സ്ത്രീപുരുഷ തുല്യത അതിന്റെ എല്ലാ അർത്ഥത്തിലും പ്രാപ്യമായിട്ടുള്ള പ്രദേശങ്ങൾ എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്ന പാശ്ചാത്യരാജ്യങ്ങളിൽ സ്ത്രീകൾക്ക് വോട്ടവകാശം ഇല്ലായിരുന്നു എന്ന വാസ്തവം ശ്രദ്ധിക്കേണ്ടതുണ്ട്. ജനാധിപത്യ പാർലിമെന്ററി സംവിധാനം പതിനെട്ടാം നൂറ്റാണ്ടിൽ തുടങ്ങിയതിനുശേഷം രണ്ടുനൂറ്റാണ്ടോളം കഴിഞ്ഞാണ് സ്ത്രീകൾക്ക് വോട്ടവകാശം വേണം എന്ന ചിന്തതന്നെ ഉടലെടുക്കുന്നത്. രാജ്യം, ഭരണകൂടം, പൌരത്വം, പൌരത്വബോധം, ദേശീയത, ഭരണം തുടങ്ങിയ ആശയങ്ങൾ മെനഞ്ഞതും നടപ്പിലാക്കിയതും പുരുഷന്മാരാണ് എന്നത് അപ്പോള്‍  വ്യക്തമാണല്ലോ. സ്ത്രീകളെ വീട്ടിലിരുത്തി, ഭക്ഷണമുണ്ടാക്കൽ, കുഞ്ഞുങ്ങളെയും വീടിനെയും പരിപാലിക്കൽ തുടങ്ങിയ ജോലികളിൽ കുടുക്കിയിട്ട്, കറങ്ങിനടന്ന്, നായാട്ടുനടത്തി ‘ബ്രഡ് വിന്നർ’ പദവി നേടിയെടുത്ത പുരാതന പുരുഷൻമാർ, വളർന്നു പുരോഗമിച്ചു ഉണ്ടാക്കിയെടുത്ത ആശയങ്ങളും സ്ഥാപനങ്ങളുമാണ് ഇവയെല്ലാം. ഇതിലൊക്കെ സ്ത്രീകളുടെ സ്ഥാനം എവിടെയാണ് എന്താണ് എന്നൊക്കെ പുരുഷന്മ്മാർ തന്നെ തീരുമാനിച്ചനുവദിക്കുന്നതാണ് എന്ന ചിത്രം അങ്ങനെ സുവ്യക്തമാക്കാം.wms-1

ഇത്തരം ഒരു ചരിത്ര പശ്ചാത്തലം അവലോകനം ചെയ്തുകൊണ്ട് മാത്രമേ സ്ത്രീകളുടെ വോട്ടവകാശത്തെക്കുറിച്ചും, അവർ എന്തിനുവേണ്ടി വോട്ടുചെയ്യണമെന്നതിനെക്കുറിച്ചുമൊക്കെ ചർച്ച ചെയ്യാനാകൂ. ഉയർന്ന സമത്വബോധത്താൽ പ്രൗഡകളായ പാശ്ചാത്യവനിതകൾക്ക് പ്രക്ഷോഭം വഴിമാത്രമാണ് വോട്ടവകാശം ലഭിച്ചത്.യു എസ് ഏയിലും യൂറോപ്പിലും സ്ത്രീപക്ഷവാദികൾ നടത്തിയ പ്രവർത്തനങ്ങളാണ് സ്ത്രീകൾക്ക് വോട്ടവകാശം നേടിക്കൊടുത്തത്. ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒന്നാം തരംഗം (first wave feminism) എന്നതിന്റെ പ്രധാന അജണ്ട വോട്ടവകാശം (suffrage) ആയിരുന്നു. രാജ്യഭരണത്തിലും അധികാരഘടനയിലും സ്ത്രീകൾക്കും സ്ഥാനമുണ്ടാകണം, സ്ത്രീകളും പൌര(ന്മാർ?)ത്വം അർഹിക്കുന്നു, എന്നൊക്കെ സ്ഥാപിക്കുന്നതിനായി പാശ്ചാത്യ ഫെമിനിസ്റ്റുകൾ പത്തൊന്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ പൊരുതി.
ഇത്തരം പൊരുതലൊന്നും പൗരസ്ത്യരാജ്യങ്ങളിലെ സ്ത്രീകൾക്ക് വേണ്ടിവന്നിട്ടില്ല, പൌരത്വം ലഭിക്കാൻ. നാട്ടുരാജാക്കന്മ്മാരുടെ അസ്തമയവും, ജനാധിപത്യ സംവിധാനത്തിന്റെ ഉദയവും, പാശ്ചാത്യ (ബ്രിട്ടീഷ്) മോഡലിൽ തുടങ്ങിയപ്പോഴേ വോട്ടവകാശത്തിന്റെ ലിംഗനീതി ഉണ്ടായിരുന്നു എന്നതും ഇന്ത്യൻ സ്ത്രീകളുടെ ഒരു ഭാഗ്യമായി കണക്കാക്കാം.

