യാത്രകള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ഫൈന്‍ ആർട്സ് കോളേജിലെ വിദ്യാർഥികളാണെങ്കിലോ സർഗ്ഗാത്മകതയുടെ തേനീച്ചക്കുത്തേൽക്കുന്ന നിമിഷം മുതല്‍ നിത്യ യാത്രികരാണ്. ഒരിടത്ത് ഒതുങ്ങുന്നില്ല എന്നർത്ഥം. എപ്പോഴും സ്ഥലം, കാലം ഇവയെ സാമാന്യബോധത്തില്‍ നിന്നും മാറിനിന്നു മനസ്സിലാക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നതാണ് ഇവരെ നിത്യയാത്രികരാക്കുന്നത്. സാധാരണ കലാലയങ്ങളിലെ പോലെ ബെഞ്ചും ഡസ്കും ലാബും മാത്രമല്ല ഫൈന്‍ ആർട്സ് കോളേജുകളിലെ ജീവിതം. ഡെസ്ക്ടോപ്‌ എക്സർസൈസുകള്‍ കുറച്ചേയുള്ളൂ. ഇത് ശാരീരികമായ വലിയ അധ്വാനങ്ങളുടെ ഒരു രംഗമാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തില്‍ ‘സ്പേസ്’ എന്നതിനെപ്പറ്റി സ്വാഭാവികമായും കൂടുതല്‍ ബോധവാന്മാരാകേണ്ടവരുമാണ് ഫൈൻ ആർട്സ് വിദ്യാർഥികള്‍. ക്ലാസ്സ്മുറി അഥവാ ‘സ്റ്റുഡിയോ’യ്ക്കകവും പുറവും, കാമ്പസിലെ ഓരോ തരിമണ്ണും മുക്കും മൂലയും ഇവര്‍ നിരന്തരം മാറ്റിമറിച്ച് ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. പലപ്പോഴും കാമ്പസിനു പുറത്തുള്ള ഒരു ലോകവും അതിലെ പലതരം പൊതു-സ്വകാര്യ ഇടങ്ങളും മനുഷ്യർക്ക് തരുന്ന സാധ്യതകളും സംഘർഷങ്ങളുമൊക്കെ ഇവർ കാംപസിനകത്തും പുനർനിർമ്മിക്കുന്നു. ഇതിനാല്‍ താൻ നടത്തുന്ന ഏതൊരു പുറംലോകയാത്രയും ഒരു കലാവിദ്യാർഥിക്ക്  ‘അക്കാദമിക് യാത്ര’ കൂടിയാണ്. എന്നാല്‍ ഔദ്യോഗികമായ ചില അക്കാദമിക് യാത്രകൾ കൂടിയുണ്ട്. അതില്‍ പലപ്പോഴും കലാചരിത്രപരമായ ചില പ്രകാശങ്ങൾ ബോധപൂർവ്വം, ചുമതലാപൂർവ്വം തേടിക്കൊണ്ടാണ് യാത്ര. അങ്ങനെയൊരു യാത്രയെക്കുറിച്ചാണ് ഈ കുറിപ്പ്.

നവംബര്‍  15  മുതൽ  30   വരെ തൃശ്ശൂർ ഗവ. ഫൈന്‍ ആർട്സ്  കോളേജിൽ നിന്നു  34   വിദ്യാർഥികളും മൂന്ന്‍ അധ്യാപകരും (ശില്പി എ.പി.സുനിൽകുമാറും, ഡിസൈനർ ആയ വിനോദ്. കെ.യും ഞാനും) യാത്ര പുറപ്പെട്ടു. മഹാകവി രബീന്ദ്രനാഥ ടാഗോർ മുൻകൈയെടുത്ത് സ്ഥാപിച്ച രാജ്യത്തെ മുഖ്യ കലാപാഠശാലയും ഇപ്പോള്‍ വിശ്വഭാരതി സർവ്വകലാശാലയുടെ ഭാഗവുമായ ശാന്തിനികേതന്‍, വിഷ്ണുപൂർ ടെറാക്കോട്ട ക്ഷേത്രങ്ങൾ, സാരനാഥ് സ്തൂപങ്ങൾ, മ്യൂസിയം, ഖജുരാഹോയിലെ ചാണ്ടേല (chandella) രാജാക്കന്മാര്‍ പണിത ക്ഷേത്രങ്ങൾ, സാഞ്ചിയിലെ സ്തൂപം, അജന്തയിലെയും എല്ലോറയിലെയും ഗുഹാക്ഷേത്രങ്ങള്‍ എന്നിവിടങ്ങളായിരുന്നു ഞങ്ങളുടെ റൂട്ട്. ഇന്ത്യന്‍ ചിത്ര ശിൽപ്പ കലകളുടെ തെരഞ്ഞെടുത്ത ചില നിത്യചൈതന്യപാഠങ്ങള്‍ എന്ന്‍ ഇവയെല്ലാത്തിനെയും ഒരുമിച്ച് വിശേഷിപ്പിക്കാം.

ആദ്യത്തെ രണ്ട് ദിനം ട്രെയിനിൽ. രണ്ടാം ക്ലാസ് സ്ലീപ്പര്‍. ഈ യാത്രയ്ക്ക് വിദ്യാർഥികൾക്ക് കിട്ടുന്ന റെയിൽവേ  കൺസഷൻ ഒഴിച്ചാൽ യാതൊരു ഗവണ്മന്റ് ഫണ്ടും ഇല്ല. ശാന്തിനികേതനിലെക്കുള്ള യാത്രക്കായി ആദ്യം കയറിയത് ഗൌഹത്തിക്കു പോകുന്ന ട്രെയിനിലാണ്. ടിക്കറ്റില്ലാതെ കയറുന്ന ഉത്തരേന്ത്യൻ ദരിദ്രർ തിങ്ങിവിങ്ങാൻ പോകുന്ന ഈ ട്രെയിനിലെന്തിനു നിങ്ങള്‍ ടിക്കറ്റെടുത്തു എന്നൊക്കെ കേരളത്തിലെ ടിക്കറ്റ് എക്സാമിനർ ചോദിച്ചു. പക്ഷേ പിറ്റേന്ന് രാവിലെ മുകളിലെ ബെർത്തിൽ കിടന്നുറങ്ങിയവർക്ക്  താഴെ നിലത്തു കാലുകുത്താനിടമില്ലാതെ നിറഞ്ഞ ആ ദരിദ്രനാരായണന്മാർ ഞങ്ങൾക്കോ ഞങ്ങൾ അവർക്കോ  ഒരുപദ്രവവും ഉണ്ടാക്കിയില്ല എന്നതാണ് വാസ്തവം. പിന്നീട് ഭോപ്പാലിൽ നിന്നു മാന്മാഡിലേക്കുള്ള ട്രെയിൻ  മണിക്കൂറുകളോളം വൈകിയപ്പോൾ കയ്യിലുള്ള റൌണ്ട് ട്രിപ്പ്‌ ടിക്കറ്റിന്റെ ബലത്തില്‍ പഞ്ചാബ് മെയിലിൽ പെടച്ചുകയറിയ  ഞങ്ങളും ഒരു വേള, ട്രെയിനില്‍ നിലത്തിരുന്നു യാത്ര ചെയ്യുന്ന ടിക്കറ്റു രഹിത യാത്രികരായതാണ് അതിലെ മറ്റൊരു രസം. യാത്രകളും അതിലെ അനിവാര്യതകളാല്‍ നമ്മൾ നമ്മെത്തന്നെ കണ്ടെത്തുന്ന ഇടങ്ങളും എത്ര വിചിത്രമാണ്.

ശാന്തിനികേതന്‍

mill-call-by-ramkinkar-baij
മില്ലിന്റെ വിളി

ശാന്തിനികേതനിലെ കലാഭവന്‍ (Art dept.) രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പഠനപ്രവർത്തനത്തിലാണ്. പിന്നെ രാത്രി ഒൻപത് വരെ ആർക്കും  കയറാം. പൊതു സമൂഹം യൂണിവേഴ്സിറ്റിക്കുള്ളിലൂടെ യാത്ര ചെയ്യുന്നു. യൂണിവേഴ്സിറ്റിയാകട്ടെ അതിന്റെ സമീപസ്ഥമായ ഗ്രാമങ്ങളിലേക്കു തുറന്നിരിക്കുന്നു.

സന്താൾ കുടുംബം
സന്താൾ കുടുംബം

ശിൽപ്പി  രാം കിങ്കർ ബെയ്ജിന്റെ (Ram Kinkar Baij) സജീവ മരണാനന്തരജീവിതം ഇന്നും ഈ കാംപസിലുണ്ട്. ‘സന്താൾ കുടുംബം’, ‘മില്ലിന്റെ വിളി’ (Mill Call), ഗാന്ധി, സുജാത തുടങ്ങി ഏറെ പ്രശസ്തമായ ശിൽപ്പങ്ങൾക്ക് അടുത്തുകൂടി നടന്നപ്പോൾ ഓരോന്നും കലയുടെ സ്വാഭാവികവും ജൈവവുമായ ജീവിതത്തെക്കുറിച്ച് ഇന്നും സ്വപ്നം കാണാൻ പ്രേരിപ്പിച്ചു. കാരണം ഇന്നും സന്താളികള്‍ ഈ കാംപസിലൂടെ പണി കഴിഞ്ഞ് പോകുന്നു. ആ പോകും വഴിയാണ് മറ്റൊരു നോബൽ ജേതാവ് അമർത്യ സെന്നിന്റെ വീടുമുള്ളത്. ശക്തമായ ഒരു മുന്നോട്ടുള്ള ആക്കം എല്ലാ ദാർശനികർക്കും നേതാക്കൾക്കും , പണിക്കാർക്കും  ഉണ്ടെന്ന് ശിൽപ്പി  ‘കിങ്കര്‍ ദാ’ കരുതിയിരുന്നിരിക്കണം. ശോഷിതഗാത്രനായ ഗാന്ധിയുടെ നീണ്ട കാലുകൾ എത്ര ചടുലവേഗത്തില്‍ ആയുന്നു! മില്ലില്‍ പണിക്കു നേരമായതിനാൽ നടന്നുപോകുന്ന തൊഴിലാളിയുടെ ആവേഗം തന്നെ!gandhi-by-ram-kinker

ഈയൊരു ഉണർവ്വ്, ഉന്മേഷം, പ്രവൃത്തിയില്‍ മുഴുകുമ്പോൾ കിട്ടുന്ന സംശയങ്ങളില്ലാത്ത ചില ആവേഗങ്ങള്‍ ഇതെല്ലാം ഇന്നും കലാജീവിതം കൊണ്ട് ചിലരൊക്കെ സ്വന്തം ജീവിതത്തിൽ തിരിച്ചറിയുന്ന കാര്യങ്ങള്‍ തന്നെ. പക്ഷേ ചില സങ്കടങ്ങൾ കൊണ്ട് ഇന്നത്തെ കാലം ഇപ്പറഞ്ഞ എല്ലാ വിഗ്രഹങ്ങളെയും ശ്വാസം മുട്ടിക്കുന്നു.

സന്താൾ കുടിൽ
സന്താൾ കുടിൽ

ഞങ്ങള്‍ ശാന്തിനികേതനുമായി ചേർന്നു കിടക്കുന്ന സന്താളി ഗ്രാമങ്ങളില്‍ അൽപ്പം യാത്ര നടത്തുകയുണ്ടായി. സന്താളികള്‍ കുഞ്ഞു ജനലുകളുള്ള അവരുടെ മൺവീടുകളുടെ അതേ മാതൃകയിൽ കോൺക്രീറ്റ് വീടുകള്‍ പണിയാൻ തുടങ്ങിയിരിക്കുന്നു. അവരുടെ ചില സ്ത്രീകള്‍ വീടുവൃത്തിയായി സൂക്ഷിക്കുന്നതിന് എടുത്തിരുന്ന ചാണകത്തിലും മണ്ണിലും മുഷിഞ്ഞ സമയങ്ങൾ ഇന്ന്‍ എന്തു ചെയ്യണമെന്നറിയാതെ തുറിച്ചുനോക്കിയിരിക്കുകയും ചെയ്യുന്നു. അതുപോലെ കിളികൾക്ക് കൂടായി മച്ചിന്റെ പുറം ഭാഗത്ത് സുന്ദരമായ മൺകുടങ്ങൾ തൂക്കുന്ന പതിവുണ്ട് സന്താളികള്‍ക്ക്. ഇന്ന് പലരും അതിനുപകരം തകരപ്പാട്ട തൂക്കുകയും മനുഷ്യന്റെ കുടിയിൽ പക്ഷിക്ക് കൂട് നിവേദിക്കുന്ന ആ തന്മയത്വമുള്ള ആചാരം അങ്ങനെ ചിലയിടങ്ങളില്‍ ഒരു അസുന്ദരമായ പതിവ് മാത്രമാകുകയും ചെയ്യുന്നു. ഞങ്ങളെപ്പോലെ പലതരം ശൂന്യതകളിലേക്കുള്ള മാറ്റത്തിന്റെ പന്ഥാവിലാണ് സന്താളികളും എന്നോർത്തപ്പോൾ, മനസ്സിൽ അവശേഷിച്ച ‘അപരവർഗ്ഗ കൌതുക’വും പൊയ്പ്പോയി. വിചിത്രമായൊരു സാഹോദര്യം  ഇവരോടു തോന്നിപ്പോയി. മുൻപൊരുകാലത്ത് ഇവരുമായി ജൈവമായ സാഹോദര്യവും ഇനിമയും ഇറ്റിച്ച രാം കിങ്കറിനെ ഇപ്പോൾ ശരിക്കും മനസ്സിലാകുന്നു!!

അതുപോലെ മാനവികരീതിശാസ്ത്രങ്ങളിലൂടെ സാമ്പത്തികശാസ്ത്രത്തില്‍ വർഷങ്ങള്‍ കൊണ്ട് ഗവേഷണം നടത്തിയ നോബൽ സമ്മാനിതനായ സാമ്പത്തികശാസ്ത്രജ്ഞനെ ഈ പണ-നിശ്ചല കാലത്ത് ചുരുക്കം പേരെ കേൾക്കുന്നുള്ളൂ എന്നുണ്ടോ? പ്രധാനമന്ത്രിയുടെ ‘മന്‍ കീ ബാത്ത്’ മാത്രമാണ് എവിടെയും മുഴക്കുന്നത്.

