[button color=”” size=”” type=”square_outlined” target=”” link=””]ചിത്രവും ചിത്രകാരനും 7[/button]

ഇംപ്രഷനിസ്റ്റ് എന്നുതന്നെയായിരുന്നു  കലാചരിത്രത്തിൽ രേഖപ്പെടുത്തിയതെങ്കിലും, അങ്ങനെ അറിയപ്പെടാൻ എദ്ഗാർ ദെഗായ്ക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. ലേബലുകളില്ലാത്ത ഒരു സ്വതന്ത്ര ചിത്രകാരൻ ആയിട്ടായിരുന്നു ദെഗാ സ്വയം കരുതിയത്. റിയലിസത്തിലേക്കുള്ള ദെഗായുടെ ചായ് വും ഇവിടെ പറയാതെ വയ്യ. ചിത്രങ്ങളിൽ വെളിച്ചത്തിന്റെ വിവിധതരത്തിലുള്ള പ്രയോഗങ്ങൾ നടത്തുന്നത് അദ്ദേഹത്തിനൊരു ഹരമായിരുന്നു. അതുപോലെയായിരുന്നു മനുഷ്യരൂപങ്ങളുടെ ആവിഷ്കാരവും. വരയ്ക്കാനുള്ള വിഷയങ്ങൾക്കു വേണ്ടി അദ്ദേഹം ചരിത്രപാഠങ്ങളോ  പുരാണേതിഹാസങ്ങളോ പരതിയില്ല. മറിച്ച് ആധുനിക മനുഷ്യന്റെ  നേർക്കാഴ്ചകളാണ് ആ ബ്രഷിലൂടെ കാൻവാസുകളിലേക്ക്  പകർത്തിയത്.

edgar-degas

ആദ്യം സ്കെച്ച് ചെയ്ത് പിന്നെ ചായം തേയ്ക്കുന്ന ക്ലാസിക് രീതിയായിരുന്നു ദെഗായുടേത്.

വൈരുദ്ധ്യമെന്നു പറയട്ടെ, ചരിത്രപരമായ ചിത്രങ്ങൾ വരയ്ക്കാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല തയ്യാറെടുപ്പുകൾ. താൻ നേടിയെടുത്ത മികച്ച കലാവിദ്യാഭ്യാസവും, ക്ലാസിക് രീതികളിലെ പരിശീലനവും അത്തരമൊരു പന്ഥാവിലേക്ക് നീളുന്നതായിരുന്നു. പക്ഷെ, ഒടുവിൽ ആ മഹാനുഭാവന്റെ ചായക്കൂട്ടുകളിലൂടെ പിറന്നു വീണതോ, ആധുനികജീവിതങ്ങളും.

പാരീസിൽ താമസമുറപ്പിച്ചിരുന്ന ഒട്ടനവധി കലാകാരന്മാരുടെ സ്വാധീനം ഇക്കാര്യത്തിൽ ദെഗായ്ക്കുണ്ടായിട്ടുണ്ട്. മനുഷ്യരൂപത്തിന്റെ വൈവിധ്യമാർന്ന ബിംബകല്പനകൾ അദ്ദേഹത്തെ ഹരം കൊള്ളിച്ചു. പ്രത്യേകിച്ച് സ്ത്രീരൂപങ്ങൾ. അവർ നർത്തകികളായും ഗായികകളായും മറ്റും ദെഗായുടെ കാൻവാസിൽ നിറഞ്ഞുനിന്നു. നഗരരാവുകളുടെ കൃത്രിമവെളിച്ചത്തിൽ മിന്നിത്തിളങ്ങുന്ന നർത്തകീരൂപങ്ങൾ അങ്ങനെയാണ് ഈ ചിത്രകാരന്റെ  മാസ്റ്റർപീസുകളായി മാറിയത്. ആ ചിത്രങ്ങളിലെ പ്രകാശാന്ധകാരരീതികൾ അതിന് ഏറെ സഹായിക്കുകയും ചെയ്തു.

