ഞാൻ വളർന്നത് കിഴക്കനാഫ്രിക്കയിലും ദക്ഷിണാഫ്രിക്കയിലുമാണു – പുതിയ രാജ്യങ്ങൾ ജനിച്ചുകൊണ്ടിരുന്ന സമയത്ത്. 60-കൾ മുതൽ 70-കളും 80-കളും വരെ, അതിന്റെ പോരാട്ടത്തെപ്പറ്റിയുള്ള പ്രണയത്തിന്റെയും ദുരന്തത്തിന്റെയും ഓർമ്മകളുമായി തെക്കനാഫ്രിക്ക മുഴുവൻ അക്രമങ്ങളും  കലാപങ്ങളും പടർന്ന കാലത്ത്. സാൻസിബാറുമായി ലയിച്ച് ടാൻസാനിയ ആയ ടാങ്കനിക്കയും കെനിയ, സാംബിയ മുതലായ രാജ്യങ്ങളും അറുപതുകളിൽ സ്വാതത്ര്യം നേടി. എഴുപതുകളിൽ മൊസാംബിക്കിനൊപ്പം അംഗോളയും എൺപതിൽ സിംബാബ്വേയും സ്വാതന്ത്ര്യത്തിലേക്ക് ചുവടുവച്ചു.

1990-ൽ നമീബിയ സ്വതന്ത്രരാജ്യമായി. ഒടുവിൽ 1994-ൽ ദക്ഷിണാഫ്രിക്ക ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിനെ അധികാരത്തിലേക്ക് തെരഞ്ഞെടുത്തു! നേതാവായ നെൽസൺ മണ്ടേല ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ പ്രസിഡന്റായി! അതെത്രവട്ടം പറഞ്ഞാലും എനിക്ക് മതിയാവില്ല!!!

1980-കളിൽ ഒരു പ്രവാസിയുടെ സുഖസൗകര്യങ്ങളോടെയും കഷ്ടപ്പാടുകളോടെയും ഞാൻ സിംബാബ്വേയിൽ താമസിച്ചുകൊണ്ടിരുന്ന കാലത്ത് തൊലിയുടെ നിറത്തിന്റെ പേരിലും വർണ്ണവിവേചനത്തോട് പോരടിച്ചിരുന്നതിനാലും വോട്ട് ചെയ്യാനുള്ള അവകാശവും മറ്റ് ജന്മാവകാശങ്ങളും നിഷേധിക്കപ്പെട്ടും ഭീകരമായ അക്രങ്ങളിൽ നിന്നും പലപ്പോഴും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടും,  സ്വന്തം രാജ്യത്ത് പ്രവാസികളായി കഴിഞ്ഞിരുന്ന വളരെയേറെപ്പേർ എനിക്കു ചുറ്റുമുണ്ടായിരുന്നു. തീർച്ചയായും അവരിൽ പലരും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സായുധവിഭാഗമായ ‘ഉംഖോണ്ടോ വി സിസ്വെ’ (Umkhonto we Sizwe) അഥവാ ‘രാജ്യത്തിന്റെ കുന്തമുന’ എന്ന  സംഘടനയുടെ കേഡറുകളായിരുന്നു.

ഒരു ലക്ഷ്യത്തിനായി ജീവിതം ഹോമിച്ചവരും ഹോമിച്ചുകൊണ്ടിരുന്നവരുമായിരുന്നു അവർ. “നീണ്ട കാലങ്ങളായി അടിച്ചമർത്തപ്പെട്ട ഒരു ദേശത്തിന്റെ ആത്മാവ് അതിന്റെ ശബ്ദം കണ്ടെത്തുന്ന” ദിവസം സ്വന്തം കണ്ണാൽ കാണാൻ അവരിൽ ആയിരക്കണക്കിനു പേർക്കും സാധിച്ചില്ല.

ഞാനൊരിക്കലും പോയിട്ടില്ലാത്ത ദക്ഷിണാഫ്രിക്ക എന്ന രാജ്യത്തിന്റെ പോരാട്ടമാണു എന്താണു സത്യത്തിൽ ഞാൻ ജീവിച്ചുപോന്ന ആഫ്രിക്കയുടെ യാഥാർത്ഥ്യം എന്നതിലേക്ക് എന്നെ ഉണർത്തിയ കാഹളനാദം.

നിരവധി നൂറ്റാണ്ടുകൾ തുടർന്ന അധിനിവേശത്തിന്റെ അതിക്രൂരമായ കൊള്ളയും കൊള്ളിവയ്പ്പുമാണു 200 ദശലക്ഷത്തിൽപ്പരം ദക്ഷിണാഫ്രിക്കക്കാർ മുപ്പതോളം വർഷം കൊണ്ട് കുടഞ്ഞെറിഞ്ഞുകളഞ്ഞത്. അതിന്റെ പതിവ് അവഗണനകൊണ്ടും മുൻവിധികൾകൊണ്ടും യൂറോപ്പ് കേന്ദ്രീകൃതമായ നിരക്ഷരതകൊണ്ടും മുഖ്യധാര ലോകചരിത്രം മറന്നു കളഞ്ഞതും മായ്ച്ചുകളയാൻ ശ്രമിക്കുന്നതുമായ ഒരു ചരിത്രഘട്ടമാണത്.

