ഇന്ത്യന്‍ ആധുനിക കലയുടെ കുലപതികളില്‍ ഒരാളായ കല്‍പ്പാത്തി ഗണപതി സുബ്രഹ്മണ്യന്‍ തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ ഈ ലോകം വിട്ടുപോയിരിക്കുന്നു. സഫലമായ ഒരു ജന്മം. അങ്ങേയ്ക്ക് പ്രണാമം.

ചിത്രകാരന്‍, മ്യൂറലിസ്റ്റ്, ഇലസ്ട്രെറ്റര്‍, കലാധ്യാപകന്‍. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും പത്മശ്രീയും കാളിദാസ് സമ്മാനും നല്‍കി ആദരിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ അദ്ദേഹത്തിന് രാജാ രവിവര്‍മ്മപുരസ്കാരവും നല്‍കി. ലണ്ടനിലെ Slade School-ല്‍ പഠിച്ചിട്ടുണ്ട്. ബറോഡയിലെ എം.എസ്.യൂണിവേഴ്സിറ്റിയിലും ശാന്തിനികെതനിലും കലാധ്യാപകനായിരുന്നിട്ടുണ്ട്.

പരമ്പരാഗതമായ കലാരൂപങ്ങള്‍ക്കും സംസ്കാരത്തിനും പുകള്‍പെറ്റ കല്‍പ്പാത്തിയിലാണ് ജനിച്ചത്. ആ സ്ഥലം ഒരു പേരിനേ തന്‍റെ കൂടെയുള്ളൂ എന്ന്‍ അദ്ദേഹം എപ്പോഴും ഓര്‍മ്മിക്കുന്നു. ബാലാരിഷ്ടതകള്‍ കൊണ്ട് കഷ്ടപ്പെട്ട അദ്ദേഹത്തിന് സ്കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടിലെ ട്യൂട്ടര്‍ ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകള്‍ വായിക്കാനുള്ള പ്രാപ്തി നല്‍കി. വൈകാതെ ഫ്രഞ്ച് ഇന്ത്യയിലെ മാഹിയിലേക്ക് കുടുംബം പറിച്ചുനട്ടപ്പോള്‍ അവിടെ വച്ചാണ് അദ്ദേഹം സ്കൂളില്‍ പോകാന്‍ തുടങ്ങുന്നത്. അതും നാലാം ക്ലാസ്സില്‍. മാഹിയിലെ ചെറിയ ലൈബ്രറിയിലാണ് അദ്ദേഹത്തിന്റെ കൌമാരലോകം വികസിക്കാന്‍  തുടങ്ങിയത്. ഇംഗ്ലീഷ് മാസികയായ മോഡേണ്‍റിവ്യു, ഫ്രഞ്ച് പ്രസിദ്ധീകരണമായ ഇലസ്ത്രാസ്യോ തുടങ്ങിയ അന്നത്തെ മികച്ച പിരിയോഡിക്കല്‍ മാഗസിനുകള്‍ കലയുടെ ആധുനിക പ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തി. ബംഗാളിലെ കലാചലനങ്ങളില്‍ അദ്ദേഹത്തില്‍ താല്‍പ്പര്യം ജനിപ്പിച്ചത് മോഡേണ്‍ റിവ്യു ആണ്. പക്ഷേ അന്ന്‍ 1930-കളില്‍ ബ്രിട്ടീഷ് പ്രദേശമായ ഇന്ത്യയിലെ ഫ്രഞ്ച് അധിനിവേശപ്രദേശമായ മാഹിയില്‍ രാഷ്ട്രീയമാണ് അതിനേക്കാള്‍ സജീവമായിരുന്നത്. അതൊരു അധോലോകം പോലെയെന്ന്‍ കെ.ജി.