സമകാലിക കേരളത്തില്‍ കലാസാംസ്കാരിക രംഗം വളരെ നിര്‍ജ്ജീവാവസ്ഥയില്‍ കിടക്കുകയാണ്.നമുക്കത് പെട്ടെന്നു കണ്ടാല്‍ മനസ്സിലാവില്ല. ദിനപ്പത്രങ്ങള്‍, ടിവി, സ്പോര്‍ട്സ്, കുറച്ചൊക്കെ സിനിമ, സംഗീതം ഇതൊക്കെ വളരെ ശക്തമായി, ലൈവ് ആയി ഇരിക്കുന്നുണ്ട്. ഈ നിര്‍ജ്ജീവത സൂക്ഷിച്ചു നോക്കിയാലേ മനസ്സിലാവൂ. നമ്മുടെ നാടകരംഗം ഏതാണ്ട് മരിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഏതെങ്കിലും സ്കൂളിലോ കോളെജിലോ, ഏതെങ്കിലും കലാസമിതി വാര്‍ഷികത്തിനോ ഒരു നാടകം അവതരിപ്പിച്ചാലായി. പക്ഷെ അതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. പഴയ മാതിരി പ്രൊഫഷണലോ അമച്വറോ ആയ നാടക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. നാടകം തങ്ങളുടെ ജീവിതമാണെന്ന് വിചാരിച്ചിരുന്ന അനവധി ആളുകളും സംഘങ്ങളും സമിതികളും കേരളത്തില്‍ ഉണ്ടായിരുന്നു. പഴയ സംഘങ്ങള്‍ KPAC പോലുള്ളവയൊക്കെ ഇപ്പോള്‍ പേരിനു  നിലനില്‍ക്കുന്നുവെന്നെയുള്ളൂ. നാടകക്കാര്‍ മുഴുവനും സീരിയല്‍ നടീനടന്മാരായിട്ടു പോയി.  ഇപ്പോഴത്തെ സമൂഹത്തിനു  നാടകം എന്ന കലാരൂപത്തെപ്പറ്റിയൊരു ശ്രദ്ധ തന്നെ ഇല്ല. പുതിയ നാടക സംഘങ്ങളോ  നാടകവേദികളോ  നാടകരംഗത്തെ പരീക്ഷണങ്ങളോ  ഇല്ല.

പുതിയ കാലത്തെ വളരെ  പ്രധാനപ്പെട്ട ചില ആശയധാരകള്‍ എടുത്തു നോക്കുക. അതിലൊരു പ്രധാനപ്പെട്ട ആശയധാരയാണ് സ്ത്രീവാദം. എന്തുകൊണ്ടാണ് കേരളത്തിന്  ഒരു ഫെമിനിസ്റ്റ് തിയേറ്റര്‍ ഇല്ലാതെ പോയത് ? സ്ത്രീവാദത്തിനു വേണ്ടിയുള്ള നാടകരചന, നാടക അവതരണം, നാടക അഭിനയം തുടങ്ങിയ ഒരു കാര്യവും സമകാലിക കേരളത്തില്‍ ഉണ്ടായിട്ടില്ല. പണ്ട് സാമൂഹ്യനാടകങ്ങള്‍ ഉണ്ടായതു തന്നെ സ്ത്രീക്ക് വേണ്ടിയാണ്. 1929-ല്‍ വി.ടി യുടെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്. അതൊക്കെ കഴിഞ്ഞിട്ട് കാലങ്ങള്‍ കഴിഞ്ഞു. നമ്മളാണെങ്കില്‍ ഇപ്പോള്‍ സ്ത്രീവാദം, സ്ത്രീ വിമോചനം, പെണ്ണെഴുത്ത് തുടങ്ങിയ അനവധി വാക്കുകള്‍ സ്ഥിരമായി ഉപയോഗിച്ചു വരുന്നുണ്ട്. അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരും ഏറെയുണ്ട്. പക്ഷെ എന്തുകൊണ്ട് നമ്മുടെ തിയേറ്ററില്‍ അങ്ങനെയൊരു സാധനം ഇല്ലാതെ പോയി?