എന്നാൽ, വോട്ടുചെയ്യാൻ അവകാശമുള്ള വെറും ഡമ്മിയായി മിക്കവാറും ഇന്ത്യൻ സ്ത്രീകളും ഇപ്പോഴും അവശേഷിക്കുകയല്ലേ എന്ന യാഥാർത്ഥ്യം പുനഃപരിശോധിക്കെണ്ടിയിരിക്കുന്നു. എന്താണ് രാഷ്ട്രീയം, എന്താണ് ജനാധിപത്യം, സമൂഹത്തിൽ എന്തൊക്കെയാണ് നടക്കുന്നത് എന്നൊക്കെ അറിയാൻ വയ്യാത്തവിധം, അഥവാ അറിയാൻ താല്പ്പര്യമുണ്ടാകാത്ത വിധം ഭൂരിഭാഗം ഇന്ത്യൻ സ്ത്രീകളും ഒതുക്കപ്പെട്ടിരിക്കുന്ന അവസ്ഥ, വോട്ടവകാശത്തെക്കുറിച്ച് അന്യഥാ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. വീട്ടിലെ പുരുഷന്മാർ പറയുന്ന രാഷ്ട്രീയപ്പാർട്ടിക്ക്/നേതാവിന് വോട്ടുചെയ്യും എന്നതിൽക്കവിഞ്ഞ് മറ്റൊന്നും മിക്ക സ്ത്രീകളും ചെയ്യുന്നില്ല എന്ന അവസ്ഥക്ക് വലിയ മാറ്റമൊന്നും വന്നു എന്നു പറയുക വയ്യ. ഇതിനെയാണ് വോട്ടവകാശം നിറവേറ്റൽ എന്നു നാം കുളിരോടെ കാണുന്നത്! വിദ്യാഭ്യാസത്തിലും വരുമാനമുള്ള ജോലിയിലും പലപ്പോഴും പല പൊതുമേഖലകളിലും സ്ത്രീകൾ എത്തി നില്‍ക്കുവാൻ തുടങ്ങിയിട്ടുണ്ടെങ്കിലും രാഷ്ട്രീയവും ഭരണസംവിധാനവും അവർക്ക് അപ്രാപ്യമായിത്തന്നെ തുടരുന്നു എന്നു കാണാം.

ആശയതലത്തിലല്ലാതെ പ്രായോഗിക തലത്തിൽ നോക്കിയാൽത്തന്നെ സ്ത്രീകളുടെ രാഷ്ട്രീയ അദൃശ്യത വ്യക്തമാകുന്നുണ്ട്. രണ്ടു ദശകങ്ങളായി ചർച്ച ചെയ്തിട്ടും തീരുമാനമെടുക്കാതെയിരിക്കുന്ന സ്ത്രീസംവരണ പ്രമേയം ഒരുദാഹരണമാണ്. സംവരണത്തിലൂടെയല്ലാതെ സ്ത്രീകളുടെ ഭരണപങ്കാളിത്തം ഉറപ്പുവരുത്താൻ ഉറച്ചുപോയ പുരുഷാധിപത്യ വ്യവസ്ഥിതിയിൽ സാധിക്കില്ല എന്നതിനാൽ സംവരണം ഉറപ്പുവരുത്തേണ്ടതുതന്നെയാണ്. എങ്കിലും അതോടൊപ്പം ഇനിയുള്ള കാലം 33% എന്നുള്ളത് 50% എന്നാക്കി തുല്യസ്ഥാനം ഉറപ്പുവരുത്തുകയാണ് വാസ്തവത്തിൽ ചെയ്യേണ്ടിയിരിക്കുന്നത്. കാരണം കഴിവും അറിവുമുള്ള സ്ത്രീകൾ സുലഭമാണ് എന്നതുതന്നെ.wms-2