എസ് പറയുന്നു. അവിടെ ധാരാളം പഠന മനനങ്ങള്‍ നടന്നു. മാര്‍ക്സിസ്റ്റ്‌ വായനകളൊക്കെ സജീവം. പക്ഷേ മെട്രിക്കുലേഷന്‍ പാസ്സാകുമ്പോഴേക്കും അദ്ദേഹം മാര്‍ക്സിസത്തില്‍ നിന്നും തനിക്ക് കുറേക്കൂടി മൂര്‍ത്തമായി അനുഭവപ്പെട്ട ‘ഗാന്ധി രാഷ്ട്രീയ’ത്തിലേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങി. 1941-ല്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊള്ളുമ്പോള്‍ മദ്രാസ്‌ പ്രസിഡന്‍സി കോളേജില്‍ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സ്വാതന്ത്ര്യസമാരത്തിനു അനുകൂലമായി സമരം നയിച്ച് സുബ്രഹ്മണ്യന്‍ സജീവമായി രാഷ്ട്രീയത്തില്‍ ഇറങ്ങി. ഇതിനിടയില്‍ ഒരു രസത്തിനു ചെയ്തിരുന്ന സ്കെച്ചുകള്‍ ഒരു സുഹൃത്തു മുഖേന മദ്രാസ്‌ സ്കൂള്‍ ഓഫ് ആര്‍ട്ട്‌ പ്രിന്‍സിപ്പല്‍ ആയിരുന്ന ദേവി പ്രസാദ്‌ റോയ് ചൗധരി കാണുകയും ആ ചെറുപ്പക്കാരനെ കലയുടെ ലോകത്തേയ്ക്ക് പഠിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. പക്ഷേ 1943-ല്‍ സെക്രട്ടേറിയറ്റ് പിക്കറ്റിംഗ് സമരത്തില്‍ പങ്കെടുത്ത് ജയിലിലായ സുബ്രഹ്മണ്യന്‍ അവിടെവച്ച് ഇന്ത്യയിലെ അന്നത്തെ വ്യത്യസ്ത രാഷ്ട്രീയാദര്‍ശങ്ങള്‍ തിരിച്ചറിഞ്ഞു. ചിലര്‍ ഇന്ത്യയിലെ ജീവിതമാതൃകകളെ മറ്റൊരു വിധത്തില്‍ വിന്യസിപ്പിക്കാന്‍ ശ്രമിച്ചെങ്കില്‍ മറ്റുള്ളവര്‍ ഭാവിയിലെ ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് വ്യക്തമായ ചുവടുറപ്പിക്കാന്‍ ആഗ്രഹിച്ചവരായിരുന്നു. രണ്ടു വ്യത്യസ്ത വഴികള്‍. സുബ്രമണ്യന്‍ സ്വയം തിരിച്ചറിഞ്ഞ ഒരു കാലമായിരുന്നു ആ ജയില്‍വാസകാലം. പുറത്തിറങ്ങിയാല്‍ തന്റെ ജീവിതം സാംസ്കാരികമായ ഒരു പുനരുജ്ജീവനത്തിനുള്ളതാണെന്ന് അവിടെവച്ച് തീരുമാനിക്കപ്പെട്ടു. കല പഠിക്കാന്‍ പോകാമെന്നുണ്ട്. പക്ഷേ അടുത്ത മൂന്നുവര്‍ഷത്തേക്ക് ഒരു ഗവണ്മെന്റ് സ്ഥാപനത്തിലും പടിച്ചുകൂടാ. സമരം ചെയ്തതിന്റെ ശിക്ഷയാണ് – ഗവണ്മെന്റ് ഉത്തരവുണ്ട്. 1944ല്‍ അനുജന്റെ ദുരവസ്ഥ കണ്ട് സുബ്രഹ്മണ്യന്റെ ജ്യേഷ്ഠന്‍ ശാന്തിനികേതനിലെ നന്ദലാല്‍ ബോസിന് ഒരു കത്തെഴുതി. മറുപടി കിട്ടി.