ഗാന്ധിയുടെ ആ കർമ്മോന്മുഖത മറയ്ക്കപ്പെടുകയും ഗാന്ധിഘാതകന്റെ അസഹിഷ്ണുത രാഷ്ട്രീയമായി ഉയർത്തപ്പെടുകയും ചെയ്യുന്നു.

ടാഗോര്‍ ഒരു വിദ്യാർഥിയുടെ അസൈന്മെന്റ് ഫയലിൽ മുഖമായി ഒട്ടിക്കപ്പെട്ടു നടന്നുപോകുന്നതും കണ്ടു.

പക്ഷേ, എവിടെയോ പ്രകൃതി-മനുഷ്യവിനിമയത്തിന്റെ ഒരു ‘തിടുക്കം’  ഇന്നും ഈ കാമ്പസില്‍ അവശേഷിക്കുന്നു. അല്ലെങ്കിൽ അവിടെ ചെല്ലുന്ന ആരിലും അങ്ങനെയൊരു ജീവിതസൌകുമാര്യത്തിനുള്ള ആഗ്രഹമുണരുന്നു. അങ്ങനെയാണ് ആ കാമ്പസിന്റെ ഉള്ളില്‍ തന്നെയുള്ള ടാഗോര്‍ മ്യൂസിയം കാണാൻ ഞങ്ങളെത്തുന്നത്.

ടാഗോര്‍ മ്യൂസിയം
ബ്രിട്ടീഷ് സാമ്രാജ്യത്തവിരുദ്ധമായ ദേശീയവാദരാഷ്ട്രീയത്തിന്റെ കാലത്ത് ബംഗാളിലെ പുനരുത്ഥാനവാദികള്‍ നിർമ്മിക്കാൻ ശ്രമിച്ച ഇന്ത്യയെ സാർവ്വലൌകികമായ എകലോകദർശനത്തിലേയ്ക്ക് വികസിപ്പിച്ചത് രബീന്ദ്രനാഥ ടാഗോര്‍ തന്നെ. ആ ഏകലോകഭാവന യൂറോപ്യന്‍ ആധുനിക കലയിലെന്നപോലെ  മനുഷ്യകേന്ദ്രിതം മാത്രമായ വിഷയനിഷ്ഠതയെ (Subjective acts) അല്ല അടിസ്ഥാനമാക്കിയത്. ആധുനിക കലയ്ക്ക് വേറെയും വഴികളിലൂടെ വ്യാപരിക്കാമെന്നും അതിനുള്ള ഊർജ്ജം ഇന്ത്യയിൽ ഉണ്ടെന്നും ടാഗോറിന് ബോധ്യമുണ്ടായിരുന്നു. ആ വേറെ വഴി, മനുഷ്യ-പ്രകൃതി വിനിമയങ്ങളുടെ വിസ്മയകരമായ ഒരു പുതിയ മേഖല സൃഷ്ടിക്കുകയായിരുന്നു. അത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഇന്ത്യയില്‍ സാധ്യമാകുന്ന ആധുനിക ചിത്ര ശിൽപ്പ  കലകളുടെ ഒരു പ്രമേയം തന്നെയാക്കി മാറ്റാനുള്ള കേന്ദ്രമായി അന്ന് വികസിച്ചതാണ് ശാന്തിനികേതന്‍. അതിനുള്ള  ദാർശനികമായ ഇച്ഛാശക്തിയും രാഷ്ട്രീയ വൈപുല്യവും ഉന്നതജാതകുടുംബത്തിന്റെ ചില എളുപ്പങ്ങളും ടാഗോറിന് ഉണ്ടായിരുന്നുതാനും.

ടാഗോര്‍ മ്യൂസിയത്തിൽ ആ വ്യക്തിജീവിതത്തിലെ വൈപുല്യം തിരിച്ചറിയിക്കുന്ന എല്ലാ വസ്തുവഹകളും ഉണ്ട്. പല കലാകാരന്മാര്‍ പല കാലങ്ങളിൽ ചെയ്ത ടാഗോറിന്റെ പോർട്രെയ്റ്റുകള്‍ ചിലതൊക്കെ ഉണ്ടായിരുന്നതാണ് ഞങ്ങൾക്ക് ഏറ്റവും താല്പര്യം ജനിപ്പിച്ചത്. ശാന്തിനികേതനില്‍ ശിൽപ്പകലാധ്യാപികയായി  ടാഗോർ കൊണ്ടുവന്ന  Margarette Milward ചെയ്ത ശിൽപ്പം അവിടെ കണ്ടു. യൂറോപ്യന്‍ ശിൽപ്പികള്‍ പലരും നേരെ നോക്കുന്ന ടാഗോർ മുഖങ്ങള്‍ കൃത്യം ഛായയോടെ ശിൽപ്പമാക്കിയിട്ടുണ്ട്. ജേക്കബ് എപ്സ്ടീൻ (Jacob Epstein) ഒക്കെ ചെയ്തതുണ്ട്. പക്ഷേ ടാഗോറിനെക്കുറിച്ചുള്ള അപൂർവ്വമായ രണ്ടു ശിൽപ്പ -കാഴ്ചപ്പാടുകള്‍, ഒന്ന് അദ്ദേഹം ജീവിച്ചിരിക്കെ നിത്യ നിരന്തര സമ്പർക്കം  കൊണ്ട് ശിൽപ്പി  രാംകിങ്കർ ബെയ്ജ് ചെയ്തതും, മറ്റൊന്ന് മരണാനന്തരം ഏറെക്കാലം കഴിഞ്ഞ് മലയാളി ശിൽപ്പി കൃഷ്ണകുമാർ തന്റെ പഠനകാലത്ത്‌ ചെയ്തതുമാണ്. രാം കിങ്കര്‍ ബെയ്ജ് ടഗോറിനെ മറ്റാര് കണ്ടതിനേക്കാളും സത്യസന്ധമായെന്നു തോന്നും വിധം ചിന്താകുലനും അന്തർദൃഷ്ടിയുമായി കണ്ടു. അതേപോലെ മുന്നോട്ടായുന്ന ശിരസ്സും, പറക്കും ചെവി പോലുള്ള ആ ടാഗോര്‍ കേശാലങ്കാരവുമായിത്തന്നെയെങ്കിലും, നേരെ മുന്നിലേക്ക് ദൃഷ്ടിപായിക്കുന്ന ഒരു ടാഗോറാണ് കൃഷ്ണകുമാറിന്റേത്. അത് ഇന്ന്‍ ‘അമര്‍ കുടീറി’ല്‍ ആണുള്ളത്. ഗ്രാമീണ കരവേലകളുടെ ഉണർവ്വിനും തുടർച്ചക്കുമായി തുടങ്ങിയ പ്രസ്ഥാനമാണ് അവിടെയിപ്പോള്‍ പ്രവർത്തിക്കുന്നത്. ഞങ്ങളത് പിറ്റേന്നാണ് കണ്ടത്.

മ്യൂസിയത്തില്‍ കിങ്കർദായുടെ ടാഗോര്‍ ശിൽപ്പം കണ്ടപ്പോള്‍ വല്ലാത്തൊരു വൈകാരികത അന്തരീക്ഷത്തില്‍ അനുഭവപ്പെട്ടു. ഒരു ശിൽപ്പി, അയാള്‍ എന്ത് തന്നെയും വിഷയമാക്കിക്കൊള്ളട്ടെ, തേച്ചും തേമ്പിയും ഉന്തിയും കിഴിച്ചും ആ കൈകള്‍ ഒരു മാധ്യമത്തിൽ ചലിച്ചു വന്നതിന്റെ അടയാളം അതിന് കൊടുക്കുന്ന ഒരു സവിശേഷ ജീവനുണ്ട്. തന്റെ ആ അടയാളം മറച്ചുവെച്ച് മുന്നിലുള്ള ജീവനെ ഒരു വസ്തു കണക്കേ കൃത്യം കൃത്യമായി പകർത്തുന്ന അക്കാദമിക് ശിൽപ്പികള്‍ ആയിരുന്നു കിങ്കർദായുടെ കാലത്തിന്റെ മുഖ്യധാരയിൽ ഉണ്ടായിരുന്നത്. എന്നാല്‍ തന്റെ ആ അടയാളം അസംസ്കൃതമായ ഒരു ആത്മസംഗീതമായി അനുഭവിച്ച് ശിൽപ്പത്തെ അതിന്റെ ജീവന്‌ ജീവിക്കാന്‍ വിട്ടുകൊടുത്ത ശിൽപ്പിയാണ് രാംകിങ്കര്‍. ഒരുപക്ഷേ ടാഗോറിന്റെ ഏറ്റവും അർത്ഥവത്തായ പിന്തുടർച്ച  അവകാശപ്പെടാവുന്നത് രാംകിങ്കറിനായിരുന്നു. പക്ഷേ ടാഗോറില്‍ അദ്ദേഹത്തിന്റെ ആഭിജാത്യം മാത്രം കണ്ട സമൂഹം, അത്തരം ആഭിജാത്യങ്ങളൊന്നുമില്ലാതിരുന്നവനും ഇന്ത്യന്‍ രാഷ്ട്രനിർമ്മാണത്തിന്റെ നാടക വേദിയിലൊന്നും കാണാത്തവനും ഗോത്രജീവനത്തെ ആശ്ലേഷിച്ചവനുമായ  രാം കിങ്കറിനെ അദ്ദേഹം ജീവിച്ചിരിക്കെ ആ നിലയില്‍ മനസ്സിലാക്കിയോ? പൊതുവേ അങ്ങനെയൊന്നും ഇല്ലെന്നാണറിയുന്നത്. യൂണിവേഴ്സിറ്റി അതിന്റെ ആഭിജാത്യങ്ങളിൽ തന്നെ പുലരുന്നു. പക്ഷേ ഇതാ ഇന്ന് കലയുടെയും ക്രാന്തദർശിത്വത്തിന്റെയും ആ ഉപവനത്തിന് അഭിമാനിക്കാനായി രാം കിങ്കര്‍ തന്നെയാണ് ഏറ്റവും മഹത്തരമായ സൃഷ്ടികൾ അവശേഷിപ്പിച്ചത് എന്നത് ഞങ്ങൾക്ക് കാണാതെ വയ്യ.

shyamali-the-clay-hut-built-by-nandalal-bose-and-students
ശ്യാമിലി

പ്രകൃതിയില്‍ ഭീമാകാരമായി വെറുതേയങ്ങ് കെട്ടിപ്പൊക്കുന്നതാണ് കെട്ടിടം എന്നാണു ഇന്ന്‍ നമ്മുടെ ആർക്കിടെക്ടുകളും അവരുടെ ക്ലയന്റുകളും പൊതുവേ ധരിക്കുന്നത്. എന്നാല്‍ വീശുന്ന കാറ്റു പോലും ശല്യപ്പെടാതെ നിർമ്മിക്കുന്ന ചെറുകുടിലുകളും മനുഷ്യാലയങ്ങളുമാണ് ശാന്തിനികേതന്റെ ഒരു സ്വഭാവം. 1934-ല്‍ ചളി ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ടതാണ് ‘ശ്യാമിലി’ എന്ന ഒരു ഭവനം. ‘ഉത്തരായന്‍’ എന്നറിയപ്പെടുന്ന കെട്ടിടസമുച്ചയത്തിന്റെറ ഭാഗമാണത്. നന്ദലാല്‍ ബോസും അന്ന് വിദ്യാർഥിയായിരുന്ന രാം കിങ്കറും ചേർന്ന്  അതിന്റെ ചുവരില്‍ ചില റിലീഫ് മ്യൂറലുകളും നിർമ്മിച്ചിട്ടുണ്ട്. ഞങ്ങള്‍ ചെന്നപ്പോള്‍ അത് പുരാവസ്തുവകുപ്പ് കെട്ടിമറച്ചു വച്ചിരിക്കയാണ്. സംരക്ഷണപ്രവർത്തനമത്രേ. പൊതുവേ സായിപ്പിന്റെ കെട്ടിടങ്ങളില്‍ ഓഫീസുകളും കലാലയങ്ങളും പ്രവർത്തിക്കുന്ന കാലത്ത്, വിദ്യാഭ്യാസം മനുഷ്യ-പ്രകൃതി ബന്ധമുള്ള ദാർശനികത കൊണ്ടുള്ള നിർമ്മാണപ്രവർത്തനമാണ് എന്നു കാണിക്കുകയായിരുന്നു ഒരു കലാകേന്ദ്രം. അവിടെ അദ്ധ്യാപകരും വിദ്യാർഥികളും ഒരുമിച്ച് മെനഞ്ഞെടുക്കുന്ന കലാവസ്തുവാണ് അവർക്ക്  ജീവിക്കാനുള്ള കെട്ടിടവും!

