കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി അസംബ്ലി ഇലക്ഷനിൽ ഒരു സീറ്റ് നേടിയിരിക്കുന്നു. വലിയൊരു കമ്മ്യൂണിസ്റ്റ് പാരമ്പര്യം നിലനിൽക്കുന്ന, ഇടത്-വലത് മുന്നണികൾക്ക് ശക്തമായ സാന്നിധ്യമുള്ള, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന മതേതര മൂല്യങ്ങൾ നിലനിൽക്കുന്ന ഈ കൊച്ച് സംസ്ഥാനത്ത് തീവ്രഹിന്ദുത്വമൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ഒരു പാർട്ടി അക്കൗണ്ട് തുറന്നപ്പോൾ എല്ലാവർക്കും അത്ഭുതവും അൽപം ആശങ്കയും ഉണ്ടായി എന്നതാണ് വാസ്തവം.
ജാത്യാടിസ്ഥാനത്തിലുള്ള ഉച്ചനീചത്ത്വങ്ങൾ ഇന്നും പ്രകടമായി നിലനിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി വലിയൊരു ശക്തിയായപ്പോഴും താരതമ്യേന ഒരു മതേതരമനസ്സ് കാത്തുസൂക്ഷിക്കുന്ന കേരളത്തിൽ അവർ ഒരു രാഷ്ട്രീയസാന്നിധ്യമാവില്ല എന്നാണ് ഇവിടുത്തെ ജനാധിപത്യ വിശ്വാസികൾ കരുതിയിരുന്നത്. ആ വിശ്വാസത്തിനേറ്റ ഒരു തിരിച്ചടിയായിരുന്നു കഷിഭേദമന്യേ എല്ലാവരും ‘രാജേട്ടൻ’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ശ്രീ. ഓ.രാജഗോപാലിന്റെ നേമത്തെ ഉജ്ജ്വലവിജയം. എന്നാൽ നമ്മൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒന്നു മനസ്സിലാവും. കേരളത്തിലെ മതേതര മനസ്സുകളെ ഈ വിജയം ആശങ്കപ്പെടുത്തിയെങ്കിലും പ്രതീക്ഷിച്ച പോലെ ബിജെപിയെ അതത്ര ത്രസിപ്പിച്ചില്ല.
ശ്രീ വി.ശിവങ്കുട്ടി ആറായിരത്തിലധികം വോട്ടിന് 2011ൽ ജയിച്ച നേമത്ത് അതേ സ്ഥാനർത്ഥിയെ എണ്ണായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇക്കുറി ശ്രീ രാജഗോപാൽ തോത്പിച്ചത്. ഈ വിജയത്തിന് പ്രധാനമായി രണ്ട് കാരണങ്ങളാണ് പൊതുവെ ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, ശ്രീ രാജഗോപാലിന്റെ വ്യക്തിപ്രഭാവം, രണ്ട്, ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉണ്ടായ നിർഭാഗ്യകരമായ സംഭവവുമായി ബന്ധപ്പെട്ട് ശ്രീ ശിവങ്കുട്ടിയ്ക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ. ഇവ രണ്ടും ഏതൊരു തിരഞ്ഞെടുപ്പിലും സ്വാഭാവികമായി ഉണ്ടാകാവുന്ന സ്വാധീനഘടകങ്ങൾ ആണെങ്കിലും മൂന്നാമതൊരു ഘടകമാണ് ഏറ്റവും ഗൗരവമേറിയ വിഷയം; കേരളത്തിന്റെ മാറിവരുന്ന മൃദുഹിന്ദുത്വ മനസ്സ്. ഇത്രയും കാലം ‘നിഷ്പക്ഷ വോട്ട് ബാങ്കെന്ന്’ ഓമനപ്പേരിട്ട് വിളിയ്ക്കുകയും വിജയിയെ നിശ്ചയിക്കാൻ ശേഷിയുള്ളതെന്ന് കരുതിപോന്നിരുന്നതുമായ ഇക്കൂട്ടരിൽ വലിയൊരു വിഭാഗം മൃദുഹിന്ദുത്വമനസ്സ് കാത്തുസൂക്ഷിക്കുന്നവരാണ് എന്നതാണ് വാസ്തവം. ഇത്രയും കാലം വിജയിക്കാൻ ശേഷിയുള്ളവരല്ല ബിജെപി എന്ന തോന്നലുകൊണ്ട് ഇവർ രണ്ടു കഷികൾക്കും മാറി മാറി വോട്ട് ചെയ്തു പോന്നു. പക്ഷെ ബിജെപി രാജ്യത്ത് ഒരു വലിയ ശക്തിയാവുകയും കേരളത്തിലും ഒരു ശക്തിയാവാൻ കെല്പുണ്ട് എന്ന തിരിച്ചറിയുകയും ചെയ്തപ്പോൾ ഇവരുടെ തീരുമാനങ്ങളിലും മാറ്റം സംഭവിച്ചു തുടങ്ങി. ഈ ഒഴുക്ക് ഇനി കൂടാനേ സാധ്യതയുള്ളൂ. അതിന് തടയിടുക എന്നതാണ് ഇവിടുത്തെ ഇടതുപക്ഷം പോലുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ കർത്തവ്യം.