അങ്ങനെ സുബ്രഹ്മണ്യന്‍ ശാന്തിനികേതനില്‍ എത്തുമ്പോള്‍ ഇന്ത്യന്‍കലാരംഗത്ത് ആ മേഖലയുടെ സ്വാധീനം വളരെ നിര്‍ണ്ണായകമായിരുന്നു. എങ്കിലും, നഷ്ടപ്പെട്ട ഇന്ത്യന്‍ സാംസ്കാരികസ്വത്വം, ഏതാണ്ട് ഒരു ഭൂതകാലക്കുളിര്‍ എന്നപോലെ തിരിച്ചുപിടിക്കുന്ന പുനരുത്ഥാനവാദികളുടെ ഇടമാണെന്ന് അവിടമെന്നാണ്  പൊതുവില്‍ കരുതപ്പെട്ടിരുന്നത്. പക്ഷേ സുബ്രഹ്മണ്യന്‍ അനുഭവം കൊണ്ട് കണ്ടെത്തിയ ഒരു പ്രധാന കാര്യം, അവിടെ നഷ്ടപ്പെട്ട ഒന്നിന്‍റെ തിരിച്ചുപിടുത്തമല്ല സംഭവിക്കുന്നത് എന്നാണ്. മറിച്ച് രാഷ്ട്രീയമായി അസ്ഥിരമാക്കപ്പെട്ട അവസ്ഥയില്‍ ഇന്ത്യക്കാരന് തന്റെ ചുറ്റുപാടുമായി ബന്ധം നഷ്ടപ്പെടുകയാണ് ഉണ്ടായത്. ആ അസ്ഥിരതയില്‍ വളരെ വ്യക്തിപരമായ അനുഭവങ്ങളും പെടും. വയസ്സായ മാതാപിതാക്കളുടെ ഏറ്റവും ഒടുവില്‍ ഉണ്ടായ സന്താനങ്ങളുടെ ഒരു അനുഭവം അദ്ദേഹത്തിനുണ്ട്. അത് അപ്രിയമായ പലതും ജീവിതത്തില്‍ പകര്‍ന്നിട്ടുണ്ട്. പിന്നീട് പ്രിയതയെയും അപ്രിയതയെയും ഒന്നിച്ചുനിര്‍ത്തി സൌന്ദര്യം കാണാന്‍ സുബ്രഹ്മണ്യനിലെ കലാകാരനെ പ്രേരിപ്പിച്ചതും അതാണ്‌.  ഇങ്ങനെ കാലികമായ ജീവിതാവസ്ഥകളില്‍ തുടരുന്ന പല ഘടകങ്ങളുമായുള്ള ആ ബന്ധമാണ് കലാകാരന്മാര്‍ തിരിച്ചുപിടിക്കുന്നത്. വലിയൊരു മാറ്റത്തിന്റെ പാതയില്‍ ലോകത്ത്  നില്‍ക്കുന്ന നമ്മള്‍ എവിടെ നില്‍ക്കുന്നു എന്ന്‍ കണ്ടെത്തണം എന്ന ഒരവസ്ഥയാണ് ടാഗോര്‍ വിഭാവനം ചെയ്ത ശാന്തിനികേതന്‍ അടിസ്ഥാനപരമായി പഠിക്കാനും ജീവിക്കാനും വരുന്ന കലാകാരന്മാര്‍ക്കായി അവിടെ സൃഷ്ടിച്ചിരുന്നത്. അത് ഒരു വലിയ വിദ്യാഭ്യാസമാണ്. കഴിയുമെങ്കില്‍ ഇന്ത്യന്‍ കലയ്ക്ക് മറ്റൊരു തിരക്കഥ ഉണ്ടാക്കാന്‍ കഴിയുമോ എന്ന് നോക്കിയിരുന്ന പുനരുത്ഥാനവാദികള്‍ക്ക് പോലും പലപ്പോഴും ഒരു വര്‍ത്തമാനകാലസംബന്ധിയും ചരിത്രപരവുമായ അവസ്ഥയിലേക്ക് പ്രേരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ സുബ്രഹ്മണ്യന്‍ ‘ഗുരുദേവ്’ എന്ന് വിശേഷിപ്പിക്കുന്ന രവീന്ദ്രനാഥ ടാഗോറിന് അത് കഴിഞ്ഞിരുന്നു. എഴുത്തിലും കലയിലും വിദ്യാഭ്യാസപദ്ധതിയിലും ടാഗോര്‍ ചുറ്റുമുള്ളവരില്‍ നിന്നും വ്യത്യസ്തമായി ‘പൌരസ്ത്യകല’യെപ്പറ്റിയുള്ള സ്റ്റീരിയോടൈപ്പുകളെ അടിസ്ഥാനമാക്കിയല്ല അന്നത്തെ പുതിയ ലോകത്ത് തന്റെ മുഹൂര്‍ത്തവും ഇടവും തിരിച്ചറിഞ്ഞത്. ഭാരതീയ കലയ്ക്ക് അതിന്റേതായ ശൈലികളും സങ്കേതങ്ങളും കാല്‍പ്പനികതയും പുരാണകഥകളും ഉണ്ടെന്നും അവയെ തിരിച്ചുപിടിച്ച് പിന്‍തുടരണമെന്നും ഒക്കെയാണ് ആ സ്റ്റീരിയോടൈപ്പുകള്‍. ഈ ഭാരം കുടഞ്ഞുകളഞ്ഞ് ടാഗോറിന്റെ കുറേക്കൂടി വഴക്കവും കാലികതയും സ്വാതന്ത്ര്യവുമുള്ള കലാപ്രവര്‍ത്തനത്തിലേക്കുള്ള പ്രചോദനം നന്ദലാല്‍ ബോസ് ആണ് സാര്‍ത്ഥകമായി ഏറ്റെടുത്തിരുന്നത്. ഇതിലേക്കാണ് സുബ്രമണ്യന്‍ ചെന്ന് ചേരുന്നത്. നന്ദലാല്‍ സ്കെച്ചു ചെയ്യുന്ന വിധത്തെപ്പറ്റി സുബ്രമണ്യന്‍ പറയുന്നു, അവ സത്യത്തില്‍ നോട്ടുകള്‍ ആയിരുന്നു, ചിത്രങ്ങള്‍ അല്ല. ചിത്രങ്ങളുടെ നോട്ടുകള്‍ പിന്നീട് ഒരു മോട്ടിഫ് ആയി മാറുന്നു. ഒരു മൃഗത്തിന്റെ വിശദാംശം മറ്റൊന്നിന്‍റെതായി കാണപ്പെടുന്ന അവസരങ്ങള്‍, ആ രൂപാന്തരം പുതിയ ഒന്നിനെ സൃഷ്ടിക്കുന്നു.kgs-v-3

