മഹാശേത്വാ ദേവി എഴുതാൻ തിരഞ്ഞെടുത്ത വിഷയങ്ങൾ അമൂർത്തവും ചരിത്രരഹിതവുമായ രമണീയ സന്ദർഭങ്ങൾ ആയിരുന്നില്ല. അധികാരമുള്ളവരുടെ നൃശംസത, ജാതിമതശാസനങ്ങളാൽ പുറത്താക്കപ്പെട്ടവർ, ഭൂമിയുടെയും വനത്തിന്റെയും അവകാശികൾ, ഗ്രാമവാസികൾ, വന്യജാതികൾ, നിമ്നവർഗ്ഗങ്ങൾ എന്നിവരെ തകർക്കുന്ന ബഹുമുഖ ചൂഷണങ്ങൾ, അവരെ പവിത്രഭയങ്ങളിൽ തളച്ചിടാനുള്ള അനുഷ്ഠാന വഞ്ചനകൾ, സാമ്പത്തിക – സാമൂഹിക നെറികേടുകൾക്കു മറയിടുന്ന മാമൂലുകളുടെ മായാവലയം…പുറമ്പോക്കിലെ ആവിഷ്കാരങ്ങളുടെ അവിച്ഛിന്നധാരയായി അവരുടെ എഴുത്ത് നിരന്തരം പ്രതിരോധത്തിൽ ഏർപ്പെടുന്നു –  ഭൂതകാലാപാദനങ്ങളുടെയും ലളിതമനസ്കരുടെ ശുഭാപ്തിവിശ്വാസങ്ങളുടെയും കെട്ടുകഥകളോട്.

താൻ എഴുതിയ കഥകളിലെ മനുഷ്യരോട് അടുത്തിടപഴകിയാണ് മഹാശേത്വാദേവി തന്റെ ആഖ്യാനങ്ങൾ കണ്ടെത്തിയത്. മർദ്ദകരുടെ ആധികാരിക ഭാഷണങ്ങൾ തകിടം മറിക്കുന്ന പരുക്കൻ ഭാഷയിലൂടെ. ശ്മശാനം സൂക്ഷിപ്പുകാർ, ചത്ത മൃഗങ്ങളുടെ തോലുരിക്കുന്നവർ, ആട് മേയ്ക്കുന്നവർ, പക്ഷിപിടുത്തക്കാർ, പാമ്പാട്ടികൾ…എന്നിങ്ങനെ മനുഷ്യേതരമായ സ്ഥാനങ്ങളിൽ വസിക്കുന്നവരുടെ ആവിഷ്കാരങ്ങൾ. ദൈവത്തെ കൊന്ന പതിതരുടെ ശാപപുരാണങ്ങൾക്ക്  ശുദ്ധസൗന്ദര്യം കുറവായിരിക്കും. പ്രതിക്രിയകളിലൂടെ മാത്രമേ നീചജാതികൾക്ക് ഐതിഹ്യമഹിമയിൽ നിന്ന് മോചനം നേടാനാകൂ. അത്യാഹിതങ്ങളിൽ കൂടി മാത്രമേ അവർക്ക് ആശ്വാസം കണ്ടെത്താനാകൂ. ഈ ലോകത്തിലെ ശ്മശാനങ്ങളത്രയും പിച്ച കിട്ടിയവരാണ് അവർ. അന്നേരം, അമ്മയുടെ ചാത്തത്തിന് സമർപ്പിച്ച അരി പുരോഹിതനിൽ നിന്നും തട്ടിപ്പറിച്ചെടുത്ത്,  ഒടുങ്ങാത്ത വിശപ്പ് അടക്കേണ്ടി വരും.

പോലീസിന്റെ ഫയലിൽ നിങ്ങൾ അപ്രത്യക്ഷരായാൽ ആരന്വേഷിക്കാൻ? മരണത്തിൽ, ദേഹത്തിന്റെ കറുത്ത നിറം പ്രതിരോധത്തിന്റെ ചുമരാകുന്നു. അധികാരത്തിന്റെ വമ്പൻ നായാട്ടിൽ, രക്തത്തിൽ അനുഭവിക്കുന്ന മൃഗഭയം മറികടക്കുന്നത് എങ്ങനെ? ഇരുട്ടിൽ നൃത്തം വെക്കുന്ന  ജാരകന്യകയുടെ മതിമറന്ന അംഗചലനങ്ങളിലൂടെ…. വേട്ടക്കാരനെ കൊല്ലുന്നതിലൂടെ, അവൾ വിമോചനത്തിന്റെ വരാനുള്ള മിത്ത് സൃഷ്ടിക്കുന്നു. വനവും സൈന്യവും ഏറ്റുമുട്ടുന്ന ഭാഷാവ്യവഹാരങ്ങളെ ഛിന്നഭിന്നമാക്കി ദ്രൗപദി പുതിയ പുരാണം രചിക്കുന്നു. സൈനികർ മർദ്ദിച്ചൊതുക്കിയ സ്തനങ്ങളാൽ അവൾ സേനാനായകനെ ഉന്തിത്തള്ളി നീക്കികൊണ്ടിരിക്കുന്നു:

“ഉം! കൗണ്ടർ ചെയ്യ്….”

