പത്രാധിപർ എന്ന ഗേറ്റ് കീപ്പറുടെ അനുവാദമില്ലാതെ പൊതുമണ്ഡലത്തിൽ വ്യക്തികൾക്ക് അഭിപ്രായപ്രകടനവും ആശയരൂപീകരണവും സാദ്ധ്യമല്ലെന്ന അവസ്ഥ സാമൂഹിക മാദ്ധ്യമങ്ങളുടെ ആവിർഭാവത്തോടെ ഇല്ലാതായി എന്നത് വാസ്തവമാണ്. നവലമയാളി പോലെയുള്ള നൂറുകണക്കിന് വെബ് പോർട്ടലുകൾ വിവിധഭാഷകളിൽ പ്രത്യക്ഷപ്പെട്ടതോടെ പ്രശസ്തർക്കുമാത്രമല്ല, പ്രസക്തമായതെതെന്തെങ്കിലും ഉറക്കെപ്പറയാൻs.media-b2 ആഗ്രഹിക്കുന്ന ആർക്കും അതാവിഷ്‌കരിക്കുവാൻ ഇടമുണ്ടായി എന്നത് നിസ്സാരമല്ല. സമൂഹത്തിലെ പൊതു ഇടങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് സൈബർലോകം തുറന്നിടുന്ന ഈ പുതിയ പൊതു ഇടങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. സാമൂഹികമായ ഉത്തരവാദിത്വവും ഉന്നതമൂല്യങ്ങളെ സംബന്ധിച്ച കാഴ്ചപ്പാടും സമത്വത്തിലും സ്വാതന്ത്ര്യത്തിലും ഊന്നുന്ന നിലപാടുകളും മതനിരപേക്ഷ ജനാധിപത്യത്തിൽ അടിയുറച്ച പുരോഗമന പക്ഷപാതിത്വവും പുലർത്തുന്നതാവണം നവമലയാളി പോലുള്ള സമാന്തരമാദ്ധ്യമങ്ങളെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും.

സോഷ്യൽ മീഡിയ വളരെവേഗം ആന്റി സോഷ്യൽ മീഡിയയാകുന്ന പ്രവണതയെക്കൂടി കാണാതിരുന്നുകൂടാ. ജാതി-മത-വർഗ്ഗീയ ഭ്രാന്തുകളുടെ വ്യാപനത്തിനായി ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്നത് സോഷ്യൽ മീഡിയയാണെന്നതാണ് വാസ്തവം. സംഘപരിവാരത്തിന്റെ സൈബർപ്പോരാളികൾ ലോകമെമ്പാടും ഇരുന്നുകൊണ്ട് നടത്തുന്ന പ്രചരണങ്ങൾ ഗീബൽസിയൻ തന്ത്രത്തിന്റെ മാതൃകയാണ് പിന്തുടരുന്നത്. നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രിപദം തന്നെയും ഈ സൈബർപ്പോരാളികളുടെ സംഭാവനയാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത്തരം അപായകരമായ പ്രവണതകളെ എതിർത്തുകൊണ്ടും, അതിന് ജനകീയവും പുരോഗമനാത്മകവുമായ ബദൽ സൃഷ്ടിച്ചുകൊണ്ടുമാവണം സമാന്തര മാദ്ധ്യമങ്ങൾ പൊതു ഇടങ്ങൾ എന്ന സങ്കൽപ്പത്തെ സാക്ഷാത്കരിക്കേണ്ടതെന്ന ബോദ്ധ്യത്തിൽനിന്നാണ് നവമലയാളിയുടെ പിറവി. അതിനാൽ, നവമലയാളിയിൽ പ്രത്യക്ഷപ്പെടുന്ന കുറിപ്പുകളും ലേഖനങ്ങളും സർഗ്ഗാത്മകരചനകളുമെല്ലാം ആ പ്രഖ്യാപിത നയങ്ങൾക്ക് അനുയോജ്യമാണോ എന്ന വിലയിരുത്തലും ഉണ്ടാവേണ്ടതുണ്ട്. ഇക്കാര്യത്തിൽ ജാഗരൂകരായ വായനക്കാർ ഉന്നയിക്കുന്ന ആക്ഷേപങ്ങളെയും ആവലാതികളെയും എഡിറ്റോറിയൽ ബോർഡിന്റെ ശ്രദ്ധയിൽക്കൊണ്ടുവരാനും അവയ്ക്ക് പരസ്യമായി മറുപടിയും വിശദീകരണവും നൽകാനും തെറ്റുകൾ തിരുത്താനുമുള്ള ഉത്തരവാദിത്വമാണ് നവമലയാളിയുടെ റീഡേഴ്‌സ് എഡിറ്റർക്കുള്ളത്. അതുകൊണ്ട്, വായനക്കാർ നവമലയാളിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച നിശിതവിമർശനങ്ങളും നിർദ്ദേശങ്ങളും അപ്പപ്പോൾ അറിയിക്കണമെന്നാണ് അപേക്ഷിക്കുവാനുള്ളത്. അത്തരമൊരു ഇടപെടൽ ഉണ്ടായാൽ മാത്രമേ ഈ മാഗസിന്റെ അസ്തിത്വം സാർത്ഥകമാവൂ.