അതുപോലെ, സാഹിത്യ രചനയിലും, സാഹിത്യ ശാസ്ത്രത്തിലും, സാഹിത്യ നിരൂപണത്തിലുമൊക്കെ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് പരിസ്ഥിതിവാദവും പ്രകൃതി സ്നേഹവുമൊക്കെ. എന്തുകൊണ്ട് പരിസ്ഥിതി വാദത്തിനു വേണ്ടി environmental  theatre എന്നൊരു സംഗതിയുണ്ടായില്ല? പത്തുമുപ്പതു കൊല്ലം മുന്‍പ്‌ നടന്നൊരു സമരമാണ് സൈലന്റ് വാലി. സുഗതകുമാരിട്ടീച്ചറെപ്പോലെ, എം.കെ പ്രസാദിനെപ്പോലെ, എന്‍.വി.കൃഷ്ണവാര്യരെപ്പോലെയുള്ള ആള്‍ക്കാരാണ് അതിനു നേതൃത്വം കൊടുത്തത്. അത്തരം സമരങ്ങള്‍ ഇന്നും മണല്‍വാരലിനെതിരായിട്ടും, ക്വാറികള്‍ക്കെതിരായിട്ടും, മരം മുറിക്കലിനെതിരായിട്ടും കേരളത്തില്‍ പലയിടത്തും നടക്കുന്നുണ്ട്. പക്ഷെ എന്തുകൊണ്ട് അതിനൊക്കെ വേണ്ടി ഒരു തിയേറ്റര്‍ ഉണ്ടായില്ല? സാഹിത്യഅക്കാദമി പണ്ട് കാടെവിടെ മക്കളെ… പോലെയുള്ള കവിതകള്‍ സമാഹരിച്ചിട്ട് വനപര്‍വ്വം എന്നൊരു സമാഹാരം ഇറക്കിയിരുന്നു. സിനിമയിലും, വാര്‍ത്തയിലും ഒക്കെ കൃഷി, പ്രകൃതി, പരിസ്ഥിതി സംരക്ഷണം, നദീസംരക്ഷണം തുടങ്ങി അനവധി കാര്യങ്ങള്‍  പറയുന്നുണ്ട്. ആള്‍ക്കാരെല്ലാം ഇപ്പോള്‍ അതിനെക്കുറിച്ച് ബോധവാന്മാരാണ്. പണ്ട്, പത്തു മുപ്പത്തഞ്ചു കൊല്ലം മുന്‍പ്‌ ഞങ്ങള്‍ ഇലവഴിഞ്ഞിപ്പുഴ സംരക്ഷിക്കാന്‍ വേണ്ടി സമരം തുടങ്ങുമ്പോള്‍ നാട്ടുകാര്‍ക്കൊന്നും  മനസ്സിലായിരുന്നില്ല – എന്തുകൊണ്ടാണ് മണല്‍ വാരരുത് എന്ന് പറയുന്നത് ? എന്തുകൊണ്ടാണ് നഞ്ചു  കലക്കരുത് എന്ന് പറയുന്നത് ?  -എന്ന്. പക്ഷെ ഇന്നത് എല്ലാവര്‍ക്കും  അറിയാം. പക്ഷെ ആ മുന്നേറ്റം ഒരു തിയേറ്റര്‍ ആയി ഒരു ഗ്രീന്‍ തിയേറ്റര്‍ എന്ന പേരിലോ അല്ലെങ്കില്‍ ഒരു നേച്ചര്‍ തിയേറ്റര്‍ എന്ന പേരിലോ മറ്റോ  അതിന്റെ ഒരു നാടകവേദി രൂപം കൊണ്ട് വന്നില്ല.

ആധുനികോത്തരകാലത്തെ പ്രധാനപ്പെട്ട ഒരു ആശയധാരയാണ് ദളിത്‌വാദം. എല്ലാവരും ദളിതുകളുടെ ഭാഷ, ദളിത്‌ സാഹിത്യം, ദളിതുകളുടെ ശൈലി, ദളിത്‌ രാഷ്ട്രീയം തുടങ്ങി അനവധി കാര്യങ്ങള്‍ പറയുന്നുണ്ട്. എന്നിട്ടും ഒരു ദളിത്‌ തിയേറ്റര്‍ ഉണ്ടായില്ല. കെ.ജെ ബേബി നാട്ടുഗദ്ദികയൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ നമുക്കെന്തു കൊണ്ട് ദളിതുകളുടെ പാരമ്പര്യ രൂപങ്ങളൊക്കെ എടുത്ത് ഒരു ദളിത്‌ തിയേറ്റര്‍ ഉണ്ടായില്ല?

ഞാന്‍ പറഞ്ഞു വരുന്നത്, ആധുനികോത്തര കാലത്തെ പ്രധാനപ്പെട്ട ആശയധാരകളായ സ്ത്രീവാദം, പരിസ്ഥിതി വാദം, ദളിത്  വാദം, ഇതൊക്കെ മുന്നേറി വരുന്ന കാലമായപ്പോഴേക്കും നാടകമെന്ന കലാരൂപം ഇല്ലാതെയായി. ഇപ്പോള്‍ നാടകത്തിന്റെ ഓര്‍മ്മക്ക് തോപ്പില്‍ ഭാസിയുടെയോ മറ്റോ നാടകങ്ങള്‍ പുനരവതരിപ്പിക്കുകയാണ് ചെയ്യുന്നത്. എഴുപതുകളില്‍ ഉണ്ടായ ഒരു പരീക്ഷണമാണ് തെരുവുനാടകം. തെരുവ് നാടകം എന്നുള്ള പരീക്ഷണം കഴിഞ്ഞിട്ട് ഏതാണ്ട് നാലുപതിറ്റാണ്ട്  കഴിഞ്ഞു. പുതിയ പരീക്ഷണങ്ങള്‍ എന്തുകൊണ്ട് ഉണ്ടാവുന്നില്ല? വളരെ സാംഗത്യമുള്ളൊരു  ചോദ്യമാണിത്. ജി.ശങ്കരപ്പിള്ള, സി.എന്‍ ശ്രീകണ്ഠന്‍ നായര്‍, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയ ആള്‍ക്കാരുടെ ഉത്സാഹത്തില്‍ നമുക്ക് ആധുനിക നാടകവേദി ഉണ്ടായി. എന്തുകൊണ്ടാണ് നമുക്ക് ആധുനികോത്തര നാടകവേദി ഇല്ലാതെ പോയത് ?