നമ്മുടെ കാമ്പസിലും വിദ്യാർഥികള്‍ ചില ഷെഡ്ഡുകള്‍ ഇടയ്ക്കിടയ്ക്ക് പണിയാറുള്ളതോർത്തുപോയി ഞാന്‍. അന്യവൽക്കരണങ്ങളുടെയും ദിശാബോധമില്ലായ്കയുടെയും കാടുപിടിച്ച സമകാലിക മലയാളി / ഇന്ത്യന്‍ മനസ്സുകൾക്ക്  സ്വാഭാവികമായി എത്തിപ്പിടിക്കാവുന്നതിനും അപ്പുറമാണ് ഇങ്ങനെയൊരു ദർശനീയത! അല്ലാത്തപക്ഷം ഇനിയിവിടെ അസ്വാഭാവികമായ എന്തെങ്കിലും സംഭവിക്കണം! ശാന്തിനികേതന്‍ സ്കൂൾ, അതിന്റെ ദാർശനികമായ തിരിച്ചറിവുകളിലൂടെ പോന്നതു പോലെ. അല്ലാത്തിടത്തോളം നാടോടുമ്പോള്‍ നടുവേ ഓടുന്ന നമ്മുടെ ‘വൻപ്രദർശന’ മാമാങ്കങ്ങളിലോ, കലാവിദ്യാലയാന്തരീക്ഷത്തിലോ ബൌദ്ധികനേതൃത്വം കൊടുക്കാവുന്ന കലാകാരന്മാരുടെ ഒരു കൂട്ടായ്മയില്ല. പിന്നെയാണോ വിദ്യാർഥികൾക്കിടയില്‍! പക്ഷേ കൂടെ വന്ന ഓരോ വിദ്യാർഥിയിലും ഞാന്‍ കണ്ടു, ഒരു കൊതി! അൽപ്പനേരത്തേക്കെങ്കിലും ഒരു പുതിയ പ്രചോദനം! നമുക്കും കലയിലേർപ്പെടാന്‍ ഇങ്ങനെയൊക്കെ കുറേ സ്ഥലം വേണം. സമാധാനം വേണം. പ്രകൃതിയുമായി ഇണങ്ങുന്ന വാസസ്ഥലവും നമുക്ക് തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിൽ! ഒഴിഞ്ഞ കള്ളുംകുപ്പികള്‍ മാത്രം തോരണമാക്കിയാൽ മതിയോ നമ്മൾ! ഞങ്ങള്‍ ഇതൊന്നും പരസ്യമായി ചർച്ച ചെയ്തില്ലെങ്കിലും, ആ മുഖങ്ങളില്‍ ചില ജാള്യങ്ങൾ ഉണ്ടായിരുന്നു. എന്റെ മുഖത്തുനിന്നും അവരും അങ്ങനെയെന്തെങ്കിലും വായിച്ചിരിക്കണം. അതിനിടെ മുന്നില്‍ കണ്ട കാഴ്ചകള്‍ തന്റെ മൊബൈലിൽ നെഗറ്റീവിൽ ഇട്ടു വീഡിയോ റെക്കോർഡ് ചെയ്ത്, അത് പ്ലേ ചെയ്തുനോക്കുമ്പോള്‍ ഉള്ള കളറുകളിലും അവ്യക്തതകളിലും ഇച്ഛാഭംഗങ്ങളിലും എന്തൊക്കെയോ ഒരു സർഗ്ഗാത്മകത കണ്ടെത്തിക്കൊണ്ട് ഞങ്ങളിലൊരാൾ തന്റെ കൂട്ടുകാരുടെ മൂഡ്‌ നന്നാക്കാന്‍ ശ്രമിക്കുന്നുണ്ട്.

മ്യൂറലുകള്‍
കല, വിദ്യാഭ്യാസം, ഹിന്ദിയും ചൈനീസും പോലുള്ള ഏഷ്യന്‍ ഭാഷകൾ, മതദർശനങ്ങള്‍, താരതമ്യ തത്വശാസ്ത്രങ്ങള്‍ തുടങ്ങിയവയെ അവയുടെയെല്ലാം തനിമയും സ്വച്ഛതയും നിലനിർത്താന്‍ കഴിയുന്ന ‘ഭവനങ്ങള്‍’ ആയി (ഇന്നത്തെ ഭാഷയില്‍ പറഞ്ഞാൽ ‘ഡിപ്പാർട്ട്മെന്റ്’) കണ്ടത് എന്തൊരു ക്രാന്തദർശിത്വമാണ്! വിദ്യാഭ്യാസത്തിന്റെ ഇടം വീട് പോലെ ആത്മാവ് നിറഞ്ഞതാകുന്നത് എത്ര മഹത്തരമാകും!

ബിനോദ് ബിഹാരി മുഖർജി ചെയ്ത മ്യൂറൽ
ബിനോദ് ബിഹാരി മുഖർജി ചെയ്ത മ്യൂറൽ

ഹിന്ദി ഭവനിലെ (നമ്മടെ യൂണിവേഴ്സിറ്റി ഭാഷയിൽ പറഞ്ഞാൽ dept.) പ്രവേശനഹാളിൽ ബിനോദ് ബിഹാരി മുഖർജി ചെയ്ത മ്യൂറലാണ് ഉച്ചയ്ക്ക് ശേഷം കണ്ടത്. ഫ്രെസ്കോ പ്രതലം നിർമ്മിച്ച് മുട്ടവെള്ളയിൽ ടെമ്പറ കളർപൊടി ചേർത്ത് ചെയ്തത്. ഒരല്പം കാഴ്ച മാത്രമുണ്ടായിരുന്ന ബിനോദ് ബിഹാരി കൈവിരലുകൾ വച്ച് വലിപ്പം അളന്നൂഹിച്ച് വരച്ചവ. കലാഭവനിലെ അന്നത്തെ വിദ്യാർഥികൾ സഹായികളായിരുന്നു. ഹിമാലയസാനുക്കളിൽനിന്ന് ഇറങ്ങിവരുന്ന മിസ്റ്റിക്കുകളുടെ ഒരു പരമ്പരയാണിവിടെ. രാമാനുജവും, കബീറും സൂർദാസും, തുളസിദാസും ഗുരു ഗോബിന്ദ് സിങ്ങും… .ഈ പരമ്പരകളുടെ മറ്റൊരറ്റത്ത് നാടോടിയായ ആനന്ദനൃത്ത ഗീത പരമ്പകള്‍ ഇന്ത്യൻ മനുഷ്യജീവിതത്തിന്റെ അടിവേരുകളിൽ അലഞ്ഞുനടക്കുന്ന ഫക്കീറുകള്‍!

സർവ്വം മറന്നു ഞാൻ മനസാ ബിനോദ് ബിഹാരിയുടെ കണ്ണും കയ്യും ചേർത്തുമ്മ വച്ചുപോയി. ഒരുഗ്രന്‍ ഫ്ലയിംഗ് കിസ്സ്‌! ഇന്ത്യയെന്ന നമ്മുടെ ഭയങ്കര ദേശാഭിമാന കിസ്സാ, അതോടെ എന്നെ സംബന്ധിച്ചെങ്കിലും മഹത്തായ ലോകപ്രേമത്തിനു വഴിമാറി.

പ്രത്യേകം ഓർക്കുക, ഈ മ്യൂറല്‍ ഇന്ത്യാവിഭജനകാലത്ത് 6 മാസം കൊണ്ട് വരച്ചതാണ്. ടാഗോറിന്റെ‍ മിസ്റ്റിക് മാതൃക അദ്ധ്യാപനത്തിൽ പരീക്ഷിച്ചതിന്റെ  പിൻതുടർച്ചയിലാണ് ഇന്ത്യൻ ആധുനികകലയുടെ പല  മാസ്റ്റേഴ്സും ഇങ്ങനെ ഉണ്ടായത്.

ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ, തങ്ങൾക്ക് ശരിക്കും ബോധ്യപ്പെട്ട ഒരു masterpiece  നേരിട്ട് കാണാന്‍ കഴിഞ്ഞതിന്റെ ആനന്ദം വിദ്യാർഥികളിൽ ചിലരുടെ മുഖത്തുവിരിഞ്ഞു. ഏറെപ്പേര്‍ അപ്പോഴും സെല്ഫി  മുക്തരല്ല. മധ്യകാലത്തെ സംസ്കൃത-ബ്രാഹ്മണ ആരാധനാസമ്പ്രദായങ്ങളുടെ സങ്കുചിതതത്വത്തിനു ബദലായി ഇന്ത്യയിലെ ജനജീവിതത്തിന് മുഴുവന്‍ മഹത്തരമായ സ്ഥാനം കൊടുക്കുന്ന ആത്മീയ ധാരകളുടെ തുംഗപദം മുതല്‍ നദീതീരം വരെ വ്യാപിക്കുന്ന ഭക്തിയും ദൈവപ്രേമവും ആഘോഷിക്കാന്‍ ഇന്ത്യയിൽ ഒരുകൂട്ടം കലാകാരന്മാർ പ്രേരിതരായതെന്തുകൊണ്ടാകും?

കോളനിവല്കൃതതമായ ചരിത്രസന്ദർഭത്തെ നേരിടാനും സ്വന്തം സാർവ്വദേശീയ സ്ഥാനം നിർവചിക്കാനും സാധിക്കുന്നവിധം, ലോകവുമായിട്ടുള്ള ഒരു സംവാദാത്മകത ശാന്തിനികേതന് ഉണ്ടായിരുന്നു. പക്ഷേ സ്വാതന്ത്ര്യാനന്തരം പാശ്ചാത്യകലാകേന്ദ്രങ്ങളുമായിട്ടുള്ള സംവാദബന്ധത്തെ വികസിപ്പിക്കാനോ പുതിയ ചെറുപ്പക്കാർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്ന മത്സരാധിഷ്ടിത ബന്ധങ്ങൾക്കുവേണ്ടി തുനിഞ്ഞിറങ്ങാനോ, ശാന്തിനികേതന് കഴിഞ്ഞോ എന്നത് സംശയമാണ്. ആ അർത്ഥത്തില്‍ ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തില്‍ അത് ‘കാലികമായ’ ഒരു കലാകേന്ദ്രമാണെന്ന് പറയാനാവില്ല. 1998-ല്‍ ബറോഡയിൽ പഠിക്കാൻ പോകുമ്പോള്‍ എനിക്ക് ശാന്തിനികേതനെക്കാൾ  ‘ചലനാത്മകം’, ‘കാലികം’ എന്നൊക്കെ തോന്നിയത് ഞാന്‍ ചെന്നിടം തന്നെയായിരുന്നു.

പക്ഷേ ഇന്ന് 2016-ല്‍ ശാന്തിനികേതന്റെ മണ്ണില്‍ നിൽക്കുമ്പോൾ ‘കാലികത’ എന്താണ് എന്നതിന് വേറെയും നിർവ്വചനങ്ങള്‍ അനിവാര്യമായ രാഷ്ട്രീയ സന്ദർഭമുണ്ട് എന്നത് അവഗണിക്കാനാവില്ല. ഒന്നു കഴിഞ്ഞ് മറ്റൊന്നെന്നവണ്ണം രേഖീയവും, സ്വത്വം-അപരം, ഗ്ലോബല്‍-ലോക്കല്‍, പാശ്ചാത്യം-പൌരസ്ത്യം, അല്ലെങ്കില്‍ പാരമ്പര്യം-ആധുനികത എന്നൊക്കെയുള്ളത് ദ്വന്ദയുദ്ധത്തിലെന്നവണ്ണം വിരുദ്ധസ്ഥായികളുമാണെന്ന് ധരിക്കുന്ന ‘കാലികത’യുടെ കാഴ്ച്ചപ്പുറത്തില്‍ ഈ ലോകം വളരെ ഭാഗികവും വിധ്വംസകവുമാകുന്നുവെന്ന് മനസ്സിലാകുന്നു. മാത്രമല്ല, പ്രതിരോധത്തിന്റെ ദേശീയതയെ മറവിയിലേക്ക് തള്ളിക്കൊണ്ട് വിധ്വംസകമായ ഒരു ഭരണകൂടദേശീയത വേരെടുക്കുകയാണിന്നു. ടാഗോറിന്റെ കൊളോണിയല്‍ ഇന്ത്യന്‍ കാലം തന്നെ, ഇന്ന് പുതിയ ഉൾപ്പിരിവുകളോടെ ആവർത്തിക്കുന്നു. ഇത്രകാലം മറനീക്കി പുറത്തു വരാതിരുന്ന ഇന്ത്യയുടെ ആന്തരികമായ സാമ്രാജ്യത്തവാസനകള്‍ ഇന്ന്‍ ഭീഷണമായി അനുഭവപ്പെടുന്നു. പണ്ട് ടാഗോര്‍ പുനരുത്ഥാനവാദികളിൽ നിന്നു കുതറിനിന്നു ആധുനിക ഇന്ത്യന്‍ കലയ്ക്കും മനുഷ്യജീവിതത്തിനും ഒരു  സാർവ്വദേശീയ സ്ഥാനം നേടിയതുപോലെ ഇന്ന് നമുക്ക് ‘മറ്റൊന്ന്’ കഴിയേണ്ടതല്ലേ?

അതിനാല്‍ ഇവിടം മറ്റൊരു അനിവാര്യതയുടെ ബോധ്യപ്പെടലിൽ മാത്രമാണ് ഇന്ന് പ്രസക്തമാകുന്നത്.

ഇങ്ങനെയൊക്കെ ആലോചിച്ചു ചുറ്റും നോക്കുമ്പോള്‍ ഹിന്ദി ഡിപ്പാർട്ട്മെന്റ് വിദ്യാർഥികള്‍ അവരുടെ ചില നിത്യനിദാന തത്രപ്പാടുകളില്‍ കാണപ്പെടുന്നു. ഏതൊരു സാധാരണ കലാലയ ദിനവും പോലെ അവര്‍ അവിടെ വിഹരിക്കുന്നു. അവരുടെ നിത്യജീവിത ക്ലാസ് മുറിയില്‍ ഒരു മാസ്റ്റർപീസ്‌ കണ്ടുവിസ്മയിച്ചുനില്ക്കുന്ന ഞങ്ങളുടെ ഈ വിങ്ങലുകൾ ഒന്നും അവർക്കു പുതുമയല്ലല്ലോ. കേരളത്തിലെ ഞങ്ങളുടെ കോൺക്രീറ്റ് ക്ലാസ്സ്മുറിക്കാട്ടിലാകട്ടെ, കൊളോണിയല്‍ പ്രതാപം മാത്രം വഹിക്കുന്ന സിഗ്നേച്ചർ കെട്ടിടങ്ങൾ ആകട്ടെ, മഹത്തായ പ്രവണതകളുടെ അതിശക്തമായ തുടർച്ചകളുടെ ഭാഗമായി ഇവിടെയൊന്നും ഒരു മഹാനായ ചിത്രകാരനും ഇനിയും ചിത്രം വരച്ചിട്ടില്ല. ശാന്തിനികേതനിലെ ‘കലാചരിത്രത്തിന്റെ വീട്’ മൊത്തത്തില്‍ കെ.ജി.സുബ്രഹ്മണ്യന്റെ സിറാമിക് ടൈല്‍ മ്യൂറലാണ്. ‘പെയിന്റിംഗ് വീടാ’കട്ടെ, കറുപ്പിലും വെളുപ്പിലും ‘മണിദാ’ തന്നെ ചെയ്ത അതിസുന്ദരമായ മ്യൂറലും!