ഇർഫാൻ ഹബീബിന്റെ കത്തും പാർട്ടിയും
നവമലയാളി മാഗസിനിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പ്രസക്തവും ശ്രദ്ധേയവുമായ വിഷയം ഇന്ത്യയിലെ മാർക്‌സിസ്റ്റ് പാർട്ടിയുടെ ( സി.പി.ഐ-എം)  കോൺഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട ചില നയങ്ങളളെ വിമർശിക്കുന്ന ലേഖനങ്ങളും കുറിപ്പുകളുമാണ്. ഇടതുപക്ഷത്തിന്റെ പ്രവർത്തനസ്വാതന്ത്ര്യത്തെപ്പോലും അടിച്ചമർത്തുന്ന ബംഗാളിലെ തൃണമൂൽ കോൺഗ്രസിനെ നേരിടാൻ പാർട്ടിയുടെ ബംഗാൾ ഘടകം കോൺഗ്രസുമായി ധാരണയുണ്ടാക്കിയതാണ് വലിയ പാതകമെന്ന് പറയുന്ന പ്രകാശ് കാരാട്ടിനെപ്പോലുള്ള ചാരുകസാല മാർക്‌സിസ്റ്റുകളുടെ വരട്ടുവാദത്തെ ബംഗാളിലെ സഖാക്കൾ പുച്ഛിച്ച് തള്ളിയതിൽ അത്ഭുതമില്ല. രാജ്യത്തെയാകെ വർഗ്ഗീയ ഫാസിസത്തിന്റെ മുൾമുനയിൽനിർത്തി ജനാധിപത്യമൂല്യങ്ങളെയും ഭരണഘടനയെത്തന്നെയും അട്ടിമറിക്കാൻ പരിശ്രമിക്കുന്ന ബി.ജെ.പിയുടെയും സംഘപരിവാരത്തിന്റെയും ഹിംസാത്മകരാഷ്ട്രീയത്തിനെതിരെ ദേശീയതലത്തിൽ നിലപാടെടുക്കേണ്ടതിനുപകരം കോൺഗ്രസ് വിരോധം പ്രസംഗിച്ച് ബി.ജെ.പിയെ സഹായിക്കുവാനാണ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള ഒരു യാഥാസ്ഥിതിക സംഘത്തിന്റെ  ശ്രമം. ഇടതുപക്ഷത്തെ നയിക്കേണ്ട  മാർക്‌സിസ്റ്റ് പാർട്ടിയെ വെറുമൊരു കോൺഗ്രസ് വിരുദ്ധപ്പാർട്ടിയാക്കി തരംതാഴ്ത്തുകയും ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയുമാണ് ഇവർ. അതിനെതിരെ പാർട്ടിബന്ധുക്കൾ സംസാരിച്ചുതുടങ്ങിയെന്നത് ആശാവഹമാണ്. ബി.ജെ.പിയുടെ സർക്കാരും സംഘപരിവാരവും ഉയർത്തുന്ന ഭീഷണികൾക്കുനടുവിൽ പാർട്ടിയുടെ അടിയന്തിര ഉത്തരവാദിത്വം എന്ത് എന്ന ചോദ്യമാണ് ഇടതുപക്ഷത്തുള്ളവരെ അലട്ടുന്നത്. പുസ്തകപാണ്ഡിത്യം മാത്രം കൈമുതലായുള്ള കാരാട്ടിനെപ്പോലുള്ളവർക്ക് അതിന് ഉത്തരമില്ല.ifc-2v

