ഇത്തവണത്തെ നാഷണൽ അവാർഡിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. അവാർഡ്‌ വിവാദങ്ങളും വിമർശനങ്ങളും ഇന്ത്യയിൽ പുത്തരിയൊന്നുമല്ല. സ്വന്തം ചിത്രം അല്ലെങ്കിൽ സ്വഭാഷാ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെടാതിരിക്കുന്നതിലെ കൊതിക്കെറുവ്, ജൂറി മെംബർമാരുടെ സ്വജനപക്ഷപാതം.. ഇതൊക്കെ എല്ലാ വർഷവും കുറെയേറെ വിമർശനങ്ങൾക്ക് വഴിവയ്ക്കാറുണ്ട്.

എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി വർദ്ധിച്ചു വരുന്ന, കൂടുതൽ അപകടകരമായ പ്രവണതയാണ് നല്ല സിനിമകൾക്ക്‌ മാറ്റിവച്ചിരിക്കുന്ന മണ്ഡലങ്ങളിലേക്ക് കച്ചവട ചിത്രങ്ങളും താരങ്ങളും ഇടിച്ചുകയറുന്നു എന്നുള്ളത്. ജനപ്രിയ ചേരുവകളൊക്കെ ചേർത്തു പടച്ചുകൂട്ടുന്ന സിനിമകൊണ്ട് കുറെ കാശൊക്കെയുണ്ടാക്കി കഴിയുമ്പോൾ കലാമൂല്യത്തിനുള്ള കുറെ അവാർഡുകളും കൂടെ തരപ്പെടുത്തിക്കിട്ടിയാൽ ഒട്ടും മുഷിയില്യല്ലോ! ബോളിവുഡിന്റെ അധീശത്വം കാരണം പ്രാദേശിക ഭാഷാചിത്രങ്ങൾ പൊതുവെ പിന്നോട്ടടിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് (ഈ വർഷമടക്കം) കുറെ കാലമായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

ഇതൊക്കെകൊണ്ട് തന്നെ ഇത്തവണത്തെ നാഷണൽ അവാർഡിനെപ്പറ്റിയും വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. ജൂറി തിരഞ്ഞെടുപ്പിലെയും അവാർഡ്‌ നിർണ്ണയത്തിലെയും അഴിമതികൾ നമുക്കൊരു പ്രശ്നമല്ലാതാവുകയും വിവാദങ്ങൾ ഒരു ശീലമാവുകയും ചെയ്ത് വരികയാണല്ലോ. നമ്മൾ കണ്ടീഷൻഡ്‌ ആയിക്കൊണ്ടിരിക്കുകയാണ്. ജൂറി മെംബേർസ് അറിഞ്ഞു തുടങ്ങിയപ്പോൾ കുറെ തമാശക്കുള്ള വകയുണ്ടെന്നു തോന്നിയിരുന്നു. ഫൈനൽ റൌണ്ടിൽ ശ്യാമപ്രസാദ് ഉണ്ടായിരുന്നതിനാൽ കുറെ പ്രതീക്ഷയും.

അപ്രധാനമായ കുറച്ച് അവാർഡുകൾ കലാമൂല്യമുള്ള ചിത്രങ്ങൾക്ക് മാറ്റിവച്ച് ബാക്കിയൊക്കെ കച്ചവടസിനിമകൾക്കും താരങ്ങൾക്കും വീതിച്ചുകൊടുത്ത് ആർമ്മാദിക്കുക എന്നുള്ളൊരു കൌശലം ഈയിടെയായി മിക്ക ജൂറികളും പയറ്റുന്ന ഒന്നായിട്ടുണ്ട്. കേരള സംസ്ഥാന ജൂറികൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിജയകരമായി നടപ്പിലാക്കുന്ന ഒരു സ്റ്റ്രാറ്റജിയാണത്. ക്രൈം നംബർ 89, ഒരാൾപ്പൊക്കം, ഒഴിവു ദിവസത്തെ കളി, അമീബ.. തുടങ്ങിയ ചിത്രങ്ങൾ പുരസ്കൃതമാകുന്നത് ആ കളികളുടെ ഭാഗമായാണ്. അച്ചൻകുഞ്ഞ്, ബാലൻ കെ നായർ, പിജെ ആന്റണി, നെടുമുടി വേണു, ഭരത് ഗോപി, തിലകൻ എന്നിവരെയൊക്കെ മികച്ച നടന്മാരായി കൊണ്ടാടിയിട്ടുള്ള നമ്മൾ കഴിഞ്ഞ കുറെ വർഷങ്ങളായി ജനപ്രിയ താരങ്ങളിൽ മാത്രം അഭിനേതാക്കളെ തിരയുന്ന തിരക്കിലാണ്.

ഇതൊക്കെയാണെങ്കിൽ പോലും ഇത്തവണത്തെ നാഷണൽ അവാർഡ്‌ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. ബാഹുബലിക്ക് ജനപ്രിയ ചിത്രത്തിനുള്ള അവാർഡ്‌ കൊടുക്കാമായിരുന്നു. സങ്കേതികത, ഗ്രാഫിക്സ്, കലാസംവിധാനം ഇതിനൊക്കെയും അംഗീകരിക്കാമായിരുന്നു. പകരം ഇത് പോലത്തൊരു മാസ്, ക്രാസ്, ലൌഡ്, ക്രൂഡ് പടത്തെ ഇന്ത്യയിലെ ഏറ്റവും മികച്ചത് എന്നു വിശേഷിപ്പിക്കാനുള്ള തന്റേടം കാണിച്ച രമേഷ് സിപ്പി ദേശീയ അവാർഡിനെ അപചയത്തിന്റെ പുതിയ പാതാളത്തിലേക്കെത്തിച്ചിരിക്കയാണ്. മെരിറ്റൊക്രസി തകർത്ത് കൊണ്ട്, അവസാന റൌണ്ടിലെത്തിയ എത്രയോ നല്ല ചിത്രങ്ങളുടെയെല്ലാം മുകളിൽത്തന്നെ ബാഹുബലിയെ പ്രതിഷ്ഠിച്ചത് കേവലം വിവരക്കേട് കൊണ്ട് മാത്രമാണെന്ന് തോന്നുന്നില്ല.

