അൻപതുകൾ തൊട്ട് കേരളത്തിൽ അതിവേഗം വ്യാപിക്കുകയും, ചുരുങ്ങിയത് കഴിഞ്ഞ ഒരു നാലു പതിറ്റാണ്ടായെങ്കിലും നമ്മുടെ പൊതുസമൂഹത്തെ അതിന്റെ ദൈനംദിന വ്യവഹാരങ്ങളിൽ അടക്കം സ്വാധീനിക്കാൻ പോന്നത്ര പ്രചാരമുള്ള ഏക കലാമാധ്യമമായി തീരുകയും ചെയ്ത ഒന്നാണ് സിനിമ. theatre1മറ്റ് മാധ്യമങ്ങളെ ബഹുദൂരം പിന്തള്ളും വിധം സിനിമയുടെ സ്വാധീനം പതിറ്റാണ്ടുകളിലൂടെ ക്രമാനുഗതമായി വർദ്ധിച്ച് വരിക തന്നെയായിരുന്നു. തൊണ്ണൂറുകളിൽ ടെലിവിഷൻ ചാനലുകളുടെ ഒരു മലവെള്ളപാച്ചിലിന് തന്നെ സാക്ഷ്യം വഹിച്ചപ്പോഴും പിന്തള്ളപ്പെട്ടത് സിനിമയല്ല, സിനിമ കൊട്ടകകൾ ആയിരുന്നു എന്ന് പറയാം. കാരണം ടെലിവിഷൻ പരിപാടികളിൽ മുഖ്യപങ്കും ഇന്നും സിനിമയോ സിനിമാ അനുബന്ധ പരിപാടികളൊ ആണ്. ഇരുപത്തിനാല് മണിനേര ന്യൂസ് ചാനലുകൾ വന്നപ്പോൾ അവയിലും സിനിമ വാർത്ത ഒരു പ്രധാന ഇനമായി. കൂടാതെ വാർത്താ ചാനലുകളിൽ ഒരു പ്രധാന ഇനമായ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളിൽ പോലും പകുതി ഉള്ളടക്കം സിനിമയിൽ നിന്ന് തിരഞ്ഞെടുത്ത ബിറ്റുകളാണല്ലോ.

വസ്ത്രധാരണം, ഹെയർ സ്റ്റൈൽ തുടങ്ങി തൊലിപ്പുറത്ത് മാത്രമല്ല, നമ്മുടെ ഭാഷയിലും സംസ്കാരത്തിലും രാഷ്ട്രീയത്തിലും എന്ന് തുടങ്ങി  തൂണിലും തുരുമ്പിലും വരേയുള്ള, എത്ര ശ്രമിച്ചാലും കുടഞ്ഞ് കളയാൻ പറ്റാത്ത ഒരു സാന്നിദ്ധ്യമാണ് ഇന്ന് സിനിമ. പക്ഷേ ഇത് പറയുമ്പോൾ ഉദ്ദേശിക്കുന്നത് മുഖ്യധാരാ സിനിമാ വ്യവസായത്തിന്റെ ഉല്പന്നങ്ങളെ മാത്രമാണ്. elipathayam1ആർട്ട് സിനിമ എന്ന് മുഖ്യധാരാ സമൂഹം കളിയാക്കി വിളിക്കുന്ന സമാന്തര സിനിമയ്ക്ക് മലയാളി പൊതുസമൂഹവുമായുള്ള ബന്ധമാവട്ടെ ഈ കാലഘട്ടത്തിലൂടെ  ഏതാണ്ട് വിപരീത ദിശയിൽ, റിവേഴ്സ് ഗിയറിൽ ആണ് സഞ്ചരിച്ച് പോന്നതും. തൊണ്ണൂറുകളോടെ അത്തരം സിനിമകളുടെ പ്രതിനിധാനം ഇതിനോടകം തന്നെ ലബ്ദ്ധപ്രതിഷ്ഠരായി കഴിഞ്ഞ ചില സംവിധായകരുടെ സൃഷ്ടികളിലേയ്ക്ക്, അവരിൽ താരങ്ങളും വ്യവസായവും കാണുന്ന ചരിത്രപരമായ പൊങ്ങച്ച മൂല്യത്തിലേക്ക്  മാത്രമായി ചുരുങ്ങുകയും ഒരു പ്രസ്ഥാനമെന്ന നിലയിൽ സമാന്തര സിനിമ പൂർണ്ണമായും ഇല്ലാതാവുകയും ചെയ്തു. അത് മാത്രമല്ല, അത്തരം ഒരു ആശയം തന്നെ പരിഹാസ്യമായി തീർന്നു.