നമ്മുടെ കാലത്തെ ഒരു പ്രധാനപ്പെട്ട  കലാരൂപമാണ്‌ സിനിമ. അടൂര്‍ ഗോപാലകൃഷ്ണന്റെയും, കെ.പി കുമാരന്റെയുമൊക്കെ കാലം വന്നപ്പോള്‍ നമുക്ക് ആധുനിക സിനിമയുണ്ടായി. അതിലൊരു വലിയ ലാന്റ് മാര്‍ക്ക് ആയി പറയുന്നതാണ് അടൂരിന്റെ സ്വയംവരം, കെ.പി.കുമാരന്റെ അതിഥി ഒക്കെ. പക്ഷെ  ആധുനികോത്തര സിനിമ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ? സിനിമയുടെ ടെക്നോളജി  മാറി. ഡിജിറ്റലിന്റെ  കാലം വന്നു. ടെക്നോളജി ഒരുപാട് വളര്‍ന്നു. അനിമേഷന്‍ ഒക്കെ വലിയൊരു സാധ്യതയാണ്. അതെല്ലാം വെച്ച് സിനിമയിലിപ്പോള്‍ എന്തല്‍ഭുതവും കാണിക്കാം എന്നു വന്നു. പക്ഷെ ന്യൂ ജെന്‍ സിനിമയിലെ പാട്ടുകള്‍, നൃത്തങ്ങള്‍, വളരെ ഉപരിപ്ലവങ്ങളായ കഥകള്‍ അതിലൊക്കെ അപ്പുറം എന്താണ് അതില്‍ കാണാവുന്നത്? പല സിനിമകളും ഉള്ളു പൊള്ളയായവയാണ്. അതിനകത്തൊന്നും ഒന്നും ഇല്ല. ജീവിതം ഇല്ല, മൂല്യങ്ങള്‍ എന്നൊരു പ്രശ്നമേ ഇല്ല. പല സിനിമകളും ഉള്ളില്‍ തട്ടുന്ന മാതിരിയോ എന്നെന്നും ഓര്‍ത്തിരിക്കുന്ന പോലെയോ അല്ല. അങ്ങനെ വേണം എന്നില്ല എന്ന് പറഞ്ഞാല്‍ എനിക്ക്, ഞാന്‍ പഠിക്കുന്ന, ഞാന്‍ മനസ്സിലാക്കുന്ന കലാ അനുഭവത്തില്‍ ശരിയല്ല അത്. നമ്മള്‍ സിനിമ കാണുമ്പോള്‍ അത് കാണാനുപയോഗിക്കുന്ന രണ്ടുമൂന്നു  മണിക്കൂര്‍ കഴിഞ്ഞാല്‍ പിന്നെ അത് ഇല്ല. അങ്ങനെയല്ല വേണ്ടത്. ഞങ്ങളൊക്കെ നീലക്കുയില്‍ കണ്ടത് പത്തമ്പത് വര്‍ഷം  മുന്‍പാണ്. അമ്പത്തിനാലിലാണ് നീലക്കുയില്‍ വന്നത്. അതിലെ പാട്ടുകളും, അഭിനയമുഹൂര്‍ത്തങ്ങളും  ഇപ്പോഴും ഓര്‍ക്കാനാവുന്നുണ്ട്. നമ്മുടെ ധാര്‍മ്മികതയെയും സൌന്ദര്യബോധത്തെയുമൊക്കെ സ്പര്‍ശിക്കാത്ത തരത്തിലാണോ ഇന്ന് ഇത്തരം കാര്യങ്ങളൊക്കെ ഉള്ളത് എന്ന് ഞാന്‍ സംശയിക്കുന്നു. നമ്മുടെ രാഷ്ട്രീയത്തെ അഭിമുഖീകരിക്കുക, നമ്മുടെ സാമൂഹ്യ പ്രശ്നങ്ങളെ ആവിഷ്കരിക്കുക, നമ്മുടെ സാമൂഹ്യജീവിതത്തെ വിമര്‍ശിക്കുക നമ്മുടെ സൌന്ദര്യബോധത്തെ  സ്പര്‍ശിക്കുക ഇതെല്ലാമാണ് കലയില്‍ വേണ്ടത്. കലാസാംസ്കാരിക രംഗത്ത് നവീകരണം സാദ്ധ്യമാകുന്നത് അതില്‍ പുതിയ ആശയങ്ങള്‍, പുതിയ ഉള്ളടക്കം, പുതിയ രൂപങ്ങള്‍ ഇതൊക്കെ വരുമ്പോഴാണ്.

