രാത്രിയെത്തുന്ന അവസാന ഉപഭോക്താവ് 

ന്റെൽ മേഖലയിലെ ഓവയാന്യ പ്രവിശ്യയിലൂടെയാണ്‌ ഈ റോഡ് കടന്നുപോകുന്നത്. ഉച്ചതിരിഞ്ഞ് സെന്റ് ട്രോപ്പെയിൽ നിന്നും യാത്ര തിരിച്ച ഞങ്ങൾ, രാത്രിയേറെ വൈകിയും സഞ്ചരിച്ചു. വർഷം കൃത്യമായി എനിക്ക് ഓർത്തെടുക്കുവാൻ ആവുന്നില്ലെങ്കിലും, അതൊരു വേനല്ക്കാലമായിരുന്നു എന്നതിൽ സംശയമില്ല. വർഷാരംഭത്തിൽതന്നെ പരിചയപ്പെട്ടതാണയാളെ; ഒരു ഡാൻസ് പാർട്ടിയിൽ വച്ച്. അത് മറ്റൊരു കഥ; അതവിടെനില്ക്കട്ടെ. യാത്രയ്ക്കിടയിൽ, ഓറിലാക്ക് എന്ന സ്ഥലത്ത് നിർത്തി, രാത്രി അവിടെ തങ്ങാമെന്ന് അയാൾ എന്നെ നിർബന്ധിച്ചു.

എനിക്ക് ടെലിഗ്രാം കിട്ടാൻ വൈകിയിരുന്നു – പരീസിലേയ്ക്കയച്ച സന്ദേശം അവിടുന്ന് തിരിച്ചുവിട്ട് സെന്റ് ട്രോപ്പെയിലെത്തുവാൻ സമയമെടുത്തു. ശവസംസ്കാരം പിറ്റേദിവസം ഉച്ചയ്ക്കാണെന്നാണ്‌ അറിയിച്ചത്. അങ്ങിനെ, അന്ന് രാത്രി ഓറിലാക്കിലെ ഹോട്ടലിൽ ഞങ്ങൾ കിടക്ക പങ്കിട്ടു, ഇണചേർന്നു. അടുത്ത പകലും ഞങ്ങൾ ഇണചേർന്നു. എനിക്കുതോന്നുന്നു, ആ യാത്രയിലാണ്‌ എനിക്ക് ഇങ്ങിനെയൊരു ആസക്തി അയാളോട് തോന്നിയതെന്ന്. അതും, അയാൾ കാരണം. എന്തെന്നാൽ, എനിക്കനുഭവപ്പെട്ട അതേ ആസക്തി അയാളിലും ഉടലെടുത്തിരുന്നു. എന്നാൽ അതൊരു തോന്നൽ മാത്രമോ എന്നതിൽ എനിക്കുറപ്പില്ല. 022-marguerite-duras-theredlistഅവിടെ ആ ഭൂമിക നിറവേറ്റുവാൻ അയാൾ തന്നെ വേണമെന്നില്ലല്ലോ, അത് ആരുമാകാം; ആകസ്മികമായി വന്നുചേരുന്ന രാത്രിയിലെ അവസാനത്തെ ഉപഭോക്താവിനെപ്പോലെ. ആ രാത്രി ഞങ്ങൾ ഉറങ്ങിയിരുന്നില്ല, പുലർച്ചെ തന്നെ ഞങ്ങൾ അവിടെനിന്നും പുറപ്പെട്ടു. ഓരോ നൂറു മീറ്ററിലും വളവുകളുള്ള ഭീതിയുണർത്തുന്ന നീണ്ട യാത്രയായിരുന്നുവെങ്കിലും അതൊരു മനോഹരമായ അനുഭവമായിരുന്നു. ആ യാത്രയുടെ അനുഭവങ്ങൾ പോലെയൊന്ന് പിന്നീട് ഒരിക്കലും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടേയില്ല. അവിടം എനിക്കായി ഒരുക്കപ്പെട്ടതുപോലെ ആയിരുന്നു. ആ ഹോട്ടൽ മുറിയും, നദിക്കരയിലെ പൂഴിമണലും, ആ രാത്രിയുമെല്ലാം എനിക്കുള്ളതായിരുന്നു. ആ തയ്യാറെടുപ്പ് എന്റെ വീടിന്റെ ചുമരുകളിലും, ക്രൂരമായ പിന്‌തുടർച്ചകളിലും, എന്റെ പുരുഷനിലും, ഭീതിയിലും, കാടുകളിലും, വന്യതയിലൂടെയുള്ള സഞ്ചാരത്തിലും, തടാകത്തിലും ആകാശത്തുമൊക്കെ പ്രകടമായിരുന്നു. ഞങ്ങൾ നദിക്കരയിലൊരു മുറിയെടുത്തു. വീണ്ടും ഇണചേർന്നു. ഒടുവിൽ, ഞങ്ങൾക്ക് പരസ്പരം സംസാരിക്കുവാൻ വയ്യാത്ത അവസ്ഥയിലെത്തി. മദ്യപിച്ചു. അയാളെന്നെ നിർദ്ദാഷിണ്യം പ്രഹരിച്ചു. എന്റെ മുഖത്തും, ശരീരഭാഗങ്ങളിലുമെല്ലാം ക്രൂരമായി പ്രഹരമേല്പ്പിച്ചു. ആ സാമീപ്യം അന്യോന്യം ഭീതിയും ഞെട്ടലും ഉളവാക്കുന്ന ഒന്നായി മാറി.