നൃത്തരൂപങ്ങളോട്  അടങ്ങാത്ത  അഭിനിവേശമായിരുന്നു  ദെഗായ്ക്ക്. തന്റെ ചിത്രങ്ങളിൽ പകുതിയിലേറെയിലും അദ്ദേഹം നർത്തകീരൂപങ്ങളെ വരച്ചിട്ടു. ദ്രുതചലനങ്ങളെ കാൻവാസിലേക്ക് പകർത്തുന്നതിലെ ദെഗായുടെ കഴിവ് അസൂയാവഹമായിരുന്നു. ഏതാണ്ട് 1500-ഓളം നർത്തകികളെ ദെഗാ വരച്ചുകൂട്ടിയിട്ടുണ്ടത്രെ. അതിലൂടെ, മനുഷ്യശരീരത്തിന്റെ അസാധാരണമായ അംഗവിന്യാസങ്ങളും, അത് നിലനിർത്തുന്ന അച്ചടക്കവും അപൂർവ്വകോണുകളിലൂടെ പകർത്തുന്നതിലായിരുന്നു അദ്ദേഹം ആവേശം കൊണ്ടത്. അതായിരുന്നു അദ്ദേഹത്തിന്റെ വിജയവും.

പാരീസ് ഓപ്പറ ഹൗസിലെ സ്ഥിരം സന്ദർശകനായിരുന്നു ദെഗാ;വെറുമൊരു കാണിയായിട്ടല്ല, മറിച്ച് സ്റ്റേജിന്റെ പിന്നാമ്പുറത്തും ഡാൻസ് സ്റ്റുഡിയോയിലുമെല്ലാം കയറിയിറങ്ങി നടക്കുന്ന നിത്യപരിചയക്കാരനായി. അവിടെ നടക്കുന്ന ഓരോ സംഭവങ്ങളും ദെഗായുടെ മനസ്സിൽ പതിഞ്ഞതെങ്ങനേയോ, അതുപോലെ വർണ്ണജാലങ്ങളായി, നിശ്ചലനടനങ്ങളായി ആ ചിത്രകാരന്റെ കാൻവാസിൽ പിറന്നു

പെലത്തിയെ തെരുവിലായിരുന്നു അക്കാലത്ത് പാരീസ് ഓപ്പറ ഹൌസ് നിലകൊണ്ടിരുന്നത്. യന്ത്രങ്ങളുടെ കൃത്യതയോടെ, പേടമാനഴകോടെ നർത്തകികൾ അവിടെ നിറഞ്ഞുനിന്നപ്പോൾ അവരുടെ ഓരോ മനോഹരഭാവങ്ങളും ചടുലചലനങ്ങും ദെഗാ ഒപ്പിയെടുത്തു. ആ അംഗവിന്യാസങ്ങൾ അതേ മിഴിവോടെ സുന്ദരരഗാത്രികളുടെ വിവിധ ചലനവ്യതിയാനങ്ങളായി ദെഗാ പുനർസൃഷ്ടിച്ചുകൊണ്ടേയിരുന്നു.