മറ്റൊരു പ്രധാന രംഗം സാഹിത്യമാണ്. സാഹിത്യത്തിനു യാതൊരു പ്രാധാന്യവും ഇല്ലാത്തൊരു കാലമാണിത്.  ഉദാഹരണം പറയുകയാണെങ്കില്‍ എം.ടി വാസുദേവന്‍നായര്‍ നമ്മുടെ സാംസ്കാരികരംഗത്തെ വളരെ പ്രധാനപ്പെട്ട ആളാണെന്നു തോന്നുന്നത്, അദ്ദേഹം സിനിമയിലും പത്രപ്രവര്‍ത്തനത്തിലും, സാംസ്കാരിക പ്രവര്‍ത്തനത്തിലുമൊക്കെ സജീവമായി ഉള്ളതു കൊണ്ടാണ്. സുഗതകുമാരിട്ടീച്ചര്‍ വലിയൊരാളാണെന്നു നമുക്കു  തോന്നുന്നത് അവര്‍ സ്ത്രീവാദരംഗത്തും പരിസ്ഥിതി രംഗത്തുമൊക്കെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. വെറും നോവലെഴുത്തിലോ, കവിതയെഴുത്തിലോ ഒതുങ്ങി നില്‍ക്കുകയാണെങ്കില്‍ ഇവരെയൊക്കെ ഇങ്ങനെ അറിയപ്പെടുമായിരുന്നോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. പണ്ട് നന്നായി എഴുതിയിയിരുന്ന  ഇപ്പോള്‍ കുറെക്കാലമായി എഴുതാത്ത എഴുത്തുകാരെ പലരും അറിയില്ല. സാഹിത്യകാരന്മാര്‍ക്ക് ഇപ്പോള്‍ സമൂഹത്തില്‍ പ്രാധാന്യം കിട്ടണമെങ്കില്‍ ഒന്നുകില്‍ അയാള്‍ മരിക്കണം അല്ലെങ്കില്‍ വല്ല അവാര്‍ഡോ മറ്റോ കിട്ടണം. ഇപ്പോള്‍ ഒരു വിഷയത്തില്‍ ഒരെഴുത്തുകാരന് എന്തുപറയാനുണ്ട് എന്നല്ല നമ്മള്‍ അന്വേഷിക്കുന്നത്. ഇന്ന മൌലവിക്ക്, ഇന്ന ബിഷപ്പിന്, ഇന്ന സന്യാസിക്ക് എന്തുപറയാനുണ്ട് എന്നൊക്കെയാണ്. ഇന്ന് ആരെങ്കിലും വിശ്വസിക്കുമോ കെപിസിസി പ്രസിഡന്റിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്ന അതെ പ്രാധാന്യത്തോടുകൂടി സമസ്തകേരള സാഹിത്യപരിഷത്തിന്റെ പ്രസിഡന്റിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിരുന്നൊരു കാലം മാതൃഭൂമിക്ക് ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍. ഇപ്പോള്‍ അതിന്റെ പ്രസിഡന്റ് ആരാണെന്ന് തന്നെ ആര്‍ക്കും അറിയില്ല. തര്‍ക്കങ്ങളും വിവാദങ്ങളും ഉണ്ടാക്കുന്ന സാഹിത്യകാരന്മാരെ മാത്രമേ നമ്മള്‍ അറിയുന്നുള്ളൂ.

സാഹിത്യത്തിനു വളരെ പ്രാധാന്യം കുറഞ്ഞൊരു കാലത്ത്, നാടകം ഏതാണ്ട് നിന്നുപോയ കാലത്ത്, സിനിമ വെറും ടെക്നോളജി മാത്രമായിപ്പോയ ഒരു കാലത്താണ് നമ്മളിപ്പോള്‍ ഉള്ളത്. ഇതിനെല്ലാം ഒരു മാറ്റം വേണമെങ്കില്‍ സാഹിത്യം, നാടകം, സിനിമ എന്നീ കലാരൂപങ്ങള്‍ക്ക്‌ നമ്മുടെ സ്കൂളുകളിലെയും കോളേജുകളിലെയും പാഠ്യപദ്ധതിയില്‍ ഉചിതമായ സ്ഥാനം നല്‍കണം. നമ്മുടെ പാഠ്യപദ്ധതിയില്‍ കവികള്‍ കലാകാരന്മാര്‍, നോവലിസ്റ്റുകള്‍ ഇവര്‍ക്കൊന്നും ഒരു സ്ഥാനവുമില്ല. ഒരു ലേഖനം എങ്ങനെ പരിഭാഷപ്പെടുത്തും, ഒരു കവിത എങ്ങനെയാണ് ഗദ്യത്തിലേക്ക് പരാവര്‍ത്തനം ചെയ്യുക തുടങ്ങിയ കാര്യങ്ങളൊന്നും പഠിപ്പിക്കുന്നില്ല. ലാഭം മാത്രമായുള്ള മുതലാളിത്തത്തിന്റെ കാഴ്ചപ്പാടിലാണ് സംസ്കാരത്തെ കാണുന്നത്. അപ്പോള്‍ ഇതെല്ലാം തുടങ്ങേണ്ടത് പാഠ്യപദ്ധതിയില്‍  നിന്നാണ്. ഇപ്പോഴതില്‍ നമ്മുടെ ഭാഷക്കും സംസ്കാരത്തിനും തത്വചിന്തക്കുമോന്നും ഒരു സ്ഥാനവുമില്ല. എന്തുകൊണ്ടാണിപ്പോള്‍ കുട്ടികള്‍ക്ക് മാതാപിതാക്കളെ വേണ്ടാത്തത് ? അച്ഛനുമമ്മയും വലിയ കഥാ പാത്രങ്ങളാണ്, വലിയ സംഭവമാണ്, നമ്മുടെ ജീവിതം അവര്‍ക്കു ചുറ്റുമാണ് എന്നൊക്കെ പറഞ്ഞു കൊടുക്കുന്ന കഥയോ കവിതയോ നാടകമോ അവരെ പഠിപ്പിക്കുന്നില്ല. കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ വലിയൊരു പങ്ക് കലയ്ക്കും സംസ്കാരത്തിനുമൊക്കെ ഉണ്ട്. കലാസാംസ്കാരിക രംഗത്തിന്റെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കണം. യുവാക്കള്‍ക്ക് അത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കാനുള്ള പിന്തുണ കുടുംബങ്ങള്‍ നല്‍കണം. ഗവര്‍മെന്റ് അതിനുള്ള സൌകര്യങ്ങള്‍ ചെയ്തുകൊടുക്കണം.

