉത്തരവ് തുടങ്ങുന്നത് തന്നെ, ഒരു ബോളിവുഡ് സിനിമാപ്പാട്ടിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണു. തങ്ങളുടെ വാദമുഖങ്ങളെ സാധൂകരിക്കാനായി നിയമത്തിലും ബന്ധപ്പെട്ട വിഷയങ്ങളിലും പ്രഗത്ഭരായവരുടെ വരികൾ ന്യായാധിപർ ഉദ്ധരിക്കാറുണ്ട്. അത് വെറുമൊരു സിനമാപ്പാട്ടാകുന്നത് ഒരു പക്ഷേ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. കാസി നസ്റുൾ ഇസ്ലാം, ഗാലിബ്, (ഇവരെല്ലാം ജന്മം കൊണ്ട് മുസ്ലീംങ്ങളാണ്) സുബ്രഹ്മണ്യഭാരതി തുടങ്ങിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെ ത്രസിപ്പിച്ച, ബ്രിട്ടീഷുകാർക്കെതിരെ ജനത്തെ ഇളക്കിവിട്ട, അനവധി കവികളുടെ മഹത്തായ രചനകൾ ലഭ്യമായിരിക്കുമ്പോഴാണ് യാതൊരു നിലവാരവുമില്ലാത്ത ഒരു സിനിമാപ്പാട്ട് വിധിന്യായത്തിൽ കടന്നുവരുന്നത്. സാധാരണ ജനങ്ങളുടെ വികാരത്തെ ഉൾക്കൊള്ളുന്ന വിധിന്യായം അതിനായി സാധാരണക്കാരന്റെ, പാവപ്പെട്ടവന്റെ ഭാഷയിൽ സംസാരിക്കുന്നു, സിനിമാ പാട്ടിലൂടെ കാര്യം പറയാൻ ശ്രമിക്കുന്നു എന്നൊക്കെ ഈ നീക്കത്തെ ചിലരെങ്കിലും തെറ്റിദ്ധരിക്കാം. പക്ഷേ, ഗരീബി സെ ആസാദി, പൂഞ്ചി വാദ് സേ ആസാദി  (ദാരിദ്രത്തില്‍ നിന്നും സ്വാതന്ത്ര്യം, മുതലാളിത്തത്തില്‍ നിന്നും സ്വാതന്ത്ര്യം) എന്നൊക്കെ സാധാരണക്കാരുടെ ഭാഷയില്‍ അവര്‍ക്കുവേണ്ടി കനയ്യ മുഴക്കിയ മുദ്രാവാക്യങ്ങള്‍ ഒന്നും തന്നെ ഈ വിധിന്യായം കാണുന്നില്ല എന്നതിൽ നിന്നും അതൊന്നും ന്യായാധിപയുടെ വിഷയമല്ലെന്ന് നാം ബോദ്ധ്യപ്പെടേണ്ടതുണ്ട്. ദേശാഭിമാനപ്രചോദിതമായ സിനിമകള്‍ സൃഷ്ടിക്കുന്നതില്‍ പ്രസിദ്ധനായ മനോജ്കുമാറിന്റെ ഉപ്കാർ എന്ന സിനിമയിലെ വരികളാണിവ. ഇതേ മനോജ്കുമാര്‍ ദേശാഭിമാന ചലച്ചിത്രമെടുപ്പിന്റെ പരിസമാപ്തിയിൽ ശിവസേനയിൽ ചേര്‍ന്നതും ഇപ്പോഴത്തെ മോദി സര്‍ക്കാർ അദ്ദേഹത്തിന് സിനിമാരംഗത്തെ സമഗ്ര സംഭാവനയ്കുള്ള ഫാല്‍ക്കേ അവാര്‍ഡ് സമ്മാനിച്ചതും നാം വെറുതേ അറിഞ്ഞിരിക്കണം.