ആഫ്രിക്കൻ ചരിത്രത്തെ ഈവിധം ഇല്ലായ്മ ചെയ്യുന്നതിനു ‘സ്വതന്ത്രവും പക്ഷാപാതരഹിതവുമായ പത്രപ്രവർത്തനം’ വഴി നാലാം തൂണുകളായ മാധ്യമങ്ങളും നിർലോഭം പിന്തുണ നൽകിപ്പോരുന്നു. ആഫ്രിക്കൻ ജനതയെയും അതിന്റെ സംസ്കാരത്തെയും മനുഷ്യവിരുദ്ധമെന്ന മട്ടിൽ ചിത്രീകരിക്കുന്ന, കോർപ്പറേറ്റ് വഞ്ചനയുടെ നാവുകളായാണു മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്.

സംഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുക, അനുഭവജ്ഞാനം ഉൾക്കൊള്ളുക, എന്ന് യുക്തി എന്നും ചരിത്രത്തെ ഉപദേശിക്കാറുണ്ട്. അങ്ങനെയാണു കാലം നേർവഴിക്ക് നടന്ന് ശീലിക്കുന്നത്. സത്യത്തെ തമസ്കരിക്കുന്നവരും വളച്ചൊടിക്കുന്നവരും തിരിച്ചറിയാതിരിക്കുന്നവരും ഒരുപാടായിരിക്കുമ്പോഴും യുക്തികൊണ്ടും അനുഭവജ്ഞാനം കൊണ്ടും ഉറക്കെവിളിച്ചുപറഞ്ഞും പാട്ട് പാടിയും നൃത്തം വെച്ചും അലറിവിളിച്ചും എഴുതിയും സത്യത്തെ അതിനെ പൂർണ്ണമായ കരുത്തിലേക്ക് പ്രതിഷ്ഠിക്കുന്ന ചില നാവുകളും ഉണ്ടായിരുന്നു എന്നത് നമ്മുടെ ഭാഗ്യമാണു. അത്തരക്കാരിൽ നിന്നുമാണു ഞാനെന്റെ രാഷ്ട്രീയം പഠിച്ചെടുത്തത്. അത് മറ്റൊരു ഘട്ടത്തിൽ വിശദീകരിക്കാനുള്ളതാണു. അഫ്രിക്കയിൽ കഴിഞ്ഞിരുന്ന എന്നെ സംബന്ധിച്ച് ഇന്നുവരേയ്ക്കും എന്നെ പൊള്ളിക്കുന്ന ഒരു തീവ്രതയോടെയാണു മറ്റൊരു ലോകത്തിന്റെ പിറവിയുടെയും കാഴ്ചയുടെയും അനുഭവം അക്കാലം എനിക്ക് നൽകിയത്.

ദേശത്തിനു ഉപദ്രവമുണ്ടാക്കുന്നവരിൽ നിന്ന് ജനത്തെ സംരക്ഷിക്കുന്നയാൾ എന്ന ഒരു പദവി ഉള്ളത് സന്തോഷകരമാണു. 2014 മാർച്ച് 20-നു സൗത്ത് ആഫ്രിക്കൻ പബ്ലിക്ക് പ്രൊട്ടക്റ്ററായ തുലി മഡോൺസെല (Thuli Madonsela) ഒരു കാര്യം കണ്ടെത്തി – ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായ ജേക്കബ് സുമ അധാർമ്മികമായ പ്രവർത്തികളിൽ ഏർപ്പെടുന്നു!

Openbare beskermer (OB)

പ്രസിഡന്റിന്റെ സ്വകാര്യ വസതിയായ ‘Nkandla’-യുടെ ആവശ്യങ്ങൾക്കായി പൊതുഖജനാവിൽ നിന്നും ചിലവഴിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഈ വെളിപ്പെടുത്തൽ. പ്രസിഡന്റിന്റെ പ്രവൃത്തി “രാജ്യത്തിന്റെ വിഭവങ്ങൾ സംരക്ഷിക്കുന്നതിലുണ്ടായ പരാജയമാണെന്നതിനാൽ ഭരണപരമായ ധാർമ്മികതയുടെ ലംഘനവും അതിനാൽത്തന്നെ കാബിനറ്റ് അംഗമെന്ന നിലയിലുള്ള കർത്തവ്യലംഘനവു”മാണെന്ന് മഡോൺസെല വിശദീകരിച്ചു.