നമുക്ക് ദെഗായുടെ നർത്തകീരൂപങ്ങളിലേക്ക് വരാം. 1872 ൽ വരച്ച “നൃത്തശാലയുടെ പൂമുഖം” എന്ന ഇത്തരത്തിലുള്ള ആദ്യകാലചിത്രം നോക്കൂ. ദ്രുതചലനങ്ങള അപ്പാടെ  പകർത്തുന്നതിൽ ഗൊയ്ക്കുള്ള കഴിവ് രൂപപ്പെട്ടുവരുന്ന സമയം. വീതിയുള്ള കാൻവാസിൽ, ഒരേസമയം ചടുലമായ നിരവധി അടയാളങ്ങൾ ദെഗാ പതിപ്പിച്ചിരിക്കുന്നു. ഓരോ രൂപങ്ങളേയും ആഴത്തിൽ പഠിച്ചാണ് ഇവിടെ ചേർത്തുവെച്ചിരിക്കുന്നത്. ഒരുപാട് നർത്തകീരൂപങ്ങളുണ്ടിവിടെ. എല്ലാവരും തയ്യാറെടുപ്പിലാണ്. വരാൻ പോകുന്ന ചടുലത ആ അലസഭാവത്തിലും ആക്കം പൂണ്ടുനിൽക്കുന്നു. ആ വ്യഗ്രതയാകട്ടെ, നർത്തകികളെ ചൂഴ്ന്നു നിൽപ്പുണ്ട്. ആ പൂമുഖത്തെ ഓരോ ചലനങ്ങളിലുമുള്ള ഉത്സാഹവും അനിശ്ചിതത്വവുമെല്ലാം ദെഗാ എത്ര വിദഗ്ദ്ധമായാണ് ഒപ്പിയെടുത്തിരിക്കുന്നത്.

the-dance-foyer-at-the-opera

വിശാലമായ ഒരു മുറിയിലാണ് നൃത്തപരിശീലനം അരങ്ങേറുന്നത്. നർത്തകികൾ ഓരോരുത്തരും വ്യത്യസ്തഭാവങ്ങളിലും ചലനങ്ങളിലുമാണ്. കാലുകൾ നീട്ടിയും ഉടലുകൾ വെട്ടിത്തിരിച്ചും കൈകൾ മടക്കിയും അവർ സൃഷ്ടിക്കുന്ന അംഗവിന്യാസങ്ങൾ മനോഹരം തന്നെ. വലതുവശത്ത് രണ്ടുപേർ അന്തരീക്ഷത്തിൽ രാഗതാളങ്ങൾ സൃഷ്ടിച്ചുകൊണ്ട് പാടുന്നുണ്ട്. അവരേയും നർത്തകികളേയും ശ്രദ്ധിച്ചു കൊണ്ട് ഏതാനും സ്ത്രീകളും. നർത്തകിമാരുടെ അമ്മമാരായിരിക്കാം. ചിത്രത്തിലരങ്ങേറുന്ന നിരവധി കാര്യങ്ങൾ ഒരേസമയം വിട്ടുമാറിയും, ശ്രേണിയായി കൂടിച്ചേർന്നും മാറിമറിഞ്ഞു നിൽക്കുന്നു.

ഇടതുവശത്തെ തുറന്ന വാതിൽ, പുറകിലെ വലിയ കണ്ണാടി, അതിൽ തെളിയുന്ന പ്രതിബിംബങ്ങൾ, മുന്നിലെ ഒഴിഞ്ഞ കസേര, ചുമരിലേക്ക് വീണുകിടക്കുന്ന ഇരുട്ട് ഇവയെല്ലാം ഈ ചിത്രത്തിന് ആഴം പകരുന്നുണ്ട്. രംഗത്തു വെളിച്ചം പകരുന്നത് വലതുവശത്തുനിന്നും പൊഴിഞ്ഞുവീഴുന്ന സായാഹ്നശോഭയാണ്. അത് സൃഷ്ടിക്കുന്ന നിഴലുകൾ ഓരോ നർത്തകീരൂപങ്ങൾക്കും ചടുലഭാവങ്ങൾ  ചാർത്തിക്കൊടുക്കുന്നു. അവിടെയാണ് ദെഗായുടെ മാന്ത്രികത പാരമ്യത്തിലെത്തുന്നത്. ഇതെല്ലാം വിളിച്ചുപറയുന്നതോ അദ്ദേഹത്തിന്റെ കൃത്യമായുള്ള നിരീക്ഷണപാടവവും.

ഒരു പക്ഷെ, നിറഞ്ഞ സദസ്സിനുമുമ്പിലെ വർണ്ണാഭമായ രംഗാവിഷ്കാരങ്ങളേക്കാൾ പരിശീലനക്കളരികളും നൃത്താഭ്യാസങ്ങളുമായിരിക്കണം ദെഗായ്ക്ക് പ്രിയം.