ഇങ്ങനെ ശാന്തിനികേതനിലെ വളരെ സമൃദ്ധമായ കലാവിദ്യാഭ്യാസത്തിന്റെ ഫലമായിട്ടാവാം കെ.ജി.സുബ്രഹ്മണ്യന്‍ ഒരു രൂപാങ്കുരന്‍ തന്നെയായി പിന്നീടിങ്ങോട്ട്‌ വളര്‍ന്നത്. ‘രൂപവാദി’ (formalist) യുടെ ലക്ഷണങ്ങള്‍ ഉള്ള ഒരു വിഷയകലാവല്ലഭന്‍. ഇന്ത്യക്കാരന്‍റെ നാടോടിബോധത്തിലുള്ളതും ഓരോരോ വിധത്തില്‍ നാടോടിപ്രയോഗങ്ങളിലും ജീവിതങ്ങളിലും നിലനില്‍ക്കുന്നതുമായ  ഒന്നിന്‍റെ തുടര്‍ച്ച തന്നെയാണ് സുബ്രമണ്യന്‍ സ്വന്തം കലാജീവിതത്തില്‍ തുടര്‍ന്നത്. പക്ഷേ വലിയൊരു വ്യത്യാസമുണ്ട്. താന്‍ നാഗരികമായ ഒരു പദ്ധതിയില്‍ ആയിരിക്കുന്നതിന്റെ ഭാഗമായി സുബ്രഹ്മണ്യന് ഏതൊരു ആധുനിക ചിത്രകാരന്റെയും പോലെ ലഭ്യമായ ഒരു സാധ്യതയാണത്. പക്ഷേ ഇത്ര വ്യക്തമായി ഈ സാധ്യതയെ പ്രയോജനപ്പെടുത്താന്‍ മറ്റാര്‍ക്കും പറ്റിയില്ല. പലതരത്തിലുള്ള പഴംപുരാണബോധത്തിന്റെ പ്രേതം ഇല്ലാതെ മദ്രാസ്‌ സ്കൂളില്‍ ഒന്നും നടക്കുമായിരുന്നില്ല. കെ.സി.എസ്. പണിക്കര്‍ പോലും സൌന്ദര്യത്തെ ബലി കഴിച്ച് പ്രതീകങ്ങളിലെയ്ക്ക് പോയി. ഇന്ത്യക്കാരന്‍റെ ഗൂഡശാസ്ത്രങ്ങളുടെ ചാര്‍ട്ടുകളുമായി അമൂർത്തതയെ സമീപിച്ചു. പക്ഷേ, സുബ്രഹ്മണ്യന്‍റെ ചിത്രങ്ങള്‍ എത്ര ആകര്‍ഷകവും നിഷ്കളങ്കവും സത്യസന്ധവും ഫലിതരസപ്രധാനവുമായി കാണപ്പെട്ടു.  സുബ്രഹ്മണ്യന്റെ ചിത്രങ്ങളില്‍ രൂപങ്ങള്‍ ഒന്നും തന്നെ നിശ്ചിതവും ക്ലിപ്തവുമായ ഒരു സ്ക്രിപ്റ്റില്‍ അല്ല. അവയ്ക്ക് എന്തിലെക്കും പരിണമിക്കാം, ഏതു വായനക്കും പ്രേരിപ്പിക്കാം. ഈ ഒരു വാഗ്ദാനത്തിലാണ് കിളികളും, പക്ഷിമൃഗാദികളും, മനുഷ്യരും വിന്യസിക്കുന്നത്. അതില്‍ ദുര്‍ഗ്ഗയും ദേവേന്ദ്രനും മയിലും ബംഗാളി ബാബുവും, പ്രൌഡയും, സാലഭഞ്ജികയും ഉണ്ട്. പല കാലങ്ങളില്‍ അകപ്പെട്ടവര്‍ക്ക് അങ്ങനെ അന്നത്തെ പുതിയ കാലത്തിന്‍റെ സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാകുന്നു. കാലാതിവര്‍ത്തിയായ പ്രകൃതി-പുരുഷ പാരസ്പര്യങ്ങളില്‍ ഭാവനയെ ഒഴുക്കിവിട്ട ഭാരതീയന്‍റെ സ്വഭാവം രസാനുഭൂതികളില്‍ ആനന്ദിക്കുന്നവന്റെതാണ്. അത് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ എങ്ങനെയിരിക്കും എന്ന്‍ കാണണമെങ്കില്‍ ഇന്നിനി കെ.ജി.സുബ്രഹ്മണ്യന്റെ പെയിന്റിങ്ങുകള്‍ കാണണം. ഇക്കഴിഞ്ഞ ആഴ്ച വരെ അദ്ദേഹം ഈ കാഴ്ചകള്‍ തുടര്‍ന്നിരുന്നു. ഇപ്പോള്‍ ഇല്ല !