“അവയിൽ ചിലത് കൃത്യമായും നിയമവിരുദ്ധമെന്നും കുറ്റകരമെന്നും ഭരണവൈകല്യമെന്നും  വിവക്ഷിക്കാവുന്നതാണെന്നും” റിപ്പോർട്ട് തുടർന്നു

അതിനിശിതമായ ഇനിയുമേറെ റിപ്പോർട്ടിലുണ്ടായിരുന്നു. പാർലമെന്റിൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ പ്രസിഡന്റിനു പതിന്നാലു ദിവസം സാവകാശം അനുവദിച്ചു.

2011 നവംബറിൽ “ദ മെയിൽ ആൻഡ് ഗാർഡിയൻ” എന്ന പത്രത്തിൽ പ്രസിഡന്റിന്റെ സ്വകാര്യ വസതി മോടി പിടിപ്പിക്കുന്നതിനായി പണം ധൂർത്തടിക്കുന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ട് വന്നതോടെയാണു ഇത് സംബന്ധിച്ച വിവരങ്ങൾ പൊതുജനശ്രദ്ധയിൽ വന്നത്. 12.3 കോടി രൂപ നിശ്ചയിച്ചിരുന്ന ബജറ്റ് 123 കോടിക്കും മുകളിലേക്ക് പോയിരുന്നു!

സ്വജനപക്ഷപാതിത്വത്തിന്റെയും രാഷ്ട്രീയ-മുതലാളിത്ത ചങ്ങാത്തത്തിന്റെയും അഴിമതിയിലേക്ക് വെളിച്ചം വീശിയ ഒരു റിപ്പോർട്ടായിരുന്നു അത്. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് സംഭവം ഒതുക്കിത്തീർക്കാൻ ANC ശ്രമിച്ചെങ്കിലും പ്രതിപക്ഷവും സിവിൽ സംഘടനകളും മാധ്യമങ്ങളും അത് അനുവദിക്കുമായിരുന്നില്ല.

തന്റെ സ്വന്തം പണമാണു നിർമ്മാണപ്രവർത്തനങ്ങൾക്കായി ചിലവിട്ടത് എന്നാണു 2011 നവംബറിൽ സുമ പാർലമെന്റിൽ പറഞ്ഞത്. പ്രതിപക്ഷം വിഷയം പൊതുസംരക്ഷയായ (പബ്ലിക് പ്രൊട്ടക്റ്റർ) തുലി മഡോൺസെല സമക്ഷം എത്തിക്കുകയും അവർ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ANC സകല ആരോപണങ്ങളും നിഷേധിച്ചതോടൊപ്പം മഡോൺസെലയ്ക്കെതിരെ അധിക്ഷേപങ്ങളും ഭീഷണികളും വാരിച്ചൊരിയുകയും ചെയ്തു. ഇതെല്ലാമായിട്ടും ധീരയായി ഉറച്ചുനിന്ന ശ്രീമതി മഡോൺസെല 2014 മാർച്ചിൽ തന്റെ റിപ്പോർട്ട് സമർപ്പിക്കുകയും അത് പരിഗണിക്കും എന്ന ഉറപ്പ് പാർലമെന്റിൽ നിന്നും പ്രസിഡന്റിൽ നിന്നും നേടിയെടുക്കുകയും ചെയ്തു.

2014 ആഗസ്റ്റിൽ വീണ്ടും ആരോപണങ്ങളെല്ലാം നിഷേധിച്ച സുമ പൊതുഖജനാവിനു എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് താൻ തിരിച്ചടയ്ക്കുമെന്നും പ്രഖ്യാപിച്ചു.

പ്രതിപക്ഷവും പബ്ലിക് പ്രൊട്ടക്റ്ററും വിഷയം 2015 സെപ്റ്റംബറിൽ  ഭരണഘടനാകോടതി മുന്നാലെ എത്തിച്ചു. കഥ അവിടം കൊണ്ട് തീരുന്നില്ല.

ഇതെല്ലാം സംഭിക്കുമ്പോൾ ദക്ഷിണാഫ്രിക്കയിൽ അസമത്വവും ദാരിദ്ര്യവും അഭൂതപൂർവ്വമായ രീതിയിൽ കുതിക്കുകയായിരുന്നു. മരിക്കാനയിൽ സമരത്തിലേർപ്പെട്ട ഖനിത്തൊഴിലാളികൾ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ഫീസ് വർദ്ധന പിൻവലിക്കണമെന്ന ആവശ്യമുയർത്തി സമരം ചെയ്ത വിദ്യാർഥികൾ അതിൽ വിജയിക്കുകയും വിദ്യാഭ്യാസബജറ്റിന്റെ കാര്യത്തിൽ വേണ്ട ശ്രദ്ധ കൈക്കൊള്ളുമെന്ന ഉറപ്പ് പ്രസിഡന്റിൽ നിന്ന് നേടിയെടുക്കുകയും ചെയ്തു.