ഒരു ഉദാഹരണത്തിന് ഈ ചിത്രം കൂടി നോക്കൂ.

degas_painting_perrot

ഇവിടെ പരിശീലനം അവസാനിക്കാറായിരിക്കുന്നു. നർത്തകികളിൽ പലരും ക്ഷീണിച്ചുവശായിട്ടുണ്ട്. അക്കൂട്ടത്തിൽ കൈകാലുകൾ പിണച്ചു നിൽക്കുന്നവരേയും കാണാം. പുറം ചൊറിയുന്നവരുമുണ്ട്. ഇനി വസ്ത്രങ്ങളും മുടിയും ഒതുക്കുന്ന മറ്റു ചിലർ. സമയം കഴിഞ്ഞതിന്റെ ആശ്വാസം എല്ലാവരുടെ മുഖത്തും. നൃത്താദ്ധ്യാപകനെ ആരും ശ്രദ്ധിക്കുന്നു പോലുമില്ല. എന്തൊരു ചേലാണ് ഈ രംഗത്തിന്. അലസസുന്ദരം എന്നു പറഞ്ഞാൽ പൂർണ്ണമായി.

കഠിനവും കർക്കശവുമായ ഒരുഗ്രപരിശീലനത്തിന്റെ മൂർദ്ധന്യത്തിൽ നിന്ന് മനുഷ്യശരീരവും മനസ്സും ഒരുപോലെ ഝടുതിയിൽ അഴിഞ്ഞിറങ്ങുന്ന അപൂർവ്വമുഹൂർത്തം.

നിറങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ  ആദ്യകാലങ്ങളിൽ ദെഗാ  അല്പം പിശുക്കനായിരുന്നു എന്നു പറയാം. നർത്തകീചിത്രങ്ങളിൽ വെളുപ്പും പാടലവർണ്ണവും നിറഞ്ഞുനിന്നു. യാഥാർത്ഥ്യബോധത്തിൽ ഊന്നിക്കൊണ്ടായിരുന്നു അദ്ദേഹം നിറങ്ങൾ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ, അവ ഒട്ടൊന്നു മങ്ങിക്കാണപ്പെട്ടു. പക്ഷെ, തന്റെ അവസാനകാലമായപ്പോഴേക്കും, സംഗതികൾ മാറി. സങ്കീർണ്ണവും കടുത്തതുമായ വർണ്ണങ്ങൾക്കുവേണ്ടി ദെഗാ വന്യസഞ്ചാരങ്ങൾ നടത്തിത്തുടങ്ങി. തീക്ഷ്ണശോണിമ ആ ചിത്രങ്ങളിൽ മുന്നിട്ടുനിന്നു. മനസ്സിന്റെ ഉൾക്കോണുകളിൽനിന്നും അവ വഴിമാറിയിറങ്ങി.

ഇനി അല്പം വ്യത്യസ്തമായ മറ്റൊരു ചിത്രം കാണാം. “ഓർക്കസ്ട്ര മ്യുസീഷ്യൻസ്

ഈ ചിത്രം ആദ്യമായി വരച്ചതിന് ശേഷം ചില കൂട്ടിച്ചേർക്കലുകളും വെട്ടിമാറ്റലുകളും ദെഗാ നടത്തിയിട്ടുണ്ട്. ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ദെഗാ തീക്ഷ്ണമായിത്തന്നെ വരച്ചിട്ടിരിക്കുന്ന വർണ്ണവ്യതിരേകമാണ്.