ജെ.എന്‍.യു. കാമ്പസില്‍ രാജ്യവിരുദ്ധ (ആന്റി നാഷണല്‍) പ്രവര്‍ത്തനങ്ങൾ നടന്നുവെന്ന കുറ്റപ്പെടുത്തലാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി ജാമ്യ ഉത്തരവിലുടനീളം മുന്നോട്ട് വയ്ക്കുന്നത്. ഈ കേസില്‍ ഫേക്ക് വീഡിയോകളുടെ അടിസ്ഥാനത്തിൽ കേവലമായ ആരോപണം മാത്രമാണു ഉയര്‍ന്നിരിക്കുന്നതെന്നും അവയൊന്നും പോലീസ് അന്വേഷിച്ച് തെളിയിച്ചിട്ടില്ലെന്നും ഇന്ന് രാജ്യം മുഴുവനുമുള്ള ആളുകള്‍ക്ക് അറിയാം. ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം പ്രതി പ്രഥമ ദൃഷ്ട്യാ ചെയ്തിട്ടുണ്ടോ, അയാളെ ജാമ്യത്തില്‍ വിടുന്നത് കേസിന്റെ തുടരന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമോ, അയാള്‍ തെളിവ് നശിപ്പിക്കുകയോ, സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യുമോ, അയാള്‍ വിചാരണ നേരിടാതെ നിയമത്തിന് മുന്നില്‍ നിന്നും ഒളിച്ചോടി പോകുവാൻ സാദ്ധ്യതയുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങള്‍ മാത്രമാണ് ഒരു ജാമ്യ ഹര്‍ജി പരിഗണിക്കുന്ന കോടതി നോക്കുവാന്‍ ബാദ്ധ്യസ്ഥമായിരിക്കുന്നത്. അല്ലാതെ, കേസിന്റെ ഉള്ളടക്കത്തിലേക്കോ, ഗുണദോഷങ്ങളിലേക്കോ, പ്രസക്തിയിലേക്കോ കടന്ന് യാതൊരുവിധ അഭിപ്രായവും ആ ഘട്ടത്തില്‍ ജാമ്യം കേള്‍ക്കുന്ന കോടതി പറയുവാൻ പാടുള്ളതല്ല. അങ്ങനെ വന്നാല്‍ അത് തുടര്‍ന്നുള്ള അന്വേഷണത്തേയും വിചാരണയേയും സ്വാധീനിച്ചേക്കാം. പ്രാഥമികമായ ഈ നിയമപാഠം മറന്നതുപോലെയാണ് ബഹുമാനപ്പെട്ട കോടതി കനയ്യകുമാറിന്റെ ജാമ്യം പരിഗണിച്ചുകൊണ്ടുള്ള ഉത്തരവില്‍ കാണിച്ചിരിക്കുന്നത്.

കനയ്യ കുമാര്‍ രാജ്യദ്രോഹക്കുറ്റം ചെയ്തതായി മതിയായ തെളിവ് സമര്‍പ്പിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ഒരിടത്ത് സമ്മതിക്കുന്നുണ്ട്. ബഹുമാനപ്പെട്ട സുപ്രീംകോടതി അസാധാരണ സാഹചര്യമെന്ന് കണ്ട്, അതിവേഗം പരിഗണിച്ച ഒരു കേസില്‍ പ്രതിക്കെതിരായ തെളിവ് ഹാജരാക്കുവാന്‍ മതിയായതിലും അധികം സമയം മോദിയുടെ പോലീസിന് പരോക്ഷമായി ഹൈക്കോടതി നല്‍കുകയുണ്ടായി. എന്നിട്ട് പോലും അതിന് കഴിഞ്ഞില്ലാ എന്നതിൽ നിന്ന് യാതൊരു തെളിവും അയാള്‍ക്കെതിരെ ഇല്ലായെന്ന് കോടതിക്ക് സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്.