നമ്മുടെ പഴയ കലാരൂപങ്ങളായ മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, വടക്കന്‍പാട്ട്, കഥകളി, തുള്ളല്‍, ചാക്യാര്‍കൂത്ത് എന്നിവയ്ക്കൊക്കെ പുതിയൊരു ജന്മം കൊടുക്കാന്‍ സാധിക്കണം. അതിന്റെ കൂട്ടത്തില്‍ പുതിയ കലാരൂപമായ സിനിമ, ഡോക്യുമെന്‍ററി, നാടകം ഇവയും. ഇവയെയൊക്കെ പുതിയ കാലത്തിനു വേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം എന്നു കണ്ടെത്തണം. ഉദാഹരണത്തിന് സ്ത്രീവാദത്തിനുവേണ്ടി തുള്ളല്‍ എങ്ങനെ ആവിഷ്കരിക്കാം? അപ്പോള്‍ പെണ്ണിന് തുള്ളല്‍ അവതരിപ്പിക്കാമോ എന്ന ചോദ്യവും വരും. ഇതിനെല്ലാം നല്ല ശ്രദ്ധ കിട്ടണമെങ്കില്‍, നവീകരണം ലക്ഷ്യമാക്കി, സ്കൂളുകളിലേയും കോളേജുകളിലേയും പാഠ്യപദ്ധതിയില്‍ ഇതെല്ലാം ഉള്‍പ്പെടുത്തണം. അതിനു വലിയ പ്രാധാന്യവും പ്രചാരവും കൊടുക്കണം എന്നാണ്  എനിക്കു പറയാനുള്ളത്.

കലാസാംസ്കാരിക രംഗത്തെ നവീകരണം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് വിചാരിക്കുന്നവരാണ് ഭൂരിപക്ഷവും. അത്  സര്‍ക്കാരിന് മാത്രം ചെയ്യാനുള്ളൊരു കാര്യമാണെന്ന് വിചാരിക്കരുത്. മുന്‍പ് നാടകരംഗത്തുണ്ടായ വളര്‍ച്ച ഇവിടത്തെ രാഷ്ട്രീയക്കാര്‍ ഏറ്റെടുത്ത ഒരു കാര്യമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് KPAC നടത്തിയിരുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഗവര്‍മെന്റ് ഇതിലൊന്നും ഇടപെടാതിരിക്കുകയാണ് നല്ലത്. ഇടപെട്ടാല്‍ അതിലൊക്കെ അവരുടെ താല്‍പ്പര്യങ്ങള്‍ ഉണ്ടാവും. അതിന്റെ ഉദ്ഘാടനം, മറ്റുകാര്യങ്ങള്‍ എന്നിവയ്ക്കൊക്കെ  മന്ത്രി വേണം, എം.എല്‍.എ വേണം, മുഖ്യമന്ത്രി വേണം, അവര്‍ക്ക് പത്രത്തിലും ടിവിയിലുമൊക്കെ അവരുടെ അവരുടെ പടം വരണം.ഇങ്ങനെ കുറെ താല്‍പ്പര്യങ്ങളാണ് ഉള്ളത്. ഗവര്‍മെന്റ് അവാര്‍ഡ് കൊടുക്കുന്നത് പോലും അപകടമായിരിക്കുകയാണ്. ഗവര്‍മെന്റിനെ എതിര്‍ക്കുന്ന,അവരുടെ നയപരിപാടികളെ എതിര്‍ക്കുന്ന, അവരുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ഒരാളുടെ കലാപരമായ കഴിവ് അംഗീകരിക്കാന്‍ സാധാരണ ഗവര്‍മെന്റിന് സാധിക്കില്ല. അത്തരം ആളുകള്‍ക്ക് ഒരു സിനിമ പിടിക്കാനോ ഒരു ഡോക്യുമെന്ററി എടുക്കാനോ നാടകം ഉണ്ടാക്കാനോ ധനസഹായം ചെയ്യാന്‍ ഗവര്‍മെന്റ് തയ്യാറാവില്ല. ഗവര്‍മെന്റിന്റെ ഏറാന്‍മൂളികളായി കലാരൂപങ്ങളാവിഷ്കരിക്കാന്‍  വലിയ കലാകാരന്മാരെ കിട്ടില്ല. മാത്രമല്ല, ഗവര്‍മെന്റ് എപ്പോഴും സര്‍ക്കാര്‍ കാര്യം മുറ പോലെ എന്ന മട്ടില്‍ നീണ്ടും വലിഞ്ഞുമേ  കാര്യങ്ങള്‍ നടത്തൂ.നേരെ മറിച്ച് അക്കാദമികള്‍ക്ക് പിന്നെയും സാധിക്കും.