degas_edgar_dieorchestermusiker_1872

സ്റ്റേജിലെ നർത്തകികൾക്കു ചുറ്റുമുള്ള വെളിച്ചവും, സംഗീതജ്ഞരുടെ കറുത്ത പുറംഭാഗങ്ങളും തമ്മിലുള്ള താരതമ്യം നോക്കൂ. മനോഹരമായ  ഇരട്ടക്കാഴ്ച തീർക്കുകയാണ് ദെഗാ. ഒരു കൊളാഷിലെന്നോണം അനവധി വാതായനങ്ങൾ ദെഗാ ഇവിടെ തുറന്നിടുന്നു. രംഗത്തിന്റെ മുൻ – പിൻഭാഗങ്ങൾ തമ്മിലുള്ള നിറഭേദം, തെളിഞ്ഞ മുഖങ്ങളും ഇരുണ്ട പുറങ്ങളും, യുവത്വവും വാർദ്ധക്യവും എന്നുവേണ്ട പലതരം ദ്വന്ദങ്ങൾ. കൂടാതെ, രചനാശൈലിയിലും ആ വ്യതിരിക്തത വിടാതെ സൂക്ഷിക്കുന്നുണ്ട് ചിത്രകാരൻ. ചിത്രത്തിന്റെ മുൻഭാഗം കൃത്യതയാർന്നതാണ്, പിൻഭാഗമോ അലസവും അപൂർണ്ണവുമായ രേഖകളാൽ നിറഞ്ഞതും. അത്ഭുതപ്പെടുത്തുന്നതും മന:പൂർവ്വവുമായ ഈ ഇരട്ടക്കാഴ്ച നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്നുണ്ട്. ദാർശനികമായ ദ്വൈതമാണ് ദൃശ്യലോകത്ത്, പക്ഷെ, ഒന്നുകൂടെ, ഗാഢമായി ചിന്തിച്ചാൽ ചിത്രത്തിൽ മൊത്തമായി നിറഞ്ഞു നിൽക്കുന്നത് ഉത്തുംഗമായ  കലാമേളനം മാത്രം. എല്ലാ ദ്വന്ദങ്ങളേയും ഒന്നിച്ചു ചേർക്കുന്ന കലാകാരന്മാരുടെ ലോകം. ഒരുമയോടേയുള്ള ലോകത്തിന്റെ മേൽഗതിയിൽ കലാകാരന്മാർക്കുള്ള അതുല്യസ്ഥാനമാണോ ഈ മഹാനായ ചിത്രകാരൻ ഇവിടെ വിവക്ഷിക്കുന്നത്. ആലോചിക്കേണ്ടതു തന്നെ.

ഈ നർത്തകികളെല്ലാം രംഗവെളിച്ചത്തിന്റെ പൊലിമയിൽ സ്വകാര്യദു:ഖങ്ങളൊക്കെ മാറ്റിവെച്ച് നൃത്തം ചവിട്ടുകയാണ്. ജീവിതത്തിൽ പിഴയ്ക്കുന്ന ചുവടുകൾക്ക് അത് പകരം നിന്നേക്കുമെന്ന മോഹമാണ് അവരെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഉൾക്കനങ്ങളും ഭീതികളും ആശങ്കകളുമൊക്കെ മറക്കാനൊരു മാർഗ്ഗം. പത്തൊമ്പതാം നൂറ്റാണ്ടിലെ നർത്തകികൾക്ക് ഉയർന്ന സ്ഥാനമൊന്നുമല്ല സമൂഹം കല്പിച്ചുകൊടുത്തിരുന്നത്. മാത്രവുമല്ല, ഗണികളുടെയൊപ്പം  വരെ ഇവരെ കരുതിയിരുന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നു. നൃത്തമാണവരുടെ ഒരേയൊരു തെളിച്ചം. യവനിക വീണാൽ യാഥാർത്ഥ്യത്തിലേക്കൊരു തിരിച്ചിറക്കവും. ഈ നിർഭാഗ്യചിന്തകളുടെ അരികിലൂടെയാണ് ദെഗാ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതെന്ന് മറന്നുകൂടാ. അതിവേഗത്തിൽ ലോകം തന്നെ മാറിമറയുമ്പോൾ അവശേഷിക്കുന്ന ഒരു നിസ്സഹായതയും  ഇവിടെ  കൂട്ടിനുണ്ട്. അതുതന്നെയായിരിക്കാം ദെഗായെ ഈ നർത്തകികളിലേക്ക് അടുപ്പിച്ചത്.