അതേ കോടതി തന്നെ മറ്റൊരിടത്ത് പറയുന്നത് കാമ്പസില്‍ ഫെബ്രുവരി 9 ന് നടന്ന പരിപാടിയിലും 11 ന് നടന്ന പ്രതിഷേധത്തിലും കനയ്യ കുമാറിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നും അവിടെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയവരെ തടയുവാൻ അദ്ദേഹം ശ്രമിച്ചില്ലെന്നുമാണ്. സര്‍വ്വകലാശാലാ യൂണിയന്‍ പ്രസിഡന്റ് എന്ന നിലയിൽ കനയ്യയ്ക്ക് അത്തരം മുദ്രാവാക്യങ്ങളെ തടയാനും നിരുത്സാഹപ്പെടുത്താനും ഉള്ള ഉത്തരവാദിത്വം ഉണ്ടെന്ന് ബഹുമാനപ്പെട്ട ന്യായാധിപയുടെ കണ്ടെത്തല്‍ രാജ്യത്തെ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിച്ചിട്ടില്ല. ഇതേ ന്യായം ഗുജറാത്തിലെ വംശഹത്യയുടെ സമയത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ കാര്യത്തിലും കൈക്കൊള്ളേണ്ടതല്ലേ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല. ഏതായാലും ഈ ധാര്‍മ്മിക ബാദ്ധ്യതയെ കണ്ടുകൊണ്ടാവണം, കുറ്റം ചെയ്തതായി തെളിവുകളൊന്നും ഇല്ലാത്തയാളാണെങ്കിലും ജയിലിൽ കിടന്ന നാളുകൾ കനയ്യയ്ക് ആത്മപരിശോധനയുടെ നാളുകളായിരിക്കാം എന്ന് ബഹു. ന്യായാധിപ പ്രത്യാശിക്കുന്നത്. നാല് പേജില്‍ എഴുതി തീര്‍ക്കേണ്ട ജാമ്യ ഉത്തരവ് 24 പേജായി മാറുമ്പോൾ ഇത്തരം പ്രമാദങ്ങള്‍ സ്വാഭാവികമെന്ന് കരുതാമോ എന്നതാണ് പ്രശ്നം.

കനയ്യയ്ക്കെതിരെ കേസെടുത്തത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 A എന്ന, ബ്രിട്ടീഷ് സര്‍ക്കാർ പടച്ചുണ്ടാക്കിയ ദേശദ്രോഹ വകുപ്പ് ഉപയോഗിച്ചാണ്. സെഡിഷന്‍ അഥവാ ദേശദ്രോഹം എന്ന പദമാണ് ആ വകുപ്പില്‍ നിര്‍വ്വചിച്ചിട്ടുള്ളത്. നിയമരംഗത്ത് ദേശരാഷ്ട്രം (Nation-State), രാജ്യം (Nation), സര്‍ക്കാർ (Government) മുതലായ സംജ്ഞകള്‍ വ്യത്യസ്തമായ അര്‍ത്ഥതലങ്ങൾ ഉള്‍ക്കൊള്ളുന്നതാണ്. ലളിതമായി ഇത് വ്യക്തമാക്കാം – നമ്മുടെ സര്‍ക്കാർ അയ്യഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറിക്കൊണ്ടിരിക്കും. എന്നാൽ രാഷ്ട്രം (സ്റ്റേറ്റ്) ഒരിക്കലും മാറുന്നില്ല. രാജ്യദ്രോഹം അഥവാ ആന്റി നാഷണല്‍ എന്ന ഒരു കുറ്റത്തെക്കുറിച്ച് ഇന്ത്യയുടെ നിയമസംഹിതകളിലെങ്ങും പറയുന്നില്ല. രാജ്യദ്രോഹം എന്ന ഒരു കുറ്റത്തെക്കുറിച്ച് ഇന്ത്യയുടെ നിയമസംഹിതകളിലെങ്ങും പറയുന്നില്ല. അതേസമയം സമകാലിക രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഇന്ത്യാ മഹാരാജ്യത്തിലെ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ സ്വത്വങ്ങളെയും വിഭാഗങ്ങളെയും ഫാസിസ്റ്റ് സമീപനത്തില്‍ ഏകോപിപ്പിക്കുന്നതിന്റെ, ഒരേ ചരടില്‍ കോര്‍ത്തിണക്കുന്നതിന്റെ ഭാഗമായി ബോധപൂര്‍വ്വം ഉപയോഗിച്ചുവരുന്ന ദ്വന്ദങ്ങളാണ് രാജ്യസ്നേഹികളും രാജ്യദ്രോഹികളും എന്നത്. സെഡിഷന്‍ എന്ന വാക്കിന് പകരം വിധിന്യായത്തിലുടനീളം ഒരു നിയമപുസ്തകത്തിലും പറഞ്ഞിട്ടില്ലാത്ത, ഇതേ ആന്റി നാഷണൽ എന്ന വാചകം മനപ്പൂര്‍വ്വം കടന്ന് വന്നതാകാൻ ഇടയില്ല. എന്നാല്‍ മഹാനായ നിയമജ്ഞന്‍ ജൂലിയസ് സ്റ്റോൺ ന്യായാധിപന്മാരുടെ സ്വഭാവത്തെകുറിച്ച് പറയുന്ന – ‘സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക സാഹചര്യങ്ങള്‍ വിധിന്യായങ്ങളെ സ്വാധീനിക്കും’ എന്നത് ഇവിടെ ശരിയായി വന്നതുമാകാം.