കേരളത്തിലുള്ള വേറൊരു സാധ്യത എന്ന് പറയുന്നത് ഗള്‍ഫിലൊക്കെ ധാരാളം പ്രവാസി സംഘടനകള്‍ ഉണ്ട്. ഓരോ പഞ്ചായത്തിനും ഓരോ സംഘടന എന്ന രീതിയില്‍. അവര്‍ക്കൊക്കെ ഒരു തിയേറ്റര്‍ ഗ്രൂപ്പ് കൊണ്ടുനടക്കാന്‍ പറ്റും. അല്ലെങ്കില്‍ സാഹിത്യത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരു മാസിക – അച്ചടിയിലോ, ഓണ്‍ലൈന്‍ ആയിട്ടോ കൊണ്ടുനടക്കാം. പുതിയ ആശയധാരകള്‍ക്കായുള്ള തിയേറ്റര്‍ ഉണ്ടാക്കി ആ ആശയങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനോ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ പറ്റും. ഇതിനെല്ലാം സര്‍ക്കാര്‍ സ്പോണ്‍സര്‍ ആവുന്ന പരിപാടികളല്ല നല്ലത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് പിന്നെയും പറ്റും. പ്രകൃതി സംരക്ഷണത്തിനായുള്ള ഒരു ഡോക്യുമെന്‍ററിയോ, സാമൂഹ്യതിന്മയെ ആക്ഷേപിച്ചു കൊണ്ട് ഒരു  തുള്ളലോ ചാക്യാര്‍കൂത്തോ, നാടകമോ നടത്താം.

ഞാന്‍ വിചാരിക്കുന്നത് ഇതിൽ ഗവര്‍മെന്റിനെ നേരിട്ട് ഇടപെടുവിക്കുന്നത് ആപത്തായിരിക്കും എന്നാണ്. ഒന്നാമത് കാലതാമസം, പിന്നെ അവരുടെ സാങ്കേതികതകള്‍, പിന്നെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍. അവിടെ അവര്‍ക്ക് മുഖസ്തുതിയല്ലാതെ വേറൊന്നും കേള്‍ക്കേണ്ട. ഒരു ഗവര്‍മെന്റും വിമര്‍ശനം എന്നത് സമ്മതിക്കില്ല. കലകള്‍ക്കാണെങ്കില്‍ വിമര്‍ശനം എപ്പോഴും അതിന്റെ ഭാഗമാണ്. ഒരു കാര്യം  അനീതിയാണ്, അക്രമമാണ്, അന്യായമാണ് എന്നു തുറന്നു കാണിക്കുന്ന രീതി എല്ലാ കലാകാരന്മാര്‍ക്കും ഉണ്ട്. ഗവര്‍മെന്റിനെതിരായിട്ടോ അവര്‍ കൊണ്ടു നടക്കുന്ന മുന്നണിക്കെതിരായിട്ടോ ഒരു പാര്‍ട്ടിക്കെതിരായിട്ടോ ഒരു വാക്കോ നോക്കോ വന്നുപോയാല്‍ പ്രശ്നമാവും. ആ തരത്തിലുള്ള കടിഞ്ഞാണ്‍  ഇല്ലാതെയാണ് കല  പ്രവര്‍ത്തിക്കേണ്ടത്. ഒരു കടിഞ്ഞാണുമില്ലാത്ത രീതിയാണ്  കലയ്ക്കുള്ളത്. സര്‍ക്കാരിന്റെ പണമല്ല പ്രധാനകാര്യം നമ്മുടെ സ്വാതന്ത്ര്യമാണ്. സാമ്പത്തികമായ സൌകര്യങ്ങള്‍ കൂടുമ്പോള്‍ സ്വാതന്ത്ര്യം കുറയും. അതാണിതിന്റെ പ്രശ്നം. അപ്പോള്‍ ഇതില്‍ ഉണ്ടാവേണ്ടത്  ജനപങ്കാളിത്തമാണ്. സര്‍ക്കാരിന്റെ പങ്കാളിത്തമല്ല. സമ്പത്ത് കുറഞ്ഞാലും പ്രശ്നമില്ല. സ്വാതന്ത്ര്യമില്ലാതെ കലയില്‍ ഒരു പണി നടക്കില്ല. അതുകൊണ്ട് ഗവര്‍മെന്റിനെയല്ല ഇതിനു ആശ്രയിക്കേണ്ടത്. ഗവര്‍മെന്റ് ഏജന്‍സികളെ ആശ്രയിക്കാം. അക്കാദമികള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, കഥകളി ക്ലബുകള്‍, ഫിലിം സൊസൈറ്റികള്‍, മാപ്പിളപ്പാട്ട് സംഘടനകള്‍ തുടങ്ങിയ കലാസമിതികള്‍. ഇവര്‍ക്കൊക്കെ ഈ തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പറ്റും. വിദ്യാലയങ്ങളിലേയും  കലാലയങ്ങളിലേയും പി.ടി.എകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘനകള്‍ തുടങ്ങിയവക്കൊക്കെ ഒരു ചെറിയ നാടകം, ഒരു കൂത്ത്, ഡോക്യുമെന്ററി, ഓണ്‍ലൈന്‍ പത്രം അങ്ങനെയൊക്കെ നിര്‍മ്മിക്കാന്‍ പറ്റും. ജനങ്ങളുടെ ഈ ഒരു initiative ലൂടെ മാത്രമേ നമുക്ക് ജനപങ്കാളിത്തത്തോടെ കലാസാംസ്കാരിക രംഗത്ത് ഒരു നവീകരണവും അതിലൂടെ ഒരു പുത്തനുണര്‍വ്വും ഉണ്ടാക്കാന്‍ സാധിക്കൂ. മുൻപ് സൂചിപ്പിച്ചതുപോലെ സര്‍ക്കാരിന്റെ ഇടപെടല്‍ അതില്‍ ഇല്ലാത്തതാണ് നല്ലത് എന്നാണു എന്റെ അഭിപ്രായം.