സമൂഹത്തില്‍ കലയുടെ ശേഷി യഥാര്‍ത്ഥത്തില്‍ എവിടെയാണ് ഇരിക്കുന്നത് എന്ന്‍ ഇരുപതാംനൂറ്റാണ്ടില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ ചുരുക്കം മഹാരഥന്മാരില്‍ ഒരാളാണ് ഇദ്ദേഹം. അത് വ്യക്തിയുടെ മൌലികതയില്‍  ഇരിക്കവേ തന്നെ അയാളെ ചുറ്റുപാടുമായി ബന്ധിപ്പിക്കണം. കലയുടെ ശേഷിയുടെ വലിയൊരു സ്രോതസ്സ് ‘ഭൂതകാലപാരമ്പര്യ’ത്തില്‍ ഇരിക്കവേ തന്നെ അത് ഭാവനയെ വല്ലാതെ കുളിരടിപ്പിച്ച് വാതഗ്രസ്തമാക്കുവാനുള്ളതല്ല. ഓരോ കലാസൃഷ്ടിയും അത് ഉണ്ടാകുന്ന കാലത്തിന്‍റെ തന്നെ അടയാളമാണ്, മുന്നിലോ പിന്നിലോ ഉള്ള ഒന്നിന്റെയല്ല.

അതുപോലെ കലയുടെ ശേഷി അതിന്‍റെ രാഷ്ട്രീയത്തിലാണ്‌, എന്നിരിക്കവേ തന്നെ അത് സമൂഹജീവിതത്ത്തിന്റെ പരിഷ്കരണത്തിനു വേണ്ടിയാണ്, കലാകാരന് ജനഭരണത്തിലൊരു സാംസ്കാരികനായകന്‍റെ തുരുപ്പുശീട്ടു നേടാന്‍ വേണ്ടിയല്ല.