രാജ്യം  തിളച്ചുമറിഞ്ഞുകൊണ്ടിരുന്ന ഇത്തരത്തിലൊരു സാഹചര്യത്തിലാണു സുമയും സർക്കാരും ഭരണയന്ത്രം നിയന്ത്രിച്ചിരുന്ന അവരുടെ കോർപ്പറേട് സുഹൃത്തുക്കളുമെല്ലാം അടങ്ങിയ മറ്റൊരു അഴിമതിക്കഥ പുറത്തുവരുന്നത്!

ആദ്യമാദ്യം അടക്കംപറച്ചിലുകൾ മാത്രമായിരുന്ന അവ പിന്നീട് കിംവദന്തിയായി പടരുകയും പിന്നീട് രാജ്യത്തെ കീഴ്പ്പെടുത്തിക്കളഞ്ഞ ഒരു സംഭവമെന്ന രീതിയിൽ പാർലമെന്റിൽ വലിയ ശബ്ദകോലാഹലങ്ങൾ സൃഷ്ടിക്കുന്നതുവരെയെത്തി. രാജ്യത്തിനുമേൽ പ്രസിഡന്റിനുള്ള അധികാരത്തിനും മുകളിലായി സകലതിലും സ്വാധീനവും നിയന്ത്രണവുമുള്ള ചങ്ങാതികളായ വ്യക്തികളും സ്വകാര്യ കോർപ്പറേഷനുകളും ചേർന്ന് രാജ്യത്തെയും അതിന്റെ വിഭവങ്ങളെയും കൈക്കലാക്കിയ മട്ടിലായിരുന്നു കാര്യങ്ങൾ.

അതുമായി ബന്ധപ്പെട്ട് ഒരു ബിസിനസ് കുടുംബത്തിന്റെ പേരു ഉയർന്നു വന്നുകൊണ്ടേയിരുന്നു – ഗുപ്ത കുടുംബം!

ഗുപ്ത കുടുംബത്തിന്റെ കഥ അല്പം ചുരുക്കി പറയാം. 1993-ൽ ഉത്തർ പ്രദേശിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ ഗുപ്ത സഹോദരങ്ങളായ  അജയ്, അതുൽ, രാജേഷ് ‘ടോണി’ എന്നിവരും അതുൽ ഗുപ്തയുടെ അനന്തരവനായ വരുൺ ഗുപ്തയും ചേർന്ന് സഹാറാ കമ്പ്യൂട്ടേഴ്സ് സ്ഥാപിച്ചു. ഒരു കോർപ്പറേറ്റ് സാമ്രാജ്യമായി വളർന്ന ഗുപ്ത കുടുംബത്തിനു ഇന്ന് സ്വന്തമായി പത്രങ്ങളും ടിവി ചാനലുമുണ്ട്.

സുമയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും രാഷ്ട്രീയസഖ്യകക്ഷികൾക്കും ഉദ്യോഗങ്ങളും അവസരങ്ങളും മറ്റും നൽകി സ്വാധീനിച്ച് പ്രസിഡന്റിന്റെ ഉറ്റതോഴരായി ഗുപ്ത കുടുംബം മാറി എന്നതാണു ഒച്ചപ്പാടുകളുടെ അടിസ്ഥാനം. അവരുടെ യുറേനിയം കമ്പനിയായ ‘ശിവ യുറേനിയ’ത്തിന്റെ ഡയറക്ടറായി സുമയുടെ മകനെ അവരോധിച്ചതാണു അതിലേറ്റവും പ്രധാനം.

ആ പേരു അറിഞ്ഞുകൊണ്ടിട്ടതാണോ ആവോ! ലോസ് അലാമോസിൽ ആദ്യമായി അണുബോംബ് പരീക്ഷിക്കവെ ദൃശ്യമായ മാഹാഭയാനകതയെ വിഷ്ണുവിനോടാണു ഓപ്പൻഹൈമർ ഉപമിച്ചത്. ഇവിടെയിതാ അതിനുപകരം ജഗൽശക്തിയുടെ ഉഗ്രരൂപമായ ശിവന്റെ നാമം!

2015 ഡിസംബറിൽ ജേക്കബ് സുമ ധനകാര്യമന്ത്രിയായിരുന്ന ൻലാൻലാ നെനെയെ (Nhlanhla Nene) തൽസ്ഥാനത്തുനിന്നും നീക്കിയിരുന്നു. ഇത് ഗുപ്ത കുടുംബത്തിന്റെ നിർദ്ദേശപ്രകാരമാണെന്നാണു ആരോപണം. Nhlanhla+Neneപലർക്കും അറിയാവുന്നതുപോലെ ദക്ഷിണാഫ്രിക്കയുടെ ഊർജ്ജാവശ്യങ്ങൾക്കായി 8 പുതിയ ആണവോർജ്ജപ്ലാന്റുകൾ നിർമ്മിക്കുന്നതിനാവശ്യമായ സാമഗ്രികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകുവാനുള്ള അനുമതി റഷ്യൻ സർക്കാരിന്റെ ആണവോർജ്ജ ഏജൻസിയായ റൊസാറ്റമിനു നൽകുന്നതിൽ അദ്ദേഹത്തിനുള്ള വിമുഖതയാണു ഇതിനു കാരണം. സർക്കാരിന്റെ സ്വന്തം ഉടമസ്ഥതയിലുള്ള ESKOM-നു വിതരണത്തിനു ആവശ്യമായത്ര ഊർജ്ജം  നൽകുവാനുദ്ദേശിച്ചുള്ള പദ്ധതിയായിരുന്നു ഇത്.