ഇനി അക്കാദമികള്‍ക്ക് ഈ നവീകരണത്തിലുള്ള പങ്കിനെക്കുറിച്ച് പറയുകയാണെങ്കില്‍, സംഗീത, നാടക, സാഹിത്യ, ലളിതകലാ അക്കാദമികളുടെ നിയമനങ്ങള്‍ മുഴുവന്‍ രാഷ്ട്രീയമാണ്. ഭരിക്കുന്ന സര്‍ക്കാരിന്റെ വേണ്ടപ്പെട്ടവരും അവരുമായി ബന്ധപ്പെട്ട ആളുകളുമായിരിക്കും അതിനകത്തുള്ളത്. അതിലിപ്പോള്‍ ഏറ്റവും കഴിവുള്ള ആളെ നിയമിക്കുകയാണെന്നു വെച്ചാലും അത് അഞ്ചു കൊല്ലം കഴിഞ്ഞാല്‍ മാറും. ഒന്നും ചെയ്യാന്‍ പറ്റില്ല. അപ്പോയിന്റ്മെന്റ് എല്ലാം പൊളിറ്റിക്കല്‍ ആണ്. അവര്‍ക്കൊരിക്കലും ആ ഗവര്‍മെന്റിനോ  രാഷ്ട്രീയമുന്നണിക്കോ നേതാക്കന്മാര്‍ക്കോ അപ്രിയമാകുന്നതൊന്നും പറയാനോ പ്രവര്‍ത്തിക്കാനോ ധൈര്യമുണ്ടാവില്ല. കാരണം അവരുടെ സൌജന്യത്തില്‍ കിട്ടിയ സ്ഥാനത്താണ് ഇരിക്കുന്നത്. കാര്യങ്ങള്‍ എങ്ങനെ മാറണം എന്നു പറഞ്ഞാല്‍, ഇത്തരം കാര്യങ്ങളോട് വളരെ ക്രിയേറ്റീവ് ആയിട്ട് പോസിറ്റീവ് ആയിട്ട് അതിനോടെല്ലാം അനുകൂലമായ രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആള്‍ക്കാര്‍ ചുമതലയില്‍ വരണം. എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടതെന്ന് അക്കാദമി ഭാരവാഹികളാണ് ആലോചിക്കേണ്ടത്. ഗവര്‍മെന്റിന്റെതായ സാങ്കേതികതകളും തടസ്സങ്ങളും, മെല്ലെപ്പോക്കും എല്ലാം അതിനകത്തുണ്ട്. ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ അക്കാദമിയും സര്‍ക്കാരുമൊന്നും അല്ല കലയും സംസ്കാരവും കൊണ്ടുനടക്കേണ്ടത്. ജനങ്ങളാണ്. അതില്‍ ഏതെങ്കിലും മികച്ച ആള്‍ക്കൊരു സമ്മാനം കൊടുക്കുക, പുസ്തകങ്ങള്‍ അച്ചടിക്കുക, ധനസഹായം ചെയ്യുക, ജനങ്ങളുടെ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുക ഇങ്ങനെയുള്ള കാര്യങ്ങളൊക്കെയേ  ഗവര്‍മെന്റും അക്കാദമിയും ചെയ്യേണ്ടതുള്ളൂ.