കൂട്ടബലാത്ക്കാരത്തിൽ  മെതിക്കപ്പെട്ട ഉടലും എതിർക്കാനുള്ള ആയുധമാണ്.

യാഥാർത്ഥ്യം  ഭാവനെയേക്കാൾ നിഷ്ഠൂരമായിക്കൊണ്ടിരിക്കുന്ന സമകാലികതയിലൂടെ ജീവിതം കടന്നു പോകുന്നു.  ഭരണകൂടങ്ങൾ കുറ്റമറ്റ പദ്ധതികളിലൂടെ നടപ്പാക്കുന്ന വംശഹത്യകൾ, ഭക്ഷണം, വിശ്വാസം, സാമൂഹ്യസ്ഥാനം എന്നിവയിലുള്ള വ്യത്യാസങ്ങൾ കാരണമാക്കി കൊലപാതകങ്ങൾ, കൊടുംക്രൂരതകൾക്ക് ദൈവത്തിന്റെയും ദേശത്തിന്റെയും പേരിലുള്ള ന്യായീകരണങ്ങൾ, രാജ്യസ്നേഹപരീക്ഷകളിൽ തോറ്റാൽ നാട് കടത്തുമെന്ന ആക്രോശങ്ങൾ, സ്ത്രീകളെയും കുട്ടികളെയും സാഡിസ്റ്റ് ഭ്രാന്തിൽ കൊന്നു തള്ളുന്ന പട്ടാളമുഷ്ക്കുകൾ, നിത്യേനയുള്ള മനുഷ്യാവകാശനിഷേധങ്ങളെ മൂടിവെക്കുന്ന മാധ്യമഭീമന്മാർ, ആർത്തിയുടെ കോർപറേറ്റ് ചന്തകളിലേക്കു മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കാൻ നിയമനിർമ്മാണത്തിലൂടെ വലിച്ചെറിയപ്പെട്ട ബാലവേലക്കാർ, നിയോലിബറൽ വിപ്ലവകാരിയുടെ താത്വികാവലോകനത്തിലും കണ്ണാടിയിൽ തെളിയുന്ന സ്വന്തം പ്രതിച്ഛായയിലും ഫാസിസ്റ്റ് ശരീരവ്യാകരണം, ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം വിഗ്രഹം കൊത്തി ചേതനയറ്റ സാഹിത്യ-സാംസ്കാരിക പ്രതിഭകൾ, സുരക്ഷിതാവസ്ഥക്ക് കോട്ടം തട്ടാതെ ഇടത്തരം സന്ദേഹികൾ നടത്തുന്ന പ്രതിബദ്ധതാനാട്യ പ്രസ്താവനകൾ….. അങ്ങനെയൊരു കാലത്ത്, മഹാശ്വേതാദേവിയുടെ എഴുത്തിന്റെ വീണ്ടും വീണ്ടുമുള്ള വായനകൾ നമ്മുടെ കപടസ്വത്വനിർമ്മിതികളെ ഉടച്ചു വാർക്കാൻ  നിർബന്ധിച്ചേക്കാം. ”നിങ്ങളുടെ മാതാവ്; നിങ്ങൾ തന്നെ സംസ്കരിക്കുക…” എന്ന ഗുജറാത്തിലെ ദളിത് ചെറുത്ത്നില്പ് പുറത്തു നിന്ന് വരുന്നതല്ല. നൂറ്റാണ്ടുകളുടെ ഭയത്തെ മറി കടന്ന് താനേ രൂപം കൊള്ളുന്നതാണ്. ആത്മാഭിമാനത്തെ ആയുധവത്കരിച്ച്, മനുഷ്യത്വം വീണ്ടെടുക്കാനുള്ള വിത്ത് പാകലാണ് എഴുത്തിന്റെ ഒരു ലക്‌ഷ്യം. ഈ തിരിച്ചറിവാകാം മഹാശ്വേതാദേവിയോടുള്ള യഥാർത്ഥ ആദരാജ്ഞലി.

അന്നേരം, തീ കൂടുതൽ ഉജ്ജ്വലമായി കത്തട്ടെ.

Comments

comments