‘നമുക്ക് എല്ലാം എപ്പോഴും വരാനിരിക്കുന്നതേയുള്ളൂ’, ഒരു വിദ്യാർഥി  പാതി തമാശയിൽ പിറുപിറുത്തു. എന്തായാലും നിത്യജീവിതം മാസ്റ്റർപീസിനൊപ്പം ആയ വിദ്യാർഥികളെക്കണ്ട് ഒരല്പം അസൂയയോടെ ഞങ്ങൾ ചൈനഭവനിലെത്തി.

രാം കിങ്കർ ബെയ്ജിന്റെ ഡ്രോയിങ്ങിനെ വച്ച് ശിഷ്യൻമാരായ ശാംഖോ ചൗധരിയും പ്രഭാസ് സെന്നും ചെയ്ത റിലീഫാണ് മുഖപ്പിൽ കാണുന്നത്.

ഇന്ത്യയിൽ ഓറിയന്റൽ ഭാഷയ്ക്കും സംസ്കാരത്തിനും വേണ്ടി അപൂർവ്വമായ അവസരമാണ് ഈ ചൈനീസ് ഡിപ്പാർട്മെന്റ് വാഗ്ദാനം ചെയ്യുന്നത്. from-the-mural-by-benode-behari-at-the-staircase-to-library-at-china-bhavanഅതിന്റെ ലൈബ്രറിയിലേയ്ക്ക് കോണി കേറും വഴിയാണ് ബിനോദ് ബിഹാരിയുടെ ഈ മ്യൂറൽ. Life on the campus ആണ് തീം. അതില്‍ അങ്ങിങ്ങ് ചില ഗുണപാഠങ്ങളുണ്ട്. The right to possess foolishly boasts of its right to enjoy എന്നിങ്ങനെ!!!

ഉച്ചഭക്ഷണനേരത്ത് ഞങ്ങൾ ബിഷുദായെക്കണ്ടു. ഞങ്ങളുടെ കൂട്ടത്തിലെ സഹപ്രവർത്തകനും ശിൽപ്പിയുമായ എ.പി.സുനിൽകുമാര്‍ പ്രത്യേകം ഫോൺ ചെയ്തതാണ് അദ്ദേഹത്തെ, ഞങ്ങൾക്കൊന്നു കാണാന്‍. രാംകിങ്കർ ഏടുത്തുവളർത്തിയ സന്താളി മകളുടെ ജീവിതസഖാവ്. മാത്രമല്ല, രാംകിങ്കറിന്റെയും, പിന്നെ കേരളത്തിൽനിന്ന് 1930-കളിലിവിടെവന്ന് ശില്പം പഠിച്ച് ശില്പിയായി ജീവിച്ച്, പ്രദോഷ് ദാസ് ഗുപ്തയെന്ന ശില്പിയുടെ സഖിയുമായ കമല ദാസ്ഗുപ്തയുടെയും, മറ്റുപല ശിൽപ്പികളുടെയും  ശില്പനിർമ്മാണത്തിൽ മണ്ണും സിമന്റും കുഴച്ച് ഏറെനാൾ പ്രവർത്തിച്ചയാളാണ്  ബിഷുദാ!! ഇദ്ദേഹത്തിന്റെ വിയർപ്പും സ്നേഹവും കൂടി അലിഞ്ഞുചേർന്നതാണ് മോഡേണ്‍ ഇന്ത്യൻ ആർട്ടിലെ ‘ശാന്തനികേതൻ സ്കൂളിലെ’ പ്രധാനപ്പെട്ട കുറേ മാസ്റ്റർപീസുകള്‍.

ബിഷുദായോടൊപ്പം
ബിഷുദായോടൊപ്പം

ബാവുള്‍
ശാന്തിനികേതന് അടുത്തുള്ള ഗ്രാമത്തിലെ തരുൺദാസ് ബാവുലിന്റെ വീടിനോടു ചേർന്ന കുടീരത്തിൽ ഒരു രാത്രി ഞങ്ങള്‍ അതിഥികളായിരുന്നു. ബാവുലുകള്‍ (Baul ) അവിടെ ഗഞ്ചായുടെ ലഹരിയിലായിരുന്നു. അവരുടെ സംഗീതോപകരണത്തിന്റെ പേര് തന്നെ അർത്ഥമാക്കുന്നത് ‘ലഹരി’ എന്നാണു. ഞങ്ങളോ ബാവുള്‍ സംഗീതത്തിന്റെ ലഹരിയിൽ ആനന്ദനൃത്തമാടി.

തരുൺ ബാവുൽ ഞങ്ങളോടു പാടിയ ഒരു പാട്ട് അർത്ഥമാക്കുന്നത് ഇങ്ങനെ:

“റെയിൽവേ സ്റ്റേഷനിൽ
ജനങ്ങളുടെ ശരികെട്ട പെരുമാറ്റത്താൽ
പാതി ചത്തും പാതിതളിർത്തും
കാണപ്പെടുന്ന മരമേ, നീ
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
പഞ്ഞിക്കായ് തൂങ്ങും പോലുള്ള
കൂടുകൂട്ടില്ലയൊരിക്കലും
നിന്റെ തലപ്പിലൊരു കിളിയും
ഹന്ത ! പാഴ്ജന്മമേ”

പണ്ട് ബാവുലുകൾ ഭിക്ഷാംദേഹികളായിരുന്നു; ഭൗതികദാരിദ്രത്തിൽ ഉള്ളിന്റെ ലഹരിനിറച്ച ആനന്ദയോഗികൾ. അവര്‍ നാടുതോറും നൃത്തമാടിനടന്നു. പക്ഷേ അവരെ ആർക്കും പ്രത്യേകമായ ആവശ്യമില്ലായിരുന്നു. ക്ഷണമൊന്നും എങ്ങോട്ടും കിട്ടാറില്ല. ഇന്ന് ബാവുൽഗീതം ‘ഗ്ലോബലാ’ണ്. ഇന്ന് എല്ലാർക്കും വേണം ഇവരുടെ  ആനന്ദചഷകങ്ങൾ.

തരുൺ കേരളത്തിൽ കനവ് ബേബിയുടെയും ബിനു പള്ളിപ്പാടിന്റെയും സുഹൃത്താണ്. ബിനാലെയെക്കുറിച്ച് താൽപ്പര്യത്തോടെ ചോദിക്കുന്നു. അവർക്കിടയിൽ റിച്ചാർഡെന്ന ഒരു അമേരിക്കൻ സാഹിത്യപ്രൊഫസര്‍, ഏതോ നാടോടി പാട്ടുവഴിയിലെ കാൽച്ചിലങ്ക ശബ്ദിക്കുംപോലുള്ള വാദ്യം തരുണിന്റെ‍ പാട്ടോടു ചേർത്ത് ഒരൊറ്റപ്പിടി! എനിക്കിഷ്ടപ്പെട്ടു.

പറഞ്ഞതുപോലെ ഈയിടെയായി ഒരല്പമായി വന്നുചേർന്ന ഭൗതികസമൃദ്ധിയും, ലോകബന്ധവും ചേർന്ന ഒരു സംക്രമത്തിലാണ് നിരന്തരം പരിപാടി ബുക്കിങ്ങുള്ള തരുൺദാസ് ബാവുൽ ഇന്ന്. മകളെ ഒരു കനേഡിയന്‍ കല്യാണം കഴിച്ചു കൊണ്ടുപോയി. മറ്റൊരു മകളും പേരക്കുട്ടിയും തരുണിന്റെ ഭാര്യയുമുണ്ട് കൂടെ. അവര്‍ ഞങ്ങൾക്ക് കട്ടൻചായ വിതരണം ചെയ്തു. ഞങ്ങള്‍ അവർക്ക്  കൊറിക്കാൻ പൊരി കൊടുത്തു. കൂടെ ഭേദപ്പെട്ടൊരു ദക്ഷിണയും.

ഇങ്ങനെ പൊതു ലോക ബന്ധത്തിലേയ്ക്ക് വരാതെ, പലപ്പോഴും അത് തടയപ്പെട്ട, കുറെക്കൂടി ഉൾഗ്രാമങ്ങളില്‍ ഉള്ള മുസ്ലിം സൂഫി ബാവുളുകളെ കാണാൻ കഴിഞ്ഞില്ല എന്ന സങ്കടം ബാക്കിയായി.

അമർകുടീർ
നേരത്തെ പറഞ്ഞ കൃഷ്ണകുമാര്‍ ചെയ്ത ടാഗോർ പോർട്രെയ്റ്റ് ആണ് അമര്‍ കുടീറിൽ നമ്മെ സ്വാഗതം ചെയ്യുന്നത്. അത് ശാന്തിനികേതനില്‍ അദ്ധ്യാപകനായിരുന്ന ശർബരി റോയ് ചൗധരിക്ക് കിട്ടിയ കമ്മിഷൻ വർക്കാണ്. വിദ്യാർത്ഥിയായിരുന്ന കൃഷ്ണകുമാറിന് ആ അധ്യാപകൻ കൈമാറിയതാണ്. അതിന്നിവിടെ ചിലർ ശർബരിയുടെ പേരിലാണ് വരവു വെച്ചിരിക്കുന്നത്. ചിലര്‍ ഇത് രാം കിങ്കറിന്റെ തന്നെ സൃഷ്ടിയാണെന്നും ധരിച്ചിട്ടുണ്ട്.

ടാഗോർ എഴുന്നേറ്റുനിൽക്കുന്ന ഇടമാണിത്. കൃഷ്ണകുമാറിന്റെtagor-sculpture-by-krishnakumar-at-amar-kutir ടാഗോർ ശില്പത്തിന് രാംകിങ്കറിന്റെ ടാഗോർ ശിരസ്സുശില്പവുമായി നല്ല സാമ്യമുണ്ട്. രണ്ടും മുന്നോട്ടായുന്ന ശിരസ്സുകളാണ്. കൃഷ്ണകുമാർ രാംകിങ്കറിന്റെ ടാഗോറിനെ ബോധപൂർവ്വം മാതൃകയാക്കിയിട്ടുമുണ്ട്. പക്ഷേ വിരുദ്ധസ്ഥായിയുമുണ്ട്. ടാഗോറിനെ ഉള്ളിലേക്ക് കണ്ണുകളാഴ്ന്നുപൂട്ടി ചിന്തയിലാണ്ട ഒരു ചലനത്തിൽ രാംകിങ്കറെടുക്കുമ്പോൾ, കണ്ണു തുറന്നുവിടർന്ന് മുന്നോട്ടായുന്ന ചലനത്തിലാണ് കൃഷ്ണകുമാറെടുക്കുന്നത്. ഭാവികാലം ടാഗോറിനെ ഇങ്ങനെ ചലിക്കുന്ന പരമ്പരകളുടെ ആദർശമായി എടുക്കണമെന്ന് ആഗ്രഹിച്ച ശില്പികൾ ആയിരുന്നിരിക്കാം ഇവരൊക്കെ!! അമർകൂടീറിൽ നിലനിൽക്കുന്ന ഈ ക്രാഫ്റ്റുകളാകട്ടെ പ്രകൃതിബന്ധമുള്ള, ജീവിതവുമായി ഇഴപിരിയാത്ത കലാസൗന്ദര്യത്തെയാണ് എന്നേയ്ക്കുമെന്നോണം എഴുന്നേൽപ്പിച്ചുനിർത്തുന്നത്. എല്ലാം ഈ പണാധിപത്യ / പണസങ്കടകാലത്ത് പിണജീവിതത്തെ വിളിച്ചുണർത്തി സ്വന്തം കാലില്‍ നിർത്താന്‍ ശ്രമിക്കുന്നു!

പാഠ്ഭവനിലേയ്ക്കുള്ള (dept.of education)പാതയില്‍ രാംകിങ്കറും വിദ്യാർഥികളും ചേർന്ന്  ചെയ്തതായി അറിയപ്പെടുന്ന ശില്പമുണ്ട്. ഒരു കുടിൽ മാതൃകയാണ് ഇത്. സൂര്യവെളിച്ചം കടത്തിവിടുന്ന കുടി. ഇതിന്റെ രൂപമാതൃകകളും, ചുറ്റുമുള്ള സന്താൾ കുടികളുടെ രൂപമാതൃകകളും തമ്മിലുള്ള സാമ്യം നോക്കൂ. work-by-ramkinker-students-at-education-deptഒരു ആധുനികവിദ്യാഭ്യാസസ്ഥാപനത്തിന് അതിന്റെ  അതിരുകളും  സാമൂഹികമായ പൊതുഇടങ്ങളും എത്ര അഭേദ്യമെന്ന് ഇതിലും മികവിലെങ്ങനെ ആവിഷ്കരിക്കും! വളരെ സൌന്ദര്യാത്മകതയുള്ള ഗുരുശിഷ്യപങ്കാളിത്തത്തിലുണ്ടായ ഒരു യൂണിവേഴ്സിറ്റിയാണിത്. ‘ഭദ്രലോക്ബാബു’ ജീവിതമുള്ള വിദ്യാർത്ഥികൾ പോലും ഈ കണ്ണിബന്ധങ്ങൾക്കുള്ളിൽ തന്നെ വിഹരിക്കണം. സമരോത്സുകതയിൽനിന്നുയർന്ന കേരളത്തിലെ ആർട്ട് കോളേജുകൾക്ക് ചില ഒറ്റപ്പെട്ട സന്ദർഭങ്ങള്‍ ഒഴിച്ചാൽ സജീവമായ ഈ സമൂഹകണ്ണിബന്ധമുണ്ടോ? ഈ കലാജീവിതസൗന്ദര്യവും കുറവ്.