സമകാലിക സംവാദങ്ങളിലെ മറ്റൊരു പ്രതീകം കൂടി ഈ ഉത്തരവിൽ അബോധപൂർവ്വം കടന്നുകൂടിയിട്ടുണ്ട്. അത് വളരെ ജഗുപ്തസാവഹകവും സ്വന്തം നിലയും വിലയും പദവിയും മറന്നുകൊണ്ടുള്ളതുമാണെന്ന് പറയാതെ വയ്യ. ‘അതിര്‍ത്തിയിൽ, അത്യുന്നത ഗിരിശൃംഗങ്ങളിൽ, പ്രാണവായുപോലും ലഭിക്കാത്ത യുദ്ധമേഖലകളിൽ, റാൻ ഓഫ് കച്ച്, സിയാച്ചിന്‍ തുടങ്ങിയ ലോകത്തെ തന്നെ ദുഷ്കരമായ പ്രദേശങ്ങളിലൊക്കെ നമ്മുടെ സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ ജീവൻ തൃണവല്‍ഗണിച്ച്’ (ഇതൊക്കെ ശരിക്കും ഉള്ള വാചകങ്ങളാണ് കേട്ടോ, ആരും ചെവിയില്‍ നുള്ളണ്ട!) നമ്മുടെ പട്ടാളം കാവല്‍‍ നില്‍ക്കുന്നതിനാലാണ്, ജെ.എന്‍.യു വിന്റെ സുഖശീതിളിമയിലിരുന്ന് അഫ്സല്‍ ഗുരുവിന് മുദ്രാവാക്യം മുഴക്കുവാൻ ഇവര്‍ക്ക് കഴിയുന്നതെന്ന്, സ്വാതന്ത്ര്യത്തെക്കുറിച്ച്, അഭിപ്രായ സ്വാതന്ത്ര്യത്തെകുറിച്ച് പ്രസംഗിക്കുവാന്‍ കഴിയുന്നതെന്ന് മാഡം ജസ്റ്റിസ് പ്രതിഭാറാണി അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവണ്ണം പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തില്‍ സമീപകാലത്തിറങ്ങിയ ലാല്‍ബ്ലോഗിലെ വരികൾ ജഡ്ജിക്ക് ആരോ വിവര്‍ത്തനം ചെയ്ത് കൊടുത്ത പോലെയുള്ള എഴുത്താണല്ലോ ഇതെന്ന് അത്ഭുതപ്പെടുന്നവരുമുണ്ട്. പട്ടാളമല്ല, ഭരണഘടനയാണ് ഒരു രാജ്യത്തെ പൗരന്മാരുടെയും എന്തിന് കോടതികളുടെ പോലും സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതെന്നും ആ ഭരണഘടനയ്കും നിയമങ്ങള്‍ക്കും മീതെ ഒരിക്കലും പട്ടാളം വരില്ലെന്നും അങ്ങനെ സങ്കല്പിക്കാനേ പാടില്ലായെന്നും എന്തുകൊണ്ടാണ് ബഹുമാനപ്പെട്ട ജഡ്ജി മറന്ന് പോയതെന്നറിയില്ല. ഇന്ത്യയ്ക് സുശക്തമായ ഒരു ഭരണഘടന മഹാനായ ഭീം റാവ്ജി അംബേദ്ക്കർ സംഭാവന നല്‍കിയിട്ടുള്ളതുകൊണ്ട് മാത്രമാണ് വി.കെ. സിംഗിനെ പോലുള്ള യഥാര്‍ത്ഥ ദേശദ്രോഹികൾ ശ്രമിച്ചിട്ടുപോലും ഇന്ത്യൻ പട്ടാളത്തിന് ഒരിക്കൽ പോലും ഇന്ത്യയെ അതിന്റെ അധീനതയില്‍ കൊണ്ടുവരാൻ കഴിയാതിരുന്നിട്ടുള്ളത്. ഒരു പക്ഷേ, കനയ്യകുമാറിന്റെയും സുഹൃത്തുക്കളുടെയും പ്രവര്‍ത്തികളെല്ലാം ഭരണഘടനയുടെ പരിധിയ്കുള്ളിൽ നിന്നുമുള്ളതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനയെ തന്നെ പട്ടാളത്തെവെച്ച് മാറ്റാന്‍ ശ്രമിച്ചതാണോ എന്നും അറിയില്ല.