ലോകചിത്രകലാചരിത്രത്തിന്റെ നിർണ്ണായകനിമിഷങ്ങൾക്ക് തൊട്ടുമുന്നിലെ പരീക്ഷണ കാലഘട്ടങ്ങളിൽ ഓരോ ചിത്രകാരനും എങ്ങനെയൊക്കെ ചിന്തിച്ചിരിക്കാമെന്നും  അവരിലെ സർഗ്ഗാത്മകത ഏതൊക്കെ വഴികളിലൂടെ മാറിസ്സഞ്ചരിച്ചിരിക്കാമെന്നതും ആലോചിക്കേണ്ടതുതന്നെ. അതുകൊണ്ടുതന്നെ, ആധുനികത വാതിൽക്കൽ വന്നു മുട്ടിവിളിക്കുമ്പോൾ സന്ദേഹിയായി, ഭാവിയിലേക്കുറ്റുനോക്കുന്ന ഇംപ്രഷനിസ്റ്റ് ചിത്രകാരന്റെ ഭാവപ്പകർച്ചകളിലൂടെ ഈ ചിത്രങ്ങൾ വായിക്കുന്നത് തീർച്ചയായും കൗതുകകരമായിരിക്കും.

അവസാനമായി ഒരു വാക്കു കൂടി…

സ്ത്രീശരീരത്തെ, ഒട്ടും സ്പർശിക്കാതെ തന്നെ,  ഇത്രയും ദീർഘമായും വിശദമായും നോക്കി നിന്നിട്ടുള്ള  മറ്റൊരു ചിത്രകാരനുണ്ടാവില്ല എന്ന് ദെഗായെക്കുറിച്ച് ചിലർ പറയാറുണ്ട്. ദെഗായെ സംബന്ധിച്ചിടത്തോളം ദർശനമായിരുന്നു എല്ലാം. പിന്നീട്, ദെഗായിൽ ആരോപിക്കപ്പെട്ട സ്ത്രീവിദ്വേഷി എന്ന വിശേഷണം ഒട്ടൊന്നു നമ്മളെ അമ്പരപ്പിക്കുമെങ്കിലും, ഒരിക്കൽ ഇംഗ്ലീഷ് ചിത്രകാരനായ സിക്കർട്ടിന്റെയടുത്ത് അദ്ദേഹം പറഞ്ഞ ‘ഒരുപക്ഷെ, സ്ത്രീകളെ വെറും കാഴ്ചമൃഗങ്ങളെപ്പോലെയാണ് ഞാൻ കണ്ടിരുന്നത്’ എന്ന വാചകം ഈയവസരത്തിൽ ഓർക്കാതെ വയ്യ.

ചിത്രങ്ങളുടെ സാങ്കേതികവശങ്ങള്‍:

പേര് നൃത്തശാലയുടെ പൂമുഖം ഓർക്കസ്ട്ര മ്യുസീഷ്യൻസ്
വര്‍ഷം 1872 1872
മാധ്യമം കാന്‍വാസിലെ

എണ്ണച്ചായം

കാന്‍വാസിലെ

എണ്ണച്ചായം

വലിപ്പം 32 × 46 cm 69 x 49 cm
ശൈലി ഇംപ്രഷനിസം ഇംപ്രഷനിസം
സൂക്ഷിച്ചിരിക്കുന്ന

സ്ഥലം

ഓസെ മ്യൂസിയം, പാരീസ് സ്റ്റാഡ്ൽ മ്യൂസിയം, ഫ്രാങ്ക്ഫർട്ട്

 

Comments

comments