ബാഹുബലിയേക്കാൾ കലാപരമായും വിഷയപരമായും മെച്ചപ്പെട്ട മലയാളപടങ്ങൾ അവസാനറൌണ്ടിൽ യഥേഷ്ടം ഉണ്ടായിരുന്നെങ്കിലും നമുക്കവയെക്കുറിച്ച് സംസാരിക്കാതിരിക്കാം. ഇത് വെറും ഭാഷാ പ്രേമത്തിനെ പറ്റിയുള്ള ചർച്ചയായി ചുരുക്കാതിരിക്കാം. പകരം ഈ ജൂറി തന്നെ അംഗീകരിച്ച, ഈ വർഷത്തെ ചില മികച്ച ഇന്ത്യൻ ചിത്രങ്ങൾപരിശോധിക്കാം..

ലൊകാർണൊയിൽ ഗോൾഡൻ ലെപെർഡും മികച്ച ആദ്യ ഫീച്ചറുമായി തിരഞ്ഞെടുക്കപ്പെട്ട, മുംബൈ ഫെസ്റ്റിവലിൽ ഇന്റർനാഷനൽ കോമ്പറ്റീഷൻ ജേതാവായ ഇന്ത്യൻ ചിത്രം ഈ ജൂറിയ്ക്ക് കന്നഡയിലെ മാത്രം മികച്ച ചിത്രമാകുന്നു. ഈ വർഷം കാൻസിൽ അൺ സെർറ്റൈൻ റിഗാർഡിൽ ഫിപ്രസി, അവേനിർ പുരസ്കാരങ്ങൾ നേടിയ മസാൻ എന്ന ഹിന്ദി ചിത്രം മികച്ച നവാഗത ചിത്രം മാത്രമാകുന്നു. കാൻസ്‌ അൺ സെർറ്റൈൻ റിഗാർഡിൽ പ്രിമിയർ ചെയ്ത, കാൻസിലും മുബൈയിലും സിംഗപൂരും നോമിനേഷനുകളും പുരസ്കാരങ്ങളും നേടിയ ചൗതി കൂട്ട് പഞ്ചാബിയിലെ മാത്രം മികച്ച ചിത്രമാകുന്നു. വെനീസിൽ അവാർഡ്‌ നേടിയ വിസാരണയും വെറും തമിഴ് മികച്ച ചിത്രമാണ്! കാൻസിലും ചിക്കാഗോയിലും ഹവായിലുമൊക്കെ അംഗീകാരങ്ങൾ നേടിയ ഹിന്ദി ചിത്രം തിത്ലിയാകട്ടെ പാടെ തഴയപ്പെടുകയും ചെയ്തു.

ഇവയൊക്കെ മാറ്റിനിർത്തിയിട്ടാണ് കൊച്ചു കുട്ടികളുടെ സെൻസിബിലിറ്റിയോടെ, ബോക്സ്‌ ഓഫീസ് മാത്രം ലക്ഷ്യമാക്കി നിർമ്മിച്ച ഒരു മാസ്സ് ചിത്രത്തെ ഏറ്റവും മികച്ചത് എന്ന് പൂവിട്ടു വാഴിക്കുന്നത്‌. ഫിലിം ഫെയർകാരുടെയും ടെലിവിഷൻ അവാർഡ്‌കാരുടെയും കയ്യിൽ നിന്ന് TRP സംസ്ക്കാരം സർക്കാരും ഏറ്റുവാങ്ങുകയാണിവിടെ! മീഡിയോക്രിറ്റിയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഫാസിസ്റ്റ് വ്യതിയാനങ്ങളും പ്രവണതകളും ശക്തമായി എതിർക്കപ്പെടേണ്ടതു തന്നെയാണ്.

കലാകാരന്മാരെയും ചിന്തകരെയുമൊക്കെ സംശയത്തോടെ നോക്കിക്കാണുന്ന, ബഹുസ്വരതയും ന്യൂനപക്ഷചിന്തകളും തിരസ്ക്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലൊരു തിരഞ്ഞെടുപ്പ് മനപ്പൂർവ്വമാണോ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. സർക്കാർ ഭാഗത്ത് നിന്നും ഇടപെടലുകൾ ഉണ്ടായിട്ടുണ്ട് എന്നതിനുള്ള സൂചനയാണ് ഗുജറാത്തിനെ ഏറ്റവും ഫിലിം ഫ്രെണ്ട്ലി സ്റ്റേറ്റ് ആക്കിയുള്ള അംഗീകാരം. ജൂറി മെംബർമാർ വരെ അറിയാതെയാണ് ഇങ്ങനൊരു അവാർഡ്‌ നിർണ്ണയിച്ചിരിക്കുന്നതത്രെ. മറ്റു ഭാഷാ ചിത്രങ്ങളുടെ ഷൂട്ടിംഗ് ഗുജറാത്തിലേക്ക് ആകർഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രൊമോഷൻ പരിപാടി ദേശീയ അവാർഡ്‌ കമ്മറ്റിയെ ഏൽപ്പിച്ചതായാണ്  തോന്നുന്നത്! അതിന്റെ കൂടെ കേരളത്തിനൊരു സ്പെഷ്യൽ മെൻഷനും.. എന്തിനാണാവോ!

Comments

comments