ക്രിമിനല്‍ വിചാരണ നടപടിയിൽ ഒരിക്കലും സംഭവിച്ചുകൂടാത്ത വലിയൊരു വീഴ്ച കൂടി ഈ ജാമ്യ ഉത്തരവില്‍ കടന്നുകൂടിയിട്ടുണ്ട്. ജെ.എന്‍.യു. വില്‍ നടന്നു എന്ന് ആരോപിക്കപ്പെടുന്ന ദേശദ്രോഹ പരിപാടിയുടെ ബഹുവര്‍ണ്ണ ചിത്രങ്ങളും അവിടെ കുട്ടികൾ ഉയര്‍ത്തിയതെന്ന് ആരോപിക്കപ്പെടുന്ന മുദ്രാവാക്യങ്ങളും ഉത്തരവിന്റെ ഭാഗമായി അച്ചടിച്ച് ചേര്‍ത്തിരിക്കുന്നു എന്നതാണത്. കേസിന്റെ ന്യായാന്യായങ്ങളിലേക്ക് വിശദമായി പോകേണ്ട കാര്യം ജാമ്യക്കോടതിക്ക് ഇല്ല എന്നത് മുന്‍പ് പറഞ്ഞുകഴിഞ്ഞു. ആ നിലയ്ക്ക് ഒരിക്കലും ചെയ്യരുതാത്ത കാര്യമാണിത്. പോലീസ്, കോടതിക്ക് രഹസ്യമായി കൈമാറിയ തല്‍സ്ഥിതി റിപ്പോര്‍ട്ടിൽ ഉള്‍പ്പെട്ടിട്ടുള്ള ഈ തെളിവുകൾ കേസിന്റെ വിചാരണ തുടങ്ങുന്നതിന് മുന്‍പ് പരസ്യപ്പെടുത്തുന്നതിന് തുല്യമായിട്ടാണ് ഈ നടപടി വന്നിരിക്കുന്നത്. ഇനി വിചാരണ സമയത്ത്, സംഭവത്തിന് (ദൃ)സാക്ഷികളായിരുന്നവര്‍ക്ക് ഈ ഫോട്ടോകൾ കണ്ട്, കൂട്ടില്‍ നില്‍ക്കുന്ന പ്രതികളില്‍ ഇന്നവരിന്നവരൊക്കെയാണ് സംഭവത്തിന് നേതൃത്വം കൊടുത്തതെന്ന് വളരെ വേഗം പറയാന്‍ കഴിയും. അവര്‍ വിളിച്ച മുദ്രാവാക്യങ്ങൾ അന്ന് വ്യക്തമായി കേട്ടിരുന്നില്ലെങ്കിൽ പോലും ഉത്തരവ് നോക്കി കാണാതെ പഠിച്ച് കോടതിയില്‍ മണിമണിയായി മൊഴികൊടുക്കാൻ പറ്റും. ഇത്തരത്തില്‍ സാക്ഷികളെ സ്വാധീനിക്കുന്ന നിര്‍ണ്ണായക വിവരങ്ങൾ വിചാരണയ്ക് മുന്‍പായി ഒരു ജാമ്യ ഉത്തരവിലൂടെ പുറത്ത് വിട്ടതിന്റെ ചേതോവികാരം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