പുതിയ പ്രതിസന്ധി 
അറുപതുകൾ മുതൽക്കേ മലയാള സിനിമാവ്യവസായത്തിൽ താരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മറ്റുപല ഭാഷകളിലും ഉണ്ടായിരുന്ന പോലെ താരാരാധന വ്യാപകമായിരുന്നില്ല. ഫാൻസ്‌ അസോസിയേഷനുകൾ സ്ഥാപനരൂപം കൈക്കൊള്ളുകയും കേരളത്തിൽ അങ്ങോളമിങ്ങോളം കണ്ണി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ചിത്രം എന്ന് എങ്ങനെ എവിടെ തുടങ്ങി എന്ന് കൃത്യമായി പറയാൻ പറ്റാത്ത വണ്ണം വികേന്ദ്രീകൃതമായി തുടങ്ങുകയും പൊടുന്നനെ വ്യാപകമായി തീരുകയും ആയിരുന്നു. ഇന്ന് ഒറ്റ സിനിമ മാത്രം ചെയ്ത അഭിനേതാക്കൾക്ക് മുതൽ ഫാൻസ് അസോസിയേഷൻ ഉണ്ട്. നെഗറ്റീവ് പബ്ലിസിറ്റി എന്ന സാദ്ധ്യത ഉപയോഗിച്ച് താരമായ സന്തോഷ് പണ്ഢിറ്റിന്റെ പേരിലും ഉണ്ട്  ഫാൻസ്‌ അസോസിയേഷൻ.

അങ്ങനെ താരാരാധന പുതിയ മാനങ്ങൾ തേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിന് സമാന്തരമായി തന്നെ വിചിത്രമെന്ന് തോന്നുന്ന മറ്റൊന്ന് കൂടി മലയാള സിനിമയിൽ സംഭവിക്കാൻ തുടങ്ങി.

Narasimham re release function
Narasimham re release function

ഇതിനോടകം തന്നെ പൂർണ്ണമായും തകർന്നു കഴിഞ്ഞിരുന്ന സമാന്തര സിനിമയ്ക്കൊപ്പം മലയാളത്തിലെ മുഖ്യധാരാ വാണിജ്യ  സിനിമകളെയും പ്രേക്ഷകർ കൈവിടാൻ തുടങ്ങി എന്നതാണ് അത് . താരാരാധന അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോൾ തന്നെ  സൂപ്പർതാരത്തിന്റെതെന്നോ മൈനർതാരത്തിന്റെതെന്നോ വ്യത്യാസമില്ലാതെ ഓരോ വർഷവും ഇറങ്ങുന്ന സിനിമകളിൽ നല്ലൊരു ശതമാനവും എട്ടുനിലയിൽ പൊട്ടാനും തുടങ്ങി. അതോടെ മാർക്കെറ്റിങ്ങ് വിദഗ്ദ്ധർ കാരണങ്ങൾ അന്വേഷിച്ച് പരക്കം പാച്ചിലുമായി.

ടെലിവിഷൻ പരമ്പരകൾ മുതൽ താരങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  റിയാലിറ്റി ഷോകളും സ്റ്റേജ് പ്രോഗ്രാമുകളും ഒക്കെ കാരണങ്ങളായി നിരത്തപ്പെട്ടു. താരങ്ങൾ സ്റ്റേജ് ഷോകളിലും ടെലിവിഷൻ  റിയാലിറ്റി ഷോകളിലും പങ്കെടുക്കാൻ പാടില്ല എന്ന തരം തിട്ടൂരങ്ങൾ വരെ ഈ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഇറങ്ങി. അഭിനേതാക്കൾക്കും സാങ്കേതിക വിദഗ്ധർക്കും നിർമ്മാതാക്കൾക്കും ഒക്കെ സംഘടനകൾ ഉള്ളതുകൊണ്ട് അത് ഉപയോഗിച്ച്  അവർ പരസ്പരം സമ്മർദ്ദം ചെലുത്തുകയും നിരോധിക്കുകയും ഉപരോധിക്കുകയും ഒക്കെ ചെയ്തു; പ്രഖ്യാപിതമായും അപ്രഖ്യാപിതമായും. എന്നിട്ടും വെള്ളിത്തിരയെ തിന്നുന്ന ആ വിശുദ്ധ പശു ഏതെന്ന് കണ്ട് കിട്ടിയില്ല എന്ന് വേണം മനസിലാക്കാൻ.