ജനങ്ങളുടെ മൊത്തമായ കൂട്ടായ്മയുടെ ക്രിയേറ്റിവിറ്റിയില്‍ നിന്നാണ് കലാരൂപങ്ങള്‍ ഉണ്ടാവേണ്ടത്. അത് സിനിമയായാലും നാടകമായാലും പഴയകാലത്തെ കൂത്തായാലും. ഈ കൂട്ടായ്മ കേരളത്തില്‍ ഇല്ലാതായത് ആളുകള്‍ ടെലിവിഷന്റെയും ഫോണിന്റെയും ഐപാഡിന്റെയുമൊക്കെ മുന്നില്‍ ഇരിപ്പ് തുടങ്ങിയപ്പോഴാണ്. ഒരു യാത്രയില്‍പ്പോലും ആളുകള്‍ അടുത്തിരിക്കുന്നയാളിന്റെ സമീപത്തല്ല ഇരിക്കുന്നത്. അഞ്ഞൂറോ ആയിരമോ കിലോമീറ്റര്‍ അകലെയുള്ള ഒരാളിനോട് ഫോണില്‍ സംസാരിക്കുകയോ ചാറ്റ് ചെയ്യുകയോ ആണ്. അപ്പോള്‍ ഈ സാങ്കേതികവിദ്യയുടെ മുന്നേറ്റം മൂലം നഷ്ടമായത് നമ്മുടെ കൂട്ടായ്മയാണ്. ആള്‍ക്കാര്‍ പരസ്പരം അകന്നു. മദ്യപാനത്തിന്റെ ലെവല്‍ വളരെ കൂടി. ആത്മഹത്യകള്‍ കൂടി. കുടുംബബന്ധങ്ങളും അയല്‍വക്കബന്ധങ്ങളും തകര്‍ന്നു. ഈ തകര്‍ച്ചയാണ് കലാരൂപങ്ങളെ ബാധിച്ച ഒരു കാര്യം എന്നാണെനിക്കു തോന്നുന്നത്. നാട്ടിന്‍പുറങ്ങളില്‍ പോലും ഒറ്റപ്പെട്ട തുരുത്തുകള്‍ ആയി മാറിയിരിക്കുന്നു മലയാളികള്‍. നഗരങ്ങളിലെ കാര്യം പറയാനുമില്ല. വികാരങ്ങള്‍ ഷെയര്‍ ചെയ്യല്‍ കുറവാണ്. വേറൊരാളോട് മനസ്സ് തുറക്കല്‍ കുറവാണ്. കൂട്ടായ്മയില്‍ അധിഷ്ഠിതമായിരിക്കേണ്ട  രാഷ്ട്രീയത്തില്‍ പോലും ഇപ്പോള്‍ കൂട്ടായ്മ കുറഞ്ഞു വരുന്നു. ഇപ്പോള്‍ എല്ലാം ഈവന്റ് മാനെജ്മെന്റുകാരെ എല്പ്പിക്കുകയാണല്ലോ. കൊടി കുത്താനും പോസ്റര്‍ ഒട്ടിക്കാനും എല്ലാം അവര്‍ മതി. ഇങ്ങനെ ഒറ്റപ്പെട്ട തുരുത്തുകള്‍ കൊണ്ട് നിറയുന്ന ഇക്കാലത്ത് ഒരു പ്രദേശത്ത് നമുക്ക് എങ്ങനെയാണ് കലാനവീകരണം നടത്താന്‍ പറ്റുക ? അപ്പോള്‍ അതിനെപറ്റിയാണ് നമ്മള്‍ ആലോചിക്കേണ്ടത്. ജനമനസ്സാണ് മാറേണ്ടത്. ജനമനസ്സു മാറുമ്പോള്‍ സ്വാഭാവികമായി ഗവര്‍മെന്റ്  മാറിക്കോളും. മുകളില്‍ നിന്ന് താഴേക്കു വരുന്ന ഒരു സംഗതിയല്ല കലാനവീകരണം എന്ന് പറയുന്നത്. താഴെ നിന്ന് മേലോട്ട് പോകുന്നതാണ്. അപ്പോള്‍ നവീകരണം അടിപ്പടവില്‍ നിന്നു തന്നെ തുടങ്ങണം. ജനങ്ങളുടെ കൂട്ടായ്മയുടെ മുന്നേറ്റത്തിലൂടെ വേണം കലാരംഗം നവീകരിക്കാന്‍. കല എന്നു പറയുന്നത് എപ്പോഴും കൂട്ടായ്മയുടെ ഒരു പുഷ്പിക്കലാണ്, അതിന്റെ ഒരു വിടര്‍ച്ചയാണ്. അതല്ലാതെ ഒരു വ്യക്തിക്ക് മാത്രമോ സമ്പത്ത് കൊണ്ടോ ഒന്നും ഉണ്ടാക്കാന്‍ കഴിയുന്നതല്ല.

Comments

comments