ജെ.എന്‍.യു.വില്‍ നടത്താനായി ഒരു വിഭാഗം വിദ്യാര്‍ത്ഥികൾ അനുവാദം ചോദിച്ച പരിപാടി ‘എ കണ്‍ട്രി വിത്തൗട്ട് എ പോസ്റ്റോഫീസ്’ എന്ന കവ്യാലാപന സന്ധ്യയായിരുന്നുവെന്നും എന്നാല്‍ അവർ യഥാര്‍ത്ഥത്തിൽ നടത്തിയത് അഫ്സൽ ഗുരുവിന്റെയും മഖ്ബുല്‍ ഭട്ടിന്റെയും അനുസ്മരണമായിരുന്നുവെന്നും കുറ്റപ്പെടുത്തുകയാണ് കോടതി ചെയ്യുന്നത്. എന്നാല്‍ പ്രസ്തുത കവിത (http://www.encyclopedia.com/article-1G2-3422200016/country-without-post-office.html) കാശ്മീര്‍ പ്രശ്നത്തെക്കുറിച്ചുള്ള വൈകാരികവും പ്രതീകാത്മകവുമായ ചിത്രീകരണമാണ്. അതിനെ കുറിച്ചുള്ള പരിപാടിക്കിടയില്‍, വിദ്യാര്‍ത്ഥികൾ നടത്തുന്ന പരിപാടിക്കിടയില്‍, അനിയന്ത്രിതമായ പെരുമാറ്റങ്ങൾ കടന്നുകൂടാവുന്നതും അതൊന്നും രാജ്യത്തിന്റെ സുരക്ഷയേയോ സമാധാനത്തെയോ ഒരു തരത്തിലും ബാധിക്കാത്തതുമാണ്. എന്നാല്‍ പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായി നിന്ന വിദ്യാര്‍ത്ഥികളുടെ വികാരം പ്രതിഫലിപ്പിക്കുന്നതിന് സമമാണ് അതു സംബന്ധിച്ച ഉത്തരവിലെ പ്രസക്ത ഭാഗങ്ങൾ എന്ന് കാണാന്‍ കഴിയും. കുട്ടികളുയര്‍ത്തിയ മുദ്രാവാക്യങ്ങൾ ഇവിടങ്ങളിൽ കൊല്ലപ്പെടുന്ന പട്ടാളക്കാരുടെ ത്രിവര്‍ണ്ണത്തിൽ പൊതിഞ്ഞ ശവപ്പെട്ടിയുമേന്തി വീട്ടിലെത്തുന്ന ബന്ധുജനങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതായിരിക്കുമെന്ന് പ്രഖ്യാപിക്കുന്ന ബഹുമാനപ്പെട്ട കോടതി ഏത് നിലയിലേക്കാണ് പോകുന്നതെന്ന് മനസ്സിലാകുന്നേയില്ല. കാശ്മീരില്‍ ആംഡ് ഫോഴ്‌സസസ് സ്‌പെഷൽ പവേഴ്‌സ് ആക്ടിനു കീഴില്‍ ഞെരിഞ്ഞമരുന്നവരെ കുറിച്ചാണ് ആ കവിത. അതിനെ കുറിച്ച് ഒരാവര്‍ത്തി വായിച്ചിരുന്നെങ്കില്‍ ഇത്തരം പക്ഷപാതപരമായ പരാമര്‍ശങ്ങൾ ഒരു പക്ഷേ ഒഴിവായേനേ.

കാശ്മീരില്‍ മാത്രമല്ല, വടക്കുകിഴക്കേ ഇന്ത്യയില്‍ എവിടെ ചെന്നാലും നിങ്ങൾ കേള്‍ക്കുന്ന മുദ്രാവാക്യമാണ് ഇന്ത്യന്‍ സൈന്യം ഇവിടം വിട്ട് പോകുക എന്നത്.