ഇങ്ങനെ സസൂക്ഷ്മം കട്ടകള്‍ ഉയര്‍ത്തിയും താഴ്ത്തിയും സുബ്രഹ്മണ്യനെപ്പോലെ ഇരുപതാംനൂറ്റാണ്ടിന്റെ കലയുടെ സാമൂഹിക-രാഷ്ട്രീയശക്തിയെ ഒരു സംഗീതം പോലെ വിദഗ്ദ്ധമായി നോട്ടുകളിട്ട് അനുഭവിപ്പിച്ച വേറെയാരുണ്ട്? ഇല്ലാതില്ല മറ്റൊരാള്‍, ഗുലാം മുഹമ്മദ്‌ ഷെയ്ക്ക്. (അദ്ദേഹം നീണാള്‍ വാഴട്ടെ, എന്ന്‍ ഈ ചെറുതലമുറക്കാരി ഇതാ പ്രാര്‍ഥിക്കുന്നു. കലയുടെ മഹത്വത്തില്‍ ഇരിക്കുന്നവരേ, ഞങ്ങള്‍ക്ക് നിങ്ങളെയൊക്കെ ആവശ്യമുണ്ട്.) gulam-muhammed-shaikh-c1ബറോഡയെ ഇന്ത്യന്‍ ആര്‍ട്ടിന്റെ  ലോകശ്രദ്ധയാകർഷിക്കുന്ന ഒരു കേന്ദ്രമാക്കിയ സമകാലികരായ രണ്ടു മഹാരഥന്മാര്‍. ശ്രദ്ധേയമായ മറ്റൊരു കാര്യം തന്‍റെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കുമപ്പുറത്തേക്ക് ഇവരെപ്പോലെ ഇങ്ങനെ കലയെ വലുതായി മനസ്സിലാക്കുന്നവര്‍ മാത്രമാണ് കലാവിദ്യാഭ്യാസത്തിലും മികച്ച സംഭാവനകള്‍ നല്‍കുന്നത് എന്നതാണ്.

എന്നാലും, കെ.ജി.സുബ്രഹ്മണ്യനെ ഓര്‍ത്ത്, വീണ്ടും അദ്ദേഹത്തിന്റെ സുപ്രധാന ഗ്രന്ഥങ്ങളായ ‘Moving Focus’, ‘Living Tradition’ ‘Creative Circuit’ എന്നിവയിലെ ചില ഭാഗങ്ങള്‍ വീണ്ടും വായിച്ച്, പിന്നെ ഇന്നത്തെ കലാപ്രയോഗങ്ങളിലെ ചില പരസ്പരതാരതമ്യങ്ങള്‍ തോന്നിയത് നിത്യേനയുള്ള എഴുത്തഭ്യാസത്തിന്റെ ഭാഗമായി കുറിപ്പിട്ടുവച്ച  ഈ ദിവസം തന്നെയാണ് വൈകീട്ട് അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയുന്നത് എന്നത് പിന്നെയും എന്നെ സങ്കടപ്പെടുത്തുന്നു.

സുബ്രഹ്മണ്യന്‍ തന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് മൌലികമായ ഒരു നയം കണ്ടെത്തുന്ന കാലം എന്നത് ദേശീയമായ ഒരു ആത്മവിശ്വാസത്തിന്റെ കാലം കൂടിയായിരുന്നു. ‘ഇന്ത്യ’ എന്ന രാഷ്ട്രശില്‍പ്പം  പണിയപ്പെടുന്ന കാലം. ഏത് ആധുനികമായ ജീവിത ശൈഥില്യങ്ങള്‍ക്കിടയിലും തന്റെ കാലത്ത് ആധുനികകലയുടെ പ്രസക്തിയെപ്പറ്റിയുള്ള തികഞ്ഞ ബോധ്യം ഒരു ഇന്ത്യന്‍ ചിത്രകാരന് കൂട്ടായി ഉണ്ടായിരുന്നു. ഇന്നോ? താന്‍ ഒരു ചരക്ക് എന്ന ബോധത്തെ അതിജീവിക്കാന്‍, ചിന്തിക്കുന്ന ഏതൊരു കലാകാരനും പാടുപെടുന്നു.