എ.പി.സുനിൽകുമാർ അധ്യാപകനായിരുന്ന സുഷിൻ ഘോഷിനൊപ്പം
എ.പി.സുനിൽകുമാർ അധ്യാപകനായിരുന്ന സുഷിൻ ഘോഷിനൊപ്പം

അങ്ങനെ ഞങ്ങൾ ആ സായാഹ്നത്തിൽ നടന്നു വരവേ, ഞാന്‍ മേൽസൂചിപ്പിച്ച ബിഷു ദായുടെ സ്നേഹിതന്‍, ശാന്തിനികേതനിലെ മുൻ വിദ്യാർത്ഥിയായ, ഞങ്ങളുടെ കൂട്ടത്തിലെ സഹപ്രവർത്തകന്‍, എ.പി.സുനിൽകുമാർ, പെട്ടെന്ന് തന്റെ പഴയ അധ്യാപകൻ സുഷിൻ ഘോഷിനെക്കണ്ട് ഓടിച്ചെന്നു. വയോവൃദ്ധനായ അദ്ദേഹം അവിടെ ജനറൽ ലൈബ്രറി കെട്ടിടത്തില്‍ നടക്കുന്ന ഒരു കലാപ്രദർശനം കാണാന്‍ വന്നതാണ്. അദ്ദേഹത്തിന്റെ ശിൽപ്പമാണ് ആ കെട്ടിടത്തിന്റെ അങ്കണത്തില്‍ ഉള്ളതും. തന്റെ ശില്പം അലങ്കരിക്കുന്ന കാമ്പസിൽ റിട്ടയർ ചെയ്താലും വിഹരിക്കുന്ന അദ്ധ്യാപകരുള്ള ഇടമാണിത്.

വിഷ്ണുപുർ ടെറാക്കോട്ട ടെംപിൾസ്
കേരളത്തിലെ കരകൌശലപ്രദർശനശാലകളില്‍ മലയാളി മങ്കമാരെ ആകർഷിക്കാനായി പാവപ്പെട്ട ബംഗാളികള്‍ കൊണ്ടുവരുന്ന ബാലുച്ചേരി സാരി കാണുമ്പോഴൊക്കെ ആലോചിക്കും, ഇവരുടെ നാട്ടിലെ ആ ഗംഭീര ടെറാക്കോട്ട ക്ഷേത്രങ്ങള്‍, പതിനേഴാം നൂറ്റാണ്ടിലെ ആ അത്ഭുതങ്ങൾ കാണണമെന്ന്! ഒരു ശിൽപ്പം പണിതു ചുട്ടെടുക്കും പോലെയല്ല, മണ്‍ ഇഷ്ടികകൾ കൊണ്ടും, വെട്ടുകല്ലു കൊണ്ടും പണിതുയർത്തിയ ഭീമാകാരമായ കെട്ടിടങ്ങള്‍!

വിഷ്ണുപുർ ടെറാക്കോട്ട ക്ഷേത്രങ്ങൾ
വിഷ്ണുപുർ ടെറാക്കോട്ട ക്ഷേത്രങ്ങൾ

അകത്തുകയറിയാല്‍ പലതരം ഇടനാഴികള്‍. പുറം ചുവരുകളില്‍ ശിൽപ്പങ്ങളുടെ റിലീഫുകള്‍. അവ അക്കാലത്തെ രാഷ്ട്രീയവും മതപരവും സാമ്പത്തികവുമായ ജീവിതങ്ങൾക്ക് ആവിഷ്കാരമേകുന്നു.from-vishnupur-terracotta-temples-1 യുദ്ധങ്ങള്‍, വീരസാഹസികഥകൾ, പ്രണയങ്ങൾ, പാട്ടുകാർ, സദ്യക്കാർ, നായാട്ടുകാര്‍, മേളക്കാർ, രസമണ്ഡലങ്ങൾ, തുടങ്ങി പലതും പലരും അലങ്കാരത്തൂണുകളിലും ചുവരുകളിലുമായി കുനുകുനാ കാണപ്പെടുന്നു. ഒറ്റയ്ക്കും, പലതായും ശിഖരങ്ങള്‍ കാണാം. വില്ലുപോലെ വളഞ്ഞതും, ഹാർഡ്ബോഡ് രണ്ടായി മടക്കി രണ്ടു വശവും അല്പം വളച്ചു കുത്തിനിർത്തിയ പോലുള്ളതുമായ വന്‍പുരകൾ ആണിവ. ആ അർത്ഥത്തില്‍ ആകൃതി നോക്കുമ്പോള്‍ പല സന്താളി വീടുകളും പോലെ എത്ര ലളിതം എന്നു തോന്നും. പക്ഷേ ഈ ആകൃതിയെ വല്ലാത്തൊരു വലിപ്പത്തിലേക്ക് വലുതാക്കുമ്പോൾ സംഗതി വേറെയാകുന്നു. ഡിസൈന്‍ ധാരാളിത്തം കൊണ്ട് ഓരോ ചുമരും ചേർന്നുള്ള നടത്തം തന്നെ നമ്മെ ഹരം പിടിപ്പിക്കുന്നു. വിഷ്ണുപുര്‍ മുഴുവൻ ഇത്തരം വാസ്തുവിദ്യകൾfrom-vishnupur-terracotta-temples-7 ചിതറിക്കിടക്കുന്നു. ദുർഗ്ഗാ ദേവീ ഭക്തരും കൃഷ്ണഭക്തരുമൊക്കെയായിരുന്ന മല്ല രാജാക്കന്മാർ (Malla Kings) ആണ് ഇവയൊക്കെ പണിയിപ്പിച്ചത്. ഈ മേഖലയില്‍ വെട്ടുകല്ലാണ് സുലഭം. ഉറപ്പുള്ള സാൻഡ്സ്റ്റോണ്‍ ലഭ്യമല്ലാത്തതുകൊണ്ടാണ് അതില്‍ പണിയാതിരുന്നത്. കല്ലില്‍ പണിത ശിൽപ്പ ധാരാളിത്തം പൂണ്ട പന്ത്രണ്ടാം നൂറ്റാണ്ടിലെ കർണ്ണാടകയിലെ ഹൊയ്സാല രാജാക്കന്മാരുടെ ക്ഷേത്രങ്ങള്‍ ഓർമ്മ വരും ഈ വെട്ടുകൽക്ഷേത്രങ്ങളിലെ കഥന ശിൽപ്പങ്ങൾ (narrative reliefs) കാണുമ്പോള്‍. പക്ഷേ അസാമാന്യ പൊക്കമുള്ള അടിക്കെട്ടിനുമേല്‍ കെട്ടിപ്പൊക്കുന്ന വാസ്തുവിദ്യയുടെ കാര്യം നോക്കുമ്പോള്‍ ഇതിന് കാഴ്ചയിൽ മറ്റൊരു സാമ്യം, പത്താം നൂറ്റാണ്ടിലെ ഖജുരാഹോ സമുച്ചയങ്ങളോടാണ്.from-vishnupur-terracotta-temples-6

ഇന്ത്യന്‍ ക്ഷേത്ര-ശിൽപ്പകലകളുടെ ഒരു ധൂർത്തകാലമാണ് ഈ ക്ഷേത്രസമുച്ചയങ്ങള്‍ കാണുമ്പോള്‍ നമ്മൾ അനുഭവിക്കുന്നത്. വെട്ടുകല്ലിനെ അതേപടി ചെത്തിച്ചെത്തി ശിൽപ്പമാക്കി മിനുക്കി എടുക്കുന്നതും, അങ്ങനെ എടുത്ത റിലീഫിനെ പിന്നെ നേർത്ത പ്ലാസ്റ്റർ കൊണ്ട് മൂടി, സുരക്ഷിതവും മിഴിവുറ്റതുമാക്കുന്നതും കാണാം.

jain-temple-khajuraho
ജൈനക്ഷേത്രം, ഖജുരാഹോ

ഖജുരാഹോ കിഴക്കും പടിഞ്ഞാറുമുള്ള ക്ഷേത്രസമുച്ചയങ്ങള്‍
ചാണ്ടെല (Chandella) രാജാക്കന്മാരുടെ കാലവും ജീവിത രതിയുടെയും ശിൽപ്പരൂപങ്ങളുടെയും മഹാധൂർത്തായിരുന്നു. പടിഞ്ഞാറന്‍ സമുച്ചയത്തിൽ പലതും ഹിന്ദു ക്ഷേത്രങ്ങളാണെങ്കിൽ കിഴക്കന്‍ സമുച്ചയമൊരു ജൈന തീർത്ഥങ്കരലോകമാണ്. പക്ഷേ ശില്പത്തിനും ശില്പിക്കും വേറെ മതമുണ്ടായിരുന്നുകാണും തീർച്ച. അതായത് ഏതെങ്കിലും വിധത്തില്‍ അത്ഭുതകരമായ വ്യാപ്തം നേടുന്ന ഏതിടവും, കെട്ടിടമായാലും മനുഷ്യശരീരമായാലും, അത് പരിശുദ്ധമായ ആനന്ദാതിരേകം ജനിപ്പിക്കുമെന്ന ആ സുന്ദരമതം! ഉത്തരേന്ത്യൻ ക്ഷേത്രങ്ങൾ പ്രസിദ്ധികൊള്ളുന്നത് നാഗര വാസ്തുശില്പശൈലിക്കാണ്. അതിന് ലംബമാനമായ അടുക്കുകളായി അപാരതയിലെക്കെന്നപോല്‍ ഉയർന്നുപോകുന്ന ശിഖരങ്ങളാണ് മുഖമുദ്ര… ഏറ്റവും തുഞ്ചത്ത് പൂ വിടർന്ന് ലേശമൊന്ന് തിരശ്ചീനമായി അമർന്ന പോലുള്ള അമാലകങ്ങളും.

ഗുപ്തകാലത്തു നിന്നു തുടങ്ങുന്ന ‘പണിതുകയറ്റിയ’ (Structural Temples) ക്ഷേത്രങ്ങളുടെ വാസ്തുവിദ്യ വളരെ വികസിതമാകുന്നത് നമ്മള്‍ കാണുന്നത് ഖജുരാഹോയിൽത്തന്നെ. പ്രത്യേകിച്ചും കാണ്ടരീയ മഹാദേവ ക്ഷേത്രം.

കാണ്ടരീയമഹാദേവക്ഷേത്രം
കാണ്ടരീയമഹാദേവക്ഷേത്രം

അതിന്റെ നിർമ്മാണപദ്ധതി അവിടെയുള്ള ഏതു ക്ഷേത്രത്തിന്റെയും പദ്ധതിയുടെ ബൃഹത്തായ മാതൃകയായിരിക്കും. അർദ്ധമണ്ഡപം, മണ്ഡപം, മഹാമണ്ഡപം, അന്തരാളം, ഊരുശൃംഗം, ശിഖരം, എന്നിങ്ങനെയാണ് അത്. പല ക്ഷേത്രങ്ങളിലും  മണ്ഡപങ്ങള്‍ കുറയാം, ശിഖരങ്ങള്‍ കൂടാം, അവയുടെ പൊക്കം കൂടാം കുറയാം. ഇത്തരം മാറ്റങ്ങള്‍ അക്കാലത്തെ ആർക്കിടെക്റ്റിന്റെ ജ്ഞാനവും ഭാവനയും ഉത്ക്കർഷവും, പ്രായോഗികതയും, രാജാവിന്മേലുള്ള ‘പിടിപാടും’, രാജാവിന്റെ ആവശ്യവും ഒക്കെ അനുസരിച്ചിരിക്കും. ഈ സമുച്ചയങ്ങളില്‍ ഇപ്പോഴും ആരാധനയുള്ളത് ഒരൊറ്റ ഇടത്തു മാത്രം. അവിടെ വലിയ ലിംഗപ്രതിഷ്ഠ. ബാക്കി ക്ഷേത്രങ്ങളെല്ലാം കയറി പൊക്കത്ത് ചെല്ലുമ്പോള്‍, അകത്തെ പ്രദക്ഷിണവഴിയിലേക്ക് നമ്മെ നിക്ഷേപിക്കുന്നു. ഇന്നത്തെ വിനോദപാർക്കുകളിലെ ഭീമന്‍ വ്യവസ്ഥകളിൽ varaha-murthi-from-varaha-temple-khajuraho-2പെടുമ്പോഴുള്ള പോലെ ഒരവസ്ഥ തന്നെയാണ് ഇതും. മനുഷ്യര്‍ മുകളിൽ നിന്നും താഴെനിന്നും വരുന്ന കൽക്കെട്ടുകൾക്കിടയില്‍ ചെറുപൊട്ടുകൾ പോലെ വലിപ്പം കുറഞ്ഞ്, അങ്ങനെ അത്ഭുതാദരങ്ങളോടെ വിഹരിക്കുന്നു.

വരാഹ ക്ഷേത്രം കുറച്ചു ലളിതമാണ്. വരാഹമൂർത്തി അതിസുന്ദരമായ ഒരു പന്നിവിഗ്രഹമാണ്. മേലെഴുത്തുള്ള ഒരു മേലങ്കിയണിഞ്ഞ പോലെ അത് കാണപ്പെടുന്നു. വിഷ്ണുഭഗവാന്റെ ഈ അവതാരമൂർത്തി  അപാരചലനത്തിലാണ്. മുന്നിൽകാണുന്ന ഭൂമീദേവിയെ ആരോ കട്ടോണ്ടുപോയത്രേ. ഇപ്പോള്‍ ദേവിയുടെ കാലു മാത്രം. താഴെ പുളയുന്ന നാഗവും വരാഹത്തിൻ കാലിന്റെ മുന്നാക്കവും അപാരമെന്നല്ലേ പറയേണ്ടൂ. ഒറ്റക്കല്ലിലാണ് ഒരു മഹാവരാഹത്തിന്റെ സർവ്വഭാരവും ചലനവും അനുഭവപ്പെടുന്നത്.varaha-murthi-from-varaha-temple-khajuraho-3

ഓരോ ക്ഷേത്രത്തിലും കയറി അകത്തേയ്ക്ക് പല മണ്ഡപങ്ങൾ കടന്നുപോയാലെന്നപോലെത്തന്നെ, പുറത്തു കടന്ന്‍ മൂന്നാൾ പൊക്കത്തിൽ കെട്ടിയ അധിഷ്ടാനത്തിലൂടെ ചുറ്റും നടന്നാലും പലതരം ശിൽപ്പലോകം കാണാം. അവയില്‍ കാമവും യുദ്ധവും ഒരേ നാടകത്തിൻ അടിക്കല്ലുപാകുന്ന പാനലുകൾ തന്നെ!! അന്ധകാസുര നിഗ്രഹത്തിലേർപ്പെട്ട മൂർത്തിയുടെ ഇരുഭാഗത്തും രതിയിലേർപ്പെട്ടോർ, അതുകാണുമ്പോള്‍ ആരും പറഞ്ഞുപോകും, ഇരുട്ടിനെ നിഗ്രഹിക്കുന്ന ഈ ജീവിതരതിയ്ക്ക് നമസ്കാരം!khajuraho-reliefs-western-group-5

ഇടയ്ക്കൊക്കെ കാണാം ഒരു  യോഗിയിൻ താന്ത്രികനാടകമോ, മറ്റോ. സൂക്ഷ്മമായി നോക്കിയാല്‍ കാണാം ഒളിഞ്ഞുനോട്ടക്കാരികൾ, പുറം തിരിഞ്ഞോർ, മഹാനർത്തനത്തിലേർപ്പെട്ട ലാസ്യവതികള്‍. പലവിധത്തില്‍ വ്യാഖ്യാനിക്കാവുന്നതാണ് ഇവരുടെ നിൽപ്പും വ്യംഗ്യങ്ങളും. ഇനിയും പറയപ്പെടാത്ത നൂറുനൂറു കഥകള്‍ ഇവയിലുണ്ടാകാം. നേരനുഭവം എന്നൊക്കെ തോന്നുവോണം ജനജീവിതത്തിന്റെ ഒരു കാഴ്ച, ഈ ശിൽപ്പങ്ങള്‍ തരുന്നു.