ശ്രീ രാജഗോപാൽ വിജയിച്ചെങ്കിലും ആ വിജയം എന്തുകൊണ്ട് ബിജെപിയെ ആവേശം കൊള്ളിക്കുന്നില്ല എന്ന് നമ്മൾ പരിശോധിക്കുമ്പോഴേ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ യഥാർത്ഥലക്ഷ്യം നമ്മൾ തിരിച്ചറിയുകയുള്ളൂ.
മൃദുഹിന്ദുത്വമനസ്സുകളുടെ ഔദാര്യം കൊണ്ട് കെട്ടിപെടുത്തതല്ല ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം, മറിച്ച് അത് തീവ്ര ഹിന്ദുത്വനിലപാടുകൾ കൊണ്ടും സംഭവപരമ്പരകൾ കൊണ്ടുമാണ്.
അങ്ങനെ സൃഷ്ടിച്ചെടുക്കുന്ന ഒരു സമൂഹത്തിലേ ബിജെപിക്ക് വേരോടാൻ കഴിയുകയുള്ളൂ. അത് അന്യമതവിദ്വേഷത്തിലൂടേയും അപരനിർമ്മിതിയിലൂടേയും കപടപാരമ്പര്യ-സദാചാര-ദേശസ്നേഹ നിർമ്മിതികളിലൂടേയുമാണ്. അങ്ങനെ തന്റെ പാരമ്പര്യ സ്വത്വബോധത്തിൽ അഭിരമിക്കുന്ന, ഒരു പുരോഗമനാശയങ്ങളേയും ഉൾക്കൊള്ളാൻ കെൽപ്പില്ലാത്ത വിധം ചിന്താശേഷി നഷ്ടപ്പെട്ട ഒരു മതാത്മകസമൂഹമാണ് തീവ്രഹിന്ദുത്വത്തിന് വളക്കൂറുള്ള മണ്ണ്. അങ്ങനെയൊരു തീവ്രഹിന്ദുത്വയുടെ വിജയമല്ല ശ്രീ രാജഗോപാലിന്റെ വിജയം എന്ന തിരിച്ചറിവാണ് ബിജെപിയെ അതിരു കടന്ന വിജയാഘോഷത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. രാഷ്ട്രീയപാർട്ടികൾക്കുപരി സ്വീകാര്യനായ ഓ.രാജഗോപാലിനെ പോലെയൊരു നേതാവല്ല ബിജെപിക്ക് യഥാർത്ഥത്തിൽ ആവശ്യം, പകരം മനുഷ്യരുടെ ഉള്ളിലുള്ള മത-ജാതി സ്വത്വബോധത്തെ തീപിടിപ്പിക്കാൻ കെൽപ്പുള്ള, തീവ്രഹിന്ദുത്വ നിലപാടുകളുടെ ആവേശത്തിൽ ഹിന്ദു സമൂഹത്തെ മറ്റെല്ലാ പരിഗണനകളും മറന്ന് പോളിംഗ് ബൂത്തിലേക്കെത്തിക്കാൻ കെൽപുള്ള ഒരു നേതാവിനെയാണ്. അങ്ങനെയുള്ള ഒരു കേരള സമൂഹത്തെയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. അത് സൃഷ്ടിക്കുക എന്നതായിരിക്കും ബിജെപിയുടെ യഥാർത്ഥ ലക്ഷ്യവും. അങ്ങനെയൊരു അചഞ്ചലമായ വോട്ട് ബാങ്കിന്റെ സഹായത്തോടെ സ്ഥാനാർത്ഥികൾ ജയിക്കുമ്പോഴേ ബിജെപി ആഘോഷിക്കുകയുള്ളൂ. അതിനുള്ള പ്രവർത്തനങ്ങളാണ് വിവിധ പരിവാർ സംഘടനകളിലൂടെ ഇവിടെ നടപ്പിൽ വരുത്താൻ അവർ ശ്രമിക്കുന്നതും. അതിനെ തടയുക എന്നതാണ് പുരോഗമനാശയങ്ങളിൽ വിശ്വസിക്കുന്ന, മതേതരത്വത്തിൽ വിശ്വസിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളുടേയും കടമ.

Comments

comments