‘ബംഗാൾ അല്ല, ഇന്ത്യ’ എന്ന ശീർഷകത്തിൽ മുതിർന്ന പത്രപ്രവർത്തകനും നവമലയാളിയുടെ പൊളിറ്റിക്കൽ എഡിറ്ററുമായ രവിവർമ്മ എഴുതിയ ലേഖനം ഈ വിഷയത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ‘പാർട്ടിയെപ്പറ്റി ഖേദപൂർവ്വം ഒരു കുറിപ്പ്’ എന്ന ശീർഷകത്തിൽ ഇതെഴുതുന്നയാളും നേരത്തേ ഒരു ചെറിയ കുറിപ്പെഴുതിയിരുന്നു. ഈ കുറിപ്പിലും, രവിവർമ്മയുടെ ലേഖനത്തിലും ഒരുപോലെ പരാമർശിക്കുന്നത് പ്രഖ്യാത ചരിത്രകാരനും മാർക്‌സിസ്റ്റ് സഹയാത്രികനുമായ പ്രൊഫ. ഇർഫാൻ ഹബീബ് പാർട്ടിക്കെഴുതിയ ഒരു കത്തിനെക്കുറിച്ചാണ്. ബംഗാളിലെ തൃണമൂലിനെയും ഇന്ത്യയിലാകെ വ്യാപിക്കുന്ന സംഘപരിവാരത്തിന്റെ വർഗ്ഗീയ ഫാസിസത്തെയും നേരിടാൻ മതേതരപ്പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെക്കൂടി ഉൾപ്പെടുത്തിയുള്ള വിശാലമായ ഐക്യനിര ഉണ്ടാക്കേണ്ടതിനുപകരം കോൺഗ്രസിന് അയിത്തം കൽപ്പിക്കുന്നത് സംഘപരിവാരത്തെ സഹായിക്കാനേ ഉതകൂ എന്നാണ് മാർക്‌സിസ്റ്റ് പണ്ഡിതനായ ഇർഫാൻ ഹബീബ് പാർട്ടിക്കയച്ച കത്തിൽപ്പറയുന്നത്. ആ കത്തിന് പാർട്ടിയിൽനിന്ന് മറുപടി ലഭിക്കുന്നതിനുമുമ്പുതന്നെ നവമലയാളി അതേപ്പറ്റി പ്രസിദ്ധീകരിച്ച ലേഖനവും കുറിപ്പും വായനക്കാരിൽ സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയത്. ആ അഭിപ്രായപ്രകടനങ്ങൾ വെറും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുകയുണ്ടായി. അതുകൊണ്ടാണ് ഇന്ത്യയിലെ മറ്റൊരു മാദ്ധ്യമവും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഇർഫാൻ ഹബീബിന്റെ കത്ത് നവമലയാളി അതേപടി മുഴുവനായും പ്രസിദ്ധീകരിച്ചത്. നവമലയാളിയിൽനിന്ന് ആ കത്തിന്റെ പൂർണ്ണരൂപം ഇതര ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ, ഉറവിടം വ്യക്തമാക്കാതെയാണെങ്കിലും പുനഃപ്രസിദ്ധീകരിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നവമലയാളി മാഗസിന്റെ വിശ്വാസ്യതയാണ് അത് തെളിയിക്കുന്നത്. ഇർഫാൻ ഹബീബിന്റെ കത്തിൽ ഉന്നയിക്കുന്ന അതീവപ്രസക്തമായ രാഷ്ട്രീയം വ്യാപകമായി ചർച്ചചെയ്യപ്പെടാൻ ഒരു നിമിത്തമായതിലുള്ള ആഹ്ലാദം വായനക്കാരുമായി പങ്കുവെക്കുകയാണ്.

വീണ്ടും കാണുംവരെ, വിട.

-ഒ.കെ. ജോണി
——–
റീഡേഴ്സ് എഡിറ്റർക്കുള്ള അഭിപ്രായങ്ങളും എഴുത്തുകളും നിർദ്ദേശങ്ങളും [email protected] എന്ന വിലാസത്തിൽ അയക്കുക

Comments

comments