വൃത്താകൃതിയിലുള്ള സൂത്രക്കല്ല്, Keystone
വൃത്താകൃതിയിലുള്ള സൂത്രക്കല്ല്, Keystone

എന്നാലും ഈ എടുപ്പുകളൊക്കെ ഇവയുടെ നിർമ്മിതിയുടെ അത്ഭുതമാണ് ഏറ്റവുമധികമുയർത്തുന്നത്. ശില്പിയുടെ ശാരീരികശേഷി, ക്ഷമത, സൂക്ഷ്മമായ കണക്കുകൂട്ടലുകൾ,  ഇതെല്ലാം ഫലത്തില്‍ ബലസന്തുലനത്തിന്റെ (weight balance ) വിന്യാസം തന്നെ!!! അതിനെന്തു വ്യാഖ്യാനം പോരും? ആലോചിച്ചുനോക്കൂ ആ പണിക്കാര്‍ അന്ന് തുകൽപാളകളിൽ രേഖപ്പെടുത്തിയിരിക്കാവുന്ന പണിപദ്ധതികൾ !! ശിഖരങ്ങളുടെ മുകളിൽ എത്തുമ്പോൾ മൊത്തം കെട്ടിടത്തിന്റെ പൂട്ട്‌ എങ്ങനെയായിരുന്നു ഇട്ടിരുന്നതെന്ന് കാണണോ? അകത്ത്ചെന്നു നിന്ന് ശിഖര ഭാഗത്തിന്റെ മേൽത്തട്ട് നോക്കണം. കാണാം, ഒരു ചതുരം, ഡയഗണലായ തിരിവോടെ അതിന്മേൽ മറ്റൊരു ചതുരം, അങ്ങനെ ഇഷ്ടമുള്ളത്ര വച്ചുപോയിട്ട് ഒടുവിലൊരു സൂത്രക്കല്ല്, keystone, ഇട്ടുപൂട്ടുന്നു.

Keystone, സൂത്രക്കല്ലുകൊണ്ടുള്ള പൂട്ട്
Keystone, സൂത്രക്കല്ലുകൊണ്ടുള്ള പൂട്ട്

ഈ ഭാരമൊക്കെയും വലിച്ചുപൊക്കിയ മൃഗങ്ങളേ, മനുഷൃരേ, ഉത്തോലകവിദ്യകളേ, നിങ്ങൾക്ക് നമസ്കാരം!!!

ഇക്കാലത്ത് ഇന്ത്യയിലെ ശില്പി ഉന്നത വിശ്വകർമ്മജാതിയായിരുന്നു. പദവിയിൽ താണവരല്ല. ശാസ്ത്രബോധവും ശാരീരികശേഷിയുമുള്ള വിശ്വകർമ്മർ മഹത്തരമായ പദവിയുള്ളവരായിരുന്നു. ഇന്ത്യയിലെ ശിൽപ്പികളും ചിത്രകാരന്മാരും സ്വയം രേഖപ്പെടുത്താത്തവരാണ്. ക്ഷേത്രങ്ങളില്‍ കാണപ്പെടുന്ന ലിഖിതങ്ങള്‍ ആകട്ടെ പലപ്പോഴും രാജാവിന്റെയോ, പണ്ഡിതമാന്യര്‍ ഭാഷയിൽ  എഴുതിവയ്ക്കുന്ന മൂർത്തിസങ്കൽപ്പത്തിന്റെയോ, പണം സംഭാവന ചെയ്ത മറ്റുള്ളവരുണ്ടെങ്കില്‍ അവരുടെയോ കാര്യങ്ങളേ എഴുതിരേഖപ്പെടുത്താറുള്ളൂ. അതുകൊണ്ടുതന്നെ കലാചരിത്രമെഴുത്ത് പലപ്പോഴും ശിൽപ്പിയുടെ ഭാഗത്തുനിന്ന് അപൂർവ്വമായേ സാധ്യമാകാറുള്ളൂ.khajuraho-western-group-reliefs-3

‘ആ ശിൽപ്പകാരണവന്മാര്‍ ഇതൊക്കെ എങ്ങനെ മെനഞ്ഞപ്പാ’ എന്ന സ്വന്തം അത്ഭുതത്തെ കഴിയുന്നത്ര ശാസ്ത്രീയമായി പ്രീണിപ്പിച്ചുകൊണ്ട് ഞങ്ങള്‍ thirthankara-relief-khajurahoനടന്നുകാണവേ, ചിത്രഗുപ്ത ക്ഷേത്രത്തിന്റെ കിഴക്കേ ചുവരിൽ ഒരു രഹസ്യമുണ്ടെന്നുകണ്ടു. ഇക്കാണായ വൻകല്ലുകൾ പലതും എങ്ങനെയാണു കെട്ടിത്തൂക്കി, വേണ്ടിടത്ത് എത്തിച്ചിരുന്നതെന്ന് ഒരു ചെറുദൃഷ്ടാന്തം. ശില്പികൾ ഇങ്ങനെ അവരുടെ അധ്വാനം ചെറിയ ചില കോണുകളില്‍ നേരേ രേഖപ്പെടുത്തിയിട്ടുണ്ട്. രതി-മൈഥുന കാര്യങ്ങള്‍  പോലെത്തന്നെ, ശിൽപ്പനിർമ്മാണത്തിന്റെ അധ്വാനവും ഇവര്‍ തങ്ങൾ പണിയുന്ന അതിഭൗതികതയുടെ ഓരോ വന്‍എടുപ്പിലും ഏറെ ഭയന്ന്, ഏറെ ഒളിപ്പിച്ച്, എന്നിട്ടും അള്ളിപ്പിടിപ്പിച്ച, സ്വയം വിസ്തരിച്ചുപോയ ജീവിതചിത്രം തന്നെ!a-detail-of-relief-showing-the-labour-of-sculptors-khajuraho

രതിയിൽ മുൻകൈകൾ ഏറെയുള്ള പെണ്ണുങ്ങൾ ജീവിച്ച കാലമാകണമത്. കൂട്ടംചേർന്ന രതിക്കു നല്ല സ്ഥാനമുണ്ട്. രതിയനുഭവങ്ങളുടെ സകലസാധ്യതകളും അന്വേഷിച്ചവരുടെ ആ കാലം രതിയിൽ സ്ത്രീയെ ഒറ്റപ്പെടുത്തിയിരുന്നില്ലെന്നുറപ്പ്. സമൂഹത്തിൽ നർത്തകികൾ ആദരിക്കപ്പെട്ടിരുന്നുവെന്നതിന് അവർക്ക് അന്നത്തെ ഏറ്റവും വലിയ കലയിൽ കിട്ടിയ സ്ഥാനം തന്നെ തെളിവ്.

പടിഞ്ഞാറൻ ഖജുഝോയിലെ റിലീഫുകൾ
പടിഞ്ഞാറൻ ഖജുഝോയിലെ റിലീഫുകൾ

ആദരണീയമായ ഒരു ശരീരമാണ് ഒരു ശില്പം. ആ ഉടലിനെ തൊടണം. തൊടാന്‍ തോന്നുന്നതാണ് khajuraho-reliefs-western-group-2മൌര്യകാലത്തെ മഹായാന ബുദ്ധശരീരം. ഗുപ്തകാലത്തെ ഉടലെങ്കിൽ നമുക്കതിന്റെ ശ്വാസം പോലും കിട്ടും. ഖജുരാഹോയില്‍ കാണുന്നത് പത്ത്- പതിനൊന്നാം നൂറ്റാണ്ടിലെ പെരുക്കമാണ്. ശ്വാസം കുറവ്. എന്നാലും ശിൽപ്പങ്ങള്‍ കാണുമ്പോൾ ഓരോരോ സുന്ദര ദേവൻമാർ കൂട്ടിക്കൊണ്ടു പോകുന്നതുപോലെ തോന്നും.

വെട്ടുകിളിക്കൂട്ടം
ഖജുരാഹോയിൽ നിന്നും സാഞ്ചിയിലേക്കുള്ള യാത്രയിലാണ് ഞാന്‍ ഞങ്ങളെത്തന്നെ ഒന്നു നന്നായി ശ്രദ്ധിച്ചത്. ഗ്രാമീണർ തിങ്ങിവിങ്ങിയ ബസിൽ സാത്ന (Satna) റെയിൽവേ സ്റ്റേഷനിലേക്ക്,  മൂക്കിൽ കിലോക്കണക്കിന് പൊടിയടിച്ച് കേറ്റി അങ്ങനെ പൊയ്ക്കൊണ്ടിരിന്നപ്പോൾ ഒരു അശരീരി കേട്ടു. ആ ബസ്സിന്റെ കണ്ടക്ടര്‍ ആണ്. അയാള്‍ സ്ഥിരം ആ ബസ്സില്‍ കയറുന്ന തന്റെ കരക്കാരോട്‌ പറയുന്നു: “സാധാരണ നമ്മട വണ്ടി ആളൊഴിഞ്ഞു വരാറുള്ളതല്ലേ. ഇന്ന് ദേ ആ ഖജുരാഹോന്നു തന്നെ നാൽപ്പതോളം പിള്ളേര് ഒരുമിച്ച് കേറിയിരിപ്പായി. ഒന്നഡ്ജസ്റ്റ് ചെയ്യണ…..”a-selfie-time-in-front-of-ajanta-cave

അതേ. ഞങ്ങളേയ് വെട്ടുകിളിക്കൂട്ടമാണ്! ഓരോ ഇടങ്ങളില്‍ പറന്നിറങ്ങുകയും ഒന്നിച്ചു പൊങ്ങുകയും ചെയ്യും.

ർമ്മവൃക്ഷം
ഖജുരാഹോയിലെ ഒരു കൊച്ചു ട്രൈബൽ മ്യൂസിയത്തിൽ ബസ്തര്‍ ട്രൈബുകൾ മെനഞ്ഞ ‘കർമ്മവൃക്ഷം’ കണ്ടു. ആ വൃക്ഷത്തിന്റെkarmavruksha-of-bastar-tribe-khajuraho-tribal-museum വേരുകളിൽ നിരന്നോർ, നമ്മെപ്പോലെ കർമ്മങ്ങളിൽ പെടച്ചുകയറാൻ ധൃതിപ്പെടുന്നോർ, ചില്ലകളിലെങ്ങോ എത്തിക്കിട്ടിയപ്പോൾ വിശ്രമിക്കുന്ന പുരുഷനെ മടിയിൽവച്ചിരിക്കുന്നോൾ, വെറുതേ മനോരാജ്യക്കാർ, രതിയിലേർപ്പെടുവോർ, ഒത്തിരിക്കുവോര്‍!

ആദിവാസികളുടെ കർമ്മവൃക്ഷം കുറേ ‘നോൺ-വർക്കി’ കളുടേതുമാണ്. ഈ മരമുകള്‍ വിന്യാസമുണ്ടല്ലോ, ജീവിതാനന്ദത്തിന്റെ കർമ്മപ്രപഞ്ചം, ഇതു തന്നെയല്ലേ അപ്പുറത്ത് ഭരണാധികാരികള്‍ വൻ പൊൻപണം കൊടുത്ത് ചെയ്യിപ്പിച്ചതിന്റെയും തത്വം?

പിന്നെ, ഉടൽസർക്കസെന്ന നിലയിലുള്ള രതിയുടെ കാര്യമെടുക്കാം. മൊത്തത്തിലുള്ള ആദിവാസികർമ്മമരത്തിന്റെയായാലും, കൂമ്പിനിൽക്കുന്ന ചാണ്ഡേലരാജക്ഷേത്രപ്പൂവിന്റെയായാലും, ഒരു ചെറുഭാഗം മാത്രമാണത്. നമ്മൾ പുറമേ കേൾക്കും പോലെ ഇറോട്ടിക് ശിൽപ്പങ്ങളല്ല ഖജുരാഹോ ക്ഷേത്രങ്ങളിൽ നമ്മെ എതിരേൽക്കുന്ന മുഖ്യാദ്ഭുതം, മറിച്ച് അവയുടെ വാസ്തുവിദ്യയാണ്,  അതായത് കലയുടെ രൂപനിർമ്മാണമാണ്….. രതിശില്പങ്ങൾ ചുവരിടുക്കുകളിലും മറ്റും എത്ര ഭാവസാന്ദ്രമായി നിക്ഷേപിച്ചിരിക്കുന്നു. എന്നിട്ടും നമ്മളെന്തിനാണ് ആ ക്ഷേത്രങ്ങളുടെ ജീവിതരതിയെ ഉടൽരതിയാക്കി ചുരുട്ടി കയ്യില്‍ പിടിക്കുന്നത്! ആദിവാസിക്ക് ഈ ശീലമില്ല. അവന്റെ മരത്തിലുമുണ്ട് രതിലീലകള്‍. മറ്റുപലതും പോലെ. രതിയും ശാന്തിമാർഗ്ഗത്തിന്റെ കൊമ്പില്‍.

ആ മരത്തിന്റെ തരംഗത്തലപ്പ് മനസ്സിലിപ്പോഴും!