ഒടുവിൽ അയാൾ ആ വലിയ ബംഗ്ലാവിന്റെ വളപ്പിലൂടെ ചുറ്റിവന്ന് എന്നെ എന്റെ വീട്ടുവരാന്തയിൽ ഉപേക്ഷിച്ച് കടന്നുപോയി. അവിടെ അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കുവാനെത്തിയവർ ഉണ്ടായിരുന്നു; ബംഗ്ലാവിന്റെ മേൽനോട്ടക്കാരനും, അമ്മ നിയമിച്ചിരുന്ന വീട്ടുകാര്യസ്ഥയും, എന്റെ ജ്യേഷ്ഠനുമുണ്ടായിരുന്നു. എന്റെ അമ്മയെ ശവമഞ്ചത്തിലേയ്ക്ക് എടുത്തുവച്ചിട്ടുണ്ടായിരുന്നില്ല. എല്ലാവരും എനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ അമ്മ. അവരുടെ തണുത്ത നെറ്റിയിൽ ഞാൻ ഉമ്മ വച്ചു. ജ്യേഷ്ഠൻ കരയുന്നുണ്ടായിരുന്നു. ഒസേനിലെ പള്ളിയിൽ ഞങ്ങൾ മൂന്നു പേർ മാത്രമാണുണ്ടായിരുന്നത്, ബംഗ്ലാവിലെ ജോലിക്കാർ പള്ളിയിലേയ്ക്ക് വന്നില്ല. അപ്പോൾ ഞാൻ ചിന്തിച്ചത് എനിക്കുവേണ്ടി നദിക്കരയിലെ ഹോട്ടലിൽ കാത്തിരിക്കുന്ന ആ മനുഷ്യനെക്കുറിച്ചാണ്‌. മരണപ്പെട്ട ആ സ്ത്രീയെക്കുറിച്ചോർത്ത് എനിക്ക് അല്പം പോലും വിഷാദം തോന്നിയില്ല, കരഞ്ഞുകൊണ്ടുനിന്ന അവരുടെ മകനോടും. അന്നുമാത്രമല്ല, ഇന്നുവരെയും, ഒരിക്കലും എനിക്കതിൽ ഒരു വികാരവും അനുഭവപ്പെട്ടിട്ടില്ല. ശവസംസ്കാരത്തിനുശേഷം വക്കീലുമായി ഒരു കൂടിക്കാഴ്ച്ചയുണ്ടായിരുന്നു. അമ്മയുടെ വില്പ്പത്രത്തിലെ സംഗതികളെല്ലാം ഞാൻ തർക്കങ്ങളില്ലാതെ അംഗീകരിച്ചു; അങ്ങിനെ ഞാൻ സ്വയം അവകാശഭ്രഷ്ടയായി.

ബംഗ്ലാവിന്റെ വളപ്പിൽ അയാൾ എനിക്കായി കാത്തുനില്പ്പുണ്ടായിരുന്നു. ഞങ്ങൾ ലുവാഹിനടുത്തുള്ള ഒരു ഹോട്ടലിൽ അന്തിയുറങ്ങി. ആ നദീതീരത്ത് കുറേ ദിവസങ്ങൾ ഞങ്ങൾ താമസിച്ചു. ഉച്ചതിരിയും വരെ മുറിയ്ക്കുള്ളിൽ അടച്ചിരിക്കും; മദ്യപിക്കും. ഞങ്ങൾ പുറത്തുപോയും മദ്യപിച്ചു. വീണ്ടും ഹോട്ടൽ മുറിയിൽ മടങ്ങി വരും. വീണ്ടും രാത്രി പുറത്തുപോകും. തുറന്നിരിക്കുന്ന കഫേകൾ അന്വേഷിച്ചുനടക്കും. ഭ്രാന്തൻ ദിവസങ്ങളായിരുന്നു അവ. ഞങ്ങൾക്ക് ആ നദിക്കരയിൽ നിന്നും വിട്ടുപോകാൻ തോന്നിയില്ല. ഞങ്ങൾ അന്ത:കരണങ്ങൾ പങ്കുവച്ചില്ല, ചിലനേരം വല്ലാതെ ഭയപ്പെട്ടു. ഞങ്ങൾ കൊടിയവിഷാദത്തിലമർന്നു. കരഞ്ഞു. എന്നാൽ ഒരു വാക്കുപോലും ഉച്ചരിച്ചില്ല. 20420അന്യോന്യം പ്രണയിക്കാത്തതിൽ ഞങ്ങൾ സഹതപിച്ചു. ഞങ്ങൾക്ക് ഒന്നും ഓർത്തെടുക്കുവാനായില്ല. അത് ഞങ്ങൾ പരസ്പരം പറയുകയുണ്ടായി. ഇനിയൊരിക്കലും ഇത് സംഭവിക്കില്ലെന്ന് ഞങ്ങൾക്കറിയാം, എങ്കിലും ഞങ്ങൾ ഒരു വിശദീകരണത്തിന്‌ മുതിർന്നില്ല, ഒരേ രീതിയിലുള്ള വിചിത്രമായൊരു ആസക്തിക്ക് അടിമപ്പെട്ട രണ്ട് വ്യക്തികളെന്ന വസ്തുത പോലും കണക്കിലെടുത്തില്ല. ആ വിഭ്രാന്തി ശൈത്യകാലമുടനീളം നിലനിന്നു. ശേഷം അതിന്റെ പ്രാധാന്യം കുറഞ്ഞുവന്നു – ഒരു നിസ്സാര പ്രേമബന്ധമായി അതു മാറി. അതിനുശേഷമാണ്‌ ഞാൻ ‘മോഡറേറ്റോ കന്റാബിലെ’ എന്ന എന്റെ നോവൽ എഴുതുന്നത്.

 

 

 

Comments

comments