സുബ്രഹ്മണ്യന്റെ ചെറുപ്പത്തില്‍ ഇന്ത്യ എന്ന ഈ പ്രപഞ്ചമാനങ്ങളുണ്ടായിരുന്ന രാഷ്ട്രശില്‍പ്പം ആഗോളവല്‍ക്കരണത്തിന്റെ കപടമായ ചില മത്സരങ്ങളില്‍ പെട്ടുപോയിരിക്കുന്നു. ഇന്ന് കാണുന്ന വര്‍ഗ്ഗീയകാലുഷ്യങ്ങളും അതിന്റെ ഭാഗമാകാം. അന്തര്‍ദ്ദേശീയത കൊണ്ടുണ്ടായ ഒരു പ്രധാന കാര്യം കല ഏറ്റവും കൃത്രിമമായ ഒന്നിന്‍റെ ആവിഷ്കാരവും ആകാം എന്ന അവസ്ഥ ഉണ്ടായിരിക്കുന്നു എന്നതാണ്. പ്രതീകങ്ങള്‍ ഉപയോഗിക്കാന്‍ ഇന്ന് സ്വാതന്ത്ര്യം കൂടുതലുണ്ട്. ചിത്രഭാഷ പരീക്ഷണങ്ങളെ കൂടുതല്‍ ആഗ്രഹിക്കുന്നു. സാധ്യമാക്കുന്നു. പരസ്പരം തൊടാതെ പ്രയോഗിക്കണം പക്ഷേ. വര്‍ഗ്ഗ വര്‍ണ്ണ ചിഹ്നങ്ങളായി മിക്ക രൂപങ്ങളും, രൂപകങ്ങളും ധരിക്കപ്പെടാം. എങ്ങനെയാണ് ഇങ്ങനെയൊരു  കാലഘട്ടത്തില്‍ കലയുടെ മാനവികശേഷിയെ ആവിഷ്കരിക്കുക? അതില്‍ സംഗീതംപോലെ ചിലത്, സുബ്രഹ്മണ്യന്‍ കറുപ്പിലും വെളുപ്പിലും മ്യൂറല്‍ വരച്ച് സുന്ദരമാക്കിയ കലാഭവന്‍ പോലുള്ള ചില ആത്മാരാമങ്ങള്‍ ഇപ്പോള്‍ സാധ്യമാണോ? കലയുടെ സീസണുകള്‍ പിറന്നാല്‍ പിന്നെ നമ്മുടെ തെരുവില്‍ ഗ്രാഫിറ്റി ആണ്. വ്യാളികളും വാക്കുകളും, പാമ്പുകളും പുളയുന്നു പലതിലും. നമ്മുടെ അഭ്യസ്തവിദ്യരും കലാതല്‍പ്പരരുമായ സമ്പന്നരുടെ ഗൃഹങ്ങളിലും അലങ്കാര ചുവരുകളിലും ഏതോ ദേവീ ദേവന്മാരുടെ ലക്ഷണം കെട്ട മ്യൂറലുകളാണ്. ജനജീവിതമാണെങ്കില്‍ ക്രൌര്യം കൂടുന്ന ഒരു യുദ്ധസ്ഥലം ആയിരിക്കുന്നു. സമകാലിക കലയുടെ വ്യാപാരകേന്ദ്രത്തിന്‍റെ ബോധം മാത്രമേ ഇവ നല്‍കുന്നുള്ളൂ.kgs-kb-3