അങ്ങനെ വഴിയേ ധ്യാനോർജ്ജം അടപ്പിട്ടുവച്ച അണ്ഡാകൃതിയുടെ ബൗദ്ധകവാടം, സ്തൂപം, തേടിപ്പോകയായി ഞങ്ങള്‍….a-thorana-sanchi-stupa

സാഞ്ചി
അശോകൻറെ കാലത്തെ, ഹീനയാന ബുദ്ധലോകമാണ്railing-sanchi-stupa സാഞ്ചി സ്തൂപത്തിൽ. ഇന്ത്യയിലെ ഏറെ പഴക്കംചെന്ന കൽക്കെട്ട്. ബി.സി.മൂന്നാം നൂറ്റാണ്ടില്‍ അശോകചക്രവർത്തി തുടക്കമിട്ട അണ്ഡാകൃതി. പിന്നെ ബി.സി. ഒന്നാം നൂറ്റാണ്ടില്‍ അതിന് ചുറ്റും പ്രദക്ഷിണ വഴിയും ശിൽപ്പാലംകൃതകവാടങ്ങളും നിർമ്മിക്കപ്പെട്ടു. എത്രവലിയ കല്ലുകളാണ് വാഴപ്പോള കൊണ്ട് വളച്ചുകുത്തിയ ലാഘവത്തിൽ കാണപ്പെടുന്നത്!

ആ കോണിപ്പടിയേറി സ്തൂപാകൃതിക്ക് ചുറ്റുമുള്ള പ്രദക്ഷിണവഴിയില്‍ എത്തിയപ്പോൾ ദൂരെ നിന്നു നോക്കുമ്പോള്‍ കാണാമായിരുന്ന ആ മകുടക്കുട (ഛത്രം) കാണാനേയില്ല. മറിച്ച് നീലാകാശവും അപാരമായ ഈ ഗോളാകൃതിയും മാത്രം.view-from-balustrades-sanchi-stupa

ബ്രഹ്മാണ്ഡവലിപ്പങ്ങൾ ഇന്നും നമ്മളിങ്ങനെയൊക്കെയല്ലേ ഗ്രാഫിക്കാക്കുന്നത്! ഈ മിനിമൽ tight frame തന്നെയാണ് പ്രദക്ഷിണവഴികൾ കയറി, സ്തൂപത്തെ തൊട്ടുനിൽക്കുന്ന നമ്മളനുഭവിക്കുന്നത്. അങ്ങേ മുകളറ്റം മറഞ്ഞുപോകുന്നു. പാടാന്‍ തോന്നി, ആദിയില്ലല്ലോ, അന്തമില്ലല്ലോ…

സാലഭഞ്ജിക
സാലഭഞ്ജിക

ജീവിച്ച വിപ്ലവബുദ്ധനും സ്ഥാപിതബുദ്ധഭഗവാനും ഇടയ്ക്കുള്ള അന്തരാളഘട്ടത്തിൽ ബോധിവൃക്ഷമായും ഒഴിഞ്ഞ കസേരയുടെ രൂപത്തിൽ പ്രതീകമായും ബുദ്ധൻ കാണപ്പെടുന്ന കാലത്തിന്റെ (2c BC -2AD) സജീവചിത്രണങ്ങളാണ്detail-of-reliefs-on-sanchi-gateways ഈ തോരണങ്ങൾ. മീൻ പിടിക്കുന്ന അരയന്നവും അരയന്നത്തെ പിടിക്കുന്ന മുതലയുമൊക്കെ അതിൽ കാണായി. മരംകേറിപ്പെണ്ണ് ശാഖയിൽ ബാലൻസു പിടിക്കുന്നു. അവളാണ് സാലഭഞ്ജിക. കലാചരിത്രം ഇവളെ ‘ബ്രാക്കറ്റ് ഫിഗര്‍’ എന്ന്‍ സാങ്കേതികമായി വിളിക്കും. ഇവളുമാരൊക്കെ വലിയ ഫാഷൻകാരികളായിരുന്നു കേട്ടോ. ആ കട്ടിമുടി യൂ കട്ട് നോക്കൂ. അത് കാണണമെങ്കില്‍ ആ തോരണകവാടത്തെ ഉള്ളിലെ പടികയറി ചെന്നാല്‍ എത്തുന്ന ഒരാൾപൊക്കമുള്ള കൈവരിയ്ക്ക് മുകളിലൂടെ നോക്കണം. ആണുങ്ങളും മോശക്കാരല്ല, നല്ല ‘മോഹന്‍ ജോ ദാരോ’ തുടർച്ചയുണ്ട് ഈ വളകൾ, വീതിയാർന്ന മാലകൾ എന്നിവയ്ക്ക്.

സാഞ്ചിസ്തൂപത്തിന്റെ രേഖാചിത്രം വരയ്ക്കുന്ന അമ്മു
സാഞ്ചിസ്തൂപത്തിന്റെ രേഖാചിത്രം വരയ്ക്കുന്ന അമ്മു

ഇവിടെയും മെസൊപ്പൊട്ടേമിയയിലെ ചിറകുവച്ച കാളയോടു സാമ്യമുള്ള  വ്യത്യസ്തരാം മൃഗങ്ങളുമുണ്ട്.

ഗുഹാക്ഷേത്രങ്ങള്‍ : അജന്ത, എല്ലോറ
2012-ൽ കണ്ടതിനേക്കാൾ അജന്താ ഗുഹകൾ ഒരു ടൂറിസ്റ്റ് മ്യൂസിയം ആയിപ്പോയതിന്റെ ഖിന്നതയിലാണ് ഞാൻ. പ്രശാന്തമായ ഇരുട്ടിൽ കാണാൻ കഴിഞ്ഞിരുന്ന ധ്യാനബുദ്ധൻമാരെല്ലാം ഇപ്പോൾ ഏതോ ബാലേ നടൻമാരെപ്പോലെ ബൗൺസ് ലൈറ്റിൽ കുളിച്ചുനിൽക്കുന്നു!mahaparinirvana-ajanta-cave

‘അതിവൈകാരികത’ ഇവിടേയും, അതുമൊരു പക്കാ മ്യൂസിയം ഭാഷയിൽ!

ശരിക്കും ബി.സി രണ്ടാം നൂറ്റാണ്ടിൽ ഈ ഗുഹകൾ വെട്ടിയെടുത്തോരെ ഭാവനയിൽ കാണണം. പിന്നെ ഏകദേശം 500 വർഷത്തോളം പല കാലത്ത് ഇടവിട്ടിടവിട്ട് ഈ ചൈത്യങ്ങളും വിഹാരങ്ങളും മഹായാനത്തിലേക്ക് കടന്നതിന്റെ  അടയാളങ്ങളും കാണണം.

തങ്ങൾ നാടാറുമാസം രാജ്യസഞ്ചാരം കഴിഞ്ഞ് കാടാറുമാസത്തിനു ഗുഹകളിലേക്ക് മടങ്ങുമ്പോൾ ബുദ്ധഭിക്ഷുക്കൾ ശരിക്കും പറഞ്ഞാല്‍ പല മടക്കുകളുള്ള ജീവിതരഹസ്യങ്ങൾ ചുരുളഴിക്കാവുന്ന പെയിന്റർമാരും ശില്പികളുമായി മാറിയിരുന്നിട്ടുണ്ടാകും. അപ്പോൾ ഗുഹ ഒരു കൊട്ടാരമാണെന്ന് അവർക്ക് തോന്നിക്കാണും. പുറത്തുള്ള സ്വതന്ത്രകെട്ടിടങ്ങളുടെ പോലുള്ള കവാടങ്ങളും തൂണുകളും ഒക്കെ ഈ ഗുഹകൾക്കകത്തും ഉണ്ട്. പക്ഷേ ഇവിടെ ഇതൊന്നും എപ്പോഴും ഭാരം താങ്ങികളല്ല. ചിലപ്പോഴെങ്കിലും അങ്ങനെയാണെന്നു തോന്നിപ്പിക്കുക കൂടി ചെയ്യുന്ന ചില അധികപ്പറ്റു കാഴ്ചകളുമാണ്.view-from-ajanta-cave

എല്ലോറ ഗുഹാലോകമാണെങ്കില്‍ AD എട്ടാം നൂറ്റാണ്ടില്‍ ബുദ്ധിസ്റ്റ്, ഹിന്ദു, ജൈന എന്ന ക്രമത്തിൽ നിരന്നുകാണാം.from-ellora-budha-caves-1

ബുദ്ധിസ്റ്റ് അഞ്ചാംഗുഹ രസമാണ്. വലിയ വിസ്തൃതിയാണിതിന്. ഇവിടെ അന്നദാനമുണ്ടായിരുന്നത്രേ. മഹായാനfrom-ellora-budha-caves-2 ബുദ്ധൻ ധർമ്മചക്രപ്രവർത്തന മുദ്രയുമായി ഇരിക്കുന്ന കേന്ദ്രങ്ങളാണ് പല ഗുഹകളും. ലോമാസ് റിഷി (Lomas Rishi) യിലെയും ഭാജ (Bhaja) കാർലെ (Karle) ബാർഹുത് (Bharhut) കേന്ദ്രങ്ങളിലെയും ആദ്യകാല ഗുഹാക്ഷേത്രങ്ങളിൽനിന്നും വാകാടക രാജ്യത്തെ ഗുപ്ത-അജന്തയിലൂടെ വികസിച്ചതാണ് ഗുഹാക്ഷേത്ര വാസ്തുവിദ്യ. അത് എല്ലോറയിലെത്തുമ്പോൾ എത്രയെത്ര ഇടനാഴികളാൽ സമൃദ്ധം! ഗോവണികളാൽ നമ്മെ രഹസ്യമട്ടുപ്പാവുകളിലേക്ക് ക്ഷണിച്ചുകൊണ്ടുപോകുന്നു. എങ്ങു ഞാനിതെത്തിപ്പോയ് എന്ന് അദ്ഭുതം കൂറിയൊരാൾ നോക്കുമ്പോൾത്തന്നെ, അവനെ പുറത്തെവിടെ നിന്നെങ്കിലും നോക്കുന്നോൻ വൻമലയുടെ ഇളുമ്പിലൊരു കിളിയിരിക്കുന്നു എന്ന് അദ്ഭുതപ്പെടാം. (ക്യാമറയിൽ ഫുൾ ടൈം സൂം…സൂം… മാത്രം ചെയ്യുന്നോർക്ക് ഇതു ബാധകമല്ല). അതാണ്‌ മിക്ക ഗുഹാക്ഷേത്രങ്ങളിലേയ്ക്കും കടന്ന് വിഹരിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന സ്പേസിന്റെ ഒരനുഭവം.from-ellora-budha-caves-5

എല്ലോറയിലെ ബുദ്ധിസ്റ്റ് ഗുഹകളിൽ റെക്കോർഡ് ചെയ്ത ‘ഓം’ കേൾക്കാം. അതിനാൽ സ്വന്തം ശബ്ദത്തെ ഒന്നു ധ്വനിപ്പിച്ചു നോക്കാൻ ഈ മ്യൂസിയാനന്ദ സൂത്രം നമ്മെ അനുവദിക്കില്ല. അജന്തയിൽ ശല്യം  വെളിച്ചം, എല്ലോറയിൽ ശബ്ദം!

ബുദ്ധിസ്റ്റ് ഗുഹ നമ്പര്‍ പത്ത്.  ഉന്മാദമാണ് ഈ ഗുഹയിൽ മലർന്നു കിടക്കാൻ. ഇരിക്കുന്ന ബുദ്ധനെ കിന്നര ലോകം ബോധിവൃക്ഷത്തലപ്പിൽ ഞാന്നുകിടന്ന് അലംകൃതമാക്കുന്നു. പിറകിൽ മുകളിലേക്ക് സ്തൂപാകൃതി / ലോകാകൃതി. അതിനും മുകളിലോ ഏറെ ഉയരത്തിൽ ചെന്ന് കൂർത്ത്  കൂമ്പി നിൽക്കുന്ന മച്ച് (Vault). ഓരോന്നും ഓരോരോ തൂണിൽനിന്നുപോകുന്നു. പുറത്തെ ഇരുനില കവാടത്തിൽനിന്നും ഉള്ളിലേക്ക് വെളിച്ചം വീഴുന്നു… ശാന്തി… സർവ്വത്ര ശാന്തി!from-ellora-budha-caves-4

ഹിന്ദു ക്ഷേത്രങ്ങളിലേക്ക് കടന്നാൽ ഏറ്റവും ആകർഷകം കൈലാസനാഥക്ഷേത്രം തന്നെ. പണിതുകയറ്റുന്ന structural temple അല്ല കൈലാസനാഥ ക്ഷേത്രം. ഇവിടെ കൊത്തിക്കിഴിച്ച് ബാക്കിയാക്കുന്നതാണ് കെട്ടിടം.

കവാടത്തിലെ മഹാലക്ഷ്മി
കവാടത്തിലെ മഹാലക്ഷ്മി

കയറിച്ചെല്ലുമ്പോള്‍ താമരയിലക്കൂട്ടത്തിലിരിക്കുന്ന മഹാലക്ഷമി. കല്ലില്‍ കൊത്തിയ താമരയിലകൾ അനങ്ങും പോലെതോന്നും. ഒരു തടാകം പിന്നെ അനുഭവമാകുന്നു. ലക്ഷ്മിയുടെ പിൻ ചുമരിൽ സംഹാരഭൈരവനായി ശിവൻ. ശിവനഭിമുഖമായി ശാന്തസമുദ്ഭവ കമലത്തിലമർന്ന് മഹാവിഷ്ണു.

ഈ അഭിമുഖീകരണം, പരസ്പരപൂരകമായ രണ്ടു തത്ത്വങ്ങളായി ശൈവവും വൈഷ്ണവവും ഉൾച്ചേർക്കുന്ന ഒരു ക്ഷേത്രം നിർമ്മിക്കാൻ രാഷ്ട്രകൂട രാജാക്കൻമാരെ പ്രേരിപ്പിച്ച മതചരിത്രഘടകങ്ങൾ എന്തെല്ലാമാകാം? അക്കാര്യങ്ങളില്‍ ചരിത്രപുസ്തകങ്ങളിൽ എന്റെ അന്വേഷണം വിപുലപ്പെടുത്തെണ്ടതുണ്ട് എന്നു ഞാനോർത്തു.

