വിദ്യാഭ്യാസമുള്ളവനാണു മലയാളി. ഒരു പാട് അറിവുകളുണ്ട്. കാര്യങ്ങൾ ഭംഗിയായി ചെയ്യാനറിയാം. ലോകപരിചയവുമുണ്ട്. എന്തും പെട്ടെന്നു ഉൾക്കൊള്ളാൻ കഴിയും. പക്ഷെ മലയാളിക്ക് ഒരു തനതു സംസ്കാരമില്ല. ഒരു ജനത കാലത്തിലൂടെ മുന്നോട്ട് പോകുമ്പോൾ പൊതുസമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ഉരുത്തിരിച്ചെടുക്കേണ്ട ഒന്നാണത്. എന്നാൽ അവന്റെ തലച്ചോറുപോലെ ഭിന്നിച്ചു നിൽക്കുന്നതാണു മലയാളിയുടെ സംസ്കാരം. തന്റെ കൌശലങ്ങൾക്കു വഴങ്ങുന്നതിനെ മാത്രം ഉയർത്തിപ്പിടിക്കുന്നവനാണു മലയാളി. അതു സ്വാർത്ഥതയുടെ ലക്ഷണമാണു. എന്നാൽ അതൊട്ട് തുറന്നു സമ്മതിക്കുകയുമില്ല.

രണ്ടു ദിവസം മുൻപ് പരവൂരിലുണ്ടായ വെടിക്കെട്ട് ദുരന്തവും മലയാളിയുടെ തനിസ്വഭാവം പുറത്തു കൊണ്ടുവരുന്നതായിരുന്നു. വെടിക്കെട്ട് അവനു ഇഷ്ടമാണു. അതുകൊണ്ടാണു ഇത്രയധികം ആയിരങ്ങൾ ആകാംക്ഷയോടെ അതിനു കാത്തിരിക്കുന്നതും അതു നടന്നില്ലെങ്കിൽ നിരാശപ്പെടുന്നതും. എന്നാൽ അതിനുള്ള നിയമങ്ങൾ അനുസരിക്കാൻ അവനൊട്ട് തയ്യാറുമല്ല. അനുമതിയില്ലെങ്കിലും ചെയ്യും എന്നൊരു ധിക്കാരമുണ്ട്. അഹങ്കാരപൂർണ്ണമായ ഒരു സ്വാതന്ത്ര്യബോധം. വെടിക്കെട്ടിന്റെ കാര്യത്തിൽ മാത്രമല്ല നിയമം അനുസരിക്കില്ല എന്ന ശാഠ്യം. ഹെൽമെറ്റ് വെക്കണമെന്നു ആവശ്യപ്പെട്ടാൽ, ഗതാഗതം തടസ്സപ്പെടുത്തരുതെന്നു നിർദ്ദേശിച്ചാൽ, വരിനിൽക്കണമെന്നു പറഞ്ഞാൽ ഒക്കെ നിയമത്തെ ധിക്കരിക്കാനുള്ള ത്വര ഉയരും. ഇങ്ങനെ ഈഗോയിസ്റ്റാകുന്ന കാര്യത്തിൽ പഠിപ്പുള്ള മലയാളിയെന്നോ പഠിപ്പില്ലാത്ത മലയാളിയെന്നോ വ്യത്യാസമൊന്നുമില്ല. തങ്ങളെ ശാസിക്കാൻ ആർക്കും അവകാശമില്ല എന്ന ഭാവമാണു കൂടുതൽ മലയാളിക്കും. നിയമങ്ങൾ അനുസരിച്ചും, ചിട്ടയായി ജീവിക്കുന്നതും അവനു പുച്ഛമാണു. കുറുക്കുവഴികളിലൂടെ കാര്യം നേടുന്നവനാണു മിടുക്കൻ.