ആശയതലത്തിൽ സ്ത്രീകളുടെ രാഷ്ട്രീയ സാന്നിധ്യം അവരുടേതു മാത്രമായ ഒന്നായി നിലനില്ക്കുന്നുണ്ട്. സ്ത്രീകൾ പുരുഷന്മാരേപ്പോലെത്തന്നെ ചിന്തിക്കാൻ കഴിവുള്ളവരും ഒരുപക്ഷേ പുരുഷന്മാരേക്കാൾ നന്നായി ആശയവിനിമയം ചെയ്യാൻ കഴിവുള്ളവരും ആണെന്നിരിക്കേ രാഷ്ട്രീയമായ കാഴ്ചപ്പാടും നിലപാടും ഇവർക്കില്ല എന്നു പറയാനാകില്ല. പുരുഷവാഴ്ചക്കുള്ളിലെ പരിധികൾക്കും പരാധീനതകൾക്കും നടുവിൽ അവർ ചെയ്യുന്ന ഏക രാഷ്ട്രീയ പ്രവൃത്തിയായ വോട്ടുചെയ്യൽ ഇത്തരം കാഴ്ചപ്പാടിനും നിലപാടിനും അടിസ്ഥാനമാക്കി ചെയ്യേണ്ടുന്ന കാര്യവുമല്ല. കാരണം സ്ത്രീപക്ഷ രാഷ്ട്രീയവും നിലപാടുകളും ഉൾക്കൊള്ളാത്ത സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥ ഇന്നില്ല എന്നതുതന്നെ. സ്ത്രീ സ്ഥാനാർത്ഥികളെ തുല്യയളവിൽ വിന്യസിപ്പിച്ചാൽ ഈ അവസ്ഥക്കു മാറ്റമുണ്ടാകുമോ എന്നു ചോദിച്ചാൽ സാന്നിധ്യം കൊണ്ട് അതിലേക്കുള്ള ഒരുപടിയെങ്കിലും തുറന്നു എന്ന് മാത്രമേ ഇത്തരത്തിൽ പറയുമ്പോൾ കഴിയൂ.

സ്ത്രീകൾ സാന്നിധ്യമുറപ്പിക്കുന്ന കാര്യത്തിലെങ്കിലും തുല്യത നേടാൻ കഴിയാത്ത സ്ഥിതിക്ക് സാന്നിധ്യമുറപ്പിച്ചാൽ അധികാരം നടപ്പിലാക്കി മാറ്റങ്ങൾ വരുത്തുവാനാകുമോ എന്നു ചർച്ച ചെയ്യുന്നതിൽ വലിയ അർത്ഥമില്ല. തുല്യസ്ഥാനം ഉറപ്പിച്ച് സ്ത്രീകൾക്ക് ജനാധിപത്യ ഭരണസംവിധാനത്തിൽ ആശയപരമായ ആശങ്ക ദൂരീകരിക്കാത്തിടത്തോളം, സ്ത്രീകളുടെ വോട്ടുകൾ അർത്ഥവത്താകുന്നില്ല. ഏതെങ്കിലും ഒരു മതത്തിൽ ജനിച്ചുപോയാൽ ആ മതത്തിലെ ചടങ്ങുകൾ അനുവർത്തിച്ചാൽ, ശീലങ്ങൾ നൽകുന്ന ചിട്ടയുടെ സമാധാനമെങ്കിലും ലഭിക്കുമല്ലോ. അതുപോലെ ചെയ്യുന്ന ഒരു ചടങ്ങ് മാത്രമാണ് മിക്കവാറും സ്ത്രീകളുടെ വോട്ടുകൾ. ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയിൽ ജനാധിപത്യം ഒരു മതാനുഷ്ഠാനം പോലെയാകുകയും വോട്ടുചെയ്യൽ ഒരു ചടങ്ങായി മാത്രം തുടരുകയും ചെയ്യുന്നത് സ്ത്രീകൾക്കെന്നല്ല സമൂഹത്തിനു തന്നെ മൊത്തത്തിൽ അപകടം വരുത്തുന്നതാണ്. വോട്ടു ചെയ്യുന്നത് ഗുണം ചെയ്യുന്നില്ല എങ്കിൽ അതു നിഷേധിക്കാം. ജനാധിപത്യത്തിന്റെ പൊളിച്ചെഴുത്ത് വേണ്ടിവന്നാൽ അതും ആവശ്യപ്പെടാം. അധികാരത്തിമിർപ്പിൽ അടിപിടികൂടിയാണെങ്കിലും അവകാശങ്ങൾ /സ്ഥാനങ്ങൾ നേടിയെടുക്കുന്ന പുരുഷപാർട്ടികൾ അതൊന്നും ആവശ്യപ്പെടില്ല. അവർക്കിടയിലേക്ക് അകത്തുകടക്കാൻ പോലും സാധിക്കാതെ അവഗണിക്കപ്പെട്ട ഭൂരിഭാഗമായ സ്ത്രീകളുടേതായ പാർട്ടിക്കേ അതൊക്കെ ആവശ്യപ്പെടാൻ സാധിക്കൂ. അത്തരമൊരു രാഷ്ട്രീയ പാർട്ടിയ്ക്ക് വേണ്ടിവന്നാൽ വോട്ട് നിഷേധ നടപടികളിലൂടെയും മുന്നേറേണ്ടി വരും. വോട്ടവകാശം നിഷേധിക്കപ്പെടുന്നതിലൂടെ രൂപപ്പെട്ടേയ്ക്കാവുന്ന ഒരു ബൃഹത്തായ സ്ത്രീ രാഷ്ട്രീയപ്പാർട്ടി ജനാധിപത്യത്തിന്റെ പൊളിച്ചെഴുത്ത് നടത്തുമോയെന്ന് കാലം തെളിയിക്കട്ടെ .

Comments

comments