8 റിയാക്ടറുകളും നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞാൽ അവ പ്രവർത്തിക്കാനുള്ള യുറേനിയം ESKOM-നു നൽകുക ഗുപ്ത കുടുംബത്തിന്റെ ‘ശിവ യുറേനിയം’ ആയിരിക്കുമെന്നത് എടുത്തുപറയേണ്ടതില്ലല്ലൊ.

ഗുപ്ത കുടുംബത്തിനു അനുകൂലമായി കരാറുകളും രാജ്യത്തിന്റെ വിഭവങ്ങളും ഒരുക്കിക്കൊടുക്കുവാനായി ജൂനിയറായ പാർലമെന്റ് അംഗങ്ങൾക്ക് പോലും  മന്ത്രിസ്ഥാനങ്ങൾ ലഭ്യമാക്കി എന്നതും നിഷേധിക്കാനാകാത്ത സത്യങ്ങളാണു. അങ്ങനെയാണു ‘രാജ്യത്തെ കീഴ്പ്പെടുത്തി’ എന്ന മട്ടിലുള്ള ആരോപണം പ്രസിഡന്റിനും കുടുംബത്തിനും അവരുടെ സുഹൃത്തുക്കൾക്കും നേരെ ഉയരുന്നത്.

ഞാനിതെഴുതുന്ന വേളയിലും മുഖം രക്ഷിക്കാനും അടുത്ത് നടക്കാനിരിക്കുന്ന പ്രാദേശിക ത്തെരഞ്ഞെടുപ്പിനെ അതിജീവിക്കാനുമുള്ള തത്രപ്പാടിലാണു ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്.

സുമ – ഗുപ്ത കഥയ്ക്ക് ഒരു പേരു വീണിട്ടുണ്ട് – സുപ്താഗേറ്റ് !

[button color=”red” size=”” type=”outlined” target=”” link=””]സുപ്താഗേറ്റ്[/button]

കാര്യക്ഷമത  കാട്ടിയിരുന്ന ഒരു ധനകാര്യമന്ത്രിയെ നീക്കി പകരം ഗുപ്ത കുടുംബത്തിന്റെ നിർദ്ദേശപ്രകാരം സുമയുടെ ഒരു പിണിയാളെ  ‘സുപ്തകൾ’ക്കു വേണ്ടി ആ പദവിയിലിരുത്തിയത് സംഭവം ആകെ വഷളാക്കി.

നേതൃത്വത്തിലുള്ള ആരും പരസ്യമായി സമ്മതിച്ചേക്കില്ലെങ്കിലും കാബിനറ്റിനോട് കാട്ടിയ ഈ തീവ്രമായ അവഗണനയും അത് നിയോലിബറൽ സാമ്പത്തികവ്യവസ്ഥയ്ക്കുണ്ടാക്കിയ അനന്തരഫലങ്ങളും സുമയുടെ കാബിനറ്റിലെയും  ANC ദേശീയ എക്സിക്യൂട്ടിവിലെയും അംഗങ്ങളെ വരെ ഞെട്ടിച്ചിട്ടുണ്ട് – ജനങ്ങളുടെ കാര്യം പറയണോ!

കേവലം 48 മണിക്കൂറിൽ ജോഹന്നാസ്ബർഗ് സ്റ്റോക്ക് എക്സ്ചേഞ്ചിലെ പല ഷെയറുകളും നിലംപൊത്തി. ദക്ഷിണാഫ്രിക്കയുടെ ഡെബിറ്റ് സെർവീസിംഗ് (കമ്പോളത്തിൽ നിന്ന് കടമെടുക്കുന്ന തുകയ്ക്ക് സർക്കാർ നൽകുന്ന പലിശ) 33 ശതമാനം ഉയർന്നു.

നാലു ദിവസത്തിനകം പ്രസിഡന്റിനു തന്റെ തീരുമാനം തിരുത്തേണ്ടി വന്നു. പകരം അന്താരാഷ്ട്ര കമ്പോളം ചങ്ങാതിയായി കരുതുന്ന ഒരു പഴയ ധനകാര്യ മന്ത്രിയെ, പവിൻ ഗോർധാനെ, ചുമതലയേൽപ്പിച്ചു.