കാശ്മീരില്‍ മാത്രമല്ല, വടക്കുകിഴക്കേ ഇന്ത്യയില്‍ എവിടെ ചെന്നാലും നിങ്ങൾ കേള്‍ക്കുന്ന മുദ്രാവാക്യമാണ് ഇന്ത്യന്‍ സൈന്യം ഇവിടം വിട്ട് പോകുക എന്നത്. അവരൊരിക്കലും ഇന്ത്യയില്‍ നിന്നും മോചിതരായി സമാനമായ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പാക്കിസ്ഥാനോടൊപ്പം ചേരണം എന്ന ഉദ്ദേശത്തിലല്ല ആ മുദ്രാവാക്യം മുഴക്കുന്നത് – അവിടെ നടമാടുന്ന ഇന്ത്യൻ സൈന്യത്തിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കണം എന്ന അർത്ഥത്തിലാണു. ജെ.എന്‍.യു. കാമ്പസില്‍ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കാശ്മീരി വിദ്യാര്‍ത്ഥികൾ മുഴുവൻ കാശ്മീരും ഞങ്ങളുടേതാണ്, ഞങ്ങളുടേത് മാത്രമാണ് എന്ന എ.ബി.വി.പി ക്കാരുടെ മുദ്രാവാക്യം വിളിയില്‍ പ്രകോപിതരായി തിരികെ വിളിച്ച മുദ്രാവാക്യമാണിത്. മുഖം മറച്ചു നിന്ന അവര്‍ കാശ്മീരികളാണെന്ന് കരുതുന്നു. കാശ്മീരിലെ ബി.ജെ.പി ഭരണം താഴെ പോകും എന്ന് ഭയന്ന് അവരെ ഒരിക്കലും അറസ്റ്റ് ചെയ്യില്ല എന്നും പകരമാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നും ആരോപണമുണ്ട്. എന്നാല്‍ ഈ മുദ്രാവാക്യം വിളികളെ അഭിപ്രായ സ്വാതന്ത്ര്യമായി കരുതാൻ കഴിയില്ലെന്നും മറിച്ച് അവയൊരു പകര്‍ച്ച വ്യാധിയാണെന്നും അത് നിയന്ത്രിച്ചില്ലെങ്കിൽ മഹാമാരിയായി തീരാമെന്നും ആ വ്യാധിയെ നിയന്ത്രിക്കേണ്ടതുണ്ടെന്നും തന്റെ ജാമ്യ ഉത്തരവില്‍ ബഹു. ജഡ്ജി ആരോടെന്നില്ലാതെ ഉദ്ബോധിപ്പിക്കുന്നു. അതിനായി ആദ്യം ആന്റി ബയോട്ടിക്സ് കൊടുത്തു നോക്കാമെന്നും ഏതെങ്കിലും അവയവത്തെ അത് ബാധിച്ച് പുഴുത്തുനാറിയാല്‍ ആ അവയവം ശസ്ത്രക്രിയ നടത്തി മുറിച്ചു മാറ്റേണ്ടിവരുമെന്നും കൂട്ടിച്ചേര്‍ക്കുന്നു. ആരാണ് ഈ ശസ്ത്രക്രിയ നടത്തേണ്ടതെന്നോ, ഏത് സാഹചര്യത്തില്‍, ഏത് മാനദണ്ഡത്തിൽ, ഏത് നിയമപ്രകാരം നടത്തണമെന്നോ വിവരിക്കാത്ത ഈ ഉത്തരവ് ഫലത്തില്‍ പോലീസിന് വിദ്യാര്‍ത്ഥികളുടെ മേൽ കുതിരകയറാനുള്ള മൗനാനുവാദം നല്‍കുകയാണെന്ന് കാണാം.