അതുപോലെ തന്നെ ഏതു കാര്യത്തിലും ഏറ്റവും അറിവുള്ളവനേക്കാൾ മുകളിലാണു താൻ എന്നാണു അതു കാണുന്ന ഓരോ മലയാളിയുടെ ഭാവം. അതാണു ഓരോ സംഭവത്തിലും ഇത്രയധികം പ്രതികരണങ്ങൾ ഉണ്ടാകുന്നത്. സോഷ്യൽ നെറ്റുവർക്കുകൾ വന്നതോടെ അതു വർദ്ധിച്ചു. എതു കാര്യത്തേക്കുറിച്ചും അവനു ഒരു നിർദ്ദേശമുണ്ടാകും. അതൊന്നും പഠിച്ചിട്ടാവണമെന്നു നിർബ്ബന്ധമില്ല. തോന്നലുകൾക്കും വൈകാരികതയ്ക്കുമാണു മുൻതൂക്കം. അതു ശാസ്ത്രമാണെന്നു വാദിക്കുന്നവനാണു മലയാളി. പഠിക്കാതെ നിർദ്ദേശം വയ്ക്കുന്നവൻ മിടുക്കനാകുമ്പോൾ പഠിച്ചവൻ സ്വാഭാവികമായും പിൻ‌വലിയും. അവന്റെ  പഠനത്തിനോ, അനുഭവങ്ങൾക്കോ ഒരു വിലയുമില്ലെന്നറിഞ്ഞാൽ പിന്നെ ആരാണു അതു ഗൌരവത്തിലെടുക്കുക? ഇവിടെയാണു വിദഗ്ദ്ധർ പിന്നാക്കം പോകുന്നത്. കഴുതയുടെ കാമം പോലെയാണു മലയാളിയുടെ ലോകകാര്യ വിവേകം. കരഞ്ഞുകൊണ്ടേയിരിക്കും. പക്ഷെ പ്രയോജനമൊന്നുമില്ല.

ഒരുപാട് നരവംശ പരീക്ഷണങ്ങൾ നടന്ന നാടാണു കേരളമെന്നു അനുമാനിക്കണം. അവന്റെ രാജ്യത്തിന്റെ ഐതിഹ്യം പോലും ഒരു രാജ്യം സൃഷ്ടിച്ച് അതിൽ ജീവിക്കുന്നവർ എന്നാണു. മറ്റുള്ളവർ തദ്ദേശീയരാകുമ്പോൾ മലയാളികൾ കുടിയേറ്റക്കാരായി അവിടേക്ക് വന്നവരാണു. ഭൌമശാസ്ത്രപരമായും കേരളത്തിനു വലിയ പഴക്കമൊന്നുമില്ല. കുടിയേറ്റക്കാരാകുമ്പോൾ സ്വാ‍ഭാവികമായും ഭിന്ന സംസ്കൃതികൾ ഇടകലരാനിടയുണ്ട്. അങ്ങനെയൊരു സങ്കര സംസ്കാരത്തിനുടമയാണു മലയാളി. അതു കൊണ്ടുതന്നെ അവനു തനതു സംസ്കാരം ഉണ്ടെന്നു പറയാനാവില്ല. ഏതിൽ നിന്നും എന്തും ഉൾക്കൊള്ളാൻ എക്കാലവും മലയാളി തയ്യാറായിട്ടൂണ്ട്. വൈദേശികതയെ സ്വാഗതം ചെയ്യാനും, സ്വദേശം വിട്ടുപോകാനും മലയാളിക്ക് മടിയില്ല. കാരണം അവനിടെ ശേഷിപ്പുകൾ ഒന്നുമില്ല എന്നൊരു ബോധമാണു ഉള്ളിൽ. എന്നാൽ മലയാളത്തിൽ കിട്ടുന്ന സ്വാതന്ത്ര്യം മറ്റെവിടേയും ലഭിക്കുന്നില്ല എന്നറിയുമ്പോൾ അവൻ ക്ഷീണിക്കുന്നു. അവന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുന്നു. അതിൽ നിന്നാണു അവന്റെ ഗൃഹാതുരത്വങ്ങൾ മുളപൊട്ടുന്നത്. അതു രഹസ്യമായിപ്പിടിച്ചാണു അവൻ നാട്ടിലേക്കുള്ള മടക്കങ്ങൾ ഘോഷിക്കുന്നത്. മറ്റ് ദേശങ്ങളിൽ അവന്റെ ചൂഷണം  ഇഷ്ടം പോലെ നടന്നിരുന്നെങ്കിൽ അവൻ എന്നേ ഈ നാടുമറന്നേനെ. അവിടെയൊക്കെ അവനു അതാതു സംസ്കൃതിക്കനുഅസിച്ച് ജീവിക്കാൻ ബാദ്ധ്യസ്ഥനാണു. അങ്ങനെ പരിക്കേറ്റുമടങ്ങുന്നവരുടെ വിങ്ങലുകളാണു ഇന്നു മലയാളിയുടെ നരവംശസങ്കീർണ്ണത. അതു അവന്റെ സഹാനുഭൂതി പോലും ചോർത്തിക്കളഞ്ഞിരിക്കുന്നു.