ഗുപ്തകൾക്കെതിരെ പൊതുജനരോഷം ഉയരാൻ താമസമുണ്ടായില്ല. മുൻപ് പറഞ്ഞതുപോലെ തങ്ങളുടെ പണവും സ്വാധീനവും ഉപയോഗിച്ച് മന്ത്രിസ്ഥാനങ്ങൾക്ക് വരെ ഗുപ്തകൾ ഉപജാപം ചെയ്തിരുന്നു. ഇതെല്ലാം തന്നെ പ്രസിഡന്റിന്റെ പുർണ്ണമായ അറിവോടെയും അനുഗ്രഹാശിസ്സുകളോടെയും കൂടിയായിരുന്നു എന്നതാണു പ്രധാനം.

ദക്ഷിണാഫ്രിക്കയുടെ പോലെ ഒരു ചരിത്രമുള്ള രാജ്യത്ത് ഇതിന്റെയെല്ലാം അധാർമ്മികതയ്ക്കുമപ്പുറം ഇവയെല്ലാം എങ്ങനെ സ്വീകരിക്കപ്പെടും എന്ന് കരുതിയാണു ഇതെല്ലാം ചെയ്തുകൂട്ടിയത് എന്നതാണു അത്ഭുതകരം.

“ഒരു തരത്തിലുള്ള ബോധവുമില്ലാതെ പെരുമാറിയതിനാലും ബോളിവുഡ് സിനിമയിലെ കഥാപാത്രങ്ങളെ രൂപത്തിലും സ്വഭാവത്തിലും പുനർനിർമ്മിക്കാൻ ശ്രമിച്ചതിനാലുമാണു ഗുപ്തകൾ ഒരു ഹാഷ് ടാഗായി മാറുന്നത്. പണക്കാരായ ഇന്ത്യൻ വിഴുപ്പുകളെക്കാൾ വെള്ളക്കാരോ കറുത്തവരോ ആയ വിഴുപ്പുകളെയാണു തങ്ങൾക്ക് ഇഷ്ടം എന്ന മട്ടിലൊരു വംശീയസമവാക്യം ദക്ഷിണാഫ്രിക്കയിലുണ്ടോ ആവോ.. തീർച്ചയായും ഉണ്ടാവണം.” എന്നാണു റിച്ചാർഡ് പൊളാക് എന്ന ദക്ഷിണാഫ്രിക്കൻ പത്രപ്രവർത്തകൻ കുറിച്ചത്.

അതേസമയം തന്റെ സ്വകാര്യവസതിയുടെ ആവശ്യത്തിനായി ചെലവഴിച്ച പൊതുപണം തിരിച്ചടയ്ക്കാമെന്ന് 2016 ഫെബ്രുവരിയിൽ സുമ വീണ്ടും സമ്മതിച്ചു! തൊട്ടടുത്ത മാസം സുമ നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയ ഭരണഘടനാകോടതി ധൂർത്തടിച്ച പണം സുമ പൊതുഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നും ഉത്തരവിട്ടു.

ഏപ്രിലിൽ സുമ കോടതി ഉത്തരവ് അംഗീകരിക്കുകയും  പാർലമെന്റ് മുൻപാകെ കുറ്റസമ്മതം നടത്തുകയും സംഭവത്തിൽ മാപ്പപേക്ഷിക്കുകയും ചെയ്തു. രാജ്യത്തെ കബളിപ്പിച്ചത് മനഃപൂർവ്വമല്ലെന്നും തെറ്റായ നിയമോപദേശമാണു വിനയായതെന്നും സുമ അതോടൊപ്പം പറഞ്ഞുകളഞ്ഞു!

സംഭവം വഷളായതിനെത്തുടർന്ന് ഗുപ്തകൾക്കും സുമയുടെ മകനും ഡയറക്ടർ പദവികൾ രാജിവയ്ക്കേണ്ടി വന്നു. എങ്കിലും ആ കമ്പനികളിലെ ഭൂരിപക്ഷം ഓഹരികളും ഇപ്പോഴും അവരുടെ ഉടമസ്ഥതയിൽ തന്നെയാണുള്ളത്. ലോകപ്രശസ്ത ഓഡിറ്റർമാരായ KPMG മുതൽ നികുതിവെട്ടിപ്പിനു സഹായിക്കുന്ന വൻ സാമ്പത്തികൗപദേശക സ്ഥാപനങ്ങളും വൻകിട ബാങ്കുകളുമടക്കം ഗുപ്ത കോർപ്പറേട് സാമ്രാജ്യവുമായി സഹകരിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ വിമുഖത പ്രകടിപ്പിച്ചുകഴിഞ്ഞു.

അപ്പോൾ എന്താണു സംഭവിച്ചത്? എങ്ങനെയാണു മഴവിൽ രാജ്യത്തിന്റെ സ്വപ്നങ്ങളും അതിന്റെ മഹത്തായ സ്വാതന്ത്ര്യപ്പോരാട്ടത്തിലെ ആദരണീയരായ നേതാക്കളുടെ ത്യാഗവുമെല്ലാം ഈ സ്ഥിതിയിലേക്കെത്തിച്ചേർന്നത്?