ഇവിടെ പുതിയൊരു പ്രസക്തി കല നേടുന്നുണ്ട് താനും. ദൃശ്യഭാഷ ഭരിക്കുന്ന ലോകത്ത് നമ്മളെല്ലാം അതിലായിരിക്കുന്നു. പക്ഷേ, കല ശരിക്കും എന്തിനുവേണ്ടി എന്ന്‍ പിന്നെയും പിന്നെയും ചോദിക്കേണ്ടിയും വരുന്നു.  അതിലെ മനുഷ്യത്വം, സജീവമായ ജീവിതത്തിന്‍റെ അടുപ്പം ഇതൊക്കെ എവിടെപ്പോയി? അങ്ങനെയൊന്ന് ഇപ്പോഴും തുടരുന്നുണ്ട് ജനജീവിതത്തില്‍. ‘Living Tradition’ എന്ന് കെ.ജി.സുബ്രഹ്മണ്യന്‍ പറഞ്ഞതിനെ ഞാനിന്നു വായിക്കുന്നത് അങ്ങനെയാണ്. പക്ഷേ അവയുടെ കലയിലെ ആവിഷ്കാരം പലപ്പോഴും എന്തേ ചില അരികുകളില്‍ ഒതുങ്ങുന്നു? കലാപ്രവര്‍ത്തനത്തിന്റെ മുഖ്യധാരയില്‍ പോലും വരാതെ. മുഖ്യധാര ഇന്ന് ചരക്കുവല്‍കൃത ലോകമാണ്. അത് അങ്ങനെ മനുഷ്യന് ആത്മവിശ്വാസവും സമാധാനവും കൊടുക്കുന്ന ഒരു തുടർജീവിതബോധം അംഗീകരിക്കുന്നില്ല. കലാകാരനടക്കം എല്ലാവരും സ്വന്തം സ്വാര്‍ത്ഥനിഷ്ഠമായ ഭാവിക്ക് വേണ്ടിയുള്ള കൊതികളിലും, അതിനു പറ്റുന്ന പരിക്കുകളിലും നരകയാതന അനുഭവിക്കണം. അപ്പോള്‍ കലാവസ്തുവും കലാകാരനും അടക്കം എല്ലാം കപടനാടകമെന്ന് ചരക്കുലോകം വില കെടുത്തും. കലാകാരന്‍ പിന്നെ അതിനു മുന്നില്‍ ആത്മവിശ്വാസം ‘അസ്തു’വായി ഗോപി തൊടുന്നു.

ഇങ്ങനെയെല്ലാമിരിക്കിലും, സജീവമായ മനുഷ്യത്വത്തിന്റെ അടുപ്പം ഈ ലോകത്ത് പലയിടങ്ങളില്‍ നിന്നായി കണ്ടെടുത്തേ പറ്റൂ. അങ്ങനെ നടക്കുന്നുണ്ട് ലോകത്ത്. ചരക്കുലോകം നിര്‍മ്മിച്ച ‘അന്തര്‍ദ്ദേശി’യെ കൂസാതെ  ‘പുതിയ അന്തര്‍ദ്ദേശി’കള്‍ ഉണ്ടാകുന്നു. അതിന്റെ ഭാഗമായി സ്വയം തിരിച്ചറിയുന്ന ആളുകളുടെ ആത്മവിശ്വാസമുള്ള ഒരു ഘട്ടത്തിലാണ് കലാരംഗത്തെ കൂട്ടാളികള്‍ പലരുമെന്ന പോലെ നമ്മില്‍ പലരുമിരിക്കുന്നത് എന്ന്‍ ഞാന്‍ പ്രത്യാശിക്കുന്നു. സുബ്രഹ്മണ്യനും അതാണ്‌ ശ്രമിച്ചത്, സ്വന്തം കാലഘട്ടത്തെ അതായി കണ്ട് കൂസലെന്യേ ആവിഷ്കരിക്കുക.

കുറേക്കൂടി വ്യക്തതയ്ക്ക് വേണ്ടി പണിയെടുക്കുന്ന ഓരോരുത്തര്‍ക്കും കെ.ജി.സുബ്രഹ്മണ്യന്‍ ഒരു ഊര്‍ജ്ജസ്രോതസ്സാണ്. ചരക്കുലോകത്തിന്റെ മാതൃകകളെ വെടിഞ്ഞ് ജീവിതത്തെ മനുഷ്യാനുഭാവമാക്കുന്ന ഒന്നിന്‍റെ ആവിഷ്കാരമാണ് ഇന്നും കലയുടെ ശക്തിയും സൗന്ദര്യവും. അത് ടാഗോറും, ബംഗാള്‍ സ്കൂളും, രാം കിങ്കർ ബെയ്ജും, കെ.ജി.സുബ്രഹ്മണ്യനും വഴി നമ്മിലെത്തിച്ചേരുന്ന ഒരു തുടരുന്ന ആധുനികജീവിതത്തെളിച്ചത്തിന്‍റെ ഏറ്റവും പുതിയ രൂപമായിരിക്കും.

Comments

comments