നിയമങ്ങളും, ചട്ടങ്ങളും എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു ഒരു മലയാളിയും കരുതുന്നില്ല. താനൊഴിച്ച് ബാക്കിയുള്ളവർ മാത്രം അനുസരിക്കേണ്ടവയാണു അവയെന്നു ഓരോ മലയാളിയും കരുതുന്നു. ഹെഡ്‌ലാമ്പ് ഡിപ്പ് ചെയ്യാതെ പോകുമ്പോഴും എതിരേ ഒരുവൻ അങ്ങനെ വരുന്നതു കണ്ടാൽ മലയാളി വിമർശിക്കും. അവനവൻ മറഞ്ഞിരിക്കുകയും പെട്ടെന്നു അവനിൽ നിന്നു ഒരു നിയമപാലകൻ ചാടിയിറങ്ങുകയും ചെയ്യും. കടൽത്തീരത്തെ മൺ‌തരികൾ പോലെ ഓരോ മലയാളിയും തനിച്ചാണു. തനിച്ചാകുന്തോറും പ്രാകൃത കൂടിവരികയും ചെയ്യും. അതൊരു അപക്വമായ സ്വാതന്ത്ര്യബോധമായി മലയാളിക്കിടയിൽ വികസിച്ചു കൊണ്ടിരിക്കുകയാണു. ഓരോ വ്യക്തിയും ഒരോ രാജാവാണിവിടെ. അതിന്റെ മൊത്തം അവസ്ഥ എല്ലാവരും രാജാക്കന്മാർ ആണെന്നതാണു. എല്ലാവർക്കും ഭരിക്കണം. ആർക്കും ഭരിക്കപ്പെടാൻ താല്പര്യമില്ല. അതൊരു ഭീകരമായ അരാജകത്വമാണു. ബൌദ്ധികമായ ഒന്നിനും അതിനെ തടഞ്ഞു നിർത്താനാവില്ല. ആ വിധം അതു വളർന്നു കഴിഞ്ഞു. അതിനനുസരിച്ച് ഭരണകൂടവും ദുർബ്ബലമായി. ഒരു മാതൃകാ ഭരണകൂടത്തിനു മാത്രമേ ഇത്തരം പ്രതിസന്ധികളിൽ നിന്നും സമൂഹത്തെ രക്ഷിക്കാ‍ൻ  കഴിയു. അതിനുള്ള ഒരു സാദ്ധ്യതയും ഇനി കാണുന്നില്ല.

അവശേഷിക്കുന്ന ഒരു വഴി അപക്വമായ സ്വാതന്ത്ര്യത്തിൽ നിന്നും ഉടലെടുത്ത ഈ അരാ‍ജകത്വം അതിന്റെ പുർണ്ണരൂ‍പത്തിൽ വളരാൻ അനുവദിക്കുക എന്നതാണു. ജനം അവർക്കിഷ്ടമുള്ളതു ചെയ്യട്ടെ. അതിന്റെ അനന്തരഫലവും അനുഭവിക്കട്ടെ. അപ്പോൾ സ്വാഭാവികമായ ഒരു ബലതന്ത്രം രൂപപ്പെടുകയും അതിൽ നിന്നും സ്വയരക്ഷയ്ക്കുള്ള വഴികൾ പൊതുസമൂഹം കണ്ടെത്തുകയും ചെയ്യും. മൃഗങ്ങൾക്കു പോലും അതിനുള്ള കഴിവുണ്ടായിരിക്കെ മനുഷ്യൻ എന്തിനു ഭയപ്പെടണം?

Comments

comments