1994-ൽ രാജ്യം നെൽസൺ മണ്ടേലയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. അല്പകാലത്തേക്ക് വരാനിരിക്കുന്ന നല്ല നാളെയെക്കുറിച്ചുള്ള വാഗ്ദാനങ്ങളുണ്ടായിരുന്നു – അവയിൽ ചിലതെല്ലാം നടപ്പിലാവുകയും ചെയ്തു. പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിലെല്ലാം വ്യാപകമായി അല്ലെങ്കിൽ കൂടി മുൻകാലങ്ങളെക്കാൾ വളരെയേറെ മെച്ചപ്പെട്ട പുരോഗതിയുണ്ടായി. അതിനുശേഷം ഒരു വാസ്തവപ്രഖ്യാപന – അനുരജ്ഞന കമ്മിറ്റി (Truth and Reconciliation Committee) നിലവിൽ വരികയും സ്വാതന്ത്ര്യപോരാട്ടത്തിന്റെ ഭാഗമായി രാജ്യം ചെയ്ത പാപങ്ങൾ ഏറ്റുപറയുകയും ഏറെപ്പേരെയും തൃപ്തിപ്പെടുത്തുന്നവിധത്തിൽ പ്രായശ്ചിത്തങ്ങളും അനുരഞ്ജനങ്ങളും മുന്നോട്ട്വയ്ക്കുകയും ചെയ്തു.

പിന്നീട് പ്രസിഡന്റായ താബോ എംബക്കി എന്ന ടെക്നോക്രാറ്റ് സാമ്പത്തികനയങ്ങളുടെ ചുക്കാൻ ഏറ്റെടുത്തതോടെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പുത്തൻ ഉദാരവൽക്കരണത്തിന്റെ സ്വർലോകത്തേക്ക് ചുവടുവയ്ക്കാൻ ആരംഭിച്ചു.

അദ്ദേഹത്തിന്റെ പിതാവായിരുന്ന ഗൊവൻ എംബക്കി  ANC-യുടെ സായുധവിഭാഗമായ ഉംഖൊണ്ടോയിൽ പ്രവർത്തിച്ചിരുന്നു എന്നതിനാൽ 20 വർഷം റോബെൻ ദ്വീപിൽ തടവുശിക്ഷ അനുഭവിച്ചയാളായിരുന്നു – ഒലിവർ ടാംബോ, നെൽസൺ മണ്ടേല, വാൾട്ടർ സിസുലു എന്നീ അതിഗംഭീരമനുഷ്യരുടെ സമശീർഷൻ! ആ പാരമ്പര്യത്തിൽ നിന്നാണു താബോ എംബക്കി വന്നത് എന്നതാണു അതിശയകരം!

1996-ൽ എംബക്കി ‘വളർച്ച – തൊഴിൽ – പുനർവിതരണ പദ്ധതി’  (Growth Employment and Redistribution – GEAR – plan) കൊണ്ടുവന്നു.

ദക്ഷിണാഫ്രിക്കയെ ഒരു നിക്ഷേപസൗഹൃദരാജ്യമായി മാറ്റുവാനുദ്ദേശിച്ചുള്ള പദ്ധതിയായിരുന്നു ഇത്. ദക്ഷിണാഫ്രിക്കയ്ക്ക് തിളക്കമാർന്ന ഒരു ക്രെഡിറ്റ് റേറ്റിംഗും നേരിട്ടുള്ള വിദേശ നിക്ഷേപവും ഉറപ്പുവരുത്തുന്ന രീതിയിൽ ഐ എം എഫിനെയും ലോകബാങ്കിനെയും കമ്പോളത്തെയും അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികളെയും മറ്റും തൃപ്തിപ്പെടുത്താനുദ്ദേശിച്ചുള്ള സാമ്പത്തിക നയമായിരുന്നു അതിന്റെ അടിസ്ഥാനം – തീർച്ചയായും വികസ്വരരാജ്യങ്ങളെയെല്ലാം  ഇന്ന് ഭീമമായി വലയ്ക്കുന്ന  ‘സ്വപ്നപദ്ധതി’.

ഒടുവിൽ സംഭവിച്ചതെന്ത് എന്ന് ചുരുക്കത്തിൽ മനസ്സിലാക്കാൻ  GEAR പദ്ധതി നടപ്പിലാക്കിയതിനു 18 വർഷത്തിനു ശേഷം, 2014-ൽ വന്ന ഒരു ഓക്സ്ഫാം റിപ്പോർട്ടിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതിയാകും. ‘തുല്യത സാധ്യമാക്കുക’ എന്നും ‘അതിതീവ്രമായ അസമത്വം അവസാനിപ്പിക്കാൻ നേരമായി’ എന്നുമാണു ആ റിപ്പോർട്ട് പറയുന്നത്.

  • ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ധനികരിൽ 360 പേർ മാത്രമാണു കൃത്യമായ നികുതി അടയ്ക്കുന്നത്.
  • അപ്പാർത്തീഡ് അവസാനിച്ച കാലത്തെക്കാൾ വഷളാണു നിലവിൽ ദക്ഷിണാഫ്രിക്കയിലെ അസമത്വം.
  • കോർപ്പറേറ്റ് കമ്പനികൾ വഴി അനധികൃതമായി ദക്ഷിണാഫ്രിക്കയ്ക്ക് പുറത്തേക്കൊഴുകുന്ന തുക 350 ബില്ല്യൺ റാൻഡോളം (R350) വരും.
  • അസമത്വം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭൂപരിഷ്കരണം. 80 ശതമാനം കാർഷികവിളകളും ഉല്പാദിപ്പിക്കുന്നത് 35,000 കർഷകരാണു.
  • കോർപ്പറേറ്റ് കമ്പനികളുടെ ഭീതിദമായ സ്വാധീനശക്തി.
  • ദാരിദ്ര്യത്തെ തീവ്രമാക്കുന്ന രീതിയിലുള്ള തൊഴിലില്ലായ്മ
  • വൃദ്ധരിലും യുവാക്കളിലും കുട്ടികൾക്കിടയിലുമുള്ള വൻ ദാരിദ്ര്യം.
  • നാലിലൊന്ന് ദക്ഷിണാഫ്രിക്കക്കാർ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയിലാണു

സ്വതന്ത്രകമ്പോളത്തിന്റെ മിശിഹാകൾ അങ്ങനെ ഒരു രാജ്യത്തെക്കൂടി ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും പരകോടിയിലേക്കെത്താൻ സഹായിച്ചു! ആഹ! വിജയത്തെക്കാൾ വിജയകരമായി മറ്റെന്തുണ്ട്!

ഒപ്പം മറ്റു ശക്തികളുമുണ്ട്. ദക്ഷിണാഫ്രിക്കയടക്കം പല വികസ്വര രാജ്യങ്ങളുമായും ആണവ റിയാക്ടറുകൾ നിർമ്മിക്കാനുള്ള കരാർ റഷ്യയുടെ റൊസാറ്റത്തിനു (Rosatom) ലഭിക്കുന്നതിൽ പടിഞ്ഞാരൻ ശക്തികൾ തൃപ്തരല്ല. സ്വാധീനം ഉറപ്പിക്കാനുള്ള റഷ്യൻ ശ്രമങ്ങളെ എതിരിടുന്നതിന്റെ ഭാഗമായാണു സുപ്ത അഴിമതി ഇത്ര വലിയ ചർച്ചയായതെന്ന് പറഞ്ഞാൽ അതിൽ സാംഗത്യമുണ്ട് താനും. ദക്ഷിണാഫ്രിക്കയിൽ നിന്നും വൻകിട കോർപ്പറേറ്റുകൾ കൊള്ളയടിച്ചുകൊണ്ടുപോകുന്നതുമായി താരതമ്യപ്പെടുത്തിയാൽ ഗുപതകളുടെ കളവ് നിസ്സാരമാണു. എന്നിരുന്നാലും നഷ്ടങ്ങൾക്കുമേലുള്ള ഓരോ തടയിടലും വിജയമാണു.

ജുഡീഷ്യറി പ്രശംസനീയമാംവിധം അതിന്റെ ഭാഗം നിർവ്വഹിച്ചു. അല്ലെങ്കിൽ പ്രസിഡന്റും അദ്ദേഹത്തിന്റെ ഓഫീസും കുറ്റമേൽക്കുകയോ പാർലമെന്റ്  മുൻപാകെ മാപ്പപേക്ഷിക്കുകയോ ധൂർത്തടിച്ച പണം തിരിച്ചടയ്ക്കാൻ തയ്യാറാകുകയോ ചെയ്യുമായിരുന്നില്ല.  ഭരണനിർവ്വഹണത്തിലെ ഏറ്റവും ഉയർന്ന ആളായാലും ഒരു സാധാരണ പൗരന്റെ നിയന്ത്രണത്തിലായിരിക്കേണ്ടതുണ്ട്.

ഒന്നും അവസാനിച്ചിട്ടില്ല. സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും പ്രതിപക്ഷവും നിശബ്ദരായിട്ടില്ല. മാധ്യമങ്ങൾ മുറവിളി തുടരുന്നു. മുകളിലും താഴെയുമുള്ള പല ANC ഘടകങ്ങളും പ്രസിഡന്റിന്റെ രാജിയോ പുറത്തേക്കുള്ള വഴിയോ ആവശ്യപ്പെടുന്നുണ്ട്.

അല്പദിവസങ്ങൾക്ക് മുൻപ് ഗുപ്ത കുടുംബം ഒരു പ്രൈവറ്റ് ജെറ്റിൽ ദുബായിലേക്ക് കടന്നുകളഞ്ഞു!

കഥ തീർന്നിട്ടില്ല! കാത്തിരിക്കൂ!

Comments

comments