പ്രതിസന്ധിയിലെ വൈരുദ്ധ്യം
 
ജനം തീയേറ്ററിൽ നിന്ന് അകന്നു എന്ന നിഗമനത്തെ മുഖവിലയ്ക്കെടുത്തുകൊണ്ടാണ് മലയാള സിനിമാവ്യവസായം രോഗത്തിന് മരുന്നു തേടി സ്റ്റേജ് ഷോയിലും റിയാലിറ്റി ഷോയിലും ഒക്കെ ചെന്ന് stageshow1ഇടിച്ചുനിന്നത്. കച്ചവടത്തിന് ഒരു എളുപ്പവഴി എന്ന നിലയിൽ താരങ്ങളെ സൃഷ്ടിക്കുകയും മാർക്കറ്റിൽ ഉയർത്തി കാട്ടുകയും ചെയ്തതിൽ കമ്പോളത്തിനും അതിന്റേതായ ഒരു പങ്കുണ്ട്. അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ടാണ് അതിന്റെ ഭാഗമായ നിർമ്മാതാക്കളുടെ അസോസിയേഷൻ താരങ്ങൾ പ്രതിഫല തുക കുറയ്ക്കണം എന്നത് മുതൽ അവർ  പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് കുറയ്ക്കണം എന്നത് വരെയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതും. എന്നാൽ യഥാർത്ഥ വൈരുദ്ധ്യം അതിലൊന്നുമല്ല.

താരങ്ങളുടെ പ്രതിഫല തുകയിൽ വരെ പരസ്യസാദ്ധ്യത കണ്ടെത്തുകയും അത് ഉപയോഗിക്കുകയും ചെയ്ത ‘മോളിവുഡ്’ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ തന്നെ  അന്യ ഭാഷയിൽ നിന്നുള്ള ഇതിനെ വെല്ലുന്ന പ്രതിഫല തുക വാങ്ങുന്ന സൂപ്പർതാര ചിത്രങ്ങൾ ഇവിടെവന്ന് വൻലാഭം കൊയ്ത് പോകുന്നുണ്ടായിരുന്നു എന്നതാണ് ആ വൈരുദ്ധ്യം. വിപണി ആഗോളവൽക്കരിക്കപ്പെട്ടതോടെ അഞ്ച് കോടി പ്രതിഫലം വാങ്ങുന്ന മോളിവുഡ് താരം അവരെ മൈലുകൾ പിന്നിലാക്കുന്ന  ഹോളിവുഡ്, ബോളി വുഡ് താരങ്ങളുടെ മുമ്പിൽ, അവരുടെ കേരളത്തിന്റെ ഇട്ടാവട്ടം വിട്ടുള്ള പ്രഭയുടെ മുമ്പിൽ മഞ്ഞളിച്ച് നിന്നുപോകുന്നത് സ്വാഭാവികം. സിനിമ കാണൽ ഒരു കാർണിവൽ അനുഭവം ആകുന്നതോടെ കാണികൾ മെച്ചപ്പെട്ട കാർണിവൽ തേടി പോകുന്നതും സ്വാഭാവികം. അപ്പോൾ ഇരുന്ന കൊമ്പ് മുറിച്ചതാര് എന്ന ചോദ്യം പ്രസക്തമാകുന്നു.

ഒരുവശത്ത്  മനുഷ്യന് മനസിലാവാത്ത ജാഡ സിനിമകളെടുത്ത് ആർട്ട് സിനിമാക്കാർ കാണികളെ കൊട്ടകയിൽനിന്ന് അകറ്റി എന്നും മറുവശത്ത്, മലയാളി പ്രേക്ഷക സമൂഹത്തിന് നല്ല സിനിമകളിൽ താല്പര്യമില്ല, ആഘോഷങ്ങൾ മതി  എന്നും ഉള്ള സാമാന്യവൽക്കരണങ്ങളിലൂടെ  സിനിമയും പൊതുസമൂഹവുമായുള്ള  ബന്ധത്തെ, അതിലെ വൈരുദ്ധ്യങ്ങളെ  വിശകലനം ചെയ്യാനാവില്ല എന്നതാണ് സത്യം. വിപണിയും പൊതുബോധവും കലയും തമ്മിലുള്ള ബന്ധം രേഖീയമായ ഒന്നല്ല. രണ്ടിലൊന്ന് വഴി പിടിച്ചുള്ള വിശകലനങ്ങൾക്ക് അതിലെ സങ്കീർണ്ണതയെ പുറത്ത് കൊണ്ടുവരാനും ആകില്ല എന്നതാണ് വസ്തുത. അപ്പോൾ വെള്ളിത്തിര തിന്നുന്ന ആ വിശുദ്ധപശു ഏതെന്ന ചോദ്യം ബാക്കിയാവുന്നു.

(തുടരും)
രണ്ടാം അധ്യായം: സിനിമ: വിപണി, പൊതുബോധം, കല

Comments

comments