പക്ഷേ ഒന്നെനിക്ക് അനുഭവമായി. ബുദ്ധ, ജൈനലോകങ്ങൾ ശാന്തമായ സഭാതലങ്ങൾ ആയിരിക്കവേ, കൈലാസനാഥമടക്കമുള്ള ഹിന്ദുഗുഹാവാസ്തുഭാഷ വൈരുദ്ധ്യങ്ങളുടെ കേദാരമാകുന്നു.  യുദ്ധത്തിന്റെയും രാജകീയ ജയങ്ങളുടെയും ഘടകങ്ങൾ വിളിച്ചുണർത്തുന്ന ശില്പലോകമാണ് ഒരുപുറത്ത്. എന്നാല്‍ ശിവന്റെയും വിഷ്ണുവിന്റെയും വ്യത്യസ്തമായ കോസ്മിക് റോളുകളെ സാധാരണക്കാരന് സ്നേഹം തോന്നുന്ന ഒന്നാന്തരം ഹീറോപുരുഷൻമാരാക്കി സമന്വയിപ്പിക്കുകയാണ് മറ്റൊരു പുറത്ത്. Sectarian Hindu iconography-യുടെ സമ്മേളനസ്ഥലമാണിത്. ബുദ്ധനെയോ മഹാവീരനെയോ പോലെ മാത്രമല്ല അവരേക്കാൾ കൂടുതലായ യുദ്ധവീരൻമാരും കൂടിയായി ഹിന്ദു ദൈവങ്ങൾ ഇവിടെ ഈ മനുഷ്യഭാവത്തിൽ ഒരുവേള കൂടുതൽ മിടുക്കരാകുന്നു!

മഹാഭാരത പാനൽ
മഹാഭാരത പാനൽ

ഗർഭഗൃഹത്തിൽ ശിവലിംഗം വച്ച കെട്ടിടത്തിന്റെ ഒരു പുറത്ത് മഹാഭാരത പാനൽ… മറുവശത്ത് രാമായണത്തിലെ യുദ്ധരംഗം.

രാമായണ പാനൽ
രാമായണ പാനൽ

ഈ പാനലുകളെ വഹിക്കുന്ന കെട്ടിടം യുദ്ധത്തിലെന്നപോലെ കാണപ്പെടുന്ന അതിശക്തമായി ചലിക്കുന്ന ഭാരവാഹകരായ മൃഗങ്ങൾക്ക് മുകളിലാണുയരുന്നത്. അങ്കണത്തില്‍ ആനകൾ അഭിവാദനം ചെയ്യുന്ന വിജയസ്തംഭങ്ങൾ.

വിജയസ്തംഭം
വിജയസ്തംഭം

വശങ്ങളിലും പിറകിലും ശില്പങ്ങളുടെ ഗാലറികളിൽ ശിവൻ കൈലാസം പി.ഒ യിൽ വീടുവച്ച് പാർവ്വതീസമേതം താമസിക്കുന്നയാളാണ്. മഹാവിഷ്ണുവിന്റെ domestication ഒട്ടും മോശമല്ല തന്നെ. ബുദ്ധന് പരിനിർവ്വാണമെങ്കിൽ, വിഷ്ണുവിന് കോസ്മിക് പരമസുഖം! ശിവന്റെ ഗംഗാധാനമാകട്ടെ, പ്രകൃതിയുടെ ശൗര്യത്തിനുമുന്നിൽ പുരുഷന്റെ ആത്മാഭിമാനസംരക്ഷണം കൂടിയാണ്. ശിവൻ പാർവ്വതിയുമായി ചർച്ചയിൽ കാണാം.

മഹാദേവതാണ്ഡവവും, അർദ്ധനാരിയും കാണാം.

കൈലാസം കുലുക്കിമറിക്കുന്ന രാവണൻ… ഭയചകിതയാം പാർവ്വതി.

കൈലാസം ഇളക്കുന്ന രാവണൻ
കൈലാസം ഇളക്കുന്ന രാവണൻ

ലിംഗപ്രതിഷഠയുള്ള ശ്രീകോവിലിന്റെ മുകൾനിലയിൽ ചെന്നാൽ കാണാം ചില ചില്ലറ രതിശില്പങ്ങളും. മൊത്തത്തിൽ ഹിന്ദു ദേവൻമാരും ബൗദ്ധ-ജൈന ഭഗവാൻമാരെപ്പോലെ സാധാരണക്കാരുടെ ജീവിതവുമായി സമീകരിക്കാവുന്ന ചില വിഗ്രഹഘടകങ്ങൾ നേടുന്നു. ഇവിടെ തങ്ങളുടെ വ്യത്യസ്തമായ തത്ത്വങ്ങൾ കൊണ്ട് ശിവനും വിഷ്ണുവും സാധാരണ മനുഷ്യരിൽ നിന്നും അവരുടെ കോസ്മിക് അകലം നിലനിർത്തുന്നുമുണ്ട്. അത് അവരുടെ വില്ലാളിരൂപങ്ങളുടെ സമന്വയം കൊണ്ടാണെന്ന്മാത്രം.

കണ്ടാൽ കയറിയിരിക്കാൻ തോന്നുന്ന ഒരു മടിത്തട്ടാണ് ബുദ്ധന്റേത്. ഒരു മുതുമുത്തച്ഛനടുപ്പം! എല്ലോറയിലെ തീർത്ഥങ്കരൻമാരോടും ഹിന്ദു ഉഗ്രൻമാരോടും വലിയൊരടുപ്പത്തിനു പോയില്ല. പക്ഷേ എന്തുകൊണ്ടോ ഖജുരാഹോയിലെ ജൈന ഗ്രൂപ്പിലെ തീർത്ഥങ്കരരോട് വളരെ സ്നേഹത്തിലായി.

ജപ്പാനിയെ കണ്ടുമുട്ടിയത്
ഇതിനിടയ്ക്ക് ഒരു കാര്യമുണ്ടായി. മൻമാഡിലേക്ക് പോകാൻവേണ്ടി 24 മണിക്കൂർ വൈകിയ ട്രെയിനിനെ ശപിച്ചോണ്ടു ഞങ്ങൾ ഭോപ്പാൽ റെയിൽവേസ്റ്റേഷനിൽ  നില്ക്കുകയായിരുന്നു. അപ്പോഴുണ്ട് കുഞ്ഞും ഭർത്താവുമായി ആരെയോ കാത്ത് പരിചയമുള്ള ഒരാള്‍ എതിരേ നടന്നുവരുന്നു. അത് ജപ്പാനി ശ്യാം എന്ന ഗോണ്ട് വംശജയായ കലാകാരിയാണ്. 1990-കളിൽ ജപ്പാനിലെ ഒരൂ മ്യൂസിയത്തിൽ പടം വരക്കാൻ പോയ ഗോണ്ട് ആർട്ടിസ്റ്റ് ജങ്കർ സിങ് ശ്യാമിന്റെ മകൾ. ജങ്കർ സിംഗ് ജപ്പാനിലെ  മ്യൂസിയമധികാരികളുടെ ജോലിസമ്മർദ്ദം സഹിക്കാതെ ആത്മഹത്യ ചെയ്തു. തന്റെ ജപ്പാൻ യാത്രയുടെ ഓർമ്മയ്ക്ക് അന്ന്‍ അദ്ദേഹം തനിക്കു ജനിച്ച പെൺകുഞ്ഞിനു ഇട്ട പേരാണ് ജപ്പാനി. അവള്‍ വളർന്ന്  ഇന്നൊരു മുതിർന്ന സ്ത്രീയായിരിക്കുന്നു. അത്യാവശ്യം ലോകം ചുറ്റുന്ന ഒരു contemporary tribal artist. സ്വന്തം കാടുപേക്ഷിച്ച് ഭോപ്പാൽ നഗരത്തിൽ കൂടുകൂട്ടിക്കഴിഞ്ഞു. ഇവരെപ്പറ്റി ഞാൻ ദേശാഭിമാനിയിൽ എഴുതിയിരുന്നു. കഴിഞ്ഞ വർഷം ഞങ്ങളുടെ കോളേജിൽ visiting faculty ആയി വന്നിട്ടുണ്ട്. ഞങ്ങളുടെ ഗ്രൂപ്പിനെ കണ്ടത് അവർക്ക് സ്വന്തക്കാരെ കണ്ടുമുട്ടിയ പോലെയായി. ഞങ്ങൾക്ക് തിരിച്ചും. ഓരോരോ കണ്ടുമുട്ടലുകൾ!

 ജപ്പാനി ശ്യാമിനൊപ്പം
ജപ്പാനി ശ്യാമിനൊപ്പം

തിരികെ
എല്ലോറയിലേത് കുറെ ഭഗവാൻമാരുടെ കൂടെയുള്ള ഒരു ദിനമായിരുന്നു. പക്ഷേ അതിലധികം, അത് വലിയ പാറക്കൂട്ടങ്ങൾക്കിടയിൽ തുരപ്പൻമാരെപ്പോലെ മനുഷ്യർ അവരുടെ ദേവൻമാർക്ക് വീടും കൊട്ടാരവും വാഴ്ത്തുകളും വെട്ടിയെടുത്തതോർത്ത് ഞങ്ങളിൽ ഒരു സ്തബ്ധത പടർത്തിയ ദിനവുമായിരുന്നു. അതോടെ ഞങ്ങൾക്ക് നാട്ടിലേക്ക് തിരികെ വരാറുമായി. അങ്ങനെ, വെട്ടുകിളിക്കൂട്ടം തൽക്കാലം യാത്ര തീർത്ത് മനസ്സില്ലാമനസ്സോടെ മടങ്ങി.

ഇതൊക്കെ ഇന്നത്തെ ഒരു കലാവിദ്യാർഥിക്ക് എന്തു പാഠം പകരുന്നു എന്നത് സങ്കീർണ്ണമായ ഒരു ചോദ്യമാണ്. ഈ ചോദ്യം ശരിക്കും ഒരു അനുഭവമാക്കി നിർമ്മിക്കലാണ് ഇത്തരം യാത്രകളുടെ ഉദ്ദേശവും.

ചിത്രശില്പ കലകളുടെ ഈ നിത്യചൈതന്യപാഠങ്ങള്‍ ഗംഭീരം തന്നെ. ഇത്ര നൂറ്റാണ്ടുകൾക്കു മുൻപും  ഇവർ ഇത്ര ഭാരപ്പെട്ട നിർമ്മാണങ്ങളൊക്കെ നടത്തിയിരുന്നു എന്നോർക്കുമ്പോള്‍, പുതിയ കാലത്തിന്റെ സാങ്കേതിക സഹായത്തിൽ നമ്മൾ കാണുന്ന ഭാവനകൾ എത്ര എളുപ്പമെന്നും ഒട്ടൊക്കെ പരിമിതമെന്നും തോന്നിപ്പോകും. പക്ഷേ പാരമ്പര്യപ്രീണനം നടത്തിയ അതേ മനസ്സുകൊണ്ട് നമ്മള്‍ തിരിച്ചും ചോദിക്കും, സാങ്കേതികമായ വികാസം എന്തും എളുപ്പമാക്കിയ കാലമല്ലേ. പുതിയ വിദ്യാർഥികള്‍ പുതിയ സങ്കേതങ്ങളിലേക്കല്ലേ പോകേണ്ടത്? പലപ്പോഴും ഇത്തരം ചോദ്യങ്ങള്‍ ഉയർന്നുവരാറുണ്ട്.

പുതിയ കാലത്തിന്റെ ഭാവനയുടെ ‘പരിമിതി’കളെക്കാള്‍, കാലങ്ങളായി മനുഷ്യരാശി കൊണ്ടുനടക്കുന്ന അതിവിപുലമായ ഭാവനകളുടെ സമാനതകളാണ് നമുക്കിന്ന് കൂടുതൽ ബോധ്യമാകേണ്ടത്. ഭാവന എന്നാല്‍, കാലാകാലങ്ങളായുള്ള ആശയങ്ങളും പരീക്ഷണവും മനുഷ്യപരിശ്രമങ്ങളും തന്നെ. കലാകാരന്മാർ പല കാലങ്ങളിൽ സ്വന്തം അദ്ധ്വാനത്തെ വെളിപ്പെടുത്തുന്ന രീതികള്‍ തമ്മിലുള്ള സമാനതകൾ പിടികിട്ടുമ്പോൾ നമ്മൾ ഭൂതം, വർത്തമാനം, ഭാവി എന്ന കാലത്തിന്റെ നേർരേഖ വിട്ട് മറ്റൊരു വഴക്കമുള്ള (Virtual Reality) സാധ്യതയിലാകും. വിർച്ച്വല്‍ യാഥാർത്ഥ്യം  എന്നത് ഇന്നത്തെ ഒരു കലാകാരന് അയാളും സമൂഹവും ഡിജിറ്റലും, കാഷ്-ലെസ്സും ഒക്കെയാകുമ്പോള്‍ വരുന്ന സാങ്കേതികമായ ഒരു ഫാൻസിബോധം മാത്രമല്ല,. അത് സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അനുഭവാധിഷ്ഠിതമായ ഒരു സംവാദം തന്നെയാണ്. അതായത് കടുത്ത കല്ലില്‍ മൃദുവായ താമര മെനയുന്ന ശിൽപ്പിയെ നോക്കൂ, അയാള്‍ വെള്ളം തൊടാതെ, കാണിക്കാതെ ഒരു കുളം നമ്മില്‍ അനുഭവിപ്പിക്കും. ഇന്നത്തെ ഒരു കമ്പ്യൂട്ടർ മാനിപ്പുലേറ്ററുമായി ആ ശിൽപ്പിക്ക് പങ്കുവെക്കാനാകുന്ന സമാനതകള്‍ ചിന്തയുടെയും ഭാവനയുടെയും തലത്തിലാണ്. പ്രയോഗത്തിലും അതിന്റെ വ്യവഹാരത്തിലും തികച്ചും വ്യത്യസ്തമായ കാലങ്ങളെയാണ് അവർ പ്രതിനിധീകരിക്കുകയെങ്കിലും.

ആയതിനാല്‍ ഏതു യാത്രയും ചിന്ത കൊണ്ട് സ്പേസിൽ നടത്തുന്ന ഒരു ഇടപെടലാണ്.

Comments

comments