കനയ്യ കുമാറിന് ജാമ്യം അനുവദിച്ചുകൊണ്ട് രാജ്യവിരുദ്ധമെന്ന് വ്യവച്ഛേദിക്കപ്പെടാവുന്ന ഒരു പ്രവര്‍ത്തിയിലും നേരിട്ടോ അല്ലാതെയോ ഏര്‍പ്പെടാൻ പാടില്ല എന്ന് കോടതി വ്യക്തമാക്കുന്നു. എന്താണ് രാജ്യവിരുദ്ധമെന്ന് നിയമപുസ്തകങ്ങളിലൊന്നും നിര്‍വ്വചിച്ചിട്ടില്ലാത്തിനാലും ഉത്തരവിൽ പറഞ്ഞിട്ടില്ലാത്തതിനാലും അതിനി കാമ്പസിലെ എ.ബി.വി.പി യും ഡല്‍ഹിയിലെ മോദിയുടെ പോലീസും ചേര്‍ന്ന് തീരുമാനിക്കുമെന്ന് കരുതാം.tks2 അതിലും വിചിത്രം പ്രതിയായ കനയ്യകുമാർ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ജാമ്യം നില്‍ക്കേണ്ട പ്രൊഫസർ ഉറപ്പാക്കണം എന്ന നിര്‍ദ്ദേശമാണ്. ഒരു ജാമ്യക്കാരന്റെ ഏക ഉത്തരവാദിത്വം കേസിന്റെ തുടര്‍ വിചാരണകളിൽ അയാളെ/അവളെ കോടതി മുന്‍പാകെ സ്ഥിരമായി ഹാജരാക്കാമെന്ന ഉറപ്പ് നല്‍കലാണ്. അല്ലാതെ അയാളുടെ വികാര വിചാരങ്ങളെയോ പ്രവര്‍ത്തികളെയോ നിയന്ത്രിച്ചേക്കാമെന്ന് ജാമ്യക്കാരൻ എങ്ങനെയാണ് ഉറപ്പ് നല്‍കാന്‍ കഴിയുക? ഇങ്ങനെ ഒരു ജാമ്യക്കാരന്‍ കോടതിക്ക് ഉറപ്പ് നല്‍കണമെന്ന് ഏത് നിയമത്തിലാണ് പ്രസ്താവിച്ചിരിക്കുന്നതെന്ന സൂചനയും ഉത്തരവിലില്ല. മാത്രമല്ല, ആറുമാസത്തെ ഇടക്കാല ജാമ്യം എന്നതും നിയമവൃത്തങ്ങള്‍ക്ക് അപരിചിതമായ സംഗതിയാണ്. ഇനി ആറുമാസത്തെ കാലാവധി കഴിഞ്ഞ് ചെല്ലുമ്പോൾ സംഘപരിവാർ കേന്ദ്രങ്ങളെല്ലാം ചേര്‍ന്ന് പുതിയ ദേശദ്രോഹ ലിസ്റ്റുമായി ജാമ്യത്തെ തടയാൻ തയ്യാറാകുന്ന കാഴ്ചയും കാണേണ്ടിവരും എന്നതാണ് ഇത്തരത്തിലെ ഇടക്കാല ജാമ്യത്തിന്റെ ‘ഗുണം’.

ആ ജാമ്യ ഉത്തരവിനെ മുഴുവനായും വിശകലനം ചെയ്യാന്‍ യഥാര്‍ത്ഥത്തിൽ വിസ്താരഭയത്താൽ മുതിരുന്നില്ല. ഇത് സംബന്ധമായ ഒരു ചാനല്‍ ചര്‍ച്ചയിൽ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഗാംഗുലി പറഞ്ഞതുപോലെ, തികച്ചും അനാവശ്യമായ, മോശം ഉത്തരവാണിതെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഇന്ത്യയെന്ന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ കോടതികൾ വിധി പുറപ്പെടുവിക്കേണ്ടത് ഭരണഘടനയിൽ ഊന്നി നിന്നാവണം. സിമിമാപ്പാട്ടുകളും പട്ടാള കഥകളും അടിസ്ഥാനപ്പെടുത്തിയുള്ള വിധിയെഴുത്ത് വളരെ വേഗം ഭഗവദ്ഗീതയെ ആധാരമാക്കുന്നതിലേക്കും വഴുതിവീഴാം എന്ന് ബഹുമാനപൂർവ്വം ഓർമ്മിപ്പിച്ചുകൊണ്ട് ഈ വിയോജനക്കുറിപ്പ് ചുരുക്കുന്നു.
—————-
നിയമവിദഗ്ദ്ധനും അഭിഭാഷകനുമാണു ലേഖകൻ.
ക്രിയേറ്റീവ് കോമൺസ് CC–BY-SA 2.5 പ്രകാരം പകർപ്പുപേക്ഷയിൽ പ്രസിദ്ധീകരിക്കുന്നത്

Comments

comments